തിണ്ടില്ലം വെള്ളച്ചാട്ടത്തിനുതാഴെ തോടുകൈയേറ്റം; താലൂക്ക് സർവേ ടീം സ്ഥലം പരിശോധിച്ചു
1431036
Sunday, June 23, 2024 6:12 AM IST
വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിൽ കൊന്നയ്ക്കൽകടവിൽ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പാലക്കുഴി തിണ്ടില്ലം മിനി ജലവൈദ്യുത പദ്ധതി പ്രദേശത്തിനു താഴെയുള്ള കല്ലൻതോട് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തോടു ചേർത്ത് 500 മീറ്ററോളം നീളത്തിൽ കമ്പിവേലി കെട്ടി തോട് കൈയേറിയിട്ടുണ്ടെന്ന നാട്ടുകാരുടെ പരാതിയിൽ ആലത്തൂർ താലൂക്ക് സർവേ ടീം സ്ഥലം പരിശോധിച്ചു.
താലൂക്ക് സർവേ ടീമിനൊപ്പം കിഴക്കഞ്ചേരി ഒന്ന്, രണ്ട് എന്നീ വില്ലേജുകളിലെ ഉദ്യോഗസ്ഥർ, പഞ്ചായത്ത് വൈസ് പ്രസിഡന്റും വാർഡ് മെംബറുമായ വി.രാധാകൃഷ്ണൻ, മുൻ വൈസ് പ്രസിഡന്റ് സണ്ണി മറ്റു ജീവനക്കാരും നാട്ടുകാരും പരിശോധനകൾക്കൊപ്പമുണ്ടായിരുന്നു. കൈയേറ്റത്തിനെതിരെ നാട്ടുകാർ വിവിധ വകുപ്പുകളിലെ ഉന്നത അധികാരികൾക്ക് നൽകിയ പരാതികളിലാണ് നാല് മാസം വൈകി സർവേ ടീം സ്ഥലം പരിശോധിക്കാനെത്തിയത്.