ലൈഫ് മിഷൻ പദ്ധതിയിൽ ഫണ്ട് അനുവദിച്ചില്ല; ഭരണകക്ഷിയംഗം പ്രതിഷേധിച്ചു
1572807
Friday, July 4, 2025 6:17 AM IST
മണ്ണാർക്കാട്: എൽഡിഎഫ് ഭരിക്കുന്ന കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് തുക അനുവദിച്ചില്ല. വീട് ലഭിക്കുന്നതിനു വേണ്ടി എഗ്രിമെന്റ് വെച്ചവർക്കാണ് തുക അനുവദിക്കാത്തത്. ഇതിന്റെ ഭാഗമായി പഞ്ചായത്ത് ബോർഡ് യോഗത്തിൽ സിപിഎം മെംബർ ഷാജഹാൻ, ബിജെപി മെംബർ ശോഭന, ഉഷാദേവി എന്നിവർ പ്ലക്കാർഡുമായി എത്തി പ്രതിഷേധിച്ചു.
ലൈഫ് മിഷൻ ഭവന പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി നീക്കിവച്ച തുക ഉപയോഗിക്കുന്നില്ല. ലൈഫ് മിഷൻ ഉപഭോക്താക്കളെ ഉദ്യോഗസ്ഥരും ഭരണസമിതിയും പറഞ്ഞുപറ്റിക്കുന്നു എന്നാണ് ആക്ഷേപം. ദിവസങ്ങൾക്കു മുമ്പ് എംഎൽഎയുടെ നേതൃത്വത്തിൽ ലൈഫ് മിഷൻ ഗുണഭോക്താക്കളെ വിളിച്ചുചേർത്ത് നിങ്ങൾക്ക് ഉടനെ വീട് തരും എന്ന് പറഞ്ഞത് നുണയായിരുന്നുവെന്ന് അംഗങ്ങൾ പറഞ്ഞു.
ലൈഫ് മിഷൻ പദ്ധതിയിൽ വീടിന് വേണ്ടി എഗ്രിമെന്റ് ചെയ്തിട്ടും തുക അനുവദിക്കാത്തത് പാവപെട്ടവരോട് പഞ്ചായത്ത് ചെയ്യുന്ന അവഗണനയാണെന്നും ഇതിനെതിരെ ബിജെപി ഇന്ന് കാഞ്ഞിരപ്പുഴ പഞ്ചായത്തിലേക്ക് മാർച്ച് നടത്തുമെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റും വാർഡ് മെംബറുമായ രവി അടിയത്ത് അറിയിച്ചു.