കൊഴിഞ്ഞാന്പാറ: മേനോൻപാറ പുഴപാലത്തിനു പടിഞ്ഞാറു വശത്തു വീണ്ടും മാലിന്യം തള്ളൽ വ്യാപിക്കുന്നു. ടൗണിൽ നിന്നും വ്യാപാരികൾ രാത്രി സമയങ്ങളിൽ മാലിന്യം കവറുകളിലാക്കി തള്ളുന്നതായാണ് നാട്ടുകാരുടെ പരാതി. മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായകൾ റോഡിനിരുവശത്തും പരക്കം പായുന്നത് ഇരുചക്ര വാഹന സഞ്ചാരികൾക്ക് അപകടകെണിയായിരിക്കുകയാണ്.
ഈ സ്ഥലത്ത് കുത്തനെയുള്ള വളവുകാരണം തെരുവുനായകൾ റോഡിൽ അലയുന്നത് വാഹനയാത്രികർക്കു ദൂരെ നിന്ന് കാണാനാവുന്നുമില്ല. ചിറ്റൂർ വേലന്താവളം പ്രധാന പാത ആയതിനാൽ കൂടുതൽ യാത്രക്കാർ സഞ്ചരിക്കുന്ന പാതയിലാണ് അപകടം പതിയിരിക്കുന്നത്. പാലത്തിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ കാമറ സ്ഥാപിക്കുന്നതോടൊപ്പം സോളാർ ലാന്പുകൾ സ്ഥാപിക്കണമെന്നതും യാത്രക്കാരുടെ ആവശ്യമാണ്.