ഹൂസ്റ്റൺ ഹോട്ടൽ സമരം ഞായറാഴ്ച അവസാനിക്കും
പി.പി. ചെറിയാൻ
Friday, October 10, 2025 3:09 PM IST
ഹൂസ്റ്റൺ: ഹിൽട്ടൺ ഹൂസ്റ്റൺ അമേരിക്കസ് ഹോട്ടലിൽ 42 ദിവസമായി തുടരുന്ന സമരം ഞായറാഴ്ച അവസാനിക്കാൻ സാധ്യത. 40 ശതമാനം ശമ്പള വർധനവാണ് സമരത്തിലുള്ള തൊഴിലാളികൾ പ്രധാനമായി ആവശ്യപ്പെടുന്നത്. ഹോട്ടൽ റിക്കാർഡ് ലാഭം നേടുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം.
യൂണിയൻ അംഗങ്ങളായ ഏകദേശം 400 തൊഴിലാളികളാണ് സമരത്തിൽ പങ്കെടുത്തത്. നിലവിലെ മണിക്കൂറിന് 16.50 ഡോളർ എന്നതിൽ നിന്ന് 23 ഡോളറായി ശമ്പളം ഉയർത്തണമെന്നാണ് ഇവരുടെ ആവശ്യം. ജീവിതച്ചെലവ് കൂടിയതും വാടക വർധനവുമാണ് ഉയർന്ന ശമ്പളം ആവശ്യപ്പെടാൻ കാരണമെന്ന് തൊഴിലാളികൾ പറയുന്നു.
ഹിൽട്ടൺ അധികൃതർ ആദ്യ ഘട്ടത്തിൽ മണിക്കൂറിന് ഒരു ഡോളർ വർധിപ്പിച്ച് 17.50 ഡോളർ ആക്കാം എന്ന് മറുപടി നൽകിയിരുന്നു. ഹോട്ടലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയതും അസാധാരണവുമായ ഈ സമരമാണ് പൊതുസ്വകാര്യ പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ സാമ്പത്തിക പ്രകടനവും തൊഴിലാളി പ്രശ്നങ്ങളും ചർച്ചാവിഷയമാക്കിയത്.