മീറ്റ്ന തടയണയുടെ സംരക്ഷണഭിത്തിയോടു ചേർന്നുള്ള ചവിട്ടുപടികൾ പുനർനിർമിക്കണമെന്ന് ആവശ്യം
1281476
Monday, March 27, 2023 1:00 AM IST
ഒറ്റപ്പാലം: മീറ്റ്ന തടയണയുടെ സംരക്ഷണഭിത്തിയോടു ചേർന്നുള്ള ചവിട്ടുപടികൾ തകർന്നത് ഈ വേനലിലെങ്കിലും പുനർനിർമിക്കാൻ തയ്യാറാകണമെന്ന് ജനകീയ ആവശ്യം.
പ്രളയത്തിൽ തകർന്ന പടികൾ വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും പുനർനിർമിച്ചിട്ടില്ലാത്ത സ്ഥിതിയാണ്. വേനൽകഴിഞ്ഞ് മഴക്കാലമായാൽ പുഴയിലൂടെ വീണ്ടും വെള്ളം വീണ്ടും കുത്തിയൊഴുകും. ശ്രദ്ധയൊന്ന് തെറ്റിയാൽ കുത്തിയൊഴുകുന്ന പുഴയിലേക്ക് വീഴും. ഇപ്പോഴാകട്ടെ ആകെ പരന്നുകിടക്കുന്ന കരിങ്കല്ലുകളിൽത്തട്ടി പരിക്കേൽക്കാനും സാധ്യതയുണ്ട്.
കുളിക്കുന്നതിനും അലക്കുന്നതിനും പുറമേ നിറഞ്ഞപുഴ കാണാനും മീൻപിടിക്കാനും ആളുകളെത്തുന്ന മീറ്റ്ന തടയണയിൽ ഇനിയും സുരക്ഷാനടപടികളായിട്ടില്ല. 2018ലെ പ്രളയത്തിൽ തകർന്നതാണ് ഭാരതപ്പുഴ മീറ്റ്ന തടയണയുടെ പടവുകൾ. പിന്നീടിവ പുനർനിർമിച്ചിട്ടില്ല. അഞ്ചുലക്ഷം രൂപ ചെലവിലാണ് നഗരസഭ അന്ന് ഈ പടവുകൾ നിർമിച്ചിരുന്നത്. നിർമാണത്തിനുവേണ്ട സാമഗ്രികൾ റെയിൽപ്പാളത്തിന് അപ്പുറത്തിറക്കി തലച്ചുമടായി കരിങ്കല്ലുൾപ്പടെയുള്ളവ കടത്തി പുഴയോരത്തെത്തിച്ചായിരുന്നു നിർമാണം. ഇതാണ് വെള്ളം കുത്തിയൊലിച്ചെത്തിയതോടെ തകർന്നുപോയത്. ഇതിനുശേഷം പുനർനിർമിക്കുന്നതിനായി നഗരസഭയിൽ അപേക്ഷ നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.
കൗണ്‍സിൽ യോഗത്തിൽ മീറ്റ്ന വാർഡ് കൗണ്‍സിലർ രാധ, തടയണ പ്രദേശത്ത് അപകടസൂചനാ ബോർഡുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകുകയും അതിന് നടപടി സ്വീകരിക്കാൻ യോഗം തീരുമാനിക്കയും ചെയ്തിരുന്നു. നേരത്തേ അഗ്നിരക്ഷാസേനയും സിവിൽ ഡിഫൻസും ചേർന്ന് ഒരു സൂചനാബോർഡ് സ്ഥാപിച്ചിരുന്നു. വെള്ളത്തിൽപ്പെട്ടുപോകുന്നവരെ രക്ഷിക്കാൻ ഒരു ലൈഫ് ജാക്കറ്റും ഒരുക്കിയിരുന്നു. എന്നാൽ, ഇതുകൊണ്ടുമാത്രം അപകടസമയത്ത് വെള്ളത്തിൽപ്പെട്ടുപോകുന്നവരെ രക്ഷിക്കാനാവില്ല.
തടയണയ്ക്കും പാർശ്വഭിത്തിക്കും ബലക്കുറവുണ്ടായിട്ടുണ്ടെന്നും മണ്ണടിഞ്ഞ് സംഭരണശേഷി കുറഞ്ഞിട്ടുണ്ടെന്നും ഇത് പരിഹരിക്കണമെന്നും കൗണ്‍സിലിൽ ആവശ്യമുയർന്നിരുന്നു. തുടർന്ന്, കൗണ്‍സിലർ ടി.കെ. രഞ്ജിത്ത് അവതരിപ്പിച്ച പ്രമേയത്തിലൂടെ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കളക്ടറോട് ആവശ്യപ്പെടാനും നഗരസഭ തീരുമാനിച്ചിരുന്നു. ചവിട്ടുപടികൾ തകർന്നിട്ട് മൂന്നുവർഷമായിട്ടും അധികൃതർ ഇത് നന്നാക്കിയിട്ടില്ല.