പഴയ പാർലമെന്റ് മന്ദിരം (ഫയൽ ചിത്രം)
ന്യൂഡൽഹി: മണ്ഡല പുനർനിർണയവും ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണവും ലക്ഷ്യമിട്ടുള്ള ഭരണഘടനാ ഭേദഗതി ബില്ലിനെച്ചൊല്ലി രാഷ്ട്രീയ ചർച്ചകൾ മുറുകുമ്പോൾ പാർലമെന്റിലെ ഭൂരിപക്ഷക്കടമ്പ കടക്കാനാകാതെ പോയ നിർണായക ബില്ലുകളുടെ ചരിത്രവും ശ്രദ്ധേയമാകുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പാർലമെന്റ് സമ്മേളനം (1952 മേയ്) മുതൽ ഇങ്ങോട്ട് ആവശ്യമായ പിന്തുണ ലഭിക്കാതെ പരാജയപ്പെട്ട സുപ്രധാന ഭരണഘടനാ ഭേദഗതി ബില്ലുകൾ നിരവധിയാണ്.
സംസ്ഥാന പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഭരണഘടനയുടെ മൂന്നാം അനുച്ഛേദത്തിൽ മാറ്റം വരുത്താൻ കൊണ്ടുവന്ന 1955ലെ ഏഴാം ഭേദഗതി ബിൽ, 1966ലെ 19-ാം ഭേദഗതി ബിൽ എന്നിവയ്ക്കു ലോക്സഭയിൽ കടമ്പ കടക്കാനായില്ല. ഭൂപരിഷ്കരണ നിയമങ്ങൾക്കു സംരക്ഷണം നൽകാൻ ലക്ഷ്യമിട്ട 1963ലെ 17-ാം ഭേദഗതി ബില്ലും ഇതേ ഗതി നേരിട്ടു.
പട്ടികജാതി, പട്ടികവർഗ, ന്യൂനപക്ഷ കമ്മിഷനുകൾക്ക് ഭരണഘടനാപദവി നൽകാൻ ഉദ്ദേശിച്ച 1978ലെ 46-ാം ഭേദഗതി ബില്ലും വടക്കുകിഴക്കൻ മേഖലയിലെ ഗോത്രവിഭാഗ സംവരണത്തിനായുള്ള 1982ലെ 47-ാം ഭേദഗതി ബില്ലും ലോക്സഭയിൽ പരാജയപ്പെട്ടു.
കേന്ദ്ര-സംസ്ഥാന തലങ്ങളിൽ ലോക്പാൽ, ലോകായുക്ത സംവിധാനങ്ങൾക്കു ഭരണഘടനാപദവി നൽകാനുള്ള 2011ലെ 116-ാം ഭേദഗതി ബില്ലിനും വേണ്ടത്ര പിന്തുണ ലഭിച്ചില്ല. ഒടുവിൽ, വനിതാസംവരണവും മണ്ഡല പുനർനിർണയവും സീറ്റ് വർധനവും ലക്ഷ്യമിട്ട് 2026 ഏപ്രിലിൽ അവതരിപ്പിച്ച 131-ാം ഭരണഘടനാ ഭേദഗതി ബില്ലും ലോക്സഭയിൽ പരാജയപ്പെട്ടിരുന്നു.
രാജ്യസഭയിൽ തട്ടിനിന്ന ബില്ലുകൾ
ലോക്സഭ കടന്നശേഷവും രാജ്യസഭയിൽ ഭൂരിപക്ഷം തികയാതെ വീണുപോയ നിർണായക ബില്ലുകളുമുണ്ട്. നാട്ടുരാജ്യങ്ങളിലെ രാജകുടുംബങ്ങൾക്ക് നൽകിയിരുന്ന പ്രിവി പേഴ്സ് നിർത്തലാക്കാനുള്ള 1970ലെ 24-ാം ഭേദഗതി ബിൽ (ചരിത്രത്തിൽ പിന്നീട് 26-ാം ഭേദഗതിയായാണ് ഇതു പാസായത്) രാജ്യസഭയിൽ പരാജയപ്പെട്ടു.
1989ൽ പഞ്ചായത്തീരാജ്, നഗരസഭാ സംവിധാനങ്ങൾക്കു ഭരണഘടനാ പദവി നൽകാൻ കൊണ്ടുവന്ന 64-ാം, 65-ാം ഭേദഗതി ബില്ലുകളും രാജ്യസഭയിൽ ആവശ്യമായ ഭൂരിപക്ഷം ലഭിക്കാതെ തട്ടിവീണ ചരിത്രമാണുള്ളത്.
Tags : Parliament Bills majority hurdle Failed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash