ദേശീയപാതയ്ക്ക് ബസ് കാത്തിരിപ്പുകേന്ദ്രങ്ങളോട് അകൽച്ച; മഴ നനഞ്ഞുകുതിർന്ന് യാത്രക്കാർ
1574184
Tuesday, July 8, 2025 10:21 PM IST
കാസർഗോഡ്: തലപ്പാടി-ചെങ്കള റീച്ചിൽ പുതിയ ദേശീയപാതയുടെ നിർമാണം അവസാനഘട്ടത്തിലെത്തിയിട്ടും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളുടെ നിർമാണം എങ്ങുമെത്തിയില്ല. മംഗളൂരുവിലേക്ക് ചികിത്സയ്ക്ക് പോകുന്ന രോഗികളും വിദ്യാർഥികളുമടക്കമുള്ള യാത്രക്കാർ പെരുമഴയത്തും സർവീസ് റോഡുകളുടെ ഓരത്ത് ബസ് കാത്തുനിൽക്കേണ്ട അവസ്ഥയിലാണ്. പലപ്പോഴും കെഎസ്ആർടിസി അടക്കമുള്ള ദീർഘദൂര ബസുകൾ സ്റ്റോപ്പുകളിൽ നിർത്താതെ പ്രധാനപാതയിലൂടെ മാത്രം പോകുന്നത് യാത്രക്കാർക്ക് ഇരട്ടി ദുരിതമാകുന്നു.
ദേശീയപാതയുടെ നിർമാണം തുടങ്ങിയ കാലം മുതൽ മഴയും വെയിലും പൊടിയുമെല്ലാം സഹിച്ച് പാതയോരത്ത് ബസ് കാത്തുനിൽക്കാനാണ് യാത്രക്കാരുടെ വിധി. അതിന് ഇനിയും കാര്യമായ മാറ്റമുണ്ടായിട്ടില്ല. പാതയോരത്തെ പഴയ കെട്ടിടങ്ങളെല്ലാം പൊളിച്ചുമാറ്റിയതോടെ മഴ വന്നാൽ കയറിനിൽക്കാൻ പോലും ഇടമില്ല.
തലപ്പാടി-ചെങ്കള റീച്ചിൽ ആകെ 77 ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ നിർമിക്കാനാണ് ധാരണയായിട്ടുള്ളത്. ഇതിൽ ഏറിയ പങ്കും ഇനിയും നിർമാണം പോലും തുടങ്ങിയിട്ടില്ലാത്ത നിലയിലാണ്.
നിർമാണത്തിലിരിക്കുന്ന ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾക്കു തന്നെ നീളവും വീതിയും കുറവാണെന്ന പരാതി ഉയർന്നിട്ടുണ്ട്. അകത്ത് മഴ നനയാതിരിക്കാനുള്ള സൗകര്യവും പരിമിതമാണെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
മിക്കയിടങ്ങളിലും സർവീസ് റോഡുകൾക്കു തന്നെ ആവശ്യമായ വീതിയിൽ സ്ഥലം കിട്ടാത്ത സാഹചര്യത്തിൽ ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ നിർമിക്കാൻ സ്ഥലം തികയാത്ത അവസ്ഥയാണെന്നാണ് ദേശീയപാത അധികൃതർ പറയുന്നത്.