District News
കാഞ്ഞങ്ങാട്: അജാനൂർ പഞ്ചായത്തിന്റെ തീരദേശമേഖലയിൽ തെരുവുനായയുടെ ആക്രമണത്തിൽ പഞ്ചായത്ത് അംഗം ഉൾപ്പടെ ആറുപേർക്ക് പരിക്ക്. പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ കൊളവയലിലെ ടി.വി. കാവ്യ (30), മുട്ടുംതലയിലെ മുഹമ്മദ് നുമാൻ (13), ഹംസാന (12), അതിഞ്ഞാലിലെ ഷാജഹാൻ (35), അജാനൂരിലെ പുഷ്പൻ, ബല്ല കടപ്പുറത്തെ മിഥിലാജ് എന്നിവർക്കാണ് പരിക്കേറ്റത്.
ബുധനാഴ്ച വൈകിട്ടാണ് വിറളിപിടിച്ച് ഓടിയ തെരുവുനായ വഴിനീളെ കണ്ടവരെയെല്ലാം ആക്രമിച്ചത്. അതിഞ്ഞാൽ, തെക്കേപ്പുറം, കൊളവയൽ, കൊത്തിക്കാൽ, മുട്ടുന്തല, അജാനൂർ കടപ്പുറം ഭാഗങ്ങളിലാണ് കറുത്ത നിറത്തിലുള്ള നായ ഭീതി പരത്തിയത്.
നാട്ടുകാർക്ക് ജാഗ്രതാനിർദേശം നൽകാനായി പോകുമ്പോഴാണ് കാവ്യയ്ക്കു നേരെ ആക്രമണമുണ്ടായത്. ദേഹത്തേക്കു ചാടിവീണ നായയുടെ കടിയേറ്റത് കൈയിലെ ബാഗിനു മുകളിലായതിനാൽ ഇവർ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. എന്നാൽ നായയുടെ നഖം കൊണ്ട് കാലിനു പരിക്കേറ്റതിനാൽ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സ്കൂട്ടറിൽ പോവുകയായിരുന്ന ഷാജഹാനെയും ചാടിക്കടിക്കുകയായിരുന്നു. ഇദ്ദേഹത്തെ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊത്തിക്കാലിൽ മദ്രസയിലേക്ക് പോകുമ്പോഴാണ് രണ്ടു കുട്ടികൾക്ക് കടിയേറ്റത്. നുമാന്റെ നെഞ്ചിലും കൈകാലുകളിലും ഹംസാനയുടെ കൈയിലും കാലിലുമാണ് കടിയേറ്റത്. പിടികൂടാനിറങ്ങിയ നാട്ടുകാർക്കു നേരെ നായ കുതിച്ചുചാടിയപ്പോഴാണ് മിഥിലാജിനു പരിക്കേറ്റത്.
പഞ്ചായത്ത് അംഗങ്ങളായ ഖാലിദ് അറബിക്കാടത്ത്, നദീർ കൊത്തിക്കാൽ എന്നിവരുടെ നേതൃത്വത്തിൽ രാത്രി വൈകുംവരെ തെരച്ചിൽ നടത്തിയെങ്കിലും നായയെ കണ്ടെത്താനായില്ല. ഇത് റെയിൽപാത കടന്ന് കാഞ്ഞങ്ങാട് നഗരസഭയുടെ ഭാഗത്തേക്കു കടന്നതായാണ് സൂചന.
District News
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍ ഓണതിരക്കും ഗതാഗതകുരുക്കും പരിഗണിച്ച് അടിയന്തിരമായി നടപ്പാക്കാനുള്ള തീരുമാനങ്ങളുമായി ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി.
ആലാമിപള്ളി ബസ് സ്റ്റാന്‍ഡ് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കും ഓണത്തിന് വരുന്ന വഴിയോരക്കച്ചവടത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനമായി റെയില്‍വേ യാത്രക്കാര്‍ തങ്ങളുടെ വാഹനങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്യാതെ നഗരത്തില്‍ പാര്‍ക്ക് ചെയ്യുന്നത് കര്‍ശനമായി തടയും.
ബിഗ്മാള്‍ പരിസരത്തെ ടൂറിസ്റ്റ് ബസ് ആന്‍ഡ് ടാക്സികള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് മാറ്റണം. ഓട്ടോ സ്റ്റാന്‍ഡുകളുടെ എണ്ണം പരിമിതപ്പെടുത്തി നിയന്ത്രണം ഏര്‍പ്പെടുത്തും ഓണത്തിന്റെ തിരക്ക് ഒഴിവാക്കാന്‍ വേണ്ടി പ്രൈവറ്റ് പാര്‍ക്കിംഗ് സൗകര്യം ഒരുക്കും. ടൗണിലെ ഓണത്തിരക്ക് ഒഴിവാക്കാന്‍ വേണ്ടി വലിയ വാഹനങ്ങള്‍ വെള്ളായിപ്പാലം റോഡിനടുത്തുള്ള യു ടേണ്‍ ഉപയോഗപ്പെടുത്തി കോട്ടച്ചേരി സര്‍ക്കിളില്‍ ഉള്ള തിരക്ക് ഒഴിവാക്കും റിയല്‍ ഹൈപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ റോഡ് ഡിവൈഡറിന് കുറുകിയുള്ള പാസേജ് താത്കാലികമായി അടച്ചിടും.
അരിമല ഹോസ്പിറ്റല്‍ റോഡ് മുതല്‍ സ്മൃതിമണ്ഡപം വരെ സര്‍വീസ് റോഡ് സൈഡില്‍ പാര്‍ക്കിംഗ് ഒഴിവാക്കാന്‍ തീരുമാനിച്ചു. പ്രസ്തുത സര്‍വീസ് റോഡ് ടുവേ ട്രാഫിക്ക് നിലനിര്‍ത്തും. പുതിയകോട്ട കോഫി ഹൗസിനെ മുമ്പിലുള്ള റോഡിന് പടിഞ്ഞാറ് വശത്തുള്ള പാര്‍ക്കിംഗ് ഒഴിവാക്കാനും തീരുമാനിച്ചു. കാഞ്ഞങ്ങാട് ടൗണിലെ സര്‍വീസ് റോഡുകള്‍ വണ്‍വേ മാത്രമായി പരിമിതപ്പെടുത്തും. ട്രാഫിക് റെഗുലേറ്ററിംഗ് കമ്മറ്റി തിരുമാനങ്ങള്‍ അടിയന്തിരമായി നടപ്പാക്കുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ വി.വി.രമേശന് അറിയിച്ചു.
District News
കാസര്‍ഗോഡ്: ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഓണാഘോഷം കാസര്‍ഗോഡ് നഗരത്തില്‍ നടക്കും. 24 മുതല്‍ 30 വരെ വിവിധ കലാപരിപാടികളുടെയും മത്സരങ്ങളുടെയും ആണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. പരിപാടിക്ക് സംഘാടകസമിതി അന്തിമരൂപം നല്കി. 24നു വൈകുന്നേരം അഞ്ചിന് കാസര്‍ഗോഡ് ജിഎച്ച്എസ്എസി അങ്കണത്തില്രാജ്മോഹന് ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്യും.
30നു നടക്കുന്ന സമാപന സമ്മേളനം ജില്ലയുടെ ചുമതലയുള്ള തദ്ദേശസ്വയംഭരണമന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്യും. 29ന് ഉച്ചകഴിഞ്ഞ് 3.30നു കാസര്‍ഗോഡ് നഗരത്തില്‍ സാംസ്കാരിക ഘോഷയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. പ്രശസ്ത ടീമുകള്‍ക്കും പ്രമുഖരായ കലാകാരന്മാര്ക്കും പുറമേ ജില്ലയിലെ പ്രാദേശിക കലാസംഘങ്ങള്‍ക്കും കലാകാരന്മാര്ക്കും അവസരം ലഭിക്കുന്ന വിധമാണ് പരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുള്ളത്. ശാസ്ത്രീയ നൃത്തവും നാടന്‍ കലാരൂപങ്ങളും ഓണം വാരാഘോഷത്തില്‍ അവതരിപ്പിക്കുന്നുണ്ട്. തിരുവനനപുരം ഭാരത് ഭവന്റെ സാംസ്കാരിക പരിപാടിയുടെ പ്രായോജകര്‍ കാസര്‍ഗോഡ് മുന്‍സിപാലിറ്റിയാണ്. കൊല്ലം ഷാഫിയുടെ ഗാനമേള, പിലാത്തറ ലാസ്യയുടെ നൃത്തശില്പം, അഥീനയുടെ നാടന്‍ കലാസംഗമം തുടങ്ങിയ പരിപാടികളും ചാക്യാര്‍കൂത്ത് യക്ഷഗാനം തുടങ്ങിയവയും അരങ്ങേറും.
ജില്ലാതല പൂക്കള മത്സരം
24നു രാവിലെ 10 മുതല്‍ 12 മണിവരെ കാസര്‍ഗോഡ് ജിഎച്ച്എസ്എസില്‍ സംഘടിപ്പിക്കും. പരമാവധി 12 ടീമുകള്‍ക്ക് പങ്കെടുക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 12 ടീമുകള്‍ക്കാണ് അവസരം നല്‍കുക. ഓരോ ടീമിലും നാല് പേര് വീതം ഉണ്ടായിരിക്കണം. മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് യഥാക്രമം 10,000, 7,000, 5,000 എന്നിങ്ങനെ പ്രൈസ് മണി നല്‍കും.
വനിതാ-പുരുഷ വടംവലി മത്സരം
വനിതകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകം വടംവലി മത്സരം 27ന് ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ കാസര്‍ഗോഡ് ജിഎച്ച്എസ്എസില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ സംഘടിപ്പിക്കും. മത്സരത്തില്‍ ഒന്നാം സ്ഥാനം മുതല്‍ നാലാം സ്ഥാനം വരെ നേടുന്ന ടീമുകള്‍ക്ക് യഥാക്രമം 15,000, 12,000, 8,000, 5,000 എന്നിങ്ങനെ ക്യാഷ് പ്രൈസ് നല്‍കും.
കലാമത്സരങ്ങള്‍
26നു വൈകുന്നേരം നാലു മുതല്‍ തിരുവാതിര, ഒപ്പന, ദഫ്മുട്ട്, മാര്‍ഗംകളി തുടങ്ങിയ കലാമത്സരങ്ങള്‍ നടത്തും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മൂന്നു ടീമുകൾക്ക് യഥാക്രമം 10,000, 7,000, 5,000 സമ്മാനത്തുകയായി നല്‍കും.
ദീപാലങ്കാര മത്സരം
കാസര്‍കോട് മര്‍ച്ചന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെ കാസര്‍ഗോഡ് നഗരത്തിലെ വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങളില്‍ ഓണാഘോഷത്തിന്റെ ഭാഗമായി ദീപാലങ്കാര മത്സരം സംഘടിപ്പിക്കും. മികച്ച ദീപാലങ്കാരം ഒരുക്കുന്ന സ്ഥാപനങ്ങള്‍, പങ്കാളികള്‍ക്ക് ഒന്നാം സ്ഥാനം മുതല്‍ മൂന്നാം സ്ഥാനം വരെ യഥാക്രമം 15,000, 10,000, 5,000 ക്യാഷ് പ്രൈസ് നല്‍കും.
ജില്ലാതല ഓണാഘോഷ പരിപാടികള്‍ കൂടുതല്‍ ജനകീയവും വൈവിധ്യമാര്ന്നതുമാക്കുന്നതിനായി ജില്ലയിലെ കലാകാരന്മാരുടെയും വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 22നകം രജിസ്റ്റര്‍ ചെയ്ത് ഓണാഘോഷ പരിപാടികളുടെ ഭാഗമാകണമെന്ന് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലുമായി ബന്ധപ്പെടണം. ഫോണ്‍:8943992414, 04994 256450.
ഓണാഘോഷം നടത്തി
കാഞ്ഞങ്ങാട്: ജീവോദയ സ്പെഷ്യല്‍ സ്കൂളില്‍ ഓണാഘോഷവും സംഗീത വിരുന്നും കലാപരിപാടികളും നടത്തി. നഗരസഭ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എം.പി.ജാഫര്‍ ഉദ്ഘാടനം ചെയ്തു. മോണ്‍. മാത്യു ഇളംതുരുത്തിപടവില്‍ അനുഗ്രഹപ്രഭാഷണം നടത്തി. ജീവോദയ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് ജോസ് കൊട്ടാരം അധ്യക്ഷതവഹിച്ചു. ജെന്നി മാക്കീല്‍ മുഖ്യാതിഥി ആയിരുന്നു. മുഹമ്മദ് അലി നവാസ്, രാജന് കളത്തില്‍, സുകുമാരന്‍, കെ.ആശ എന്നിവര്‍ സംസാരിച്ചു. മാനേജര്‍ ലിസി ജേക്കബ് സ്വാഗതവും പ്രിന്‍സിപ്പല്‍ വി.ശാലിനി നന്ദിയും പറഞ്ഞു.
District News
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അസോസിയേഷന് നേതൃത്വത്തില്‍ അസോസിയേഷന് അംഗങ്ങളായ ആയിരത്തിലേറെ കുടുംബങ്ങള്‍ക്കും കിടപ്പുരോഗികള്‍ക്കും പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് പ്രവര്‍ത്തകര്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും ഓണ സമ്മാനം നല്കി.
ആയിരത്തോളം രൂപയുടെ വിഭവങ്ങളും അഞ്ചു കിലോ അരിയുമടങ്ങിയ കിറ്റുകളാണ് ഓണസമ്മാനം. വ്യാപാരി വ്യവസായി ഏകാപന സമിതി ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് എ.വി.ഹരിഹരസുതന് മുഖ്യാതിഥിയായി. ഐശ്വര്യ കുമാരന്, ശോഭന ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. പി.മഹേഷ് സ്വാഗതവും ഹാസിഫ് മെട്രോ നന്ദിയും പറഞ്ഞു.
District News
ഒടയംചാൽ: ടിഎസ്എസ്എസ് പനത്തടി മേഖല വാർഷിക പൊതുയോഗം പടിമരുത് സെന്റ് സെബാസ്റ്റ്യൻ ചർച്ച് പാരിഷ് ഹാളിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു.
ആർസിസി പനത്തടി ഡയറക്ടർ ഫാ. ജോൺസൺ പടിഞ്ഞാറയിൽ അധ്യക്ഷതവഹിച്ചു. ആർസിസി കോർഡിനേറ്റർ സിസ്റ്റർ ലില്ലി മരിയ സംഘനിധി ഓഡിറ്റ് റിപ്പോർട്ടും ആർസിസി സെക്രട്ടറി മേരി ലൂയിസ് ആർസിസി റിപ്പോർട്ടും അവതരിപ്പിച്ചു. ടിഎസ്എസ്എസ് തലശേരി ഡയറക്ടർ ഫാ.ബിബിൻ വരമ്പകത്ത് മുഖ്യപ്രഭാഷണം നടത്തി.പനത്തടി ഫൊറോന വികാരി ഫാ. ചാക്കോ കുടിപറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി. അസി.ഡയറക്ടർ ഫാ.ജെസ്ബിൻ ചെരിയംകുന്നേൽ, പ്രോഗ്രാം മാനേജർ ബീന ബേബി എന്നിവർ പ്രസംഗിച്ചു.
ആർസിസി പ്രസിഡന്റ് അഗസ്റ്റിൻ കാഞ്ഞിരടുക്കം സ്വാഗതവും വൈസ് പ്രസിഡന്റ് വിനോദ് ഫിലിപ്പ് നന്ദിയും പറഞ്ഞു.
District News
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് വൈഎംസിഎ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും കുടുംബസംഗമവും കാഞ്ഞങ്ങാട് വ്യാപാരഭവന് ഹാളില്‍ വികാരി ജനറാള്‍ മോണ്‍. മാത്യു ഇളംതുരുത്തിപടവില്‍ ഉദ്ഘാടനം ചെയ്തു. സാജു തോമസ് അധ്യക്ഷതവഹിച്ചു.
ഡയാലിസിസ് പ്രൊജക്ട് നാഷണല്‍ വൈസ് ചെയര്മാന് മാനുവല്‍ കുറിച്ചിത്താനം മുഖ്യപ്രഭാഷണം നടത്തി. സി.എം.ബൈജു, റോജി മാത്യു, പീറ്റര്‍ ചക്കുങ്കല്‍, കെ.കെ.സേവിച്ചന്, ലില്ലിക്കുട്ടി കൊടിയംകുന്നേല്‍, ജെയ്സണ്‍ തോമസ്, വിക്ടര്‍ കോടിമറ്റം, സോണി കാരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. സെബാസ്റ്റ്യന്‍ കൊറ്റത്തില്‍ സ്വാഗതവും രാരിച്ചന്‍ പന്നകത്തില്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: സി.എ.പീറ്റര്‍ (പ്രസിഡന്റ്), സെബാസ്റ്റ്യന്‍ കൊറ്റത്തില്‍ (വൈസ്പ്രസിഡന്റ്), രാരിച്ചന്‍ പന്നകത്തില്‍ (ജനറല്‍ സെക്രട്ടറി), ജോജോ മാത്യു (സെക്രട്ടറി), രാജ് സെബാന് (ട്രഷറര്‍).
District News
കാസര്‍ഗോഡ്: ഓണക്കാലത്ത് ജില്ലയിലെത്തുന്ന പാലിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ കാസര്‍ഗോഡ് ക്ഷീരവികസന വകുപ്പ് ജില്ലാ ഗുണനിയന്ത്രണ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്റർ ആരംഭിച്ചു. ജില്ലാ കലക്ടര്‍ അര്ജുന് പാണ്ഡ്യന് മില്‍ക്ക് അനലൈസര്‍ മെഷീന് സ്വിച്ച് ഓണ്‍ ചെയ്ത് ഉദ്ഘാടനം ചെയ്തു. ക്ഷീരവികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ഉഷാദേവി അധ്യക്ഷതവഹിച്ചു. \
ക്ഷീരവികസന വകുപ്പ് ജില്ലാ ഗുണ നിയന്ത്രണ ഓഫീസര്‍ പി.എച്ച്.സിനാജുദ്ദീന്‍, അസി.ഡയറക്ടര്‍ കല്യാണി നായര്‍, നീലേശ്വരം സീനിയര്‍ ക്ഷീര വികസന ഓഫീസര്‍ സ്മിത മാരാര്‍ എന്നിവര്‍ പ്രസംഗിച്ചു.
24നു വൈകുന്നേരം അഞ്ചു വരെ കാസര്‍ഗോഡ് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന വകുപ്പിന്റെ ഗുണനിയന്ത്രണ ലാബിലാണ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുക. പാല് ഉത്പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും ജില്ലയിലെ പാല് ഉത്പാദകസംഘങ്ങള്‍ക്കും സൗജന്യ പാല് പരിശോധന നടത്താം.
പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതും സുരക്ഷിതവുമല്ലാത്ത പാല് കണ്ടെത്തിയാല്‍ തുടര്‍ നടപടികള്‍ക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പിനെ അറിയിക്കും. താല്പര്യമുള്ളവര് 200 മില്ലി ലിറ്റര്‍ പാലുമായി ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ എത്തിച്ചേരണമെന്ന് ജില്ലാ ഗുണനിയന്ത്രണ ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 04994 255390.
District News
ഇരിട്ടി: ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് സംഘം പരിശോധന കർശനമാക്കി. അന്തർസംസ്ഥാന അതിർത്തിയായ കൂട്ടുപുഴയിൽ കേരള-കർണാകട എക്സൈസ് സംയുക്ത പരിശോധനയും ആരംഭിച്ചു. ഉത്സവ സീസണിൽ കർണാടകയിൽനിന്ന് കേരളത്തിലേക്ക് രാസലഹരി, മയക്കുമരുന്ന്, നിരോധിത പുകയില ഉത്പന്നങ്ങൾ എന്നിവ കടത്തുന്നത് തടയുന്നതിന്റെ ഭാഗമായാണ് പരിശോധന ശക്തമാക്കിയത്.
കൂട്ടുപുഴ പുതിയ പാലത്തിന് സമീപത്തെ കേരള എക്സൈസ് ചെക്ക്പോസ്റ്റിനോടു ചേർന്നാണ് കർണാടക എക്സൈസ് സംഘവും കേരള സംഘവും പരിശോധന നടത്തുന്നത്. പാലം കടന്ന് കർണാടകയുടെ ഭാഗത്തും ഇരു സംസ്ഥാന സംഘങ്ങളും സംയുക്തമായി പരിശോധന നടത്തി. വരും ദിവസങ്ങളിലും മിന്നൽ പരിശോധന തുടരും.
യാത്രാവാഹനങ്ങളും നിരീക്ഷണത്തിൽ
കർണാടകയിൽനിന്ന് കേരളത്തിലേക്ക് വരുന്ന ചരക്കുവാഹനങ്ങൾക്കു പുറമേ യാത്രാ വാഹനങ്ങളും കർശനമായി പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. ഇരുചക്രവാഹനങ്ങൾ മുതൽ ബസുകൾ വരെയുള്ള വാഹനങ്ങൾ പരിശോധിച്ച ശേഷമാണ് കേരളത്തിലേക്ക് കടത്തിവിടുന്നത്.
ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി കൂട്ടുപുഴ അതിർത്തിയിൽ 24 മണിക്കൂറും പരിശോധന സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെയാണ് ഇരു സംസ്ഥാനങ്ങളിലെയും എക്സൈസ് സംഘങ്ങളുടെ സംയുക്ത പരിശോധന. ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ അഞ്ചുപേർ വീതമുള്ള രണ്ട് സംഘങ്ങളാണ് രണ്ട് ഷിഫ്റ്റുകളിലായി ചെക്സ്റ്റിൽ പ്രവർത്തിക്കുന്നത്.
അതേ സമയം പുതിയ രീതികളിൽ ലഹരി വസ്തുക്കൾ കടുത്തുന്നത് എക്സൈസ് സംഘത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. റോഡിനോട് ചേർന്ന വനപ്രദേശത്തെ ഊടുവഴികളിലൂടെ ലഹരിവസ്തുക്കൾ കാൽനടയായി കടത്തുന്നുണ്ടെന്നാണ് രഹസ്യാന്വേഷണത്തിന് ലഭിച്ച വിവരം ഇതു കണ്ടെത്തി തടയാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കർണാടക സംഘത്തിൽ വിരാജ്പേട്ട സബ് ഡിവിഷൻ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് എക്സൈസ് വി. ചന്ദ്രപ, എക്സൈസ് ഇൻസ്പെക്ടർ യശ്വന്ത് കുമാർ, എക്സൈസ് സബ് ഇൻസ്പെക്ടർ കെ.ജി. കേശവ ഗൗഡ, മടിക്കേരി സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, ഡ്രൈവർ സി.സി. അഭിഷേക് എന്നിവർ പങ്കെടുത്തു.
കേരള സംഘത്തിൽ ഇരിട്ടി എക്സൈസ് സിഐ സി. രജിത്, എക്സൈസ് ഇൻസ്പെക്ടർമാരായ സൻഫീർ മുഹമ്മദ്, എൽദോ ജോർജ്, എക്സൈസ് എ.എസ.ഐമാരായ പി. ബഷീർ, കെ. ഉമ്മർ, ടി. ബഷീർ, സിവിൽ എക്സൈസ് ഓഫീസർമാരായ എ.എം. ബിനീഷ്, ടി.പി. അഭിജിത്, സി.വി. റജിൽ, വനിതാ എക്സൈസ് ഓഫീസർ ശ്രീജ എസ്. കുമാർ എന്നിവർ പങ്കെടുത്തു.
District News
കണ്ണൂർ: ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓണം വാരാഷോഷ പരിപാടികളുടെ ഭാഗമായി കണ്ണൂര്‍ നഗരത്തിലെ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ, സ്ഥാപനങ്ങള്‍ക്കായി പൂക്കള മത്സരം സംഘടിപ്പിച്ചു.
സിവില്‍ സ്റ്റേഷനിലെ അസി. ഡയറക്ടര്‍ റീ സര്‍വേ ഓഫിസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ഓഫീസ് രണ്ടാം സ്ഥാനവും, കളക്ടറേറ് കണ്ണൂര്‍ മൂന്നാം സ്ഥാനവും നേടി. എസ്ബിഐ മെയിന്‍ ബ്രാഞ്ച്, പിഡബ്ല്യുഡി റോഡ്സ് ഡിവിഷന്, കണ്ണൂര്‍ താലൂക്ക് ഓഫീസ്, വൈദ്യുതി ഭവന്, വാട്ടര്‍ അഥോറിറ്റി ഓഫിസ്, പിഡബ്ല്യുഡി ബില്‍ഡിംഗ്സ് സബ് ഡിവിഷന് കണ്ണൂര്‍ എന്നിവ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി.
District News
ഇരിട്ടി: പടിയൂർ പഞ്ചയത്തിലെ വിവിധ വാർഡുകളിൽ മഞ്ഞപ്പിത്ത കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പടിയൂർ-കല്യാട് പഞ്ചായത്തിൽ ഒന്നര മാസത്തെ പ്രത്യേക പ്രതിരോധ പ്രവർത്തന പദ്ധതിക്ക് തുടക്കമായി. ജനകീയ കൂട്ടായ്മ ചേർന്നാണ് മാർഗരേഖ തയാറാക്കിയത്. ഭക്ഷണ-പാനീയ വിതരണത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി.
ഓണം, നബിദിനാഘോഷ ങ്ങളോടനുബന്ധിച്ച് വിതരണം ചെയ്യുന്ന പാനീയങ്ങൾ ചൂടുള്ളത് മാത്രമായിരിക്കണം. ഓണത്തോടനുബന്ധിച്ചുള്ള മഴയുത്സവങ്ങൾ നിർത്തിവയ്ക്കാനും തീരുമാനിച്ചു. വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ ചൂടുള്ള പാനീയങ്ങൾ ഒഴികെയുള്ള വെൽക്കം ഡ്രിങ്കുകളുടെ വിതരണം ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പാടില്ല. ഭക്ഷണ വിതരണം നടക്കുന്ന ചടങ്ങുകൾ 20 ദിവസം മുന്‍പ് അധികൃതരെ അറിയിക്കണം. സദ്യകൾക്ക് ഉപയോഗിക്കുന്ന വെള്ളത്തിന്റെ സ്രോതസ് മുൻകൂട്ടി ആരോഗ്യവകുപ്പിനെ അറിയിച്ച് സുരക്ഷിതത്വം ഉറപ്പാക്കണം. ഹെൽത്ത് കാർഡില്ലാത്ത ഹോട്ടൽ, കൂൾബാർ ജീവനക്കാർ രണ്ടാഴ്ചയ്ക്കകം മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. വാർഡുകളിൽ ക്ലോറിനേഷൻ ഡ്രൈവും ആരംഭിച്ചു.
സ്കൂളുകളിലും നിയന്ത്രണം
സ്കൂളുകളിൽ കുട്ടികൾ ഭക്ഷണവും വെള്ളവും പങ്കിടരുതെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ എന്നും നിർദേശം നൽകി. കുട്ടികളിലെ രോഗവിവരങ്ങൾ ഉടൻ ആരോഗ്യപ്രവർത്തകരെ അറിയിക്കണം. മുഴുവൻ സ്കൂളുകളിലും പിടിഎ പ്രത്യേക യോഗം ചേരും. ആരാധനാലയങ്ങൾ, അങ്കണവാടികൾ, കുടുംബശ്രീ, വായനശാലകൾ, ക്ലബുകൾ എന്നിവയുടെ നേതൃത്വത്തിൽ ആരോഗ്യ ബോധവത്കരണ പരിപാടികൾ നടത്തും. എല്ലാ തിങ്കളാഴ്ചയും ഊരത്തൂർ ആരോഗ്യകേന്ദ്രത്തിൽ അവലോകന യോഗം ചേരും. വാർഡ് സാനിറ്റേഷൻ കമ്മിറ്റികളും അടിയന്തര യോഗം ചേരും.
മഞ്ഞപ്പിത്തബാധിത വീടുകളിലേക്കുള്ള സന്ദർശനം ഒഴിവാക്കാനും രോഗബാധിതരുമായി അടുത്തിടപഴകുന്നവരും ഭക്ഷണം കൈകാര്യം ചെയ്യുന്നതിൽനിന്ന് വിട്ടുനിൽക്കാനും നിർദേശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി. രാജീവ്, സെക്രട്ടറി റോബർട്ട് ജോസഫ്, ഊരത്തൂർ പിഎച്ച്സി, ജെഎച്ച്ഐ അജീഷ് കുമാർ എന്നിവർ പ്രസംഗിച്ചു .ഇരിട്ടി ഹെൽത്ത് സൂപ്പർവൈസർ സി.പി. സലിം, ഊരത്തൂർ എച്ച്ഐ ഇൻചാർജ് രാജേഷ് എന്നിവർ ക്ലാസെടുത്തു. ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ എന്നിവർ പങ്കെടുത്തു.
District News
കണ്ണൂർ: ക്ഷീരവികസന വകുപ്പിന്റെ ജില്ലാ ഗുണമേന്മാ നിയന്ത്രണ വിഭാഗം സംഘടിപ്പിച്ച ഓണക്കാല ഊര്‍ജിത പാല് പരിശോധന ക്യാമ്പ് സിവില്‍ സ്റ്റേഷനിലെ ജില്ലാ ഗുണമേന്മാ പരിശോധനാ ലാബ് ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ് ഉദ്ഘാടനം ചെയ്തു. ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ആര്. രശ്മി, ക്വാളിറ്റി കണ്ട്രോള് ഓഫീസര്‍ എന്‍. ശ്രീകാന്തി, ടെക്നിക്കല്‍ അസിസ്റ്റന്റ് ട്വിങ്കിള്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. ഈ മാസം 24 ന് വൈകുന്നേരം അഞ്ചു വരെ ലാബില്‍ പാല് പരിശോധനയ്ക്ക് നല്കാന് പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്. ഓണക്കാലത്ത് പാല് ഉപഭോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മായം കലര്‍ന്നതും ഗുണമേന്മ കുറഞ്ഞതുമായ പാലിന്റെ വിപണനവും ഉപഭോഗവും തടയുന്നതിന്റെ ഭാഗമായാണ് ഊര്‍ജിത പാല് പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
പരിശോധനയ്ക്കായി കുറഞ്ഞത് 200 മില്ലിലിറ്റര്‍ പാല് സാമ്പിള്കൊണ്ടുവരണം. പാക്കറ്റ് പാലാണെ ങ്കില്‍ പാക്കറ്റ് പൊട്ടിക്കാതെ എത്തിക്കണം. പാലിന്റെ ഗുണനിലവാരത്തെപ്പറ്റിയുള്ള സംശയമകറ്റു ന്നതിന് ഉപഭോക്താക്കള്‍ക്ക് ക്വാളിറ്റി കണ്ട്രോള് ലാബിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി ബന്ധപ്പെടാം. ഫോണ്‍: 9747336094, 9447204204.
District News
കണ്ണൂർ: കണ്ണൂർ പ്രസ് ക്ലബ് ഓണാഘോഷം സൺ ഷൈൻ ഹെറിറ്റേജിൽ നടന്നു. കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തിക് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് സി. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ഓണവട്ടം പരിപാടിയില്‍ ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ് മാധ്യമപ്രവര്‍ത്തകരുമായി സംവദിച്ചു.
കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ വിജയ് ഭരത് റെഡ്ഡി, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.പി. അബ്ദുൾ കരീം, സച്ചിന് സൂര്യകാന്ത് മഖേച്ച, സി. അനില്‍കുമാര്‍, അഡ്വ. കെ.കെ. ബല്‍റാം, കെ.പി. പ്രശാന്ത്, പി.ജെ. ജേക്കബ്, പി.ജെ. റെജി, കബീര്‍ കണ്ണാടിപ്പറമ്പ് എന്നിവര്‍ പങ്കെടുത്തു. വിവിധ കലാകായിക മത്സരങ്ങളും അരങ്ങേറി.
District News
മട്ടന്നൂർ: ജില്ലയിലെ മികച്ച ഹൈസ്കൂളിനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പെർഫോമൻസ് അവാർഡ് ചാവശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിനു ലഭിച്ചു. സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തിയാണു പുരസ്കാരം. വിദ്യാലയങ്ങളിൽ കുട്ടികൾ കുറയുമ്പോൾ 197 പേരാണ് ചാവശേരി സ്കൂളിൽ പുതുതായി എത്തിയത്. ജില്ലയിലെ 186 ഹൈസ്കൂളുകളിൽ നിന്നാണു ചാവശേരി തെരഞ്ഞെടുക്കപ്പെട്ടത്.
ഇരിട്ടി നഗരസഭയുടെ കീഴിലുള്ള വിദ്യാലയത്തിൽ "ഐഡിയ' എന്ന പേരിലുള്ള പദ്ധതിയുടെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളാണ് അവാർഡിന് അർഹമാക്കിയത്. അടിസ്ഥാനശേഷി വികസന പരിപാടി, പഠന പരിപോഷണ പരിപാടി, കൗൺസലിംഗ്, മെഗാ ഗൃഹസന്ദർശനം, പങ്കാളിത്ത ഉച്ചഭക്ഷണ പദ്ധതി, പ്രാദേശിക മികവ് കൂട്ടായ്മ തുടങ്ങിയ പദ്ധതികളാണു നടപ്പാക്കിയത്. നഗരസഭയുടെ ഫണ്ട് ഉപയോഗിച്ച് സ്കൂൾ മുറ്റം ഇന്റർലോക്ക്, ശിശുസൗഹൃദ ഫർണിച്ചറുകൾ, ശൗചാലയം, ക്ലാസ്മുറികൾ, ശബ്ദസംവിധാനം, ബിരിയാണി ഉൾപ്പെടെയുള്ള ഉച്ചഭക്ഷണം എന്നിവയും ഏർപ്പെടുത്തി. ഇരിട്ടി നഗരസഭാ ചെയർമാൻ വി. വിനോദ്കുമാർ, കൗൺസിലർ സി.എം. രമ്യ, പ്രിൻസിപ്പൽ മൻസൂർ കിണാക്കൂൽ, മുഖ്യാധ്യാപകൻ സി.എ. അബ്ദുൾഗഫൂർ, പിടിഎ പ്രസിഡന്റ് കെ. ശ്രീനിവാസൻ തുടങ്ങിയവരാണു പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്.
District News
കണ്ണൂർ: കളക്ടറേറ്റില്‍ ഓണാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന റവന്യൂ വകുപ്പിന്റെ ആഘോഷ പരിപാടികള്‍ ജില്ലാ കളക്ടര്‍ പി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. തിരക്കുപിടിച്ച ഡിജിറ്റല്‍ കാലത്ത് ഓണം പോലെയുള്ള ആഘോഷങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് അദേഹം പറഞ്ഞു.
ആളുകള്‍ക്ക് ഒന്നിച്ചിരിക്കാനും ഭക്ഷണവും സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം പരസ്പരം പങ്കുവയ്ക്കാനും ലഭിക്കുന്ന അവസരങ്ങളാണ് ഇത്തരം ആഘോഷങ്ങള്‍. ഓണം മുന്നോട്ടുവയ്ക്കുന്ന സാഹോദര്യത്തിന്റെയും സമഭാവനയുടെയും സന്ദേശങ്ങള്‍ നിത്യജീവിതത്തിലേക്ക് വ്യാപിപ്പിക്കുമ്പോഴാണ് ഇത്തരം ആഘോഷങ്ങള്‍ സാര്‍ഥകമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. അസിസ്റ്റന്റ് കളക്ടര്‍ എസ്. സ്വാതി, എഡിഎം പി.എന്‍. പുരുഷോത്തമന്, ഹുസൂര്‍ ശിരസ്തദാര്‍ കെ.കെ. രാജേഷ് ഖന്ന, ഡപ്യൂട്ടി കളക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി ജീവനക്കാരുടെ വിവിധ കലാപരിപാടികളും കമ്പവലി, ഉറിയടി, കസേരക്കളി തുടങ്ങിയ ഓണക്കളികളും അരങ്ങേറി.
District News
കണ്ണൂർ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 82-ാം ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ ഡിസിസിയിൽ നടന്ന പുഷ്പാർച്ചയ്നക്കും അനുസ്മരണത്തിനും പ്രസിഡന്റ് മാർട്ടിൻ ജോർജ് നേതൃത്വം നൽകി.
നേതാക്കളായ പ്രഫ.എ.ഡി. മുസ്തഫ, കെപിസിസി ട്രഷറർ വി.എ. നാരായണൻ, പി.ടി. മാത്യു, വി.വി. പുരുഷോത്തമൻ, മുഹമ്മദ് ബ്ലാത്തൂർ, എം.പി. വേലായുധൻ, വി.പി. അബ്ദുൾ റഷീദ്, വിജിൽ മോഹനൻ, സി.ടി. ഗിരിജ, കാട്ടാമ്പള്ളി രാമചന്ദ്രൻ, കെ. ബാലകൃഷ്ണൻ, അജിത്ത് മാട്ടൂൽ, പ്രസാദ് കൊടിയേരി, സി.ടി. സജിത്ത്, നൗഷാദ് ബ്ലാത്തൂർ, രാഹുൽ കായക്കൽ, കൂക്കിരി രാജേഷ്, കെ. ഉഷാകുമാരി തുടങ്ങിയവർ നേതൃത്വം നൽകി.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവന ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി മേലെചൊവ്വ പ്രത്യാശ ഭവനിൽ സ്നേഹ സംഗമം നടത്തി. കെപിസിസി അംഗം മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്യ്തു. ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി റോബർട്ട് വെള്ളാംവെള്ളി, പ്രത്യാശഭവൻ ഡയറക്ടർ സിസ്റ്റർ ജീന, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ അശ്വിൻ സുധാകർ, മിഥുൻ മാറോളി, ശ്രുതി റിജേഷ്, യൂത്ത് കോൺഗ്രസ് എം.കെ. വരുൺ, പ്രിൻസ് പി. ജോർജ്, നിവിൽ മാനുവൽ, റയീസ് തില്ലങ്കേരി, ഷിജു കല്ലെൻ, അൻഫീർ ചാലാട് എന്നിവർ പ്രസംഗിച്ചു.
District News
കണ്ണൂർ: ഓണാഘോഷത്തിനിടയില്‍ മാലിന്യം വലിച്ചെറിയാതെ തരംതിരിച്ച് ശേഖരിക്കാന്‍ പ്രജകളെ പ്രാപ്തരാക്കുന്നതിന് വേണ്ടി ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ രണ്ട് മാവേലിമാര്‍ ജില്ലയില്‍ പര്യടനം തുടങ്ങി. മാവേലിയുടെ കൈവശമുള്ള പാത്രത്തില്‍ നിന്നും നറുക്കെടുപ്പിലൂടെ കിട്ടുന്ന മാലിന്യം പച്ച, നീല, ചുവപ്പ്, കറുപ്പ് നിറങ്ങളിലുള്ള അനുയോജ്യമായ ബിന്നുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് മാവേലി സമ്മാനങ്ങള്‍ നല്‍കും. ബിന്നുകള്‍ മാറി നിക്ഷേപിച്ചു പോകുന്നവര്‍ക്ക് അത് കൃത്യമായി പറഞ്ഞു മനസിലാക്കി കൊടുക്കാന്‍ മാവേലിയുടെ ടീമും മത്സരാര്‍ഥികളെ സഹായിക്കും.
ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വന്ന പുതിയ ഖരമാലിന്യ പരിപാലന നിയമത്തെക്കുറിച്ച് ബോധവത്കരണം നടത്തുകയാണ് ശുചിത്വമിഷന്റെ മാവേലിയും സംഘവും. ഒപ്പം ഓണാഘോഷങ്ങള്‍ മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമാക്കുകയെന്ന ലക്ഷ്യവും. 'തരം തിരിക്കാം മാലിന്യം മാവേലിക്കൊപ്പം' എന്ന പേരിലുള്ള പ്രചാരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും ഫ്ളാഗ് ഓഫും ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ് നിര്‍വഹിച്ചു. ജില്ലാ ശുചിത്വ മിഷന് കോ -ഓര്‍ഡിനേറ്റര്‍ കെ.എം. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
ഒറ്റത്തവണ ഉപയോഗിക്കുന്ന ക്യാരി ബാഗുകള്‍, പേപ്പര്‍ കപ്പുകള്‍, പ്ലാസ്റ്റിക് കുപ്പികള്‍ തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കി, പകരം പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം. ആഘോഷവേളകളില്‍ ഉണ്ടാകുന്ന മാലിന്യം അലക്ഷ്യമായി വലിച്ചെറിയാതെ ഉറവിടത്തില്‍ തന്നെ തരംതിരിച്ച് അതത് ബിന്നുകളില്‍ നിക്ഷേപിക്കണമെന്ന സന്ദേശവും ഇതിലൂടെ പ്രചരിപ്പിക്കും. 'മാലിന്യം വലിച്ചെറിയാതെ തരംതിരിച്ച് കൈമാറാം, ഹരിത ഓണം ആഘോഷിക്കാം' എന്നതാണ് പ്രചാരണ പരിപാടിയുടെ മുഖ്യ സന്ദേശം.
District News
മട്ടന്നൂർ: വീടിനു സമീപത്ത് പുലി കുടുങ്ങി കിടക്കുന്നത് അറിഞ്ഞു പുലി പേടിയില്ലാതെ കാണാനുള്ള തിരക്കായിരുന്നു ജനങ്ങൾ. ഇന്നലെ പുലർച്ചെ മുതൽ നൂറുകണക്കിനു പേരാണ് മാലൂർ പെരുവങ്ങാട്ടയിലെത്തിയത്. സി.കെ. രാമകൃഷ്ണന്റെ പറമ്പിലെ പന്നിക്കെണിയിലാണു പുലി കുടുങ്ങിയത്. വനംവകുപ്പ് അധികൃതരും പൊലിസും പുലർച്ചെ തന്നെ ഇവിടെയെത്തി സ്ഥലത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. മയക്കുവെടി വയ്ക്കുമ്പോഴും മറ്റു ആളുകളെ നിയന്ത്രിക്കാൻ പൊലിസും വനംവകുപ്പ് അധികൃതരും പാടുപെട്ടു.
ഇന്നലെ പുലർച്ചെ നാലോടെ നായ്ക്കളും കന്നുകാലികളും അസ്വാഭാവികമായി കരയുന്നത് കേട്ടതായി വീട്ടുകാർ പറഞ്ഞു. പുരളിമല വനമേഖലയിൽനിന്നാണ് പുലി എത്തിയതെന്നാണ് കരുതുന്നത്. കെണിയിൽ അകപ്പെട്ട പുലി രക്ഷപ്പെടാനായി മുകളിലേക്കു ചാടുകയും മരക്കമ്പുകളും മറ്റും കടിച്ചുമുറിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പുലിയെ കാണുന്നതിനായി സമീപത്തെ പി. ബാബുവിന്റെ വീടിന്റെ രണ്ടാംനിലയിൽ ഉൾപ്പടെ ആളുകൾ തിങ്ങിക്കൂടി.
പുലിയുള്ളതിന്റെ അടുത്തേക്കു വരരുതെന്ന് പൊലിസ് പലതവണ ആവശ്യപ്പെട്ടിട്ടും ആൾക്കാർ മാറാൻ തയാറായില്ല. വനംവകുപ്പ് അധികൃതർ പുലിയെ ഏറെനേരം നിരീക്ഷിച്ചശേഷം രാവിലെ 9.45 ഓടെയാണ് ആദ്യഡോസ് മയക്കുവെടി വച്ചത്. തുടർന്ന് ബൂസ്റ്റർ ഡോസുകളും നൽകി. പുലിയെ പിടിച്ചതോടെ ചിത്രം പകർത്താനുള്ള തിരക്കായിരുന്നു.
ആറുവയസോളം പ്രായം തോന്നിക്കുന്ന ആൺ പുലിയാണു കുരുക്കിൽ പെട്ടത്. കൊട്ടിയൂർ റേഞ്ചിലെ തോലമ്പ്ര സെക്ഷൻ പരിധിയിലുള്ള പ്രദേശമാണിത്. വയറിൽ കുടുങ്ങിയ കമ്പിയുമായി കുതറിമാറാൻ ശ്രമിച്ചതോടെ കുരുക്ക് ആഴത്തിൽ മുറുകി പുലി അവശനിലയിലായിരുന്നു. വിവരമറിഞ്ഞ് കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടി. നിതിൻരാജിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും റാപ്പിഡ് റെസ്പോൺസ് ടീമും സ്ഥലത്തെത്തിയിരുന്നു.
ആർആർടി വെറ്റിനറി ഡോക്ടർ ഇല്യാസ് റാവുത്തർ, കുട്ടിമാവൻകീഴിൽ വെറ്ററിനറി സർജൻ ഡോ. സി. അരുൺ എന്നിവരുടെ നേതൃത്വത്തിലാണു പുലിയുടെ ആരോഗ്യനില പരിശോധിച്ചത്. മയക്കുവെടി വച്ച് മാത്രമേ പുലിയെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിക്കൂ എന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് പുലിയെ മയക്കുവെടിവച്ച് കുരുക്കിൽനിന്നു മോചിപ്പിച്ചത്. അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കമ്പിക്കുരുക്ക് മുറുകിയതുമൂലം ആന്തരിക അവയവങ്ങൾക്ക് ഏറ്റ അതിതീവ്രമായ പരിക്കുകളാണ് മരണകാരണമെന്ന് വെറ്ററിനറി ഡോക്ടർമാർ സ്ഥിരീകരിച്ചു.
മുതിർന്ന റവന്യു-വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് രക്ഷാപ്രവർത്തനങ്ങളും തുടർനടപടികളും പൂർത്തിയാക്കിയത്. ഐഎഫ്എസ്, എഡിസിഎഫ് നോർത്തേൺ സർക്കിൾ ജി. ആദർശ്, സിസിഎഫിന്റെ ടെക്നിക്കൽ അസിസ്റ്റന്റ് ജി. പ്രദീപ്, കണ്ണൂർ എസ്ഐപിഎസിഎഫ് രവീന്ദ്രനാഥ്, തലശേരി തഹസിൽദാർ വിജേഷ് പദ്മനാഭൻ, മാലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു, കണ്ണവം റേഞ്ച് ഓഫീസർ സുധീർ നേരോത്ത്, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, തളിപ്പറമ്പ് റേഞ്ച് ഓഫീസർ സനൂപ് കൃഷ്ണൻ എന്നിവർ നേതൃത്വം ൽകി.
സംഭവത്തിൽ വനംവകുപ്പ് വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാട്ടുപന്നിയേയോ മറ്റോ ലക്ഷ്യമാക്കി വച്ച കുരുക്കിലാണോ പുലി അകപ്പെട്ടതെന്ന് അന്വേഷിച്ചു വരികയാണെന്നും കേസിൽ നിലവിൽ ആരെയും പ്രതിചേർത്തിട്ടില്ലെന്നും സമഗ്രമായ അന്വേഷണം നടക്കുമെന്നും അധികൃതർ അറിയിച്ചു.
നാഷണൽ ടൈഗർ കൺസർവേഷൻ അഥോറിറ്റിയുടെ മാർഗ നിർദേശങ്ങൾ പ്രകാരം ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും വെറ്ററിനറി വിദഗ്ദ്ധരുടെയും ഉൾപ്പെടുത്തി പ്രത്യേക കമ്മിറ്റി രൂപീകരിച്ചാണു പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയത്.
District News
പഴയങ്ങാടി: മാടായി കോളജിലെ വിദ്യാർഥിനിക്ക് നേരേ ലൈഗികാതിക്രമത്തിന് ശ്രമിച്ച ഒഡീഷ സ്വദേശിയെ വിദ്യാർഥികളും നാട്ടുകാരും ചേർന്ന് പിടികൂടി പഴയങ്ങാടി പൊലിസിന് കൈമാറി. ഒഡീഷക്കാരനായ കിരൺ സിങ്കു (20 ) ആണ് പിടിയിലായത്. ഇയാളുടെ അതിക്രമത്തിനിടെ വിദ്യാർഥിനിക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം 3.30 ഓടെയാണ് സംഭവം.
കോളജിലെ ക്ലാസ് കഴിഞ്ഞ് പഴയങ്ങാടി ബസ്സ്റ്റാൻഡിലേക്കുള്ള യാത്രയിൽ പെൺകുട്ടിയെ പിന്തുടർന്ന കിരൺ സിങ്കു വിദ്യാർഥിനിയെ കയറിപ്പിടിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. വിദ്യാർഥിനിയുടെ കരച്ചിലും ബഹവും കേട്ട് സഹവിദ്യാർഥികൾ എത്തി കുട്ടിയെ രക്ഷിക്കുകയും അന്യസംസ്ഥാന തൊഴിലാളിയെ കിഴടക്കുകയുമായിരുന്നു.
സംഭമമറിഞ്ഞെത്തിയ പൊലിസ് പ്രതിയെ സ്റ്റേഷനിലേക്ക് മാറ്റി. വിദ്യാർഥിനിയിൽസിന്ന് സിഐ ഇ. സന്തോഷ് കുമാറും സംഘവും വിശദമായ മൊഴി രേഖപ്പെടുത്തി. പിടിയിലായ പ്രതി മദ്യലഹരിയിലായതിനാൽ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്ന് പൊലിസ് പറഞ്ഞു.
District News
വെള്ളരിക്കുണ്ട് (കാസർഗോഡ്): യുക്രെയ്നില്‍ റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മര്‍ച്ചന്റ് നേവി ജീവനക്കാരന് അഖില്‍ ജോയന്റെ (26) ഭൗതികശരീരം 24നു വെള്ളരിക്കുണ്ടിലെ വീട്ടിലെത്തിക്കും. യുക്രെയ്നില്‍ നിന്നു മോള്‍ഡോവയിലെ ചിസിനാവിലേക്ക് റോഡ് മാര്‍ഗവും തുടര്‍ന്ന് ചിസിനാവില്‍ നിന്ന് ഇസ്താംബുള്‍ വഴി ബംഗളൂരുവിലേക്ക് വിമാനമാര്‍ഗവും തുര്‍ക്കി എയര്‍ലൈന്‍സ് എത്തിക്കും. 23നു ബംഗളൂരുവിലെത്തുന്ന ഭൗതികദേഹം 24ന് ആംബുലന്‍സിലാണ് വെള്ളരിക്കുണ്ടിലെ വീട്ടിലെത്തിക്കുക. ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് കീവിലെ ഇന്ത്യന്‍ എംബസിയില്‍നിന്നും നോര്‍ക്കയില്‍നിന്നും ജില്ലാ കളക്ടര്‍ക്ക് ലഭിച്ചു. ജൂലൈ 20നാണ് അഖില്‍ കൊല്ലപ്പെട്ട വിവരം അധികൃതര്‍ വീട്ടുകാരെ അറിയിക്കുന്നത്.
മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കാന്‍ രാജ്മോഹന്‍ ഉണ്ണിത്താന് എംപി കേന്ദ്ര വിദേശകാര്യ മന്ത്രിയെ സന്ദര്‍ശിച്ച് അഭ്യര്‍ഥിച്ചിരുന്നു. യുക്രെയിനിലെ ഇന്ത്യന്‍ എംബസിയുമായി വിദേശകാര്യമന്ത്രാലയം ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടിയായത്. എംഎല്‍എമാരായ ഗോവിന്ദന് പള്ളിക്കാപ്പിലും സന്ദീപ് വാര്യരും വീട്ടിലെത്തുകയും തുടര്‍ നടപടികള്‍ക്ക് നോര്‍ക്കയോട് അഭ്യര്‍ഥിക്കുകയും ചെയ്തു. മരണവിവരം അറിഞ്ഞയുടന്‍ ജില്ലാകളക്ടര്‍ അര്ജുന് പാണ്ഡ്യന് അഖിലിന്റെ വീട്ടിലെത്തുകയും ജില്ലാ ഭരണ സംവിധാനം തുടര്‍നടപടികളുടെ ഏകോപനം ഉറപ്പു വരുത്തുകയും ചെയ്തു.
District News
കണ്ണൂർ: ട്രെയിൻ യാത്രയ്ക്കിടെ വിദ്യാർഥിയുടെ ലാപ്ടോപ് അടങ്ങിയ ബാഗ് മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. തൃക്കരിപ്പൂർ പടന്ന സ്വദേശി കെ.സുധാകരനെയാണ് (56) ആർ.പി.എഫും റെയിൽവേ പൊലിസും ചേർന്ന് മണിക്കൂറുകൾക്കകം പിടികൂടിയത്.
ഏറനാട് എക്സ്പ്രസിൽ ഫറോക്കിൽ നിന്ന് കാസർഗോഡേക്ക് യാത്ര ചെയ്യുകയായിരുന്നു എൻജിനിയറിംഗ് കോളജ് വിദ്യാർഥിയുടെ 80,000 രൂപ വില വരുന്ന ലാപ്ടോപ്പ് അടങ്ങിയ ബാഗായിരുന്നു കവർന്നത്. ബുധനാഴ്ച്ച ഉച്ച കഴിഞ്ഞ് 2.30ഓടെ ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു മോഷണം. വിദ്യാർഥിയുടെ പരാതിയെത്തുടർന്ന് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്നലെ രാവിലെ 11ഓടെ കണ്ണൂരിൽ വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തൊണ്ടിമുതലും പിടിച്ചെടുത്തു. ആർപിഎഫ് ഇൻസ്പെക്ടർ രമേഷ്കുമാർ, റെയിൽവേ എസ്ഐ സന്തോഷ്,ആർ.പി.എഫ് എഎസ്ഐ സഞ്ജയ്, ഹെഡ്കോൺസ്റ്റബിൾമാരായ അജീഷ്, വിജേഷ്, റെയിൽവേ ഇന്റലിജൻസ് സിപിഒ ജിതിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
District News
ഇരിട്ടി: ശ്രീരാം ഫിനാൻസിന്റെ ഇരിട്ടി ശാഖയിൽ ലോൺ രേഖകളുമായി ബന്ധപ്പെട്ട വിവാദം കനക്കുന്നു. ഇരിട്ടി ബ്രാഞ്ചിൽ മാത്രം നൂറിലേറെ പേരുടെ പേരിൽ അനധികൃതമായി ലോൺ രേഖപ്പെടുത്തിയതായി കണ്ടെത്തി. സർക്കാർ ഡോക്ടറുടെ പേരിലും കൊമേഴ്സൽ വാഹനത്തിനായി 5.40 ലക്ഷം രൂപയുടെ ലോൺ എടുത്തതായി കണ്ടെത്തി.
ശ്രീരാം ഫിനാൻസുമായി യാതൊരു ഇടപാടും ഇല്ലാത്ത ഡോക്ടറുടെ ആധാർ, പാൻ നമ്പറുകളും കൃത്യമായി ഉപയോഗിച്ചാണ് ലോൺ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ലോൺ അക്കൗണ്ടിൽ നൽകിയ ഫോൺ നമ്പർ തന്റേതല്ലെന്ന് ഡോക്ടർ പറഞ്ഞു. തന്റെ പേരിൽ വാഹനമില്ലെന്നും ലോൺ എടുത്തിട്ടില്ലെന്നും ഡോക്ടർ വ്യക്തമാക്കി.
സിബിൽ സ്കോർ പരിശോധിച്ചപ്പോഴാണ് ഡോക്ടർ തന്റെ പേരിലുള്ള ലോൺ വിവരം അറിയുന്നത്. കഴിഞ്ഞ മാസമാണ് വായ്പ ആരംഭിച്ചതെന്നാണ് രേഖകളിൽനിന്ന് വ്യക്തമാകുന്നത്. സംഭവത്തിൽ ഡോക്ടർ ഇരിട്ടി പൊലിസിൽ പരാതി നൽകി. തന്റെ പേരിലെടുത്ത വാഹനത്തിന്റെ വിവരങ്ങൾ ഉൾപ്പെടെ ലോൺ സംബന്ധമായ മുഴുവൻ രേഖകളും ലഭ്യമാക്കണമെന്നാണ് ഡോക്ടറുടെ ആവശ്യം. ലോൺ രേഖകളിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് നൂറിലേറെ പേർ ശ്രീരാം ഫിനാൻസിന്റെ കീഴൂരിലുള്ള ഓഫിസിലെത്തിയതായാണ് വിവരം. വ്യാജമായി ലോൺ എടുത്തതായി സംശയിക്കുന്നവർ ചേർന്ന് വാട്സ് ആപ്പ് കൂട്ടായ്മയും ആരംഭിച്ചിട്ടുണ്ട്.
വിശദീകരണവും പൊളിയുന്നു
സോഫ്റ്റ്വേറിൽ മാറ്റം വരുത്തിയപ്പോഴുണ്ടായ പിഴവാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ശ്രീരാം ഫിനാൻസ് അധികൃതരുടെ വിശദീകരണം. 70 ശതമാനത്തോളം പ്രശ്നങ്ങൾ പരിഹരിച്ചതായും ശേഷിക്കുന്നവ ഉടൻ പരിഹരിക്കുമെന്നും അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
ലോൺ ബാധ്യതയുമായി ബന്ധപ്പെട്ട ആശങ്കയുമായി ഓഫിസിലെത്തിയവർക്ക് നോൺ-ലയബിലിറ്റി സർട്ടിഫിക്കറ്റ് നൽകുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. എന്നാൽ, ശ്രീരാം ഫിനാൻസുമായി യാതൊരു ഇടപാടും ഇല്ലാത്ത സർക്കാർ ഡോക്ടറുടെ പേരിൽ കൊമേഴ്സൽ വാഹന ലോൺ രേഖപ്പെടുത്തിയ സംഭവം ഈ വിശദീകരണങ്ങളെ കൂടുതൽ ചോദ്യം ചെയ്യുന്നതാണ്. നിയമപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഡോക്ടർ വ്യക്തമാക്കി.
District News
കണ്ണൂർ: ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ വൈവിധ്യങ്ങളുമായി ജില്ലാ പഞ്ചായത്തിന്റെ കാർഷിക- പരമ്പരാഗത വ്യവസായ ഉൽപന്ന പ്രദർശന വിപണനമേള. വസ്ത്രങ്ങൾ, ബാഗുകൾ, ചെരുപ്പുകൾ, ആഭരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ തുടങ്ങി കാർഷിക ഉത്പന്നങ്ങൾവരെ മേളയിൽ ലഭ്യമാണ്. ഇവയ്ക്കു പുററേ കുടുംബശ്രീ കഫേയും പ്രവർത്തിക്കുന്നു.
വിവിധ മേഖലകളിലെ സംരംഭകരുടെയും ഉത്പാദകരുടെയും വൈവിധ്യമാർന്ന ഉത്പന്നങ്ങളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. 15 കുടുംബശ്രീ സ്റ്റാളുകൾ ഉൾപ്പെടെ 105 സ്റ്റാളുകളാണ് പ്രദർശനത്തിനുള്ളത്. ഓൺലൈൻ വ്യാപാരം നടത്തുന്ന സ്വയംസംരംഭകർക്ക് മേളയിലൂടെ നേരിട്ട് ഉപഭോക്താക്കളെ കണ്ടെത്താനുള്ള അവസരവും മേളയിലൂടെ ലഭിക്കും. അതോടൊപ്പം പൊതുജനങ്ങൾക്ക് വിലക്കുറവിൽ ഉത്പന്നങ്ങൾ വാങ്ങാനുള്ള സൗകര്യവുമുണ്ട്. പ്രാദേശിക ഉത്പാദകരെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കാനും കാർഷിക പരമ്പരാഗത വ്യവസായ ഉത്പന്നങ്ങൾക്ക് കൂടുതൽ വിപണി ഉറപ്പാക്കുകയാണ് മേളയുടെ ലക്ഷ്യം.
കാർഷിക നഴ്സറി ഉത്പന്നങ്ങൾ, കയർ, പരമ്പരാഗത വ്യവസായ ഉത്പന്നങ്ങൾ, കൈത്തറി ഉത്പന്നങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങിയവയും മേളയിൽ ലഭ്യമാണ്. രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതുവരെയാണ് പ്രദർശനസമയം. പൊലിസ് മൈതാനിയിൽ ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും ചേർന്ന് എന്റെ സംരംഭം നാടിന്റെ അഭിമാനം എന്ന സന്ദേശവുമായി 15ന് ആരംഭിച്ച മേള 25ന് സമാപിക്കും. ഓണത്തിന്റെ വരവോടെ ജില്ലയൊട്ടാകെ വിപണികൾ തിക്കും തിരക്കും തുടങ്ങി. തിരുവോണത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിയതോടെ മേളകൾ സജീവമാകുകയാണ്.
District News
തലശേരി: തലശേരി വ്യാപാരി വ്യവസായി ഏകോപന സമിതി വെൽഫേർ സഹകരണ സംഘത്തിൽ നടന്ന കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ സംഘം സെക്രട്ടറി കൊള്ളപ്പലിശക്കാർക്ക് പലിശ ഇനത്തിൽ നൽകിയത് ഒരുകോടി രൂപ. കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന സംഘം സെക്രട്ടറി പിണറായി പടന്നക്കര കുന്നോത്തെ സുജാലയത്തിൽ കെ.സി. ജ്യോജിഷിനെ കസ്റ്റഡിയിൽ വാങ്ങി പൊലിസ് നടത്തിയ ചോദ്യം ചെയ്യലിലാണ് മൂന്ന് പേർക്കായി ഒരുകോടി രൂപ പലിശ ഇനത്തിൽ നൽകിയതായി മൊഴി നൽകിയത്.
മേലൂരിലെ വാവക്ക് 10 ലക്ഷം, കൊങ്കി ബിജുവിന് 40 ലക്ഷം, മിഥുൻ എന്നയാൾക്ക് 50 ലക്ഷം രൂപയും നൽകിയതാണ് ജ്യോജിഷ് പൊലിസിനോട് പറഞ്ഞിട്ടുള്ളത്. ഈ മൂന്ന് പേരുടെയും വിശദമായ വിവരങ്ങൾ പൊലിസ് അന്വഷിച്ചു വരികയാണ്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ജ്യോജിഷിനെ പൊലിസ് കസ്റ്റഡിയിൽ വാങ്ങിയത്. തട്ടിപ്പ് നടന്ന സഹകരണ സംഘത്തിലും പ്രതിക്ക് അക്കൗണ്ടുകളുള്ള ധനകാര്യ സ്ഥാപനങ്ങളിലും പൊലിസ് തെളിപ്പെടുപ്പ് നടത്തി. പ്രതിയിൽ നിന്നും കൂടുതൽ വിവരങ്ങൾ പൊലിസ് ശേഖരിച്ചുവരികയാണ്.
കേസിന്റെ വ്യാപ്തി കണക്കിലെടുത്ത് അന്വഷണം ക്രൈംബ്രാഞ്ചിന് വിടാനുള്ള നടപടി ക്രമങ്ങൾ പുരോഗമിച്ചു വരികയാണ്. ഇതു സംബന്ധിച്ച് ലോക്കൽ പൊലിസ് സിറ്റി പൊലിസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയായാൽ ഉടൻ കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും.
District News
സുല്‍ത്താന്‍ ബത്തേരി: വന്യമൃഗശല്യം രൂക്ഷമായ നെന്മേനി പഞ്ചായത്തിലെ നമ്പ്യാര്‍കുന്നില്‍ ഗവ. എല്‍പി സ്കൂള്‍ പരിസരം കാടുമൂടി കിടക്കുന്നത് ആശങ്കയാകുന്നു. വിദ്യാലയത്തിനോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ ഭൂമിയില്‍ ഏക്കറുകണക്കിന് പ്രദേശമാണ് പത്തടിയോളം ഉയരത്തില്‍ കാടുകയറി മൂടിക്കിടക്കുന്നത്.
നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളിന് സമീപത്തെ ഈ സ്ഥിതി വന്യമൃഗങ്ങള്‍ക്കും ഇഴജന്തുക്കള്‍ക്കും താവളമാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. നമ്പ്യാര്‍കുന്ന് പ്രദേശത്ത് കടുവ, പുലി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യം പതിവാണ്. വന്യജീവികളെ പിടികൂടുന്നതിനായി വിവിധ സ്ഥലങ്ങളില്‍ കൂടുകള്‍ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുമുണ്ട്.
ഇതിനിടെയാണ് സ്കൂളിന് സമീപത്തെ കാടുപിടിച്ച പ്രദേശം കൂടുതല്‍ ഭീഷണിയാകുന്നത്. വിഷപ്പാമ്പുകളുടെയും മറ്റ് ക്ഷുദ്രജീവികളുടെയും ശല്യവും പ്രദേശത്ത് രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. സ്കൂളിന്റെ ഉടമസ്ഥതയിലുള്ള ആറ് സ്ഥലങ്ങളിലായി ഏകദേശം രണ്ടേക്കറോളം പ്രദേശമാണ് കാടുകയറി മൂടിയിരിക്കുന്നത്.
സ്കൂള്‍ പരിസരത്തെ കാടു വെട്ടിത്തെളിക്കുകയും അടിയന്തരമായി വൃത്തിയാക്കി ചുറ്റുമതില്‍ നിര്‍മിച്ച് സുരക്ഷ ഉറപ്പാക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
കല്‍പ്പറ്റ: മണിയങ്കോട് കോക്കുഴി വയലില്‍ ഒയിക കല്‍പ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ കമ്പളനാട്ടി നടത്തി.
കൃഷി വകുപ്പ്, പൊന്നട എസ്റ്റേറ്റ്, വിംസ് മൂപ്പന്‍സ് നഴ്സിംഗ് കോളജ്, പത്മപ്രഭ ഗ്രന്ഥാലയം, കരിങ്കുറ്റി വിഎച്ച്എസ്എസ്, മുണ്ടേരി വിഎച്ച്എസ്എസ്, കല്‍പ്പറ്റ എന്‍എസ്എസ്എച്ച്എസ്എസ്, കോക്കുഴി പാടശേഖര സമിതി എന്നിവരുടെ സഹകരണത്തില്‍ നടത്തിയ ഉത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷണന് ഉദ്ഘാടനം ചെയ്തു. നാടന്‍ പാട്ടുകള്‍, തുടി, ചീനി തുടങ്ങിയവയുടെ അകമ്പടിയോടെ ഗോത്രസമൂഹ ചടങ്ങുകള്‍ നടന്നു.
ഒയിസ്ക കല്‍പ്പറ്റ പ്രസിഡന്റ് എസ്.എ. നസീര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹനീഫ, കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് സി.സി. രജിത, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ. അരുണ്‍ദേവ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സലാം നീലിക്കണ്ടി, കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് സി.സി. രജിത, അംഗങ്ങളായ നിഥിന്, റനീഷ്, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഈശ്വര പ്രസാദ്, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഷഫീക്ക്, കൃഷി ഓഫിസര്‍മാരായ ബിപിന്‍, അതുല്‍ ജേക്കബ്, വിംസ് മൂപ്പന്‍സ് നഴ്സിംഗ് കോളജ് പ്രിന്‍സിപ്പല്‍ ലിഡാ ആന്റണി, പത്മപ്രഭാ ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. രവീന്ദ്രന്, വയല്‍ ഉടമ പൊന്നട അസീസ്, കോഓര്‍ഡിനേറ്റര്‍ റഷീദ്, ഒയിസ്ക സെക്രട്ടറി നിഷാ ദേവസ്യ, ഒയിസ്ക ചീഫ് പ്രോഗ്രാം കണ്‍വീനര്‍ ലവ്ലി അഗസ്റ്റിന്, എല്‍ദോ ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.
District News
കല്‍പ്പറ്റ: കച്ചവടം കൊഴുപ്പിക്കാന്‍ ഓഫറുകളുമായി പൂ വ്യാപാരികള്‍.
വിദ്യാര്‍ഥികള്‍ക്കും ഓഫിസുകള്‍ക്കും വിലയില്‍ ഇളവ്, ചെണ്ടുമല്ലി ഒരു കിലോയ്ക്ക് ഒരു കിലോ ഫ്രീ, 500 രൂപയുടെ പൂക്കള്‍ വാങ്ങുന്നവര്‍ക്ക് സമ്മാനക്കൂപ്പണ്‍... ഇങ്ങനെ നീളുകയാണ് ഓഫറുകള്‍. ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയില്‍ കൈനാട്ടിക്കും ട്രാഫിക് ജംഗ്ഷനുമിടയില്‍ 50ല്‍പരം പൂക്കടകളാണ് താത്കാലികമായി പ്രവര്‍ത്തിക്കുന്നത്. കെട്ടിട മുറികള്ക്കുപുറമേ നഗരത്തില്‍ പ്രധാന പാതയോടുചേര്‍ന്ന് ഒഴിഞ്ഞുകിടക്കുന്ന സ്വകാര്യസ്ഥലങ്ങള്‍ പാട്ടത്തിനെടുത്ത് പന്തല്‍ കെട്ടിയും പൂക്കച്ചവടം നടത്തുന്നുണ്ട്.
ജില്ലയ്ക്ക് അകത്തും പുറത്തുമുള്ളവര്‍ കച്ചവടക്കാര്ക്കിടയിലുണ്ട്. പ്രതീക്ഷിച്ചതുപോലെ കച്ചവടം കസറാത്ത സാഹചര്യത്തിലാണ് വ്യാപാരികളുടെ ഓഫര്‍ പ്രലോഭനം. കര്‍ണാടകയിലെ ബംഗളൂരു, മൈസൂരു, ഗുണ്ടല്‍പേട്ട എന്നിവിടങ്ങളില്‍നിന്നു എത്തിച്ചതാണ് നഗരത്തില്‍ വില്പനയ്ക്കുവച്ച പൂക്കളില്‍ അധികവും. ഓറഞ്ച്, മഞ്ഞ വര്‍ണങ്ങളിലുള്ള ചെണ്ടുമല്ലിയാണ് കടകളില്‍ കൂടുതലും വിറ്റഴിയുന്നത്. വിലക്കുറവും പ്രധാന ഓഫറും ഇവയ്ക്കാണ്. കിലോ ഗ്രാമിന് 80 മുതല്‍ 120 വരെ രൂപയാണ് ചെണ്ടുമല്ലി വില. ആനപ്പാലത്ത് പേരാമ്പ്ര സ്വദേശികള്‍ വഴിയോരത്ത് പന്തലിട്ട് നടത്തുന്ന പൂക്കടയില്‍ ആഫ്രിക്കന്‍ ചെണ്ടുമല്ലിയും ലഭ്യമാണ്.
കിലോഗ്രാമിന് 250 രൂപയാണ് വില. ബംഗളൂരുവിലെ സ്വകാര്യ തോട്ടത്തില്‍നിന്നു എത്തിച്ചതാണ് ഈ ഇനം പൂക്കള്‍. നഗരത്തില്‍ മറ്റൊരു സ്റ്റാളിലും ആഫ്രിക്കന്‍ ചെണ്ടുമല്ലി വില്പനയില്ലെന്ന് ആനപ്പാലത്തെ കടയുടമ പറയുന്നു. ഒരേയിനം പൂവിന് സ്റ്റാളുകളില്‍ പല വിലയാണ്. മുറി, സ്ഥലം വാടക ഉള്‍പ്പെടെ ചെലവും ലാഭവും കണക്കാക്കിയുള്ളതും അതേസമയം ഉപഭോക്താക്കളുടെ നീരസത്തിന് കാരണമാകാത്തതുമായ വിലയാണ് വ്യാപാരികള്‍ പൂക്കള്‍ക്ക് ഇടുന്നത്. പ്യൂര്‍ വൈറ്റ് ഇനം പൂക്കള്‍ക്കാണ് സ്റ്റാളുകളില്‍ ഉയര്‍ന്ന വില. കിലോഗ്രാമിന് 800 രൂപ വരെ നിരക്കിവാണ് ഇതിന്റെ വില്പന. വ്യാപാരികളില്‍ പലരും മുല്ലപ്പൂ വലിയ അളവില്‍ സ്റ്റോക്ക് ചെയ്യുന്നില്ല. കുറഞ്ഞ അളവില്‍ എത്തിക്കുന്ന മുല്ലപ്പൂ മാലയാക്കി മുഴത്തിന് 50-60 രൂപയ്ക്കാണ് വില്‍ക്കുന്നത്.
District News
കേണിച്ചിറ: പൂപ്പാടവും പച്ചക്കറിയും ഒരുക്കി ഓണത്തെ വരവേല്‍ക്കാന്‍ പച്ചക്കറി ബാബു. ചെറുപ്പം മുതല്‍ പച്ചക്കറി കൃഷി ചെയ്തുവരുന്ന കേണിച്ചിറ സ്വദേശി തുരുത്തികാവില് ബാബു കേണിച്ചിറ ടൗണിനോട് ചേര്‍ന്നുള്ള സ്ഥലം അടക്കം പല സ്ഥലങ്ങളിലായി പച്ചക്കറിയും ചെണ്ടുമല്ലിയും അടക്കം അഞ്ചേക്കറോളം സ്ഥലത്താണ് ഓണത്തെ മുന്നില്‍കണ്ട് കൃഷി ഇറക്കിയിരിക്കുന്നത്. ബാബുവിന് എന്നും കൃഷിയൊരു ഹരമാണ്. ലാഭത്തേക്കാള്‍ പ്രാധാന്യം മനസ്സിന് നല്കുന്ന സന്തോഷമാണ് ബാബുവിനെ കൃഷിയില്‍ പിടിച്ചുനിര്‍ത്തുന്നത്.
ഇത്തവണത്തെ ഓണത്തെ വരവേല്‍ക്കാന്‍ പച്ചക്കറി കൃഷിയോടൊപ്പം ചെണ്ടുമല്ലിയും കൃഷി ചെയ്തിരിക്കുകയാണ് ഈ കര്ഷകന്. പയറും പടവലവും ബീന്‍സും ബ്രോക്കോളിയും കാശ്മീരി മുളകും അടക്കം ബാബു കൃഷി ചെയ്യുന്നുണ്ട്. ഇത്തവണ ചെണ്ടുമല്ലി നട്ട സമയത്ത് മഴയില്ലാത്തതിനാല്‍ വെള്ളം കോരി നനച്ചാണ് തൈകള്‍ നശിച്ചുപോകാതെ സംരക്ഷിച്ചത്. മാര്‍ക്കറ്റ് വിലയേക്കാള്‍ 20 ശതമാനത്തോളം വിലക്കുറവില്‍ ആണ് പൂക്കള്‍ വില്‍ക്കുന്നത്. ബാബുവിന്റെ കൃഷിയെ സഹായിക്കുന്നതിന് പൂതാടി കൃഷിഭവനും സഹായവുമായി രംഗത്തുണ്ട്. ബാബുവിന്റെ കൃഷിയിടം കാണുന്നതിനും പൂക്കള്‍ വാങ്ങുന്നതിനുമായി ധാരാളം പേര് എത്തുന്നുണ്ട്.
District News
കൽപ്പറ്റ: ഓണാഘോഷത്തോടനുബന്ധിച്ച് ജില്ലയുമായി അതിർത്തി പങ്കിടുന്ന ചെക്ക്പോസ്റ്റുകൾ കേന്ദ്രീകരിച്ച് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സംയുക്ത പരിശോധന നടത്താൻ എക്സൈസ് ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു.
കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലഹരി വസ്തുക്കളുടെ കടത്ത്, ഉപയോഗം, വ്യാജ മദ്യനിർമാണം എന്നിവ തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ലഹരി ഉത്പന്നങ്ങളുടെ വിൽപന തടയുന്നതിന് ഉന്നതികൾ, സ്കൂളുകൾ, കോളജുകൾ കേന്ദ്രീകരിച്ച് ശക്തമായ പരിശോധനകൾ തുടരും.
ഇതിനായി വാർഡ്തലം മുതലുള്ള ജനജാഗ്രത സമിതികളെ ശക്തിപ്പെടുത്തി ജനപങ്കാളിത്തത്തോടെ ബോധവത്കരണ പരിപാടികളും പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന പരാതികളിൽ കർശന നടപടിയെടുക്കുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു.
ജില്ലയിൽ 2025 ഓഗസ്റ്റ് 19 മുതൽ 2026 ഓഗസ്റ്റ് 19 വരെ നടത്തിയ പരിശോധനകളിൽ 623 അബ്കാരി കേസുകളും 397 മയക്കുമരുന്ന് കേസുകളും 2566 കോട്പ കേസുകളും അടക്കം 3586 കേസുകൾ എക്സൈസ് വകുപ്പ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 5157 റെയ്ഡുകൾ, വിവിധ വകുപ്പുകളുമായി സഹകരിച്ച് 31 കാന്പയിൻ റെയ്ഡുകളും നടത്തി. പരിശോധനകളിൽ 109 ലിറ്റർ ചാരായം, 2451 ലിറ്റർ വിദേശമദ്യം, 333 ലിറ്റർ അന്യ സംസ്ഥാന വിദേശമദ്യം, 1792 ലിറ്റർ വാഷ്, 11 ലിറ്റർ ബിയർ, 3.750 ലിറ്റർ വൈൻ, 47 ലിറ്റർ അരിഷ്ടം, 13 കഞ്ചാവ് ചെടി, 19.653 കിലോഗ്രാം കഞ്ചാവ്, 55.170 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 138.583 ഗ്രാം എംഡിഎംഎ, 4546.390 ഗ്രാം പുകയില ഉത്പന്നങ്ങൾ എന്നിവ പിടിച്ചെടുത്തു.
വിവിധ അബ്കാരി, മയക്കുമരുന്ന് കേസുകളിലായി 35 വാഹനങ്ങൾ പിടിച്ചെടുത്തു. രേഖകളില്ലാതെ കടത്തിയ 3,72,61,150 രൂപ പിടിച്ചെടുത്ത് തുടർ നടപടി സ്വീകരിച്ചതായും എക്സൈസ് വകുപ്പ് അധികൃതർ യോഗത്തിൽ അറിയിച്ചു. യോഗത്തിൽ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അധ്യക്ഷത വഹിച്ചു. മാനന്തവാടി, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മീനാക്ഷി രാമൻ, പ്രസന്ന ശശീന്ദ്രൻ, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ. സതീഷ് കുമാർ, ജില്ലാ വിമുക്തി മാനേജർ സജിത്ത് ചന്ദ്രൻ, ഗവ. പ്ലീഡർ എബി ചെറിയാൻ, ജില്ലാതല ഉദ്യോഗസ്ഥർ, ജനകീയ സമിതി അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.
District News
പുല്‍പ്പള്ളി: മികച്ച കാര്‍ഷിക പ്രവര്‍ത്തനത്തിന് പഞ്ചായത്തിന്റെ പുരസ്കാരം നേടിയ കൃപാലയ സ്പെഷല്‍ സ്കൂളിനെ ഗ്രാമ വികസന വേദിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. അധ്യാപകരെ ശിശുമല ഉണ്ണീശോ പള്ളി വികാരി ഫാ. സജി പുഞ്ചയില്‍ ഷാള്‍ അണിയിച്ചു.
വിദ്യാര്‍ഥികള്‍ക്ക് സ്വയം തൊഴില്‍ പരിശീലനവും കൃഷിയില്‍ പ്രായോഗിക പരിശീലനവും നല്കുന്ന സ്കൂള്‍ മാതൃകാ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. പി.ജെ. മാത്യു അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആന്‍ട്രീസ, സിസ്റ്റര്‍ ആന്‍സീന, സിസ്റ്റര്‍ മെര്ലിന്, കെ.ജെ. ജോര്‍ജ്, മിനി മാത്യു, ഷിനി ജയിംസ് എന്നിവര്‍ പ്രസംഗിച്ചു.
District News
പുല്‍പ്പള്ളി: ശിശുമല ഉണ്ണീശോ ഇടവകയിലെ മാതൃവേദി പ്രവര്‍ത്തകര്‍ വികാരി ഫാ. സജി പുഞ്ചയിലിന്റെ നേതൃത്വത്തില്‍ കൃപാലയ സ്പെഷല്‍ സ്കൂള്‍ സന്ദര്‍ശിച്ചു.
ഫിലോമിന കണിയാംകുടിയില്‍,ടെടി വേന്നംപടത്തില്, സിമി തറയില്‍, സിലി പാലമറ്റം, ജസി ആനിത്തോട്ടത്തില്‍, ബീന മുട്ടനോലില്‍, ഷീന ചോലിക്കര, ജാന്‍സി കാരക്കാട്ടില്‍ എന്നിവരടങ്ങുന്നതായിരുന്നു മാതൃവേദി സംഘം. ഇവരെ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആന്‍ട്രീസ, സിസ്റ്റര്‍ ആന്‍സീന,സിസ്റ്റര്‍ മെര്ലിന് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാലയത്തില്‍ അമ്മമാര്‍ പായസ വിതരണം നടത്തി.
District News
മാനന്തവാടി: വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ സഹകരണത്തോടെ ആദിവാസി വിഭാഗത്തില്‍പ്പെടുന്ന 100 കര്‍ഷകര്‍ക്ക് അടയ്ക്ക, കറുവപ്പട്ട തൈകള്‍ വിതരണം ചെയ്തു.
ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ ട്രൈബല്‍ സബ് പ്ലാനില്‍ ഉള്‍പ്പെടുത്തിയാണ് വിത്തുകള്‍ വിതരണം ചെയ്തത്. തിരുനെല്ലി പഞ്ചായത്തിലെ മുള്ളന്‍കൊല്ലി നീരുറവ സംരക്ഷണ പ്രദേശത്തു നടന്ന വിതരണ ഉദ്ഘാടനം വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ജോയിന്റ് ഡയറക്ടര്‍ ഫാ. ജോണി കുന്നത്ത് നിര്‍വഹിച്ചു. നൂല്‍പ്പുഴ പഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ജയ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എന്‍. ഉസ്മാന് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജോണി മുഖ്യപ്രഭാഷണം നടത്തി.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, വാര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ടീം അംഗങ്ങളായ ഒ.പി. ജയന, അഷ്ജാന്‍ സണ്ണി, കെ.സി. ബിജു, നീരജ സുരേന്ദന്, നിമിഷ മോന്‍സി എന്നിവര്‍ നേതൃത്വം നല്കി.
District News
മാനന്തവാടി: സ്വയംതൊഴില്‍ ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ക്ക് വായ്പയെടുക്കുന്ന സംരംഭകര്‍ക്ക് അവരുടെ സംരംഭകത്വം ഫലപ്രാപ്ത്തിയിലെത്തിക്കാന് നിയമപരമായ കാര്യങ്ങളിലും കൃത്യമായ കണക്കുകള്‍ സൂക്ഷിക്കുന്നതിലും മാര്‍ക്കറ്റിംഗ് ഉള്‍പ്പെടെയുള്ള മാനേജ്മെന്റ് വിഷയത്തിലും പരിശീലനം നല്‍കുന്നതിന് ഒരു ദിവസത്തെ സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു.
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പറേഷന് ഉപജില്ലാ ഓഫിസിന്റെ ആഭിമുഖ്യത്തില്‍ നാഷണല്‍ മൈനോരിറ്റീസ് ഡെവലപ്മെന്റ് ആന്‍ഡ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ (എന്‍എംഡിഎഫ്സി) സഹായത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മാനന്തവാടി വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഹാളില്‍ നടന്ന പരിപാടി വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജിനോജ് പാലത്തടത്തില്‍ ഉദ്ഘാടനം ചെയ്തു.
വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ പാലംപറമ്പില്‍ അധ്യക്ഷത വഹിച്ചു. കെഎസ്ബിസിഡിസി മാനന്തവാടി ഉപജില്ലാ മാനേജര്‍ ക്ലീറ്റസ് ഡിസില്‍വ, സീനിയര്‍ അസിസ്റ്റന്റ് യു. ദീപക്, വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പ്രോഗ്രാം ഓഫിസര്‍ പി.എ. ജോസ്, എച്ച് ആര് മാനേജര്‍ റോബിന് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. കെഎസ്ബിസിഡിസി മാനന്തവാടി പ്രോജക്ട് അസിസ്റ്റന്റ്/യൂണിറ്റ് മാനേജര്‍ പി.എസ്. പ്രശോഭ്, മാനന്തവാടി അസിസ്റ്റന്റ് ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് ഓഫിസര്‍ സി.ജെ. ജെയ്ന്‍, വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ പാലംപറമ്പില്‍ എന്നിവര്‍ പരിശീലന ക്ലാസുകള്‍ നയിച്ചു.
District News
പുല്‍പ്പള്ളി: മറുനാടന്‍ കര്‍ഷക സംഘടനയായ നാഷണല്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്റെ (എന്‍എഫ്പിഒ)ഓണാഘോഷവും കുടുംബസംഗമവും 24ന് മാനന്തവാടി അമ്പുകുത്തി സെന്റ് തോമസ് പാരീഷ് ഹാളില്‍ സംഘടിപ്പിക്കും.
രാവിലെ എട്ടിന് പരിപാടികള്‍ ആരംഭിക്കും. കര്‍ഷകര്‍ക്കായി പരമ്പരാഗത ഓണക്കളികള്‍, കലാകായിക മത്സരങ്ങള്‍, സാംസ്കാരിക ഘോഷയാത്ര, ഓണസദ്യ തുടങ്ങിയ വിവിധ പരിപാടികള്‍ അരങ്ങേറും.
ഓണാഘോഷത്തിന്റെ ഭാഗമായി നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന അംഗത്തിന് ഒന്നാം സമ്മാനമായി 25,000 രൂപ നല്‍കും. 15,000 രൂപ രണ്ടാം സമ്മാനമായും 10,000 രൂപ മൂന്നാം സമ്മാനമായും നല്‍കും. പരിപാടിയില്‍ ആദ്യവസാനംവരെ പങ്കെടുക്കുന്ന അഞ്ച് ദമ്പതികള്‍ക്ക് 5,000 രൂപ വീതം വിലവരുന്ന ഓണക്കോടികളും അഞ്ച് ദമ്പതികള്‍ക്ക് 1,000 രൂപ വീതവും നല്‍കുമെന്നും ചെയര്മാന് ഫിലിപ്പ് ജോര്‍ജ്, കണ്‍വീനര്‍ എസ്.എം. റസാഖ്, ഭാരവാഹികളായ വി.എല്‍. അജയ്കുമാര്‍, തോമസ് മിറര്‍, പി.കെ. ഷൈജു, ഇ.ജെ. സെബാസ്റ്റ്യന്‍, കെ.പി. ജോസ് എന്നിവര്‍ അറിയിച്ചു.
District News
പുല്‍പ്പള്ളി: വിജിലന്‍സ് വയനാട് യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കൈക്കൂലിക്കേസില്‍ പ്രതിക്ക് ഏഴ് വര്‍ഷം തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
പുല്‍പ്പള്ളി സിഐ ഓഫിസില്‍ എഎസ്ഐയായിരുന്ന അമ്പലവയല്‍ സ്വദേശി റെജി ജയിംസിനെയാണ് തലശേരി വിജിലന്‍സ് കോടതി ജഡ്ജ് കെ. രാമകൃഷ്ണന് ശിക്ഷിച്ചത്. 2016ലാണ് കേസിന് ആസ്പദമായ സംഭവം.
ഗൂഡല്ലൂര്‍ സ്വദേശിയാണ് വിജിലന്‍സിന് പരാതി നല്‍കിയത്. ഇദ്ദേഹത്തിന്റെ ബന്ധു പ്രതിയായി പുല്‍പ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ ഉള്‍പ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി 30,000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
ആദ്യഗഡുവായി പറഞ്ഞുറപ്പിച്ച തുക കൈപ്പറ്റുന്നതിനിടെയാണ് എഎസ്ഐ കുടുങ്ങിയത്. വിജിലന്‍സിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി. അനൂപ് ഹാജരായി.
District News
പുല്‍പ്പള്ളി: സാമൂഹിക ക്ഷേമ പെന്ഷന് ഗുണഭോക്താക്കള്‍ പാടിച്ചിറ വില്ലേജ് ഓഫിസ് പടിക്കല്‍ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു.
പെന്ഷന് വീടുകളില്‍ നേരിട്ട് എത്തിക്കുന്ന രീതി തുടരണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരിപാടി. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സി.പി. വിന്‍സന്റ് അധ്യക്ഷത വഹിച്ചു. സി.എസ്. ജനാര്ദനന്, പി.ടി. പ്രകാശ്, സണ്ണി ജോസഫ്, കെ.കെ. ഉണ്ണിക്കുട്ടന്, ബിനു ചങ്ങനാമഠത്തില്‍, ജിഷ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
മാനന്തവാടി: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡിജിറ്റല്‍ എക്സ്റേ സൗകര്യമാകുന്നു. നവകേരള സദസില്‍ അനുവദിച്ച 1.60 കോടി രൂപ ചെലവഴിച്ച് ഉത്തര കൊറിയയില്‍നിന്നു വാങ്ങിയ മെഷീന് ആശുപത്രിയില്‍ എത്തിച്ചു.
ഇത് സ്ഥാപിക്കുന്നതിനു നടപടികള്‍ പുരോഗമിക്കുകയാണെന്നും സെപ്റ്റംബര്‍ ആദ്യവാരത്തോടെ പ്രവര്‍ത്തനസജ്ജമാകുമെന്നും അധികൃതര്‍ അറിയിച്ചു. റേഡിയോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാക്കാന്‍ പുതിയ ഡിജിറ്റല്‍ സംവിധാനം സഹായിക്കും.
ഒരു മിനിറ്റുള്ളില്‍ എക്സ്റേ എടുക്കാന്‍ പുതിയ സംവിധാനത്തിലൂടെ ഒരു സാധിക്കും. ചികിത്സയ്ക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയെ ആശ്രയിക്കുന്ന സാധാരണക്കാരായ രോഗികള്‍ക്ക് ഇത് വലിയ ആശ്വാസമാകും.
District News
കോഴിക്കോട്: ‘ഓപ്പറേഷൻ തൂഫാൻ - ദി നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് റൂറൽ ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ റൂറൽ ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ലഹരി വിരുദ്ധ പോസ്റ്റർ രചനാമത്സരം സംഘടിപ്പിക്കുന്നു.
22ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ വടകര ബിഇഎം ഹൈസ്കൂളിലാണ് മത്സരം. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ രാവിലെ പത്തിന് മുമ്പായി എത്തണം. മത്സരത്തിനാവശ്യമായ ചാർട്ടുകൾ സംഘാടകർ നൽകും. പോസ്റ്റർ രചനയ്ക്ക് ആവശ്യമായ മറ്റ് സാമഗ്രികൾ വിദ്യാർഥികൾ കൊണ്ടുവരണം. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അതത് സ്കൂളുകളിലേക്ക് അയച്ചുനൽകിയ ഗൂഗിൾ ഷീറ്റ് മുഖേന പേര് രജിസ്റ്റർ ചെയ്യാം.
ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി 31ന് വടകര ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന ‘സീനിയർ സിറ്റിസൺ മീറ്റിംഗ് ആൻഡ് തൂഫാൻ കെയർ ഡിക്ലറേഷൻ’ പരിപാടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഈ പരിപാടിയുടെ ഭാഗമായാണ് ലഹരി വിരുദ്ധ പോസ്റ്റർ രചനാമത്സരം സംഘടിപ്പിക്കുന്നത്. ലഹരിക്കെതിരായ ബോധവത്കരണം ശക്തിപ്പെടുത്തുകയും വിദ്യാർഥികളുടെ സർഗാത്മക പങ്കാളിത്തത്തിലൂടെ ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിലെത്തിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
District News
കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ വികസനത്തിനും ചികിത്സാ സൗകര്യങ്ങള്‍ അത്യാധുനികവല്ക്കരിക്കുന്നതിനുമായി 5.13 കോടി രൂപയുടെ പദ്ധതികള്‍ക്ക് സര്‍ക്കാരിന്റെ ഭരണാനുമതി ലഭിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ എസ്എഎസ് സിഐ (സ്പെഷല്‍ അസിസ്റ്റന്‍സ് ടു സ്റ്റേറ്റ്സ് ഫോര്‍ കാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ്) പദ്ധതിയിലൂടെ അനുവദിച്ച അഞ്ചു കോടി രൂപ വിനിയോഗിച്ച് അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനും ആശുപത്രി വികസന സമിതി ഫണ്ടില്‍ നിന്ന് 13 ലക്ഷം രൂപ ചെലവഴിച്ച് ന്യൂക്ലിയര്‍ മെഡിസിന് വിഭാഗത്തില്‍ പുതിയ റേഡിയോ തെറാപ്പി സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമാണ് അനുമതി.
ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്റ് ഐസിയുവും ഓപ്പറേറ്റിംഗ് മൈക്രോസ്കോപ്പും
എസ്എ എസ് സിഐ പദ്ധതി പ്രകാരം മെഡിക്കല്‍ കോളജിലെ ഹൃദ്രോഗ ചികിത്സാ വിഭാഗത്തിനും പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിനുമായാണ് അഞ്ചുകോടി രൂപയുടെ ഉപകരണങ്ങള്‍ വാങ്ങുന്നത്. ഇതിന്റെ ആദ്യഗഡുവായ 3.3 കോടി രൂപ സര്‍ക്കാര്‍ ഇതിനകം അനുവദിച്ചിട്ടുണ്ട്.
ഉപകരണങ്ങള്‍ ഇ-ടെന്‍ഡര്‍ വഴി സമയബന്ധിതമായി വാങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കി.
ന്യൂക്ലിയര്‍ മെഡിസിന് വിഭാഗത്തിന് പുതിയ ഡിലേ ടാങ്കുകള്‍
കേരളത്തിലെ സര്‍ക്കാര്‍ മേഖലയില്‍ ഹൈഡോസ് റേഡിയോ ഐസോടോപ്പ് തെറാപ്പി സൗകര്യമുള്ള ഏക കേന്ദ്രമാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ന്യൂക്ലിയര്‍ മെഡിസിന് വിഭാഗം.
റേഡിയോ അയോഡിന്‍ തെറാപ്പി സ്ഥിരമായി നടന്നു വരുന്ന ഇവിടെ നിലവിലുള്ള ഡിലേ ടാങ്കിന് 30 വര്‍ഷത്തിലധികം പഴക്കമുണ്ട്.
ഈ വിഭാഗത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അടിയന്തരമായി 6000 ലിറ്റര്‍ ശേഷിയുള്ള രണ്ടു പുതിയ ഡിലേ ടാങ്കുകള്‍ നിര്‍മിക്കാന്‍ പൊതുമരാമത്ത് വകുപ്പ് സമര്‍പ്പിച്ച 13 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിനാണ് ഭരണാനുമതിയായത്.
ഈ തുക ആശുപത്രി വികസന സമിതി ഫണ്ടില്‍ നിന്ന് വിനിയോഗിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഉത്തരവിറക്കി
District News
കോഴിക്കോട്: കല്‍പ്പറ്റയില്‍ പുതിയ മൈജി ഫ്യൂച്ചര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. ഡിജിറ്റല്‍ ഗാഡ്ജറ്റ്സിനൊപ്പം ഹോം ആൻഡ് കിച്ചണ്‍ അപ്ലയന്‍സസും ലഭിക്കുന്ന ഈ ഫ്യൂച്ചര്‍ ഷോറൂം പ്രശസ്ത സിനിമാതാരം മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്തു. ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഫ്യൂച്ചര്‍ ഷോറൂമില്‍, ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവുമാണ് ഉപഭോക്താവിനെ കാത്തിരിക്കുന്നത്. കല്‍പ്പറ്റ മൈജി ഷോറൂമിന് ലഭിച്ച മികച്ച ജനപിന്തുണയാണ് ഇങ്ങനെ ഒരു ഫ്യൂച്ചര്‍ ഷോറൂം തുറക്കാന്‍ പ്രചോദനമായത്. ഉദ്ഘാടനത്തോടൊപ്പം മൈജി ഓണം മാസ് ഓണം സീസണ്-നാലിന്റെ മൂന്നാമത്തെ നറുക്കെടുപ്പും നടന്നു.
ഉദ്ഘാടന ദിനത്തില്‍ ലാഭം ഈടാക്കാതെയുള്ള വില്പനയാണ് മൈജി കല്പ്പറ്റയ്ക്ക് സമ്മാനിച്ചത്.
വമ്പന്‍ ഉദ്ഘാടന ദിന ഓഫറുകള്‍ക്കൊപ്പം മൈജി ഓണം മാസ് ഓണം സീസണ് നാല് സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരവും ഷോറൂമില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു. ബമ്പര്‍ സമ്മാനം ബിഎംഡബ്ള്യു കാര്‍, ലക്കി ഡ്രോയിലൂടെ 20 കാര്‍, 25 സ്കൂട്ടര്‍, 1 ലക്ഷം രൂപ വീതം 100 പേര്‍ക്ക് കാഷ് പ്രൈസ്, 50 പേര്‍ക്ക് ഇന്റര്‍നാഷണല്‍ ട്രിപ്പ് ഇതിന് പുറമെ ഉറപ്പായ സ്ക്രാച്ച് ആൻഡ് വിന് സമ്മാനങ്ങള്‍ ഉള്‍പ്പെടെ ആകെ 30 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമാണ് മൈജി ഓണം ഓഫറിലൂടെ നല്‍കുന്നത്. റിലയന്‍സ് പമ്പിന് സമീപം കൈനാട്ടി ജംഗ്ഷനിലാണ് ഷോറൂം.
District News
നടുവണ്ണൂർ: ലോക കൊതുക് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വി.ടി. സൂരജ് എംഎല്‍എ നിര്‍വഹിച്ചു. നടുവണ്ണൂര്‍ ഗ്രീന്‍ പരൈസോ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി അധ്യക്ഷയായി. അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസറും ജില്ലാ സര്‍വൈലന്‍സ് ഓഫീസറുമായ ഡോ. വി.പി. രാജേഷ് മുഖ്യ പ്രഭാഷണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സാജിറ അനസ്, പഞ്ചായത്ത് അംഗങ്ങളായ ജസ്റ മാവോളി, കൃഷ്ണദാസ് പീഠത്തില്‍, എ.പി ഷാജി മാസ്റ്റര്‍, മുഹമ്മദലി ചാത്തോത്ത്, സൗദ, ദില്‍ഷ മക്കാട്ട്, നടുവണ്ണൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സി.എം. ചിത്ര മുകുന്ദന്, ഉള്ളിയേരി സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോര്‍ജ് വിന്‍സന്റ്, ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്ട്രോള് ഓഫീസര്‍ കെ.പി. റിയാസ്, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഡോ. എല്‍. ഭവില, ഉള്ളിയേരി സാമൂഹികാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ആശ-കുടുംബശ്രീ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പരിപാടിയോടനുബന്ധിച്ച് ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റ്, സോണല്‍ എന്റമോളജി യൂണിറ്റ് എന്നിവയുടെ നേതൃത്വത്തില്‍ എന്റമോളജി പ്രദര്‍ശനം, ആശമാരുടെ ലഘുനാടകം, വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റര്‍ രചന മത്സരം, പ്രശ്നോത്തരി എന്നിവയും സംഘടിപ്പിച്ചു.
District News
പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്തിലെ വട്ടക്കയത്ത് കാട്ടാന തെങ്ങും രണ്ട് ഇലക്ട്രിക് പോസ്റ്റും, ലൈനും തകർത്തു. പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിനടുത്താണ് സംഭവം. വനത്തിൽ നിന്ന് ഓനിപ്പുഴ കടന്നാണ് കാട്ടാനകൾ കൃഷിയിടത്തിലെത്തുന്നത്.
പ്രതിരോധിക്കാൻ സ്ഥാപിച്ച സോളാർ തൂക്കു വേലിയും ആനകൾക്ക് പ്രശ്നമല്ലാതായ സ്ഥിതിയിലാണ്.
District News
മുക്കം: നവീകരണ ശേഷം അപകടങ്ങൾ തുടർക്കഥയായ എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. നോർത്ത് കാരശേരി മാടാമ്പുറം വളവിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു.
ഇന്നലെ രാവിലെ 11ഓടെയാണ് അപകടം. രണ്ട് ഓട്ടോറിക്ഷകൾ, ഒരു കാർ, ഒരു മിനി ഗുഡ്സ് ഓട്ടോ എന്നിവയാണ് അപകടത്തിൽപ്പെട്ടത്. മുക്കത്തു നിന്ന് അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന രണ്ട് വാഹനങ്ങളും അരീക്കോട് ഭാഗത്തുനിന്ന് മുക്കത്തേക്ക് വരികയായിരുന്ന രണ്ട് വാഹനങ്ങളുമാണ് പരസ്പരം കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ നാലുപേരെയും ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിലും മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ കുറച്ചു സമയം ഗതാഗതം തടസപ്പെട്ടു.
പോലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു. അപകടങ്ങൾ കുറക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കുകയും റോഡ് അറ്റകുറ്റപണികളുടെ ഭാഗമായി മാഞ്ഞ് പോവുകയും ചെയ്ത റമ്പിൾ സ്ട്രിപ്പുകൾ പുനഃസ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണമാകുന്നതെന്നാണ് പറയുന്നത്.
ഒരു വർഷത്തിനിടെ ചെറുതും വലുതുമായ നാന്നൂറിലധികം അപകടങ്ങൾ നടന്ന സാഹചര്യത്തിലാണ് മാടാമ്പുറം വളവിൽ വിവിധ സ്ഥലങ്ങളിലായി റമ്പിൾസ്ട്രിപ്പുകൾ സ്ഥാപിച്ചിരുന്നത്. തുടർന്ന് ഈ മേഖലയിൽ കാര്യമായ അപകടങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ സംസ്ഥാന പാത പൊളിയുകയും സി.കെ. കാസിം എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് അറ്റകുറ്റപണി നടത്തുകയും ചെയ്തങ്കിലും ഇവിടെ മാഞ്ഞു പോയ റമ്പിൾസ്ട്രിപ്പുകൾ പുനഃസ്ഥാപിച്ചിട്ടില്ല.
District News
പെരുവണ്ണാമൂഴി: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസും ബാലുശേരി എക്സൈസ് റേഞ്ച് ഓഫീസും സംയുക്തമായി ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് സീതപ്പാറയിൽ നടത്തിയ പരിശോധനയിൽ 200 ലിറ്റർ വാഷ് പിടികൂടി.
മുതുകാട് അംബേദ്കർ ഊരിലേക്ക് പോകുന്ന റോഡിന് സമീപത്തു നിന്നാണ് വാഷ് കണ്ടെത്തിയത്. 100 ലിറ്റർ വീതം ശേഷിയുള്ള രണ്ട് പ്ലാസ്റ്റിക് ബാരലുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു വാഷ്. ഉടമസ്ഥനെ കണ്ടെത്താനായില്ല. ബാലുശേരി എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ. ഷൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഷ് കണ്ടെത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനൂപ് കുമാർ, എസ്.ജെ. ലിനീഷ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിനുരാജ്, പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സജു, ബി.എഫ്.എ. ബാലൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ ആരംഭിച്ചു.
District News
കോഴിക്കോട്: പുതിയാപ്പ തീരദേശ പാതയിലെ ഭട്ട് റോഡില്‍ ഗവ. ആയുര്‍വേദ കോളജിന് സമീപം മീന്‍ കയറ്റിവന്ന ലോറി മറിഞ്ഞ് അപകടം.
ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. കണ്ണൂര്‍ പഴയങ്ങാടിയിലേക്ക് ഐസ് കയറ്റാന്‍ പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. റോഡില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റ് വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുന്നതിനിടെ ഡിവൈഡറില്‍ തട്ടിയാണ് ലോറി തലകീഴായി മറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന മീന്‍ പെട്ടികളും ഐസുകളും റോഡിലേക്ക് ചിതറിവീണു.
ഉടന്‍തന്നെ നാട്ടുകാരും യാത്രക്കാരും പൊലിസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി ഗതാഗതം പുനസ്ഥാപിച്ചു.
District News
കോഴിക്കോട്: സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, ഡിടിപിസി കോഴിക്കോട്, കോഴിക്കോട് ജില്ലാ ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി 22 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
24ന് വൈകീട്ട് ആറിന് കോഴിക്കോട് ബീച്ചിലെ പ്രധാന വേദിയില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദീഖ് മുഖ്യാതിഥിയാകും. കോഴിക്കോട് നഗരത്തില്‍ കോഴിക്കോട് ബീച്ച് (ഓഗസ്റ്റ് 24-30), ടൗണ്‍ ഹാള്‍ (ഓഗസ്റ്റ് 25-29), ബട്ട് റോഡ് (ഓഗസ്റ്റ് 25-29), മാനാഞ്ചിറ (ഓഗസ്റ്റ് 25-27) കുറ്റിച്ചിറ (ഓഗസ്റ്റ് 25-27), തളി (ഓഗസ്റ്റ് 25-27) എന്നീ കേന്ദ്രങ്ങളാണ് വേദിയാവുക. നഗരത്തിന് പുറത്ത് 25ന് കോരപ്പുഴയില്‍ ജലോത്സവം, 26ന് അകലാപ്പുഴ, 27ന് കാപ്പാട്, 29ന് ഉള്ളൂര്‍ കടവ് എന്നിവിടങ്ങളില്‍ കയാക്കിംഗ് ഫെസ്റ്റ് ഉള്‍പ്പെടെയുള്ള പരിപാടികളും നടക്കും. ഓണാഘോഷ വിളംബര ഘോഷയാത്ര 23ന് വൈകീട്ട് മൂന്നിന് കോഴിക്കോട് സൗത്ത് ബീച്ച് മുതല്‍ ഫ്രീഡം സ്ക്വയര്‍ വരെ നടക്കും.
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള "തദ്ദേശ പൂക്കള മത്സരം 2026' ആണ് ഓണാഘോഷത്തിന്റെ പ്രധാന ആകര്‍ഷണം. പഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോഴിക്കോട് കോര്പറേഷന് എന്നിവയുടെ 11 ക്ലസ്റ്ററുകളിലായി 91 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. ഓരോ തദ്ദേശ സ്ഥാപനങ്ങളും അവരുടെ ആസ്ഥാനത്താണ് പൂക്കളങ്ങള്‍ ഒരുക്കുക. മത്സര വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളാണ് നല്‍കുന്നത്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം ഒരു ലക്ഷം രൂപ, 50000 രൂപ, 25000 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും. വിവിധ കാറ്റഗറികളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന ടീമുകള്‍ക്ക് പ്രത്യേക ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കും.
ജില്ലയുടെ സാംസ്കാരിക തനിമയും കലാപെരുമയുമെല്ലാം കോര്‍ത്തിണക്കിയാണ് ഇത്തവണത്തെ ഓണാഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. പ്രധാന വേദിയായ കോഴിക്കോട് ബീച്ചില്‍ 24ന് തൈക്കൂടം ബാന്‍ഡിന്റെ സംഗീത പരിപാടി അരങ്ങേറും. 25ന് നര്‍ത്തകിയും നടിയുമായ ലക്ഷ്മി ഗോപാലസ്വാമിയും സംഘവും ഒരുക്കുന്ന നൃത്തപരിപാടി, ഹരീഷ് കണാരനും നിര്‍മല്‍ പാലാഴിയും അവതരിപ്പിക്കുന്ന കോമഡി ഷോ, 26ന് നരേഷ് അയ്യരുടെയും സംഘത്തിന്റെയും സംഗീത പരിപാടി, ധ്വനിതരംഗ് കൊച്ചിയുടെ ഡാന്‍സ് പ്രോഗ്രാം, 27ന് ഹരിശങ്കര്‍ ആന്‍ഡ് പാര്‍ട്ടിയുടെ ഗാനമേള, ബിജുല ബാലകൃഷ്ണന്റെ കുച്ചിപ്പുടി എന്നിവ അരങ്ങുണര്‍ത്തും. 28ന് കേരള സര്‍ക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററും ചേര്‍ന്നൊരുക്കുന്ന പഞ്ചാബ്, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, തമിഴ്നാട് സംസ്ഥാനങ്ങളിലെ കലാരൂപങ്ങള്‍ കോര്‍ത്തിണക്കിയുള്ള 'ഇന്ത്യന്‍ വസന്തോത്സവം 2026' പരിപാടി അരങ്ങേറും. തുടര്‍ന്ന് ഷഹബാസ് അമന്റെ ഗസല്‍ നൈറ്റും ഉണ്ടാകും. 29ന് മധു ബാലകൃഷ്ണന് അവതരിപ്പിക്കുന്ന ഗാനമേളയും സൗഷ്ഠവ അവതരിപ്പിക്കുന്ന നൃത്തപരിപാടിയും അരങ്ങേറും.
30ന് സമാപന സമ്മേളനം മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സ്റ്റീഫന്‍ ദേവസിയുടെ സംഗീതപരിപാടിയുണ്ടാകും.
25 മുതല്‍ 29 വരെ ഭട്ട് റോഡ് ബീച്ചില്‍ സൂഫി ഡാന്‍സ്, ഗാനമേള, നൃത്തപരിപാടികള്‍ എന്നിവയും ടൗണ്‍ ഹാളില്‍ നാടകവും അരങ്ങേറും. 25 മുതല്‍ 27 വരെ മാനാഞ്ചിറയില്‍ നാടന്‍ കലകള്‍, കുറ്റിച്ചിറയില്‍ ഗസല്‍, കോല്‍ക്കളി, വനിതാ ഗാനമേള, തളിയില്‍ ക്ലാസിക്കല്‍ ഡാന്‍സ്, മ്യൂസിക് എന്നിവയും വേദിയുണര്‍ത്തും. വിനോദസഞ്ചാരവകുപ്പ് അനുവദിച്ച 40 ലക്ഷം രൂപക്ക് പുറമെ വിവിധ വ്യാപാര സ്ഥാപങ്ങളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ എംഎല്‍എമാരായ അഡ്വ. കെ. ജയന്ത്, അഡ്വ. ഫൈസല്‍ ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍, ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രദീപ് ചന്ദ്രന്, പ്രോഗ്രാം കോഓഡിനേറ്റര്‍ അഡ്വ. നിയാസ്, ഫൈനാന്‍സ് കണ്‍വീനര്‍ സുബ്രഹ്മണ്യന് തുടങ്ങിയവര്‍ പങ്കെടുത്തു.
ഓണച്ചന്തകള്‍ സംഘടിപ്പിക്കും
ഓണാഘോഷത്തോടനുബന്ധിച്ച് ക്ഷീര വികസന വകുപ്പും കോഴിക്കോട് ജില്ലയിലെ ക്ഷീര സംഘങ്ങളും ചേര്‍ന്ന് 21, 22 തീയതികളില്‍ വിവിധ ക്ഷീര സംഘങ്ങളില്‍ ഓണച്ചന്തകള്‍ സംഘടിപ്പിക്കും. ക്ഷീരകര്‍ഷകര്‍ ഉത്പാദിപ്പിച്ച പാലും പാലുല്പന്നങ്ങളും മറ്റു ജൈവ കാര്‍ഷിക ഉല്പന്നങ്ങളും കോഴിമുട്ടയും പച്ചക്കറികളുമെല്ലാം ചന്തകളില്‍ ലഭ്യമാക്കും. ജൈവ പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് വിപണി ലഭ്യമാക്കുകയും ഓണാഘോഷത്തിന് പൊതുജനങ്ങള്‍ക്ക് മികച്ച ഉല്പന്നങ്ങള് ലഭ്യമാക്കുകയുമാണ് ഓണച്ചന്തയിലൂടെ ലക്ഷ്യമിടുന്നത്.
ഹരിത സന്ദേശ യാത്രക്ക് തുടക്കം
ഓണാഘോഷങ്ങള്‍ ഹരിതചട്ടം പാലിച്ച് നടത്തുന്നതിനുള്ള സന്ദേശവുമായി ജില്ലാ ശുചിത്വ മിഷന് സംഘടിപ്പിക്കുന്ന "മാവേലി വൃത്തിയുടെ ചക്രവര്‍ത്തി' ഹരിത സന്ദേശ യാത്രക്ക് തുടക്കമായി.
നടുവണ്ണൂര്‍ ഗ്രീന്‍ പരാസിയോ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വി.ടി. സൂരജ് എംഎല്‍എ ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു. നടുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി, വാര്‍ഡ് അംഗം സി.പി. ഷാജി, ശുചിത്വ മിഷന് അസിസ്റ്റന്റ് കോഓഡിനേറ്റര്‍ സി.കെ. സരിത്ത്, ജില്ലാ റിസോഴ്സ് പേഴ്സണ്‍ കെ.പി. രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
മൂന്ന് ദിവസം നീളുന്ന സന്ദേശ യാത്ര ജില്ലയിലെ കോളജുകള്‍, സ്കൂളുകള്‍, ഓണം വിപണന മേളകള്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. ഓണാഘോഷങ്ങള്‍ പരിസ്ഥിതി സൗഹൃദമായി സംഘടിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളും ഹരിതചട്ടത്തിന്റെ പ്രാധാന്യവും യാത്രയിലൂടെ ജനങ്ങളിലെത്തിക്കും. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം ഒഴിവാക്കുക, പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ പ്രോത്സാഹിപ്പിക്കുക, ഭക്ഷണ വിതരണത്തിന് സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും ഉപയോഗിക്കുക, ആഘോഷ വേദികളില്‍ മാലിന്യസംസ്കരണത്തിന് ശാസ്ത്രീയ സംവിധാനം ഒരുക്കുക തുടങ്ങിയ സന്ദേശങ്ങളാണ് യാത്രയിലൂടെ നല്‍കുന്നത്.
പൂക്കള മത്സരം: പ്രമോഷന് തീം ബാനര്‍ പ്രകാശനം
കോഴിക്കോട് ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന തദ്ദേശ പൂക്കള മത്സരത്തിന്റെ പ്രമോഷന് തീം ബാനര്‍ ജില്ലാതല ടീം ലീഡര്‍മാരുടെ യോഗത്തില്‍ അസിസ്റ്റന്റ് കളക്ടര്‍ മാളവിക ജി. നായര്‍ പ്രകാശനം ചെയ്തു.
കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം അസിസ്റ്റന്റ് കളക്ടര്‍ മാളവിക ജി. നായര്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എന്‍.കെ. ഹരീഷ് അധ്യക്ഷനായി. പൂക്കള മത്സരം സംഘാടക സമിതി ചെയര്മാന് യു.വി. ദിനേശ് മണി മത്സരത്തിന്റെ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ അനില്‍കുമാര്‍ നൊച്ചിയില്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് വനിത എംപവര്‍മന്റ് ഓഫീസര്‍ കെ. രജിത, ഡിടിപിസി പ്രതിനിധി നിഖില്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
കോഴിക്കോട്: ഓണസദ്യയില്ലാതെ മലയാളിക്ക് എന്ത് ഓണാഘോഷം. മുമ്പ് വീട്ടില്‍ തന്നെ സദ്യവട്ടങ്ങളൊരുക്കി ഓണമാഘോഷിച്ചിരുന്ന മലയാളികള്‍ ഇന്ന് ഹോട്ടലുകളില്‍ നിന്ന് സദ്യ പാഴ്സലായി വാങ്ങി കഴിച്ചു തുടങ്ങി.
പണം കൊടുത്താലും കുഴപ്പമില്ല മറ്റ് ഓണാഘോഷങ്ങള്‍ക്ക് ടെന്‍ഷനില്ലാതെ പങ്കെടുക്കാമെന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. കോഴിക്കോട് നഗരത്തിലെ ഒട്ടുമിക്ക പ്രമുഖ ഹോട്ടലുകളിലും ഓണസദ്യയ്ക്കുള്ള പ്രീഓഡര് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. 15 മുതല്‍ 30 വിഭവങ്ങള്‍ അടങ്ങിയ വള്ളുവനാടന്‍ സദ്യ വരെ തയ്യാറാക്കിയാണ് ഹോട്ടലുകള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. വിഭവങ്ങളുടെ എണ്ണത്തിന് അനുസരിച്ച് വിലയിലും വ്യത്യാസമുണ്ട്. 300 രൂപ മുതല്‍ 570 രൂപ വരെ ഈടാക്കുന്ന ഹോട്ടലുകളുണ്ട്. അഞ്ച് പേരടങ്ങുന്ന ഫാമിലി പാക്കിന് 1500 രൂപ മുതല്‍ 2700 രൂപ വരെയാണ് വില.
പാഴ്സല്‍ നല്‍കുന്നതിന് ചെലവ് വര്‍ധിച്ചതായും അതിനാല്‍ മുന്‍വര്‍ഷങ്ങളിലേതു പോലെ ഓണസദ്യ ഇക്കുറി പാഴ്സലായി നല്‍കുന്നില്ലെന്നും നഗരത്തിലെ ചില ഹോട്ടലുടമകള്‍ പറഞ്ഞു.
അതേസമയം, പാഴ്സലൊഴിവാക്കി ഹോട്ടലില്‍ നേരിട്ടെത്തി സദ്യ കഴിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ഇവര്‍ തുടങ്ങിയിട്ടുണ്ട്. ഇതിനുള്ള സീറ്റ് ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. സദ്യയൊരുക്കാനുള്ള സാധനങ്ങള്‍ക്ക് വില വര്‍ധനവുണ്ടായെങ്കിലും സദ്യയ്ക്ക് ആനുപാതികമായി വില വര്‍ധിപ്പിച്ചിട്ടില്ലെന്ന് ഹോട്ടലുടമകള്‍ പറഞ്ഞു. മികച്ച ഗുണമേന്മയിലാണ് എല്ലാ ഐറ്റവും നല്‍കുന്നതെന്നും അവര്‍ കൂട്ടിച്ചേർത്തു.
സദ്യ ഒരുക്കാന്‍ ചെലവേറി
കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കുറി സദ്യയ്ക്ക് ചെലവേറുമെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്. പാചകവാതകം മുതല്‍ സദ്യയൊരുക്കാനുള്ള പച്ചക്കറികള്‍ക്ക് വരെ വില വളരെയധികം വര്‍ധിച്ചു. പായസത്തിലെ പ്രധാന ചേരുവയായ പഞ്ചസാരയ്ക്ക് കിലോയ്ക്ക് 10 രൂപയോളമാണ് വര്‍ധിച്ചത്. അരി വിലയിലും പത്ത് രൂപയോളം വര്‍ധനവുണ്ടായിട്ടുണ്ട്. സദ്യ വിളമ്പുന്ന ഇലയ്ക്കും ഇരട്ടി വിലയായി. സവാള, കാരറ്റ് തുടങ്ങിയവയ്ക്ക് വില കത്തിക്കയറി. ഇതെല്ലാം സദ്യ തയ്യാറാക്കാനുള്ള ചെലവിനെ ബാധിച്ചിട്ടുണ്ട്.
ഈ വര്‍ഷം സദ്യയ്ക്കുള്ള പ്രീബുക്കിംഗ് കുറഞ്ഞിട്ടുണ്ട്. സ്ഥാപനങ്ങളും സ്കൂളുകളും മറ്റും വാങ്ങുന്ന സദ്യയുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറച്ചിട്ടുണ്ട്. ചുരുങ്ങിയ ആളുകളെ പങ്കെടുപ്പിച്ച് സദ്യ നല്‍കുകയാണ് അവര്‍. യുദ്ധവും വിലക്കയറ്റവുമാണ് കാരണം. മികച്ച ഗുണമേന്മയില് സദ്യയൊരുക്കി നല്കുമ്പോള് വലിയ തുക ചെലവ് വരും, കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റൊറന്റ് അസോസിയേഷന് കോഴിക്കോട് ജില്ലാ കമ്മിറ്റി സെക്രട്ടറി ടി.വി. സാദിഖ് പറഞ്ഞു.
തിരക്കേറിയ തിരുവോണ ദിവസം ഹോട്ടലുകളിലും കാറ്ററിംഗ് കേന്ദ്രങ്ങളിലും നേരിട്ടെത്തി ഓണസദ്യ വാങ്ങുന്ന രീതിയാണുള്ളത്. അതേസമയം, മറ്റ് ദിവസങ്ങളില്‍ ഹോം ഡെലിവറിയുണ്ടാകുമെന്ന് ഹോട്ടലുടമകള്‍ അറിയിച്ചു.
District News
ബാലുശേരി: ഓണത്തോടനുബന്ധിച്ച് അത്തം മുതൽ പത്ത് ദിവസം പൂക്കളമിടുന്ന പതിവാണ് മലയാളികൾക്കുള്ളത്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്ഥമായി വർഷത്തിൽ 365 ദിവസവും പൂക്കളമിടുന്ന ഇല്ലം ഇവിടെയുണ്ട്. നടുവണ്ണൂരിലെ നന്ദാനശേരി ഇല്ലത്താണ് എല്ലാ ദിവസവും പൂക്കളിടുന്നത്.
ദിവസവും തൊടിയിൽനിന്ന് കിട്ടുന്ന നാടൻപൂക്കളുപയോഗിച്ചാണ് ഇവിടെ പൂക്കളമൊരുക്കുന്നത്. തലമുറകളായി ഇല്ലത്തെ ഭഗവതിക്ക് മുന്നിൽ പൂക്കളിടുന്ന പതിവ് ഇപ്പോഴും തുടരുകയാണ് ഈ കുടുംബം.
രാവിലെ പൂക്കളം തീർത്തതിനുശേഷമാണ് ഇവിടെ മറ്റു ദിനചര്യകൾ ആരംഭിക്കുന്നത്. സാധാരണയായി കുടുംബത്തിലെ സ്ത്രീകളും കുട്ടികളുമാണ് പൂക്കളമിടുന്നത്. ആദ്യം ഭഗവതിക്ക് മുന്നിൽ മാത്രമായിരുന്നു പൂക്കളം തീർത്തിരുന്നതെങ്കിൽ ഇപ്പോൾ വീട്ടുമുറ്റത്തും പൂക്കളമിടാറുണ്ട്.
സാധാരണയായി ദശപുഷ്പങ്ങളാണ് ഉപയോഗിക്കുക. ദശപുഷ്പങ്ങൾ ലഭിക്കാത്ത സമയങ്ങളിൽ ലഭിക്കുന്ന പൂക്കൾ വച്ച് പൂക്കളം തീർക്കും. ചില ദിവസങ്ങളിൽ പത്തിനം പൂക്കൾ വരെ ഇല്ലത്തെ മുറ്റത്ത് സ്ഥാനം പിടിക്കാറുണ്ട്. ഓണത്തോടനുബന്ധിച്ച് കുറച്ചുകൂടി വലിയ പൂക്കളമാണ് ഇല്ലത്ത് ഇടാറുള്ളത്. അതിനായി പൂക്കൾ കടകളിൽ നിന്ന് വാങ്ങാറുമുണ്ട്. പൂക്കളമിടുന്നത് പതിവാണെങ്കിലും ഓണാഘോത്തിന്റെ ആവേശത്തിലാണ് ഇല്ലത്തുള്ളവർ.
District News
എടപ്പാള്‍: കേരളത്തില്‍ എടപ്പാളിന് മാത്രം സ്വന്തമായ പൂരാട വാണിഭത്തിന് കാഴ്ചക്കുലകളും ദീപക്കാഴ്ചകളുമായി വര്‍ണാഭമായ തുടക്കം. പ്രാദേശിക തനിമയും ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായ എടപ്പാള്‍ പൂരാടവാണിഭം 25 വരെ നീണ്ടുനില്‍ക്കും.
എടപ്പാള്‍ ഗ്രാമപഞ്ചായത്ത്, വ്യാപാരികള്‍, വിവിധ ക്ലബ്ബുകള്‍ എന്നിവരുടെ നേതൃത്വത്തില്‍ അത്തം ദിനത്തില്‍ ആരംഭിച്ച വിപുലമായ ആഘോഷങ്ങള്‍ ഉത്രാട ദിനം വരെയാണ്. പഞ്ചായത്ത് ഓഫീസിന് മുന്നിലൊരുക്കിയ കൂറ്റന്‍ പൂക്കളത്തോടെയാണ് ആഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞത്.
ആദ്യകാലത്തെ ബാര്‍ട്ടര്‍ സമ്പ്രദായത്തില്‍ നിന്ന് മാറിയെങ്കിലും പാരമ്പര്യ കര്‍ഷക വിഭവങ്ങളുടെ സാന്നിധ്യമാണ് പൂരാടവാണിഭത്തിന്റെ പ്രധാന സവിശേഷത. കാഴ്ചക്കുലകളുടെ ലേലമാണ് മേളയുടെ പ്രധാന ആകര്‍ഷണം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കര്‍ഷക ദിനാചരണം, കലാപരിപാടികള്‍, പൂക്കളമത്സരം, ദീപാലങ്കാരം, ഓണചന്ത, വര്‍ണ്ണാഭമായ ഘോഷയാത്ര എന്നിവ നടക്കും.
പൂരാട ദിനത്തില്‍ സാംസ്കാരിക സമ്മേളനം, കളരിപ്പയറ്റ്, ഹാസ്യസഭ, ഗാനമേള എന്നിവയും പരസ്യ കലാവേദി ഒരുക്കുന്ന കൂറ്റന്‍ കാഴ്ചക്കുലയും തുമ്പിയും പൂവട്ടിയും വേദിയില്‍ വിസ്മയമൊരുക്കും.
സാംസ്കാരിക സമ്മേളനം മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യും. വി.എസ്. ജോയ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്. ഗായത്രി, എടപ്പാള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. സിന്ധു തുടങ്ങിയ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. പഴമയുടെ ഓര്മ പുതുക്കി 25-ന് ഓണചന്തയോടെയാണ് വാണിഭം സമാപിക്കുക.
District News
ടക്കര: വഴിക്കടവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡല്‍ സിഡിഎസ് ഓണചന്തയ്ക്ക് തുടക്കം. രണ്ടിടങ്ങളിലായി നടക്കുന്ന ചന്ത ആറ് ദിവസം നീണ്ടുനില്‍ക്കും. വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് റംലത്ത് നെയ്തക്കോടന്‍ ഉദ്ഘാടനം ചെയ്തു.
സിഡിഎസ് പ്രസിഡന്റ്് എലിസബത്ത് മാത്യു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ഉഷ മേല്‍മറ്റം ആദ്യവില്പന നിര്‍വഹിച്ചു. പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ സക്കീന അഷറഫ്, കൃഷി ഓഫീസര്‍ നിഥിന്, പഞ്ചായത്തംഗങ്ങളായ അബ്ബാസ്, മുഹമ്മദ് ആലങ്ങാടന്‍, ഫൗസിയ മാങ്കായി, ഗോപി, ശ്രുതി, പ്രസീന ഷാഹിമ, അന്നമ്മ, സിഡിഎസ് അംഗങ്ങള്‍, ഐഎഫ്സി ആങ്കര്‍, സീനിയര്‍ സിആര്‍പി, അഗ്രി. സിആര്‍പി, എംഇസി ജെസീന എന്നിവര്‍ പ്രസംഗിച്ചു.
District News
ഏലംകുളം: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും ജനങ്ങളുടെ പുരോഗതിക്കും വ്യക്തമായ ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിഞ്ഞതായി മുതിര്‍ന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. കൃഷ്ണപിള്ള ദിനത്തോടനുബന്ധിച്ച് ഏലംകുളം ഇഎംഎസ് സ്മാരകത്തില്‍ സംഘടിപ്പിച്ച കമ്യൂണിസ്റ്റ് സ്നേഹസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുതിര്‍ന്ന നേതാക്കളായ പി.പി. വാസുദേവന്‍, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി. രമേശന്, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.എ. അജയകുമാര്‍, ഇ. രാജേഷ്, വി. മോഹന്‍, പി. ഹസന്, രാമകൃഷ്ണന്, ഏലംകുളം ലോക്കല്‍ സെക്രട്ടറി എം. സോമസുന്ദരന്‍, എന്‍.പി. ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു. വിശ്രമജീവിതം നയിക്കുന്ന മുതിര്‍ന്ന നേതാവ് എം.എം. അഷ്ടമൂര്‍ത്തി സമ്മേളന സ്ഥലത്തെത്തി അഭിവാദ്യം അര്‍പ്പിച്ചു.
District News
മലപ്പുറം: താമിര്‍ ജിഫ്രി കസ്റ്റഡി കൊലപാതക കേസില്‍ നിര്‍ണായകമായ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കേസില്‍ സമഗ്രമായ പുനരന്വേഷണം നടത്തണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി.
സിബിഐ സമര്‍പ്പിച്ച കുറ്റപത്രം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലാണ് തയ്യാറാക്കിയതെന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളത്. പ്രതികളെ സാക്ഷികളാക്കി മാറ്റുകയും താരതമ്യേന ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തുകയും ചെയ്ത നടപടി ഈ സംശയം കൂടുതല്‍ ബലപ്പെടുത്തുകയാണ്.
പൊലീസ് ഉയര്‍ത്തിയ കള്ളക്കഥകള്‍ക്ക് അനുസരിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയാറാക്കുന്നത് സിബിഐയുടെ വിശ്വാസ്യത തന്നെ തകര്‍ക്കുന്ന നടപടിയാണ്. താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലപാതകത്തിന് ഉത്തരവാദികളായ മുഴുവന്‍ പ്രതികളെയും കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.
നിലവിലെ കോടതി നടപടികള്‍ നിര്‍ത്തിവച്ച് കേസില്‍ ശക്തവും നിഷ്പക്ഷവുമായ പുനരന്വേഷണം നടത്തണം.
താമിര്‍ ജിഫ്രിയുടെ കുടുംബവും സമരസമിതിയും നടത്തുന്ന നിയമപോരാട്ടങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ച് നേതാക്കള്‍ താമിര്‍ ജിഫ്രിയുടെ വീട് സന്ദര്‍ശിച്ചു. ജില്ലാ സെക്രട്ടറി ഇബ്രാഹിംകുട്ടി മംഗലം, ജില്ലാ കമ്മിറ്റി അംഗം സൈതലവി കാട്ടേരി, തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് സാബിര്‍ കൊടിഞ്ഞി എന്നിവരാണ് കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചത്.
District News
നിലമ്പൂര്‍: അനുയാത്ര അസിസ്റ്റഡ് ലിവിംഗ് ഹോമിന് കെട്ടിടം നിര്‍മിക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. സ്ഥലം പഞ്ചായത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ട് രണ്ടു വര്‍ഷം പിന്നിട്ട സാഹചര്യത്തിലാണ് തുടര്‍ നടപടികളാകുന്നത്. അനുയാത്രാ ലിവിങ് ഹോം. വാടക കെട്ടിടത്തില്‍നിന്ന് മറ്റൊരു വാടക കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്.
ബിരിയാണി ചലഞ്ചില്‍ ശേഖരിച്ച തുക ഉള്‍പ്പെടെ 50 ലക്ഷം രൂപ നല്‍കിയാണ് സ്ഥലം വാങ്ങി നല്‍കിയത്. ചാലിയാര്‍ പഞ്ചായത്തില്‍ അനുയാത്ര അസിസ്റ്റഡ് ലിവിംഗ് ഹോമിന് വേണ്ടിയുള്ള കെട്ടിട നിര്‍മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. പൊതുജന പങ്കാളിത്തത്തോടെ ഭിന്നശേഷി സൗഹൃദ സംരംഭമായി നടത്തുന്ന പദ്ധതിയാണിത്. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ വാങ്ങിയ 75 സെന്റ് സ്ഥലത്ത് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിരുന്നില്ല.
സൗകര്യം ഒരുക്കാന്‍ മന്ത്രിയും സ്ഥലം എംഎല്‍എ യുമായ പി.കെ. ബഷീറിന്റെ നിര്‍ദേശ പ്രകാരമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്നുള്ള ഉദ്യോഗസ്ഥ സംഘം എത്തിയത്.
അനുയാത്ര ലിവിംഗ് ഹോമിന് സ്വന്തമായി സ്ഥലവും കെട്ടിടവും എന്ന ലക്ഷ്യവുമായി എരഞ്ഞിമങ്ങാട് ഗവണ്മെന്റ് ഹയര്‍ സെക്കൻഡറി സ്കൂള്‍ സുവര്‍ണജൂബിലിയിലാണ് പിടിഎ രംഗത്തുവന്നത്. നാട് നാട്ടുകാര്‍ ഒന്നിച്ച് അണിനിരന്നതോടെ 50 സെന്റ്് സ്ഥലം എന്നത് 75 സെന്ററിലേക്കെത്തി.
നിലവില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുള്ള എല്ലാ സംവിധാനങ്ങളുമുണ്ട്. ചാലിയാര്‍ പഞ്ചായത്ത് പ്രസിഡന്റ്് അനുശ്രീ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ തോണിയില്‍ സുരേഷ്, പി.ടി. ഉസ്മാന്, ജലീല്‍ കോട്ടയില്‍, എം.അബ്ദള്‍ റഷീദ്, വി.സി. മാത്യു, നാലകത്ത് ഹൈദരലി, പഞ്ചായത്ത് സെക്രട്ടറി സുനിത, ഭരണസമിതി അംഗങ്ങള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.
District News
എടക്കര: ചുങ്കത്തറയില്‍ നിര്‍മാണത്തിലിരുന്ന കല്യാണ മണ്ഡപം തീപിടിച്ച് നശിച്ചു. നിലമ്പൂര്‍ വല്ലപ്പുഴ കിണറ്റിങ്ങല്‍ ജോണ്‍ മാത്യുവിന്റെ ഉടമസ്ഥതയില്‍ മാമ്പെയിലിലുള്ള കല്യാണ മണ്ഡപം കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്.
ഇന്നലെ വൈകീട്ട് 5.30ഓടെയായിരുന്നു തീപിടുത്തം. ഞായറാഴ്ച്ച ഒരു കല്യാണമുള്ളതിനാല് തിരക്കിട്ട് ഇന്‍ഡസ്ട്രിയല്‍ പ്രവൃത്തികള്‍ നടത്തുന്നതിനിടെ തീപിടുത്തമുണ്ടാകുകയായിരുന്നു.
നിലമ്പൂര്‍ അഗ്നിരക്ഷാസേന സ്റ്റേഷന് ഓഫീസര്‍ ബാബുരാജിന്റെയും അസിസ്റ്റന്റ്് സ്റ്റേഷന് ഓഫീസര്‍ യൂസഫലിയുടെയും നേത്യത്വത്തില്‍ രണ്ട് യൂണിറ്റ് ഫയര്‍ എത്തിയാണ് തീയണച്ചത്.
അഗ്നി രക്ഷാ സേനാംഗങ്ങളായ കെ.പി. സുനില്‍ കുമാര്‍, ടി.കെ. നിഷാന്ത്, കെ. മനേഷ്, പി. ഇല്ല്യാസ്, വിപിന്‍, ഹോം ഗാര്‍ഡുമാരായ പി. അജിത്ത്, ചാക്കോ, ഡ്രൈവര്‍മാരായ വിമല്‍, ഷാഫി എന്നിവരാണ് തീഅണച്ചത്.
District News
പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം ടൗണില്‍ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം കാണുന്നതിനായി മങ്കട എംഎല്‍എ മഞ്ഞളാംകുഴി അലിയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ വിനയ് ഗോയലിന്റെ ചേമ്പറില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.
ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി രാവിലെ 8:30 മുതല്‍ 10 വരെയും വൈകീട്ട് 3:30 മുതല്‍ അഞ്ച് വരെയും ഹെവി വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും ബസ് സ്റ്റോപ്പുകള്‍ പുനക്രമീകരിക്കാനും തീരുമാനമായി.
അനധികൃത പാര്‍ക്കിംഗ് തടഞ്ഞ് വരി തെറ്റിച്ചുവരുന്ന വാഹനങ്ങളില്‍നിന്ന് പിഴ ഈടാക്കും. ട്രാഫിക് നിയന്ത്രണത്തിന് കൂടുതല്‍ പൊലീസുകാരെ നിയോഗിക്കാനും കളക്ടര്‍ നിര്‍ദേശം നല്കി.
കൂടാതെ, ദേശീയപാതയിലെയും മേല്‍പ്പാലത്തിലെയും കുഴികള്‍ അടയ്ക്കാന്‍ എന്‍എച്ച് എക്സിക്യൂട്ടീവ് എന്‍ജിനിയറോട് ആവശ്യപ്പെടുകയും നടപ്പാക്കിയ പരിഷ്കാരങ്ങളുടെ പുരോഗതി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് ചെയ്യാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.യോഗത്തില്‍ അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ്് ഷബീര്‍ കറുമുക്കില്‍, പെരിന്തല്‍മണ്ണ ഡിവൈഎസ്പി പി.എം. ഗോപകുമാര്‍, ജോയിന്റ്് ആര്‍ടിഒ പി.കെ.പദ്മകുമാര്‍, സിഐ സുമേഷ് സുധാകരന്, എന്‍എച്ച് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ടി.കെ.ഷിബുജാന്‍, നഗരസഭാ സെക്രട്ടറി ലാല്‍കുമാര്‍, ട്രാഫിക് എസ്ഐ വി.എ. കബീര്‍, എംവിഐ ജെ. രാജേഷ്, എഇ ഇന്‍സാഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
District News
പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്തിലെ കിടപ്പിലായ രോഗികള്‍ക്ക് ബ്ലാങ്കറ്റുകള്‍ വിതരണം ചെയ്ത് അമരമ്പലം പഞ്ചായത്ത് മുസ്ലിം ലീഗ് ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍. ലീഗ് ജില്ലാ പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡന്റ്് കുണ്ടില്‍ മജീദ് അധ്യക്ഷത വഹിച്ചു.
ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇസ്മായില്‍ മൂത്തേടം മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അഷ്റഫ് മുണ്ടശേരി പദ്ധതി വിശദീകരിച്ചു. അമരമ്പലം ഗ്രാമപഞ്ചായത്ത് പരിധിയിലെ പാലിയേറ്റീവില്‍ രജിസ്റ്റര്‍ ചെയ്ത 300-ലധികം കിടപ്പിലായ രോഗികള്‍ക്കാണ് ബ്ലാങ്കറ്റുകള്‍ വിതരണം ചെയ്തത്.
മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ഇഖ്ബാല്‍, കാളികാവ് ബ്ലോക്ക് പ്രസിഡന്റ്് വി.പി. ജസീറ, വൈസ് പ്രസിഡന്റ്് കേമ്പില്‍ രവി, ജില്ലാ പഞ്ചായത്ത് അംഗം റൈഹാനത്ത് കുറുമാടന്‍, അമരമ്പലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്് നൊട്ടത്ത് മുഹമ്മദ്, റിലീഫ് സെല്‍ കണ്‍വീനര്‍ മുഹമ്മദ് കോയ തങ്ങള്‍, കോ ഓര്‍ഡിനേറ്റര്‍ ഫവാസ് ചുള്ളിയോട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
മക്കരപ്പറമ്പ: പൂക്കളുടെ വില കുതിച്ചുയരുമ്പോഴും ഓണാഘോഷത്തിന്റെ മാറ്റുകുറയരുതെന്ന സന്ദേശവുമായി മരപ്പൊടിയില്‍ പൂക്കളമൊരുക്കി വേറിട്ട മാതൃക തീര്‍ത്ത് മക്കരപ്പറമ്പ ഗൈന്‍ അക്കാദമിയിലെ വിദ്യാര്‍ഥികള്‍. കേരള സ്റ്റേറ്റ് റൂട്രോണിക്സ് പഠനകേന്ദ്രമായ അക്കാദമി ആറങ്ങോട്ട് ശിവക്ഷേത്രം ഊട്ടുപുരയില്‍ സംഘടിപ്പിച്ച വൈബ് ഓണം ആഘോഷത്തിലാണ് പ്രകൃതിസൗഹൃദ പൂക്കളം പ്രധാന ആകര്‍ഷണമായത്.
ഓണവിപണിയില്‍ പൂവില വര്‍ധിച്ച സാഹചര്യത്തിലാണ് പരമ്പരാഗത രീതിക്ക് പകരം മരപ്പൊടി ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ പൂക്കളം തീര്‍ത്തത്. ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഫൗസിയ പെരുമ്പള്ളി മുഖ്യാതിഥിയായി.
പഞ്ചായത്ത് അംഗം സുഹറാബി കാവുങ്ങല്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ്് അക്രം ചൂണ്ടയില്‍, മണ്ഡലം സെക്രട്ടറി മുല്ലപ്പള്ളി അനീസുദ്ദീന്‍, ഗവണ്‍മെന്റ്് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് അബ്ബാസ് കുറ്റിപ്പുളിയന്, അക്കാദമി ഡയറക്ടര്‍മാരായ ഷബ്ന തുളുവത്ത്, ആദില്‍ തുളുവത്ത് എന്നിവര്‍ പ്രസംഗിച്ചു.
District News
പെരിന്തല്‍മണ്ണ: എംഇഎസിന്റെ 60-ാം വാര്‍ഷിക സമാപന സമ്മേളനത്തോടനുബന്ധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓണാഘോഷം. 4000-ത്തോളം പേര്‍ക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും വിളമ്പി. ആഘോഷത്തില്‍ ഡോക്ടര്‍മാരും ജീവനക്കാരും പങ്കെടുത്തു. എംഇഎസ് എഎംഎസ് ഡയറക്ടര്‍ ഡോ. പി.എ. ഫസല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു.
എംഇഎസ് എഎംഎസ് ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഹമീദ് ഫസല്‍, മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണന്, എംപി സി. ഹരിദാസ്, എഴുത്തുകാരന് അജിത് കോളാടി, ദാറുല്‍ ഉലൂം അറബിക് കോളജ്, വാഴക്കാട് പ്രിന്‍സിപ്പല്‍ ഐ.പി. അബ്ദുല്‍ സലാം, ഡെപ്യൂട്ടി രജിസ്ട്രാര്‍ ഡോ. അലി റിഷാദ്, ജോയിന്റ്് സ്റ്റാഫ് അഡൈ്വസര്‍ ഡോ. അസീഫ് അലി ഉസ്മാന്,എംഇഎസ് ജില്ലാ പ്രസിഡന്റ്് ഹുസൈന് കോയ തങ്ങള്‍ തുടങ്ങിയവര്‍ ഓണാശംസകള്‍ നേര്‍ന്നു. പൂക്കളങ്ങളും വര്‍ണാഭമായ അലങ്കാരങ്ങളും വിവിധ കലാപരിപാടികളും ഓണാഘോഷത്തിന് കൂടുതല്‍ മിഴിവേകി.
District News
പുഴക്കാട്ടിരി: പ്രതിസന്ധികള്‍ എത്രയേറെ വന്നാലും മണ്ണിനോടുള്ള സ്നേഹത്തിന് അതിരുകളില്ലെന്ന് തെളിയിക്കുകയാണ് പുഴക്കാട്ടിരിയിലെ കര്‍ഷകര്‍.
കൃഷിയെ ജീവനുതുല്യം സ്നേഹിക്കുന്ന പാലക്കോടന്‍ മുബിയും കക്കോളില്‍ അസീസുമാണ് പച്ചക്കറിക്കൊപ്പം പൂകൃഷിയിലും വേറിട്ട മാതൃക തീര്‍ക്കുന്നത്.
ഓണം വിപണി ലക്ഷ്യമിട്ട് തുടര്‍ച്ചയായ ഏഴാം വര്‍ഷമാണ് ഇരുവരും ചെണ്ടുമല്ലി കൃഷി ചെയ്യുന്നത്. കോവിഡ്, പ്രളയം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രതിസന്ധികള്‍ മുന്‍വര്‍ഷങ്ങളില്‍ വിളവിനെയും വിപണനത്തെയും ബാധിച്ചെങ്കിലും പൂകൃഷി ഉപേക്ഷിക്കാന്‍ ഇവര്‍ തയാറായില്ല. ഇത്തവണ മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള ചെണ്ടുമല്ലികള്‍ പാടത്ത് നിറഞ്ഞുപൂത്തുലഞ്ഞത് മികച്ച വിളവിന്റെ പ്രതീക്ഷ നല്കുന്നു.
വളരെയേറെ ശ്രദ്ധയും അധ്വാനവും നല്‍കിയാണ് ഓരോ ചെടിയെയും പരിപാലിച്ചതെന്ന് മുബിയും അസീസും പറഞ്ഞു. കൃഷിയോടുള്ള അടങ്ങാത്ത ഇഷ്ടവും നാട്ടുകാരുടെ പിന്തുണയുമാണ് തങ്ങള്‍ക്ക് പ്രചോദനം. പ്രകൃതിയുടെ വെല്ലുവിളികളെ അതിജീവിച്ച് ഓണത്തിന്റെ വരവറിയിക്കുന്ന ഈ ചെണ്ടുമല്ലിപ്പാടം കര്‍ഷകരുടെ അതിജീവനത്തിന്റെ മനോഹര അടയാളമായി മാറുകയാണ്.
District News
തോട്ടുമുക്കം: മാതൃവേദി തോട്ടുമുക്കം മേഖലയുടെ ആഭിമുഖ്യത്തിൽ ഓണഘോഷം നടത്തി. തോട്ടുമുക്കം പാരിഷ് ഹാളിൽ നടന്ന പരിപാടിയിൽ മേഖലയിലെ പതിനൊന്ന് ഇടവകയിൽനിന്നുള്ള അമ്മമാർ പങ്കെടുത്തു. വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയോടുമൊപ്പം വ്യത്യസ്തമായ ഒരുവചന പൂക്കളവും അമ്മമാർ ഒരുക്കിയിരുന്നു.
നാനൂറിലേറെ ബൈബിൾ വചനങ്ങൾ വിവിധ ഡിസൈൻകളിൽ എഴുതിയാണ് പൂക്കളം ഒരുക്കിയത്. മേഖലാ ഡയറക്ടർ ഫാ. പ്രിൻസ് പന്നിക്കോട്ട്, അനിമേറ്റർ സിസ്റ്റർ ജ്യോതി മരിയ സിഎംസി, മേഖലാ പ്രസിഡന്റ് ബിന്ദു ആന്റോ ഉണ്ണിക്കുന്നേൽ, സെക്രട്ടറി റോസിലി കോയിക്കാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.
District News
മലപ്പുറം: ഓണാവധിക്കാലത്ത് സഞ്ചാരികളെ വേറിട്ട അനുഭവങ്ങളോടെ വരവേല്‍ക്കാന്‍ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ സജ്ജം. മലയോര സൗന്ദര്യവും തീരദേശ ദൃശ്യങ്ങളും ഒരുപോലെ സമ്മേളിക്കുന്ന ജില്ലയില്‍ ഇത്തവണ കൂടുതൽ വിനോദസഞ്ചാരികളെയാണ് പ്രതീക്ഷിക്കുന്നത്.
കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഓണാവധി ആഘോഷിക്കാന്‍ തക്ക മുന്നൊരുക്കങ്ങളാണ് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെല്ലാം നടത്തിയിട്ടുള്ളത്. പാര്‍ക്കുകളുടെ നവീകരണം, സുരക്ഷാ ക്രമീകരണങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം എന്നിവ പൂര്‍ത്തിയാക്കി ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലും തദ്ദേശ സ്ഥാപനങ്ങളും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മലപ്പുറം നഗരമധ്യത്തിലെ കോട്ടക്കുന്ന് വിനോദസഞ്ചാര കേന്ദ്രത്തില്‍ കുട്ടികളുടെ പാര്‍ക്ക്, വാട്ടര്‍ പാര്‍ക്ക്, ഓപ്പണ്‍ എയര്‍ തിയേറ്റര്‍, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ എന്നിവ ഓണത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങളോടെ പ്രവര്‍ത്തിക്കും.
അരിമ്പ്ര മിനി ഊട്ടിയിലും കൊടികുത്തിമലയിലും സൗകര്യങ്ങള്‍ ഒരുക്കിക്കഴിഞ്ഞു. സമുദ്രനിരപ്പില്‍നിന്ന് ആയിരത്തിലധികം അടി ഉയരത്തിലുള്ള മിനി ഊട്ടിയും മലപ്പുറത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന കൊടികുത്തിമലയും മഞ്ഞുമൂടിയ മലനിരകളുടെ ഭംഗി ആസ്വദിക്കാന്‍ എത്തുന്ന സഞ്ചാരികളാല്‍ സജീവമാകും.
നിലമ്പൂര്‍ തേക്ക് മ്യൂസിയവും ആഡ്യന്‍പാറയും വിനോദസഞ്ചാരികള്‍ ഏറെ എത്തുന്ന മേഖലകളാണ്. ലോകത്തിലെ ആദ്യത്തെ തേക്ക് മ്യൂസിയം, കനോലി പ്ലോട്ട്, വനാന്തരീക്ഷത്തിലെ ആഡ്യന്‍പാറ, കേരളംകുണ്ട് വെള്ളച്ചാട്ടങ്ങള്‍ എന്നിവ പ്രകൃതി സ്നേഹികള്‍ക്ക് മികച്ച അനുഭവമേകും.
കായലും കടലും ചേരുന്ന മനോഹരമായ കടലുണ്ടി പക്ഷിസങ്കേതം, പൊന്നാനി പടുതാഴം പടിഞ്ഞാറെക്കര ബീച്ചുകള്‍ എന്നിവ സൂര്യാസ്തമയം കാണാനെത്തുന്നവര്‍ക്കായി ഒരുങ്ങിയിട്ടുണ്ട്. താനൂര്‍ തൂവല്‍തീരം പാര്‍ക്കിലും വലിയ തോതിലുള്ള വിനോദസഞ്ചാരികള്‍ ഇത്തവണ എത്തുമെന്ന് തന്നെയാണ് കണക്കുകൂട്ടല്‍. ഇതിനെല്ലാം പുറമേ സ്വകാര്യ അമ്യൂസ്മെന്റ് പാര്‍ക്കുകളിലും ഓണാവധിക്കാലത്ത് തിരക്കേറും.