പാലാ: വിശുദ്ധ വാരാചരണത്തിലെ പെസഹാ, ദുഃഖവെള്ളി, ഉയിര്‍പ്പ് ദിനങ്ങളില്‍ പള്ളികളിൽ പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷകള്‍ നടക്കും.
കത്തീഡ്രൽ പള്ളിയിൽ
പാലാ കത്തീഡ്രല്‍ പള്ളിയില്‍ തിരുക്കർമങ്ങള്‍ക്ക് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യ കാര്‍മികത്വം വഹിക്കും. പെസഹാ വ്യാഴാഴ്ച രാവിലെ ഏഴിന് കാല്‍കഴുകല്‍ ശുശ്രുഷ, വിശുദ്ധ കുര്‍ബാന. ദുഃഖവെള്ളിയാഴ്ച രാവിലെ എട്ടിന് പീഡാനുഭവ തിരുക്കര്‍മങ്ങള്‍, കുരിശിന്റെ വഴി. ദുഃഖശനിയാഴ്ച രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന. പുത്തന്‍തീയും പുത്തന്‍ വെള്ളവും വെഞ്ചരിപ്പ്. ഉയിർപ്പു ഞായറാഴ്ച പുലര്‍ച്ചെ മൂന്നിന് ഉയര്‍പ്പ് തിരുക്കര്‍മങ്ങള്‍. രാവിലെ 5.30നും 7.10നും 9.45നും വിശുദ്ധ കുര്‍ബാന.
ളാലം പഴയപള്ളിയില്‍
ളാലം പഴയപള്ളിയില്‍ പെസഹാ വ്യാഴാഴ്ച രാവിലെ ആറിന് ദിവ്യകാരുണ്യ ആരാധന. 6.30ന് പെസഹായുടെ തിരുക്കര്‍മങ്ങള്‍, വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ പ്രദക്ഷിണം. ദുഃഖവെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് നഗരംചുറ്റിയുള്ള കുരിശിന്റെ വഴി നടത്തും. പുണ്യശ്ലോകനായ ഫാ.ഏബ്രഹാം കൈപ്പന്‍പ്ലാക്കല്‍ ആരംഭിച്ച് ളാലം സെന്റ് മേരീസ് പഴയപള്ളി നേതൃത്വം നല്കുന്ന നഗരം ചുറ്റിയുള്ള 66-ാമത് കുരിശിന്റെ വഴിയും ഈശോയുടെ കബറടക്കരൂപം വഹിച്ചുള്ള നഗരികാണിക്കല്‍ പ്രദക്ഷിണവുമാണിത്. ഫാ. സെബാസ്റ്റ്യന്‍ തോണിക്കുഴി സന്ദേശം നല്‍കും. ഉച്ചകഴിഞ്ഞ് 2.30നു പാനവായനയ്ക്കു ശേഷമാണ് കുരിശിന്റെ വഴി ആരംഭിക്കുന്നത്. പട്ടണം പൂര്‍ണമായി ചുറ്റിയുള്ള കുരിശിന്റെ വഴി എന്നതാണ് ഇതിന്റെ പ്രത്യേകത. ളാലം പഴയ പള്ളിയില്‍ പ്രാരംഭ പ്രാര്‍ഥനയോടെ ആരംഭിക്കുന്ന കുരിശിന്റെ വഴി പുത്തന്‍പള്ളിക്കുന്ന്, കൊട്ടാരമറ്റം വഴി ബിഷപ്സ് ഹൗസിനു മുന്‍പിലൂടെ കുരിശുപള്ളി, മഹാറാണി ജംഗ്ഷന്, കിഴതടിയൂര്‍ ജംഗ്ഷന് വഴികളിലൂടെ സമാന്തര റോഡ് വഴി തിരികെ പള്ളിയിലെത്തി സമാപിക്കും. കുരിശിന്റെ വഴിയില്‍ പുഷ്പാലംകൃതമായ വാഹനത്തില്‍ മിശിഹായുടെ കബറടക്ക തിരുസ്വരൂപം സംവഹിക്കും.
അരുവിത്തുറ പള്ളിയിൽ
അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ പെസഹാവ്യാഴാഴ്ച രാവിലെ ഏഴിന് പീഡാനുഭവ ശുശ്രൂഷ ആരംഭിക്കും. 8.30ന് പള്ളിയിൽനിന്നു വല്യച്ചൻമല അടിവാരത്തേക്കു ജപമാല പ്രദക്ഷിണവും തുടർന്ന് മലയിലേക്കു കുരിശിന്റെ വഴി. ദുഃഖവെള്ളിയാഴ്ച രാവിലെ ഏഴു മുതൽ തീർഥാടകർക്കായി നേർച്ചകഞ്ഞി വിതരണവും ഉണ്ടായിരിക്കും. ദുഃഖശനിയാഴ്ച രാവിലെയുള്ള വിശുദ്ധ കുർബാന, പുത്തൻതീയും പുത്തൻ വെള്ളവും വെഞ്ചരിപ്പും. ഉയിർപ്പ് ഞായറാഴ്ച പുലർച്ചെ മൂന്നിനു തിരുക്കർമങ്ങൾ ആരംഭിക്കും. വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, അസി. വികാരിമാരായ ഫാ. ജോയൽ പണ്ടാരപ്പറമ്പിൽ, ഫാ. ജോസഫ് കദളിയിൽ, ഫാ. ഫ്രാൻസിസ് മാട്ടേൽ, ഫാ. ജോസഫ് കുഴിമുള്ളിൽ, ബർസാർ ഫാ. ബിജു കുന്നക്കാട്ട് എന്നിവർ തിരുക്കർമങ്ങൾക്കു കാർമികത്വം വഹിക്കും.
വല്യച്ചൻമലയിൽ പാന കൂട്ടായ്മ
അരുവിത്തുറ, ഭരണങ്ങാനം ഫൊറോനകളുടെ സംയുക്താഭിമുഖ്യത്തിൽ അരുവിത്തുറ വല്യച്ചൻമലയിൽ ദുഃഖവെള്ളിയാഴ്ച ഉച്ചകഴിഞ് മൂന്നിന് നടക്കുന്ന പാനവായനയ്ക്ക് അരുവിത്തുറ ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നേതൃത്വം നൽകും.
ഈശോസഭ വൈദികനായിരുന്ന അർണോസ് പാതിരി രചിച്ച പുത്തൻപാനയിലെ, 12-ാം പാദമായ 'അമ്മ കന്നീ... മണീ തന്റെ നിർമല ദുഃഖങ്ങളിപ്പോൾ...' എന്ന വിലാപഗാനമാണ് മുക്കാൽ മണിക്കൂർ സമയമെടുത്ത്, ആലപിക്കുന്നത്.
2000 മുതൽ ദുഃഖവെള്ളിയാഴ്ചകളിൽ ഭരണങ്ങാനം പാലാത്ത് ഡേവീസിന്റെ ഭവനത്തിലും, തുടർന്ന് ഭരണങ്ങാനം അൽഫോൻസാ പള്ളിയിലും, 2015 മുതൽ അരുവിത്തുറ വല്യച്ചൻമലയിലുമാണ് പാനവായന നടത്തുന്നത്. വിദൂസ്ഥലങ്ങളിൽനിന്നു പോലും ധാരാളം ആളുകൾ ഈ കൂട്ടായ്മയിലേക്ക് കടന്നുവരാറുണ്ട്.