SUNDAY DEEPIKA
തമിഴ്നാടിന്റെ ഭരണസിരാകേന്ദ്രമാണ് പൗരാണികമായ സെന്റ് ജോര്‍ജ് കോട്ട. നിയമസഭാ മന്ദിരവും മുഖ്യമന്ത്രിയുടെ ഓഫീസും പ്രധാന മന്ത്രാലയങ്ങളും ട്രഷറിയും ഉള്‍പ്പെടുന്ന ബഹുനില മന്ദിരം ഇവിടെ സ്ഥിതിചെയ്യുന്നു. വ്യാപാരവും കയറ്റുമതിയും ലക്ഷ്യമാക്കി ബംഗാള്‍ ഉള്‍ക്കടല്‍ തീരത്ത് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നിര്‍മിച്ച ആദ്യത്തെ കോട്ടയും സൈനിക താവളവുമാണിത്.
388 വര്‍ഷം പഴക്കമുണ്ട് 20 അടി ഉയരമുള്ള കോട്ടയ്ക്ക്. നിർമാണത്തിനുശേഷം പിൽക്കാലത്ത് സെന്റ്് ജോര്‍ജ് കോട്ട ദക്ഷിണേന്ത്യയിലെ ബ്രിട്ടീഷ് തലസ്ഥാനമായി മാറി. ബ്രിട്ടന്റെ രക്ഷാധികാരിയായ സെന്റ് ജോര്‍ജിനോടുള്ള ആദരവായാണ് കോട്ടയ്ക്ക് ഇങ്ങനെ പേരിട്ടത്.
ലക്ഷ്യം ആധിപത്യം
വ്യാപാരത്തിനെത്തിയ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി 1600കളില്‍തന്നെ ഗുജറാത്തിലെ സൂററ്റുമായി വ്യാപാരം ആരംഭിച്ചിരുന്നു. സുഗന്ധദ്രവ്യ കയറ്റുമതിക്കായി ഒരു തുറമുഖം നിര്‍മിക്കാന്‍ കമ്പനി ആഗ്രഹിച്ചിരുന്നു. മസൂലിപട്ടണമായിരുന്നു ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ദക്ഷിണേന്ത്യയിലെ ആദ്യ വ്യാപാരകേന്ദ്രം. വ്യാപാരം വിസ്തൃതമാക്കി കാലാന്തരത്തില്‍ ഇന്ത്യയില്‍ ആധിപത്യം നേടുക എന്ന ലക്ഷ്യമാണ് കോട്ടനിര്‍മാണത്തിന് നിമിത്തമായത്. 1639ല്‍ ചന്ദ്രഗിരി രാജാവില്‍നിന്ന് ഒരു കോട്ട പണിയാനുള്ള അനുമതി വാങ്ങി.
വിജനമായിക്കിടന്ന ചെന്നിരായര്പട്ടണം അഥവ ചന്നപട്ടണം എന്നറിയപ്പെട്ടിരുന്ന കടലോരം കമ്പനി വിലയ്ക്കുവാങ്ങി തുറമുഖത്തിന്റെയും കോട്ടയുടെയും നിര്‍മാണം തുടങ്ങി. ബ്രിട്ടീഷ് എന്‍ജിനീയര്‍മാര്‍ കൈയൊപ്പു ചാര്‍ത്തിയ കോട്ടയുടെ നിര്‍മാണം 1644 ഏപ്രില്‍ 23ന് പൂര്‍ത്തിയായി. 1746ല്‍ കുറച്ചുകാലം ഫ്രഞ്ചുകാര്‍ കോട്ടയുടെ ആധിപത്യം പിടിച്ചെടുത്തെങ്കിലും വൈകാതെ ബ്രിട്ടീഷുകാര്‍ തിരികെപ്പിടിച്ചു. രണ്ടുതവണ ടിപ്പു സുല്‍ത്താന്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു. അതോടെ കോട്ടയുടെ ഉയരം കൂട്ടി കൂടുതല്‍ കൊത്തളങ്ങള്‍ പണിതീര്‍ത്തു.
കര്‍ണാടക പ്രദേശങ്ങളില്‍ ഇംഗ്ലീഷ് സ്വാധീനം വര്‍ധിപ്പിക്കാനും ആര്‍ക്കോട്ട്, ശ്രീരംഗപട്ടണം രാജാക്കന്മാരെയും പോണ്ടിച്ചേരി ആസ്ഥാനമായുണ്ടായിരുന്ന ഫ്രഞ്ച് സൈന്യത്തില്‍ നിന്നു സുരക്ഷിതരാകാനും കോട്ടയോടു ചേര്‍ന്ന വാണിജ്യ വ്യാപാര കേന്ദ്രം സഹായിച്ചു. കോട്ടയുടെ നിര്‍മാണത്തോടെ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളുമായി വ്യാപാരം ബ്രിട്ടീഷുകാര്‍ ശക്തമാക്കി. സെന്റ് ജോര്‍ജ് കോട്ട ദക്ഷിണേന്ത്യയിലെ ബ്രിട്ടീഷ് സൈനിക താവളമായും പ്രവര്‍ത്തിച്ചു. ബ്രിട്ടീഷുകാര്‍ വസിച്ചിരുന്ന കോട്ടയുടെ ഭാഗം വൈറ്റ് ടൗണ്‍ എന്നും തമിഴര്‍ വ്യാപാരം നടത്തിയിരുന്ന ചന്തകള്‍ ബ്ലാക്ക് ടൗണ്‍ എന്നും അറിയപ്പെട്ടിരുന്നു.
കൗതുകമായി മ്യൂസിയം
തമിഴ് രാജഭരണകാലംമുതലുള്ള ചരിത്രസൂക്ഷിപ്പുകളുള്ള മ്യൂസിയം സെന്റ് ജോര്‍ജ് ഫോര്‍ട്ടിന്റെ പെരുമയും പൈതൃകവും വെളിവാക്കുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ സംരക്ഷണയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. കോണ്‍വാലിസ് പ്രഭുവിന്റെ പ്രതിമയും ഇവിടെ കാണാം. നവീന ഇന്ത്യാചരിത്രത്തിലെ വിവിധ കാലഘട്ടങ്ങളില്‍പ്പെട്ട 3,661 പുരാവസ്തുക്കള്‍ മൂന്നു നിലകളിലെ പത്തു ഗാലറികളായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
വിക്ടോറിയ രാജ്ഞി, ജോര്‍ജ് മൂന്നാമന് രാജാവ്, സര് ആര്‍തര്‍ ഹാവ്ലോക്ക്, റോബര്‍ട്ട് ക്ലൈവ് തുടങ്ങിയവരുടെയും മദ്രാസ് ഗവര്‍ണര്‍മാരുടെയും ഛായാചിത്രങ്ങളും എണ്ണച്ചായചിത്രങ്ങളും കാണാം. പുരാതന ക്ലോക്കുകള്‍, സ്റ്റാമ്പുകള്‍, ഫര്‍ണിച്ചറുകള്‍, ലാമ്പ് ഷേഡുകള്‍, പുരാതന ബ്രിട്ടീഷ് നാണയങ്ങള്‍ എന്നിവയും സൈനിക യൂണിഫോമുകള്‍, ആചാര വസ്ത്രങ്ങള്‍, മെഡലുകള്‍ എന്നിവയും പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
മ്യൂസിയത്തില്‍ കാണാവുന്ന 12 അടി നീളവും എട്ട് അടി വീതിയുമുള്ള പട്ടുതുണിയില്‍ തീര്‍ത്ത ദേശീയ പതാകയ്ക്ക് വലിയൊരു ചരിത്രം പറയാനുണ്ട്. 1947 ഓഗസ്റ്റ് 15ന് സ്വാതന്ത്രദിനത്തില്‍ രാജ്യത്ത് ആദ്യമായി ഉയര്‍ത്തിയ പതാകകളില്‍ ഒന്നാണിത്. ഗവര്‍ണര്‍ ജനറല്‍ സി. രാജഗോപാലാചാരിയാണ് ചെന്നൈ ഫോര്‍ട്ട് സെന്റ് ജോര്‍ജില്‍ ഈ പതാക ഉയര്‍ത്തിയത്. സ്വാതന്ത്ര്യത്തിനുശേഷം ആദ്യം പറത്തിയ പതാക മ്യൂസിയത്തിന്റെ മൂന്നാം നിലയിലാണ് സൂക്ഷിച്ചിരിക്കുന്നത്. മ്യൂസിയം മന്ദിരം തുടക്കത്തില്‍ മദ്രാസ് ബാങ്കായി പ്രവര്‍ത്തിച്ചിരുന്നു.
പുരാതന ദേവാലയം
പുരാതനമായ സെന്റ് മേരീസ് ആംഗ്ലിക്കന്‍ ദേവാലയം ഇതിനുള്ളിലാണ്. 1678-80 കാലയളവിലായിരുന്നു കിഴക്കിന്റെ വെസ്റ്റ് മിനിസ്റ്റര്‍ ആബി എന്നറിയപ്പെടുന്ന സെന്റ് മേരീസ് പള്ളിയുടെ നിര്‍മാണം. പൂര്‍ണമായും കല്ലിലാണ് ഇതു നിർമിച്ചിരിക്കുന്നത്. ചെലവു വഹിച്ചത് ചെന്നൈയില്‍ വിവിധ തലങ്ങളില്‍ ജോലി ചെയ്തിരുന്ന ബ്രിട്ടീഷുകാരാണ്. മുന്‍ ബ്രിട്ടീഷ് ഗവര്‍ണര്‍ റോബര്‍ട്ട് ക്ലൈവിന്റെ വിവാഹം ആഡംബരമായി നടന്നതും സെന്റ് മേരീസ് പള്ളിയില്‍വച്ചാണ്.
ബ്രിട്ടീഷ് പ്രതാപഭരണ കാലത്തെ ഏറ്റവും പഴക്കം ചെന്ന സെമിത്തേരിയും കല്ശിലകളും ഇവിടെയുണ്ട്. 104 കബറിടങ്ങള്‍ ഇവിടെ കാണാം. ടിപ്പു സുല്‍ത്താന്റെ പീരങ്കികള്‍ മ്യൂസിയത്തിന്റെ കൊത്തളങ്ങളെ അലങ്കരിക്കുന്നു. കോട്ടയിലെ കൊടിമരം രാജ്യത്തെ ഏറ്റവും ഉയരംകൂടിയ ഒന്നാണ്. തേക്കുമരം കൊണ്ട് നിര്‍മിച്ച ഇതിന് 150 അടി ഉയരമുണ്ട്. ബ്രിട്ടീഷ് ഇന്ത്യയിലെ പ്രവിശ്യകളിലൊന്നായ മദ്രാസ് പ്രസിഡന്‍സിയുടെ ആസ്ഥാനമായിരുന്നു ഏറെക്കാലം കോട്ട.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലും ഒരു പ്രധാന പങ്ക് കോട്ട വഹിച്ചു. സി. രാജഗോപാലാചാരി, കെ. കാമരാജ്, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ നിരവധി സ്വാതന്ത്ര്യ സമര സേനാനികള്‍ വിവിധ ആവശ്യങ്ങള്‍ക്ക് സെന്റ് ജോര്‍ജ് കോട്ടയിലെത്തിയിട്ടുണ്ട്. ഇന്ന് കോട്ട ഉള്‍പ്പെടുന്ന പ്രദേശം ഇന്ത്യയിലെ അഞ്ചാമത്തെ മഹാനഗരമായി മാറിയിരിക്കുന്നു.
SUNDAY DEEPIKA
സാമൂഹ്യമാധ്യമങ്ങളിൽ സജീവമായ, വിവരാവകാശ നിയമം ഉപയോഗിച്ചുള്ള പോരാട്ടങ്ങളിൽ പങ്കാളിത്തമുള്ള, സർവോപരി തൊഴിൽരഹിതരായ ജെൻ സീ യുവാക്കളെ പാറ്റ (വടക്കൻ കേരളത്തിലെ കൂറ തന്നെ) എന്ന് ഈ മാസം 15ന് സുപ്രീകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത് വിശേഷിപ്പിച്ചതിനുള്ള പ്രതികരണമായി, അമേരിക്കയിൽ പഠിക്കുന്ന ഇന്ത്യൻ യുവാവ് അഭിജീത് ദീപ്കെ, തൊട്ടു പിറ്റേദിവസം, 2026 മേയ് 16ന് "സ്ഥാപിച്ച' കോക്രോച്ച് ജനതാ പാർട്ടിയുടെ ഇൻസ്റ്റ അക്കൗണ്ട് ഫോളോ ചെയ്യുന്നവരുടെ എണ്ണം ഒന്നരക്കോടിയും കടന്ന് കുതിച്ചപ്പോൾ, 38 കൊല്ലം മുമ്പൊരു മേയ് 16ന്, ലോകത്തിനുമുന്നിൽ അവതരിപ്പിക്കപ്പെട്ട മറ്റൊരു കോക്രോച്ചിനെയാണ് കുറച്ചു വിമാനക്കമ്പക്കാരെങ്കിലും ഓർമിച്ചിരിക്കുക.
രഹസ്യാത്മകതയുടെ പരകോടിയിൽ ലോക്ഹീഡ് മാർട്ടിന്റെ ഉടമസ്ഥതയിലുള്ള സ്കങ്ക് വർക്ക്സ്, അമേരിക്കൻ സർക്കാരിന്റെ പ്രതിരോധ ഗവേഷണ ഏജൻസിയുടെ നിർദേശമനുസരിച്ച് 1978 നവംബർ ഒന്നിന് നിർമിച്ചിറക്കിയ ലോക്ഹീഡ് എഫ്-117 നൈറ്റ്ഹ്വാക്ക് ആക്രമണ വിമാനം, അമേരിക്കൻ സേനയുടെ ചരിത്രത്തിൽ ആദ്യത്തെ സ്റ്റെൽത്ത് അറ്റാക്ക് വിമാനമായിരുന്നു. ഈ അമൂല്യപോർവിമാനത്തെപ്പറ്റി ഒരാളും അറിയരുതെന്ന നിർബന്ധം അമേരിക്കയ്ക്കുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ തുടർന്നുള്ള പത്തുകൊല്ലം, അമേരിക്കൻ സേനയിലുള്ളവർ പോലും യുദ്ധങ്ങളിൽ തങ്ങളെ അനുയാത്ര ചെയ്തിട്ടുള്ള നൈറ്റ്ഹ്വാക്കിനെപ്പറ്റി കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല. എങ്കിലും, ഇതേപോലെയുള്ള നിഗൂഢ പറക്കൽ വിമാനങ്ങൾ ക്രമേണ റഷ്യയും മറ്റു രാജ്യങ്ങളും വികസിപ്പിച്ചെടുത്തുതുടങ്ങിയതോടെ 1988 മേയ് മാസം 16ന് അമേരിക്ക, എഫ്-117 നൈറ്റ് ഹ്വാക്കിനെ ലോകസമക്ഷം അവതരിപ്പിച്ചു. ഒപ്പം, ഈ വിമാനത്തിന്റെ ഇരട്ടപ്പേരും ലോകം അറിഞ്ഞു- കോക്രോച്ച്.
ഇരുളിന്റെ മറപറ്റി എല്ലാവരുടേയും കണ്ണുവെട്ടിച്ച്, നിശബ്ദമായി പറന്നിറങ്ങുന്നതുകൊണ്ടു മാത്രമല്ല, കറുത്ത പെയിന്റടിച്ച വിമാനത്തിന്റെ മൊത്തം ആകൃതിയും ഈ മറുപേരുവീഴാൻ കാരണമായിട്ടുണ്ടാവാം. 1989ലെ അമേരിക്കയുടെ പാനമ അധിനിവേശം, 1991 ലെ ഗൾഫ് യുദ്ധം, 1999ലെ യുഗോസ്ലാവിയ സംഘർഷം, 2001ലെ ഓപ്പറേഷൻ എൻഡ്യൂറിംഗ് ഫ്രീഡം എന്നിവ തുടങ്ങി 2003ലെ ഇറാക്കി ഫ്രീഡം യുദ്ധം വരെ അമേരിക്കയക്കുവേണ്ടി ശത്രുവിന്റെ കണ്ണുവെട്ടിച്ച് ആക്രമണങ്ങൾ നടത്തിയ പാറ്റകൾ 2008ൽ സർവീസിൽനിന്ന് വിരമിച്ചു.
പറക്കുന്നു എന്ന ആദ്യ കാരണത്താലും, ആകൃതിയുടെ പൊരുത്തംമൂലവും വിമാനങ്ങൾക്ക് ഷഡ്പദങ്ങളുടെ, കീടങ്ങളുടെ പേരിടുന്ന പതിവ് 1978ൽ ആരംഭിച്ചതൊന്നുമല്ല. ബ്രിട്ടനിലെ ദ ഹാവിലാൻഡ് വിമാനക്കമ്പനിക്കാണ് ഇക്കാര്യത്തിൽ ആചാര്യസ്ഥാനം. ലണ്ടനിൽ 1920ൽ സ്ഥാപിതമായ ദ ഹാവിലാൻഡ് എയർക്രാഫ്റ്റ് കമ്പനി, ഇന്നത്തെ ബോയിംഗും എയർബസും ഒക്കെയായിരുന്നു, ഇരുപതുകളിലും മുപ്പതുകളിലുമൊക്കെ.
നിശാശലഭം എന്നു മലയാളത്തിൽ പറയാവുന്ന മോത്ത് പരമ്പരയിൽപ്പെട്ട ഹാവിലാൻഡ് വിമാനങ്ങൾ ലോകമെങ്ങും സേനകളുടേയും സിവിൽ വ്യോമയാന കമ്പനികളുടേയും പ്രിയങ്കരമായ ആകാശയാനങ്ങളായിരുന്നു. 1925ൽ നിർമിച്ച ഡിഎച്ച്60 മോത്തായിരുന്നു ഇതിൽ ആദ്യത്തേത്. പിൻവന്ന വർഷങ്ങളിൽ ജിപ്സി മോത്ത്, ജയന്റ് മോത്ത്, ടൈഗർ മോത്ത്, ഹ്വാക്ക് മോത്ത്, പസ് മോത്ത്, സ്വാളോ മോത്ത്, ഫോക്സ് മോത്ത്, ലെപ്പേഡ് മോത്ത്, ഹോണെറ്റ് മോത്ത്, മോത്ത് മൈനർ എന്നിങ്ങിനെ വൈവിധ്യമാർന്ന നിശാശലഭ വിമാനങ്ങൾ ലോകത്തിന്റെ ആകാശത്ത് പറന്നു -കൂട്ടത്തിൽ ഇന്ത്യയിലും.
ഇന്ത്യൻ വ്യോമയാനരംഗത്തിന്റെ പിതാവെന്ന് നിസംശയം പറയാവുന്ന ജെആർഡി ടാറ്റ 1932ൽ, പിൽക്കാലത്ത് എയർ ഇന്ത്യ എന്ന് അറിയപ്പെട്ട ടാറ്റ ഏവിയേഷൻ സർവീസ് സ്ഥാപിച്ച അതേ കൊല്ലംതന്നെ, കറാച്ചിയിൽനിന്ന് ബോംബേ ജുഹു വിമാനത്താവളത്തിലേക്ക് തപാൽ ഉരുപ്പടികളുമായി ടാറ്റ തന്നെ പറത്തിയത് ദ ഹാവിലാൻഡ് പസ് മോത്ത് വിമാനമായിരുന്നു. വിവിധ നാട്ടുരാജ്യങ്ങളുടെ രാജക്കാൻമാരും രാജകുമാരൻമാരും പിൻവന്ന കൊല്ലങ്ങളിൽ ബ്രിട്ടനിൽനിന്നു വരുത്തിയ ഹാവിലാൻഡ് വിമാനങ്ങളിൽ ഇന്ത്യയുടെ ആകാശത്ത് പറന്നിട്ടുണ്ട്.
തുടക്കത്തിൽ പറഞ്ഞ ലോക്ഹീഡ് എഫ്-117നു പിന്നാലെ വന്ന അനേകം പോർവിമാനങ്ങൾക്ക് പക്ഷികളുടേയും പ്രാണികളുടേയും പേരുനൽകിയിട്ടുണ്ട്- പ്രത്യേകിച്ച് അമേരിക്കയിൽ. എഫ്-15 ഈഗിൾ, ജനറൽ ഡൈനാമിക്സ് ഫൈറ്റിംഗ് ഫാൽക്കൺ, ഹ്വാക്കർ ഹരിക്കേയ്ൻ, ഹാരിയർ ജമ്പ് ജെറ്റ്, കർട്ടിസ് പി-40 വാർ ഹ്വാക്ക്, സെസ്ന എ-37 ഡ്രാഗൺഫ്ളൈ, ഫെയറി ഫ്ളൈകാച്ചർ ആൻഡ് ഫയർ ഫ്ളൈ തുടങ്ങിയവ അവയിൽ ചിലതുമാത്രം.
കോക്രോച്ചിനും ജനതാ പാർട്ടിയുടെ ചുരുക്കമായ സിജെപിക്കുമുള്ള ഒരു വിമാന കണക്ഷനെപ്പറ്റിക്കൂടി
സിജെപി എന്നു പറഞ്ഞാൽ പൈലറ്റുമാർക്ക് ആദ്യം ഓർമവരിക, സൈറ്റേഷൻ ജെറ്റ് പൈലറ്റ്സ് ആയിരിക്കും. സെസ്ന സൈറ്റേഷൻ, ബീച്ച്ക്രാഫ്റ്റ് പ്രീമിയർ ജെറ്റു വിമാനങ്ങൾ പറത്തുന്നവർക്കായുള്ള സുരക്ഷാ അസോസിയേഷനാണ് സിജെപി. വിമാനങ്ങൾ പറത്തുമ്പോഴുണ്ടാകാവുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന്, പൈലറ്റുമാർക്കായി അതീവ ഗൗരവത്തോടെ നടത്തുന്ന ഏറെ സുരക്ഷാ പാഠ്യപദ്ധതികൾ ഇവർക്കുണ്ട്.
SUNDAY DEEPIKA
ഗുജറാത്തിലെ സാബര്‍കാന്ത ജില്ലയില്‍, ആരവല്ലി മലനിരകളുടെ അടിവാരത്ത് ഹര്നാവ് നദീതീരത്ത് സ്ഥിതിചെയ്യുന്ന "പോളോ ഫോറസ്റ്റ്’ ഒരു അപൂര്‍വ പ്രദേശമാണ്. പ്രകൃതിസ്നേഹികൾക്കും ചരിത്രാന്വേഷികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഇടം. ഇന്ന് വിനോദസഞ്ചാരികളുടെ കേന്ദ്രമായ ഈ വനപ്രദേശത്തിന് അതിപുരാതനമായ ഒരു നഗരത്തിന്റെ കഥയാണ് പറയാനുള്ളത്.
പത്താം നൂറ്റാണ്ടില്‍ പരിഹാര്‍ രാജാക്കന്മാരാണ് ഈ നഗരം സ്ഥാപിച്ചതെന്ന് കരുതപ്പെടുന്നു. പിന്നീട് പതിനഞ്ചാം നൂറ്റാണ്ടില്‍ മാര്‍വാറിലെ റാത്തോഡ് രജപുത്രര്‍ ഈ പ്രദേശം പിടിച്ചടക്കി. "പോളോ’ എന്ന വാക്ക് "പോള്‍’ എന്ന ഗുജറാത്തി വാക്കില്‍ നിന്നാണ് ഉണ്ടായത്. ഇതിനു വാതിൽ എന്നാണ് അർഥം. രാജസ്ഥാനിലേക്കും ഗുജറാത്തിലേക്കുമുള്ള പഴയ വ്യാപാര പാതകളുടെ പ്രവേശന കവാടമായാണ് ഈ പ്രദേശം നിലകൊണ്ടിരുന്നത്. പരിഹാര്‍ രാജാക്കന്മാര്ക്കു ശേഷം വേറെയും പല രാജവംശങ്ങളും പ്രദേശത്തിന്റെ അധികാരം കൈയാളി. പരമാര് രാജവംശവും പിന്നീട് വന്ന രജപുത്ര ഭരണാധികാരികളും ഇവിടെ വലിയ തോതിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി.
ശത്രുക്കളുടെ ആക്രമണങ്ങളില്‍നിന്ന് രക്ഷനേടാനായി പര്‍വതങ്ങളാലും ഇടതൂര്‍ന്ന വനങ്ങളാലും ചുറ്റപ്പെട്ട ഈ പ്രദേശം ഒരു സുരക്ഷിത താവളമായി ഭരണാധികാരികള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ കാലക്രമേണ ഈ നഗരം ഉപേക്ഷിക്കപ്പെടുകയും വനം അതിനെ വിഴുങ്ങുകയും ചെയ്തു. വര്‍ഷങ്ങളോളം പുറംലോകത്തിന് അജ്ഞാതമായിരുന്ന ഈ പ്രദേശം പിന്നീട് പുരാവസ്തു ഗവേഷകരിലൂടെയാണ് വീണ്ടെടുക്കപ്പെട്ടത്.
പോളോ വനത്തിന്റെ പ്രധാന സവിശേഷത, കാടിനുള്ളില്‍ ചിതറിക്കിടക്കുന്ന പുരാതന ജൈന-ഹിന്ദു ക്ഷേത്രാവശിഷ്ടങ്ങളാണ്. ഹിന്ദു- ജൈന വാസ്തുശൈലികളുടെ സമന്വയമാണ് ഇവിടെയുള്ള ക്ഷേത്രങ്ങള്‍. മാര്‍ബിളിലും കല്ലിലും തീര്‍ത്ത അതിമനോഹരമായ കൊത്തുപണികള്‍ മിക്ക ക്ഷേത്രങ്ങളിലും കാണാം. മുസ്ലീം അധിനിവേശകാലത്ത് പല ക്ഷേത്രങ്ങളും ഭാഗികമായി തകര്‍ക്കപ്പെട്ടിട്ടുണ്ട്.
15-ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ശരണേശ്വര്‍ ശിവക്ഷേത്രമാണ് വനത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിര്‍മിതികളിലൊന്ന്. കമനീയമായ വാസ്തുഭംഗിയാല് അതിപ്രശസ്തമാണിത്. പുരാതന ജൈന വാസ്തുവിദ്യയുടെ മകുടോദാഹരണമായ ലഖേണ ജൈന ക്ഷേത്രമാണ് മറ്റൊന്ന്. സൂര്യദേവന് സമര്‍പ്പിച്ചിരിക്കുന്ന പഴയ ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളും ഇവിടെ കാണാനാവും.
വനത്തിനുള്ളില്‍ "അന്ധാരി’ എന്നു വിളിക്കുന്ന ഒരു ഭാഗമുണ്ട്. സൂര്യപ്രകാശം കടക്കാത്ത അത്രയും ഇടതൂര്‍ന്ന മരങ്ങള്‍ ഉള്ളതുകൊണ്ടാണ് ഇതിന് ഈ പേര് ലഭിച്ചത്. പണ്ട് ശത്രുക്കളില്‍നിന്ന് ഒളിച്ചിരിക്കാന്‍ സൈനികര്‍ ഇവിടം ഉപയോഗിച്ചിരുന്നു. പോളോ ഫോറസ്റ്റിനോട് ചേര്‍ന്നുകിടക്കുന്ന വിജയനഗര്‍ എന്ന ചെറിയ പ്രദേശമായിരുന്നു പണ്ട് വനത്തിന്റെ ഭരണകേന്ദ്രം.
ഇന്ന് സാഹസിക സഞ്ചാരികള്‍ക്കും ചരിത്രപ്രേമികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ഇടമാണിവിടം. ട്രക്കിംഗിനും ഫോട്ടോഗ്രഫിക്കും അനുയോജ്യമായ ഈ പ്രദേശം പ്രകൃതിയും ചരിത്രവും ഇഴപിരിഞ്ഞുകിടക്കുന്ന ഭൂമികയാണ്. ഗുജറാത്ത് സര്‍ക്കാര്‍ എല്ലാ വര്‍ഷവും ഇവിടെ "പോളോ ഉത്സവം’ നടത്താറുണ്ട്. വനസംരക്ഷണത്തെക്കുറിച്ചും ചരിത്രസ്മാരകങ്ങളെക്കുറിച്ചും ആളുകളില്‍ അവബോധം വളര്‍ത്താനാണ് ഇതു സംഘടിപ്പിക്കുന്നത്. എന്തായാലും ചരിത്രസ്നേഹികള് ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട ഒരിടം തന്നെയാണ് പോളോ ഫോറസ്റ്റ്.
SUNDAY DEEPIKA
2001 ജൂണ്‍ 11. കാഠ്മണ്ഡുവിലെ ബാഗ്മതി നദീതീരത്തെ പശുപതിനാഥ ക്ഷേത്രം.
സമീപത്തായി വിപുലമായ പൂജാകർമങ്ങൾ നടക്കുന്നു. ആൾക്കൂട്ടത്തിനു നടുവിൽ ബീരേന്ദ്ര രാജാവിനെപ്പോലെ വേഷഭൂഷാദികളും ആഭരണങ്ങളും അണിഞ്ഞ് ഒരാൾ നിൽക്കുന്നുണ്ട്. പക്ഷേ രാജാവ് മരിച്ചിട്ട് അന്നേക്കു പതിനൊന്നു ദിവസങ്ങളായി. സ്വാഭാവികമായും സംശയിക്കാം, ആരാണയാൾ?!..
അല്ല, അയാൾ രാജാവല്ല.
ക്ഷേത്രത്തിനടുത്ത് നടന്നുകൊണ്ടിരുന്നത് "കട്ടോ' എന്നു വിളിക്കുന്ന പൂജാകർമങ്ങളാണ്. നേപ്പാളുകാർക്ക് മരിച്ചുപോയ രാജാവിന്റെ ആത്മാവിനെ ശുദ്ധീകരിച്ച് പരലോകത്തേക്ക് അയയ്ക്കുന്ന പൂജ. രാജാവിനെ പ്രതിനിധീകരിക്കുന്ന ബ്രാഹ്മണ പുരോഹിതനാണ് ആടയാഭരണങ്ങൾ അണിഞ്ഞു നിൽക്കുന്നത്.
പൂർണ സസ്യഭുക്കായ അയാളെ മജ്ജയടക്കമുള്ള മാംസാഹാരം കഴിപ്പിക്കും. രാജാവിന്റെ വിവിധ വസ്തുക്കൾ അയാൾക്കു സമ്മാനിക്കും. മാംസം കഴിക്കുന്നതോടെ, മരിച്ചുപോയ രാജാവിന്റെ ദുഷ്കർമങ്ങളെല്ലാം അയാൾ ആഗിരണംചെയ്യുമെന്നാണ് വിശ്വാസം. അതോടെ കളങ്കപ്പെട്ട ബ്രാഹ്മണനെ ആനപ്പുറത്തുകയറ്റി കാഠ്മണ്ഡുവിലെ തെരുവുകളിലൂടെ കൊണ്ടുപോയി രാജ്യംവിടാൻ ആജ്ഞാപിക്കും.
വിദൂരവും അജ്ഞാതവുമായ ഒരിടത്താവും പിന്നെ അയാളുടെ വാസം. ധരിച്ചിരിക്കുന്ന ആഭരണങ്ങളും വേഷഭൂഷാദികളും അയാൾക്കെടുക്കാം. വലിയ അളവിൽ പണവും നൽകും. ഒരേയൊരു പ്രശ്നം- അയാൾ സ്വന്തം ജാതിയിൽനിന്നു പുറത്താക്കപ്പെടും. എന്നാൽ രാജകുടുംബാംഗങ്ങൾക്കാകട്ടെ, ഈ രീതിയിൽ പുറത്താക്കപ്പെടുന്ന ആത്മാവ് ഒരുപദ്രവവും പിന്നീടു ചെയ്യില്ല എന്ന ഉറപ്പാണ് ലഭിക്കുന്നത്.
രാജാവിന്റെ മരണം, മകന്റെയും
നേപ്പാൾ രാജാവ് ബീരേന്ദ്ര ബീർ ബിക്രം ഷാ 2001 ജൂൺ ഒന്നിനാണ് കൊല്ലപ്പെട്ടത്. മരിച്ചതു രാജാവു മാത്രമല്ല, അതൊരു കൂട്ടക്കൊലയായിരുന്നു. പത്നിയും ഇളയ മകനും മകളും അടക്കം ഒന്‍പതുപേരാണ് അന്ന് കൊട്ടാരത്തിൽ ഒരു രാജകീയ അത്താഴവിരുന്നിനിടെയുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്- ഇളയ സഹോദരൻ ജ്ഞാനേന്ദ്ര ഷായും കുടുംബവും ഒഴികെ എല്ലാ രാജകുടുംബാംഗങ്ങളും. കൂട്ടക്കൊലയുടെ പശ്ചാത്തലം അത്യന്തം സംശയാസ്പദമായിരുന്നു.
മകൻ ദീപേന്ദ്രയാണ് കൊലപാതകിയെന്ന് ഔദ്യോഗിക അന്വേഷണങ്ങൾ കണ്ടെത്തി. പക്ഷേ അദ്ദേഹവും വെടിയേറ്റ് അബോധാവസ്ഥയിലായിരുന്നു. കൂട്ടക്കൊലയ്ക്കുശേഷം സ്വയം വെടിവച്ചു മരിക്കാൻ ശ്രമിച്ചുവെന്നാണ് വിശ്വസിക്കപ്പെട്ടിരുന്നത്. മൂന്നു ദിവസങ്ങൾക്കുശേഷം മരിക്കുകയും ചെയ്തു. ബീരേന്ദ്ര രാജാവിന്റെ മരണത്തെ തുടർന്ന് ദീപേന്ദ്രയെ ഭരണാധികാരിയായി പ്രഖ്യാപിച്ചിരുന്നു. ദീപേന്ദ്രയും മരിച്ചതോടെ ബീരേന്ദ്രയുടെ ഇളയ സഹോദരൻ ജ്ഞാനേന്ദ്ര അധികാരമേറ്റു.
വലതുകൈയനായ ദീപേന്ദ്ര എങ്ങനെ തോക്കുപയോഗിച്ച് തലയുടെ ഇടതുഭാഗത്തു വെടിയുതിർത്തു, എന്തുകൊണ്ട് ജ്ഞാനേന്ദ്ര അന്നത്തെ അത്താഴവിരുന്നിൽ പങ്കെടുത്തില്ല, കൂട്ടക്കൊല നടന്ന ത്രിഭുവൻ സദൻ ഇടിച്ചുനിരത്താൻ ദിവസങ്ങൾക്കകം എന്തിന് ജ്ഞാനേന്ദ്ര ഉത്തരവിട്ടു തുടങ്ങിയ ചോദ്യശരങ്ങൾ വൈകാതെ ഉയർന്നിരുന്നു.
എന്തിനായിരുന്നു ഈ അരുംകൊല?
കിംവദന്തികൾ പലതുണ്ടായെങ്കിലും കൂട്ടക്കൊലയുടെ യഥാർഥ ലക്ഷ്യം വ്യക്തമല്ല. വിദേശരാജ്യങ്ങളുടെ ഇടപെടലുകൾ, ദീപേന്ദ്രയുടെ പ്രണയബന്ധത്തോടുള്ള കുടുംബത്തിന്റെ എതിർപ്പ്, അദ്ദേഹത്തിന്റെ മാനസിക പ്രശ്നങ്ങൾ, ജ്ഞാനേന്ദ്രയുടെ താത്പര്യങ്ങൾ തുടങ്ങി നിരവധി കാരണങ്ങൾ പ്രചരിച്ചു. ഒന്നിനും തെളിവുകളില്ലായിരുന്നു.
2008ൽ നേപ്പാളിലെ രാജഭരണം ഔദ്യോഗികമായി അവസാനിച്ചു. പലപ്പോഴായി രാജ്യം പല അസ്ഥിരതകളും പ്രക്ഷോഭങ്ങളും കണ്ടു. 1963ൽ മഹേന്ദ്ര രാജാവ് നിർമിച്ച നാരായണ്‍ഹിതി കൊട്ടാരം ഇന്നു മ്യൂസിയമാണ്. ഷാ രാജവംശത്തിന്റെ ഒൗദ്യോഗിക വസതിയായിരുന്നു ഇത്. രാഷ്ട്രത്തിന്റെ ചരിത്രത്തിലെ നിർണായക സംഭവവികാസങ്ങൾക്കു സാക്ഷ്യം വഹിച്ച സ്ഥലമാണിത്.
"ഞങ്ങൾ ഞങ്ങളുടെ രാജാവിനെ സ്നേഹിക്കുന്നു, രാജാവിനെ തിരികേ കൊണ്ടുവരിക'- ഇന്ന് ഈ മുദ്രാവാക്യം കേൾക്കുന്പോൾ കൗതുകം തോന്നാം. അടുത്തയിടെ രാജകുടുംബത്തിന്റെ അനുയായികൾ രാജവംശം സ്ഥാപിച്ച പൃഥ്വി നാരായണ്‍ ഷായുടെ പ്രതിമയുടെ ചുറ്റുംനിന്നാണ് ഈ മുദ്രാവാക്യം മുഴക്കിയത്. രാജ്യത്തെ രക്ഷിക്കാൻ രാജഭരണം തിരികെ കൊണ്ടുവരണമെന്നാണ് അവരുടെ ആവശ്യം.
കാൽനൂറ്റാണ്ടുമുന്‍പ് ബീരേന്ദ്ര ഷായുടെയും, മകൻ മൂന്നു ദിവസങ്ങൾക്കുശേഷം മകൻ ദീപേന്ദ്രയുടെയും ആത്മാക്കളെ കട്ടോ പൂജ നടത്തി പറഞ്ഞയച്ച രാജ്യം ഇപ്പോഴും രാജാക്കൻമാരെ ഇഷ്ടപ്പെടുന്നുവെന്നു ചുരുക്കം.
SUNDAY DEEPIKA
ചിന്താവിഷയം
നമ്മെ വെറുതെ രസിപ്പിക്കാനായി എഴുതുന്ന സാഹിത്യകാരന്മാരുണ്ട്. എന്നാൽ മറ്റുചിലരാകട്ടെ മനുഷ്യഹൃദയത്തെ സ്പർശിക്കുകയും ജീവിതത്തെക്കുറിച്ച് ആഴമായി ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അത്തരത്തിലുള്ള പ്രസിദ്ധനായ ഒരു എഴുത്തുകാരനാണ് മിച്ച് ആൽബോം. ജീവിതത്തിന്റെ അർഥം, സ്നേഹം, വേദന, ക്ഷമ, മനുഷ്യബന്ധങ്ങൾ എന്നിങ്ങനെയുള്ള വിഷയങ്ങളെ അത്യന്തം ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന സാഹിത്യകാരൻ എന്ന നിലയിൽ അദ്ദേഹം പരക്കേ ആദരിക്കപ്പെടുന്നു.
1958ൽ അമേരിക്കയിൽ ജനിച്ച ആൽബോം നോവലിസ്റ്റ്, സ്പോർട്സ് ജേർണലിസ്റ്റ്, റേഡിയോ അവതാരകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ നാലു കോടി കോപ്പികളാണ് ഇതിനകം വിറ്റഴിക്കപ്പെട്ടിട്ടുള്ളത്. ആൽബോം രചിച്ചിട്ടുള്ള വിവിധ നോവലുകളിൽ ഏറെ പ്രസിദ്ധമായ ഒരെണ്ണമാണ് "ഫൈവ് പീപ്പിൾ യു മീറ്റ് ഇൻ ഹെവൻ'.
എഡ്ഡി എന്ന പ്രായംചെന്ന മനുഷ്യനെയാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രമായി അവതരിപ്പിച്ചിരിക്കുന്നത്. 83 വയസുള്ള അദ്ദേഹം ഒരു അമ്യൂസ്മെന്റ് പാർക്കിൽ മെക്കാനിക്കായി ജോലിചെയ്യുന്നു. കുട്ടികൾ ഉപയോഗിക്കുന്ന റൈഡുകൾ സുരക്ഷിതമാണോ എന്നു നോക്കുകയും തകരാറുകൾ പരിഹരിക്കുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ ജോലി. പുറത്തുനിന്നു നോക്കുന്പോൾ വളരെ സാധാരണവും പ്രാധാന്യമില്ലാത്തതുമായ ഒരു ജീവിതമാണ് അദ്ദേഹത്തിന്റേത്.
തന്റെ ജീവിതം ഒരു പരാജയമാണെന്ന ചിന്ത എഡ്ഡിയെ നിരന്തരം അലട്ടിക്കൊണ്ടിരുന്നു. രണ്ടാം ലേകമഹായുദ്ധത്തിൽ പങ്കെടുത്തു തടവുകാരനായി. എങ്കിലും ദൈവാനുഗ്രഹംമൂലം രക്ഷപ്പെട്ടു. വിവാഹിതനായെങ്കിലും കുട്ടികൾ ഉണ്ടായില്ല. ഒരു കാറപകടത്തിൽപ്പെട്ട ഭാര്യ പിന്നീട് ബ്രെയിൻ ട്യൂമർമൂലം മരിച്ചു. അങ്ങനെ ദുരന്തങ്ങൾ നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഒടുവിൽ ലോകം ശ്രദ്ധിക്കാത്ത ഒരു ജോലിയിൽ തന്റെ ജീവിതം അവസാനിക്കുകയാണല്ലോ എന്ന് അദ്ദേഹം വിലപിച്ചു.
ഒരുദിവസം ഒരു കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ എഡ്ഡി മരിക്കുന്നു. തുടർന്നുള്ള കഥ അദ്ഭുതകരമായ ഒരു ആത്മീയയാത്രയായി മാറുന്നു. സ്വർഗത്തിൽ എത്തിയ എഡ്ഡി അവിടെ അഞ്ചുപേരെ കണ്ടുമുട്ടുന്നു. തന്റെ ജീവിതവുമായി ഏതെങ്കിലും രീതിയിൽ ബന്ധപ്പെട്ടവരായിരുന്നു അവർ. അവരിൽ ചിലരെ അദ്ദേഹം മറന്നുപോയി എന്നതു വേറേ കാര്യം. എന്നാൽ, അവരുമായുള്ള കണ്ടുമുട്ടൽവഴി എഡ്ഡിക്ക് ഒരു സത്യം വെളിപ്പെടുന്നു- മനുഷ്യജീവിതത്തിൽ യാതൊന്നും വ്യർഥമല്ലെന്നും ഓരോ ജീവിതവും മറ്റുള്ളവരുടെ ജീവിതത്തെ സ്പർശിക്കുന്നു എന്നും.
ഈ ലോകത്തിൽ യാദൃച്ഛികമായി ഒന്നുമില്ല എന്നതും എല്ലാവരും പരസ്പരം ബന്ധിക്കപ്പെട്ടവരാണെന്നതുമാണ് ഈ നോവലിലെ ഏറ്റവും ശക്തമായ സന്ദേശങ്ങളിൽ ഒന്ന്. എത്രയോ സത്യമായ സന്ദേശമാണിത്. പ്രശസ്തിയില്ലാത്തതിനാലോ സന്പത്തില്ലാത്തതിനാലോ വലിയ സ്ഥാനമില്ലാത്തതിനാലോ സ്വന്തം ജീവിതം വിലകുറഞ്ഞതാണെന്നു പലരും കരുതുന്നു. എന്നാൽ ദൈവത്തിന്റെ അളവുകോൽ ഏറെ വ്യത്യസ്തമാണല്ലോ.
""നിങ്ങൾ ഈ ചെറിയ സഹോദരന്മാരിൽ ഒരുത്തനു ചെയ്തതെല്ലാം എനിക്കുതന്നെയാണ് ചെയ്തത്'' (മത്താ 25:40) എന്ന് യേശു പറഞ്ഞിട്ടുണ്ട്. അതായത്, മനുഷ്യന്റെ ചെറിയ സ്നേഹപ്രവൃത്തികൾക്കുപോലും ദൈവത്തിന്റെ മുന്നിൽ നിത്യമായ മൂല്യമുണ്ട് എന്നു സാരം. ഈ സത്യമാണ് ആൽബോം തന്റെ നോവലിലൂടെ അതിമനോഹരമായി ആവിഷ്കരിച്ചിരിക്കുന്നത്. അമ്യൂസ്മെന്റ് പാർക്കിൽ എഡ്ഡി വർഷങ്ങളോളംചെയ്ത ചെറിയ ജോലികൾ അനേകം കുട്ടികളുടെ ജീവൻ രക്ഷിച്ചു എന്ന തിരിച്ചറിവാണ് സ്വർഗത്തിൽ അദ്ദേഹത്തിനു ലഭിച്ചത്. ആളുകൾ പ്രശംസിച്ചില്ലെങ്കിലും തന്റെ വിശ്വസ്തത അനേകരെ അപകടങ്ങളിൽനിന്നു രക്ഷിച്ചിരുന്നു. താൻ പരാജയമാണെന്നു കരുതിയ മനുഷ്യൻ ദൈവത്തിന്റെ കണ്ണുകളിൽ വിലപ്പെട്ടവനായിരുന്നു.
ഇന്നും എത്രയോ ആളുകളാണ് എഡ്ഡിയെപ്പോലെ ജീവിക്കുന്നത്. മക്കൾക്കുവേണ്ടി ജീവിതം ഹോമിക്കുന്ന മാതാപിതാക്കൾ. ആരും ശ്രദ്ധിക്കാതെ വിശ്വസ്തതയോടെ ചെറിയ ജോലികൾ ചെയ്യുന്ന തൊഴിലാളികൾ. വിവിധ സേവനമേഖലകളിൽ പ്രവർത്തിക്കുന്നവർ.
ഇവരിൽ പലർക്കും ജീവിതം വിലയില്ലാത്തതായി തോന്നാറുണ്ട്. എന്നാൽ സ്നേഹത്തോടെ ചെയ്യുന്ന സാധാരണ കാര്യങ്ങളിലാണ് ജീവിതത്തിന്റെ മഹത്വം അടങ്ങിയിരിക്കുന്നത് എന്നതാണു യാഥാർഥ്യം.
റഷ്യൻ സാഹിത്യകാരനായിരുന്ന ടോൾസ്റ്റോയി ഒരിക്കൽ എഴുതി: ""മനുഷ്യന്റെ യഥാർഥ മഹത്വം അവൻ എത്ര ഉയരത്തിൽ എത്തി എന്നതിലല്ല, എത്രമാത്രം സ്നേഹിച്ചു എന്നതിലാണ് അടങ്ങിയിരിക്കുന്നത്.'' നമ്മുടെ ജീവിതം ദൈവത്തിന്റെ സ്നേഹത്തിന്റെ ഉപകരണമാകുന്പോഴാണ് അത് അർഥപൂർണമാകുന്നത്.
നോവലിന്റെ അവസാനം എഡ്ഡി ഒരു മഹത്തായ സത്യം തിരിച്ചറിയുന്നു. തന്റെ ജീവിതം ഒരിക്കലും വ്യർഥമായിരുന്നില്ല എന്ന സത്യം. തന്റെ ത്യാഗങ്ങൾക്കും വേദനകൾക്കും ചെറിയ സ്നേഹപ്രവൃത്തികൾക്കുമെല്ലാം ദൈവത്തിന്റെ പദ്ധതിയിൽ വലിയ അർഥമുണ്ടായിരുന്നു എന്ന യാഥാർഥ്യം. നാമെല്ലാവരും എപ്പോഴും ഓർമിക്കേണ്ട സന്ദേശമാണിത്. ധാരാളമാളുകൾ ഏകാന്തതയിലും നിരാശയിലും തങ്ങൾ വിലകുറഞ്ഞ മനുഷ്യരാണെന്ന തെറ്റായ ചിന്തയിലും മുന്നോട്ടുപോകുന്നു.
എന്നാൽ ദൈവവചനം പഠിപ്പിക്കുന്നത് അങ്ങനെയല്ല. ഏശയ്യാ പ്രവാചകനിലൂടെ ദൈവം പറയുന്നു: ""നീ എനിക്കു വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനുമാണ്'' (ഏശ 43:4). ഏശയ്യാ പ്രവാചകൻവഴിതന്നെ ദൈവം ചോദിക്കുന്നു: ""മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്ക് മറക്കാനാവുമോ? പുത്രനോടു പെറ്റമ്മ കരുണകാണിക്കാതിരിക്കുമോ? അവൾ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല'' (49:15-16).
നാം വിലകുറഞ്ഞവരാണെങ്കിൽ നീ എനിക്കു വിലപ്പെട്ടവനാണെന്നു ദൈവം അരുൾച്ചെയ്യുമോ? നാം അവിടത്തേക്കും പ്രിയങ്കരരായിരിക്കുന്നതുകൊണ്ടല്ലേ അവിടന്ന് നമ്മെ ഒരിക്കലും മറക്കാതിരിക്കുന്നത്? അതെ, നാം സ്നേഹത്തോടെ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളും അവിടന്ന് സന്തോഷപൂർവം ശ്രദ്ധിക്കുന്നുണ്ട്. അതോടൊപ്പം നാം ഓർമിക്കേണ്ട മറ്റൊരു കാര്യമുണ്ട്.
അവിടത്തെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട നമ്മെ മറ്റാർക്കും നിറവേറ്റാനാവാത്ത ഒരു സ്നേഹദൗത്യം ഏൽപ്പിച്ചിട്ടുണ്ട് എന്ന കാര്യം. ഇക്കാര്യം ഓർമിച്ച് നാം സ്നേഹത്തോടെ ചെയ്യുന്ന ചെറിയ പ്രവൃത്തികൾപോലും നിത്യതയിൽ പ്രതിധ്വനിക്കുമെന്നത് എപ്പോഴും നമ്മുടെ ഓർമയിൽ ഉണ്ടായിരിക്കട്ടെ.
SUNDAY DEEPIKA
സിനിമാക്കമ്പം മൂത്ത് ജോലി രാജിവച്ച് ചെന്നൈയിൽനിന്ന് വീട്ടിലെത്തിയ മകനോട് അപ്പൻ പറഞ്ഞു: "അഭിനയത്തോടുള്ള നിന്റെ അഭിവാഞ്ഛ എനിക്ക് മനസിലാവുന്നുണ്ട്. ഒരുവർഷം സമയം ഞാൻ നിനക്കു തരും. അതിനുള്ളിൽ നീയതു തെളിയിക്കണം. അല്ലേൽ തിരിച്ച് ജോലിയിൽ ജോയിൻ ചെയ്യണം.' അവനത് അക്ഷരംപ്രതി അനുസരിച്ചു. എബിസിഡി എന്ന സിനിമയിൽ മികവുതെളിയിച്ചു.
തുടർന്ന് ഇറങ്ങിയ എന്ന് നിന്റെ മൊയ്തീനിലൂടെ കേരളക്കര അവനെ ഏറ്റെടുത്തു- മലയാളിയുടെ സ്വന്തം ടൊവിനോ തോമസായി. കാലം കടന്നുപോയി. പിന്നെ "അന്വേഷിപ്പിൻ കണ്ടെത്തും' എന്ന സിനിമയിൽ അവർ അപ്പനും മകനുമായി അഭിനയിച്ചു! ഇപ്പോഴിതാ "അതിരടി 'യിൽ ടൊവിനോയുടെ ബാല്യകാലം അവതരിപ്പിച്ചിരിക്കുന്നതാകട്ടെ മകൻ തഹാനും.
കല്ലേറ്റുംകരയിൽനിന്ന് ഇരിങ്ങാലക്കുടയിലേക്ക്
കലേറ്റുംകര ഇളങ്കുന്നപ്പുഴ ഇല്ലിക്കൽ തോമസിന്റെയും മറിയത്തിന്റെയും ആറാമത്തെ മകനായ തോമസ് അഭിഭാഷകവൃത്തി ആരംഭിച്ചതോടെയാണ് ഇരിങ്ങാലക്കുടയിലേക്ക് കൂടുമാറിയത് . 1983ല്‍ ചിറ്റിലപ്പള്ളി തൊമ്മാന സെബാസ്റ്റ്യന്റെ മകൾ ഷീലയെ വിവാഹം ചെയ്തതോടെ ഇരിങ്ങാലക്കുടിയിൽ സ്ഥലം വാങ്ങി വീട് വച്ചു. വർഷം 43 പിന്നിട്ടിട്ടും തോമസ് വക്കീലും പ്രിയതമയും മക്കളായ ടിംഗ്സ്റ്റണും ടൊവിനോയും കുടുംബസമേതം ഈ വീട്ടിൽ തന്നെയാണ് ഇപ്പോഴും താമസം.
മൂത്തമകൾ ധന്യയെ മൂക്കന്നൂർ മൂലൻ സെബാസ്റ്റ്യന്റെ മകൻ അഡ്വ. ലിയോ വിവാഹം ചെയ്തു. പണവും സെലിബ്രിറ്റി സ്റ്റാറ്റസും എല്ലാം കൈവന്നിട്ടും ഇപ്പോഴും ഈ കുടുംബം ഒരുമിച്ചു തന്നെ. ഒരിക്കൽ ഒരഭി മുഖത്തിൽ ടൊവിനോ പറഞ്ഞത് "ഇപ്പോഴും ഞങ്ങളുടെ ഗൃഹനാഥൻ അപ്പൻ തന്നെയാണ്. അപ്പന്റെ മക്കളായിത്തന്നെ നിൽക്കാനാണ് എനിക്കും ചേട്ടനും ഇഷ്ടം' എന്നായിരുന്നു.
നിഷ്ഠയും സ്വാതന്ത്ര്യവും
അല്പം കാർക്കശ്യത്തോടെയും നിഷ്ഠയോടെയുമാണ് വക്കീലും ഭാര്യയും മക്കളെ വളർത്തിയിരുന്നത്. എങ്കിലും ദിവസവും രാത്രി ഒരു മണിക്കൂറെങ്കിലും മക്കളോടൊപ്പം ചെലവിടാൻ ഇവർ സമയം കണ്ടെത്തിയിരുന്നു. പത്താംതരംവരെ ആൺമക്കൾ ഇരിങ്ങാലക്കുട ഡോൺബോസ്കോയിലും മകൾ ലിറ്റിൽ ഫ്ലവർ കോൺവന്റ് സ്കൂളിലുമായിരുന്നു പഠനം. മകൾ ബിരുദവും ബിഎഡും കഴിഞ്ഞ് അധ്യാപികയായി ജോലി ചെയ്യുന്നതിനിടെയായിരുന്നു വിവാഹം. ആൺമക്കൾ രണ്ടുപേരും എൻജിനീയർമാരായി.
സിനിമാ ഭ്രമം
ഇരിങ്ങാലക്കുട ഡോൺ ബോസ്കോയിലെ സ്കൂൾ കാലം മുതൽതന്നെ ടൊവിനോയ്ക്ക് സിനിമാമോഹം ഉണ്ടെങ്കിലും സെന്റ് മേരീസിലെ പ്ലസ്ടുക്കാലത്താണ് സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം അങ്കുരിച്ചത്. പക്ഷേ, എൻജിനീയറിംഗ് കഴിഞ്ഞപ്പോഴാണ് വീട്ടിൽ വിവരംപറഞ്ഞത്. സിനിമയെന്ന വലിയ ലോകത്ത് തന്റെ മകൻവിജയിക്കുമോയെന്നായിരുന്നു വക്കീലിന്റെ ആശങ്ക.
അതുകൊണ്ടുതന്നെ ആദ്യമെല്ലാം നിരുത്സാഹപ്പെടുത്തി. ഒരിക്കൽ വക്കീൽ പറഞ്ഞു: "എനിക്ക് കലയോടോ അഭിനയത്തോടോ ഇഷ്ടമില്ലാഞ്ഞിട്ടല്ല. അവന്റെ ഇഷ്ടത്തിനു ഫ്രീയായിവിട്ടാൽ അവനൊരു സ്പോർട്സ്മാൻ സ്പിരിറ്റ് ഉണ്ടായില്ലെങ്കിലോ. അവൻ തോറ്റുപോകരുതെന്ന ആഗ്രഹം കൊണ്ടാ, ശരിക്കും പേടിച്ചിട്ടാ. അപ്പോഴെല്ലാം അവനെ സപ്പോർട്ട് ചെയ്യാൻ അവന്റെ ചേട്ടനോട് പറയുമായിരുന്നു. പലപ്പോഴും പൈസയും ചേട്ടന്റെ കൈയിൽ നൽകുമായിരുന്നു.'
പക്ഷേ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് സിനിമയിൽ അവൻ തന്റേതായ ഇടം കണ്ടെത്തി. പതുക്കെ പതുക്കെ നായക പദവിയിലെത്തി. 2024ൽ പുറത്തിറങ്ങിയ "അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ടൊവിനോ നായകനായ സിനിമയുടെ കാസ്റ്റിംഗ് സമയത്ത് ഡയറക്ടർ ഡാർവിൻ കുര്യാക്കോസ് വക്കീലിനോട് പറഞ്ഞു: നായകന്റെ അപ്പനായി വേറെ ആരെയും നോക്കുന്നില്ല, അപ്പച്ചൻതന്നെ അഭിനയിക്കണം. അങ്ങനെയാണ് അത് സംഭവിച്ചത്.
ബെറ്റർ ഹാഫ്
സ്നേഹ വാത്സല്യങ്ങളുടെ നിറനിലാവാണ് ഷീല എന്ന അമ്മ. ലോകത്തിന്റെ ഏതു കോണിലായാലും ഷൂട്ടിംഗ് കഴിഞ്ഞ് ടൊവിനോ ഓടിയെത്തുന്നത് ഭാര്യയെയും മക്കളെയും കാണാൻ മാത്രമല്ല, അമ്മയുടെ കൈപ്പുണ്യം നുകരാൻകൂടിയാണ്. മറ്റു മക്കളും അങ്ങനെതന്നെ.
തോമസ് വക്കീൽ പറഞ്ഞു: " 43 വർഷമായി ഞങ്ങടെ കല്യാണം കഴിഞ്ഞിട്ട് . ഒരു ദിവസം പോലും പിണങ്ങി നിൽക്കേണ്ടിവന്നിട്ടില്ല. പിണക്കങ്ങൾ മിനിറ്റുകൾ കൊണ്ട് മായും. അത് എന്റെയല്ല അവളുടെ കഴിവാണ്. സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും ആൾരൂപമാണ് അവൾ. അതുകൊണ്ടുതന്നെ മക്കൾക്കും മരുമക്കൾക്കും പേരക്കുട്ടികൾക്കും അവൾ ജീവനാണ്. സ്നേഹപ്രകടനങ്ങൾ എല്ലാം അവളോടാണ്. അവൾ തിരിച്ചും. ബിരുദധാരിയാണ് അവൾ. പക്ഷേ, ജോലിയെക്കാൾ മഹത്തരമാണ് ഹോം മേക്കിംഗ്. അതൊരു ചില്ലറ ജോലിയോ ഉത്തരവാദിത്വമോ അല്ല എന്നാണ് എന്റെ വിശ്വാസം. അമ്മയാണല്ലോ വീടിന്റെ വിളക്ക്.
അതുകൊണ്ടുതന്നെ ഞാൻ വാങ്ങുന്ന സ്ഥലങ്ങളെല്ലാം പകുതി അവളുടെ പേരിലാണ്. ഇപ്പോഴും ഞാൻ തോട്ടങ്ങളിൽ പോയി ജാതിക്കയും പത്രിയും പറിക്കും. 700 ഓളം നേന്ത്രവാഴയുള്ള തോട്ടമുണ്ട്. ഡ്രിപ് ഇറിഗേഷൻ സിസ്റ്റം ചെയ്തിട്ടുണ്ടെങ്കിലും പരമാവധി ദിനങ്ങളിൽ ഞാൻ രണ്ടുനേരം പോയി നനയ്ക്കും. ദിനചര്യ ക്രമീകരിക്കുന്നതിൽ അവളുടെ പങ്ക് വളരെ വലുതാണ്. അല്ലെങ്കിൽ പ്രാക്ടീസിനിടയിലും എന്നെക്കൊണ്ട് ഒറ്റയ്ക്ക് ഇതെല്ലാം മാനേജ് ചെയ്യുക സാധ്യമല്ല.'
ഒരുമ, ഒറ്റക്കെട്ട്
കോവിഡ്കാലത്താണ് ഇരിങ്ങാലക്കുട പട്ടണത്തിലെ തിരക്കിൽനിന്നൊഴിഞ്ഞ് ചെടികളും പക്ഷിമൃഗാദികളുമൊക്കെയുള്ള പ്രകൃതിയോടിണങ്ങിയ കുറച്ചുകൂടി വലിയൊരു വീടു വച്ചാലോയെന്ന് ടൊവി അപ്പനോടു ചോദിക്കുന്നത്. ചേട്ടനും അനുജനും ഒറ്റ കോമ്പൗണ്ടിൽ വീടുകൾ. ജിം, നീന്തൽക്കുളം, ഗാർഡൻ, ഹോം തിയറ്റർ തുടങ്ങിയവയെല്ലാം കോമൺ. കല്ലേറ്റുംകരയിലെ തറവാട്ടുപറമ്പിൽ വീടുപണി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. രണ്ടു വീടുകളുടെയും ഒന്നാംനില പൂർത്തിയായിക്കഴിഞ്ഞു. രണ്ടു വീടുകളും തമ്മിലുള്ള അകലം വെറും 20 അടി മാത്രം. ഇടയിൽ മതിലുകളും ഇല്ല. അപ്പനും അമ്മയ്ക്കും രണ്ടിടത്തും ഒരേപോലെ താമസിക്കാൻ സൗകര്യമൊരുക്കുന്നു.
വിശേഷങ്ങൾ, വിനോദം
വിവാഹ വാർഷികങ്ങൾ, ജന്മദിനങ്ങൾ എന്നിവയ്ക്കെല്ലാം ഇവർ ഒത്തുകൂടുമെങ്കിലും ക്രിസ്മസ്, ഈസ്റ്റർ, ഓണം, ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാൾ എന്നിവയ്ക്ക് ഇവരെല്ലാം വീട്ടിൽ ഉണ്ടാകും. ഷൂട്ടിംഗ് തിരക്കുമൂലം ടൊവിനോയ്ക്ക് എത്താൻ സാധിച്ചില്ലെങ്കിൽ മകളുടെ കുടുംബം ഉൾപ്പെടെ എല്ലാവരും ഭക്ഷണവും പായ്ക്കുചെയ്ത് ടൊവി കേരളത്തിലെവിടെയാണെങ്കിലും അവിടെ എത്തും.
കഴിഞ്ഞ നാലു വർഷമായി സ്കൂൾ അവധിക്കാലത്ത് 10 -15 ദിവസം നീളുന്ന വിദേശ വിനോദയാത്രയും ഇവർ ഒരുമിച്ച് നടത്തുന്നു. ഇത്തവണ ടൊവിനോയൊഴികെ ബാക്കിയെല്ലാവരും ഓസ്ട്രിയയിലെ വിയന്നയിലേക്ക് പോയിരിക്കുകയാണ്. ഹംഗറി, ചെക്ക് റിപ്പബ്ലിക് തുടങ്ങിയവയാണ് ഇത്തവണത്തെ ഡെസ്റ്റിനേഷനുകൾ. സ്പെയിനിലെ ഷൂട്ടിംഗ് കഴിഞ്ഞ് ടൊവിനോ വിയന്നയിൽ ഇവരോടൊപ്പം ചേരും. കഴിഞ്ഞതവണ ജോർജിയ, കസാക്കിസ്ഥാൻ, അൾജീരിയ എന്നിവിടങ്ങളിലായിരുന്നു വിനോദയാത്ര. മുൻപ് ഫിൻലൻഡ്, സ്വീഡൻ എന്നിവിടങ്ങളിലും.
മക്കൾ മൂവരും ഇതേ സ്നേഹത്തിലും സന്തോഷത്തിലും സൗഹാർദത്തിലും എക്കാലവും കഴിയണമെന്നാണ് ഈ മാതാപിതാക്കളുടെ ആഗ്രഹവും പ്രാർഥനയും. മക്കൾക്കാകട്ടെ അപ്പന്റെയും അമ്മയുടെയും സ്നേഹത്തണലിൽ കഴിയാനും.
SUNDAY DEEPIKA
സിലോണ്‍ പയനം- 2
ഫെറി സാവധാനം കങ്കേശൻ തുറയിൽ എത്തി. സെക്യൂരിറ്റി ചെക്കപ്പും എമിഗ്രേഷൻ ക്ലിയറൻസും കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഗംഭീരമായ സ്വീകരണം! ഞങ്ങളെ കൊണ്ടുപോകാൻ ബസ് തയാർ. ജാഫ്ന നോർത്ത് ഇൻ പ്രോവിൻസിന്റെ നേതൃത്വത്തിൽ ഘോഷയാത്ര ഒരുക്കിയിട്ടുണ്ട്. ടൂറിസം വകുപ്പിന്റെ വക സമ്മാനങ്ങൾ അവിടെവച്ചുതന്നെ കൈപ്പറ്റി. ആശംസകളുമായി എംപിയും എത്തിയിരിക്കുന്നു. ജാഫ്ന സിറ്റിയിലെ റെയിൽവേ സ്റ്റേഷനോടു ചേർന്നുള്ള വലംപിരി എന്ന ഹോട്ടലിലാണ് ഞങ്ങൾക്കു താമസിക്കാൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. സൈക്കിളുകൾ ലോറിയിൽ അവിടേക്ക് എത്തിച്ചുതന്നു.
അന്നു വൈകീട്ടോടെതന്നെ ജാഫ്ന കൾച്ചറൽ സെന്ററിലെ ഉദ്യോഗസ്ഥൻ ഫ്ളാഗ് ഓഫ് ചെയ്ത് ഞങ്ങളുടെ സൈക്കിൾ യാത്ര ആരംഭിച്ചു. ആദ്യദിവസംതന്നെ 30 കിലോമീറ്റർ സഞ്ചരിച്ചു. ചരിത്രപരമായ ഡച്ച് കോട്ട, ക്ലോക്ക് ടവർ, അതിമനോഹരമായ കോസ് വേകൾ തുടങ്ങിയവ കണ്ടു. ശരിക്കും ചരിത്രത്തിലൂടെയുള്ള സവാരി.
പിറ്റേന്ന് അതിരാവിലെ ഞങ്ങൾ ഒരുങ്ങി. നൈനത്തീവിലേക്കാണ് ആദ്യം. തീവ് എന്നാൽ ദ്വീപ്. പൂക്കുടു തീവ്, കുറിയാട്ടു വാൾ, നെടുംതീവ് എന്നീ ഇടങ്ങൾ കടന്നുവേണം നൈനത്തീവിൽ എത്താൻ. ടൂറിസം വകുപ്പ് അവിടെ വലിയ പരിപാടിയാണ് ഒരുക്കിയിരുന്നത്. ഒഫീഷ്യലുകളും നാട്ടുകാരും സ്കൂൾ കൂട്ടികളും പങ്കെടുത്ത സാംസ്കാരിക പരിപാടികൾ. എല്ലാം ആകർഷകം. ഉച്ചയ്ക്ക് അവിടെ ഒരു സ്കൂളിൽ ഒരുക്കിയ നാടൻ സദ്യ കഴിച്ച് മടക്കം.
പൊസക്കി അമ്മൻ ക്ഷേത്രം, പൂക്കുടു തീവ് കന്തസ്വാമി ക്ഷേത്രം, നാഗവിഹാർ ബുദ്ധക്ഷേത്രം, ബാവു ബാവു മരം തുടങ്ങിയവയായിരുന്നു അന്നത്തെ കാഴ്ചകൾ. ആഫ്രിക്കൻ വേരുകളുള്ളതാണ് ഈ ബാവു മരം. നൈനത്തീവിലേക്കും ബുദ്ധവിഹാറിലേക്കുമുള്ള ബോട്ടുയാത്രകൾ മറക്കാനാവാത്തതാണ്.
ക്രിക്കറ്റും പഞ്ചറായ ടയറും
ശ്രീലങ്കയിലെ വളർന്നുവരുന്ന തലമുറയ്ക്ക് ഏറ്റവുമിഷ്ടം ക്രിക്കറ്റുതന്നെയാണ്. ഒരു ബോട്ടുയാത്രയിൽ അങ്ങനെയൊരു സംഘത്തെ കൂട്ടായി കിട്ടി. ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുക്കാൻ ഒരു ദ്വീപിൽനിന്ന് മറ്റൊന്നിലേക്കു പോകുകയായിരുന്നു അവർ. പഴയകാല ലങ്കൻ ടീമംഗങ്ങളെക്കുറിച്ചായിരുന്നു അവർക്കു പറയാനുണ്ടായിരുന്നത്. നമുക്കും ഏറെ പരിചിതർ. ഓർമകളുടെ അയവിറക്കലായി അവരുമായുള്ള സംഭാഷണം.
തിരികേ ഹോട്ടലിലേക്കു സൈക്കിൾ ചവിട്ടുകയാണ് ഞങ്ങൾ. സമയം ഏതാണ്ടു രാത്രിയാവുന്നു. ആറു കിലോമീറ്റർ അകലെയാണ് ഹോട്ടൽ. ഒട്ടും പ്രതീക്ഷിക്കാതെയാണ് ഞങ്ങൾ മൂന്നുപേരിൽ ഒരാളുടെ സൈക്കിൾ ടയർ പഞ്ചറായത്. ബാക്കിയെല്ലാവരും മുന്നിൽ പോയിക്കഴിഞ്ഞിരിക്കുന്നു. സൈക്കിളുകൾ തള്ളി നടക്കുകയല്ലാതെ മറ്റു മാർഗമില്ല. വഴിചോദിച്ചറിഞ്ഞു നടന്നു. പരിചയമില്ലാത്ത രാജ്യം നടന്നുകാണാൻകൂടി ഒരവസരം!
ഒരുദിവസം, 120 കിലോമീറ്റർ
യാഴ്പ്പാണം (ജാഫ്ന) മുഴുവനായി കറങ്ങിക്കാണുന്ന യാത്രയാണ് പിറ്റേദിവസം പദ്ധതിയിട്ടിരുന്നത്. ഏതാണ്ടു 120 കിലോമീറ്റർ സൈക്കിൾ യാത്ര. അക്കാരി ബീച്ച്, പെട്രോ പോയിന്റ്, പന്നൈ ബീച്ച്, കങ്കേശൻ തുറ, തൊണ്ടമാനൂർ ബീച്ച്, കാരിനഗർ എൻട്രൻസ്, കോസ് വേകൾ... കാഴ്ചകൾ അവസാനിക്കുന്നില്ല. ജാഫ്നയുടെ പ്രധാന മേഖലകൾ എല്ലാം കറങ്ങി. തിരിച്ച് ഹോട്ടലിലെത്തി വിശ്രമിച്ച് രാത്രി ചെറിയൊരു ഷോപ്പിംഗ്. അതിനുശേഷം നോർത്തേണ്‍ പ്രോവിൻസ് ഗവർണറുടെ മെഡൽദാന ചടങ്ങും ഡിന്നറും.
പിറ്റേന്നു രാവിലെ ഞങ്ങൾ മൂന്നുപേർ ചേർന്ന് ജാഫ്നയിലെ ബാക്കിയുള്ള ഇടങ്ങൾകൂടി കറങ്ങാൻ തീരുമാനിച്ചു- സൈക്കിളിലല്ല, ഓട്ടോയിൽ. സൂര്യോദയം മുതൽ കാണുകയായിരുന്നു ലക്ഷ്യം. പഴയ ഡച്ച് ഫോർട്ടിലെ ഉദയം, അടുത്തുതന്നെ ലൈബ്രറി, കോടതി സമുച്ചയങ്ങൾ, പത്രപ്രവർത്തകരുടെ സ്മൃതിമണ്ഡപം, ജമുനാ ഏരി എന്ന വലിയ കുളം എന്നിങ്ങനെ കാഴ്ചകൾ നീണ്ടു.
റിയോ എന്ന പ്രശസ്തമായ ഐസ്ക്രീം പാർലർ, നെല്ലൂർ ക്ഷേത്രം, സംഗ്ലി രണ്ടാമൻ രാജാവിന്റെ പ്രതിമ, രാജാവിന്റെ താമസസ്ഥലം എന്നിവ സന്ദർശിച്ചു. ജാഫ്നയിലെ ബസുകൾ കൗതുകകരമാണ്. പഴയകാലത്തെ കാറുകളുടെയും ട്രക്കുകളുടെയും ശേഖരവും റെയിൽവേ സ്റ്റേഷനും മാർക്കറ്റും കണ്ട് 1867ൽ നിർമിച്ച സെന്റ് ജെയിംസ് പള്ളിയിൽ എത്തി. ഉച്ചവരെനീണ്ട കറക്കത്തിന് ആത്മീയ ഉണർവു പകരുന്ന സമാപനം.
കടൽകടന്നു തിരികേ
നാട്ടിലേക്കു തിരിക്കേണ്ട സമയമായിരിക്കുന്നു. ഹോട്ടലിൽനിന്ന് സൈക്കിളുകളുമായി കെകെഎസ് പോർട്ടിലെത്തി വീണ്ടും ഫെറിയിൽ. 110 കിലോമീറ്റർ കടൽകടന്ന് രാത്രി ഏഴോടെ നാഗപട്ടണത്ത് തീരമണഞ്ഞു. അവിടെ അസൽ മഴ. തഞ്ചാവൂരിലും കുംഭകോണത്തുമെല്ലാം മഴയാണെന്നറിഞ്ഞു.
തിരിച്ചു പാലക്കാട്ടേക്കു സൈക്കിൾ ചവിട്ടേണ്ട എന്നു തീരുമാനിക്കാൻ രണ്ടു കാരണങ്ങളുണ്ടായിരുന്നു. ആദ്യത്തേത് മഴതന്നെ. രണ്ടാമത്തേത് നാട്ടിൽ സമയത്തെത്തി വോട്ടു രേഖപ്പെടുത്തണമെന്ന ജനാധിപത്യബോധം. കൂട്ടുകാർക്കൊപ്പം കാറിൽ മടങ്ങാൻ ഒരുങ്ങി. 12 പേർ, 12 സൈക്കിളുകൾ, നാലു കാറുകൾ... വഴിയിൽ പലനാടുകളിലെ വ്യത്യസ്തമായ ഭക്ഷണങ്ങൾ രുചിച്ചറിയാമെന്ന മോഹവുമുണ്ടായിരുന്നു.
തമിഴ് പ്രാതൽ, ഉച്ചയ്ക്ക് ഡിണ്ടിഗൽ ബിരിയാണി, ചായയ്ക്ക് മണപ്പാറ മുറുക്ക്.. ഇടയ്ക്കുള്ള ചായക്കടകളിലെ പ്രത്യേക വിഭവങ്ങൾ. രുചികളുടെ സന്തോഷം. വൈകീട്ട് അഞ്ചോടെ പാലക്കാട്ടെത്തി. അവിടെ വീണ്ടും സൈക്കിൾ സെറ്റ് ചെയ്തു. വീട്ടിലേക്ക് സന്തോഷത്തോടെ വീണ്ടും സൈക്കിളിൽ...
ആകെ പതിനാലു ദിവസത്തെ യാത്ര പൂർത്തിയായിരിക്കുന്നു. സൈക്കിൾ ചവിട്ടിയത് 800 കിലോമീറ്ററോളം. ബസ്, ഓട്ടോ, കാർ എന്നിവയിൽ 1250 കിലോമീറ്ററിലേറെ. ഫെറിയും ബോട്ടും നടത്തവുമായി മറ്റൊരു 400 കിലോമീറ്റർ. ഒരു കാര്യം വീണ്ടുമുറപ്പിച്ചു- തിരക്കുകളിൽ എവിടെയൊക്കെയോ സ്വയം നഷ്ടപ്പെടുന്പോൾ, വീണ്ടെടുക്കൽ... തിരിച്ചുകിട്ടൽ... അതാണ് യാത്രകൾ!
SUNDAY DEEPIKA
നമ്മുടെ മണ്ണും നീരും ഏറ്റവും മികച്ചത് അർഹിക്കുന്നു... ഭൂമിയെ ബഹുമാനിക്കുക, നമ്മെ നിലനിർത്തുന്നതിനെ സംരക്ഷിക്കുക- കടൽകടന്ന് രണ്ടു ചക്രങ്ങളിൽ സഞ്ചരിക്കുന്പോൾ മനസിൽ ഇതായിരുന്നു. മൈലുകൾക്കപ്പുറത്ത് കഥകളിലൂടെ.. നാടിന്റെ ശാന്തസൗന്ദര്യങ്ങളിലൂടെ.. ആളുകൾക്കിടയിലൂടെ ഒരു യാത്ര.
ഈ യാത്ര എന്റേതു മാത്രമായിരുന്നില്ല. രണ്ടു ചക്രങ്ങളിൽ ഒഴുകുന്ന സന്ദേശവുമായി 44 പേർ. സഹ്യാദ്രി നേച്ചർ ഓർഗനൈസേഷൻ പാലക്കാട്, നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി ഓഫ് പാലക്കാട്, ഫോർട്ട് പെഡലേഴ്സ് പാലക്കാട്, ഇൻടാക്ക് പാലക്കാട്, ബയോ ഡൈവേഴ്സിറ്റി മാനേജ്മെൻറ് കമ്മിറ്റി അകത്തേത്തറ ഗ്രാമപഞ്ചായത്ത്, പാൽഘാട്ട് ഹിസ്റ്ററി ക്ലബ്, കേരള വനം-വന്യജീവി വകുപ്പ് എന്നിവയുടെ പ്രതിനിധിയായി ഞാനും എന്റെ കോന സൂത്ര ടൂറിംഗ് സൈക്കിളും. ലക്ഷ്യം- യാഴ്പ്പാണം, ശ്രീലങ്ക!
പൂമ്പാറ്റയെപ്പോലെ...
സമയത്തിന്റെയോ ദിവസങ്ങളുടെയോ കെട്ടുപാടുകൾ ഇല്ലാതാക്കുക.. വേഗത കുറച്ച് സ്വയം കൂടുതൽ മനസിലാക്കുക.. ഇളംകാറ്റിൽ പാറുന്ന പൂന്പാറ്റയെപ്പോലെ, കെട്ടില്ലാത്ത പട്ടംപോലെ സൈക്കിൾ സഞ്ചാരം ആസ്വദിക്കുക. ഇതൊക്കെയായിരുന്നു മനസുനിറയെ. യാത്രയ്ക്ക് ആവശ്യമായ 40 കിലോയോളം വരുന്ന ലഗേജും സന്ദേശം ഉൾക്കൊള്ളുന്ന ബോർഡും സൈക്കിളിലുണ്ട്. കത്തുന്ന വെയിലും മുന്നോട്ടു കടത്തിവിടാത്ത കാറ്റുമുണ്ട്. എങ്കിലും മനസിൽ കുളിർമയായിരുന്നു.
യാത്രതുടങ്ങി ചിറ്റൂർ, ഗോപാലപുരം, പൊള്ളാച്ചി വഴി ഉദുമൽപേട്ട വരെ ആദ്യദിവസം 90 കിലോമീറ്റർ സഞ്ചരിച്ചു. കൂട്ടുകാരൻ പാർത്ഥസാരഥിയുടെ നിർദേശപ്രകാരം ഉദുമലയിലുള്ള സൈക്കിൾ സുഹൃത്ത് ദണ്ഡപാണി ബസ് സ്റ്റാൻഡിനു സമീപത്ത് കാത്തുനില്പുണ്ടായിരുന്നു. സൗകര്യപ്രദമായ ഒരു ഹോട്ടലിൽ എന്നെ പരിചയപ്പെടുത്തി. സൈക്കിളും സുരക്ഷിതമായി വച്ച് രാത്രിയുറക്കം. പിറ്റേന്നു രാവിലെ പത്തരയോടെ ദണ്ഡപാണി വീണ്ടുമെത്തി. ഉദുമല - പഴനി ഹൈവേയിലേക്ക് വഴികാട്ടിത്തന്ന് അദ്ദേഹം പിരിഞ്ഞു.
അസാധ്യമായ കാറ്റ്. കത്തുന്ന വെയിൽ ഇവിടെയുമുണ്ട്. വയലേലകൾ, കാറ്റാടിപ്പാടങ്ങൾ, തക്കാളിപ്പാടങ്ങൾ, പേരയ്ക്കപ്പാടങ്ങൾ, മുരിങ്ങപ്പാടങ്ങൾ, തെങ്ങിൻതോപ്പുകൾ.. അവിടെയൊക്കെ ചെറിയ വ്യവസായം ചെയ്യുന്ന കർഷക കുടുംബങ്ങളെ കാണാം. മേയുന്ന കന്നുകാലികൾ, കോഴികൾ.. ചെറിയ ഫാമുകൾ.. ദൂരെ പഴനിമല കാണാം. വയലുകൾ ഉഴുന്ന ട്രാക്ടറുകളിൽനിന്ന് രജനിയുടെ യജമാൻ സിനിമയിൽനിന്നുള്ള പാട്ട്.
ബാഗിന്റെ ഭാരമുള്ളതിനാൽ സൈക്കിൾ സ്റ്റെഡി ഫീൽ ആണ്. പക്ഷേ എങ്ങനെ ചവിട്ടിയാലും ശരാശരി 15 കിലോമീറ്ററിൽ താഴെയാണ് വേഗത. ഒരൊഴിഞ്ഞ ടോൾ റീചാർജിംഗ് കുഞ്ഞിപ്പന്തലിലെ കസേരയിൽ അല്പം വിശ്രമം. ധാരാപുരം, മടത്തികുളം, പഴനി, ഒട്ടൻഛത്രം പിന്നിട്ട് രാത്രി ഏഴോടെ ഡിണ്ടിഗലിൽ എത്തി. അന്നത്തെ സഞ്ചാരം ഏതാണ്ട് 110 കിലോമീറ്റർ. രാത്രി അവിടെ തങ്ങി. പിറ്റേന്നു രാവിലെ ആറരയ്ക്കുതന്നെ മണപ്പാറവഴി യാത്ര തുടർന്നു.
ഇടതുഭാഗത്ത് ചെമ്മണ്ണിൻ കുന്നിൻചെരിവുകൾ.. വലത്ത് ശിരുവം കുന്നുകൾ. വഴിയുടെ ഇരുവശത്തും ഡില്ലി മുൾമരങ്ങൾ കാണാം. ഡൽഹിയിൽനിന്ന് വന്നതുകൊണ്ടാണത്രേ ഇതിനു ഡില്ലി എന്നുപേര്. വരണ്ട ഭൂമിയുടെ ലക്ഷണമാണിത്. റോഡരികിലെ ബേക്കറിയിൽനിന്ന് രണ്ടു ചായയും ഒരു ബണ്ണും അകത്താക്കി.
വരിതെറ്റിക്കുന്ന വരവുകൾ
നല്ല നാലുവരിപ്പാതയാണ് മുന്നിൽ. നമ്മുടെ വശത്ത്, വെള്ളവരയ്ക്കു പുറത്തുകൂടി സൈക്കിൾ ചവിട്ടിയാലും ഒരു കാര്യം ഭയക്കണം- എതിരേനിന്ന് മോപ്പഡും ബൈക്കും ഓട്ടോറിക്ഷയും ഏതു നിമിഷവും വരാം. ദിശ തെറ്റിച്ചുവരുന്നത് അവരുടെ അവകാശമാണെന്നപോലെയാണ് മോപ്പഡിൽ പെൺകുട്ടികൾ അടക്കമുള്ളവരുടെ വരവ്. അരികുവിട്ട് പാതയിലേക്കു സൈക്കിൾ കയറ്റിയേ മതിയാവൂ.
അന്നും 110 കിലോമീറ്റർ സഞ്ചാരം. തൃശ്ശിനാപ്പിള്ളിയിൽ എത്തി. വഴിയിൽ സൈക്കിളിൽ വന്നിരുന്ന സ്റ്റാലിൻ എന്ന കൊച്ചുപയ്യനാണ് സുഹൃത്ത് പറഞ്ഞേൽപ്പിച്ചിരുന്ന ഹോട്ടൽ മുറി കാണിച്ചുതന്നത്. അങ്ങനെ സൈക്കിളടക്കം മൂന്നാം നിലയിലെ മുറിയിൽ സുഖമായ ഉറക്കം. രാവിലെ ആറരയോടെ നാഗപട്ടണത്തിലേക്ക്...
തവിട്ടു-ചാരനിറത്തിൽ തഞ്ചാവൂർ പാടങ്ങളെ വകഞ്ഞുമാറ്റി പാസഞ്ചർ തീവണ്ടി വരുന്നു. പകലിനു നല്ല ചൂടുണ്ടെങ്കിലും ഒരു ഇരുണ്ട അന്തരീക്ഷം. റോഡിൽ എങ്ങനെയൊക്കെയോ ജീവനകന്നുകിടക്കുന്ന നീലപ്പൊന്മാനും മൈനയും നായയും പൂച്ചയും...
ഹെഡ് വിൻഡും ക്രോസ് വിൻഡും മുന്നോട്ടു നീങ്ങുന്നത് ശ്രമകരമാക്കുന്നു. കൈയിൽ ഒരുകൂട പൂക്കളുമായി ഒരു പാട്ടിയും താത്തയും മുന്നിലെത്തി. ആ ഗ്രാമത്തിലാദ്യമാണ്. മരണവീട്ടിലേക്കോ കല്യാണത്തിനോ എന്നറിയില്ല. ആദ്യം വഴിചോദിച്ചത് എന്നോട്! എല്ലാം ഒരു കെട്ടുകഥയിലെ രംഗംപോലെ തോന്നി.
കരിന്പനകൾ അതിരിടുന്ന, കൊയ്തതും കൊയ്യാത്തതുമായ തഞ്ചാവൂർ പാടങ്ങൾ, ഉരുട്ടിക്കെട്ടി പൊക്കങ്ങളിലേക്ക് അടുക്കിവച്ചിരിക്കുന്ന വയ്ക്കോൽ ചുരുളുകൾ, ആടുമാടുകളെ മേയ്ക്കുന്ന അമ്മമാർ, അനക്കമറിയിക്കാതെ ഒഴുകുന്ന കടുവൈയാറും... ആകെയൊരു ശോകാന്തരീക്ഷം. ഞാനാ കെട്ടുകഥയിൽനിന്ന് ഇറങ്ങിവന്നു. 140 കിലോമീറ്റർ പിന്നിട്ട് നാഗപട്ടണത്തിലെത്തി...
മലന്പുഴയിൽനിന്ന് പാലക്കാടും ചിറ്റൂരും കടന്ന്, ഗോപാലപുരം, പൊള്ളാച്ചി, ഉദുമൽപേട്ട, പഴനി, ഒട്ടൻഛത്രം, ഡിണ്ടിഗൽ, തൃശ്ശിനാപ്പിള്ളി, തഞ്ചാവൂർ, കുംഭകോണം വഴി നാഗപട്ടണം...
ലങ്കയിലേക്ക് നാലുനാൾ
നാഗപട്ടണത്തിൽനിന്ന് ശ്രീലങ്കയിലേക്കു പുറപ്പെടാൻ ഇനി നാലുനാളുണ്ട്. തൃശ്ശിനാപ്പിള്ളിയിൽ സൈക്കിൾ സർവീസ് ചെയ്യാൻ കരുതിയിരുന്നത് നടന്നില്ല. വിശ്രമത്തിനു മാറ്റിവച്ച ഒരുദിവസം ഉപയോഗിച്ചുമില്ല. പറഞ്ഞുവച്ചതിനേക്കാൾ രണ്ടുദിവസം നേരത്തേ പുറപ്പെടുകയും ചെയ്തിരുന്നു. അങ്ങനെ നാലുദിവസം നാഗപട്ടണത്തിൽ ചെലവാക്കാനുണ്ട്. ചെറുപ്പകാലംമുതൽ മനസിൽ കയറിക്കൂടിയ ഊരുകളുടെ പേരുകളുണ്ട്. അവിടങ്ങളിലേക്കെല്ലാം യാത്രകൾ നടത്താൻ ഞാൻ തീരുമാനിച്ചു. സൈക്കിൾ സുരക്ഷിതമായി ഹോട്ടൽ മുറിയിൽ കയറ്റിവച്ചു.
പിറ്റേന്ന് അതിരാവിലെ നാഗപട്ടണം ബസ് സ്റ്റാൻഡിൽ എത്തി. ആദ്യ യാത്ര തിരുവാരൂരിലേക്ക്. ത്യാഗരാജക്ഷേത്രം കാണാം. അവിടെയുള്ള 360 ടണ്‍ ഭാരവും 96 അടി ഉയരവുമുള്ള രഥം ഇന്ത്യയിലെ ക്ഷേത്ര രഥങ്ങളിൽ ഏറ്റവും വലുതത്രേ. കർണാടക സംഗീതത്തിലെ ത്രിമൂർത്തികളുടെ (ത്യാഗരാജ സ്വാമികൾ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമശാസ്ത്രികൾ) ജന്മസ്ഥലമാണ് തിരുവാരൂർ. ഞാൻ എത്തിയ ദിവസം ത്യാഗരാജ സ്വാമിയുടെ രഥോത്സവമായിരുന്നു.
ക്ഷേത്രത്തിലെ അന്നദാനത്തിൽ പങ്കെടുത്ത് ഒരു ഷെയർ ഓട്ടോയിൽ കയറി വീണ്ടും തിരുവാരൂർ ബസ് സ്റ്റാൻഡിലെത്തി. അവിടെനിന്ന് പണ്ടുകേട്ട പേരുകളിലൊന്നായ മന്നാർഗുഡിയിലേക്കു ബസ് കയറി.
മന്നാർ എന്നാൽ വിഷ്ണുഭഗവാന്റെ രൂപമായ രാജമന്നാർ. ഗുഡിയെന്നാൽ ക്ഷേത്രം. മന്നാർഗുഡിയിലെ ശ്രീ വിദ്യാരാജഗോപാലസ്വാമി ക്ഷേത്രം പ്രശസ്തമാണ്. ശ്രീ സെങ്കമല തായാർ എന്ന പേരിൽ ആരാധിക്കപ്പെടുന്ന കൃഷ്ണന്റെ രൂപമായ രാജഗോപാലസ്വാമിയാണ് പ്രതിഷ്ഠ. 23 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ക്ഷേത്രം ഒരു പ്രധാന വൈഷ്ണവ ആരാധനാലയമാണ്.
അവിടെനിന്ന് തിരുപ്പറംപൂണ്ടി എന്ന സ്ഥലവും കണ്ട് വേളാങ്കണ്ണി മാതാവിന്റെ ദേശമായ വേളാങ്കണ്ണിയിലേക്ക്. രാത്രി പള്ളിയും ചുറ്റുവട്ടവും കടലും നടന്നുകണ്ട് തിരിച്ചു നാഗപട്ടണത്തിലേക്ക്.
നാഗൂർ, മയിലാടുംതുറൈ
പിറ്റേന്നു രാവിലെ മനസിൽവന്ന പേര് നാഗൂർ എന്നായിരുന്നു. തീർഥാടനകേന്ദ്രമായ നാഗൂർ ദർഗ കാണണം. അവിടെനിന്നു കാരയ്ക്കലിലേക്ക്. പണ്ട് സ്കൂളിൽ ചരിത്രപുസ്തകത്തിൽ പഠിച്ച കേന്ദ്രഭരണ പ്രദേശമാണ് (പോണ്ടിച്ചേരിയിൽ ഉൾപ്പെടുന്ന പ്രദേശം). ശനീശ്വരൻ കോവിൽ കണ്ട് മയിലാടുംതുറൈയിലേക്ക്. മുന്‍പ് മായാവരം അഥവാ മയൂരം എന്നാണ് ഇവിടം അറിയപ്പെട്ടിരുന്നത്. ഈ പട്ടണത്തിലെ ഒരു ക്ഷേത്രമാണ് മയൂരനാഥസ്വാമി ക്ഷേത്രം.
പാർവതീദേവി ഇവിടെ ശിവനെ മയൂര രൂപത്തിൽ ആരാധിച്ചതിനാൽ അധിപനായ ദേവനെ മയൂരനാഥൻ എന്നു വിളിക്കുന്നുവെന്നാണ് ഐതിഹ്യം. പിറ്റേന്നു രാവിലെ നാഗപട്ടണം ബീച്ചിലേക്ക് ഒരു പ്രഭാത നടത്തം. ലൈറ്റ് ഹൗസ് കണ്ട് ആളൊഴിഞ്ഞ ബീച്ചിൽ കുറച്ചുനേരം നടന്നു. ഉച്ചയ്ക്ക് നാഗപട്ടണം അങ്ങാടിയിലും അലഞ്ഞ് തിരിച്ച് മുറിയിലെത്തി.
വൈകുന്നേരത്തോടെ പാലക്കാട്ടുനിന്നുള്ള 11 കൂട്ടുകാർ സൈക്കിളുകളുമായി നാലു കാറുകളിൽ എത്തി. ജയറാം കൂട്ടപ്ലാവിൽ, ഡോ. നജീബ്, എ.ജി. ദിലീപ്, ജി. മണി, ഡോ. അഫ്താബ് ഹുസൈൻ, എം.ആർ. ജിബിൻ, ചലൻരാജ്, പാർത്ഥിപൻ, സതീഷ് മേനകത്ത്, അതുൽ ജയറാം, കെ.വി. സുദിൻ എന്നിവരാണ് ആ യാത്രികർ. അടുത്തദിവസമാണ് ശ്രീലങ്കയിലേക്കുള്ള യാത്ര.
അതിരാവിലെ സൈക്കിളുകളും ലഗേജുമായി ഞങ്ങൾ നാഗപട്ടണം പോർട്ടിൽ എത്തി. സെക്യൂരിറ്റി ചെക്കിംഗും മറ്റു നടപടികളും പൂർത്തിയാക്കി ശുഭം ഫെറി സർവീസിന്റെ ഫെറിയിൽ കയറി ഞങ്ങൾ ജാഫ്നയിലേക്ക്...
(അടുത്ത ലക്കത്തിൽ തുടരും)
SUNDAY DEEPIKA
ഇന്ത്യയിൽ ട്രാം സർവീസ് ഉള്ള നഗരമേത് എന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരമേയുള്ളൂ- കോൽക്കത്ത. എന്നാൽ അതു മാത്രമല്ല വിശേഷണം. ഏഷ്യയിലെ ഏറ്റവും പഴക്കംചെന്ന, വൈദ്യുതി ഉപയോഗിച്ചോടുന്ന ഇപ്പോഴും നിരത്തിലുള്ള ട്രാം സർവീസും ഈ നഗരത്തിനു മാത്രം സ്വന്തം. 1873ൽ ഇന്ത്യയിലെ ആദ്യത്തെ ട്രാം കോൽക്കത്തയിൽ വരുമ്പോൾ അത് കുതിരവലിക്കുന്ന, മണിക്കൂറിൽ മൂന്നു മൈൽ മാത്രം വേഗതയുണ്ടായിരുന്ന, പാളത്തിലോടുന്ന ഒരു ഗതാഗത സംവിധാനം മാത്രമായിരുന്നു. റിപ്പൺ പ്രഭുവിന്റെ കാലത്താണ് ട്രാം ഇവിടെയെത്തിയത്.
പിന്നീട് മദ്രാസിലും ബോംബെയിലും ബറോഡയിലും നാസിക്കിലും കാൺപുരിലും ഭാവ്നഗറിലുമെല്ലാം ട്രാം എത്തി.1895ൽ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക്ക് ട്രാം ഓടിയത് മദ്രാസിലാണ്.1930 മുതൽ1970 വരെയുള്ള കാലഘട്ടത്തിൽ ഇവിടങ്ങളിലെല്ലാം ട്രാം സർവീസ് വിജയകരമായി നടന്നിരുന്നു. എന്നാൽ കാലാന്തരത്തിൽ അതെല്ലാം സേവനം നിർത്തി.
കൽക്കട്ട ട്രാംവേസ് കമ്പനിയുടെ മേൽനോട്ടത്തിൽ 1902ൽ ഇലക്ട്രിക്ക് ട്രാം എത്തിയതോടെ നഗരത്തിന്റെ മുഖച്ഛായതന്നെ മാറുകയായിരുന്നു. ഇരട്ടനഗരങ്ങളായ കോൽക്കത്തയേയും ഹൗറയേയും ബന്ധിപ്പിക്കുന്ന തലത്തിലേക്ക് ട്രാം അതിന്റെ സേവനം പടിപടിയായി ഉയർത്തുകയും ചെയ്തു. ഹൗറയെ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ, ഏറ്റവും വലിയ റെയിൽ കെട്ടിട സമുച്ചയമാക്കുന്നതിൽ ട്രാം വലിയ പങ്കുവഹിച്ചു.
പ്രതാപകാലത്ത് കോൽക്കത്ത ട്രാമിന് 25 ദിശകളിലേക്ക് സേവനമുണ്ടായിരുന്നു. ഇന്നും ദിവസേന പതിനയ്യായിരത്തോളം യാത്രക്കാർ ട്രാമിനെ ആശ്രയിക്കുന്നുണ്ട്. ഏറ്റവും ചെലവുകുറഞ്ഞ, പരിസ്ഥിതിസൗഹൃദമായ ട്രാം ഇപ്പോൾ ആറു ദിശകളിലേക്കു മാത്രമാണ് സർവീസ് നടത്തുന്നത്. വെസ്റ്റ് ബംഗാൾ ട്രാൻസ്പോർട്ട് കോർപറേഷൻ നേരിട്ടാണ് ഇപ്പോൾ ട്രാം സർവീസിനു മേൽനോട്ടം വഹിക്കുന്നത്.
153 വർഷങ്ങൾ
കഴിഞ്ഞ ഫെബ്രുവരി 24ന് ട്രാം സർവീസിന്റെ 153-ാം വാർഷികം വിപുലമായി ആഘോഷിച്ചിരുന്നു. ട്രാൻസ്പോർട്ട് വകുപ്പ് സംഘടിപ്പിച്ച പരിപാടികളിൽ പങ്കെടുക്കാനും ട്രാമിൽ യാത്രചെയ്യാനും ജർമനി, ഓസ്ട്രേലിയ എന്നിവിടങ്ങളിൽനിന്നുപോലും ട്രാം പ്രേമികൾ എത്തി. 1873 ഫെബ്രുവരി 24ന് കുതിരകൾ വലിച്ച ആദ്യത്തെ ട്രാമുകൾ ആഘോഷത്തിന്റെ ഭാഗമായി കോൽക്കത്തയുടെ തെരുവുകളിൽ ഇറങ്ങി.
നഗരത്തിന്റെ ആധുനീകരണത്തിനു ട്രാം ലൈനുകൾ തടസം നില്കുന്നുവെന്നും, ഒട്ടേറെ സ്ഥലം അപഹരിക്കുന്നുവെന്നുമൊക്കെ ട്രാമിനെതിരേ ആക്ഷേപങ്ങളുണ്ട്. തിരക്കുള്ള റോഡുകളിൽ ചെറിയ ഗതാഗത തടസങ്ങൾ ട്രാമുകളുണ്ടാക്കുമെന്നത് ശരിതന്നെയാണ്. എങ്കിലും നഗരത്തിന്റെ അടയാളമാണ് ട്രാം.
എന്നാൽ കോൽക്കത്തയുടെ ഹൃദയമിടിപ്പായ ട്രാം വണ്ടികൾ വിശ്രമിക്കുന്ന ഗര്യാഹട്ട് ട്രാം ഡിപ്പോ മുടിഞ്ഞ തറവാടുപോലെയാണിന്ന്. നഗരത്തിന്റെ തിരക്കുകളിൽനിന്നുമാറി, പഴയകാലത്തിന്റെ പ്രൗഢി വിളിച്ചോതുന്ന ഡിപ്പോയ്ക്ക് ഇപ്പോൾ ശ്മശാന മൂകത. തുരുമ്പിച്ച പാളങ്ങളും, നീലയും വെള്ളയും ചായം പൂശിയ പഴയ ട്രാം വണ്ടികളും അവിടെ ഒരു വലിയ കാലഘട്ടത്തിന്റെ കഥ മൗനമായി പറയുന്നു. എൺപതുകളിൽ കോൽക്കത്തയിൽ ട്രാമിൽ രാജകീയമായി യാത്രചെയ്തിരുന്ന നല്ല കാലം പലർക്കും നൊസ്റ്റാൾജിയ ആണ്.
ഒരുകാലത്ത് ചരിത്രപരമായും സാംസ്കാരികമായും സമൃദ്ധമായ കോൽക്കത്തയുടെ ഇന്നത്തെ ദയനീയാവസ്ഥയുടെ പ്രതീകങ്ങളാണ് ഈ ട്രാമുകൾ എന്നുപറയാം. മിക്ക റോഡുകളിലും ട്രാമിന്റെ ട്രാക്കുകൾമൂടി ടാർചെയ്തു. റോഡുകളിൽനിന്ന് ട്രാക്കുകൾ നീക്കംചെയ്യുന്നത് ചെലവേറിയ കാര്യമായതിനാലാണ് അവ മൂടി ടാർ ചെയ്തത്. റോഡുകൾ പൂർണമായി മോട്ടോർ വാഹനങ്ങൾക്ക് തുറന്നു കൊടുത്തു. ചിലയിടത്തൊക്കെ കൈരേഖകൾപോലെ ഇരുന്പു പാളത്തിന്റെ അവശിഷ്ടങ്ങൾ ദൃശ്യമാണ്..
കേരളത്തിലും ട്രാം
നമ്മുടെ കേരളത്തിലും ട്രാം ഉണ്ടായിരുന്നു. പറമ്പിക്കുളം കാടുകളെ ചാലക്കുടിയുമായി ബന്ധിപ്പിക്കുന്ന ഈ സംവിധാനം പഴയ കൊച്ചി നാട്ടുരാജ്യമാണ് കൊണ്ടുവന്നത്. 1907 മുതൽ1963 വരെ കൊച്ചിൻ സ്റ്റേറ്റ് ഫോറസ്റ്റ് ട്രാംവേ എന്ന കമ്പനിയാണ് എൺപതു കിലോമീറ്റർ നീളമുള്ള ഈ ട്രാം സർവീസ് നടത്തിയിരുന്നത്. പറമ്പിക്കുളം വനാന്തരങ്ങളിലെ ഈട്ടിയും തേക്കും കടത്തിക്കൊണ്ടുവരുന്നതിനാണ് ഇതുപയോഗിച്ചിരുന്നത്.
ചരിത്രം സഞ്ചരിച്ചത് ഇതിലേ...
ട്രാമുകളുടെ പ്രതാപകാലത്ത് ഡൽഹി, ബോംബേ, മദ്രാസ് തുടങ്ങിയ മഹാനഗരങ്ങളിലും നാസിക്, പാട്ന, ഭാവ്നഗർ തുടങ്ങിയ ചെറിയ പട്ടണങ്ങളിലും ജനപ്രിയ നഗര ഗതാഗതമാർഗമായിരുന്നു ട്രാം. കോൽക്കത്തയിൽ കുതിരവണ്ടി ട്രാമുകൾ സീൽദായ്ക്കും അർമേനിയൻ ഘട്ട് സ്ട്രീറ്റിനും ഇടയിലുള്ള 3.8 കിലോമീറ്റർ ദൂരത്ത് 1873 മുതൽ ഓടിക്കൊണ്ടിരുന്നു.
1874ൽ ആദ്യത്തെ കുതിരവണ്ടി ട്രാമുകൾ ബോംബേയിൽ പ്രവർത്തനം തുടങ്ങി. കൊളാബയിൽനിന്ന് ക്രോഫോർഡ് മാർക്കറ്റ് വഴി പൈധോണിയിലേക്കും, ബോറി ബണ്ടറിൽനിന്ന് പൈധോണിയിലേക്കും രണ്ടു റൂട്ടുകളിലൂടെ ആയിരുന്നു സർവീസ്. ട്രാമുകൾ വന്ന ഇന്ത്യയിലെ മൂന്നാമത്തെ നഗരമാണ് നാസിക്. 1886ൽ പാട്നയിൽ കുതിരവണ്ടി ട്രാമുകൾ എത്തി.
കോൽക്കത്തയിൽ ബൗബസാർ സ്ട്രീറ്റ്, ഡൽഹൗസി സ്ക്വയർ, സ്ട്രാൻഡ് റോഡ് വഴി സീൽദായ്ക്കും അർമേനിയൻ ഘട്ട് സ്ട്രീറ്റിനും ഇടയിൽ 1880ൽ റിപ്പൺ പ്രഭു പുതിയതും നീളമേറിയതുമായ മീറ്റർ ഗേജ് പാത ഉദ്ഘാടനം ചെയ്തു. രണ്ടുവർഷത്തിനുശേഷം, കൽക്കട്ട ട്രാംവേ കമ്പനി ട്രാമുകൾ വലിക്കാൻ ആവി ലോക്കോമോട്ടീവുകൾ (കുതിരകൾക്ക് പകരം) പരീക്ഷിച്ചു.
1902ഓടെ കോൽക്കത്തയിൽ ആദ്യത്തെ ഇലക്ട്രിക് ട്രാംകാറുകൾ പ്രവർത്തനം തുടങ്ങി. എസ്പ്ലനേഡിനും കിഡർപോറിനും ഇടയിലും എസ്പ്ലനേഡിനും കാളിഘട്ടിനും ഇടയിലും ഇത് പ്രവർത്തിപ്പിച്ചു. 1907ൽ ബോംബേ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാംവേ കമ്പനിക്കു (ബെസ്റ്റ്) കീഴിൽ ബോംബേ ട്രാം വൈദ്യുതീകരിച്ചു. കാൺപുരിൽ 1907ലും, ഒരു വർഷത്തിനു ശേഷം ഡൽഹിയിലും ട്രാമുകൾ എത്തി.
യാത്രക്കാരുടെ എണ്ണം കുറവായതിനാൽ 1903ൽ ട്രാം സർവീസ് നിർത്തുന്ന ആദ്യത്തെ നഗരമായി പാട്ന മാറി. പട്ടിണിയും പ്ലേഗും ഉണ്ടായതിനെത്തുടർന്ന് 1933ൽ നാസിക്ക് ട്രാംവേകൾ അടച്ചുപൂട്ടി. നികത്താനാവാത്ത നഷ്ടത്തിലേക്ക് ഓടിയതിനുശേഷം അതേവർഷംതന്നെ കാൺപുരിലും ട്രാമുകൾ നിർത്തി. മദ്രാസിലെ ട്രാം കമ്പനി 1950ൽ പാപ്പരാവുകയും 1953ൽ പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തു. 1964 വരെ ബോംബേയിൽ ട്രാമുകൾ ഓടിക്കൊണ്ടിരുന്നു.,1963 വരെ ഡൽഹിയിലും...
SUNDAY DEEPIKA
ചിന്താവിഷയം
ക്രിസ്തുവിനു മുന്‍പുള്ള നാലാം നൂറ്റാണ്ട്. ഇപ്പോൾ ഇറ്റലിയുടെ ഭാഗമായ സിസിലിയിലെ സീറക്യൂസ് അന്ന് ഗ്രീക്കുകാരുടെ ഒരു നഗരമായിരുന്നു. അവിടെ ബിസി 367 മുതൽ 357 വരെയും പിന്നീട് 346 മുതൽ 344 വരെയും ഭരണം നടത്തിയിരുന്നത് ഡയനീഷ്യസ് രണ്ടാമൻ (397-343) എന്ന രാജാവായിരുന്നു. പിതാവായ ഡയനീഷ്യസ് ഒന്നാമനിൽനിന്നാണ് ഭരണാധികാരം അദ്ദേഹത്തിനു ലഭിച്ചത്.
ആ കാലഘട്ടത്തിലെ മറ്റു പല രാജാക്കന്മാരെയും പോലെ ഡയനീഷ്യസ് രണ്ടാമനും ധാരാളം സന്പത്തുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വലിയ ആഡംബരജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. അക്കാലത്ത് അദ്ദേഹത്തിന്റെ അരമനസേവകരിലൊരാളായിരുന്നു ഡമോക്ലിസ്. രാജാവിന്റെ സന്പത്തും ആഡംബരവും അധികാരവുമൊക്കെ അയാളെ അദ്ഭുതപ്പെടുത്തി. രാജാവ് എല്ലാ രീതിയിലും വലിയ ഭാഗ്യവാനാണെന്നു കരുതിയ ഡമോക്ലിസ് അക്കാര്യം ആവർത്തിച്ചുപറഞ്ഞുകൊണ്ട് രാജാവിനെ നിരന്തരം പുകഴ്ത്തിക്കൊണ്ടിരുന്നു. അയാളുടെ കണ്ണിൽ രാജാവിന്റെ ജീവിതം പരിപൂർണമായ സന്തോഷം നിറഞ്ഞതായിരുന്നു.
ഡമോക്ലിസിന്റെ പ്രശംസാവചനങ്ങൾ കേട്ടു മടുത്ത രാജാവ് അയാളെ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിച്ചു. രാജാവ് അയാളോടു പറഞ്ഞു: ""എനിക്ക് അത്രമാത്രം ഭാഗ്യമുണ്ടെന്നു നീ കരുതുന്നുവെങ്കിൽ ഒരുദിവസം നീ എന്റെ സ്ഥാനത്ത് രാജസിംഹാസനത്തിൽ ഇരിക്കൂ.'' ഡമോക്ലിസിനു സ്വീകാര്യമായിരുന്നു ഈ നിർദേശം. ഉടനെ അയാളെ രാജകീയവസ്ത്രം ധരിപ്പിച്ച് സിംഹാസനത്തിൽ ഇരുത്താൻ രാജാവ് കല്പിച്ചു.
ഡമോക്ലിസ് ആഹ്ലാദപൂർവം രാജകീയവസ്ത്രങ്ങൾ അണിഞ്ഞ് സിംഹാസനത്തിലിരുന്നു. അപ്പോൾ സേവകർ അയാൾക്ക് രുചികരമായ ഭക്ഷണം വിളന്പി. പശ്ചാത്തലത്തിൽ മധുരസംഗീതം മുഴങ്ങി. നർത്തകർ പ്രത്യക്ഷപ്പെട്ട് ആനന്ദനൃത്തം ചെയ്തു. ആ നിമിഷം താൻ പരിപൂർണ സന്തോഷത്തിലേക്ക് പ്രവേശിച്ചുവെന്ന് അയാൾക്കു തോന്നി.
എന്നാൽ, സിംഹാസനത്തിൽ ഇരിക്കുന്പോൾ ഒരുകാര്യം അയാളുടെ ശ്രദ്ധയിൽപ്പെട്ടു. തന്റെ തലയ്ക്കു മുകളിലായി മൂർച്ചയുള്ള ഒരു വാൾ തൂങ്ങിക്കിടക്കുന്നു. അതു തൂക്കിയിട്ടിരിക്കുന്നതാകട്ടെ ഒരൊറ്റ നൂലിലും! ഏതു നിമിഷവും ആ നൂൽ പൊട്ടി വാൾ തന്റെ തലയിൽ വീഴാം! ഇക്കാര്യം ഓർമിച്ചപ്പോൾ ഡമോക്ലിസിന്റെ സന്തോഷമെല്ലാം അതിവേഗം ചോർന്നുപോയി. ഭക്ഷണത്തിനു രുചിയില്ലാതായി. സംഗീതം ശബ്ദമായി മാത്രം കേട്ടു. ഭയം അയാളെ ആകമാനം ഗ്രസിച്ചു.
സന്തോഷത്തിന്റെ സിംഹാസനം ഭയത്തിന്റെ തടവറയായി മാറി. അയാൾ രാജാവിനോടു പറഞ്ഞു: ""എനിക്ക് ഈ സിംഹാസനം വേണ്ട. എന്നെ ഇവിടെനിന്നു താഴെയിറക്കൂ.'' മറ്റുള്ളരുടെ ജീവിതവിജയം, അവരുടെ സന്പത്ത്, അവർക്കു ലഭിക്കുന്ന ആദരവും അംഗീകാരവും- ഇവയെല്ലാം കാണുന്പോൾ അവർ ഏറെ ഭാഗ്യവാന്മാരാണെന്നാവും നാം സാധാരണ കരുതുക. തന്മൂലം അവരുടെ ജീവിതം ഏറെ സന്തോഷപൂർണമാണെന്ന് നാം കണക്കുകൂട്ടുന്നു. എന്നാൽ നാം കാണുന്നത് അവർ ഇരിക്കുന്ന സിംഹാസനം മാത്രമാണ്. അവരുടെ തലയ്ക്കു മുകളിൽ തൂങ്ങിക്കിടക്കുന്ന വാൾ അല്ല.
പുറമേനിന്നു നോക്കുന്പോൾ മറ്റുള്ളവർ എത്ര സന്തോഷവാന്മാരാണെന്നു തോന്നിയാലും അവരുടെയും ജീവിതത്തിൽ ഒട്ടേറെ ദുഃഖങ്ങളുമുണ്ടാകും എന്നതാണ് യാഥാർഥ്യം. അതുപോലെ, അവരുടെയും ജീവിതം ഏതുനിമിഷവും താളംതെറ്റാം. അവരുടെ സന്പത്ത് നഷ്ടപ്പെടാം. ആരോഗ്യം ക്ഷയിച്ചുപോകാം. ബന്ധങ്ങളിൽ തകർച്ചയുണ്ടാകാം. അവരുടെ പദ്ധതികളും നിമിഷങ്ങൾകൊണ്ട് പാളിപ്പോകാം. ആര് എത്ര ഉന്നതരായാലും അവരുടെയെല്ലാം തലയ്ക്കുമുകളിൽ ഒരു വാൾ തൂങ്ങിക്കിടക്കുന്നുണ്ടാകുമെന്നതാണ് വസ്തുത. അതായത്, നാം അനുഭവിക്കുന്ന സന്പത്തും പ്രതാപവും ഐശ്വര്യവും ആരോഗ്യവുമെല്ലാം നൈമിഷികമാണെന്നു വ്യക്തം.
തന്മൂലമാണ് ദൈവവചനം പറയുന്നത്: ""നാളെയെച്ചൊല്ലി അഹങ്കരിക്കേണ്ട. ഒരു ദിവസംകൊണ്ട് എന്തു സംഭവിക്കാമെന്നു നീ അറിയുന്നില്ല'' (സുഭാ 27:1). ദൈവവചനം വീണ്ടും പറയുന്നു: ""നാളത്തെ ജീവിതം എങ്ങനെയുള്ളതായിരിക്കും എന്നു നിങ്ങൾക്ക് അറിഞ്ഞുകൂടാ. അല്പനേരത്തേക്കു പ്രത്യക്ഷപ്പെടുകയും അതിനുശേഷം അപ്രത്യക്ഷമാവുകയും ചെയ്യുന്ന മൂടൽമഞ്ഞാണ് നിങ്ങൾ'' (യാക്കോബ് 4:14).
ഡയനീഷ്യസ് രണ്ടാമൻ രാജാവിന്റെ കഥയിലേക്കു മടങ്ങിവരട്ടെ. അദ്ദേഹം സന്പന്നനായിരുന്നു. എല്ലാവിധ ജീവിതസൗകര്യങ്ങളും ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മാതുലൻ ഡയണ്‍ അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി. വീണ്ടും അദ്ദേഹം തിരിച്ചെത്തി രണ്ടുവർഷംകൂടി രാജ്യം ഭരിച്ചെങ്കിലും കോറിന്തിലെ ടിമോളിയോണ് രാജാവ് അദ്ദേഹത്തെ യുദ്ധത്തിൽ പരാജയപ്പെടുത്തി രാജ്യം കീഴടക്കി. പിന്നീട് അദ്ദേഹത്തിന് ഒരു സാധാരണക്കാരനെപ്പോലെ ജീവിക്കേണ്ടിവന്നുവെന്ന് ചരിത്രം പറയുന്നു.
താൻ രാജാവാണെങ്കിലും തനിക്കു മുകളിൽ അനിശ്ചിതത്വത്തിന്റെ ഒരു വാൾ തൂങ്ങിക്കിടക്കുന്നുണ്ടെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അത് അദ്ദേഹത്തിന്റെ ഉറക്കംകെടുത്തിയോ എന്നറിയില്ല. എന്നാൽ തലയ്ക്കുമുകളിൽ അത്തരമൊരു വാൾ തൂങ്ങിക്കിടക്കുകയാണെങ്കിൽ അതു നമ്മുടെ ഉറക്കം നഷ്ടപ്പെടുത്തുമെന്നു തീർച്ചയാണ്.
എത്ര കേമന്മാരായാലും നൈമിഷികമാണ് ഈ ഭൂമിയിലെ നമ്മുടെ ജീവിതം. അതുപോലെ, നാളെ നമുക്ക് എന്തു സംഭവിക്കുമെന്നു തീർച്ചയില്ലാത്ത അവസ്ഥയുമുണ്ട്. എങ്കിലും നാം ഭയപ്പെടരുത്. കാരണം ദൈവത്തിന്റെ പരിപാലനയാണ് നമ്മെ വഴിനടത്തുന്നത്. ആ വഴി നന്മയ്ക്കാണെന്നു മനസിലാക്കി അവിടന്നു കാണിച്ചുതരുന്ന വഴിയേ നമുക്കു നടക്കാം. അപ്പോൾ തലയ്ക്കുമുകളിൽ ഏതു തരത്തിലുള്ള വാൾ തൂങ്ങിക്കിടന്നാലും അതൊന്നും നമ്മെ നശിപ്പിക്കുകയില്ലെന്നു തീർച്ചയാണ്.
SUNDAY DEEPIKA
കണ്ണൂർ ശ്രീകണ്ഠപുരം കോട്ടൂർവയലിലെ ഞാറോലിക്കൽ ബിൻസി എന്ന വീട്ടമ്മയുടെ ജീവിതം പ്രതിസന്ധികളെ നിശ്ചയദാർഢ്യം കൊണ്ട് എങ്ങനെ പുഞ്ചിരിയോടെ നേരിടാം എന്നതിന്റെ മനോഹരമായ ഒരു പാഠപുസ്തകമായി കരുതാം. മുപ്പത്തിരണ്ട് വർഷത്തെ ദാമ്പത്യത്തിനിടയിൽ 20 വർഷത്തോളമായി ബിൻസിയുടെ സഞ്ചാരം അതിജീവനത്തിന്റെ കരുത്തുറ്റ പാതയിലാണ്.
സൺഡേ ദീപികയോട് അനുഭവങ്ങൾ പങ്കുവയ്ക്കുമ്പോൾ ബിൻസിയുടെ വാക്കുകളിൽ തെളിയുന്നത് തളരാത്ത പോരാട്ടവീര്യവും ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസവും. ഏതൊരു സാധാരണക്കാരനെയും തളർത്താൻപോന്ന സാഹചര്യങ്ങളെ ആത്മവിശ്വാസംകൊണ്ട് അതിജീവിച്ച ബിൻസി എന്ന വീട്ടമ്മ ഇന്ന് ഒരു കുടുംബത്തിന്റെ മാത്രമല്ല ഒരു നാടിന്റെതന്നെ അഭിമാനമായി മാറിയിരിക്കുന്നു.
നിനച്ചിരിക്കാതെ തിരിച്ചടികൾ
ജീവിതത്തിന്റെ മനോഹരമായ യാത്രയ്ക്കിടയിലാണ് അപ്രതീക്ഷിതമായ ചില ആരോഗ്യ മാറ്റങ്ങൾ ഈ കുടുംബാംഗങ്ങളെ തേടിയെത്തിയത്. സ്കൂൾ നൃത്തവേദികളിൽ സജീവമായിരുന്ന മൂത്തമകൾ അഞ്ജലിക്ക് നാലാം ക്ലാസിൽ പഠിക്കുമ്പോൾ മസ്കുലാർ ഡിസ്ട്രോഫി എന്ന അവസ്ഥ നേരിടേണ്ടിവന്നു.
മകളുടെ കാലുകളുടെ ചലനശേഷി കുറഞ്ഞുവരുന്ന യാഥാർഥ്യത്തെ ബിൻസിയും ഭർത്താവ് സണ്ണിയും ഒളിച്ചോടാതെ അഭിമുഖീകരിച്ചു. ഈയൊരു ഘട്ടത്തിൽനിന്ന് കരകയറാൻ ശ്രമിക്കവേയാണ് 2009 സെപ്റ്റംബർ 12ന് സണ്ണിക്ക് സ്ട്രോക്ക് വരുന്നത്. മൂന്നുമാസത്തോളം ആശുപത്രിവാസം. അങ്ങനെയിരിക്കെയാണ് സണ്ണി ഇനി നടക്കില്ലെന്നും ജോലിക്കുപോകാൻ സാധിക്കില്ലെന്നുമുള്ള യാഥാർഥ്യം ബിൻസി തിരിച്ചറിഞ്ഞത്.
വീടിന്റെ നിർമാണം പാതിവഴിയിൽ നിൽക്കുകയാണ് അന്ന്. മൂന്നു മക്കളുടെ പഠനം, ഭർത്താവിന്റെയും മകളുടെയും ചികിത്സ... എല്ലാം ഒരുമിച്ചു കൈകാര്യം ചെയ്യേണ്ട വലിയ ഉത്തരവാദിത്വം ബിൻസിയുടെ ചുമലിലായി. എന്നാൽ, ബിൻസി പതറാതെ മുന്നിൽ നിന്നു. സ്വന്തം കുടുംബത്തിൽ നിന്നും സണ്ണിയുടെ കുടുംബത്തിൽ നിന്നും ലഭിച്ച മാനസികമായ പിന്തുണ ഈ യാത്രയിൽ വലിയ കരുത്തായി.
കലയുടെ കൈപിടിച്ച് അഞ്ജലി
ശാരീരികമായ പരിമിതികൾ അഞ്ജലിയുടെ സർഗാത്മകതയെ ബാധിച്ചില്ല. മകളുടെ ഓരോ കഴിവുകളെയും ബിൻസി ചേർത്തുപിടിച്ചു. സംഗീതത്തിലും കീബോർഡിലും തുടങ്ങിയ അഞ്ജലിയുടെ താത്പര്യം ശാരീരിക മാറ്റങ്ങൾക്കനുസരിച്ച് പിന്നീട് ചിത്രരചനയിലേക്കു വഴിമാറി. ആദ്യം വിരസത മാറ്റാൻ വരച്ചുതുടങ്ങിയ അഞ്ജലി പിന്നീട് അക്രിലിക് പെയിന്റിംഗിലേക്കും ഗ്രാഫിക് ഡിസൈനിംഗിലേക്കും ചുവടുവച്ചു.
യൂട്യൂബും ഓൺലൈൻ ക്ലാസുകളും പ്രയോജനപ്പെടുത്തി അഞ്ജലി ആർജിച്ചെടുത്ത ചിത്രകലാ വൈഭവം ഇന്ന് ലോകം അംഗീകരിക്കുന്ന നിലയിലേക്ക് വളർന്നിരിക്കുന്നു. ഇറ്റലിയിലെ ടാർസോയിൽ വരെ അഞ്ജലിയുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെട്ടു എന്നത് ഈ കുടുംബം നടത്തിയ പോരാട്ടത്തിന്റെ വിജയത്തിനു തെളിവ്.
കലയിൽ മാത്രമല്ല, അക്കാദമിക് രംഗത്തും അഞ്ജലി മികവുപുലർത്തി. കൊമേഴ്സിൽ ബിരുദാനന്തരബിരുദം നേടി ടെക്നോപാർക്കിൽ ഉൾപ്പെടെ ജോലിചെയ്തു. ഇപ്പോൾ ഡിജിറ്റൽ ആർട്ട് മേഖലയിൽ സ്വതന്ത്രമായി ജോലി ചെയ്യുന്നു. ഇതിനിടെ ബംഗളൂരു ഇന്ത്യൻ ഇൻക്ലൂഷൻ ഫൗണ്ടേഷന്റെ ആർട്ട് ഫെലോഷിപ്പിനും അഞ്ജലി തെരഞ്ഞെടുക്കപ്പെട്ടു.
അമ്മ എന്ന കരുതൽ
അഞ്ജലിയുടെ ഈ വളർച്ചയ്ക്കുപിന്നിൽ ബിൻസി എന്ന അമ്മയുടെ നിരന്തരമായ പ്രോത്സാഹനവും ശുശ്രൂഷയുമുണ്ട്. മറ്റു മക്കളായ അബിൽ കാനഡയിലും ആഷ്ലി യുകെയിലും ഉയർന്ന ജോലികളിൽ പ്രവേശിച്ചു.
വീടിന്റെ നിർമാണം പൂർത്തിയാക്കണമെന്ന ലക്ഷ്യവും മക്കളെ നല്ല നിലയിൽ എത്തിക്കണമെന്ന ആഗ്രഹവും ബിൻസി സഫലമാക്കി. വീട്ടുജോലികൾക്കും ഭർത്താവിനും മകൾക്കും നല്കുന്ന ശുശ്രൂഷകൾക്കും ഇടയിലും ഗാർഡനിംഗും ക്രാഫ്റ്റിംഗും പുതിയ പാചകരീതികളും അഭ്യസിക്കുന്ന ബിൻസി, നിരന്തരമായ സ്വയം നവീകരണത്തിലൂടെ ജീവിതത്തെ കൂടുതൽ മനോഹരമാക്കുന്നു. യൂട്യൂബിൽനിന്ന് പുതിയ കാര്യങ്ങൾ പഠിച്ച് അത് തന്റെ കുടുംബത്തിനുവേണ്ടി പ്രാവർത്തികമാക്കുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഭർത്താവിനും മകൾക്കും തണലായി എപ്പോഴും ബിൻസി കൂടെയുണ്ട്.
ഇവരുടെ ഒരോ ആവശ്യങ്ങളും കൊച്ചുകുഞ്ഞുങ്ങളെന്നപോലെ കരുതി നിറവേറ്റുന്നു. ""ഞങ്ങളെ അമ്മയുടെ സ്വന്തം ശരീരത്തിന്റെ ഭാഗങ്ങൾപോലെയാണ് നോക്കി പരിപാലിക്കുന്നത്''- അഞ്ജലിയുടെ ഈ വാക്കുകൾ ബിൻസി എന്ന കരുത്തുറ്റ സ്ത്രീയുടെ ജീവിതവിജയത്തിന്റെ സാക്ഷ്യപത്രമാണ്.
പ്രശ്നങ്ങളെനോക്കി സങ്കടപ്പെട്ടിരിക്കാതെ, മുന്നിൽ ഇനി എന്ത് ചെയ്യാൻ സാധിക്കും എന്ന പോസിറ്റീവായ ചിന്തയാണ് ബിൻസിയെ നയിച്ചത്. കുടുംബം നൽകുന്ന സ്നേഹവും പിന്തുണയും ഉണ്ടെങ്കിൽ ഏതു തകർച്ചയിൽനിന്നും വിജയകരമായി ഉയിർത്തെഴുന്നേൽക്കാൻ സാധിക്കുമെന്നാണ് മാതൃദിനത്തിൽ ബിൻസിയുടെ ജീവിതം ഓർമപ്പെടുത്തുന്നത്.
SUNDAY DEEPIKA
320 ദശലക്ഷം വര്‍ഷംമുമ്പ് നിങ്ങളുടെ ജന്മനാട്, ഭൂമി എന്ന വിസ്മയഗ്രഹത്തില് എവിടെയായിരുന്നുവെന്നു കണ്ടെത്താന്‍ കഴിഞ്ഞാലോ? അദ്ഭുതപ്പെടേണ്ട, അതിനു കഴിയും. ഭൂമിയുടെ ഉപരിതലം നിരന്തരം ചലിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്നു നാം കാണുന്ന ഭൂഖണ്ഡങ്ങള്‍ ദശലക്ഷക്കണക്കിനു വര്‍ഷം മുമ്പു മറ്റൊരു രൂപത്തിലായിരുന്നുവെന്നും നമ്മള് പഠിച്ചിട്ടുണ്ട്. ഇന്നു നാം നില്ക്കുന്ന മണ്ണു സഞ്ചരിച്ച ദൂരങ്ങള്‍ മനസിലാക്കുന്ന പുതിയ പഠനങ്ങളിലാണ് നെതര്‍ലന്‍ഡിലെ ഉട്രെക്റ്റ് സര്‍വകലാശാലാ ഗവേഷകര്‍.
ശാസ്ത്രസംഘം വികസിപ്പിച്ചെടുത്ത പുതിയ "ഓണ്‍ലൈന്‍ ടൂള്‍' ഉപയോഗിച്ചാണ് ഇതു സാധ്യമാക്കുന്നത്. ഭൂമിയിലെ ഓരോ ഇടങ്ങളും മുമ്പ് എവിടെയായിരുന്നുവെന്ന് കണ്ടെത്താന്‍ സാധിക്കുമെന്നാണ് ഭൗമശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്.
ഭൂമിയിലെ ഏതു സ്ഥലത്തിന്റെയും 320 ദശലക്ഷം വര്‍ഷം വരെയുള്ള യാത്ര ഈ ടൂള്‍ വഴി കണ്ടെത്താന്‍ കഴിയും. പ്രഫ. ഡൗവെ വാന്‍ ഹിന്സ്ബെര്ഗന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ സംവിധാനം വികസിപ്പിച്ചതിനു പിന്നില്‍. ഭൂഖണ്ഡങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് "പാന്‍ജിയ' എന്ന മഹാഭൂഖണ്ഡമായി നിലനിന്നിരുന്ന കാലം തൊട്ടുള്ള മാറ്റങ്ങള്‍ ഇതിലൂടെ വ്യക്തമാകും.
ടെക്റ്റോണിക് പ്ലേറ്റുകള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതിനാല്‍, ഇന്നു നാം കാണുന്ന പല രാജ്യങ്ങളും പണ്ടു തികച്ചും വ്യത്യസ്തമായ കാലാവസ്ഥാമേഖലകളിലായിരുന്നു. ഉദാഹരണത്തിന്, നെതര്‍ലന്‍ഡില്‍ ഏകദേശം 245 ദശലക്ഷം വര്‍ഷംമുമ്പ് ഇന്നത്തെ പേര്‍ഷ്യന്‍ ഗള്‍ഫിനു സമാനമായ ഉഷ്ണമേഖലാ കാലാവസ്ഥയായിരുന്നുവെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
"ഉട്രെക്റ്റ് പാലിയോജിയോഗ്രഫി മോഡല്‍' എന്ന സങ്കേതമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. പണ്ടുകാലത്തെ പാറകളില്‍ പതിഞ്ഞുകിടക്കുന്ന കാന്തിക സിഗ്നലുകളെ വിശകലനം ചെയ്താണ് ശാസ്ത്രജ്ഞര്‍ ഭൂതകാല മാപ്പുകള്‍ പുനര്‍നിര്‍മിച്ചത്. ഭൂമിയുടെ കാന്തിക ധ്രുവങ്ങളുമായി പാറകള്‍ക്കുള്ള ബന്ധം ഇതില്‍നിന്നു മനസിലാക്കാന്‍ കഴിയും. അതുവഴി ഏത് അക്ഷാംശത്തിലാണു രൂപപ്പെട്ടതെനു മനസിലാക്കാനും സാധിക്കും.
വെറുമൊരു കൗതുകത്തിനപ്പുറം, ഭൂമിയുടെ ജൈവവൈവിധ്യം കാലാവസ്ഥാ വ്യതിയാനങ്ങളോടും വംശനാശത്തോടും എങ്ങനെ പ്രതികരിച്ചു എന്നു മനസിലാക്കാന്‍ ഈ സംവിധാനം സഹായിക്കും. പണ്ടു നടന്ന കാലാവസ്ഥാ വ്യതിയാനങ്ങളില്‍, ഏതൊക്കെ പ്രദേശങ്ങളാണ് ജീവജാലങ്ങള്‍ക്കു സുരക്ഷിതമായിരുന്നതെന്നു കണ്ടെത്താന്‍ പാലിയന്റോളജിസ്റ്റുകള്‍ക്ക് ഇതിലൂടെ സാധിക്കുന്നു.
ഭൂമിയുടെ ആഴത്തിലുള്ള ചരിത്രത്തെ ലളിതമായി മനസിലാക്കുക എന്നതാണ് ഗവേഷകരുടെ ലക്ഷ്യം. ഇന്നു നമ്മള് ചവിട്ടിനില്ക്കുന്ന മണ്ണ് സഞ്ചരിച്ച ദൂരങ്ങള്‍ തിരിച്ചറിയുന്നത്, പ്രകൃതിയെ കൂടുതല്‍ അടുത്തറിയാന്‍ നമ്മളെ തീര്‍ച്ചയായും സഹായിക്കും.
SUNDAY DEEPIKA
പാരമ്പര്യവും പൗരാണികതയും പേറുന്ന മഹത്തായ നിര്‍മിതികളുടെ ചരിത്രം നമ്മെ പലപ്പോഴും വിസ്മയിപ്പിക്കാറുണ്ട്. ഗുജറാത്തിലെ ജുനഗഡില്‍ സ്ഥിതിചെയ്യുന്ന അതിപുരാതനമായ ഉപ്പര്കോട്ട് കോട്ട ഈ ഗണത്തില്‍ പെടുത്താവുന്ന ഒന്നാണ്. 2300 വര്‍ഷത്തിലധികം പഴക്കമുള്ള ഈ കോട്ട ചരിത്രപരമായ പ്രാധാന്യത്തോടൊപ്പം തന്നെ അമാനുഷിക കഥകള്‍ക്കും പ്രസിദ്ധമാണ്.a
ബിസി 319ല്‍ മൗര്യ ചക്രവര്‍ത്തിയായ ചന്ദ്രഗുപ്ത മൗര്യനാണ് ഈ കോട്ട നിര്‍മിച്ചതെന്ന് കരുതപ്പെടുന്നു. പിന്നീട് പല കാലഘട്ടങ്ങളില്‍ ഇത് പുനരുദ്ധരിക്കപ്പെടുകയുണ്ടായി. ഏറെക്കാലം സകല പ്രൗഢിയോടെയും വിരാജിച്ച കോട്ട പിന്നീട് മൂന്നു ശതാബ്ദങ്ങളോളം വൃക്ഷലതാദികളാല്‍ മൂടപ്പെട്ട് പുറംലോകത്തിന് അജ്ഞാതമായി നിദ്രയിലാണ്ടു കിടന്നു. എഡി 976ല്‍ ചുദാസാമ രാജവംശത്തിലെ ഭരണാധികാരികളാണ് പിന്നീട് കോട്ട കണ്ടെത്തുന്നതും വീണ്ടെടുക്കുന്നതും.
നിരവധി യുദ്ധങ്ങള്‍ക്ക് മൂകസാക്ഷിയായ ഈ കോട്ട കീഴടക്കാന്‍ പലതവണ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ചരിത്രരേഖകള്‍ പ്രകാരം 16 തവണ ഈ കോട്ട ഉപരോധിക്കപ്പെട്ടു. ഒരിക്കല്‍ 12 വര്‍ഷം നീണ്ടുനിന്ന ഉപരോധത്തെപ്പോലും അതിജീവിക്കാന്‍ ഈ കോട്ടയ്ക്കു സാധിച്ചു.
കാലപ്പഴക്കത്തില്‍ തകര്‍ച്ച സംഭവിച്ചിട്ടുണ്ടെങ്കിലും കോട്ടയ്ക്കുള്ളില്‍ ഇന്നും കേടുപാടുകള്‍ കൂടാതെ നില്ക്കുന്ന ചില പ്രധാന ഭാഗങ്ങളുണ്ട്. അഡി-കഡി വാവ് എന്നറിയപ്പെടുന്ന പാറയില്‍ വെട്ടിമാറ്റി നിര്‍മിച്ച വലിയൊരു കിണറാണ് കോട്ടയ്ക്കുള്ളിലെ ഒരു സവിശേഷ നിര്‍മിതി. ഇതിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് രണ്ടു ദാസിമാരുടെ ബലിദാനത്തിന്റെ കഥകള്‍ പ്രചാരത്തിലുണ്ട്.
നവ്ഗാന് കുവാ എന്നറിയിപ്പെടുന്ന ആഴമേറിയ മറ്റൊരു കിണറും കോട്ടയ്ക്കുള്ളിലുണ്ട്. ശത്രുക്കള്‍ ഉപരോധിക്കുമ്പോള്‍ കോട്ടയ്ക്കുള്ളില്‍ വെള്ളം എത്തിക്കാന്‍ ഇത് സഹായിച്ചിരുന്നുവെന്നു പറയപ്പെടുന്നു.
ഈജിപ്തില്‍നിന്ന് കൊണ്ടുവന്നതെന്ന് കരുതപ്പെടുന്ന വലിയ പീരങ്കികള്‍ കോട്ടയുടെ മുകളില്‍ കാണാം. ഇതില്‍ "നീലം പീരങ്കി' ഏറെ പ്രസിദ്ധമാണ്. കോട്ടയുടെ താഴത്തെ ഭാഗത്ത് പാറകളില്‍ കൊത്തിയുണ്ടാക്കിയ അതിപുരാതനമായ ബുദ്ധമത ഗുഹകളും ഏറെ ചരിത്ര പ്രാധാന്യമര്‍ഹിക്കുന്നു.
ഭയപ്പെടുത്തുന്ന ചില കഥകളും ഉപ്പര്കോട്ട് കോട്ടയുമായി ബന്ധപ്പെട്ട് പ്രചാരത്തിലുണ്ട്. കോട്ടയ്ക്കുള്ളിലെ ആരാധനാലയത്തിന്റെ ഭാഗത്തും പഴയ കിണറുകള്‍ക്ക് സമീപവും രാത്രികാലങ്ങളില്‍ വിചിത്രമായ ശബ്ദങ്ങള്‍ കേള്‍ക്കാറുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
കോട്ടയുടെ ഉള്‍ഭാഗങ്ങളില്‍, പ്രത്യേകിച്ച് സൂര്യന് അസ്തമിച്ചതിനു ശേഷം അസ്വാഭാവികമായ തണുപ്പും ആരെങ്കിലും പിന്തുടരുന്നതു പോലെയുള്ള തോന്നലുകളും ഉണ്ടാകാറുണ്ടെന്ന് ചില വിനോദസഞ്ചാരികളും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കോട്ടയുടെ സുരക്ഷയ്ക്കായി പണ്ടുകാലത്ത് നടന്ന ബലികളുമായി ബന്ധപ്പെട്ട ആത്മാക്കള്‍ ഇപ്പോഴും അവിടെ അലഞ്ഞുതിരിയുന്നുണ്ടെന്നാണ് തദ്ദേശീയരുടെ വിശ്വാസം. എന്തൊക്കെയായാലും ഒരുകാലത്ത് പ്രതിരോധത്തിന്റെയും കരുത്തിന്റെയും പ്രതീകമായിരുന്ന ഈ ദുര്‍ഗം ഇന്ന് ഗുജറാത്തിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായാണ് നിലകൊള്ളുന്നത്.
SUNDAY DEEPIKA
ശാസ്ത്രജ്ഞർക്ക് അദ്ഭുതമായി, ആ ബാക്ടീരിയകൾ! അതിജീവനത്തിനായി വിചിത്രതന്ത്രങ്ങള് പയറ്റുന്ന സൂക്ഷ്മജീവികളെ കണ്ടെത്തിയതോ, ദശലക്ഷക്കണക്കിനു വര്‍ഷങ്ങളായി ഒറ്റപ്പെട്ടു കിടക്കുന്ന ഗുഹാന്തരങ്ങളിൽ!
ആധുനിക മരുന്നുകളെപ്പോലും പ്രതിരോധിക്കാന്‍ ശേഷിയുള്ള അതിപുരാതന ബാക്ടീരിയകൾ തെക്കന്‍ ന്യൂ മെക്സിക്കോയിലെ ചിഹുവാഹുവന് മരുഭൂമിക്ക് 1,604 അടി താഴെയുള്ള "ലെചുഗില്ല' ഗുഹയിലാണുള്ളത്.
മനുഷ്യവാസമോ, സൂര്യപ്രകാശമോ ഇല്ലാത്ത ഇരുണ്ട ലോകത്ത് അതിജീവനത്തിനായി പരസ്പരം കൊന്നും തിന്നും നടത്തുന്ന സൂക്ഷ്മജീവികളുടെ പോരാട്ടങ്ങൾ പുതിയ തരം ആന്റിബയോട്ടിക്കുകള്‍ കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ക്കു പ്രചോദനമാകുകയാണ്.
വിചിത്രമായ അതിജീവനം
ബാക്ടീരിയകള്‍ അത്യന്തം വിചിത്രമായ രീതികളാണ് അതിജീവനത്തിനായി സ്വീകരിക്കുന്നത്. ചിലത്, പാറകളില്‍നിന്ന് ഊര്‍ജം കണ്ടെത്തുമ്പോള്‍ മറ്റു ചിലത്, സഹജീവികളെ വേട്ടയാടി തിന്നുന്ന രീതിയാണ് പ്രകടിപ്പിക്കുന്നത്.
"മഴക്കാടുകളിലെ വേട്ടക്കാരെപ്പോലെ മറ്റു സൂക്ഷ്മജീവികളെ പിടികൂടി കുത്തിക്കൊല്ലുന്ന തരം ബാക്ടീരിയകളെ ഇവിടെ കാണാം' -അമേരിക്കയിലെ അലബാമ സര്‍വകലാശാല പ്രഫസര്‍ ഹാസല്‍ ബാര്ട്ടന് പറയുന്നു. ഇത്തരത്തിലുള്ള കടുത്ത മത്സരമാണ് ഇവയെ അത്ഭുതകരമായ പ്രതിരോധ ശേഷിയുള്ളവരാക്കി മാറ്റുന്നത്.
മരുന്നുകളെ തോല്‍പ്പിക്കും
ആധുനിക വൈദ്യശാസ്ത്രം ഇന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ "ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ്' അഥവാ മരുന്നുകളെ പ്രതിരോധിക്കാനുള്ള ശേഷി മനുഷ്യനിര്‍മിതമല്ലെന്ന് ഈ പഠനം തെളിയിക്കുന്നതായി ഒരുകൂട്ടം ഗവേഷകർ അഭിപ്രായപ്പെടുന്നു.
ദശലക്ഷക്കണക്കിനു വര്‍ഷം മുമ്പേ, ബാക്ടീരിയകള്‍ പ്രതിരോധിക്കാനുള്ള ജനിതകശേഷി ആര്‍ജിച്ചിരുന്നു. ഗുഹയില്‍നിന്നു കണ്ടെത്തിയ "പേനിബാസിലസ്' എന്നയിനം ബാക്ടീരിയകൾ, നാല്പത് ആന്റിബയോട്ടിക്കുകളില്‍ ഇരുപത്തിയാറ് എണ്ണത്തെയും പ്രതിരോധിക്കുന്നതായി കണ്ടെത്തി.
ഇതില്‍ മാരകമായ എംആര്‍എസ്എ ബാക്ടീരിയകള്‍ക്കെതിരേ അവസാനവട്ട മരുന്നായി ഉപയോഗിക്കുന്ന ഡാപ്റ്റോമൈസിന് പോലെയുള്ള ശക്തമായ മരുന്നുകളും ഉള്‍പ്പെടുന്നതായി ഗവേഷകർ പറഞ്ഞു.
പുതിയ മരുന്നുകൾ
മനുഷ്യസമ്പര്ക്കമില്ലാത്ത ഗുഹകളില്‍ മരുന്നുകളെ പ്രതിരോധിക്കുന്ന ജീനുകള്‍ കണ്ടെത്തിയത് ശാസ്ത്രലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. ബാക്ടീരിയകള്‍ ആര്‍ജിച്ച പ്രതിരോധ തന്ത്രങ്ങളെക്കുറിച്ചു പഠിക്കുന്നതുവഴി, ഭാവിയില്‍ സൂപ്പര്‍ ബഗുകളെ നേരിടാന്‍ പുതിയതരം ഔഷധങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണു ഗവേഷകര്‍.
SUNDAY DEEPIKA
സത്യവും വസ്തുതകളും ആദ്യമേ കൊല്ലപ്പെടുക എന്ന പതിവിനൊപ്പംതന്നെ നൂറുമടങ്ങ് എഐ പടങ്ങളും വീഡിയോകളും ജനിക്കുകയും പടർന്നുപന്തലിക്കുകയും ചെയ്യുന്നതിനും സാക്ഷ്യംവഹിക്കുന്നതായിരുന്നു, ഫെബ്രുവരി 28ന് പശ്ചിമേഷ്യയിൽ ആരംഭിച്ച ഇറാൻ-ഇസ്രയേൽ-അമേരിക്ക യുദ്ധം.
യാഥാർഥ്യമേത് വ്യാജമേത് എന്നു തിരിച്ചറിയാൻ ഏറെ പണിപ്പെടേണ്ടിവരുന്ന പടങ്ങളും വീഡിയോകളും സൃഷ്ടിക്കുന്നതിലുള്ള മികവ് അനുദിനം പുതുക്കിക്കൊണ്ടിരിക്കുന്ന നിർമിതബുദ്ധി ടൂളുകളുടെ വൻതോതിലുള്ള രംഗപ്രവേശത്തിനു ശേഷമുള്ള ആദ്യ യുദ്ധം, സ്വാഭാവികമായും ഐഐ യുദ്ധവുമായി എന്നതാണ് വസ്തുത.
യുദ്ധം ആരംഭിച്ചതോടെ ഇന്റർനെറ്റ്, വാർത്താവിനിമയ മാർഗങ്ങൾ ഏറെക്കുറെ പൂർണമായും റദ്ദായ/റദ്ദാക്കിയ ഇറാനിലും, അതീവ കർക്കശമായ സെൻസറിംഗ് നടപ്പാക്കിയ ഇസ്രയേലിലും ശരിക്കും നടക്കുന്നതെന്താണെന്ന് പുറംലോകം അറിയാതിരിക്കുകയോ, വളരെ വൈകിമാത്രം അറിയുകയോ ചെയ്ത പശ്ചാത്തലത്തിൽ, ആയുധങ്ങൾക്കൊപ്പം ആശയങ്ങൾക്കൊണ്ടുമുള്ള പോരിന് കരുത്തേകാൻ കൃത്രിമമാർഗങ്ങൾ തേടുകയെന്നത് സ്വാഭാവികവുമായി.
മുൻ യുദ്ധങ്ങളിൽനിന്നു വ്യത്യസ്തമായി, ഏറെക്കുറെ ആകാശത്തു മാത്രമായിരുന്ന പോരിൽ, ഐഐ പടങ്ങളും വീഡിയോകളും ഏറെയും വിമാനങ്ങളുടേയും മിസൈലുകളുടേയും ഡ്രോണുകളുടേതും ആവുകയും ചെയ്തു.
യുദ്ധത്തിലെ മൂന്നു പ്രധാന കക്ഷികളും ഇതിൽ ഒപ്പത്തിനൊപ്പം നിന്നു. ഡസൻ കണക്കിന് സേനാ വിമാനങ്ങൾ പാർക്ക് ചെയ്തിരുന്ന ഇറാന്റെ എയർബേസുകൾ പൂർണമായി നശിപ്പിച്ചുവെന്നും ടെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളം പാടേ തകർത്തുവെന്നും ഇസ്രയേലിന്റെ എഫ്35 പോർവിമാനം ഇറാൻ മിസൈലുകൾ വീഴ്ത്തിയെന്നുമൊക്കെയുള്ള നൂറുകണക്കിന് എഐ വീഡിയോകൾ യുദ്ധദിനങ്ങളിൽ പറന്നുനടന്നു. സത്യമേത് മിഥ്യയേത് എന്നു തിരിച്ചറിയാൻ പാടുപെട്ടവരാണ് ഏറെയും.
മുൻകാല യുദ്ധ, സംഘർഷ വാർത്താ റിപ്പോർട്ടുകളിൽനിന്നു വ്യത്യസ്തമായി, എഐയുടെ ആവിർഭാവത്തിനു ശേഷമുള്ള പൂർണതോതിലുള്ള യുദ്ധമായിരുന്നു ഇതെന്നത് വാർത്തകളിലെ നെല്ലും പതിരും വേർതിരിച്ചെടുക്കുന്നത് പലപ്പോഴും അസാധ്യവുമാക്കി.
എഐയ്ക്ക് ഒപ്പം പണ്ടത്തെപ്പോലെ മൈക്രോസോഫ്റ്റ് ഫ്ളൈറ്റ് സിമുലേറ്റർ ദൃശ്യങ്ങളും സത്യമെന്ന ഉറപ്പുനൽകലിന്റെ അകമ്പടിയോടെ സാമൂഹ്യ മാധ്യമങ്ങളിൾ യഥേഷ്ടവും ചിലപ്പോൾ മുഖ്യധാരാ വാർത്താ ചാനലുകളിലും പങ്കുവയ്ക്കപ്പെട്ടു.
ഇറാനിൽ വീണ അമേരിക്കയുടെ എഫ്15ഇ വിമാനത്തിന്റെ രണ്ടു പൈലറ്റുമാരിലൊരാളെ അമേരിക്കൻ സേന രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോകൾ, ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ടും റിപ്പബ്ലിക്കൻ പാർട്ടിയിലെ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗം മൈക്ക് ലോലെറും പങ്കുവച്ചത് എഐ ആയിരുന്നുവെന്ന് വ്യക്തമായത് ഏറെ വൈകിയാണ്.
"കാൾ ഓഫ് ഡ്യൂട്ടി’ എന്ന അതിപ്രശസ്തമായ വീഡിയോ ഗെയിമിലെ ഫ്രെയിമുകൾ പോലും, ഇറാനെതിരേയുള്ള അമേരിക്കയുടെ ആക്രമണരംഗങ്ങളെന്ന പേരിൽ വാർത്താ ചാനലുകൾക്ക് നൽകിയത് വൈറ്റ്ഹൗസിൽനിന്നു തന്നെയായിരുന്നു.
ടെൽ അവീവ് ഉൾപ്പെടെയുള്ള ഇസ്രയേൽ നഗരങ്ങളിൽ എയർപോർട്ടിൽ ഉൾപ്പെടെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ നാശനഷ്ടങ്ങളുണ്ടായി എന്നത് വാസ്തവമാണെന്നിരിക്കേ, തകർന്നകെട്ടിടങ്ങളുടെയും വിമാനത്താവളത്തിന്റെയും ദൃശ്യങ്ങളെന്ന പേരിൽ ഇറാന്റെ ഔദ്യോഗിക വാർത്താ ചാനലുകൾ നൽകിയ പല ക്ലിപ്പിംഗുകളും ഐഐ നിർമിതമായിരുന്നുവെന്നും പിന്നീട് വ്യക്തമായി.
SUNDAY DEEPIKA
ഉത്തരാഖണ്ഡിലെ പ്രശസ്ത ഹില്‍സ്റ്റേഷനായ മസൂറിയുടെ ശാന്തമായ വനപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു പഴയ ദേവാലയമാണ് സെന്റ് ജോര്‍ജ് പള്ളി. സംസ്ഥാനത്തെ ഏറ്റവും പഴക്കമേറിയതും ചരിത്രപ്രധാനവുമായ ക്രൈസ്തവ ദേവാലയങ്ങളില്‍ ഒന്നു കൂടിയാണിത്. ബ്രിട്ടീഷ് കൊളോണിയല്‍ കാലത്തിന്റെ സ്മരണകളുണര്‍ത്തുന്ന വാസ്തുവിദ്യയാല്‍ മനോഹരമായ ദേവാലയം ഇന്ന് ചരിത്ര സ്മരണകള്‍ക്കൊപ്പം ഭീതിയുടെ കേന്ദ്രമായിക്കൂടിയാണ് നിലകൊള്ളുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍, കൃത്യമായി പറഞ്ഞാല്‍ 1853ലാണ് ഈ പള്ളി സ്ഥാപിതമായത്. എന്നാല്‍ നിര്‍മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ 1826 മുതല്‍ തന്നെ ബ്രിട്ടീഷ് സൈനിക സെറ്റില്‍മെന്റുകള്‍ക്കൊപ്പം ആരംഭിച്ചിരുന്നു.
മുസൂറിയിലെ ലാന്‍ഡൂര്‍ കുന്നുകളിലെ ബലോറിലാ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ദേവാലയം ബ്രിട്ടീഷ് ആര്‍മിയിലെ എൻജിനീയര്‍മാരാണ് രൂപകല്പന ചെയ്തത്. ക്ലാസിക് ഗോഥിക് ശൈലിയിലാണ് നിര്‍മാണം.
ഈ വാസ്തുഭംഗി തന്നെയാണ് ദേവാലയത്തെ ആകര്‍ഷകമാക്കുന്നത്. പള്ളിയുടെ ജനലുകളില്‍ പതിപ്പിച്ചിരിക്കുന്ന ചായംപൂശിയ ഗ്ലാസുകള്‍ ബെല്‍ജിയത്തില്‍നിന്ന് ഇറക്കുമതി ചെയ്തതാണ്. സൂര്യപ്രകാശം ഇതിലൂടെ കടന്നുവരുമ്പോള്‍ പള്ളിക്കുള്ളില്‍ മനോഹരമായ വര്‍ണങ്ങള്‍ വിരിയുന്നു.
ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഒരു പൈപ്പ് ഓര്‍ഗന്‍ ഇന്നും ഇവിടെയുണ്ട്. ബ്രിട്ടീഷ് കാലഘട്ടത്തിലെ സംഗീത പാരമ്പര്യത്തിന്റെ അടയാളമാണിത്. പള്ളിക്കുള്ളിലെ അള്‍ത്താരയും ഇരിപ്പിടങ്ങളും മികച്ച ഗുണനിലവാരമുള്ള തേക്കും പൈന്‍ മരവും ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്.
തുടക്കത്തില്‍ മസൂറിയില്‍ വിശ്രമത്തിനും ചികിത്സയ്ക്കുമായി എത്തിയിരുന്ന ബ്രിട്ടീഷ് സൈനികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടിയാണ് ഈ പള്ളി തുറന്നുകൊടുത്തത്.
1853ല്‍ പട്രീഷ്യന്‍ ബ്രദേഴ്സ് ഇവിടെ സെന്റ് ജോര്‍ജ് കോളജ് സ്ഥാപിച്ചതോടെ, പള്ളി സ്കൂളിന്റെ ഭാഗമായി മാറി. ഇന്നും സ്കൂളിലെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ആത്മീയ കേന്ദ്രമാണിത്.
ബ്രിട്ടീഷ് വൈസ്രോയിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും മസൂറിയിലെ വേനല്‍ക്കാല വസതികളില്‍ താമസിക്കുമ്പോള്‍ ഈ പള്ളിയില്‍ ആരാധനയ്ക്കായി എത്താറുണ്ടായിരുന്നു.
എന്നാല്‍ പിന്നീട് പരിചരണക്കുറവു മൂലം ദേവാലയം തകര്‍ന്നുതുടങ്ങി. ഇതിനു പിന്നാലെയാണ് ഇവിടം പ്രേതകഥകളുടെ ഇടമായി മാറിയത്. പള്ളിയോടു ചേര്‍ന്നുകിടക്കുന്ന പഴയ ബ്രിട്ടീഷ് കാലഘട്ടത്തിലെ സെമിത്തേരിയാണ് ഭീതിയുടെ പ്രധാന കേന്ദ്രം.
18ഉം 19ഉം നൂറ്റാണ്ടുകളില്‍ മസൂറിയില്‍ കോളറയും മറ്റു മഹാമാരികളും പടര്‍ന്നുപിടിച്ചപ്പോള്‍ മരിച്ച നൂറുകണക്കിന് ബ്രിട്ടീഷ് പട്ടാളക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും ഇവിടെയാണ് അടക്കംചെയ്തിരിക്കുന്നത്.
രാത്രികാലങ്ങളില്‍ മഞ്ഞുമൂടിയ കല്ലറകള്‍ക്കിടയില്‍ വെളുത്ത വസ്ത്രംധരിച്ച രൂപങ്ങള്‍ നടക്കുന്നത് കണ്ടിട്ടുള്ളതായി സമീപവാസികള്‍ പറയാറുണ്ട്. പ്രത്യേകിച്ച്, അകാലത്തില്‍ മരിച്ച കുഞ്ഞുങ്ങളുടെ കരച്ചില് കാറ്റില്‍ കേള്ക്കാറുണ്ടെന്നത് ഇവിടത്തെ ഒരു പതിവുകഥയാണ്.
പള്ളിയിലെ പ്രശസ്തമായ പഴയ പൈപ്പ് ഓര്‍ഗനുമായി ബന്ധപ്പെട്ട് വിചിത്രമായ ചില അനുഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പള്ളി പൂട്ടിക്കഴിഞ്ഞ് അര്‍ധരാത്രിയില്‍ ആരുമില്ലാത്ത സമയത്ത് ഉള്ളില്‍നിന്ന് ഓര്‍ഗന്‍ സംഗീതം കേള്‍ക്കാറുണ്ടെന്ന് ചിലര്‍ അവകാശപ്പെടുന്നു.
പഴയ കാലത്തെ സൈനിക ചാപ്ലയിന്മാരുടെ ആത്മാക്കള്‍ ഇന്നും ആരാധന നടത്താന്‍ എത്തുന്നതാണെന്നാണ് പ്രാദേശിക വിശ്വാസം. സെന്റ് ജോര്‍ജ് കോളജിനും പള്ളിക്കും ചുറ്റുമുള്ള പാതകള്‍ രാത്രിയില്‍ അതീവ ഭയാനകമാണ്. മസൂറിയിലെ കനത്ത മഞ്ഞില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്ന നിഴല്രൂപങ്ങളെക്കുറിച്ച് സ്കൂളിലെ പഴയ വിദ്യാര്‍ഥികള്‍ക്കിടയില്‍ നിരവധി കഥകളുണ്ട്. പള്ളിയുടെ ഗോപുരത്തിനുമുകളില്‍ ചില രാത്രികളില്‍ വിചിത്രമായ വെളിച്ചം കാണാറുണ്ടെന്നും പറയപ്പെടുന്നു.
സെന്റ് ജോര്‍ജ് പള്ളി സ്ഥിതിചെയ്യുന്ന ലാന്‍ഡൂര്‍ പ്രദേശം തന്നെ നിഗൂഢതകള്‍ നിറഞ്ഞതാണ്. പള്ളിക്കടുത്തുള്ള റോഡിലൂടെ തലയില്ലാത്ത ഒരു ബ്രിട്ടീഷ് വനിത കുതിരപ്പുറത്ത് സഞ്ചരിക്കാറുണ്ടെന്നത് മസൂരിയിലെ ഏറ്റവും പ്രശസ്തമായ പ്രേതകഥയാണ്. ഈ ആത്മാവ് പള്ളിയുടെ പരിസരത്തും ദൃശ്യമാകാറുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
മസൂറിയിലെ സാധാരണ ടൂറിസ്റ്റ് പാതകളില്‍നിന്ന് അല്പം മാറിയിരിക്കുന്നതിനാല്‍ സാഹസിക സഞ്ചാരികളും ഫോട്ടോഗ്രാഫര്‍മാരുമാണ് ഇവിടെയെത്തുന്നവരില്‍ അധികവും.
ഒരു കാലഘട്ടത്തിന്റെ സ്മരണകളുണര്‍ത്തിക്കൊണ്ട്, പകല്‍ വെളിച്ചത്തില്‍ വിസ്മയിപ്പിക്കുന്ന ഗോഥിക് വാസ്തുവിദ്യയായി നിലകൊള്ളുന്ന ഈ ദേവാലയം, രാത്രിയുടെ പുതപ്പിനുള്ളില്‍ ഒരു നിഗൂഢ സാമ്രാജ്യമായി മാറുന്നുവെന്ന് പലരും വിശ്വസിക്കുന്നു.
അര്‍ധരാത്രിയില്‍ ലാന്‍ഡൂര്‍ കുന്നുകളെ പുണരുന്ന മഞ്ഞില്‍, അദൃശ്യമായ വിരലുകള്‍ ഓര്‍ഗന്‍ കട്ടകളില്‍ സംഗീതം മീട്ടുമെന്നുകേട്ടാൽ നമുക്കതു കഥയെന്നു തള്ളിക്കളയാം. എന്നാല്‍ ഈ കഥകൾ വിശ്വസിക്കുന്നവരാണ് പ്രദേശവാസികളില്‍ അധികവും.
SUNDAY DEEPIKA
പ്രശസ്ത തമിഴ്-മലയാളം എഴുത്തുകാരൻ നീല പത്മനാഭന്റെ വിഖ്യാത നോവൽ "തലൈമുറകൾ' അറുപതാം വർഷത്തിൽ...
വീട്ടിനകത്ത് അടുക്കളയിൽ നാഗു അക്കൻ കമിഴ്ന്നുകിടന്ന് തേങ്ങിത്തേങ്ങി കരയുന്നുണ്ട്. തിരവിയെ കണ്ടപ്പോൾ കരച്ചിൽ വർധിച്ചു. പാപ്പാത്തി അത്ത കിടന്നു ചാടിക്കൊണ്ടിരുന്നു. “എന്തിനെടീ കെടന്നു നിലവിളിക്കണത്? നിന്നെ ഇവിടെ ആരെങ്കിലും കൊല്ലണോ? ഇംസിക്കണോ? ഈ വീട്ടില്‍ ഇത്തറ ദിവസം നീ ഇരുന്നല്ലോടീ, നിനക്ക് എന്തരു കൊറ അവൻ വരുത്തി? ഇവിടെ വരുമ്പോ നീ കിറുഞ്ചികിറുഞ്ചിയല്യോടീ ഇരുന്നത്. നീ പെണ്ണിന്റെ പരുവത്തിലായതുതന്നെ ഇവിടെ വന്നിട്ടല്ല്യോ.
പിന്നെ കൊഴുപ്പ് കേറിക്കേറി നീ ചെറിയ തുടിപ്പാണാ തുടിച്ചത്? വേറൊരുത്തനായിരുന്നെങ്കി അന്നു തന്നെ നിന്നെപ്പിടിച്ച് കറകറാന്നു വെളിയിൽത്തള്ളി കതകു അടച്ചുകളയുമായിരുന്നു... അവൻ ഒരു പാവം... അതുകൊണ്ട് അവൻ നോക്കി. ആറുമാസവും നോക്കി... പോയ ജമ്മത്തു നീ എന്തരു പാവം ചെയ്തൂട്ടോ എന്തോ. ഇപ്പം ദൈവംതന്നെ നിന്നെ ഇങ്ങനെ സൃഷ്ടിച്ചുകളഞ്ഞൂ..”
തിരവിയ്ക്കു ഒന്നും പിടികിട്ടില്ല. എന്താണ്? അക്കന് എന്താണ് ഒരു കുറവ്?. നാഗമ്മയുടെ അമ്മായിഅമ്മ പാപ്പാത്തിയുടെ ശകാരം കേട്ടുനിന്ന തിരവിയുടെ അപ്പാവ് നാഗരുപിള്ളയ്ക്ക് ഒന്നും മനസിലായില്ല. “അതെന്തരെന്നാണ് ഞാൻ കേക്കണത്? കല്യാണം കഴിച്ചുകൊടുത്ത് ആറുമാസമിരിക്കും. ഇപ്പം വന്ന് ഇങ്ങനെ പെണ്ണുവേണ്ടാ, വിളിച്ചോണ്ടു പോ എന്നു പറഞ്ഞാ ഇതെന്തരു വെള്ളരിക്കാപട്ടണമാ...?” അപ്പാവ് നെഞ്ചുരുകി ചോദിക്കുകയും ചെയ്തു.
നാഗമ്മയുടെ ഭർത്താവ് ശിവാനന്ദ പെരുമാളും (ശെവന്ത പെരുമാൾ) വിട്ടുകൊടുക്കാൻ ഭാവമില്ലായിരുന്നു. “ഇപ്പം എനിയ്ക്കൊന്നും ഇല്ലാ, തല്ലിയുടച്ചു പറവാൻ. എന്നാൽ നാളെ പെണ്ണിന്റെ പ്രാക്കു വരരുതെന്ന് വച്ചു തന്നെയാണ് ഞാൻ ഇങ്ങനെയൊക്കെ ചുറ്റിവളച്ചു പറയണത്. എന്തിന്? ഒരു ലേഡീ ഡോക്ടറുടെയടുത്ത് അവളെ കൊണ്ടുചെന്നു പരിശോധിച്ചിറ്റ്... വേണ്ട, വേണ്ട ഞാനൊന്നും പറയണില്ല... മിണ്ടാതെ അവളെ വിളിച്ചോണ്ട് പോവൂടണം.”
നീല പത്മനാഭന്റെ തലൈമുറകൾ എന്ന നോവലിന്റെ കവാടം നമ്മൾ തുറക്കുകയാണ്. പ്രശസ്ത തമിഴ് - മലയാളം സാഹിത്യകാരനായ നീല പത്മനാഭൻ എഴുതിയ ഇതിഹാസ നോവലിന്റെ...
വിവാഹം കഴിഞ്ഞ് ആറുമാസത്തിനു ശേഷം ഭർത്താവ് ഉപേക്ഷിച്ച നാഗമ്മ ഇപ്പോൾ മുന്നിലുണ്ട്. നാഗമ്മയുടെ അനുജൻ തിരവിയും, അപ്പാവ് നാഗരുപിള്ളയും ചുറ്റും എന്താണ് സംഭവിക്കുന്നതെന്നുപോലും അറിയാതെ പകച്ചുനിൽക്കുകയാണ്. കീഴത്തെരുവിലെ ഏക്കി മാടൻപിള്ളയും നാട്ടുകാരും മധ്യസ്ഥരായി നില്‍ക്കുന്നുമുണ്ട്. വിവാഹം കഴിഞ്ഞ് ആറുമാസത്തിനു ശേഷം ഭർത്താവ് ഉപേക്ഷിച്ച നാഗമ്മ ഇപ്പോൾ മുന്നിലുണ്ട്. നാഗമ്മയുടെ അനുജൻ തിരവിയും, അപ്പാവ് നാഗരുപിള്ളയും ചുറ്റും എന്താണ് സംഭവിക്കുന്നതെന്നുപോലും അറിയാതെ പകച്ചുനിൽക്കുകയാണ്. കീഴത്തെരുവിലെ ഏക്കി മാടൻപിള്ളയും നാട്ടുകാരും മധ്യസ്ഥരായി നില്‍ക്കുന്നുമുണ്ട്.
തിരവിയുടെ ഈ അങ്കലാപ്പ്, ചോദ്യങ്ങൾ നീല പത്മനാഭന്റെ നെഞ്ചിൽ അമ്പ് പോലെ ഒരിക്കൽ തറച്ചതാണ്- തിരുവനന്തപുരത്തെ കോളേജ് ഓഫ് എൻജിനീയറിംഗിൽ നീല പത്മനാഭൻ ഇലക്ട്രിക്കൽ എൻജിനീയറിംഗ് വിദ്യാർഥിയായിരുന്ന കാലത്ത്!
അയൽവീട്ടിലെ കൗമാരക്കാരിയെ അവളുടെ ഭർത്താവും വീട്ടുകാരും ചേർന്ന് നടതള്ളിയ പാതിരാത്രിയിൽ തിരവിയെപ്പോലെ നീല പത്മനാഭനും അമ്പരന്നു നിന്നു. അന്നു ഉള്ളിൽക്കൊളുത്തിയ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടിയുള്ള യാത്രയാണ് തലൈമുറകൾ എന്ന നോവലിന് ആധാരമെന്നു പറയാം.
നീല പത്മനാഭന്റെ മാസ്റ്റർപീസെന്ന് പല സാഹിത്യ നിരൂപകൻമാരും വിലയിരുത്തുന്ന തലൈമുറകൾ 1966 ഫെബ്രുവരി രണ്ടിനാണ് നോവലിസ്റ്റ് എഴുതി തുടങ്ങുന്നത്. അതായത് ഇന്നേയ്ക്ക് അറുപതു വർഷം മുൻപ്. അന്ന് നീല പത്മനാഭന് ഇരുപത്തിയെട്ട് വയസാണ്.
അതേ വർഷം സെപ്തംബർ മൂന്നിന് നോവൽ പൂർത്തിയായി. ഇടവിട്ടും, തുടർന്നുമുള്ള രചനയായിരുന്നു. രചനയ്ക്കെടുത്തത് വെറും മുപ്പത്തിയേഴ് ദിവസങ്ങൾ മാത്രം. 1968 ഫെബ്രുവരിയിൽ പുസ്തകം പുറത്തുവന്നു. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ജർമൻ, റഷ്യൻ എന്നീ ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ട തലൈമുറകൾക്കു ലോകമെമ്പാടും വായനക്കാരുണ്ട്.
ആധുനിക ഇന്ത്യൻ സാഹിത്യത്തിലെ ഏറ്റവും മികച്ച പത്തു നോവലുകളിൽ ഒന്നായി പ്രശസ്ത തമിഴ് എഴുത്തുകാരനും നിരൂപകനുമായ കാ.നാ. സുബ്രഹ്മണ്യം തെരഞ്ഞെടുത്ത കൃതിയാണ് തലൈമുറകൾ.
തിരവിയിലെ ആത്മാംശം
നോവലിസ്റ്റിന്റെ കരൾ പിഴിഞ്ഞെടുത്ത നോവലിലെ തിരവി ഒരർഥത്തിൽ നീല പത്മനാഭൻ തന്നെയാണ്. തിരുവനന്തപുരം നഗരത്തിലെ ചെന്തിട്ട പ്രദേശത്താണ് നീല പത്മനാഭന്റെ ജനനം. കന്യാകുമാരി ജില്ലയിലെ ഇരണിയലിൽ വേരുകളുള്ള കുടുംബത്തിൽ. തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു അന്ന് ഇരണിയലും. നോവലിൽ ഏഴൂരു ചെട്ടിയാർമാരുടെ പാരമ്പര്യത്തിന്റെ ഗർവും ചുമന്നു നടക്കുന്ന വൈധവ്യത്തിനന്റെ വെള്ളത്തുണി ചുറ്റിയ തിരവിയത്തിന്റെ പ്രിയപ്പെട്ട മുത്തശി ഉണ്ണാമല ആച്ചി ഈ പൈതൃകത്തിന്റെ ഭാഗമാണ്.
തിരുവിതാംകൂറിന്റെ തെക്കുഭാഗത്ത് നിലനിന്ന ഒരു പ്രത്യേക ഭാഷാ ശൈലിയിൽ, ചെട്ടിയാർ സമുദായത്തിന്റെ ജീവിത പശ്ചാത്തലത്തിൽ തലമുറകളുടെ കഥ പറയുന്നു നീല പത്മനാഭൻ. എന്നാൽ അക്കഥയുടെ വേരുകൾ നീണ്ടുപടരുന്നത് സമസ്തകാലത്തിലേക്കും, ഇന്നു തുടരുന്ന നെറികേടുകളിലേക്കുമാണ്.
തിരവിയുടെ കാഴ്ചകളിലൂടെയും ഓർമകളിലൂടെയുമാണ് നാഗമ്മ എന്ന ദുരന്ത കഥാപാത്രത്തെ വായനക്കാർ കാണുന്നത്. നാഗമ്മ തന്നിലേക്ക് എത്തിയ കഥ നീല പത്മനാഭന്റെതന്നെ വാക്കുകളിലൂടെ കേൾക്കാം.
“എൻജിനീയറിംഗ് അവസാന വർഷ പരീക്ഷയുടെ തലേരാത്രിയാണ് ഞാനാ സംഭവത്തിനു സാക്ഷിയാകുന്നത്. എനിക്കേറെ പ്രിയപ്പെട്ട എന്റെ ആച്ചി അക്കാലത്ത് സുഖമില്ലാതെ കിടക്കുകയാണ്. ഉള്ളിൽ ആ വേദനയുമായിരുന്നാണ് പഠിക്കുന്നത്. പെട്ടെന്നാണ് അടുത്ത വീട്ടിൽനിന്ന് ഉറക്കെയുള്ള ആക്രോശങ്ങളും കരച്ചിലും കേട്ടത്.
കഷ്ടിച്ച് 17 വയസുള്ള പെൺകുട്ടിയെ ഭർത്താവിന്റെ വീട്ടുകാർ അവളുടെ വീട്ടിലേക്ക് മടക്കിക്കൊണ്ട് വന്നിരിക്കുകയാണ്. "ഇവൾ ഒരു പെണ്ണല്ല' എന്നും "സംശയമുണ്ടെങ്കിൽ ആശുപത്രിയിൽ കൊണ്ടുപോയി പരിശോധിക്കൂ’ എന്നുമൊക്കെ ഭർത്താവും ബന്ധുക്കളും അട്ടഹസിക്കുന്നുണ്ട്. മെലിഞ്ഞ് വിളർത്ത പെൺകുട്ടി ഒരു പ്രതിമ പോലെ നിൽക്കുന്നത് ഞാൻ കണ്ടു. വാതിൽപ്പടിമേൽ തളർന്നിരിക്കുകയാണ് പെൺകുട്ടിയുടെ അച്ഛൻ. ചേലത്തുമ്പുകൊണ്ട് വായ്പൊത്തി കരച്ചിലടക്കുന്നു അമ്മ.'
എന്തൊക്കെയോ ശാപവാക്കുകൾ പറഞ്ഞിട്ട് ഭർതൃവീട്ടുകാർ ഒരു കൊടുങ്കാറ്റ് പോലെ മടങ്ങിപ്പോയി. അന്നു രാത്രി എനിക്കു പഠിക്കുവാൻ കഴിഞ്ഞില്ല. എന്റെ ചെറുപ്പത്തിൽ വളരെ യാഥാസ്ഥിതികമായിരുന്നു ഗ്രാമവും സമുദായവും.
കൗമാരക്കാരികളായ പെൺകുട്ടികളെ (കൊമരികൾ) അന്ന് പുറത്തിറങ്ങുവാൻ അനുവദിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പാവാടയും ദാവണിയുമണിഞ്ഞ ആ കുട്ടിയെ ദൂരെനിന്നു മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ.
പെൺകുട്ടിക്ക് എന്തെങ്കിലും വൈകല്യമുള്ളതായി എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. അക്കാലത്ത് വിവാഹിതയായ ഒരു പെൺകുട്ടിയെ ഭർത്താവ് ഉപേക്ഷിക്കുന്നത് മരണത്തിനു തുല്യമാണ്. അപമാനഭാരംകൊണ്ട് പെൺകുട്ടിയുടെ കുടുംബവും ആരോരുമറിയാതെ ഗ്രാമം ഉപേക്ഷിച്ച് എങ്ങോട്ടോ പോയി.
അധികം വൈകാതെ അവളുടെ ഭർത്താവ് വേറെ വിവാഹം കഴിക്കുകയും ചെയ്തു. നാളുകൾ കടന്നപ്പോൾ ഞങ്ങളുടെ ഗ്രാമവും ആ പെൺകുട്ടിയെ മറന്നു. എനിയക്കു പക്ഷേ, അർധരാത്രിയിൽ ശാപവാക്കുകൾക്കുനടുവിൽ ഒന്നു കരയാൻപോലുമാകാതെ വിറങ്ങലിച്ചുനിന്ന എന്റെ അയൽക്കാരിയെ മറക്കാനേകഴിഞ്ഞില്ല.
നിഷ്കളങ്കയായ കൗമാരക്കാരിയെ ഉപേക്ഷിച്ച ഭർത്താവിനെ ഞാൻ വെറുത്തു. അയാളുടെ ക്രൂരതയും സ്വഭാവദൂഷ്യവുമാണ് പെൺകുട്ടിക്കുനേരെയുള്ള ആരോപണത്തിനു പിന്നിൽ എന്നു ഞാൻ വിശ്വസിച്ചു. ആ പെൺകുട്ടിയുടെ കണ്ണുകളിൽ ഞാൻ കണ്ട ദൈന്യതയാണ് നാഗമ്മ എന്ന കഥാപാത്രത്തെ എനിക്കു നല്‍കുന്നത്.”
ജീവിതഗാഥ
1966ൽ നാഗമ്മയെ കേന്ദ്രകഥാപാത്രമാക്കി നീല പത്മനാഭൻ നോവലിന്റെ ഇഴകൾ നെയ്യുമ്പോൾ അവിടെ തലമുറകൾ സംഗമിക്കുകയായിരുന്നു. തമിഴിൽ വേരുകളാഴ്ന്ന മലയാളത്തിൽ ജീവിക്കുന്ന കുറേ മനുഷ്യരുടെ പച്ചയായ ജീവിതം നോവലിസ്റ്റ് തുറന്നുവച്ചു.
അവരുടെ ആചാരങ്ങളും, അന്ധമായ ചില വിശ്വാസങ്ങളും അഭിമാനവും, ദുരഭിമാനവും എല്ലാം. തിരവിയുടെ അമ്മ കുട്ടിയമ്മയും കുനാംങ്കാണി പാട്ടാവും പാട്ടാവിന്റെ ഭാര്യമാരായ പൊണമു ആച്ചിയും അണഞ്ചിപ്പിള്ള ആച്ചിയും, പിന്നെ തായിചിത്തിയും കോലാപ്പാ ചിത്തപ്പയും നിലാപ്പിള്ള ചിത്തിയും തിരവിയുടെ അനിയത്തി ശാലവും തലമുറകളിൽ ഇഴചേർന്നു.
തന്റെ അയൽക്കാരി പെൺകുട്ടി കന്നിപ്പെണ്ണായി സ്വന്തം വീടിന്റെ ഇരുമ്പഴിക്കുള്ളിൽ ഞെരിഞ്ഞമർന്ന കാലം നോവലിസ്റ്റ് അറിഞ്ഞിട്ടില്ല. എന്നാൽ അവൾ നാഗമ്മയായി മാറിയപ്പോൾ ചായ്പ്പുമുറിയിൽ ഇരുട്ടുമൂലയിൽ തന്നെ എപ്പോഴുമിരുന്നു.
"ആണുങ്ങൾ ആരും ഇല്ലാത്തസമയത്ത് അടുക്കള, തൊട്ടിക്കെട്ട് ഇവിടെയൊക്കെ പോകുമെന്നുള്ളതൊഴിച്ച് നടുത്തിണ്ണയിലേക്കുപോലും വന്നുകൂട. വെളിയിലും വെട്ടത്തിലും പൊയ്ക്കൂടല്ലോ. കന്നിപ്പെണ്ണല്ല്യോ...’ എന്ന് തിരവിയുടെ ഹൃദയം പറയുന്നുമുണ്ട്.
കുടുംബനാഥനായ തെരവിയുടെ അപ്പാവിന്റെ നടുവൊടിച്ചുകൊണ്ട് നാഗമ്മയുടെ വിവാഹം പൊടിപൂരമാകുന്നതും വായനക്കാർ കണ്ടു. കാപ്പുകെട്ടും, കുരവയും.. പിന്നെ മാമ്പഴനിറത്തിലെ മൂഹൂർത്തപ്പട്ട് ഉടുത്തിരുന്ന് നാഗമ്മ എന്ന കൗമാരക്കാരി തിരുമംഗല്യച്ചാർത്ത് അണിയുന്നതും...
ഓരോ ചടങ്ങിനും പാപ്പാത്തി അത്ത കണക്കുപറഞ്ഞ് വരദക്ഷിണച്ചുരുൾ (വരന് നല്കുന്ന സ്ത്രീധനം) വാങ്ങുന്നതും ഞെട്ടലോടെയാണ് വായനക്കാർ കണ്ടത്. ചെന്തിട്ട ഗ്രാമംവിട്ട് എങ്ങോട്ടോ പോയ്മറഞ്ഞ അയൽക്കാരിക്ക് പിന്നീട് എന്തുസംഭവിച്ചുവെന്ന് നീല പത്മനാഭനും അറിയില്ല.
തലമുറകളിലെ നാഗമ്മ പക്ഷേ ദുരന്തങ്ങളിൽനിന്നു ദുരന്തങ്ങളിലേക്ക് നടന്നുകൊണ്ടിരിക്കുകയായിരുന്നു. രണ്ടാമത് വിവാഹിതനാകുന്ന ശെവന്ത പെരുമാളിന്റെ വീട്ടിലേക്ക് കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കാനായി നാഗമ്മയെകൊണ്ടുവിടുന്നുണ്ട്. "ലാക്ഷസീര’ വീട്ടിൽ നാഗമ്മ നേരിടുന്ന യാതനകൾ മീൻകാരി വെള്ളാച്ചിയാണ് പറയുന്നത്.
“ആ എഴവെടുത്ത ചെട്ടിയാരു പുത്തൻ പൊണ്ടാട്ടി ആ ശിങ്കാരീര കൂടെയും മാപ്പിളയെ അടിച്ചോടിച്ചില്ല്യോ ആ ചൂവ. നിങ്ങടെ ബന്തക്കാരി അവളുടെ കൂടെയും ചേർന്നോണ്ട് നാഗുവിനെയിട്ട് ബയങ്കര അടിയല്യോ അടിയ്ക്കണത് അമ്മോ...''
നാഗമ്മയെ പുനർവിവാഹം ചെയ്യാൻ ധൈര്യംകാണിച്ച കുറ്റാലം എന്ന ചെറുപ്പക്കാരനെ ശെവന്തപെരുമാൾ കൊല ചെയ്യുന്നതോടെ ആ ദുരന്തചക്രം പൂർണമാവുകയാണ്.
പരീക്ഷയുടെ തലേന്നാൾ പഠിച്ചുകൊണ്ടിരിക്കുമ്പോൾ നീല പത്മനാഭൻ കേട്ട "ഇവൾ പെണ്ണല്ല..’ എന്ന ആക്രോശത്തിനുള്ള ഉത്തരം നോവലിൽ തന്നെയുണ്ട്. നാഗമ്മയെ പരിശോധിച്ച ഡോ. റോസമ്മ തിരവിയോട് പറയുന്നുത് ""നിന്റെ മച്ചുനൻ ഒരു മണ്ടൻ’ എന്നാണ്. ശിവാനന്ദ പെരുമാളിന്റെ ബലഹീനതയാണ് നാഗമ്മയ്ക്കു നേരെയുള്ള ആരോപണമായി മാറിയതെന്നുള്ള സത്യത്തിൽ തിരവി എത്തുന്നിടത്തു കാവ്യനീതി നടത്തപ്പെടുന്നു.
ഒടുവിൽ തന്റെ അയൽക്കാരി പെൺകുട്ടി ഗ്രാമം വിട്ടുപോയതുപോലെ കീഴത്തെരുവുവിട്ട് ദൂരേക്ക് എങ്ങോ നാഗമ്മയെയും കുടുംബത്തെയും നീലപത്മനാഭൻ യാത്രയാക്കുകയാണ്. അങ്ങനെ, നോവലിസ്റ്റിന്റെ ഹൃദയത്തിനേറ്റ മുറിവ് ആയിരമായിരം വായനക്കാർ ഏറ്റുവാങ്ങുന്നു...
SUNDAY DEEPIKA
ഓണസദ്യപോലെ കേമം പറയാനില്ലെങ്കിലും വിഷുവിനും രുചിക്കൂട്ടുകൾക്കു പ്രാധാന്യമുണ്ട്. കണികണ്ടു കൈനീട്ടവും വാങ്ങി കൊതിയൂറുന്ന വിഭവങ്ങൾ ആസ്വദിക്കാം. ഇതാ ഏതാനും വിഷുക്കറികൾ...
1. തക്കാളി കിച്ചടി
ചേരുവകൾ:
പച്ച തക്കാളി- 5 എണ്ണം
ഉപ്പ്- പാകത്തിന്
തൈര്- ഒരു കപ്പ്
പച്ചമുളക്- 2 എണ്ണം
തേങ്ങ ചുരണ്ടിയത്- 1 കപ്പ്
കടുക്- അര ടീസ്പൂണ്‍
ജീരകം, ഉലുവ- കാൽ കപ്പ് വീതം
ഉണക്കമുളക്- 2 എണ്ണം
എണ്ണ- 2 ടീ സ്പൂണ്‍
തയാറാക്കുന്ന വിധം:
തക്കാളി കഴുകി കനംകുറച്ച് അരിയുക. ഇതിൽ ഉപ്പും വേകാൻ ആവശ്യത്തിനു വെള്ളവും ചേർത്ത് വേവിച്ചു വാങ്ങുക. തേങ്ങാ ചുരണ്ടിയതിൽ പച്ചമുളകും ജീരകവും ചേർത്ത് വെണ്ണപോലെ അരയ്ക്കുക. കടുക് (കാൽ ടീസ്പൂണ്‍) ചതച്ച് ഇതിൽ ചേർക്കുക. ഈ അരപ്പ് തൈരിൽ ചേർത്തിളക്കി വെന്ത കഷണത്തോടൊപ്പം ചേർക്കുക.
ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാക്കി കാൽ ടീസ്പൂണ്‍ വീതം കടുകും ഉലുവയും ഇടുക. ഉണക്കമുളക് രണ്ടായി മുറിച്ചതിട്ട് വറുക്കുക. കടുക് പൊട്ടിയാൽ കൂട്ട് ചേർത്ത കഷണം ഇതിലേക്കു പകർന്ന് ഒരു തിളവന്നാൽ ഉടൻ വാങ്ങാം.
2. ഇടിച്ചക്ക- മുളപ്പയർ തോരൻ
ചേരുവകൾ:
ഇടിച്ചക്ക- അര കിലോ
പയർ മുളപ്പിച്ചത്- അര കപ്പ്
ഉപ്പ്- പാകത്തിന്
മഞ്ഞൾപ്പൊടി-
മുക്കാൽ ടീസ്പൂണ്‍
തേങ്ങ ചുരണ്ടിയത്- ഒന്നര കപ്പ്
മുളകുപൊടി- ഒരു ടീസ്പൂണ്‍
ജീരകം, കടുക്, ഉഴുന്ന്-
കാൽ ടീസ്പൂണ്‍ വീതം
വെളുത്തുള്ളി- 3 അല്ലി
കറിവേപ്പില- 2 തണ്ട്
ഉണക്കമുളക്- 2 എണ്ണം
എണ്ണ- ഒരു ടേബിൾ സ്പൂണ്‍
തയാറാക്കുന്ന വിധം:
ഇടിച്ചക്കയുടെ മുള്ളു ചെത്തി ഇടത്തരം വലിപ്പമുള്ള കഷണങ്ങളാക്കി കഴുകി വാരുക. ഇതിൽ ഉപ്പും മഞ്ഞളും ചേർത്ത് പാകത്തിനു വെള്ളമൊഴിച്ച് വേവിച്ചു വാങ്ങുക. ചക്ക നന്നായി ചതയ്ക്കുക. ഇതിൽ മുളപ്പിച്ച ചെറുപയർ ചേർക്കുക.
തേങ്ങ, ജീരകം, മുളകുപൊടി, വെളുത്തുള്ളി, ഒരു തണ്ട് കറിവേപ്പില എന്നിവ നന്നായി ചതച്ച് വെന്ത കഷണത്തോടൊപ്പം ചേർത്ത് നന്നായി ഇളക്കുക.
എണ്ണ ചൂടാക്കിയ ചീനച്ചട്ടിയിൽ ഒഴിച്ച് ചൂടാക്കി കടുക്, ഉഴുന്ന്, രണ്ടായി മുറിച്ച ഉണക്കമുളക്, ഒരു തണ്ട് കറിവേപ്പില എന്നിവയിട്ട് നന്നായിളക്കി കടുക് പൊട്ടിയാൽ കൂട്ടു ചേർത്ത കഷണം ഇതിലേക്ക് കുടഞ്ഞിട്ട് നന്നായി ഉലർത്തി വാങ്ങുക.
3. കൈതച്ചക്ക- ഈന്തപ്പഴം പച്ചടി
ചേരുവകൾ:
കൈതച്ചക്ക- കാൽ കിലോ
ഈന്തപ്പഴം (കുരു നീക്കയത്)- 4 എണ്ണം
ഉപ്പ്- പാകത്തിന്
തൈര്- 1 കപ്പ്
മഞ്ഞൾപ്പൊടി- അര ടീ സ്പൂണ്‍
മുളകുപൊടി- ഒരു നുള്ള്
ചുരണ്ടിയ തേങ്ങ- ഒരു കപ്പ്
പച്ചമുളക്- 2 എണ്ണം
കടുക്- അര ടീസ്പൂണ്‍
ഉലുവ- കാൽ ടീസ്പൂണ്‍
ഉണക്കമുളക്- രണ്ടായി മുറിച്ചത്, രണ്ടെണ്ണം
എണ്ണ- 2 ടീസ്പൂണ്‍
കറിവേപ്പില- 2 തണ്ട്
തയാറാക്കുന്ന വിധം:
കൈതച്ചക്കയുടെ തൊലിയും കൂഞ്ഞിയും ചെത്തി കഴുകി ചെറു കഷണങ്ങളായി അരിയുക. ഈന്തപ്പഴം ചെറുതായി അരിയുക. കൈതച്ചക്ക അരിഞ്ഞതിൽ ഉപ്പും മഞ്ഞളും വേകാൻ പാകത്തിന് വെള്ളവും ചേർത്ത് വേവിച്ചു വാങ്ങുക. തേങ്ങ, പച്ചമുളക്, കാൽ ടീസ്പൂണ്‍ കടുക് എന്നിവ വെണ്ണപോലെ അരച്ച് തൈരിൽ കലക്കുക. ഇത് വെന്ത കഷണത്തോടൊപ്പം ചേർക്കുക. ഈന്തപ്പഴം അരിഞ്ഞതും കറിവേപ്പില ചതച്ചതും ചേർക്കാം.
എണ്ണ ചൂടാക്കി കടുക് (കാൽ ടീസ്പൂണ്‍), ഉലുവ, ഉണക്കമുളക്, ഒരു തണ്ട് കറിവേപ്പില എന്നിവയിട്ട് വറുത്ത് കടുകു പൊട്ടിയാൽ കറി ഇതിൽ ചേർത്ത് തിളപ്പിച്ചു വാങ്ങുക.
4. ഏത്തക്കായ- ചക്കക്കുരു എരിശേരി
ചേരുവകൾ:
ഏത്തക്കായ- ഒരെണ്ണം
ചക്കക്കുരു- 5-8 എണ്ണം
മുരിങ്ങയ്ക്ക- ഒരെണ്ണം
ഉപ്പ്- പാകത്തിന്
മഞ്ഞൾപ്പൊടി-
മുക്കാൽ ടീസ്പൂണ്‍
തേങ്ങ ചുരണ്ടിയത്- ഒന്നര കപ്പ്,
ഒരു ടേബിൾ സ്പൂണ്‍
മുളകുപൊടി- ഒരു ടീസ്പൂണ്‍
കുരുമുളക്- 4 എണ്ണം
വെളുത്തുള്ളി- 3 അല്ലി
കറിവേപ്പില- 2 തണ്ട്
ഉണക്കമുളക്- 2 എണ്ണം,
രണ്ടായി മുറിച്ചത്
കടുക്, ഉഴുന്ന്-
കാൽ ടീസ്പൂണ്‍ വീതം
എണ്ണ- ഒരു ടേബിൾ സ്പൂണ്‍
തയാറാക്കുന്ന വിധം:
ഏത്തക്കായയുടെ പുറംതൊലി ചെത്തി രണ്ടായി നെടുകെ കീറി അരയിഞ്ച് കനത്തിൽ അരിയുക. വെള്ളത്തിലിട്ട് കറ നീക്കുക. മുരിങ്ങയ്ക്ക നീളത്തിൽ അരിയുക. ചക്കക്കുരുവിന്റെ തൊലി കളഞ്ഞ് വട്ടത്തിൽ അരയിഞ്ച് കനത്തിൽ അരിയുക.
ഇവയെല്ലാം കഴുകിവാരി ഉപ്പും മഞ്ഞളും ആവശ്യത്തിനു വെള്ളവും ചേർത്ത് വേവിച്ചു വാങ്ങുക. ഒന്നര കപ്പ് തേങ്ങ, കുരുമുളക്, മുളകുപൊടി എന്നിവ തരുതരുപ്പായി അരയ്ക്കുക. ചതച്ച വെളുത്തുള്ളിയും ഒരു തണ്ട് കറിവേപ്പിലയും ചേർക്കുക. ഇത് വെന്ത കഷണത്തോടൊപ്പം ചേർക്കുക.
അല്പം എണ്ണയിൽ ഒരു ടേബിൾ സ്പൂണ്‍ തേങ്ങയിട്ട് വറുത്തു കോരുക. ഒരു ടേബിൾ സ്പൂണ്‍ എണ്ണയിൽ കടുക്, ഉഴുന്ന്, ഉണക്കമുളക്, ഒരു തണ്ട് കറിവേപ്പില എന്നിവയിട്ട് വറുത്ത് കടുകു പൊട്ടിയാൽ കറി ഇതിലേക്കൊഴിച്ച് തിളപ്പിച്ചു വാങ്ങുക. വറുത്ത തേങ്ങയിട്ട് അലങ്കരിക്കുക.
SUNDAY DEEPIKA
മരണത്തിൽനിന്നു ജീവിതത്തിലേക്കു തിരിച്ചുവന്ന നിമിഷം. ഈ അനുഭവം ദസ്തയേവ്സ്കിയെ പുതിയൊരു മനുഷ്യനാക്കി മാറ്റി. അന്നുമുതൽ ഓരോ ദിവസവും ഓരോ പുതിയ സമ്മാനമായിട്ടാണ് അദ്ദേഹത്തിനു തോന്നിയത്. ഓരോ സൂര്യോദയവും ഓരോ സംഭാഷണവും ഓരോ ചെറിയ അനുഭവവും- എല്ലാം വിലപ്പെട്ടതായി അദ്ദേഹത്തിനു മാറി. തന്റെ ജീവനുൾപ്പെടെ എല്ലാം ദൈവത്തിന്റെ സമ്മാനമായി അദ്ദേഹം കണ്ടു.
നോവലിസ്റ്റ്, ചെറുകഥാകൃത്ത്, ജേർണലിസ്റ്റ്, തത്വചിന്തകൻ എന്നിങ്ങനെ വിവിധ രീതികളിൽ പ്രശോഭിച്ച റഷ്യൻ സാഹിത്യകാരനാണ് ഫിയദോർ ദസ്തയേവ്സ്കി (1821-1881).
മനുഷ്യന്റെ ആത്മസംഘർഷം, പാപബോധം, വിശ്വാസം, മോചനം എന്നിങ്ങനെ വിവിധ വിഷയങ്ങൾ അദ്ദേഹം അതിമനോഹരമായി തന്റെ രചനകളിൽ പ്രതിഫലിപ്പിച്ചിട്ടുണ്ട്. എന്നാൽ, ജീവിതത്തിലുണ്ടായ ഒരനുഭവമാണ് അദ്ദേഹത്തിന്റെ ചിന്തകളെ പൂർണമായും മാറ്റിമറിച്ചത്.
ദസ്തയേവ്സ്കി യുവാവായിരുന്നകാലത്ത് മോസ്കോയിലെ പുരോഗമന ചിന്താഗതിക്കാരുടെ ബൗദ്ധിക കൂട്ടായ്മയിൽ അംഗമായിരുന്നു.
ചക്രവർത്തിഭരണത്തിലെ അനീതികളും സമൂഹത്തിനാവശ്യമായ നവീകരണവുമൊക്കെയായിരുന്നു അവരുടെ ചർച്ചാവിഷയം. പലപ്പോഴും ചർച്ചചെയ്തിരുന്നതു നിരോധിക്കപ്പെട്ട എഴുത്തുകാരുടെ രചനകളായിരുന്നു. ഭരണകൂടത്തെ വിമർശിക്കുന്നതു രാജ്യദ്രോഹമായി കരുതപ്പെട്ടിരുന്ന കാലമായിരുന്നു അത്.
തന്മൂലം ദസ്തയേവ്സ്കിയും അദ്ദേഹത്തിന്റെ കൂട്ടുകാരും അറസ്റ്റ് ചെയ്യപ്പെട്ടു. നീതിപീഠം അവർക്കു വിധിച്ചതു വധശിക്ഷയായിരുന്നു. 1849ലെ ഒരു തണുത്ത ഡിസംബർ പ്രഭാതത്തിൽ അദ്ദേഹത്തെയും മറ്റു തടവുകാരെയും ഒരു പൊതുമൈതാനത്തിലേക്കു കൊണ്ടുപോയി. വെടിവച്ചുകൊല്ലാൻവേണ്ടി അവരെ തൂണുകളിൽ കെട്ടി നിർത്തി. തോക്കേന്തിയ സൈനികർ വധശിക്ഷ നടപ്പാക്കാനുള്ള കല്പനയ്ക്കായി കാത്തുനിന്നു.
നിമിഷങ്ങൾക്കുള്ളിൽ എല്ലാം അവസാനിക്കും എന്നോർത്തപ്പോൾ ദസ്തയേവ്സ്കിയുടെ മനസു പിടഞ്ഞു. ആ നിമിഷങ്ങളിൽ മനസിലൂടെ കടന്നുപോയ ചിന്തകളെക്കുറിച്ച് പിന്നീടദ്ദേഹം ഇപ്രകാരം എഴുതി:
""ജീവിതം എത്ര മനോഹരമാണ്. ഓരോ നിമിഷവും എത്രമാത്രം വിലപ്പെട്ടത്! ഇത്രയുംനാൾ അവയൊന്നും വിലമതിക്കാതെ ജീവിച്ചു. ഇനി ജീവിക്കാൻ കുറേ നിമിഷങ്ങൾകൂടി മാത്രം ലഭിച്ചാൽ മതിയായിരുന്നു. എങ്കിൽ അതു ശരിയായ രീതിയിൽ ജീവിക്കുവാൻ ശ്രമിക്കുമായിരുന്നു!''
ദസ്തയേവ്സ്കിയുടെ മനസിലൂടെ ഈ ചിന്തകൾ കടന്നു പൊയ്ക്കൊണ്ടിരിക്കുന്പോൾ ചക്രവർത്തിയുടെ ഒരു ദൂതൻ ഓടിയെത്തി. മരണശിക്ഷ റദ്ദാക്കിയെന്നും അതിനുപകരം അദ്ദേഹത്തെയും സഹതടവുകാരെയും സൈബീരിയയിൽ കഠിനതടവിനു വിധിച്ചിരിക്കുന്നു എന്നുമായിരുന്നു സന്ദേശം.
മരണത്തിൽനിന്നു ജീവിതത്തിലേക്കു തിരിച്ചുവന്ന നിമിഷം. ഈ അനുഭവം ദസ്തയേവ്സ്കിയെ പുതിയൊരു മനുഷ്യനാക്കി മാറ്റി. അന്നുമുതൽ ഓരോ ദിവസവും ഓരോ പുതിയ സമ്മാനമായിട്ടാണ് അദ്ദേഹത്തിനു തോന്നിയത്. ഓരോ സൂര്യോദയവും ഓരോ സംഭാഷണവും ഓരോ ചെറിയ അനുഭവവും- എല്ലാം വിലപ്പെട്ടതായി അദ്ദേഹത്തിനു മാറി. തന്റെ ജീവനുൾപ്പെടെ എല്ലാം ദൈവത്തിന്റെ സമ്മാനമായി അദ്ദേഹം കണ്ടു.
ഇനി നമ്മുടെ ജീവിതത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കാം. പലപ്പോഴും എത്രയോ ലാഘവത്തോടെയാണ് നാം ജീവിതത്തെ കാണുന്നത്. നമ്മുടെ ജീവനും, ജീവിതത്തിലെ ഓരോ നിമിഷവും ദൈവത്തിന്റെ ദാനമായി നാം കാണാറുണ്ടോ? നമ്മുടെ എല്ലാ കാര്യങ്ങളും ശരിയാക്കാൻ ഏറെ സമയമുണ്ടെന്നല്ലേ നാം പലപ്പോഴും കരുതുന്നത്? അക്കാരണത്താലല്ലേ അകന്നുപോയ സ്നേഹബന്ധങ്ങൾ പുതുക്കാനും മറ്റുള്ളവരോടു സ്നേഹപൂർവം ക്ഷമിക്കാനും വിവിധ നന്മപ്രവൃത്തികൾ ചെയ്യാനുമൊക്കെ നാം മടിച്ചുനിൽക്കുന്നത്?
ദസ്തയേവ്സ്കിക്കു തന്റെ ജീവൻ നഷ്ടപ്പെടുമെന്ന അവസ്ഥ വന്നപ്പോഴാണ് സ്വന്തം ജീവിതത്തിന്റെ വില മനസിലായത്. അങ്ങനെയൊരവസരം ഉണ്ടായിട്ടുവേണോ നമ്മളും ജീവന്റെ വില മനസിലാക്കാൻ? ""ഞങ്ങളുടെ ദിവസങ്ങൾ എണ്ണുവാൻ ഞങ്ങളെ പഠിപ്പിക്കണമേ'' (സങ്കീ 90:12) എന്ന് സങ്കീർത്തകൻ പ്രാർഥിക്കുന്നുണ്ട്.
അദ്ദേഹത്തിന്റെ മാതൃക പിന്തുടർന്നു പ്രാർഥിച്ചാൽ ദൈവം തന്നിരിക്കുന്ന ജീവന്റെ യഥാർഥ മൂല്യം നാമും മനസിലാക്കും. അതനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്താൻ നാം തയാറാവുകയും ചെയ്യും.
ഇനി ദസ്തയേവ്സ്കിയുടെ കഥയിലേക്കു മടങ്ങിവരട്ടെ. ദൈവാനുഗ്രഹംകൊണ്ട് ജീവൻ തിരിച്ചുകിട്ടിയ അദ്ദേഹം എപ്പോഴും അക്കാര്യത്തെക്കുറിച്ച് ബോധവാനായിരുന്നോ? സൈബീരിയയിലെ കഠിനതടവിൽനിന്നു മോചിതനായ അദ്ദേഹം ഒരു കാലഘട്ടത്തിൽ അമിതമായ പുകവലിക്കും ചൂതാട്ടത്തിനും അടിമയായിമാറി എന്നത് ചരിത്രവസ്തുതയാണ്.
എന്നാൽ തന്റെ ഈ വീഴ്ചകൾക്കിടയിലും ദൈവവിശ്വാസം അദ്ദേഹം വെടിഞ്ഞില്ല. എന്നുമാത്രമല്ല ആഴമുള്ള ഒരു ക്രൈസ്തവവിശ്വാസിയായിട്ടാണ് അദ്ദേഹം മരിച്ചത്. കാരണം ജീവനും ജീവിതത്തിലെ ഓരോ നിമിഷവും ദൈവത്തിന്റെ ദാനമാണെന്നത് അദ്ദേഹം വിസ്മരിച്ചില്ല.
അദ്ദേഹത്തിനുണ്ടായിരുന്ന ഈ ബോധ്യം ജീവിതത്തിൽ നമുക്കും ഉണ്ടായാൽ വീഴ്ചകൾക്കിടയിലും നാം ആഴത്തിൽ പ്രാർഥിക്കും. നാം കൂടുതൽ സ്നേഹിക്കും. വേഗത്തിൽ ക്ഷമിക്കും. മറക്കാതെ നന്മപ്രവൃത്തികൾ ചെയ്യും. അങ്ങനെ നാം ജീവിതം പൂർണമായി ജീവിക്കുകയും ചെയ്യും.
SUNDAY DEEPIKA
കഴിഞ്ഞ ഞായറാഴ്ചത്തെ ചില പത്രങ്ങളിൽ അധികമാരും വായിച്ചിരിക്കാനിടയില്ലാത്ത ഒരു വിമാന വാർത്തയുണ്ടായിരുന്നു.
മാർച്ച് 28 ശനിയാഴ്ച, ബംഗളുരുവിൽനിന്ന് വാരാണസിയിലേക്ക് വരികയായിരുന്ന ഇൻഡിഗോയുടെ ഒരു എയർബസ് എ321-252എൻഎക്സ് വിമാനം VT-IRW (ഫ്ളൈറ്റ് നമ്പർ 6ഇ185) രാത്രി എട്ടേകാലിന് പറന്നു പൊങ്ങി പതിനഞ്ചു മിനിറ്റു കഴിയുമ്പോഴേക്കും മുഹമ്മദ് അഡ്നാൻ എന്ന യാത്രക്കാരൻ സീറ്റിൽ നിന്നെഴുന്നേറ്റുചെന്ന് വിമാനത്തിന്റെ എമർജൻസി വാതിലിന്റെ പിടിയിൽ കൈവച്ചു.
കാബിൻ ക്രൂ ഓടിച്ചെന്നപ്പോഴേക്ക്, അബദ്ധം പറ്റിയതാണ് എന്നു പറഞ്ഞ അഡ്നാനോട് ഇനി അതിലൊന്നും പിടിക്കാൻ നിൽക്കേണ്ടെന്ന് പറഞ്ഞ് സീറ്റിലേക്ക് തിരികെ വിടുകയും ചെയ്തു.
എന്നാൽ വാരാണസി വിമാനത്താവളത്തിൽ വിമാനം ഇറങ്ങുന്നതിന് തൊട്ടുമുമ്പ്, രാത്രി 10.22ന് അഡ്നാൻ വീണ്ടും വിമാന വാതിലിൽ പിടുത്തമിട്ട് വലിച്ചുതുറക്കാൻ ശ്രമംതുടങ്ങി. പരിഭ്രാന്തരായ ഫ്ളൈറ്റ് അറ്റൻഡന്റുമാർ അഡ്നാനെ വാതിലിൽനിന്ന് പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ പൈലറ്റിനെ വിവരമറിയിച്ചു.
റൺവേയിൽനിന്ന് വെറും 500 അടി പൊക്കത്തിലായിരുന്ന വിമാനം പൈലറ്റുമാർ അപ്പോൾത്തന്നെ 2500 അടിയിലേക്ക് ഉയർത്തി. അപ്പോൾ സമയം 10.24 ആയിരുന്നു. അഡ്നാൻ ഇനി കുഴപ്പമുണ്ടാക്കില്ല എന്നുറപ്പാക്കാൻ, വരാണസിക്കുമീതേ ഒന്നു വട്ടംചുറ്റി വിമാനം 10.35ന് സുരക്ഷിതമായി ലാൻഡു ചെയ്തു.
വിമാനം പറക്കുന്നതിനിടെ വാതിൽ തുറന്നാൽ അത് അപകടമാണെന്ന് എല്ലാവർക്കും അറിയാമെങ്കിലും, മേൽപ്പറഞ്ഞതത്രയും വായിച്ചു കഴിയുമ്പോൾ സ്വാഭാവികമായും ചില സംശയങ്ങളുണ്ടാകാം.
പറക്കലിനിടെ വിമാന വാതിൽ തുറക്കാൻ കഴിയുമോ?
വിമാനം നല്ല പൊക്കത്തിൽ പറക്കുമ്പോൾ തുറക്കാനാവില്ല എന്നുതന്നെയാണ് ഉത്തരം. ക്രൂസിംഗ് ഓൾട്ടിറ്റ്യൂഡ് എന്നു സാധാരണ പറയുന്ന 35,000 അടി ഉയരത്തിൽ പറക്കുന്ന ഒരു വിമാനത്തിന്റെ വാതിൽ തുറക്കുന്നത് മനുഷ്യ സാധ്യമല്ല.
രണ്ടു കാരണങ്ങളാണ്
-ആദ്യം അകത്തേക്കു വലിച്ച് പിന്നെ പുറത്തേക്കു തള്ളിയാണ് വിമാന വാതിൽ തുറക്കുന്നത് എന്ന കാര്യം.
-വിമാനത്തിന്റെ ഉള്ളിലെ ക്രമീകരിച്ച വായു മർദവും വൻ ഉയരത്തിൽ തീരെ നേർത്ത വായുവുള്ള അന്തരീക്ഷത്തിന്റെ മർദവും തമ്മിലുള്ള വ്യത്യാസം. പുറത്തെ വായുവിനേക്കാൾ ഏകദേശം 7.5 പിഎസ്ഐ കൂടുതൽ മർദം അകത്തുണ്ടാകുമെന്നതിനാൽ, 1.8 മീറ്റർ പൊക്കവും 0.8 മീറ്റർ വീതിയുമുള്ള വിമാന വാതിലിൽ ഈ മർദവ്യത്യാസം ചെലുത്തുന്ന സമ്മർദം 77,000 ന്യൂട്ടൺ അഥവാ 7,800 കിലോഗ്രാം വരും. തുറക്കാനായി വാതിൽ അകത്തേക്കു വലിക്കണമെങ്കിൽ ഏഴര ടൺ ബലം പ്രയോഗിക്കേണ്ടിവരും എന്നർഥം.
പിന്നെ എന്തിനാണ് കാബിൻ ക്രൂ പരിഭ്രാന്തരായത്?
അഡ്നാൻ രണ്ടാമത് വാതിലിൽ പിടിച്ചുവലിച്ച സമയമാണ് കുഴപ്പം. വാരാണസി റൺവേയിലേക്ക് താഴ്ന്നുകൊണ്ടിരുന്ന വിമാനം വെറും 500 അടി ഉയരത്തിലായിരുന്നു അപ്പോൾ എന്നത് ഓർക്കുക. ലാൻഡ് ചെയ്യാൻ വരുന്ന വിമാനം ഈ പൊക്കത്തിലാകുമ്പോൾ അകത്തെയും പുറത്തെയും അന്തരീക്ഷ മർദം ഏകദേശം ഒരുപോലെയായിക്കഴിയും. കുറ്റിയുടേയും കൊളുത്തിന്റെയും മെക്കാനിസം അറിഞ്ഞാൽ, ആ പൊക്കത്തിൽ വാതിൽ തുറക്കാൻ പ്രയാസമില്ല എന്നർഥം.
കാബിൻ ക്രൂവിൽനിന്ന് വിവരം അറിഞ്ഞ പൈലറ്റുമാർ ലാൻഡിംഗ് വേണ്ടെന്നുവച്ച് വിമാനം ഉടനടി 2500 അടി പൊക്കത്തിലേക്ക് ഉയർത്തിയത് വിമാനത്തിന് അകത്തെയും പുറത്തെയും മർദങ്ങൾ തമ്മിൽ വ്യത്യാസം ഉണ്ടാക്കാൻ വേണ്ടിയായിരുന്നോ?
അല്ല എന്നാണ് ഉത്തരം. 2500 അടിപ്പൊക്കത്തിൽ പുറത്തേ അന്തരീക്ഷവായുവും വിമാനത്തിനകത്തെ വായുവും തമ്മിൽ കാര്യമായ മർദവ്യത്യാസമൊന്നും ഉണ്ടാവുകയില്ല. കൂടിയാൽ 0.2 പിഎസ്ഐ. വാതിലിലെ തള്ളൽ പരമാവധി 300 കിലോഗ്രാം. ആഞ്ഞു വലിച്ചാൽ തുറക്കാനാവുന്നതേയുള്ളു എന്നർഥം.
വാതിൽ തുറക്കാതിരിക്കാനുള്ള മർദം സൃഷ്ടിക്കാനല്ല, ലാൻഡ് ചെയ്യുന്ന നേരത്തുള്ള അനിശ്ചിതത്വവും പ്രശ്നങ്ങളും ഒഴിവാക്കാനാണ് പൈലറ്റുമാർ പറന്നുകയറിയത് എന്നതാണ് വാസ്തവം. 500 അടി പൊക്കത്തിൽ, ലാൻഡ് ചെയ്യുന്നതിനു തൊട്ടുമുമ്പ്, എയർഹോസ്റ്റസുമാരുടെ പിടിവിടുവിച്ച് അഡ്നാൻ വാതിൽ തുറന്നിരുന്നെങ്കിൽ ഉള്ളിലേക്കുള്ള വായു പ്രവാഹത്തിൽ കാബിനുള്ളിൽ കുഴപ്പങ്ങളുണ്ടാകാം.
യാത്രക്കാരോ കാബിൻ ക്രൂവോ പുറത്തേക്കു തെറിച്ചുവീഴാം. ലാൻഡ് ചെയ്യുന്ന നേരം ചെയ്യേണ്ട അനേകം കാര്യങ്ങളിൽനിന്ന് പൈലറ്റുമാരുടെ ശ്രദ്ധ വ്യതിചലിക്കാം. വിമാനം മൊത്തം അപകടത്തിൽപ്പെടാം.
2500 അടിയിലേക്കു പറന്നു കയറുമ്പോൾ, പൈലറ്റുമാർക്കും കാബിൻ ക്രൂവിനും എല്ലാറ്റിനും അല്പം സാവകാശം കിട്ടുകയാണ്. പറന്നു കയറുന്നതിനിടെ ഇനി വാതിൽ തുറന്നുപോയാലും ലാൻഡ് ചെയ്യുന്നതിനിടെ തുറക്കുന്നത്ര അപകടസാധ്യതയും ഇല്ല. അഞ്ചോ പത്തോ മിനിറ്റ് ചുറ്റിപ്പറക്കുന്നതിനിടെ യാത്രക്കാരനെ പിടിച്ചുമാറ്റാനും പിടിച്ചിരുത്താനും സമയമുണ്ട്. പൈലറ്റുമാർക്ക് വീണ്ടും സാവകാശത്തിൽ സുരക്ഷിതമായി പറന്നിറങ്ങുകയും ചെയ്യാം.
സംഭവത്തിന് ദുരൂഹതയുടെ നിറം കൊടുക്കുന്ന ഒരു അനുബന്ധം വാർത്തകളിലുള്ളത് കൂടി പറയാതിരിക്കുന്നതെങ്ങനെ: വിമാനത്താവളത്തിൽ സിഐഎസ്എഫിന് കൈമാറിയ, ഉത്തർപ്രദേശിലെ മാവു ജില്ലക്കാരനായ അഡ്നാന് പറയാനുണ്ടായിരുന്നത് ഒരേയൊരു കാര്യമായിരുന്നു- ഭൂതബാധയാണ് തന്നെക്കൊണ്ട് ഇങ്ങിനെയെല്ലാം ചെയ്യിച്ചതെന്ന്!
SUNDAY DEEPIKA
എഴുത്തുവഴികളിലെ പരിചിതനാമവും വചനവേദികളിലെ സൗമ്യസാന്നിധ്യവുമാണ് ഫാ. മൈക്കിൾ പനച്ചിക്കൽ വിസി. അദ്ദേഹം രചിച്ചത് എഴുനൂറിലേറെ ഗാനങ്ങൾ. ആദ്യഗാനം റെക്കോർഡ് ചെയ്തിട്ട് അന്പതാണ്ടുകൾ തികയുന്നു...
1976. കൊച്ചിൻ ആർട്സ് ആൻഡ് കമ്യൂണിക്കേഷൻസിലെ ഒരു ഗായകൻ പാടിയ "നിത്യത തീർക്കുന്ന നിമിഷങ്ങളേ, സ്വർഗം തുറക്കുന്ന നിമിഷങ്ങളേ' എന്നു തുടങ്ങുന്ന ഭക്തിഗാനംകേട്ട് ഗാനഗന്ധർവൻ യേശുദാസ് പറഞ്ഞു: ""വളരെ നല്ല പാട്ട്. അർഥസന്പുഷ്ടം. നമ്മൾ ഇറക്കാൻപോകുന്ന എൽപി ഡിസ്കിൽ ചേർത്താലോ? ഞാൻതന്നെ പാടി ചേർക്കാം.'' അതുകേട്ട ഗാനരചയിതാവായ യുവവൈദികന് സന്തോഷവും അഭിമാനവും തോന്നി.
അദ്ദേഹം പെട്ടെന്ന് സമ്മതം കൊടുത്തു. മൈക്കിൾ പനച്ചിക്കൽ എന്ന വിൻസൻഷ്യൻ വൈദികനായിരുന്നു ആ ഗാനരചയിതാവ്. അദ്ദേഹം രചിച്ച ആദ്യത്തെ ഗാനം അങ്ങനെ 1977 ഡിസംബർ 10ന് യേശുദാസിന്റെ ശബ്ദത്തിൽ പുറത്തുവന്നു. ആ ഗാനം റെക്കോർഡ് ചെയ്തിട്ട് അരനൂറ്റാണ്ടാകുന്നു...
ഗാനത്തിന്റെ പിറവിയുടെ ഓർമയിൽ പനച്ചിക്കലച്ചൻ സംസാരിക്കുന്നു...
വിൻസൻഷ്യൻ സഭയുടെ പുനരുദ്ധാരണത്തിന്റെ ജൂബിലി വർഷമായിരുന്നു 1976. ഒരു ജൂബിലി ഗാനത്തിന് ഞങ്ങൾ ആബേലച്ചനെ സമീപിച്ചു. വലിയ തിരക്കിലായിരുന്ന അച്ചൻ ഒരാഴ്ച കഴിഞ്ഞു ചെല്ലാൻ പറഞ്ഞു. പറഞ്ഞ സമയമായിട്ടും തിരക്കുമൂലം അച്ചന് എഴുതാൻ കഴിഞ്ഞിരുന്നില്ല.
എന്നെ ചൂണ്ടി ഇളന്പാശേരിൽ അച്ചനോട് ആബേലച്ചൻ പറഞ്ഞു- "ഈ അച്ചന് ഭാവന ഉണ്ടല്ലോ, അച്ചൻ എഴുതട്ടെ..' ഇളന്പാശേരിൽ അച്ചന്റെ പ്രോത്സാഹനത്തോടെ ഞാൻ എഴുതി. വരികൾ കാണിച്ചപ്പോൾ ആബേലച്ചന് ഇഷ്ടമായി. അങ്ങനെ ജെറി അമൽദേവിന്റെ ഈണത്തിൽ ഗാനം പിറന്നു.
കൊച്ചിൻ ആർട്സ് ആൻഡ് കമ്യൂണിക്കേഷൻസിലാണ് റെക്കോർഡ് ചെയ്തത്. യേശുദാസ് ആ പാട്ടുപാടാൻ താത്പര്യം പ്രകടിപ്പിച്ചത് എനിക്കു വലിയ അഭിമാനമായി. അദ്ദേഹം സൗജന്യമായാണ് പാടിയത്. ദൈവപുത്രൻ എന്ന എൽപി ഡിസ്ക്കിൽ ചേർക്കുകയും ചെയ്തു. കേരളം മുഴുവൻ ആ പാട്ട് ഏറ്റുപാടി.
എഴുത്തുവഴികളിലെ പരിചിതനാമവും വചന വേദികളിലെ സൗമ്യസാന്നിധ്യവുമാണ് അച്ചൻ ഇന്ന്. ദീപിക പത്രത്തിൽ "സൂര്യഗ്രഹണം' എന്ന തുടർനോവൽ പ്രസിദ്ധീകരിച്ച വൈദിക വിദ്യാർഥി, "കന്മഴ പെയ്യുന്പോൾ' എന്ന ചലച്ചിത്രം നിർമിച്ച പുരോഹിതൻ, സ്വന്തമായി നാടക ട്രൂപ്പുണ്ടാക്കിയ സന്യാസി, ദൃശ്യമാധ്യമങ്ങളെ ദുരുപയോഗിച്ച് ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് അബദ്ധങ്ങൾ പ്രചരിപ്പിക്കുന്നവരെ സത്യം അറിയിക്കുവാൻ "ഫ്രീഡം ടിവി' എന്ന ചാനൽ നടത്തിയയാൾ... അച്ചന്റെ വിശേഷണങ്ങൾ നരവധി.
തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ നാവെനിക്കെന്തിന് നാഥാ, നിത്യത തീർക്കുന്ന നിമിഷങ്ങളേ, മേലേ മാനത്തെ ഈശോയേ... എന്നിവ തുടങ്ങി മനസിനെയും ആത്മാവിനെയും ചിന്തകളെയും പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്ന 700 ലേറെ ഗാനങ്ങൾ പിറന്ന ഭാവനയ്ക്ക് സുവർണജൂബിലിയുടെ പ്രഭ.
ഓരോ ഗാനവും പിറക്കുന്നത്
ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള, അങ്ങേയറ്റം ഹൃദ്യവും ലളിതവും സന്പുഷ്ടവുമാണ് പനച്ചിക്കലച്ചന്റെ രചനാശൈലി. ഓരോ ഗാനവും പിറക്കുന്നത് ഓരോ സാഹചര്യത്തിലാണെന്ന് അച്ചൻ ഓർക്കുന്നു. എല്ലാം പ്രാർഥനയിൽനിന്നും, ക്രിസ്തുരഹസ്യങ്ങളെക്കുറിച്ചും ജീവിതയാഥാർഥ്യങ്ങളെക്കുറിച്ചുമുള്ള മനനങ്ങളിൽനിന്നും ഉയിർകൊണ്ടവയാണ്. കരിസ്മാറ്റിക് ധ്യാനങ്ങളിൽ വന്നാലും കൈ ഉയർത്തി പാടാനും മറ്റും മടിക്കുന്ന വിശ്വാസികളെ സജീവരാക്കാൻ എഴുതിയതാണ് "തിരുനാമ കീർത്തനം പാടുവാനല്ലെങ്കിൽ' എന്ന ഗാനം.
കത്തോലിക്കാ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ മുഖപത്രം എന്നു വിശേഷിപ്പിക്കാവുന്ന "വചനോത്സവ'ത്തിന്റെ സ്ഥാപക പത്രാധിപരാണ് പനച്ചിക്കലച്ചൻ. വചനോത്സവം എന്ന പേരും പിറന്നത് അച്ചന്റെ ഹൃദയത്തിലാണ്. അങ്കമാലി ഹൗസിലെ പ്രൊക്യുറേറ്റർ, വിവിധ ആശ്രമങ്ങളിൽ സുപ്പീരിയർ, പോപ്പുലർ മിഷൻ ഡയറക്ടർ, നോവിസ് മാസ്റ്റർ, വികാർ പ്രൊവിൻഷ്യൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ധ്യാനങ്ങൾ തുടങ്ങി സഭ ഏൽപ്പിച്ച എല്ലാ നിയോഗങ്ങളും നിറവേറ്റിക്കൊണ്ടാണ് അച്ചൻ മാധ്യമങ്ങളിലൂടെയുള്ള സുവിശേഷ പ്രവർത്തനം നടത്തിയത്.
അവാർഡുകൾ
സഭയും സമൂഹവും എണ്ണംപറഞ്ഞ അവാർഡുകൾ സമ്മാനിച്ചുകൊണ്ട് ഈ പ്രതിഭയെ ആദരിച്ചു. മികച്ച ഗാനരചയിതാവിനുള്ള കെസിബിസിയുടെ അവാർഡ് രണ്ടുതവണ അച്ചനു ലഭിച്ചു. മാധ്യമരംഗത്തെ സംഭാവനകൾക്കുള്ള ശാലോം അവാർഡ്, വിൻസൻഷ്യൻ സഭയുടെ 2025 ലെ ലൂമിനസ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. സീറോ മലബാർ സഭയുടെ ലിറ്റർജിക്കൽ കമ്മിറ്റി വിശുദ്ധ കുർബാനയുടെ ഗാനങ്ങൾ രചിക്കാൻ അച്ചനെ നിയോഗിച്ചിരുന്നു.
"ദൈവത്തിന്റെ ശബ്ദം'
കേരളസഭയിലെ ഒരു മെത്രാൻ ഒരിക്കൽ പനച്ചിക്കൽ അച്ചനെ കണ്ടപ്പോൾ പറഞ്ഞു: ""കുറേക്കാലമായി അച്ചന്റെ ശബ്ദം എനിക്കു ദൈവത്തിന്റെ ശബ്ദമാണ്.'' അച്ചൻ വായിച്ചു റെക്കോർഡ് ചെയ്ത സന്പൂർണ മലയാള ബൈബിളിനെക്കുറിച്ചായിരുന്നു ആ സിഡി ദിവസവും കേൾക്കുന്ന പിതാവ് പരാമർശിച്ചത്. അത്ര വിശേഷമാണ് ആ ഓഡിയോ ബൈബിൾ.
ഞാൻ എഴുതിയ പാട്ടുകളടക്കം മറ്റുപല സുവിശേഷ മാധ്യമസംരംഭങ്ങളും ഏറെ മുന്നൊരുക്കങ്ങളോടെ ഉണ്ടായവയാണ്. എന്നാൽ അത്തരത്തിലുള്ള ഒന്നും ഈ ഓഡിയോ ബൈബിളിനു പിന്നിലില്ല- പനച്ചിക്കലച്ചൻ പറയുന്നു.
അതൊരു ദൈവിക പദ്ധതിയായിരുന്നു. 171 ദിവസംകൊണ്ടാണ് ആ ദൗത്യം പൂർത്തിയാക്കിയത്. ഇത്രയും വായിച്ചിട്ടും ഒരേ ടോണിൽ അവസാനംവരെ എനിക്ക് വായിക്കാനായി എന്നതും ഒരത്ഭുതമാണ്. ഇന്ന് നാട്ടിലും വിദേശത്തും മലയാളികൾ ഏറെ താത്പര്യത്തോടെ ഉപയോഗിക്കുന്ന ഒന്നാണ് ഓഡിയോ ബൈബിൾ.
വിയന്നയിലുള്ള സജി ജേക്കബാണ് ആ ദൗത്യത്തിനു പിൻബലമായത്. സൗണ്ട് എൻജിനീയർമാരായ റിജോ ചാക്കോ, രാജു എന്നിവരും ഫ്ളോർ മാനേജരായ ജോയിയും സാങ്കേതിക സഹായം നൽകി.
ഈ ദൗത്യത്തിനിടെ തന്റെ ആസ്ത്മ, സോറിയാസിസ് രോഗങ്ങൾ ഭേദമായത് അച്ചൻ പ്രത്യേകം ഓർമിക്കുന്നു.
ശിക്ഷിക്കാത്ത ദൈവം
പാപിയായ മനുഷ്യനെ സ്വന്തമാക്കുവാൻ അവസാന തുള്ളി രക്തംവരെ ചിന്തുന്നവിധം ദൈവം സ്നേഹിക്കുന്നുവെന്ന് ഈശോ ജീവിച്ചു കാണിച്ചുതന്നു. ഈ ചിന്ത പങ്കുവയ്ക്കുന്ന പത്തു പുസ്തകങ്ങൾ പനച്ചിക്കലച്ചൻ എഴുതിയിട്ടുണ്ട്.
ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ എന്ന പുസ്തകമാണ് ആദ്യം എഴുതിയത്. സത്യം നിങ്ങളെ സ്വതന്ത്രരാക്കും,വീണ്ടെടുപ്പിന്റെ വിശ്വാസ വഴി, ജീസസ് ക്രൈസ്റ്റ് ദി അൾട്ടിമേറ്റ് ട്രൂത്ത്, ക്രിസ്തു പരമാർത്ഥം, ദ ട്രൂത്ത് ബിയോണ്ട് അറ്റോണ്‍മെന്റ് എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. ഇംഗ്ലിഷിലും മലയാളത്തിലും പുസ്തകങ്ങൾ എഴുതി.
ജീവിതരേഖ
പാലാ രൂപതയിലെ ഭരണങ്ങാനം ഇടവകയിൽ പനച്ചിക്കൽ ദേവസ്യ -ഏലി ദന്പതികളുടെ നാലാമത്തെ മകനായി 1948 സെപ്റ്റംബർ ആറിനാണ് മൈക്കിൾ പനച്ചിക്കലിന്റെ ജനനം. ഭരണങ്ങാനത്ത് ചാച്ചന്റെ വീട്ടിലായിരുന്നു കുട്ടിക്കാലം.
അഞ്ചാം വയസിൽ തൊടുപുഴയ്ക്കടുത്ത് നെടിയശാലയിൽ കുടുംബം താമസമാക്കി. നെടിയശാല എൽപി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അതിനുമുന്‍പ് അന്പാട്ടാശാന്റെ കളരിയിൽ 56 അക്ഷരങ്ങളും കണക്കും പഠിച്ചു. പുറപ്പുഴമുട്ടം യുപി സ്കൂൾ, കരിങ്കുന്നം ഹൈസ്ക്കൂൾ എന്നിവിടങ്ങളിലും പഠിച്ചു.
ദൈവവിളിയുടെ മഹത്വം ചെറുപ്രായത്തിൽതന്നെ മനസിൽ നിറഞ്ഞിരുന്നു. പത്താം ക്ലാസ് പാസായപ്പോൾ വൈദികനാകാനുള്ള ആഗ്രഹം പറഞ്ഞു. ചാച്ചൻ സമ്മതിച്ചു. 1965 ലാണ് മൈനർ സെമിനാരിയിൽ ചേർന്നത്.
1974ൽ അങ്കമാലിയിൽവച്ച് മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി പിതാവിൽനിന്നു തിരുപ്പട്ടം സ്വീകരിച്ചു. വൈദിക പട്ടത്തിനുശേഷം ആലുവ യുസി കോളജിൽ ചേർന്ന് മലയാളത്തിൽ ബിരുദമെടുത്തു. ബോംബെ സെന്റ് സേവ്യേഴ്സിൽനിന്നു മീഡിയ സ്റ്റഡീസിൽ പിജി ഡിപ്ലോമയും കൊച്ചി ഭാരതീയ വിദ്യാഭവനിൽനിന്നു പത്രപ്രവർത്തനത്തിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്.
SUNDAY DEEPIKA
മനുഷ്യന്റെയും ആൾക്കുരങ്ങുകളുടെയും പരിണാമ ചരിത്രത്തെ മാറ്റിമറിക്കാൻ ശേഷിയുള്ള അപൂർവ കണ്ടെത്തലുമായി ഗവേഷകർ. വടക്കൻ ഈജിപ്തിലെ വാഡി മോഗ്ര മരുഭൂമി കേന്ദ്രീകരിച്ചുനടന്ന പര്യവേഷണത്തിലാണു താടിയെല്ലുകളുടെയും പല്ലുകളുടെയും അവശിഷ്ടങ്ങൾ ശാസ്ത്രജ്ഞർ കണ്ടെത്തിയത്.
അവയുടെ പഴക്കമോ, ഏകദേശം 1.7 കോടി വർഷം! മൻസൂറ സർവകലാശാലയിലെ പാലിയന്റോളജിസ്റ്റുകളായ ഹെഷാം സല്ലാം, ഷൊറൂഖ് അൽ അഷ്കർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഫോസിലുകളുടെ കണ്ടെത്തലിനു പിന്നിൽ പ്രവർത്തിച്ചത്.
വാലില്ലാ കുരങ്ങുകളുടെ പരിണാമം പ്രധാനമായും കിഴക്കൻ ആഫ്രിക്ക കേന്ദ്രീകരിച്ചാണെന്ന നിലവിലെ ധാരണകളെ തിരുത്തുന്നതാണു പുതിയ പഠനം. "മസ്രിപിത്തിക്കസ് മോഗ്രായെൻസിസ്' എന്ന് പേരിട്ടിരിക്കുന്ന വർഗം, മയോസീൻ കാലഘട്ടത്തിന്റെ തുടക്കത്തിലാണു ജീവിച്ചിരുന്നതത്രേ.
നിലവിലുള്ള എല്ലാ ആൾക്കുരങ്ങുകളുടെയും മനുഷ്യരുടെയും പൊതുവായ പൂർവികനോട് ഈ വർഗത്തിനു വലിയതോതിൽ സാമ്യമുണ്ടെന്നു ശാസ്ത്രജ്ഞർ പറയുന്നു. കിഴക്കൻ ആഫ്രിക്കയിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന കുരങ്ങുകളുടെ പരിണാമചരിത്രത്തിൽ വടക്കൻ ആഫ്രിക്കയ്ക്ക് വലിയൊരു പങ്കുണ്ടെന്നു പുതിയ കണ്ടെത്തൽ അടിവരയിടുന്നു.
അഞ്ചുവർഷംനീണ്ട ഗവേഷണ പദ്ധതികൾക്കൊടുവിലാണ്, കുരങ്ങുകളുടെ പരിണാമഘട്ടത്തിലെ മറഞ്ഞിരുന്ന കണ്ണിയെ കണ്ടെത്താൻ സാധിച്ചതെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
താടിയെല്ലുകളുടെയും പല്ലുകളുടെയും പ്രത്യേകതകൾ ഇവയെ സാധാരണ കുരങ്ങുകളിൽനിന്നു വേറിട്ടുനിർത്തുന്നു. വളരെ കരുത്തുറ്റ താടിയെല്ലുകളും വലിപ്പമേറിയ പല്ലുകളുമാണ് ഇവയ്ക്കുള്ളത്.
പല്ലുകളുടെ ഉപരിതലത്തിലെ സങ്കീർണമായ ഘടന സൂചിപ്പിക്കുന്നത് ഇവ പഴങ്ങൾക്കു പുറമെ കട്ടികൂടിയ ഭക്ഷണങ്ങളും കഴിച്ചിരുന്നു എന്നാണ്. കാലാവസ്ഥാ വ്യതിയാനങ്ങൾക്കനുസൃതമായി ഭക്ഷണശീലങ്ങൾ മാറ്റാൻ ഈ വർഗത്തിനു സാധിക്കുമായിരുന്നു.
ജനിതക വിവരങ്ങളും ഫോസിൽ സവിശേഷതകളും സംയോജിപ്പിച്ചു നടത്തിയ പഠനത്തിൽ ഗിബ്ബൺ, ഗൊറില്ല, ചിമ്പാൻസി, ഒറാംഗ് ഉട്ടാൻ എന്നിവയുടെയും മനുഷ്യരുടെയും വംശാവലിയോട് മസ്രിപിത്തിക്കസിന് അടുത്ത ബന്ധമുണ്ടെന്ന് തെളിഞ്ഞതായും ഗവേഷകർ വ്യക്തമാക്കി.
ഈ കണ്ടെത്തൽ ആഫ്രിക്കയിൽ നിന്നുള്ള ആൾക്കുരങ്ങുകളുടെ കുടിയേറ്റ ചരിത്രത്തിലേക്കും വെളിച്ചംവീശുന്നു. നേരത്തേ കരുതിയിരുന്നതുപോലെ കിഴക്കൻ ആഫ്രിക്കയിൽ നിന്നല്ല; മറിച്ച് വടക്കൻ ആഫ്രിക്കയിൽനിന്നോ, അറേബ്യൻ ഉപദ്വീപിൽനിന്നോ ആയിരിക്കാം കുരങ്ങുകളുടെ വ്യാപനം തുടങ്ങിയതെന്നാണ് ഗവേഷകർ ഇപ്പോൾ അനുമാനിക്കുന്നത്.
കൂടുതൽ തെളിവുകൾ ലഭിച്ചാൽ മാത്രമേ പരിണാമചരിത്രം പൂർണമായും മാറ്റിയെഴുതാൻ സാധിക്കുകയുള്ളു. എങ്കിലും, ഭൂതകാലത്തെക്കുറിച്ചുള്ള വലിയൊരു സമസ്യ പൂരിപ്പിക്കാൻ ഈ കണ്ടെത്തൽ ഗവേഷകർക്കു തുണയായി. ആൾക്കുരങ്ങുകളുടെ ഉത്ഭവത്തെക്കുറിച്ച്, ചെറിയ ഭൂപ്രദേശം മാത്രം അടിസ്ഥാനമാക്കി പറഞ്ഞുപഴകിയ കഥകളിൽ വലിയ മാറ്റംവരുത്തും, ഈജിപ്ഷ്യൻ ഫോസിലുകളുടെ കണ്ടെത്തൽ!
SUNDAY DEEPIKA
ആനവണ്ടി-യാത്ര, അനുഭവം, ഓർമ
എഡി: കെ.ബി. ഗണേഷ്കുമാർ
പേജ്: 176 വില: ₹ 250
ഡിസി ബുക്സ്, കോട്ടയം
ഫോൺ: 7290092216
കെഎസ്ആർടിസിയിലെ യാത്രാനുഭവങ്ങളുടെ സമാഹാരം. കേരളീയ ജീവിതത്തിൽ കെഎസ്ആർടിസി വഹിച്ച പങ്ക് പ്രമുഖരുടെ ഓർമകളിലൂടെ അടയാളപ്പെടുത്തുന്നു.
നാട്ടരങ്ങ്-സ്വരൂപവും സാധ്യതകളും
ഡോ. പി.എസ്. ജ്യോതിലക്ഷ്മി, ഡോ. റെജിമോൾ ജോസ്
പേജ്: 160 വില: ₹ 160
ബുക്ക് മീഡിയ, പാലാ
ഫോൺ: 9447536240
അനുഷ്ഠാനപരവും അല്ലാത്ത തുമായ അരങ്ങുവൈവിധ്യങ്ങളെക്കു റിച്ചുള്ള പഠനങ്ങളുടെ സമാഹാരം. ഗവേഷ കർക്കും ആസ്വാദകർക്കും ഒരുപോലെ ഉപകാരപ്രദം.
ഋതുഭേദങ്ങൾ
ഗബ്രിയേൽ തളിയച്ചിറ
പേജ്: 130 വില: ₹ 220
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9048588887
ഓരോ ഋതുവിലും സജീവമാകുന്ന ഭാവസ്മരണകൾ അനുഭവിപ്പിക്കുന്ന കവിതകളുടെ സമാഹാരം. പ്രവാസിയുടെ സ്വദേശാനുഭവങ്ങൾ ഭാഷയിൽ നിറയുന്നു. ലളിതസുന്ദരമായ ശൈലി.
Brighter English Grammar
ജോസ് ചന്ദനപ്പള്ളി
പേജ്: 216 വില: ₹ 350
അനശ്വരം ബുക്സ്, തിരുവനന്തപുരം
ഫോൺ: 9496196751ഇംഗ്ലീഷ് വ്യാകരണം ലളിതമായി വിശദീകരിക്കുന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗം. വിദേശങ്ങളിൽ ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഏറെ ഗുണകരം. ചിത്രങ്ങളടക്കം വിശദീകരിക്കുന്നു.
SUNDAY DEEPIKA
രാവിലെ ആറു മണിയായപ്പോഴേക്കും ഞാൻ ഉണർന്നെഴുന്നേറ്റു. ജനാല തുറന്നു. റോസ് ഗാർഡനിൽ പതിവുപോലെ റോസാപ്പുക്കൾ വിടർന്നു പുഞ്ചിരിക്കുന്നു, ചുറ്റും സുഗന്ധം പരത്തുന്നു. അതു പതിവുതെറ്റാതെ അവയുടെ ചുമതലയാണ്. എന്റെയും മാക്സിമിന്റെയും മാനസിക വിഷമങ്ങളും പ്രയാസങ്ങളും അവയ്ക്ക് അറിയേണ്ട ക
മാക്സിം നല്ല ഉറക്കത്തിലാണ്. ഉണർത്താൻ ശ്രമിച്ചില്ല. കുറച്ചുകൂടി ഉറങ്ങട്ടെ. ഇന്നത്തെ ഞങ്ങളുടെ യാത്ര നീണ്ടതും ക്ഷീണം വർധിപ്പിക്കുന്നതുമാണ്. ഹൈറോഡുകൾ, ഇടതിങ്ങിപ്പായുന്ന മോട്ടോർ വാഹനങ്ങൾ, അവയ്ക്കിടയിലൂടെ ഞെങ്ങിഞെരുങ്ങിയുള്ള യാത്ര.
ലണ്ടനിലേക്കുള്ള ഈ യാത്രയുടെ അവസാനം എങ്ങനെയായിരിക്കും? ഞങ്ങളുടെ ഭാവി എന്തായിരിക്കും? ലണ്ടന്റെ വടക്കുഭാഗത്ത് എവിടെയോ താമസിക്കുന്ന ബേക്കർ എന്നുപേരായ മനുഷ്യൻ. അദ്ദേഹം ഞങ്ങളെപ്പറ്റി കേട്ടിട്ടേയില്ല. എന്നാൽ അദ്ദേഹത്തിന്റെ കൈയിലാണ് ഞങ്ങളുടെ ഭാവി. ഈ സമയത്ത് അദ്ദേഹവും അവിടെ ഉണർന്ന് കോട്ടുവായിട്ട് എഴുന്നേറ്റുകാണും. കുറേക്കഴിയുന്പോൾ അദ്ദേഹം തന്റെ ദിനകൃത്യങ്ങളിൽ ഏർപ്പെടും.
ഞാൻ എഴുന്നേറ്റ് ബാത്ത്റൂമിൽ പോയി. കുളിച്ചു. ബെഡ് റൂമിൽ ചെന്നു ഡ്രസ് മാറി. ഈ സമയത്ത് പുറത്തു മൃദുവായ കാലടിശബ്ദം അടുത്തുവരുന്നതിന്റെയും വാതിലിന്റെ പൂട്ട് സാവധാനം തുറക്കുന്നതിന്റെയും തുടർന്ന് കാലടിശബ്ദം അകന്നുപോകുന്നതിന്റെയും സ്വരം. അതു മിസിസ് ഡാൻവേഴ്സ് ആയിരുന്നു.
മാക്സിം എഴുന്നേറ്റ് പ്രാഥമികകൃത്യങ്ങളും കുളിയും കഴിഞ്ഞ് കടന്നുവന്നു. അപ്പോഴേക്കും ക്ലാരീസ് ഞങ്ങൾക്കുള്ള ചായയുമായെത്തി. ലണ്ടനിൽ ഒരുദിവസം താമസിക്കുന്നതുകൊണ്ട് അതിനാവശ്യമായ ഡ്രസുകളും മറ്റും പെട്ടികളിലും ബാഗുകളിലും നിറച്ചു. തുടർന്ന് ഞങ്ങൾ ഡൈനിംഗ് റൂമിൽ പോയി ബ്രേക്ക്ഫാസ്റ്റിന് ഇരുന്നു. അന്യോന്യം ഒന്നും സംസാരിക്കാതെ വേഗം അതു പൂർത്തിയാക്കി. മാക്സിം വാച്ച് നോക്കുന്നുണ്ട്. ഏതാണ്ടു സമയമായി. മുറ്റത്തു നിൽക്കുന്ന കാറിൽ റോബർട്ട് സാധനങ്ങൾ എല്ലാം കയറ്റിവച്ചു.
ഇറങ്ങാൻ തയാറായി നിൽക്കുന്ന, ഞങ്ങളുടെ ഭാവി നിർണയിക്കാൻ പോകുന്ന ഈ മുഹൂർത്തത്തിൽ എല്ലാ ഉത്കണ്ഠകളും വ്യസനങ്ങളും ദൈവതിരുമുന്നിൽ സമർപ്പിച്ചു. ഉള്ളുരുകിയ പ്രാർഥനയുടെ ചിറകിൽ മനസ് ദൈവസന്നിധിയിലേക്കു പറന്നു.
എന്റെ കണ്ണുകൾ നിറഞ്ഞുതുളുന്പി. അപ്പോഴേക്കും മാക്സിമിന്റെ വിളിയെത്തി. കണ്ണുകൾ തുടച്ച് ഞാൻ മുറ്റത്തേക്കിറങ്ങി. ഫ്രാങ്കിന്റെ കാറും എത്തിച്ചേർന്നു. കേണൽ ജൂലിയന്റെ കാർ അപ്പുറത്ത് എത്തിയിട്ടുണ്ടെന്ന് ഫ്രാങ്ക് പറഞ്ഞു.
""ഞാൻ മുഴുവൻ സമയവും ഓഫീസിലുണ്ടാവും. ബേക്കറെ കണ്ടതിന്റെ വിവരം ഉടനെ എന്നെ അറിയിക്കുമല്ലോ.''
""തീർച്ചയായും''- മാക്സിം പറഞ്ഞു.
""മംഗളകരമായ നല്ലൊരു യാത്ര ഞാൻ നേരുന്നു.''
""താങ്ക് യൂ!''
ഞങ്ങളെ നോക്കിനിൽക്കുന്ന ഫ്രിത്തിനും റോബർട്ടിനും നേരേ ഞാൻ കൈവീശി. കാത്തുനിൽക്കുന്ന കേണൽ ജൂലിയൻ മാക്സിമിന്റെ അരികിലിരിക്കുന്ന എന്നെക്കണ്ട് ആശ്ചര്യപ്പെട്ടു. അദ്ദേഹത്തിന്റെ കമന്റ്: ""ഇത് നീണ്ടൊരു യാത്രയാണ്. ഭർത്താവിനെ ഞാൻ നല്ല ശ്രദ്ധയോടെ കാത്തുസൂക്ഷിക്കുമായിരുന്നു.'' ആ നർമരസത്തിൽ മൂന്നുപേരും ചിരിച്ചു. ഞാൻ പറഞ്ഞു: ""ഈ യാത്രയിൽ ഒപ്പമുണ്ടാകണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു.''
""നല്ല കാര്യം.''
അദ്ദേഹം പിൻസീറ്റിൽ സൗകര്യപ്രദമായി ഇരുന്നു. ഞങ്ങൾ യാത്ര തുടങ്ങി. കുറേദൂരം ചെന്ന് ഒരു ക്രോസ് റോഡിൽവച്ച് ഫാവെൽ ഓടിക്കുന്ന നീളമുള്ള പച്ച കാർ കണ്ടു. ചിലപ്പോൾ ഞങ്ങളുടെ പിറകിലും ചിലനേരത്തു ഞങ്ങളെ മറികടന്നും ഫാവെലിന്റെ കാർ ഓടി.
കേണൽ ജൂലിയൻ പിൻസീറ്റിൽ ഇരുന്നും ചാരിക്കിടന്നും കുറേശ്ശെ ഉറങ്ങിയും ഉണർന്നും യാത്രചെയ്തു. ഉച്ചയായപ്പോൾ ഭേദപ്പെട്ട ഒരു ഹോട്ടലിൽ കയറി ഞങ്ങൾ ലഞ്ച് കഴിച്ചു. ഏകദേശം മൂന്നുമണിയായപ്പോൾ ഞങ്ങൾ ലണ്ടന്റെ പ്രാന്തപ്രദേശങ്ങളിൽ എത്തി.
നീണ്ട യാത്രയും ട്രാഫിക് ബ്ലോക്കും അന്തരീക്ഷത്തിലെ ചൂടും മൂലം എനിക്കു നല്ല ക്ഷീണം തോന്നി. മാക്സിം യാത്രാക്ഷീണമുണ്ടെങ്കിലും അതു പ്രകടിപ്പിക്കാതെ വളരെ ശ്രദ്ധാപൂർവം ഡ്രൈവ് ചെയ്യുകയാണ്. കേണൽ തന്റെ കോട്ടിന്റെ പോക്കറ്റിൽ സൂക്ഷിച്ചിട്ടുള്ള ചെറിയ മാപ്പിൽ നോക്കി ബാർനെറ്റിലേക്കുള്ള വഴി മാക്സിമിനു പറഞ്ഞുകൊടുത്തു. ആ സ്ഥലത്തെത്തിയപ്പോൾ കാർ നിർത്തി ഒരു വഴിയാത്രക്കാരനോടു ചോദിച്ചു.
""ഈ ഭാഗത്ത് റോസ് ലാന്‍ഡ് എന്ന പേരിൽ ഒരു വീടുണ്ടോ? റിട്ടയർ ചെയ്ത ഒരു ഡോക്ടർ ബേക്കർ ആണ് താമസിക്കുന്നത്.''
""ഡോക്ടർ ബേക്കർ? എനിക്കറിയില്ല. ഇവിടെ പള്ളിക്കു സമീപം ഒരു റോസ് കോട്ടേജ് ഉണ്ട്. അവിടെ ഒരു മിസിസ് വിൽസനാണ് താമസിക്കുന്നത്.''
""അതല്ല. റോസ് ലാന്‍ഡ് എന്ന വീട്ടിലെ ഡോക്ടർ ബേക്കർ!''
കുറച്ചുകൂടി നീങ്ങി പിന്നെയും രണ്ടുമൂന്നു പേരോടു ചോദിച്ചു. ഡോക്ടർ ആരെന്നും എവിടെയെന്നും ആർക്കും നിശ്ചയമില്ല.
ഞാൻ മാക്സിമിനെ നോക്കി. പാവം, വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. അല്പം കഴിഞ്ഞപ്പോൾ ഫാവെലിന്റെ കാർ പൊടിയിൽ മുങ്ങിയ നിലയിൽ എത്തി. മാക്സിം വണ്ടി മുന്നോട്ടെടുത്തു. കേണൽ ജൂലിയൻ അന്വേഷണം തുടർന്നു. ഒടുവിൽ ഒരു പോസ്റ്റുമാനാണ് ഡോക്ടർ ബേക്കറുടെ വഴിയും വീടും പറഞ്ഞുതന്നത്. ഗേറ്റിൽ നെയിംബോർഡ് ഇല്ല. ഇതേ വീടിന്റെ മുന്നിലൂടെ രണ്ടുതവണ നമ്മൾ പോയതാണ്. എന്തുചെയ്യാം!
മാക്സിം കാർ ഒതുക്കിനിർത്തി. കാറിൽ അല്പനേരം ഞങ്ങളിരുന്നു. കേണൽ പറഞ്ഞു: ""ഇപ്പോൾ സമയം അഞ്ചുകഴിഞ്ഞു. അവർ ചായകുടിക്കുന്ന സമയമാവും. നമുക്ക് അല്പംകൂടി കാത്തിരിക്കാം.''
മാക്സിം ഒരു സിഗരറ്റെടുത്തു കത്തിച്ചു.
ഞാൻ ബാഗിൽനിന്ന് പൗഡർ എടുത്ത് മുഖംമിനുക്കി. കാറിൽ ഇരുന്ന് ഞാൻ വലിയ കാര്യങ്ങളിലൊന്നും ശ്രദ്ധിക്കാതെ ബസിറങ്ങി നടന്നുപോകുന്ന രണ്ടു സ്ത്രീകളെയും റോഡിലൂടെ ഓടിപ്പോകുന്ന ഒരു പയ്യനെയും നോക്കി. കേണൽ തന്റെ മാപ്പ് മടക്കി പോക്കറ്റിൽ വച്ചു. എന്നിട്ട് ഡോക്ടർ ബേക്കറിന്റെ വീടും മുറ്റവും നോക്കി പറഞ്ഞു: ""ഇദ്ദേഹം നല്ലൊരു തോട്ടക്കാരനല്ല. കണ്ടില്ലേ ശുശ്രൂഷയില്ലാതെ വാടിനിൽക്കുന്ന ചെടികളുടെ അവസ്ഥ.''
കേണൽ കാറിന്റെ ഡോർ തുറന്ന് റോഡരികിൽ നിന്നു.
""മാക്സിം! എന്തുപറയുന്നു?''
""ഞാൻ റെഡി.''
മാക്സിമും ഞാനും പുറത്തിറങ്ങി. അപ്പോഴേക്കും ഫാവെൽ എത്തി.
""ഇനി ആരെയാണ് കാത്തുനിൽക്കുന്നത്?''
ആരും മറുപടി പറഞ്ഞില്ല. ഗേറ്റ് കടന്ന് വീടിന്റെ മുൻവശത്തെ വാതിൽക്കലേക്കു ഞങ്ങൾ നടന്നു.
""ഇപ്പോൾ ചായകുടികഴിഞ്ഞു വന്നിട്ടുണ്ടാകും.'' കേണൽ അല്പം നിന്നിട്ടു മാക്സിമിനെ നോക്കിയശേഷം ബെല്ലടിച്ചു. അതു വീടിന്റെ ഉള്ളിൽ എവിടെയോ മുഴങ്ങി. കുറേനേരത്തേക്ക് ആരെയും കാണുന്നില്ല. പിന്നെ യുവതിയായ ഒരു വേലക്കാരി വന്നു വാതിൽതുറന്നു. അപരിചിതരായ ഞങ്ങളെ കണ്ടപ്പോൾ അവരൊന്നു പകച്ചു.
കേണൽ ജൂലിയൻ ചോദിച്ചു: ""ഡോക്ടർ ബേക്കർ?''
""അതേ സർ. അകത്തുകയറി ഇരിക്ക്.'' ചൂണ്ടിക്കാട്ടിയ ഇടതുവശത്തെ സ്വീകരണമുറിയിൽ ഞങ്ങൾ പോയി ഇരുന്നു. ചുമരിൽ ഒരു സ്ത്രീയുടെ ഛായാചിത്രം കണ്ടു. അതു മിസിസ് ബേക്കറായിരിക്കുമോ?
ഫാവെൽ ആ ഛായാചിത്രത്തിൽ നോക്കി നിൽക്കുകയാണ്. ഞാനും മാക്സിമും ജനാലയിലൂടെ വെളിയിലേക്കു നോക്കിയിരുന്നു. അവിടെ ഒരു ടെന്നീസ് കോർട്ട് കണ്ടു. ചില കുട്ടികളുടെ കളിയും ചിരിയും ബഹളവും. അഞ്ചു മിനിറ്റു കഴിഞ്ഞു കാത്തിരിക്കാൻ തുടങ്ങിയിട്ട്.
അല്പം കഴിഞ്ഞപ്പോൾ വാതിൽ തുറന്ന് അദ്ദേഹം കടന്നുവന്നു. ശരാശരി ഉയരവും വണ്ണവും. മുടി നരച്ചുതുടങ്ങിയിട്ടുണ്ട്. ഡോക്ടർ ബേക്കർ പറഞ്ഞു: ""ക്ഷമിക്കണം. നിങ്ങൾ കാത്തിരുന്നു മുഷിഞ്ഞുകാണും. ഒരു ഗ്രൂപ്പ് ആളുകൾ കാണാൻ വന്നിട്ടുണ്ടെന്ന് സെർവന്റ് പറഞ്ഞപ്പോൾ തിടുക്കത്തിൽ പോയി ഞാനൊന്നു കുളിച്ചു. ടെന്നീസ് കളിക്കുകയായിരുന്നു ഞാൻ.''
കേണൽ കാര്യത്തിലേക്കു പ്രവേശിച്ചു.
""ഇവിടെവന്നു താങ്കളെ ശല്യപ്പെടുത്തിയതിൽ വിനയപൂർവം മാപ്പ് ചോദിക്കുന്നു. എന്റെ പേര് ജൂലിയൻ, ഇതു മിസ്റ്റർ മാക്സിം, ഇത് ഇദ്ദേഹത്തിന്റെ ഭാര്യ, ഇതു മിസ്റ്റർ ഫാവെൽ. മാക്സിമിന്റെ പേര് ഈയിടെ താങ്കൾ പത്രത്തിൽ കണ്ടിട്ടുണ്ടാവും.''
ഡോക്ടർ ബേക്കർ പറഞ്ഞു: ""ഓ! ഞാൻ ഓർക്കുന്നു. ഏതോ ഒരു തെളിവെടുപ്പോ മറ്റോ ആണ്, അല്ലേ? എന്റെ ഭാര്യ എല്ലാം വിശദമായി വായിക്കും.''
ഫാവെൽ മുന്നോട്ടുവന്നു: ""ആത്മഹത്യ എന്നാണ് ജൂറിയുടെ വിധി. അതിന് ഒരിക്കലും സാധ്യതയില്ല. റെബേക്ക എന്റെ കസിനാണ്. ഞാനവളെ അടുത്തറിയും. അവൾ ഒരു കാരണവശാലും, ഒരിക്കലും അതു ചെയ്യില്ല. അവൾ മരിച്ചദിവസത്തെ ഒരു സുപ്രധാന സംഗതിയെക്കുറിച്ചു സംസാരിക്കാനാണ് ഞങ്ങൾ വന്നിരിക്കുന്നത്.''
ഉടനെ മാക്സിം പറഞ്ഞു: ""ഈ വിഷയം ജൂലിയനും എനിക്കും വിട്ടുതരൂ. ഞങ്ങൾ സംസാരിക്കട്ടെ. ഡോക്ടർ ബേക്കറിന് ഇതേപ്പറ്റി ഒന്നുമറിയില്ല.''
തുടക്കത്തിൽ ഡോക്ടറുടെ മുഖത്തുകണ്ട പുഞ്ചിരി മാഞ്ഞു.
(തുടരും)
SUNDAY DEEPIKA
മരണത്തെ പരാജയപ്പെടുത്തി യേശു ഉത്ഥാനംചെയ്തത് നമുക്ക് നിത്യവസന്തം സമ്മാനിക്കാനായിരുന്നു- ഈ ലോകജീവിതത്തിലെന്നപോലെ വരാനിരിക്കുന്ന ജീവിതത്തിലും. ""പുനരുത്ഥാനവും ജീവനും ഞാനാകുന്നു. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും'' (യോഹ 11:25) എന്ന് യേശു പറഞ്ഞത് അവിടന്നു നമുക്കു നൽകിയ നിത്യജീവന്റെ വാഗ്ദാനമായിരുന്നു.
ഗ്രീക്ക് പുരാണങ്ങളിൽ പറയുന്ന ഒരു കഥ. വിളവിന്റെ ദേവിയായ ഡെമിറ്ററിന്റെ ഏകമകളായിരുന്നു പെർസഫോണ്. ഒരുദിവസം അവൾ പൂക്കൾ ശേഖരിച്ചു നടക്കുന്പോൾ പാതാള ദേവനായ ഹെയ്ഡ്സ് അവളെ തട്ടിക്കൊണ്ടുപോയി വിവാഹംകഴിച്ചു.
മകളെ കാണാതായ അമ്മ വയലുകളിലും വനങ്ങളിലും ഗ്രാമങ്ങളിലും നഗരങ്ങളിലുമെല്ലാം മകളെത്തേടി നടന്നു. എങ്കിലും അവളെ കണ്ടെത്താൻ കഴിഞ്ഞില്ല. അമ്മയുടെ ദുഃഖം ഭൂമിയെ ബാധിച്ചു. വിളകൾ ഉണങ്ങി. പുഷ്പങ്ങൾ വാടി. മണ്ണ് മരവിച്ചു. ജീവൻ നഷ്ടപ്പെട്ട ഭൂമി ശൂന്യമായി. ലോകം നീണ്ട ഒരു ശീതകാലത്തിലേക്കു കടന്നു. എല്ലാം അവസാനിച്ചു എന്നു തോന്നിയ നിമിഷം.
എന്നാൽ കഥ അവിടെ അവസാനിച്ചില്ല. ഭൂമിയിലെ മനുഷ്യരുടെ നിസഹായാവസ്ഥ കണ്ട സീയൂസ് ദേവൻ പെർസഫോണിനെ ഭൂമിയിലേക്ക് മടക്കി അയയ്ക്കാൻ പാതാള ദേവനോട് ആജ്ഞാപിച്ചു. അങ്ങനെ, ഡെമിറ്ററിന്റെ മകൾ ഭൂമിയിൽ തിരിച്ചെത്തി. അപ്പോൾ ആ അമ്മയുടെ മുഖത്ത് വീണ്ടും പ്രകാശം കളിയാടി. ഭൂമി വീണ്ടും ജീവൻകൊണ്ടു നിറഞ്ഞു. അങ്ങനെ ശീതകാലം മാറി വസന്തകാലമെത്തി.
ശീതകാലം കഴിഞ്ഞ് വസന്തകാലം വരുന്നതിനെക്കുറിച്ചുള്ള ഒരു പ്രകൃതിവ്യാഖ്യാനമായിരുന്നു ഈ കഥ. എന്നാൽ ഈ കഥയുടെ പിന്നിൽ വലിയൊരു സത്യം ഒളിഞ്ഞിരിപ്പുണ്ട്: ജീവൻ നഷ്ടപ്പെട്ടാൽ അതു തിരിച്ചുവരും എന്നുള്ള പ്രത്യാശ.
മനുഷ്യഹൃദയം ഒരിക്കലും പൂർണമായി നിരാശയിൽ മുങ്ങിപ്പോകുന്നില്ല. എത്ര തകർച്ചകൾ നേരിട്ടാലും അതിനിടയിൽ ഒരു തീക്കനൽപോലെ പ്രത്യാശ ജ്വലിച്ചുകൊണ്ടിരിക്കും. ഈ പ്രത്യാശയാണ് പെർസഫോണിനെക്കുറിച്ചുള്ള കഥയ്ക്ക് രൂപംനൽകിയത്.
എന്നാൽ പെർസഫോണിന്റെ തിരിച്ചുവരവ് വെറും കഥയാണ്. അതായത് ഭാവനാസൃഷ്ടി. എന്നാൽ, ഈസ്റ്റർ പറയുന്നത് ദൈവപുത്രനായ യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ഒരു സാങ്കല്പിക കഥയല്ല. പ്രത്യുത ഒരു യഥാർഥ സംഭവകഥയാണ്.
യേശുവിന്റെ കല്ലറയിലേക്കു പോയ സ്ത്രീകൾ ഒരു അദ്ഭുതം പ്രതീക്ഷിച്ചിരുന്നില്ല. അവർ സുഗന്ധവസ്തുക്കൾ കൊണ്ടുപോയത് യേശുവിന്റെ മൃതശരീരത്തിൽ പൂശാനായിരുന്നു. അപ്പോൾ അവരുടെ മനസിൽ പ്രത്യാശയുടെ ഒരു കണികപോലും ഇല്ലായിരുന്നു.
കല്ലറയുടെ വാതിൽ അടച്ചിരുന്ന കല്ല് അവരുടെ സ്വപ്നങ്ങളുടെ അവസാനമായിരുന്നു. എന്നാൽ അവർ കണ്ടത് ശൂന്യമായ കല്ലറയാണ്. പിന്നെ അവർ കേട്ട വാക്കുകൾ അവിശ്വനീയവും: ""അവൻ ഇവിടെയില്ല. അവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു'' (ലൂക്കാ 24:6).
മനുഷ്യചരിത്രത്തിന്റെ ദിശമാറ്റിയ നിമിഷമാണ് ഈസ്റ്റർ. നിത്യജീവനെക്കുറിച്ച് മനുഷ്യർക്കുണ്ടായിരുന്ന പ്രതീക്ഷ പൂവണിഞ്ഞ ദിവസമാണ് ഈസ്റ്റർ.
ഗ്രീക്ക് കഥയനുസരിച്ച്, എല്ലാ വർഷവും തന്റെ ഭർത്താവിനെ കാണാൻ പെർസഫോണിനു പാതാളത്തിലേക്കു മടങ്ങേണ്ടിയിരുന്നു. അപ്പോഴാണ് ശീതകാലം ആരംഭിക്കുന്നത്. എന്നാൽ ഈസ്റ്റർ നമ്മെ അനുസ്മരിപ്പിക്കുന്നത് നിത്യവസന്തമാണ്. അതായത് യേശുവിന് ഇനി മരണമില്ലെന്നു സാരം. തന്മൂലമാണ് ദൈവവചനം പറയുന്നത്: ""മരിച്ചവരിൽനിന്നു ഉത്ഥാനംചെയ്ത ക്രിസ്തു ഇനി ഒരിക്കലും മരിക്കുകയില്ല'' (റോമാ 6:9).
മരണത്തെ പരാജയപ്പെടുത്തി യേശു ഉത്ഥാനംചെയ്തത് നമുക്ക് നിത്യവസന്തം സമ്മാനിക്കാനായിരുന്നു- ഈ ലോകജീവിതത്തിലെന്നപോലെ വരാനിരിക്കുന്ന ജീവിതത്തിലും. ""പുനരുത്ഥാനവും ജീവനും ഞാനാകുന്നു. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും'' (യോഹ 11:25) എന്ന് യേശു പറഞ്ഞത് അവിടന്നു നമുക്കു നൽകിയ നിത്യജീവന്റെ വാഗ്ദാനമായിരുന്നു.
എന്നാൽ വരാനിരിക്കുന്ന ജീവിതത്തിൽ മാത്രമല്ല അവിടന്ന് നമുക്ക് നവജീവൻ നൽകുന്നത്. ഈ ലോകജീവിതത്തിലും അവിടന്ന് നമുക്കു ജീവൻ നൽകാൻ തയാറാണ് എന്നതാണു വാസ്തവം.
അതുകൊണ്ടല്ലേ യേശു പറഞ്ഞത്, ""അധ്വാനിക്കുന്നവരും ഭാരംവഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം'' (മത്താ 11:28) എന്ന്? ജീവിതം എപ്പോഴും വസന്തകാലംപോലെ വർണാഭമായിരിക്കണമെന്നാണ് നമ്മുടെ ആഗ്രഹം.
എന്നാൽ നാം പലപ്പോഴും കടന്നുപോകുന്നതു ശീതകാലത്തിലൂടെയാണ്. നഷ്ടപ്പെട്ട ആരോഗ്യവും തകർന്ന ബന്ധങ്ങളും പൊലിഞ്ഞുപോയ സ്വപ്നങ്ങളുമൊക്കെ നമ്മുടെ ജീവിതം ശീതകാലതുല്യമാക്കുന്നു. ജീവിതത്തിലെ പിഴവുകളും കുറ്റബോധവും നിരാശയും ആത്മവിശ്വാസക്കുറവുമൊക്കെ നമ്മെ കല്ലറയിൽ അടച്ചിടാൻ ഇടയാക്കുന്നു.
അത്തരം നിമിഷങ്ങളിൽ ഈസ്റ്റർ നമ്മോടു പറയുന്നു: "കല്ല് നീക്കപ്പെടും'. കാരണം നമ്മുടെ ജീവിതത്തെ അടച്ചിടുന്ന ഏതു കല്ലും നീക്കിക്കളയാൻ ശക്തനാണ് ദൈവം. ""ദൈവത്തിന് അസാധ്യമായി ഒന്നുമില്ല'' (ലൂക്കാ 1:37) എന്നല്ലേ ദൈവവചനം പഠിപ്പിക്കുന്നത്? എന്നാൽ, നമുക്കു വിശ്വാസമുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. പ്രത്യേകിച്ചും ഉത്ഥാനംചെയ്ത ക്രിസ്തുവിൽ.
ഈസ്റ്റർ നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്രമാണ്. പൗലോസ് അപ്പസ്തോലൻ ഓർമിപ്പിക്കുന്നതുപോലെ ""ക്രിസ്തു ഉയിർത്തിട്ടില്ലെങ്കിൽ നമ്മുടെ വിശ്വാസം വ്യർഥമാണ്'' (1 കോറി 15:14). ഉത്ഥാനംചെയ്ത യേശുവിലുള്ള വിശ്വാസമാണ് നമുക്കു നവജീവൻ നൽകുന്നത്. തകർച്ചകളിൽ നമുക്കു ശക്തിപകരുന്നത്. ജീവിതപാതകളിൽ നമുക്കു ദൈവകൃപ ലഭിക്കാൻ ഇടയാക്കുന്നത്.
ഈസ്റ്റർ യേശുവിന്റെ ഉത്ഥാനത്തിന്റെ വെറുമൊരു ഓർമയല്ല. അതു ജീവിതത്തെ പുതുക്കിപ്പണിയാനുള്ള ക്ഷണമാണ്. അതു നിത്യജീവനിൽ പങ്കുപറ്റാനുള്ള ഒരാഹ്വാനമാണ്.
ശൂന്യമായ കല്ലറ നമ്മോടു പറയുന്നു: നിരാശയുടെ രാത്രിക്കുശേഷം പ്രത്യാശയുടെ ഒരു പൊൻപുലരിയുണ്ട്. മരണത്തിന്റെ നിശബ്ദതയ്ക്കുശേഷം നിത്യജീവന്റെ ഗാനാലാപമുണ്ട്. കല്ലറയുടെ ഇരുട്ടിനുശേഷം കണ്ണഞ്ചിക്കുന്ന പ്രഭാതമുണ്ട്. കാരണം, യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റിരിക്കുന്നു. എല്ലാവർക്കും ഈസ്റ്ററിന്റെ മംഗളാശംസകൾ!
SUNDAY DEEPIKA
പ്രോണ്‍ പുലാവ്
ചേരുവകൾ:
കൊഞ്ച്- 250 ഗ്രാം
ബസുമതി അരി- 250 ഗ്രാം
കറുവപ്പട്ട- ഒരിഞ്ച് നീളത്തിൽ ഒന്ന്
ബേലീഫ്- 2 എണ്ണം.
ഗ്രാന്പൂ- 3 എണ്ണം.
ഗരം മസാലപ്പൊടി- 1 ടീസ്പൂണ്‍
തേങ്ങ- ഒരു പകുതി
മഞ്ഞൾപൊടി- അര ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
എണ്ണ- 1 ടീസ്പൂണ്‍
തയാറാക്കുന്നവിധം
അരി വേവിക്കാൻ വയ്ക്കുക. പകുതി വേവാക്കി വാങ്ങുക. കൊഞ്ച് വൃത്തിയാക്കിയത് ഒരു പാത്രത്തിലിട്ട് കുറച്ചു വെള്ളം ഒഴിച്ച് തിളപ്പിക്കുക.
മറ്റൊരു പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാക്കി പകുതി വേവിച്ച അരി ഗ്രാന്പൂ, ബേലീഫ്, കൊഞ്ച്, പട്ട, ഗരം മസാല, ഉപ്പ്, മഞ്ഞൾ, ചുരണ്ടിയ തേങ്ങ എന്നിവ ചേർത്ത് ഇളക്കുക. പാത്രത്തിന്റെ അരികുകൾ ഗോതന്പുമാവ് കുഴച്ചതുവച്ച് സീൽ ചെയ്ത് വേവിക്കുക. വാങ്ങുക.
മസാല ഫിഷ് ഫ്രൈ
ചേരുവകൾ:
ആവോലി മീൻ- 2 എണ്ണം
എണ്ണ- വറുക്കാൻ
സ്റ്റഫിംഗിന്:
മല്ലിയില- രണ്ടു തണ്ട്
പുതിനയില- ഒരു തണ്ട്
തേങ്ങ- ഒരു മുറിയുടെ പകുതി
പട്ട- അരയിഞ്ച് നീളത്തിൽ ഒരെണ്ണം
പച്ചമുളക്- ഒരെണ്ണം
ഗ്രാന്പൂ- രണ്ടെണ്ണം
ഏലക്ക- രണ്ടെണ്ണം
ഉപ്പ്- പാകത്തിന്
തയാറാക്കുന്നവിധം
മീൻ വൃത്തിയാക്കി രണ്ടുമൂന്നു തവണ കഴുകുക. രണ്ടുവശവും വരഞ്ഞുവയ്ക്കുക. സ്റ്റഫിംഗിനുള്ള ചേരുവകൾ നന്നായരച്ച് മീനിന് ഉള്ളിലും പുറമേയും നന്നായി തേച്ച് അര മണിക്കൂർ വയ്ക്കുക. ഇനി ഇവ ചൂടെണ്ണയിൽ തിരിച്ചും മറിച്ചുമിട്ട് വറുത്തു കോരുക.
വീറ്റ് ആൻഡ് ഹണി കേക്ക്
ചേരുവകൾ:
ഗോതന്പുപൊടി- ഒന്നര കപ്പ്
മൈദ- അര കപ്പ്
പാൽപ്പൊടി- 4 ടേബിൾ സ്പൂണ്‍
ബേക്കിംഗ് പൗഡർ- 2 ടീസ്പൂണ്‍
സോഡാപ്പൊടി- അര ടീസ്പൂണ്‍
തൈര്- അര കപ്പ്
തേൻ- ഒരു കപ്പ്
പഞ്ചസാര- അര കപ്പ്
എണ്ണ- മുക്കാൽ കപ്പ്
കേക്ക് ഫ്രൂട്ട്- അര കപ്പ്
പട്ടപ്പൊടി- ഒരു ടീസ്പൂണ്‍
ഗ്രാന്പൂ, ചുക്ക് പൊടി- ഒരു നുള്ള് വീതം
തയാറാക്കുന്നവിധം
മൈദ, ഗോതന്പുപൊടി, ബേക്കിംഗ് പൗഡർ, സോഡാപ്പൊടി എന്നിവ ഒരുമിച്ചാക്കി തെള്ളി ഒരു ബൗളിൽ ഇടുക. എണ്ണ, തൈര്, പാൽപ്പൊടി, അര കപ്പ് തേൻ, പട്ട-ഗ്രാന്പൂ-ചുക്ക് പൊടികൾ, പഞ്ചസാര എന്നിവ തമ്മിൽ ചേർത്ത് അഞ്ചുമുതൽ എട്ടു മിനിറ്റുവരെ നന്നായി ബീറ്റ് ചെയ്യുക.
ഇതിലേക്ക് തെള്ളിവച്ച നാലു ചേരുവകളും കേക്ക് ഫ്രൂട്ടും ചേർക്കുക. പത്തുമിനിറ്റ് ബീറ്റ് ചെയ്ത ക്രീം പരുവത്തിലാക്കുക. ആവശ്യമെങ്കിൽ അല്പം പാൽ ചേർക്കാം. കേക്ക് ടിന്നിൽ മയംപുരട്ടി അല്പം ഗോതന്പുപൊടി വിതറി തയാറാക്കിയ ബാറ്റർ അതിലേക്കു പകരുക.
പ്രീഹീറ്റ് ചെയ്ത ഓവനിൽവച്ച് 30-35 മിനിറ്റോളം ബേക്ക് ചെയ്തെടുക്കുക. ഒരു ഫോർക്കിന്റെ സഹായത്താൽ കേക്കിൽ അവിടവിടെ കുത്തുക. മിച്ചമുള്ള തേൻ മീതേ ഒഴിക്കുക.
ചിക്കൻ ഫ്രൈ വിത്ത് വെജിറ്റബിൾസ്
ചേരുവകൾ:
കോഴിയിറച്ചി- മുക്കാൽ കിലോ
മഷ്റൂം- 100 ഗ്രാം
കോളിഫ്ളവർ- 100 ഗ്രാം
ബീൻസ്- 2 എണ്ണം
തക്കാളി പ്യൂരി- ഒരു കപ്പ്
എണ്ണ- വറുക്കാൻ
മാരിനേറ്റ് ചെയ്യാൻ:
സ്പ്രിംഗ് ഒനിയൻ ബൾബ്- രണ്ടെണ്ണത്തിന്റെ
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്- 1 ടേബിൾ സ്പൂണ്‍
മുളകുപൊടി- ഒന്നര ടേബിൾ സ്പൂണ്‍
കുരുമുളകുപൊടി- അര ടീസ്പൂണ്‍
ഗരം മസാലപ്പൊടി- അര ടീസ്പൂണ്‍
കോണ്‍ഫ്ളോർ- 1 ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
തയാറാക്കുന്നവിധം
സ്പ്രിംഗ് ഒനിയന്റെ ബൾബ് ഭാഗം നന്നായി അരയ്ക്കുക. മാരിനേറ്റ് ചെയ്യാനുള്ള ചേരുവകൾ എല്ലാം ഒന്നിച്ചുചേർത്ത് നന്നായി അരച്ചുവയ്ക്കുക. ഇനിയിത് എല്ലാംകൂടി ഇടത്തരം വലിപ്പത്തിൽ മുറിച്ചുവച്ച കോഴിക്കഷണങ്ങളിൽ പുരട്ടി വയ്ക്കുക. 15- 20 മിനിറ്റ് എല്ലാം ഇറച്ചിയിൽ പിടിക്കാനായി വയ്ക്കുക. ബീൻസ് ചെറുതായി അരിയുക.
കോളി ഫ്ളവർ ഓരോ പൂക്കൾ അടർത്തിയെടുത്ത് ചൂടുവെള്ളത്തിൽ അല്പനേരം ഇട്ടുവച്ച് വൃത്തിയാക്കുക. മഷ്റൂം അരിഞ്ഞുവയ്ക്കുക. ബീൻസും കോളിഫ്ളവറും കോരിയെടുത്തതും മഷ്റൂമും (ഉപ്പുചേർത്ത്) ഒരു ടേബിൾ സ്പൂണ്‍ എണ്ണയിലിട്ട് വഴറ്റുക.
അഞ്ചുമിനിറ്റ് വഴറ്റിയശേഷം വാങ്ങിവയ്ക്കുക. രണ്ടു ടേബിൾ സ്പൂണ്‍ എണ്ണ ഒരു ഫ്രൈയിംഗ് പാനിൽ ഒഴിച്ചു ചൂടാക്കി മാരിനേറ്റ് ചെയ്ത കോഴിക്കഷണങ്ങൾ ഇട്ട് വറുക്കുക. മാരിനേറ്റ് ചെയ്ത് അവശേഷിക്കുന്നവയും ഇതിൽ ചേർക്കാം. ഉയർന്ന തീയിൽ അഞ്ചുമിനിറ്റ് വച്ച് വറുക്കുക.
തീ കുറച്ച് ഇറച്ചി നന്നായി വേവിക്കുക. വഴറ്റിവച്ച കോളി ഫ്ളവറും മഷ്റൂമും ചേർത്ത് അഞ്ചുമിനിറ്റുകൂടി വഴറ്റിയശേഷം തക്കാളി പൾപ്പ് ചേർക്കാം. നന്നായി ഇളക്കി വരണ്ടു വരുമ്പോൾ വാങ്ങുക.
SUNDAY DEEPIKA
ഈശോയുടെ മൃതദേഹം പൊതിഞ്ഞിരുന്ന കച്ച എന്നു വിശ്വാസികൾ കരുതിപ്പോരുന്ന അമൂല്യമായ ഒരു പുരാതന വസ്ത്രം ഇറ്റലിയിലെ ടൂറിൻ നഗരത്തിലെ വിശുദ്ധ സ്നാപകയോഹന്നാന്റെ ഭദ്രാസന പ്പള്ളിയിലുണ്ട്. "ടൂറിനിലെ തിരുക്കച്ച' എന്ന പേരിൽ അതിപ്രശസ്തമായ ഈ ലിനൻ തുണിയെ കുറിച്ചുള്ള ചർച്ചകളും പഠനങ്ങളും ഇന്നും തുടരുന്നു...
അരിമത്തെയക്കാരൻ ജോസഫ് എന്നു പേരുള്ള ഒരു ശിഷ്യനാണ് ആ നിയോഗം പൂർത്തിയാക്കിയതെന്ന് നാലു സുവിശേഷങ്ങളും രേഖപ്പെടുത്തുന്നു. കുരിശിൽ തറയ്ക്കപ്പെട്ടു മരിച്ച ഈശോയുടെ മൃതശരീരം സംസ്കരിച്ച ജോസഫ് ഈശോയുടെ ഒരു രഹസ്യ ശിഷ്യനായിരുന്നു.
റോമൻ പ്രവിശ്യയായിരുന്ന യൂദയായുടെ ഗവർണർ പന്തിയോസ് പീലാത്തോസിന്റെ അനുവാദത്തോടെ ജോസഫ് ഈശോയുടെ മൃതശരീരം അമ്പതു കിലോയോളം സുഗന്ധദ്രവ്യങ്ങളോടുകൂടെ കച്ചയിൽ പൊതിഞ്ഞ് ക്രൂശിക്കപ്പെട്ട സ്ഥലത്തിനടുത്ത് ഉണ്ടായിരുന്ന തോട്ടത്തിലെ ഒരു പുതിയ കല്ലറയിൽ സംസ്കരിച്ചു.
യഹൂദരുടെ സാൻഹെദ്രീൻ എന്ന ഉന്നതാധികാര സംഘത്തിലെ ഒരംഗവും ഈശോയുടെ ഒരു രഹസ്യ ഗുണകാംക്ഷിയും ആയിരുന്നു നിക്കോ ദെമോസ്. അദ്ദേഹവും ഈശോയെ സംസ്കരിക്കാൻ സഹകരിച്ചു.
യഹൂദ പാരമ്പര്യത്തിൽ മൃതസംസ്കാരം പാവനമായ ഒരു പുണ്യകർമമാണ്. പ്രത്യേകിച്ചും ആരോരുമില്ലാത്ത അഗതികളുടെ. പഴയനിയമ ഗ്രന്ഥമായ തോബിത്തിന്റെ ഉള്ളടക്കം തോബിത്തിന്റെയും മകൻ തോബിയാസിന്റെയും ചരിത്രമാണല്ലോ.
വലിയ പരോപകാരിയായിരുന്ന തോബിത്ത് അജ്ഞാതമൃതദേഹങ്ങൾ സംസ്കരിക്കുക എന്ന സൽകർമ്മം ചെയ്യുന്നത് മഹത്തായ കാര്യമായി കരുതി. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യൻ (ഉത്പ 1: 27) ജീവൻ വെടിയുമ്പോൾ പോലും അവന്റെ ആത്മാവ് നിവസിച്ച മൺകൂടാരമായ ശരീരത്തിന് ഉചിതമായ സംസ്കാരം നൽകേണ്ടത് മനുഷ്യജീവന്റെ മഹത്വം അംഗീകരിക്കുന്ന എല്ലാവരുടെയും കടമയാണ്. "നീ പൊടിയാണ്, പൊടിയിലേക്കുതന്നെ നീ മടങ്ങും" (ഉത്പ 3:19) എന്ന് ആദ്യമനുഷ്യനോട് ദൈവം പറഞ്ഞ വാക്കുകൾ ഓരോ മരണത്തിലും അന്വർഥമാകുന്നു.
യഹൂദ മൃതസംസ്കാര പാരമ്പര്യങ്ങൾ അതിപുരാതനമായ ബൈബിൾ പരാമർശങ്ങൾ പകരുന്ന മൂല്യബോധത്തിൽ നിന്നു പുറപ്പെടുന്നവയാണ്. അതുകൊണ്ടാണ് മൃതദേഹം ശുദ്ധിവരുത്തി സുഗന്ധദ്രവ്യങ്ങൾപൂശി കച്ചകൊണ്ടു പൊതിഞ്ഞ് സംസ്കരിക്കുന്നത്.
ഈശോയുടെ മൃതദേഹം പൊതിഞ്ഞിരുന്ന കച്ച എന്നു വിശ്വാസികൾ കരുതിപ്പോരുന്ന അമൂല്യമായ ഒരു പുരാതന വസ്ത്രം ഇറ്റലിയിലെ ടൂറിൻ നഗരത്തിലെ വിശുദ്ധ സ്നാപകയോഹന്നാന്റെ ഭദ്രാസനപ്പള്ളിയിലുണ്ട്. "ടൂറിനിലെ തിരുക്കച്ച' എന്ന പേരിൽ അതിപ്രശസ്തമായ ഈ ലിനൻ തുണിയെ കുറിച്ചുള്ള ചർച്ചകൾ ഇന്നും അവസാനിച്ചിട്ടില്ല.
ചരിത്രത്തിലെതന്നെ ഏറ്റവും നിരീക്ഷണ ഗവേഷണങ്ങൾക്ക് വിധേയമായിട്ടുള്ള ഒരു വസ്തുവാണത്. ഈ തുണിയിലാണ് സംസ്കാരത്തിനു വേണ്ടി ഈശോയുടെ മൃതദേഹം കിടത്തിയിരുന്നതെന്ന് അനേകർ വിശ്വസിക്കുന്നു.
എന്നാൽ മധ്യ ശതകങ്ങളിൽ എന്നോ ഉണ്ടാക്കിയ ഒരു കൃത്രിമ സൃഷ്ടിയാണത് എന്നു വാദിക്കുന്നവരും കുറവല്ല. കത്തോലിക്കാ സഭയുടെ ഉടമസ്ഥാവകാശത്തിലുള്ള ഈ കച്ചയെപ്പറ്റി അത് ആധികാരികമാണെന്നോ അല്ലെന്നോ സഭ പറഞ്ഞിട്ടില്ല. "മിശിഹായുടെ പ്രചോദനാത്മകമായ ഒരു ചിത്രം" എന്നു മാത്രമാണ് സഭയുടെ നിലപാട്. മാത്രമല്ല ഇതു സംബന്ധിച്ച ശാസ്ത്രീയ ഗവേഷണങ്ങളെ സഭ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ടൂറിനിലെ കച്ച
പതിനാലര അടി നീളവും മൂന്നേ മുക്കാൽ അടി വീതിയുമുള്ള ടൂറിനിലെ കച്ചയുടെ പ്രത്യേകത ചാട്ടവാറടിയേൽക്കുകയും ക്രൂശിക്കപ്പെടുകയും ചെയ്ത ഒരു വ്യക്തിയുടെ പൂർണകായചിത്രം അതിൽ പതിഞ്ഞിരിക്കുന്നു എന്നതാണ്.
വ്യക്തിയുടെ മുൻവശവും പിൻവശവും തുണിയിൽ പതിഞ്ഞിട്ടുണ്ട്. തുണിയുടെ ഒരറ്റത്ത് കിടത്തി ശിരോഭാഗത്തുകൂടി മുഖം മറച്ച് മുൻവശവും പൊതിയുകയായിരുന്നു. തുണി നെയ്തിരിക്കുന്ന സാങ്കേതികവിദ്യ ഒന്നാം നൂറ്റാണ്ടിലെ പാലസ്തീനായിൽ അജ്ഞാതമായിരുന്നില്ല.
എന്നാൽ മധ്യകാല യൂറോപ്പിൽ അത് വ്യാപകമായിരുന്നില്ലതാനും. അതുകൊണ്ട് തുണിയുടെ ഉത്ഭവസ്ഥലവും സംശയരഹിതമായി കണ്ടെത്താൻ കഴിയുന്നില്ല.
കച്ചയിൽ പതിഞ്ഞിരിക്കുന്ന വ്യക്തിയുടെ രൂപരേഖ വ്യക്തമാണ്. തുണി നെയ്തിരിക്കുന്ന നൂലുകളിൽ ശരീരത്തോട് തൊട്ടിരിക്കുന്ന വശത്ത് മാത്രമാണ് മങ്ങിയ നിറത്തിൽ ചിത്രം ഉള്ളത്. എന്നാൽ തുണിയിൽ രക്തത്തുള്ളികൾ പതിഞ്ഞ ഭാഗം രക്തംകൊണ്ട് നനഞ്ഞിട്ടുണ്ട്.
തുണിയിൽ പതിഞ്ഞിരിക്കുന്ന വ്യക്തിക്ക് താടി മീശ ഉണ്ടായിരുന്നു. ക്രൂശാരോഹണത്തിൽ പതിവായിരുന്നതുപോലുള്ള മുറിവുകൾ വ്യക്തമാണ്. കൈകളിലും കാലടികളിലും നെഞ്ചിലും കൂടാതെ മുൾമുടി പതിപ്പിച്ചതുപോലെ തലയ്ക്കുചുറ്റും മുറിവുകളുണ്ട്.
കച്ചയുടെ അസാധാരണ പ്രത്യേകതകൾ
കച്ചയിലുള്ള ചിത്രത്തിന്റെ നിരവധി സവിശേഷതകളാണ് ഗവേഷകരെ കുഴയ്ക്കുന്നത്. ചിത്രത്തിന്റെ ത്രിമാന സ്വഭാവമാണ് അതിലൊന്ന്. അമേരിക്കയിലെ ഊർജവകുപ്പിന്റെ കീഴിലുള്ള നാഷണൽ ന്യൂക്ലിയർ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്റെ സാൻഡ്യ ലാബറട്ടറീസിൽ 1976ൽ നടത്തിയ പരീക്ഷണമാണ് ഈ സവിശേഷത വെളിച്ചത്തു കൊണ്ടുവന്നത്.
വിപി- 8 ഇമേജ് അനലൈസർ എന്ന യന്ത്രം ചിത്രങ്ങളുടെ പ്രതലം സംബന്ധിച്ച പഠനത്തിനാണ് ഉപയോഗിക്കുന്നത്. ടൂറിനിലെ കച്ചയുടെ 1931ൽ എടുത്ത ഒരു ചിത്രം ഈ യന്ത്രത്തിൽ വിശകലനം ചെയ്തപ്പോൾ അത് ഫോട്ടോയെടുത്തതോ പെയിൻറ് ചെയ്തതോ അല്ലെന്നു വ്യക്തമായി.
സാധാരണ ചിത്രങ്ങൾ ഈ യന്ത്രത്തിൽ വിശകലനം ചെയ്യുമ്പോൾ ലഭിക്കുന്നതിൽനിന്നു വ്യത്യസ്തമായി ഒരു മനുഷ്യ വ്യക്തിയുടെ കൃത്യമായ ഒരു റിലീഫ് ചിത്രമാണ് കച്ചയുടെ ചിത്രത്തിൽനിന്ന് കൈവന്നത്. ഇതിന്റെ കാരണം കച്ച വ്യക്തിയുടെ ശരീരത്തോട് ചേർന്നിരുന്നു എന്നുള്ളതാണ്.
മൂക്കിന്റെ അഗ്രവും കവിളെല്ലുകളും പോലെ തുണിയോട് മുട്ടിയിരുന്ന ഭാഗങ്ങൾ കറുത്തും അകന്നിരുന്ന ഭാഗങ്ങൾ (കൺകുഴികൾ, കഴുത്ത്...) മങ്ങിയും കാണപ്പെട്ടു. ഛായാ ചിത്രങ്ങളിലോ ഫോട്ടോകളിലോ ഈ പ്രത്യേകത കാണാൻ കഴിയില്ല. ബ്രഷ് ഉപയോഗിച്ചുള്ള ഒരു ചിത്രത്തിലും ഇത്തരത്തിലുള്ള ഒരു സവിശേഷത ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഇത്തരം ഒരു സവിശേഷതയ്ക്കു രൂപം കൊടുക്കുന്ന തരത്തിലുള്ള ഒരു മധ്യകാല ചിത്രകലാ രീതിയും ഉണ്ടായിരുന്നില്ലതാനും. ഈ സവിശേഷതതന്നെയാണ് ടൂറിനിലെ കച്ച ഒരു കൃത്രിമ സൃഷ്ടി ആണെന്നുള്ള ആരോപണത്തിനുള്ള മറുപടിയും.
സാൻഡ്യ ലാബറട്ടറീസിലെ 30 ശാസ്ത്രജ്ഞർതന്നെ 1978ൽ ടൂറിനിലെ കച്ചയെകുറിച്ച് പഠിക്കാൻ മാത്രമായി ഒരു പ്രോജക്ട് ആരംഭിച്ചു (ഷ്റൗഡ് ഓഫ് ടൂറിൻ റിസർച്ച് പ്രോജക്ട്). അതിവിശദവും സുദീർഘവുമായ പഠനത്തിന്റെ ഫലമായി കച്ചയിലെ ചിത്രം നിർമിക്കുന്നതിന് ചായം, നിറങ്ങൾ, മഷി എന്നിവയോ മറ്റേതെങ്കിലും വസ്തുവോ ഉപയോഗിച്ചിട്ടില്ലെന്ന് അവർ കണ്ടെത്തി.
തുണിയുടെ ഉപരിതലത്തിൽ ലോലമായ നൂലിഴകളുടെ നിറം മാറ്റത്തിലൂടെ മാത്രം സംഭവിച്ചിരിക്കുന്ന ഒരു പ്രതിഭാസം. അതും ശരീരവുമായി സമ്പർക്കത്തിൽ വന്ന നൂലിന്റെ വശത്തു മാത്രവും. ഈ ചിത്രത്തെ ശാസ്ത്രജ്ഞർ വിളിക്കുന്നത് "മോണോക്രോമാറ്റിക് ഹാഫ്ടോൺ" എന്നാണ്.
അതായത് ദശലക്ഷക്കണക്കിനു സൂക്ഷ്മകണികകൾ ചേർന്നുണ്ടായ ഒരു പ്രതിഭാസം. ഇത്തരം കണികകൾ ധാരാളമായി ചേർന്ന ഇടങ്ങളിൽ കറുപ്പുനിറം കൂടുതലുണ്ട്. തുണിയിലുള്ള രക്തകണികകളുടെ ഗ്രൂപ്പ് എബി ആണ്. ലോക ജനസംഖ്യയിൽ ഏതാണ്ട് മൂന്നു ശതമാനം പേർക്കു മാത്രമുള്ള ഈ ഗ്രൂപ്പ് ഏറ്റവും കൂടുതൽ കാണപ്പെടുന്നത് മധ്യധരണ്യാഴിയുടെ കിഴക്കൻ തീരങ്ങളിലാണ്.
ഒരു റേഡിയോ കാർബൺ കാലനിർണയവും വിവാദവും
1988ൽ മൂന്നു സ്വതന്ത്ര ലാബറട്ടറികൾ നടത്തിയ ഒരു റേഡിയോ കാർബൺ പരീക്ഷണവും അതിന്റെ നിഗമനങ്ങളും പരാമർശിക്കേണ്ടതുണ്ട്. ഈ പരീക്ഷണങ്ങളുടെ ഫലമായി അവർ എത്തിച്ചേർന്ന നിഗമനം ടൂറിനിലെ കച്ച എഡി 1260നും 1390നും മധ്യേ നിർമിക്കപ്പെട്ടതാണ് എന്നാണ്.
തുണിയുടെ ഒരു മൂലയിൽനിന്നുള്ള ചെറിയൊരു കഷണമാണ് പരിശോധനയ്ക്ക് ഉപയോഗിച്ചത്. നൂറ്റാണ്ടുകളിലൂടെ അനേകം കൈകൾ മാറിമാറി ടൂറിനിൽ എത്തിച്ചേർന്ന ഈ തുണിയുടെ മൂലകളിൽ ധാരാളം പുതിയ സൂക്ഷ്മ കണികകൾ എത്തിച്ചേരാനും അവ ഗവേഷണഫലത്തെ സ്വാധീനിക്കാനും സാധ്യതയുണ്ട്. മനുഷ്യഹസ്തങ്ങളുമായുള്ള സമ്പർക്കംവഴി ഇങ്ങനെ സംഭവിക്കാം എന്നുള്ള കണ്ടെത്തൽ നടന്നത് 1988നു ശേഷമാണ്.
ഇറ്റലിയിലെ നാഷണൽ റിസർച്ച് കൗൺസിൽ 2022ൽ വൈഡ് ആംഗിൾ എക്സ്റേ സ്കാറ്ററിംഗ് എന്ന മറ്റൊരു മാർഗം ഉപയോഗിച്ച് നടത്തിയ പരീക്ഷണവും ശ്രദ്ധേയമാണ്. വസ്തുവിന്റെ കാർബൺ ഉള്ളടക്കത്തേക്കാൾ അതിൻറെ മൂലപദാർഥത്തിനു കാലാന്തരത്തിൽ വന്നുചേരാവുന്ന ജീർണത ആധാരമാക്കിയുള്ളതാണ് ഈ പഠനം.
ഈ പഠനത്തിന്റെ ഫലമായി കച്ചയുടെ കാലഘട്ടം എഡി 55-74 വർഷങ്ങളിൽ ഇസ്രായേലിലെ മസാദ കോട്ടയിലെ യഹൂദ ചെറുത്തുനിൽപ്പിന്റെ കാലത്തുനിന്നു ലഭിച്ച ഒരു തുണിയുടേതുതന്നെയാണെന്ന നിഗമനത്തിലാണ് ഗവേഷകർ എത്തിച്ചേർന്നത്. ടൂറിനിലെ കച്ചയ്ക്ക് 2000 വർഷത്തോളം പഴക്കമുണ്ടെന്നാണ് ഈ നിഗമനത്തിന്റെ അർഥം.
മധ്യധരണിക്കടലിന്റെ കിഴക്കൻ തീരങ്ങളിൽനിന്നുള്ള ചെടികളുടെ പൂമ്പൊടികൾ ഗവേഷകർ കച്ചയിൽനിന്നു കണ്ടെത്തി. കാരോബ് മരം, മരുഭൂമിയിലെ ഈന്തപ്പന, യൂദാസ് മരം എന്നിവയുടെ അംശങ്ങളാണ് കച്ചയിൽ ഉണ്ടായിരുന്നത്.
പാലസ്തീനായിൽ സാധാരണ കാണപ്പെടുന്ന വൃക്ഷങ്ങളാണ് ഇവ. ഒരു യൂറോപ്യൻ പൂച്ചെടിയുമായും തുണി സമ്പർക്കത്തിൽ വന്നിട്ടുണ്ട്. നൂറ്റാണ്ടുകളായി ടൂറിനിലെ കച്ച ഫ്രാൻസിലും ഇറ്റലിയിലും ആയിരുന്നല്ലോ.
ചിത്രം എങ്ങനെ കച്ചയിൽ പതിഞ്ഞു
ഗവേഷകരെ അലട്ടുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യമാണിത്. പല സിദ്ധാന്തങ്ങൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും എല്ലാറ്റിനുമുള്ള ഉത്തരം ഇന്നും ലഭ്യമല്ല. മനുഷ്യശരീരം ജീർണിക്കുമ്പോൾ പുറപ്പെടുന്ന അമോണിയാവാതകം തുണിയിലുള്ള വ്യത്യസ്ത സംയുക്തങ്ങളുമായി ചേർന്നാണ് ചിത്രം രൂപപ്പെടുന്നതെന്ന് 1902ൽ ചില ഗവേഷകർ അഭിപ്രായപ്പെട്ടു.
ഇതേ ആശയംതന്നെ പരിഷ്കരിച്ച് പിന്നീടും അവതരിപ്പിക്കപ്പെടുകയുണ്ടായി. അൾട്രാവയലറ്റ് രശ്മികളുടെ വികരണമോ വൈദ്യുത വീചികൾ ഉൾപ്പെടുന്ന മറ്റെന്തെങ്കിലും പ്രതിഭാസമോ എന്നല്ലാതെ കൃത്യമായി നിർണയിക്കാൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിട്ടില്ല.
ചിത്രത്തിന്റെ ഏതെങ്കിലും ഒരു സവിശേഷതയല്ലാതെ എല്ലാം സമന്വയിപ്പിക്കുന്ന ഒരു സമ്പൂർണ വിശദീകരണം നൽകാൻ കഴിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
കച്ച ടൂറിനിൽ എത്തുന്നതുവരെ
1350കളിലാണ് കച്ചയുടെ ലിഖിത ചരിത്രം ആരംഭിക്കുന്നത്. അക്കാലഘട്ടത്തിൽ ഫ്രാൻസിലെ ലിറെയ് പട്ടണത്തിൽ ഇത് സൂക്ഷിക്കപ്പെട്ടു. 1355 മുതൽ 1418 വരെ അവിടത്തെ ഇടവക പള്ളിയിൽ സൂക്ഷിക്കപ്പെട്ടിരുന്ന കച്ച അവിടെനിന്ന് ബർഗണ്ടിയിലെ കോട്ടയിലേക്കും പിന്നീട് ഷാംബെറി പട്ടണത്തിലേക്കും മാറ്റപ്പെട്ടു.
ഷാംബെറി, സാവോയ് രാജകുടുംബത്തിന്റെ ആസ്ഥാനവും സാവോയ് പ്രദേശത്തിന്റെ തലസ്ഥാനവും ആയിരുന്നു. 1532ലെ ഒരു തീപിടിത്തത്തിൽ കച്ചയ്ക്ക് കേടുപാടുകൾ പറ്റുകയുണ്ടായി. രാജകുടുംബമാണ് 1578ൽ കച്ച ടൂറിനിലെ ഭദ്രാസനപ്പള്ളിക്കു കൈമാറുന്നത്.
അന്നുമുതൽ കത്തോലിക്കാ സഭയുടെ സംരക്ഷണത്തിൽ ടൂറിനിലാണ് കച്ചയുള്ളത്. അങ്ങനെ "ടൂറിനിലെ തിരുക്കച്ച’ (Shroud of Turin) എന്ന പേര് ഇതിന് കൈവന്നു. 1983ല്‍ മാത്രമാണ് കുടുംബം കച്ചയുടെ ഉടമസ്ഥാവകാശം കത്തോലിക്കാ സഭയ്ക്ക് സമ്മാനിക്കുന്നത്. ഇപ്പോൾ ടൂറിൻ മെത്രാപ്പോലീത്തയാണ് കച്ചയുടെ കസ്റ്റോഡിയൻ.
ലിറെയ് പട്ടണത്തിൽ എത്തുന്നതിനു മുമ്പുള്ള കച്ചയുടെ ചരിത്രം അവ്യക്തമാണ്. 1192- 95 വർഷങ്ങളിൽ വിരചിതമായ "ഹംഗേറിയൻ പ്രേ കോ ഡെക്സ്' എന്ന കയ്യെഴുത്തു പ്രതിയിലുള്ള ഒരു ചിത്രം കച്ചയിലെ ചിത്രവുമായി വളരെ സാമ്യമുള്ളതാണ്. ശരീരം സംസ്കാരത്തിനായി തയാറാക്കുന്നതാണ് കയ്യെഴുത്തു പ്രതിയിലുള്ളത്.
നെറ്റിയിലുള്ള രക്തക്കറ, കൈകൾ വച്ചിരിക്കുന്ന രീതി, വിരലുകൾ, ശരീരം നഗ്നമാണെന്ന കാര്യം, L ആകൃതിയിൽ കാണുന്ന മൂന്ന് ബിന്ദുക്കൾ എന്നിവയെല്ലാം സൂചിപ്പിക്കുന്നത് ചിത്രകാരന് ടൂറിനിലെ കച്ച പരിചയമുണ്ടായിരുന്നു എന്നാണ്. അങ്ങനെയാണെങ്കിൽ റേഡിയോ കാർബൺ കാലനിർണയം ഒരു നൂറ്റാണ്ട് കൂടി പിന്നിലേക്ക് മാറ്റിവയ്ക്കേണ്ടതായി വരും.
സഭയുടെ നിലപാട്
ലിറെയ് ഉൾപ്പെടുന്ന ത്രോയെ പട്ടണത്തിലെ ബിഷപ് പിയർ ദ് ആർച്ചിസ് 1389ൽതന്നെ കച്ച ഒരു വ്യാജ നിർമിതിയാണെന്ന് പറയുകയുണ്ടായി. ക്ലെമന്റ് ഏഴാമൻ പാപ്പ (1523-1534) ഒരു ഭക്തചിത്രം എന്ന നിലയിൽ വണങ്ങുന്നതിന് അനുവദിച്ചു.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ "സുവിശേഷത്തിന്റെ ദർപ്പണം' എന്ന് വിശേഷിപ്പിക്കുകയുണ്ടായി. ഈശോയുടെ പീഡാസഹനങ്ങളെ അതേപടി പ്രതിഫലിപ്പിക്കുന്ന ഒരു സുപ്രധാന അടയാളമാണ് കച്ച എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ കച്ച ആധികാരികമാണെന്നോ ഇതൊരു തിരുശേഷിപ്പ് ആണെന്നോ സഭ പ്രഖ്യാപിച്ചിട്ടില്ല. അപൂർവമായി മാത്രമേ കച്ച പരസ്യ വണക്കത്തിന് പ്രദർശിപ്പിക്കാറുള്ളൂ.
മൊറെയ്സിന്റെ ഗവേഷണവും വിമർശനവും
2025ൽ ബ്രസീലിയൻ ഗവേഷകനായ സിസറോ മൊറെയ്സ് ഒരു ഓക്സ്ഫോർഡ് ഗവേഷണ കേന്ദ്രത്തിന്റെ പ്രസിദ്ധീകരണമായ "ആർക്കെയോ മെട്റി'യിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ടൂറിനിലെ കച്ച ഒരു മധ്യകാല നിർമിതിയാണെന്ന് തെളിയിക്കാൻ ശ്രമിക്കുകയുണ്ടായി.
ഒരു ബാസ് റിലീഫിന്റെ രൂപമാണ് കച്ചയിൽ ഉള്ളത്, മനുഷ്യ ശരീരത്തിന്റേതല്ല എന്നാണു മൊറെയ്സ് പറയാൻ ശ്രമിച്ചത്. മൊറെയ്സിനുള്ള മറുപടിയായി ഇറ്റാലിയൻ ഗവേഷകരായ ടിസ്റ്റാൻ കാസാബിയാൻക, എമ്മാനുവേല മാരിനെല്ലി, അലെസാന്ദ്രോ പിയാന എന്നിവർ സംയുക്തമായി ഇതേ ജേർണലിൽ ഒരു ലേഖനം എഴുതി.
ചിത്രത്തിലെ മനുഷ്യ ശരീരത്തിന്റെ മുൻവശം മാത്രമേ മൊറെയ്സ് പരിശോധിക്കുന്നുള്ളൂ, ശരീരത്തിന്റെ ഇടതു വലതു കൈകൾ പരസ്പരം മാറി പരിഗണിക്കുന്നു, ശരീരത്തിന്റെ ഉയരം 180 സെൻറീമീറ്റർ എന്നു നിജപ്പെടുത്തുന്നു, കൃത്യമല്ലാത്ത അളവുകൾ ഉപയോഗിക്കുന്നു, 1931ലെ ഒരു ഫോട്ടോ മാത്രമാണ് ആധാരമാക്കുന്നത്, ലിനനു പകരം പരുത്തിത്തുണിയിലാണ് മൊറെയ്സിന്റെ പരീക്ഷണം മുതലായ വിമർശനങ്ങൾ അവർ ഉന്നയിച്ചു.
തുണിയിലെ ചിത്രത്തിന്റെ ഘനരാഹിത്യം, രക്ത കണികകളുടെ സാന്നിധ്യം എന്നിവ മൊറെയ്സ് അവഗണിച്ചു. 1980 മുതലുള്ള പല പഠനങ്ങളും ബാസ് റിലീഫ് സിദ്ധാന്തം നിരാകരിച്ചിട്ടുള്ളതാണ്. ഒരു തുണിയിൽ വച്ചിട്ടുള്ള ശരീരം എങ്ങനെയാണ് ആ തുണിയിൽ പ്രവർത്തിക്കുക എന്നത് 1902ൽ തന്നെ ഫ്രഞ്ച് ശാസ്ത്രജ്ഞനായ പോൾ വിഞ്ഞോൺ പരീക്ഷിച്ചിട്ടുള്ളതാണ്. ആ പഠനവും മൊറെയ്സ് അവഗണിച്ചു.
ഈ വിമർശനങ്ങൾക്കുള്ള മറുപടി അതേ ജേർണലിൽ തന്നെ മൊറെയ്സ് പ്രസിദ്ധീകരിച്ചു. അതിൽ അദ്ദേഹം തന്റെ ഗവേഷണത്തിന്റെ രീതിശാസ്ത്രം ന്യായീകരിക്കാനാണ് ശ്രമിച്ചത്. 11-14 നൂറ്റാണ്ടുകളിലെ നാലു കലാവസ്തുക്കൾ ആയിരിക്കണം കച്ചയിലെ ചിത്രത്തിന്റെ മാതൃക എന്ന് അദ്ദേഹം പറഞ്ഞെങ്കിലും തന്റെ രീതിശാസ്ത്രം അദ്ദേഹം ഉപേക്ഷിക്കുകയാണുണ്ടായത്.
നാലും ക്രൂശിച്ചതിനു ശേഷമുള്ള യേശുവിന്റെ ശരീരമല്ല ചിത്രീകരിക്കുന്നത്. പതിനാലാം ശതകത്തിന്റെ മധ്യത്തിലെ വിദൂരമായ ഒരു ഫ്രഞ്ച് ഗ്രാമത്തിൽ എങ്ങനെ ഈ ചിത്രം രൂപംകൊണ്ടു എന്ന് വിശദമാക്കാൻ ഈ ചിത്രങ്ങൾക്കും കഴിയുന്നില്ല.
1898ലാണ് ആദ്യമായി കച്ചയുടെ ഫോട്ടോ എടുക്കുന്നത്. സെക്കോന്തോ പിയാ എടുത്ത ആ ഫോട്ടോ കച്ചയുടെ ഉത്ഭവം കണ്ടെത്താനുള്ള ശാസ്ത്രീയമായ പരീക്ഷണ നിരീക്ഷണങ്ങൾക്കു തുടക്കം കുറിച്ചു. ഗഹനമായ എത്രയോ പരീക്ഷണങ്ങൾ നടന്നു.
ഏറ്റവുമവസാനം അമേരിക്കൻ ന്യൂക്ലിയർ എൻജിനീയറായ റോബർട്ട് റക്കർ 2013 മുതൽ നടത്തിയ പരീക്ഷണങ്ങളുടെ ഫലം കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ചു. പലവിധ കാരണങ്ങളാൽ കാർബൺ 14 എന്ന അളവിനു മാറ്റംവരാമെന്നും അതു കൂടി കണക്കിലെടുത്തു പരിശോധിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ വാദം.
2014ൽ നടത്തിയ ന്യൂക്ലിയർ അനാലിസിസ് കച്ച യഥാർഥത്തിൽ ഈശോയുടെ മൃതശരീരം പൊതിഞ്ഞ കച്ചയാണെന്നാണ് തെളിയിക്കുന്നതെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു.
ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം തിരുക്കച്ച ഈശോമിശിഹായുടെ മൃതശരീരത്തെ അരിമത്തെയാക്കാരൻ ജോസഫ് പുതപ്പിച്ച അതേ കച്ച തന്നെയാണ്. ഈശോയുടെ ഉത്ഥാനശേഷം കല്ലറയിലെത്തിയ പത്രോസ് കച്ച കല്ലറയിൽ കിടക്കുന്നതുകണ്ടു എന്നാണല്ലോ യോഹന്നാൻ സുവിശേഷകൻ എഴുതിയിരിക്കുന്നത് (20:6).
അവിടത്തെ യഥാർഥത്തിലുള്ള പീഡാസഹനവും കുരിശുമരണവും സംസ്കാരവും ഉത്ഥാനവും ദ്യോതിപ്പിക്കുന്ന ഏറ്റവും അർഥവത്തായ അടയാളമാണ് ഈ കച്ച. ഈശോ മനുഷ്യ വർഗത്തെ സ്നേഹിക്കുകയും മനുഷ്യന്റെ മഹത്വത്തെ ആദരിക്കുകയും ചെയ്യുന്നതിന്റെ അടയാളമാണത്.
അവിടത്തെ മഹത്തായ ആത്മദാനത്തിന്റെ ഉത്കൃഷ്ടമായ ഔന്നത്യങ്ങളിലേക്ക് ഈ കച്ച വിശ്വാസികളെ ക്ഷണിക്കുന്നു. സുവിശേഷങ്ങളെ ധ്യാനവിഷയമാക്കുവാനും സുവിശേഷമൂല്യങ്ങളിൽ ജീവിക്കുവാനും ഈ കച്ച പ്രേരണയാകുന്നു. വിശുദ്ധ കുർബാന പോലെ തന്നെ അവിടത്തെ ശരീരത്തിന്റെയും രക്തത്തിന്റെയും ജീവൻ തുടിക്കുന്ന അടയാളമാണത്.
2015ൽ ഫ്രാൻസിസ് പാപ്പ പറഞ്ഞു, വേദനകൾ സഹിച്ച ഈശോയുടെ തിരുമുഖവും തിരുശരീരവും ധ്യാനിക്കാനുള്ള ക്ഷണമാണു കച്ച തരുന്നത്. അന്യായമായി സഹിക്കുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന എല്ലാവരോടുമുള്ള നമ്മുടെ ഐക്യദാർഢ്യം ഈ കച്ചയുടെ മുമ്പിൽ നിൽക്കുമ്പോൾ സജീവമാകുന്നു.
ഈശോമിശിഹായെ പോലെ സകലമനുഷ്യരെയും സ്നേഹിക്കുകയാണത്. ശാസ്ത്രം വിശ്വാസത്തിന് വിരുദ്ധമാണെന്ന് കരുതുന്ന ചിലരെങ്കിലുമുണ്ട്. എന്നാൽ ഇവിടെ ശാസ്ത്രവും ഈ കച്ചയ്ക്കു മുമ്പിൽ നിഷ്പ്രഭവും ശക്തി ഹീനവുമായി മാറുകയാണ്. ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങളെ നിഷ്പക്ഷമായി ഉപയോഗിക്കുന്നവർക്ക് കച്ചയുടെ ആധികാരികതയിൽ വിശ്വസിക്കാനാവും. ശാസ്ത്രം വിശ്വാസത്തിന്റെ സഹായത്തിനെത്തുകയാണ്.
SUNDAY DEEPIKA
കഴിഞ്ഞ ഞായറാഴ്ച ന്യൂയോർക്കിലെ ലാ ഗാർഡിയ വിമാനത്താവളത്തിൽ ജാസ് കനേഡെയറിന്റെ, C-GNJZ രജിസ്ട്രേഷനുള്ള ഒരു സിആർജെ-900 വിമാനം കാനഡയിലെ മോൺട്രിയോളിൽ നിന്ന് പറന്നെത്തി ലാൻഡ് ചെയ്യുന്നതിനിടയിൽ, ഒരു ഫയർ ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് പൈലറ്റുമാരും മരിക്കുകയും 41 യാത്രക്കാർക്കും ട്രക്കിലുണ്ടായിരുന്ന രണ്ടു പേർക്കും പരിക്കേൽക്കുകയും ചെയ്ത സംഭവം ഏറ്റവും ആധുനിക സംവിധാനങ്ങൾക്കിടയിലും വ്യോമഗതാഗതത്തിന് ഇപ്പോഴുമുള്ള ദൗർബല്യങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ശൃംഖലപോലെ പ്രവർത്തിക്കുന്ന അനേകം ഘടകങ്ങളുടെ പരിസമാപ്തിയാണ് ഓരോ അപകടവും എന്ന പഴയ തത്വം വീണ്ടും ഓർമിപ്പിക്കുന്നതുകൂടിയായി ഈ ദാരുണമായ അപകടം.
റൺവേ 4ൽ ലാൻഡ് ചെയ്യാൻ എയർ കാനഡ വിമാനത്തിന് രാവിലെ 11.35ന് അനുമതി കിട്ടുന്നതിന് പതിനേഴു മിനിറ്റു മുമ്പ്, രാവിലെ 11.18ന്, അപകടത്തിന്റെ പശ്ചാത്തലം ഒരുങ്ങിത്തുടങ്ങിയിരുന്നു.
ഷിക്കാഗോയിലേക്കു പറക്കുന്നതിന് 11.17ന് അനുമതി കിട്ടിയ യുണൈറ്റഡ് എയർലൈൻസിന്റെ ഒരു വിമാനം (ഫ്ളൈറ്റ് 2384) 11.18ന് ടേക്കോഫ് റദ്ദാക്കി. വിമാനത്തിനുള്ളിൽനിന്ന് എന്തോ രൂക്ഷഗന്ധം വരുന്നുവെന്ന് എടിസിയെ അറിയിച്ചതിനെ തുടർന്ന് ഒരു റെസ്ക്യൂ ആൻഡ് ഫയർഫൈറ്റിംഗ് ട്രക്ക് വിമാനത്തിനടുത്തേക്ക് വിടാൻ 11.36ന് തീരുമാനിച്ചു.
ഇതിന് ഒരു മിനിറ്റു മുമ്പ്, 11.35ന് എയർ കാനഡ വിമാനത്തിന് ലാൻഡ് ചെയ്യാൻ അനുമതി കൊടുക്കുകയും ചെയ്തിരുന്നു.
വിമാനത്താവളത്തിന്റെ കിഴക്കുഭാഗത്ത് പാർക്ക് ചെയ്തിരുന്ന യുണൈറ്റഡ് വിമാനത്തിന്റെ അടുത്തേക്കുപോകാൻ പടിഞ്ഞാറുഭാഗത്തെ ഫയർസ്റ്റഷനിൽ കിടന്ന ട്രക്കിന് റൺവേ 4 മുറിച്ചുകടക്കാനുള്ള അനുമതി 11.36:58ന് എടിസി നൽകി. 11:37:17ന് എയർ കാനഡ വിമാനം റൺവ 4ൽ നിലംതൊട്ടു.
ഇതിനോടകം അപകടം തിരിച്ചറിഞ്ഞ കൺട്രോൾ ടവറിലുള്ളവർ, എയർ കാനഡ വിമാനത്തോട് വീണ്ടും പറന്നുയരാനും ഫയർ ട്രക്കിനോട് നിർത്താനും പറഞ്ഞുവെങ്കിലും എല്ലാം വൈകിപ്പോയിരുന്നു.
11:38ന് വിമാനവും ട്രക്കും കൂട്ടിയിടിച്ചു.
മണിക്കൂറിൽ ഏകദേശം 167.4 കിലോമീറ്റർ വേഗത്തിലായിരുന്ന, ഏകദേശം 22 ടൺ ഭാരമുണ്ടായിരുന്ന എയർ കാനഡയുടെ സിആർജെ-900 വിമാനം ട്രക്കുമായി കൂട്ടിയിടിച്ചതിന്റെ ആഘാതം 990,000 കിലോഗ്രാം മീറ്റർ/സെക്കൻഡ് ആയിരുന്നിരിക്കും എന്നാണ് കണക്ക്.
പരമാവധി ഭാരംനിറച്ച ഒരു ട്രക്ക് ഹൈവേയിലൂടെ പോകുമ്പോൾ നിർത്തിയിട്ടിരിക്കുന്ന ഒരു വാഹനത്തിൽ കൂട്ടിയിടിക്കുമ്പോഴുണ്ടാകാവുന്ന ഈ ആഘാതത്തിൽ വിമാനത്തിന്റെ കോക്പിറ്റ് മൊത്തമായി തകർന്നു.
ഇടിയുടെ ആഘാതത്തിൽ ഒരു ഫ്ളൈറ്റ് അറ്റൻഡന്റ് സീറ്റുൾപ്പെടെ പുറത്തേക്കു തെറിച്ചു പോയി. പരിക്കേറ്റ 41 പേരിൽ ഒൻപതു യാത്രക്കാർ ഗുരുതരാവസ്ഥിലാണ്. ട്രക്കിലുണ്ടായിരുന്ന രണ്ടു പേർക്കും പരിക്കേറ്റു.
അമേരിക്കയിലെ ഏറ്റവും തിരക്കുള്ള ഈ വിമാനത്താവളത്തിൽ അപകടസമയത്ത് രണ്ടേരണ്ടു വ്യോമഗതാഗത നിയന്ത്രകർ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത് എന്നതു മാത്രമല്ല, വീഴ്ചകളുടെയും യാദൃച്ഛികതയുടെയും ഒരു നിരതന്നെ കൂടിച്ചേർന്നാണ് ഈ അപകടമുണ്ടാക്കിയതെന്നതാണ് വാസ്തവം.
വിമാനങ്ങളിലുള്ളതുപോലെയുള്ള ട്രാൻസ്പോണ്ടർ ഘടിപ്പിച്ചു വേണം ട്രക്കുകൾ എയർപോർട്ടിനുള്ളിൽ സഞ്ചരിക്കാൻ എന്നാണ് ചട്ടം. ഇവിടെ പക്ഷ,േ അപകടത്തിൽപ്പെട്ട ട്രക്കിന് ട്രാൻസ്പോണ്ടർ ഉണ്ടായിരുന്നില്ല. അതിനാൽ ട്രക്കിന്റെ സ്ഥാനവും വേഗവുമൊന്നും കൃത്യമായ എടിസിക്ക് അറിയാമായിരുന്നില്ല.
ആ നേരംതന്നെ യുണൈറ്റഡ് വിമാനത്തിനുണ്ടായ അടിയന്തര സാഹചര്യത്തിൽ എടിസിയുടെ ശ്രദ്ധ വിഭാഗിച്ചു പോയത് അപകടത്തിന്റെ മൂലകാരണവുമായി. റൺവേയുടെ കിടപ്പും നിലയും സൂചിപ്പിക്കുന്ന മുന്നറിയിപ്പു വിളക്കുകൾ ശരിയായി കത്തുന്നുണ്ടായിരുന്നില്ല എന്നതും പ്രശ്നമായിരുന്നു.
വിമാനങ്ങൾ വരുന്ന സമയം അല്ലെങ്കിൽ പോകുന്ന സമയം റൺവേയിൽ കയറാൻ ഒരു വാഹനത്തെയും അനുവദിച്ചുകൂടാ എന്ന നിയമവും തിരക്കിൽ ലംഘിക്കപ്പെട്ടു. ട്രക്ക് ഉടൻ നിർത്തണമെന്ന് എടിസി പറഞ്ഞത് ട്രക്കിലുള്ളവർ വ്യക്തമായി കേൾക്കാതിരുന്നതും വിമാനം പറന്നുയരണമെന്ന് പറഞ്ഞത് പൈലറ്റുമാർക്ക് വ്യക്തമാകാതിരുന്നതും അപകടം ഉറപ്പിക്കുന്നതായി.
SUNDAY DEEPIKA
ഇക്കഴിഞ്ഞ ജനുവരി 20. എറണാകുളം ടൗൺഹാളിൽ "കേരാപെക്സ് 2026' ഫിലാറ്റലി എക്സിബിഷൻ നടക്കുകയാണ്. അഞ്ചുവർഷം കൂടുമ്പോൾ നടക്കുന്ന പ്രദർശനത്തിൽ കെ.ടി. ജോസഫ് എന്ന കടുത്തുരുത്തിക്കാരന്റെ ഫ്രെയിമുകൾ കാണാൻ വന്നവർ ആദ്യമൊന്നു ഞെട്ടി.
പക്ഷികളുടെ തീമിൽ പലതവണ സംസ്ഥാന, ദേശീയ സമ്മാനങ്ങൾ നേടിയിട്ടുള്ളയാൾ ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത് തികച്ചും വ്യത്യസ്തമായ ഒരു തീം- യേശുവിന്റെ പീഡാനുഭവ ചരിത്രം. ഉത്തരേന്ത്യൻ ജൂറിക്ക് അത്ര പരിചിതമല്ലാത്ത ഒരു തീം അവതരിപ്പിച്ച് എന്തിനാണ് ഉറപ്പായ ഒരു സമ്മാനം കളഞ്ഞുകുളിച്ചതെന്നുവരെ പലരും ചോദിച്ചു.
അഞ്ചുവർഷത്തെ പഠനം, ഗവേഷണം, മുന്നൊരുക്കം, കഷ്ടപ്പാട് എന്നിവയെല്ലാം വൃഥാവിലാകുമോ എന്ന ആശങ്കയുണ്ടായെങ്കിലും ഇത് പരോക്ഷമായൊരു സുവിശേഷപ്രഘോഷണമാകുമല്ലോ എന്ന ആശ്വാസമായിരുന്നു അദ്ദേഹത്തിന്.
ഒടുവിൽ 23ന് രാവിലെ ഫലം വന്നു: തിമാറ്റിക് വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും ലാർജ് വെർമെയ്ൽ മെഡലും ജോസഫിന്. കൂടാതെ ആദ്യമായി ബെസ്റ്റ് എക്സിബിറ്റർ പുരസ്കാരവും!. തിമാറ്റിക് സ്പെഷലിസ്റ്റും ജൂറിംഗവുമായ ബംഗളൂരു സ്വദേശി സന്തോഷ് ഏറെ പ്രശംസിച്ചുകൊണ്ട് പറഞ്ഞു: ഗംഭീര അവതരണം. ദേശീയതല മത്സരത്തിൽ എന്തായാലും പങ്കെടുക്കണം. ജോസഫിനത് ആത്മസാക്ഷാത്കാരത്തിന്റെ നിമിഷമായിരുന്നു.
സ്റ്റാമ്പ് ശേഖരിച്ചുതുടങ്ങിയ അൾത്താര ബാലൻ
കടുത്തുരുത്തി കയ്യാലയ്ക്കൽ തോമസ്-ഏലമ്മ ദമ്പതികളുടെ ഇളയ മകനായ ജോസഫ് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്റ്റാമ്പ് ശേഖരിക്കാൻ തുടങ്ങിയത്.
കടുത്തുരുത്തി മാന്നാർ പള്ളി വികാരിയായ ഫാ. ഫിലിപ്പ് കൊട്ടുകാപ്പിള്ളിയാണ് അൾത്താര ബാലനായ ജോസഫിന് ആദ്യം സ്റ്റാന്പുകൾ നൽകി പ്രോത്സാഹിപ്പിച്ചത്. കിട്ടുന്ന സ്റ്റാന്പുകൾ ഒരു കവറിലിട്ടു സൂക്ഷിച്ചുതുടങ്ങി. കോൽക്കത്തയിൽ സലേഷ്യൻ വൈദികനായി ശുശ്രൂഷ ചെയ്തിരുന്ന ചേട്ടൻ ഫാ. തോമസും വടക്കേ ഇന്ത്യയിൽ ശുശ്രൂഷ ചെയ്തിരുന്ന ചേച്ചി സിസ്റ്റർ ബോർജിയയും (അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്) അവർക്കു കിട്ടുന്ന സ്റ്റാമ്പുകളെല്ലാം ശേഖരിച്ച് കൊണ്ടുവന്നു നൽകിയിരുന്നു.
അത് പത്താം ക്ലാസ് കഴിയുന്നതുവരെ തുടർന്നു. പത്താം ക്ലാസ് കഴിഞ്ഞ സമയത്താണ് ദീപിക ഏജന്റ് കൂടിയായിരുന്ന ഏറ്റവും മൂത്ത സഹോദരൻ കെ.ടി. കുര്യൻ ഒരു സ്റ്റോക്ക് ബുക്ക് വാങ്ങി സമ്മാനിച്ചത്. പ്രീഡിഗ്രിയും ഡിഗ്രിയും കുറവിലങ്ങാട് ദേവമാത കോളജിലും ബിഎഡ് മാന്നാനം സെന്റ്് ജോസഫ് കോളജിലുമായിരുന്നു.
ജോലിക്കായി ബംഗാളിൽ
ബംഗാളിലെ ബാൻഡൽ ഡോൺബോസ്കോ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ബയോളജി അധ്യാപകനായാണ് ആദ്യം ജോലിയിൽ പ്രവേശിക്കുന്നത്. അവിടെവച്ച് പഴയ അഭിരുചി വീണ്ടും ശക്തമായി. ആ സ്കൂളിലെ പല വിദ്യാർഥികൾക്കും സ്റ്റാമ്പ് ശേഖരണമുണ്ടായിരുന്നു.
അവരുമായി പല സ്റ്റാമ്പുകളും എക്സ്ചേഞ്ച് ചെയ്തു. രണ്ടു വർഷത്തിനുശേഷം കോൽക്കൊത്തയിലെ ബാങ്ക് ഓഫ് കൊച്ചിനിൽ ജോലികിട്ടി. ആ സമയത്ത് അവിടെ നടന്ന അന്തർദേശീയ ഫിലാറ്റലി എക്സിബിഷൻ കാണാനിടയായി.
അവിടത്തെ മലയാളി സുഹൃത്തുക്കളായ പ്രിൻസ് തെക്കൻ, ജോണി ഞാളിയത്ത് എന്നിവർവഴി മദർ തെരേസയുടെ സെക്രട്ടറി സിസ്റ്റർ മെലാനിനെ പരിചയപ്പെട്ടു. മദറിനും മദർ ഹൗസിലേക്കും വിവിധ രാജ്യങ്ങളിൽനിന്നു വരുന്ന പല സ്റ്റാമ്പുകളും ലഭിക്കാൻ ഇടയായത് അങ്ങനെയാണ്. മൂന്നാലുതവണ വിശുദ്ധ മദർ തെരേസതന്നെ നേരിട്ട് സ്റ്റാമ്പുകൾ നൽകിയിട്ടുണ്ട്.
കൊച്ചിൻ ഫിലാറ്റലി ക്ലബ്ബിലേക്ക്
ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി ലഭിച്ചതോടെ അധികം വൈകാതെ നാട്ടിൽ തിരിച്ചെത്തി. ഇതിനിടെ എറണാകുളത്തുള്ള റിലീജിയസ് സ്റ്റാമ്പ് എക്സ്ചേഞ്ച് ക്ലബ്ബിനെക്കുറിച്ച് കേട്ടറിഞ്ഞ് അതിൽ ചേർന്നു. ബിഷപ് മാർ പൗളിനോസ് ജീരകത്തിലിന്റെ നേതൃത്വത്തിൽ തുടങ്ങിവച്ച ക്ലബ് ആയിരുന്നു അത്. ഇപ്പോൾ കൊച്ചിൻ സ്റ്റാമ്പ് എക്സ്ചേഞ്ച് ക്ലബ് എന്നാണ് അറിയപ്പെടുന്നത്.
അവിടെ പല പ്രഗത്ഭരും ഉണ്ടായിരുന്നു. അവരിൽനിന്ന് ഫിലാറ്റലിയുടെ പല പുതിയ പാഠങ്ങളും പഠിച്ചു. അങ്ങനെ വിഷയാധിഷ്ഠിതമായി സ്റ്റാമ്പുകളും അനുബന്ധസാമഗ്രികളും തരംതിരിക്കാനും തുടങ്ങി. അങ്ങനെയിരിക്കേയാണ് കോട്ടയത്ത് ഒരു ഫിലാറ്റലി ക്ലബ് ഉണ്ടെന്നറിയുന്നത്.
വയക്കര മൂസ് തുടങ്ങിവച്ച ഈ ക്ലബ്ബിന്റെ പ്രസിഡന്റായി രണ്ടു പതിറ്റാണ്ടോളം പ്രവർത്തിച്ചത് പ്രഫ. ജോർജ് ജോൺ നിധീരി ആയിരുന്നു. ആറുവർഷമായി ജോസഫ് ആണ് പ്രസിഡന്റ്.
കേരാപെക്സ് 1999 എന്ന പേരിൽ കോട്ടയത്തു നടന്ന സംസ്ഥാനതല എക്സിബിഷനിൽ ആദ്യമായി പങ്കെടുത്ത് വെർമെയ്ൽ മെഡൽ നേടാൻ കഴിഞ്ഞത് വലിയ ഉത്സാഹമുളവാക്കി. നീർപക്ഷികൾ വിഷയമായുള്ള പ്രദർശനത്തിനായിരുന്നു അവാർഡ്.
പിന്നെ കേരളത്തിൽ ഇതുവരെ നടന്ന ആറു മത്സരങ്ങളിലും ജോസഫ് പങ്കെടുത്തു. ഗോൾഡ് ഉൾപ്പെടെയുള്ള മെഡലുകൾ സ്വന്തമാക്കി. ദേശീയ മത്സരങ്ങളിലും പുരസ്കാരങ്ങൾ നേടി.
പാഷൻ ഓഫ് ക്രൈസ്റ്റ്
ബാങ്ക് ജോലിക്കിടയിലും പതിറ്റാണ്ടുകൾ മതാധ്യാപകനെന്നനിലയിലും വിശ്രമ ജീവിതത്തിൽ ബൈബിൾ പഠിതാവെന്ന നിലയിലും വ്യാപരിച്ച ജോസഫിന് വ്യത്യസ്തമായ രീതിയിൽ ഒരു അവതരണം നടത്തണമെന്ന മോഹമുദിച്ചു.
സംസ്ഥാന-ദേശീയ മത്സരങ്ങൾക്ക് ഇപ്പോൾ സാധാരണയായി അഞ്ച് ഫ്രെയിമുകളിലായി (ഒരു ഫ്രെയിമിൽ എ3 വലിപ്പമുള്ള എട്ടു ഷീറ്റുകളാണ് ഉൾപ്പെടുത്താനാവുക ) 40 എ3 ഷീറ്റുകളേ പ്രദർശിപ്പിക്കാനാവൂ എന്നതിനാൽ ബൈബിൾ മുഴുവനായോ യേശുവിന്റെ ജനനം മുതൽ മരണം വരെയോ പ്രതിപാദിക്കുക എളുപ്പമല്ല.
ക്രിസ്മസ് മാത്രമാണ് അവതരിപ്പിക്കുന്നതെങ്കിൽ നിരവധിയായ രാജ്യങ്ങൾ കാർഡുകളും സ്റ്റാമ്പുകളും മറ്റ് സാമഗ്രികളും ഇറക്കിയിട്ടുണ്ടെങ്കിലും മിക്കതും ഒരുപോലെ ആയതിനാൽ വൈവിധ്യങ്ങൾ ഇല്ല. അങ്ങനെയാണ് ഒടുവിൽ പാഷൻ ഓഫ് ക്രൈസ്റ്റിൽ എത്തിനിന്നത്. പിന്നെ കഴിഞ്ഞ അഞ്ചുവർഷം അതിനുള്ള ഗവേഷണങ്ങളും പ്രയത്നങ്ങളുമായിരുന്നു.
വിശ്വാസമുദ്രകൾ
ബഥാനിയായിലെ തൈലാഭിഷേകം മുതൽ കുരിശുമരണവും ഉത്ഥാനവും ഉൾപ്പെടെ 1200ൽ അധികം സ്റ്റാമ്പുകളും കവർ, എയർ മെയിൽ, പോസ്റ്റ് കാർഡുകൾ, എയറോഗ്രാമുകൾ, ഇൻലാൻഡ് തുടങ്ങി വിവിധ സ്റ്റേഷനറികളും ഉൾപ്പെടുത്തിയാണ് ഫ്രെയിമുകൾ പൂർത്തിയാക്കിയത്.
ഓശാന, കാൽകഴുകൽ ശുശ്രൂഷ, അപ്പം മുറിക്കൽ എന്നിവയും പീഡാനുഭവ ചരിത്രത്തിൽ പറയുന്ന മുഴുവൻ സംഭവങ്ങളും അധികരിച്ച് ലോകത്ത് ഇന്നുവരെ ഇറങ്ങിയിട്ടുള്ള ഈസ്്റ്റർ സംബന്ധമായ തപാൽ വസ്തുക്കളിൽ 90 ശതമാനവും ഉൾപ്പെടുത്താനായി എന്നതാണ് ഏറ്റവും വലിയ അഭിമാനം.
ബ്രസീൽ, മെക്സിക്കോ, ഇറ്റലി, ജർമനി, അയർലൻഡ്, ഫിലിപ്പൈൻസ്, പോർച്ചുഗൽ, ഫ്രാൻസ്, നൈജീരിയ, എത്യോപ്യ, ജോർദാൻ, റാസൽഖയ്മ, ഫുജൈറ തുടങ്ങി ഭൂഖണ്ഡഭേദമന്യേ നൂറിലധികം രാജ്യങ്ങളിലെ സ്റ്റാമ്പുകളും ഇതര തപാൽ വസ്തുക്കളുമാണ് ഫ്രെയിമുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതിൽ ഈ തീമിൽ ഇന്ത്യയിൽ പുറത്തിറങ്ങിയ ഒരേയൊരു സ്റ്റാമ്പും ഉൾക്കൊള്ളിച്ചിട്ടുണ്ട്. മാർതോമായുടെ മരണത്തിന്റെ പത്തൊന്‍പതാം ശതാബ്ദി സ്മാരകമായി 1973ൽ ഭാരത സർക്കാർ പുറത്തിറക്കിയ മാർത്തോമാ കുരിശിന്റെ ചിത്രമുള്ള സ്റ്റാമ്പാണിത്.
“ഈ ലാർജ് വെർമെയ്ൽ മെഡൽ എന്നെ സംബന്ധിച്ച് വലിയൊരു ആത്മസാക്ഷാത്കാരമാണ്. ദേശീയ മത്സരം എപ്പോഴാണെന്ന് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. എവിടെയായാലും പോകണം; ഇവ അവതരിപ്പിക്കണം. കർത്താവെന്നിൽ നിക്ഷേപിച്ച ഈ സവിശേഷ അഭിരുചിയിലൂടെ പരോക്ഷമായ ഒരു സുവിശേഷപ്രഘോഷണം നടത്തണം. അതിൽ സമ്മാനം കിട്ടുമോ ഇല്ലയോ എന്നുള്ളത് രണ്ടാമത്തെ കാര്യം-” ഏറെ അഭിമാനത്തോടെ ജോസഫ് പറഞ്ഞു.
ചെറുതും ചരിത്രമാകും
ഭാര്യ വത്സമ്മയുടെയും (റിട്ടയേഡ് അസിസ്റ്റന്റ് മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്), മകൻ ഡോ. ജിനോ ജോയ് (ജെറിയാട്രിക്സ് വിഭാഗം തലവൻ, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, എറണാകുളം), മരുമകൾ പ്രഫ. ഇന്ദു പീറ്റർ (അധ്യാപിക, കെഇ കോളജ്, മാന്നാനം) എന്നിവരുടെയും പ്രോത്സാഹനമാണ് എഴുപതാം വയസിലും ഇദ്ദേഹത്തിന് ഫിലാറ്റലി യാത്രയിൽ കരുത്താവുന്നത്.
നല്ലൊരു ഹോബിയുണ്ടെങ്കിൽ വാർധക്യം ഏറെ ആനന്ദകരമാക്കാമെന്നും ജോസഫേട്ടൻ പറയുന്നു; കാണിച്ചുതരുന്നു. സ്റ്റാമ്പുകളുടെ ചെറുലോകത്തിൽ വിശ്വാസത്തിന്റെ മഹത്തായ കഥ വരച്ചുകാട്ടുന്ന അദ്ദേഹം തെളിയിക്കുന്നു- പാഷനും സമർപ്പണവും ഉണ്ടെങ്കിൽ ചെറുതും ചരിത്രമാകും!
SUNDAY DEEPIKA
ഇതുവരെ നാം കേട്ടിട്ടുള്ള ജീവിതകഥകളിൽ ഏറ്റവും വലുതാണ് യേശുവിന്റെ കഥ. സംഘർഷാത്മകവും കരുണാമസൃണവുമായ ആ കഥയുടെ ധ്യാനം അനേകം ഹൃദയങ്ങളെ നവീകരിക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
മനുഷ്യപുത്രനും ദൈവപുത്രനുമായ യേശുവിൽ മനുഷ്യവംശത്തിന്റെ എല്ലാ ആശയാഭിലാഷങ്ങളും ദർശനങ്ങളും സന്പൂർത്തിയിലെത്തുന്നു.
പഴയനിയമത്തിലെ പ്രവചനങ്ങളെല്ലാം അവിടന്നിൽ സാഫല്യമടയുന്നു. കുരിശിൽ ഉയർത്തപ്പെട്ട യേശു തന്റെ സർവസമാശ്ലേഷകമായ സ്നേഹത്താലും സർവാംഗീണമായ കരുണയാലും സർവാദരണീയമായ ധർമ തേജസിനാലും രാജാധിരാജനായി നിലകൊള്ളുകയാണ്. ക്രിസ്തുവിനെക്കൂടാതെ ഇന്ന് മാനവതയ്ക്ക് മുന്നോട്ടുപോകാനാവില്ല.
നീതിയുടെ ആൾരൂപം
പ്രവാചകരെല്ലാം നീതിയെപ്പറ്റി സംസാരിക്കുകയും പ്രഘോഷിക്കുകയും ചെയ്തെങ്കിൽ, നീതി മനുഷ്യരൂപമെടുത്ത് യേശു എന്ന വ്യക്തിയിലൂടെ ഭൂമിയിൽ അവതരിച്ചു. പാവപ്പെട്ടവരുടെ പക്ഷംചേർന്ന് അവരെ കൈകൊടുത്തുയർത്തി സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരുന്നതും നാനാവിധ ബന്ധനങ്ങളിൽനിന്ന് അവരെ മോചിപ്പിച്ച് സ്വതന്ത്രരാക്കുന്നതുമാണ് പ്രവാചകർ സ്വപ്നംകണ്ട നീതിസങ്കല്പം.
നീതിയെ കുറിക്കാൻ "സെദാക്കാ' എന്ന ഹീബ്രൂ പദത്തിന്റെ സ്ഥാനത്ത് "ദിക്കായിയോസൂനേ' എന്ന ഗ്രീക്കു പദമാണ് പുതിയനിമയ ഗ്രന്ഥകാരന്മാർ ഉപയോഗിക്കുന്നത്.
സർവസന്പത്തിന്റെയും ഉടയവനായ ക്രിസ്തു പരമദരിദ്രനായി കാലിത്തൊഴുത്തിൽ ജനിച്ചത് ദരിദ്ര ജനകോടികളോട് താദാത്മ്യപ്പെടാനായിരുന്നു. കാൽവരി ക്രൂശിൽ നിന്ദനങ്ങളേറ്റു മരിച്ചത് ചൂഷിതരോടും മർദിതരോടും സാത്മ്യപ്പെടാനായിരുന്നു.
"കുറുനരികൾക്ക് മാളങ്ങളും ആകാശപ്പറവകൾക്കു കൂടുകളുമുണ്ട്. എന്നാൽ മനുഷ്യപുത്രന് തലചായ്ക്കാൻ ഇടമില്ല' (മത്താ 8:20) എന്നു സാക്ഷ്യപ്പെടുത്തിയപ്പോൾ താൻ ജീവിതത്തിൽ സ്വമേധയാ വരിച്ച ദാരിദ്ര്യമാണ് അവിടന്ന് എടുത്തുകാട്ടിയത്.
ഇത്രവലിയ ദാരിദ്ര്യവും നിസ്വതയും സ്വയം ഏറ്റെടുത്തതിലൂടെ ഈ ലോകത്തിലെ പട്ടിണിപ്പാവങ്ങളോടും അരികുവല്കരിക്കപ്പെട്ടവരോടുമുള്ള തന്റെ പക്ഷപാതിത്വവും അവരുടെ മോചനത്തിനുള്ള തീരാദാഹവുമാണ് അവിടന്ന് പ്രകടമാക്കിയത്. അതിലൂടെ സന്പന്നർ പ്രതിനിധാനംചെയ്യുന്ന ചൂഷണ വ്യവസ്ഥയ്ക്കെതിരേ അവിടന്ന് ധർമത്തിന്റെ പടവാൾ ചുഴറ്റി.
മലയിലെ പ്രസംഗത്തിലെ അഷ്ടഭാഗ്യങ്ങളിൽ (മത്താ 5:2-12) ആത്മാവിൽ ദരിദ്രർക്കും കരയുന്നവർക്കും ശാന്തശീലർക്കും ധർമത്തിനുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർക്കുമാണ് യേശു ഭാഗ്യം ആശംസിക്കുന്നത്.
ഇതിനോടുചേർത്ത് കരുണാശീലർക്കും ഹൃദയശുദ്ധിയുള്ളവർക്കും സമാധാനസ്ഥാപകർക്കും ധർമസംസ്ഥാപനാർഥം പീഡ സഹിക്കുന്നവർക്കും അനുഗ്രഹം പ്രഖ്യാപിക്കുന്നുണ്ട്. ഈ എട്ടു ഗണത്തിൽപ്പെട്ടവരും പാവങ്ങളുടെ പക്ഷംചേർന്ന് നീതിക്കുവേണ്ടി പോരാടുന്നവരാണ്.
ദാരിദ്ര്യവും ചൂഷണവുമില്ലാത്ത, സമത്വവും സാഹോദര്യവും പുലരുന്ന, ദൈവത്തിന്റെ പുതിയ ഭരണസംവിധാനം (ദൈവരാജ്യം) ആഗതമായതുകൊണ്ടാണ് ദരിദ്രരും കരയുന്നവരും വിശക്കുന്നവരും പീഡ സഹിക്കുന്നവരും ഭാഗ്യവാന്മാരാകുന്നത്.
സമത്വവും സാഹോദര്യവും നീതിയും ധർമവും പുലരുന്ന പുതിയ ലോകത്തിൽ ദാരിദ്ര്യവും വിലാപവും വിശപ്പും പീഡനവുമില്ല. ഈ പുതിയ ലോകത്തിനുവേണ്ടി അധ്വാനിക്കാനും കൈകോർക്കാനുമുള്ള ഉദ്ബോധനമാണ് സുവിശേഷഭാഗ്യങ്ങളിൽ അന്തഃസ്ഥിതമായിരിക്കുന്നത്.
യേശുവിന്റെ അദ്ഭുതങ്ങളെല്ലാം പാവപ്പെട്ടവർക്ക് പ്രവർത്തനരൂപത്തിൽ നൽകിയ വിമോചനത്തിന്റെ സുവിശേഷമായിരുന്നു. പാവപ്പെട്ടവരെ വിളിച്ചു സൽക്കരിച്ച യേശുവിന്റെ ഉൗട്ടുമേശകളും ധനികർ സംഘടിപ്പിച്ച ഉൗട്ടുമേശകളിൽ പങ്കെടുത്ത് പാവപ്പെട്ടവർക്കുവേണ്ടി വാദിച്ച അവിടത്തെ നിലപാടുകളും സമത്വവും സാഹോദര്യവും പുലരുന്ന പുതിയ ലോകത്തിനുവേണ്ടിയുള്ള വിപ്ലവകരമായ മുന്നേറ്റമായിരുന്നു.
ഈ ഉൗട്ടുമേശകളുടെ പാരമ്യമാണ് അന്ത്യത്താഴത്തിലെ വിശുദ്ധ കുർബാന സ്ഥാപനം. അതിനാൽ സാമൂഹികനീതിക്കും വിശ്വസാഹോദര്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിന് ശക്തിപകരുന്ന ബലിയാണ് വിശുദ്ധ കുർബാന.
യേശുവിന്റെ പ്രബോധനങ്ങളിൽ നിറഞ്ഞുനിന്ന പ്രധാനപ്പെട്ട പദമാണ് ദൈവരാജ്യം. ഇതൊരു ഭൂപ്രദേശമല്ല, ജീവിതാവസ്ഥയാണ്. ദൈവം മനുഷ്യജീവിതത്തിന്റെ സകലതലങ്ങളെയും ഭരിക്കുന്പോൾ ഉളവാകുന്ന വിമോചനവും സ്വാതന്ത്ര്യവും വെളിപ്പെടുത്തുന്ന പദം. നീതിയും ധർമവും പുലരുന്ന സാമൂഹിക ക്രമവും ലോകക്രമവുമാണത്.
ഇതു രൂപപ്പെടണമെങ്കിൽ മാനസാന്തരം ആവശ്യമാണ്. വ്യക്തിജീവിതത്തിന്റെ മാറ്റം മാത്രമല്ല, നീതിനിഷ്ഠമായ പുതിയ സാമൂഹിക ക്രമത്തിനു വേണ്ടിയുള്ള സമർപ്പണവും ഈ മാനസാന്തരം ഉൾക്കൊള്ളുന്നുണ്ട്.
ധർമത്തിന്റെയും കരുണയുടെയും ആൾരൂപം
യേശു പഠിപ്പിച്ച പുതിയ ധാർമികതയിൽ പത്തു പ്രധാന മൂല്യങ്ങൾ അടങ്ങുന്നു: മനുഷ്യവ്യക്തിയുടെ അന്തസിനോടുള്ള ആദരവ്, അനുരഞ്ജനം, ലൈംഗികതയുടെ പരിശുദ്ധിയും സ്ത്രീയും പുരുഷനും തമ്മിലുള്ള ആരോഗ്യകരമായ ബന്ധവും, വിവാഹത്തിന്റെ അഭേദ്യത, സത്യസന്ധതയും സുതാര്യതയും, വ്യവസ്ഥാരഹിതമായ ക്ഷമ, അവകാശം അടിയറവച്ചുപോലും ഐക്യപ്പെടാനുള്ള സന്നദ്ധത, ആവശ്യപ്പെടുന്നതിലധികം സേവനം ചെയ്യാനുള്ള ഒൗദാര്യം, തിരിച്ചുകിട്ടുമെന്നു പ്രതീക്ഷിക്കാതെയുള്ള ദാനം, ശത്രുക്കളെപ്പോലും ഉൾക്കൊള്ളുന്ന സാർവലൗകിക സ്നേഹം. ഈ മൂല്യങ്ങൾ സ്നേഹത്തിന്റെ പരിപൂർണതയിലേക്കാണ് വിരൽചൂണ്ടുന്നത്.
വിധിക്കാത്തതും വ്യവസ്ഥയില്ലാത്തതും കരുണാർദ്രമായതും സകലരേയും ഉൾക്കൊള്ളുന്നതും സകലരോടും ക്ഷമിക്കുന്നതും വിനീതമായി സേവനം ചെയ്യുന്നതും എല്ലാം പങ്കുവയ്ക്കുന്നതുമായ സ്നേഹമാണത്. ഈ സ്നേഹത്തെ അഗാപ്പേ എന്നാണ് സുവിശേഷകൻ വിളിക്കുന്നത്.
ദൈവത്തിൽനിന്നാണ് ഇത് ഉത്ഭവിക്കുന്നത്. ദൈവം സ്നേഹമാണ് എന്നു വെളിപ്പെടുത്താൻ യേശുവിനു മാത്രമേ കഴിയൂ. സ്നേഹിതനുവേണ്ടി ജീവനർപ്പിക്കുന്ന ആത്മദാനത്തിന്റെ പരമകാഷ്ഠയാണ് സ്നേഹമെന്ന് പ്രഖ്യാപിക്കാൻ യേശുവിനേ കഴിയൂ.
താൻ നമ്മെ സ്നേഹിച്ചതുപോലെ നാമും അന്യോന്യം സ്നേഹിക്കണമെന്നാണ് അവിടന്ന് നമ്മെ അനുശാസിക്കുന്നത് (യോഹ 13:34-35). സാമൂഹിക നീതിയിലധിഷ്ഠിതമായ കരുണയാണ് അവസാനവിധിയുടെ ഏക മാനദണ്ഡമെന്ന് വിളംബരം ചെയ്യാനും അവിടന്ന് മടിച്ചില്ല (മത്താ 25:31-46).
യേശുവിന്റെ കാരുണ്യം പാരാവാരംപോലെ വിശാലതയാർന്നതാണ്. ഒറ്റ മനുഷ്യനേയും അവിടന്ന് കൈവിട്ടില്ല. സകലരും അവിടന്നിൽനിന്ന് സൗഖ്യവും സമാധാനവും നേടി. പാപിനിയായ സ്ത്രീ (ലൂക്കാ 7:36-50), നല്ല കള്ളൻ (ലൂക്കാ 23:42-43), സക്കേവൂസ് (ലൂക്കാ 19:1-10). സമരിയാക്കാരി സ്ത്രീ (യോഹ 4:1-42) മുതലായ എത്രയോപേർ ആ കാരുണ്യത്തിന്റെ ദിവ്യപ്രകാശത്തിൽ തേജോമയരായി മാറി.
ഖലീൽ ജിബ്രാന്റെ മനുഷ്യപുത്രനായ യേശുവിൽ മഗ്ദലനമറിയം സാക്ഷ്യപ്പെടുത്തുന്നതുപോലെ, ""മിത്രമേ, ഞാൻ മരിച്ചവളായിരുന്നു; സ്വന്തം ആത്മാവിനെ ഉപേക്ഷിച്ച സ്ത്രീയായിരുന്നു. അവരെന്നെ വേശ്യയെന്നും ഏഴു പിശാചുക്കൾ ബാധിച്ചവളെന്നും വിളിച്ചു.
എന്നാൽ അവന്റെ പുലർനേത്രങ്ങൾ എന്റെ കണ്ണുകളിലേക്കു നോക്കിയപ്പോൾ ആ നിശാതാരകങ്ങളെല്ലാം മാഞ്ഞുപോയി. ഞാൻ മിറിയമായി...'' കല്ലെറിയപ്പെടാൻ യേശുവിന്റെ പക്കലേക്ക് ആട്ടിത്തെളിക്കപ്പെട്ട മറ്റൊരു സ്ത്രീയും അവിടത്തെ കരുണയാൽ വിമോചനം നേടി.
യേശുവിന്റെ ആജ്ഞാസ്വരത്തിൽ കല്ലെറിയാൻ ആഞ്ഞുനിന്നവരെല്ലാം കല്ലുകൾ താഴെയിട്ടു ലജ്ജിച്ചു പിൻവാങ്ങിയപ്പോൾ, യേശുവും ആ സ്ത്രീയും മാത്രം ശേഷിച്ചു. അഗസ്റ്റിന്റെ ഭാഷയിൽ മിസേരായും മിസേരികോർദിയായും. "മിസേരാ' എന്നാൽ പരമദീനയായ സ്ത്രീ, "മിസ്േരികോർദിയാ' കരുണയുടെ മൂർത്തീഭാവമായ ദൈവപുത്രൻ. അവൻ മൊഴിഞ്ഞു: ""ഞാനും നിന്നെ വിധിക്കുന്നില്ല. പൊയ്ക്കൊള്ളുക; മേലിൽ പാപം ചെയ്യരുത്'' (യോഹ 8:1-11). ചരിത്രത്തിലാദ്യമായി സ്ത്രീ-പുരുഷ തുല്യത പ്രഖ്യാപിക്കുകയും ചൂഷിതരും പീഡിതരുമായ സ്ത്രീകൾക്ക് വിമോചനവും മഹത്വവും കല്പിച്ചരുളുകയും ചെയ്ത കരുണാവാരിധിയാണ് അവിടന്ന്.
പുതിയ കാഴ്ചപ്പാടുകൾ
ധനം, അധികാരം, സെക്സ്, കുടുംബം മുതലായവയ്ക്ക് യേശു പുതിയ വ്യാഖ്യാനം നൽകി. ധനത്തിന്റെ ഉടമസ്ഥൻ ദൈവമാണ്; മനുഷ്യൻ കാര്യസ്ഥൻ മാത്രം. അതിനാൽ സന്പത്ത് പാവപ്പെട്ടവരുമായി പങ്കുവച്ചേതീരു. ധനാസക്തി വരുത്തുന്ന അപകടത്തെപ്പറ്റി ഇത്ര ഗൗരവമായി പഠിപ്പിച്ച മറ്റൊരു ഗുരുവുമില്ല. അധികാരം ആധിപത്യം ചെലുത്താനുള്ളതല്ല, വിനീതമായ ശുശ്രൂഷയ്ക്കു വേണ്ടിയുള്ളതാണ്.
സ്നേഹത്തിനും ജീവനും ശുശ്രൂഷചെയ്യാൻ ദൈവം സ്ത്രീക്കും പുരുഷനും നൽകിയ മഹാദാനമാണ് സെക്സ്. എന്നാൽ ആസക്തിയോടുകൂടിയ നോട്ടം (മത്താ 5:27) സ്ത്രീയുടെയും പുരുഷന്റെയും ശരീരത്തെ ഭോഗവസ്തുവും വിപണനച്ചരക്കുമാക്കി മാറ്റും.
വിശ്വസ്തതയിലും അഭേദ്യതയിലുമധിഷ്ഠിതമായ ഭാര്യാഭർതൃബന്ധത്തിൽനിന്നാണ് നല്ല കുടുംബം പിറന്നുവീഴുന്നത്. സാബത്ത് നിയമങ്ങൾ ലംഘിച്ച് തിന്മചെയ്തപ്പോഴും ക്ഷാളന നിയമങ്ങൾ ലംഘിച്ച് ആന്തരിക വിശുദ്ധിയുടെ പ്രാധാന്യം എടുത്തുകാട്ടിയപ്പോഴും മനുഷ്യന്റെ ശ്രേഷ്ഠതയ്ക്കാണ് അവിടന്ന് പ്രാധാന്യം നൽകിയത്.
സംഘർഷം
യേശുവിന്റെ നവദർശനങ്ങളും കാഴ്ചപ്പാടുകളും പ്രവർത്തനശൈലിയും അധികാരിവർഗത്തെ വിറളിപിടിപ്പിച്ചു. ദേവാലയം അശുദ്ധമാക്കി, പാവപ്പെട്ട തീർഥാടകരെ ചൂഷണംചെയ്ത് കൊള്ളലാഭം കൊയ്യുകയും പുരോഹിത പ്രമാണികൾക്ക് ലാഭവിഹിതം നൽകുകയും ചെയ്ത വാണിഭക്കാരെ യേശു ചാട്ടവാറേന്തി അധികാരപൂർവം പുറത്താക്കി. ഇതു ചെയ്യാൻ അധികാരമുണ്ടെന്നതിന് അടയാളം കാണിക്കാൻ ആവശ്യപ്പെട്ട പുരോഹിതരോട് യേശു പറഞ്ഞു: "നിങ്ങൾ ഈ ആലയം തകർക്കുവിൻ. ഞാനത് മൂന്നുദിവത്തിനകം പുനരുദ്ധരിക്കും.'
ഈ വാക്യം പ്രവാചകപരമായ ഐറണിയാണ്. ദേവാലയം തകർക്കാനല്ല യേശു ആവശ്യപ്പെട്ടത്. മറിച്ച് യഹൂദർ തങ്ങളുടെ അനീതിപരമായ പ്രവൃത്തികളിലൂടെ ദേവാലയം തകർത്തുകഴിഞ്ഞിരിക്കുന്നു എന്നു പ്രഖ്യാപിക്കുകയാണ് ചെയ്തതത്.
നീതിയും ധർമവുമില്ലാത്തിടത്ത് ദേവാലയമില്ല. അതു നിലംപൊത്തിക്കഴിഞ്ഞു. യേശുവിന്റെ മരണവും ഉത്ഥാനവും വിശ്വവ്യാപകമായ പുതിയ ദേവാലയത്തെ പടുത്തുയർത്തും. നീതിക്കും ധർമത്തിനുംവേണ്ടി നിലകൊള്ളുന്നവരൊക്കെ ഈ പുതിയ ദേവാലയം പണിയുന്നവരാണ്.
യേശുവിന്റെ നീതിക്കും ധർമത്തിനും വേണ്ടിയുള്ള പോരാട്ടവും കരുണാർദ്രമായ പ്രവർത്തനങ്ങളും അധികാരവർഗത്തിന്റെ അഴിമതിക്കെതിരായ ഗർജനങ്ങളും പാവങ്ങളുടെ പക്ഷംചേർന്നുള്ള പ്രവർത്തനശൈലിയുമാണ് അവിടത്തെ കുരിശിലേക്കു നയിച്ചത്.
പീലാത്തോസ് യേശുവിനെ വിധിക്കുന്ന രംഗം ഐറണിയിൽ കുതിർന്ന ഹാസ്യത്തോടെ യോഹന്നാൻ രേഖപ്പെടുത്തുന്നു (19:13). ""പീലാത്തോസ് യേശുവിനെ പുറത്തേക്കു കൊണ്ടുവന്ന് ഗബാത്താ എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് ന്യായാസനത്തിൽ ഇരുന്നു.'' "എക്കാത്തിസെൻ' എന്ന ഗ്രീക്കു ക്രിയാപദമാണ് "ഇരുന്നു' എന്നു വിവർത്തനംചെയ്തിരിക്കുന്നത്.
ഈ ക്രിയയ്ക്ക് രണ്ട് അർഥങ്ങളുണ്ട്: "ഇരുന്നു' എന്നും "ഇരുത്തി' എന്നും. "ഇരുത്തി' എന്ന അർഥത്തിലെടുത്താൽ പീലാത്തോസ് യേശുവിനെ ന്യായാസനത്തിൽ ഇരുത്തി എന്നു നാം വായിക്കേണ്ടിവരും. വാസ്തവത്തിൽ ഇതാണ് സുവേശഷകൻ ഉദ്ദേശിക്കുന്നത്.
പീലാത്തോസല്ല, നിത്യവിധിയാളനും രാജാധിരാജനുമായ ക്രിസ്തുവാണ് ന്യായാസനത്തിലിരുന്ന് പീലാത്തോസ് പ്രതിനിധാനംചെയ്യുന്ന അനീതിയുടെ ഭരണകൂടങ്ങളെയും കയ്യാഫാസ് പ്രതിനിധാനംചെയ്യുന്ന അഴിമതിയുടെ മതസംവിധാനങ്ങളെയും വിധിക്കുന്നത്.
യുദ്ധത്തിന്റെ കാലുഷ്യംനിറഞ്ഞ വിച്ഛിന്നവും വിഭ്രമാത്മകവുമായ ദശാസന്ധിയിൽ, ധർമത്തിന്റെ അവസാന വെളിച്ചവും കെട്ടുപോയ ഈ അന്ധകാരാവൃത ലോകത്തെ തന്റെ വചനമാകുന്ന വാളാൽ വിധിച്ചുകൊണ്ട് ക്രൂശിതനും ഉത്ഥിതനുമായ ക്രിസ്തു നീതിപീഠത്തിൽ ഇരിക്കുന്പോൾ സാമ്രാജ്യത്വവാദികളും മതരാഷ്ട്രവാദികളും ഒരുപോലെ ഞെട്ടിവിറയ്ക്കുമെന്നതിൽ തെല്ലും സംശയംവേണ്ട.
നിരപരാധികളായ സ്ത്രീകളും കുഞ്ഞുങ്ങളും പാവപ്പെട്ടവരും മരിച്ചുവീഴുന്പോൾ, അവരുടെ രക്തം ഭൂമിയിൽനിന്നു നിലവിളിക്കുന്പോൾ "ധർമപുരാണ'ത്തിലെ സിദ്ധാർഥനെപ്പോലെ "യുദ്ധം ആർക്കുവേണ്ടി' എന്ന് ഉച്ചത്തിൽ ആക്രോശിക്കാൻ യേശുവിന്റെ കുരിശ് നമുക്ക് പ്രേരണയായെങ്കിൽ!
പുതുജീവൻ
നീതിക്കും ധർമത്തിനും വേണ്ടിയുള്ള പോരാട്ടമാണ് യേശുവിനെ കുരിശിലെത്തിച്ചതെങ്കിലും അവിടത്തെ കുരിശുമരണം സകല മനുഷ്യർക്കും രക്ഷ പ്രദാനംചെയ്യാനുള്ള ദൈവികപദ്ധതിയുടെ നിറവേറലായിരുന്നു. ലോകത്തിന്റെ പാപം വഹിക്കുന്ന കുഞ്ഞാടായിട്ടാണ് അവിടന്ന് കുരിശിൽ മരിക്കുന്നത്.
അവിടത്തെ കുരിശുമരണം പാപപരിഹാര ബലിയായിരുന്നു. ഏശയ്യായുടെ സഹനദാസനെക്കുറിച്ചുള്ള പ്രവചനമാണ് ക്രിസ്തുവിന്റെ കുരിശുമരണത്തിൽ നിറവേറിയത് (ഏശ 52:13-54:12). മാനവകുലത്തിന് പാപദാസ്യത്തിൽനിന്നുള്ള വീണ്ടെടുപ്പും സൗജന്യമായ നീതിവത്കരണവും (റോമ 3:21-26) പുതുജീവനും നേടിത്തന്ന ഉത്ഥാനത്തിന്റെ പ്രഭവിതറുന്ന കുരിശ് ചരിത്രത്തിന്റെ കേന്ദ്രത്തിൽ വിജയക്കൊടി പാറിച്ച് അക്ഷയതേജസോടെ ജ്വലിച്ചു നിൽക്കുകയാണ്. കുരിശിന് നമോവാകം.
SUNDAY DEEPIKA
മഹാനായ മലയാളിയും മഹത്തായ വലിയപാഠാരംഭവും
ഡോ. തോമസ് മൂലയിൽ
പേജ്: 192 വില: ₹ 290
ജീവൻ ബുക്സ്, കോട്ടയം
ഫോൺ: 8078999125
ഹെർമൻ ഗുണ്ടർട്ടിന്റെ "വലിയ പാഠാരംഭം' എന്ന ഒന്നര നൂറ്റാണ്ടു പഴക്കമുള്ള പുസ്തകത്തിന്റെ പുനരവതരണം. മലയാളത്തിന്റെ എഴുത്ത്, അച്ചടി എന്നിവയുടെ വികാസ പരിണാമങ്ങളുടെ പഠനം.
വിശുദ്ധ പുണ്യാത്മാക്കൾ
ഫാ. അഗസ്റ്റിൻ പുന്നശ്ശേരി എംസിബിഎസ്
പേജ്: 208 വില: ₹ 275
ആത്മ ബുക്സ്, കോഴിക്കോട്
ഫോൺ: 9746077500
തിരുസഭയിലെ ഏതാനും വിശുദ്ധാ ത്മാക്കളെക്കുറിച്ച് ആഴത്തിൽ അറിവുപകരുന്ന ഗ്രന്ഥം. പ്രധാനപ്പെട്ട തിരുനാളുകളെക്കുറിച്ചും പ്രതിപാദി ക്കുന്നു. വായനക്കാർക്ക് പ്രചോദനം നൽകുന്ന ഉള്ളടക്കം.
ഡിജിറ്റൽ വെൽനസ്
ജോസഫ് കുന്പുക്കൽ
പേജ്: 140 വില: ₹ 250
പബ്ലിക്കേഷൻ ഡിവിഷൻ, എസ്എച്ച് കോളജ്, തേവര. ഫോൺ: 9446144836
സാങ്കേതികവിദ്യയുടെ അടിമയാകാതെ എങ്ങനെ അതിന്റെ യജമാനനാകാമെന്ന് ശാസ്ത്രീയമായി ചർച്ചചെയ്യുന്ന പുസ്തകം. പുതുതലമുറയ്ക്ക് ഒരു ഉണർത്തുപാട്ട്.
സീറോമലബാർ സഭയുടെ തനിമ
ഫാ.ഡോ. ജോസ് ആലഞ്ചേരി
പേജ്: 192 വില: ₹ 210
മധ്യസ്ഥൻ ബുക്സ്, ചങ്ങനാശേരി
ഫോൺ: 0481 2410101
സീറോമലബാർ സഭയുടെ ആരാധനാക്രമത്തിന്റെ സവിശേഷതകളെക്കുറിച്ചുള്ള വിശകലനം. സഭയെ കൂടുതൽ അറിയാനും സ്നേഹിക്കാനും വിലമതിക്കാനും പ്രചോദനമാകുന്നു.
SUNDAY DEEPIKA
ചൊവ്വ, മനുഷ്യനെന്നും അദ്ഭുതഗ്രഹമാണ്! ആ ചുവന്നഗ്രഹം കേന്ദ്രീകരിച്ചു നിരവധി പഠനങ്ങളാണു നടക്കുന്നത്. ഭാവിയിൽ ചൊവ്വയിൽ മനുഷ്യവാസം സാധ്യമാണോ എന്നുപോലും ഗവേഷണം നടക്കുന്ന കാലം കൂടിയാണിത്.
ഇപ്പോൾ നാസയുടെ പെഴ്സിവിയറൻസ് റോവർ, ചൊവ്വയുടെ ഉപരിതലത്തിലൂടെ നദിയൊഴുകിയിരുന്നതായി കണ്ടെത്തിയതിനുപിന്നാലെ, ചുവന്ന ഗ്രഹം വീണ്ടും ശാസ്ത്രലോകത്തു വലിയ ചർച്ചയാകുകയാണ്.
ചൊവ്വയുടെ ഉപരിതലത്തിലെ വലിയ ഗർത്തമായ ജെസീറോ ക്രേറ്ററിൽ കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപു ജലസമൃദ്ധമായ പരിസ്ഥിതി നിലനിന്നിരുന്നു എന്നാണ് നാസയുടെ കണ്ടെത്തൽ.
ഉപരിതലമേഖലയ്ക്കുതാഴെ മറഞ്ഞുകിടക്കുന്ന പുരാതന നദീതടത്തിന്റെ അവശിഷ്ടങ്ങളാണ് റോവറിലെ അത്യാധുനിക ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ ഉപയോഗിച്ച് ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞത്. ചൊവ്വയുടെ ഭൂതകാലത്തെക്കുറിച്ചും അവിടെ ജീവന്റെ സാന്നിധ്യം ഉണ്ടായിരുന്നോ എന്നതിനെക്കുറിച്ചും നിർണായക വിവരങ്ങൾ നൽകുന്നതാണ് ഈ കണ്ടെത്തൽ.
ജെസീറോ ക്രേറ്ററിലൂടെ ഏകദേശം 6.1 കിലോമീറ്റർ സഞ്ചരിച്ച റോവർ, ഉപരിതലത്തിന് 35 മീറ്റർ താഴെയുള്ള ഘടനകളാണു വിശകലനം ചെയ്തത്. ഏകദേശം 370 കോടി മുതൽ 420 കോടി വർഷംവരെ പഴക്കമുള്ളതാണ് ഈ ഡെൽറ്റ എന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു.
ചൊവ്വയുടെ രൂപീകരണത്തിന് തൊട്ടുപിന്നാലെയുള്ള കാലഘട്ടത്തിൽ ഈ പ്രദേശം ഒരു വലിയ തടാകമായിരുന്നു എന്നാണു പഠനങ്ങൾ സൂചിപ്പിക്കുന്നത്. റോവറിലെ "റിംഫാക്സ്’ എന്ന ഉപകരണം ഉപയോഗിച്ച് ഭൂമിക്കടിയിലേക്ക് അയച്ച റഡാർ തരംഗങ്ങളുടെ സഹായത്തോടെയാണ് ഇതിന്റെ ത്രിമാന ചിത്രം തയാറാക്കിയത്.
ഒരു നദി വലിയൊരു ജലാശയത്തിലേക്കു പതിക്കുമ്പോൾ അടിഞ്ഞുകൂടുന്ന മണ്ണും മണലും ചേർന്നാണ് ഡെൽറ്റകൾ രൂപപ്പെടുന്നത്. ഭൂമിയിലെ ഇത്തരം നദീതടങ്ങൾ സൂക്ഷ്മജീവികളുടെ വളർച്ചയ്ക്ക് അനുയോജ്യമായ സ്ഥലങ്ങളാണ്.
അതുകൊണ്ട്, ചൊവ്വയിലെ ഈ പുരാതന ഡെൽറ്റയിൽ പണ്ടു ജീവന്റെ അടയാളങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടുണ്ടാകാം. ചൊവ്വയിൽ ഒരുകാലത്തു ജലം ദ്രാവകാവസ്ഥയിൽ നിലനിൽക്കാൻ കഴിയുന്ന അന്തരീക്ഷവും താപനിലയും ഉണ്ടായിരുന്നു എന്നതിലേക്കാണു പുതിയ കണ്ടെത്തൽ വിരൽചൂണ്ടുന്നത്.
നേരത്തേ നടന്ന ഗവേഷണങ്ങളിലും ചൊവ്വയുടെ വിവിധ ഭാഗങ്ങളിൽ ജലമുണ്ടായിരുന്നതിന്റെ സൂചനകൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ചൈനയുടെ "സുറോംഗ്’ റോവറും സമാനമായ രീതിയിൽ പുരാതന സമുദ്രതീരത്തിന്റേതെന്നു കരുതുന്ന തെളിവുകൾ കണ്ടെത്തിയിരുന്നു.
ഓരോ പുതിയ കണ്ടെത്തലും ചുവന്ന ഗ്രഹത്തിന്റെ അതിസങ്കീർണമായ ചരിത്രത്തിലേക്കും, അവിടെ ജീവൻ നിലനിന്നിരുന്നോ എന്നതിന്റെ ഉത്തരത്തിലേക്കുമുള്ള ഗവേഷകരുടെ ദൂരം കുറയ്ക്കുകയാണ്.
SUNDAY DEEPIKA
കേണൽ ജൂലിയൻ തികഞ്ഞ മതിപ്പോടെ ഫ്രാങ്കിനു കൈകൊടുത്തിട്ടു പറഞ്ഞു: ""വെരി ഗുഡ്. അഡ്രസ് സംഘടിപ്പിച്ചല്ലോ. ബഹുസമർഥനാണ് താങ്കൾ.''
""ലണ്ടന്റെ വടക്ക് ബാർനെറ്റ് എന്ന സ്ഥലത്തിനടുത്താണ്. ഫോണ്‍ നന്പർ ഇല്ല.''
""ഇത്രയും കിട്ടിയല്ലോ. ഫ്രാങ്കിനെ മാത്രമല്ല മിസിസ് ഡാൻവേഴ്സിനെയും ഇക്കാര്യത്തിൽ ഞാൻ അഭിനന്ദിക്കുന്നു. കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മിസിസ് ഡാൻവേഴ്സിന് എന്തെങ്കിലും പറയാൻ കഴിയുമോ?''
""ഇല്ല സർ. റെബേക്കയ്ക്ക് ഒരിക്കലും ഒരു ഡോക്ടറുടെ സേവനം ആവശ്യം വന്നിട്ടില്ല. ഒരിക്കൽ അവളുടെ കൈ ഉളുക്കിയപ്പോൾ കെരിത്തിലെ ഡോക്ടർ ഫിലിപ്സിനെയാണ് കണ്ടത്. ഡോക്ടർ ബേക്കറിനെപ്പറ്റി ഒരിക്കൽപ്പോലും എന്നോടു പറഞ്ഞിട്ടില്ല.''
ഉടനെ ഫാവെൽ പറഞ്ഞു: ""ഇയാൾ ആരാണെന്നറിഞ്ഞിട്ടു നമുക്കിവിടെ എന്താ കാര്യം? ഇയാൾ ഒരുപക്ഷേ മുഖത്തുപുരട്ടുന്ന ക്രീമോ മുടി കറുപ്പിക്കുന്ന ഏതെങ്കിലും സുഗന്ധതൈലമോ പുതുതായി കണ്ടുപിടിച്ച ആളായിരിക്കും. കേശാലങ്കാരത്തിനു ചെന്നപ്പോൾ റെബേക്ക അതറിഞ്ഞുകാണും. കൈയോടെ അതൊന്നു പരീക്ഷിക്കാമെന്നു കരുതി രണ്ടുമണിക്ക് അവിടെ പോയതാവും.''
ഫ്രാങ്ക് അതിനെ എതിർത്തു. ""നിങ്ങൾ പറഞ്ഞത് തെറ്റാണ്. അഡ്രസ് പറഞ്ഞുതന്ന ആളു പറഞ്ഞത് ഡോക്ടർ പ്രസിദ്ധനായ വനിതാ സ്പെഷലിസ്റ്റാണെന്നാണ്.''
കേണൽ താടിചൊറിഞ്ഞ് ഒന്നു മൂളിക്കൊണ്ടു പറഞ്ഞു: ""അവർക്കു കാര്യമായ എന്തോ പ്രശ്നമുണ്ടാകും. മിസിസ് ഡാൻവേഴ്സിനോടുപോലും പറഞ്ഞിട്ടില്ല എന്നതു ജിജ്ഞാസ വർധിപ്പിക്കുന്നു.''
ഫാവെൽ കൂട്ടിച്ചേർത്തു: ""അവൾ വളരെ മെലിഞ്ഞിരിക്കുന്നതുകണ്ട് ഞാൻ ചോദിച്ചപ്പോൾ അത് അവൾക്കിഷ്ടമാണ് എന്നുപറഞ്ഞ് ചിരിക്കുകയാണ് ചെയ്തത്. ഒരുപക്ഷേ ഡയറ്റ് നിശ്ചയിച്ചുകിട്ടാൻ പോയതാവും.''
""ഈ പറഞ്ഞതു ശരിയാവാൻ വഴിയുണ്ടോ?''
""ഞാനിതുകേട്ട് അന്പരക്കുകയാണ്. എനിക്കിതൊന്നും മനസിലാകുന്നില്ല. എല്ലാം എന്നോടു പറയുന്ന അവൾ ഇത് എന്തുകൊണ്ടു പറഞ്ഞില്ല?''
""അതുപറഞ്ഞു നിങ്ങളെ വിഷമിപ്പിക്കേണ്ട എന്നു തോന്നിക്കാണും. എന്തായാലും റെബേക്ക ഡോക്ടർ ബേക്കറെ അന്നു കണ്ടിട്ടുണ്ട്. അത് ഉറപ്പാണ്.''
""ഈ ഫാവെലിനുള്ള കുറിപ്പിൽ നിന്നെ അത്യാവശ്യമായിട്ടു കാണണം, പ്രധാനപ്പെട്ട ചില കാര്യങ്ങൾ പറയാനുണ്ട് എന്നെഴുതിയിരിക്കുന്നു.''
കേണൽ പറഞ്ഞു: ""ശരിയാണ്. അതെന്ത്, എന്തിന്? സത്യാവസ്ഥ നമുക്കറിയേണ്ടേ?''
ഞാൻ ശ്രദ്ധിച്ചപ്പോൾ മിസിസ് ഡാൻവേഴ്സ് ഫാവെലിനെ രൂക്ഷമായി നോക്കുന്നുണ്ട്. തുടർന്ന് അതേ രൂക്ഷതയോടെ മാക്സിമിനെയും. നാവുകൊണ്ട് ഇടയ്ക്കിടെ ചുണ്ടുനനച്ചുകൊണ്ടുള്ള നോട്ടം. അവരുടെ ഉള്ളിലുള്ള രോഷം ആ കണ്ണുകളിൽ ജ്വലിക്കുന്നുണ്ട്. പക്ഷേ, അവർക്കിനി ഞങ്ങളെ ഒന്നും ചെയ്യാനാവില്ല. അവരുടെ ശക്തി എന്നേ ക്ഷയിച്ചുകഴിഞ്ഞു. മാക്സിം ആ സ്ത്രീയെ ശ്രദ്ധിച്ചേയില്ല.
മാക്സിം കേണലിനോടു ചോദിച്ചു: ""എന്താണ് താങ്കളുടെ അഭിപ്രായം? ഡോക്ടർ ബേക്കറിൽനിന്നു കൃത്യമായ വിവരമറിയാൻ രാവിലെ ഞാൻ കാറെടുത്തു പോയാലോ?''
""ഇയാൾ ഒറ്റയ്ക്ക് അങ്ങനെ പോകാൻ പറ്റില്ല''- ഫാവെൽ പറഞ്ഞു. ""അതറിയാനുള്ള അവകാശം എനിക്കുമുണ്ട്. ഇല്ലേ? ഇയാളോടൊപ്പം ഇൻസ്പെക്ടർ വെൽച്ചിനെ കൂട്ടി അയയ്ക്കാമെങ്കിൽ എനിക്കു പിന്നെ വിരോധമില്ല.''
കേണലിന്റെ മറുപടി: ""ഇക്കാര്യത്തിൽ ഇൻസ്പെക്ടർ വെൽച്ചിന്റെ സേവനം വേണ്ട. അയാളുടെ പരുക്കൻ സമീപനരീതി എനിക്കിഷ്ടമല്ല. ഒരു കാര്യംചെയ്യാം. വിരോധമില്ലെങ്കിൽ മാക്സിമിനോടൊപ്പം ഞാൻ പോകാം. കണ്ടു മടങ്ങുന്നതുവരെ മുഴുവൻ സമയവും ഞാൻ ഒപ്പമുണ്ടാവാം.''
""ശരി. വിരോധമില്ല. പരാതിക്കാരനായ ഞാനും കൂടെ വരും. കാര്യങ്ങൾ എനിക്കും അറിയണമല്ലോ. എന്തു പറയുന്നു?''
""വരുന്നതുകൊണ്ടു വിരോധമൊന്നുമില്ല. പക്ഷേ എനിക്കൊരു നിർബന്ധമുണ്ട്. അവിടെവച്ച് വളരെ മയത്തിലും സമചിത്തത വിടാതെയും സംസാരിക്കണം. പറ്റുമോ?''
""അക്കാര്യത്തിൽ താങ്കൾ പേടിക്കേണ്ട. സമചിത്തതയോടെതന്നെ പെരുമാറും. മൂന്നു മാസത്തിനുള്ളിൽ ഈ മാക്സിമിനെ ജഡ്ജി ശിക്ഷിക്കും. ഡോക്ടർ ബേക്കർ തരുന്ന മൊഴികൾ എന്റെ ആരോപണം തെളിയിക്കും. ശരിവയ്ക്കും.''
ഇതുപറഞ്ഞു ഫാവെൽ ചുറ്റുമുള്ളവരെ നോക്കിയിട്ടു ചിരിച്ചു.
കേണൽ ചോദിച്ചു: ""ശരി. രാവിലെ നമ്മൾ എപ്പോൾ പുറപ്പെടണം? മാക്സിം എപ്പോൾ റെഡിയാവും?''
""എപ്പോൾ വേണമെന്നു പറഞ്ഞോളൂ.''
""കാലത്ത് ഒന്‍പതു മണി.''
""ശരി, ഒന്‍പതു മണി.''
ഫാവെലിന്റെ സംശയം: ""മാക്സിം ആരുമറിയാതെ രാത്രി വാതിൽ തുറന്ന് കാറെടുത്ത് ഒറ്റയ്ക്കു പോയാലോ?''
ബാലിശമായ ഈ സംശയം ഉന്നയിച്ചതിൽ കേണൽ ജൂലിയൻ ഫെവെലിനെ അതൃപ്തിയോടെയും മാക്സിമിനെ നിസഹായതയോടെയും നോക്കി.
ഉടനെ മാക്സിം പറഞ്ഞു: ""മിസിസ് ഡാൻവേഴ്സ്! ഞാനും മിസിസും ഉറങ്ങാൻ പോയാൽ, ബെഡ് റൂമിന്റെ വാതിൽ നിങ്ങൾ പുറത്തുനിന്നു പൂട്ടിക്കോളൂ. രാവിലെ ഏഴു മണിക്കു നിങ്ങൾവന്നു തുറന്നിട്ടു വിളിച്ചാൽ മതി.''
കേണൽ ഒന്നു പുഞ്ചിരിച്ചു: ""ഇനി ചർച്ചചെയ്യാൻ വേറൊന്നുമില്ലെന്നു തോന്നുന്നു. രാവിലെ കൃത്യം ഒന്‍പതു മണിക്ക് ഞാനെത്തും. നിങ്ങളുടെ കാറിൽ എനിക്കും സ്ഥലം തരണം.''
""തീർച്ചയായും. ഫാവെൽ അയാളുടെ കാറിൽ നമ്മുടെ പിറകേ എത്തിക്കൊള്ളും.''
ഒരറ്റത്തുനിൽക്കുന്ന എന്റെ അടുത്തേക്ക് കേണൽ വന്നു. എന്റെ കൈയെടുത്തു പിടിച്ച് ഗുഡ്നൈറ്റ് പറഞ്ഞു. ""ഇങ്ങനെയെല്ലാം സംഭവിക്കുന്നതിൽ നിങ്ങൾ അനുഭവിക്കുന്ന മനോവിഷമം ഞാൻ നന്നായി മനസിലാക്കുന്നുണ്ട്. സാരമില്ല. എല്ലാം നന്മയ്ക്കാവും.''
കേണൽ ജൂലിയൻ ഇറങ്ങി. യാത്രയാക്കാൻ ഒപ്പം ഫ്രാങ്കും പോയി. ഫാവെൽ കുനിഞ്ഞു സിഗരറ്റിന്റെ പെട്ടി തുറന്ന് അതിൽനിന്നു പാക്കറ്റിലേക്കു സിഗരറ്റുകൾ നിറച്ചശേഷം ഗുഡ്ബൈ പറഞ്ഞു. മിസിസ് ഡാൻവേഴ്സിനോട് ""ഡാനീ! മുറി പൂട്ടാൻ മറക്കരുത്'' എന്നുപറഞ്ഞു പുറത്തേക്കു പോയി. പിറകേ ആ സ്ത്രീയും മുറിവിട്ടു പോയി.
മുറിയിൽ ഞാനും മാക്സിമും തനിച്ചായി. മാക്സിം ജനാലയ്ക്കരികേ ചിന്താമൂകനായി നിൽക്കുകയാണ്. എന്റെയടുത്തേക്ക് വരുന്നില്ല. ജാസ്പർ ഹാളിൽനിന്നു ചാടിക്കുതിച്ചെത്തി. ഉച്ചമുതൽ അതിനെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. അതെന്റെ പാവാടയുടെ തുന്പു കടിച്ചും തുള്ളിച്ചാടിയും സ്നേഹം പ്രകടിപ്പിച്ചു.
ഞാൻ മാക്സിമിനോടു പറഞ്ഞു: ""രാവിലെ ഞാനും കൂടെ വരുന്നുണ്ട് ലണ്ടനിലേക്ക്.''
""ശരി. നമുക്കൊരുമിച്ചു പോകാം.''
ഫ്രാങ്ക് മുറിയിലേക്കു തിരിച്ചുവന്നു. ""അവരെല്ലാം പോയി. അത്യാവശ്യമായി ഇനിയെന്തെങ്കിലും ചെയ്യാനുണ്ടോ?''
""ഒന്നുമില്ല. ഉണ്ടെങ്കിൽ അറിയിക്കാം. ഫ്രാങ്ക് പൊയ്ക്കോളൂ.''
ഗുഡ്നൈറ്റ് പറഞ്ഞു ഫ്രാങ്ക് പോയി. വാതിലടച്ചു.
ഞാൻ നിൽക്കുന്നിടത്തേക്ക് മാക്സിം വന്നു. ഞാൻ ഇരു കരങ്ങളും നീട്ടി. ഒരു കുഞ്ഞിനെപ്പോലെ മാക്സിം എന്റെ കരവലയത്തിലേക്ക്. ഞാൻ വട്ടം കെട്ടിപ്പുണർന്നു. അല്പനേരത്തേക്ക് മാക്സിം ഒന്നും മിണ്ടിയില്ല. കരവലയത്തിൽനിന്നു സ്വതന്ത്രനായി എന്നെ ഗാഢമായി ചുംബിച്ചു. ഞാൻ പലതുംപറഞ്ഞ് മാക്സിമിനെ ആശ്വസിപ്പിച്ചു.
""നാളെ നിന്നെ അടുത്തിരുത്തി നമുക്കൊരുമിച്ചു പോകാം.''
""സന്തോഷം.''
""നാളെ രാത്രിയും അവിടെ തങ്ങാം. ഡോക്ടർ ബേക്കർ എവിടെയാണെന്നന്വേഷിച്ച്, ആ സ്ഥലത്തുപോയി അദ്ദേഹത്തെ കണ്ടുപിടിച്ച്, കാര്യങ്ങൾ ചോദിച്ചറിയാൻ സമയം കുറേയെടുക്കും. അതിനിടയ്ക്ക് പ്രഗത്ഭനായ അഡ്വക്കേറ്റ് ഹേസ്റ്റിംഗ്സിനെ ഒന്നു കാണാൻ ശ്രമിക്കണം. അദ്ദേഹത്തിന് എന്റെ ഫാദറിനെയും അറിയാം.''
""ശരി.''
""ഉണ്ടായ സംഭവം അതേപടി അദ്ദേഹത്തോടു തുറന്നുപറയാം. കേസ് വാദിക്കാൻ അതാണ് ഗുണംചെയ്യുക.''
വാതിലിൽ മുട്ടുകേട്ട് ഞാൻ വാതിൽ തുറന്നു. ഫ്രിത്ത് പറഞ്ഞു: ""ഡിന്നർ റെഡിയായിട്ടുണ്ട് സർ.''
ഈ സമയത്ത് ഫോണ്‍ ബെല്ലടിച്ചു. ഞാൻ പോയി അറ്റൻഡ് ചെയ്തു.
""ഹലോ! ങാ!... ബിയാട്രീസ്.''
""രണ്ടുമൂന്നുവട്ടം ഞാൻ വിളിച്ചു. എപ്പോഴും എൻഗേജ്ഡ്... കേസിന്റെ വിധി, എനിക്കും ഗൈൽസിനും അത് വല്ലാത്ത ഷോക്കായി. മാക്സിം എന്തു പറയുന്നു?''
""എല്ലാവർക്കും ഷോക്കായിരിക്കുകയാണ്.''
""ബുദ്ധിക്കും യുക്തിക്കും നിരക്കാത്ത ഒരു നശിച്ച വിധി. ഇന്നത്തെ ഈവനിംഗ് പത്രത്തിൽ വിസ്തരിച്ചു വാർത്ത വന്നിട്ടുണ്ട്. ഇതു വല്ലാത്ത നാണക്കേടായി. നമുക്കു മാത്രമല്ല നമ്മുടെ കുടുംബത്തിനും ചീത്തപ്പേരായി.''
""കേണൽ ജൂലിയനും മറ്റും ഇവിടെയുണ്ടായിരുന്നു. അദ്ദേഹം മജിസ്ട്രേറ്റാണ്. വേണ്ടതെല്ലാം മാക്സിം ചെയ്യുന്നുണ്ട്. വേണ്ട... വേണ്ട... ഇങ്ങോട്ടു വരേണ്ട ആവശ്യമില്ല. ശരി ഞാൻ പിന്നീട് അങ്ങോട്ടു വിളിക്കാം.''
ഫോണ്‍ വച്ചു. വിശേഷങ്ങൾ മാക്സിമിനോട് പറഞ്ഞുകൊണ്ടിരിക്കുന്പോൾ വീണ്ടും ഫോണിന്റെ തുടർച്ചയായുള്ള ബെല്ലടി. അതവിടെ കിടന്ന് അടിക്കട്ടെ. ഞാനത് അറ്റൻഡ് ചെയ്യാൻ പോയില്ല.
(തുടരും)
SUNDAY DEEPIKA
മനുഷ്യജീവിതത്തിലെ നിശബ്ദസത്യങ്ങളെ അതീവഹൃദ്യമായി അവതരിപ്പിച്ചിട്ടുള്ള പോർച്ച്ഗീസ് നോവലിസ്റ്റാണ് ജൊസെ സാരമാഗോ. 1922ൽ ജനിച്ച അദ്ദേഹം ടെക്നിക്കൽ സ്കൂളിൽ പഠിച്ച് കാർ മെക്കാനിക്കായി ജോലി ആരംഭിച്ചു.
പിന്നീട് സിവിൽ സെർവന്റായും ജേർണലിസ്റ്റായും പ്രവർത്തിച്ചു. ഒരു ദിനപ്പത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ എന്ന പദവിവരെ എത്തിയ അദ്ദേഹം, പിന്നീട് ആ പദവിയിൽനിന്നു പിരിച്ചുവിടപ്പെട്ടു. അതേത്തുടർന്നാണ് അദ്ദേഹം സാഹിത്യരചനയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്.
1998ലെ നൊബേൽ പുരസ്കാരത്തിന് അർഹനായ സാരമാഗോയുടെ പ്രസിദ്ധമായ ഒരു നോവലാണ് "ബ്ലൈൻഡ്നെസ്.' ഈ നോവലിലെ കഥയനുസരിച്ച്, ഒരു നഗരത്തിലെ ആളുകൾക്ക് വിചിത്രമായ രീതിയിൽ അന്ധത ബാധിക്കുന്നു.
ഒരാൾ റോഡിലൂടെ നടന്നുപോകുന്പോൾ പെട്ടെന്ന് ഒന്നും കാണാൻ കഴിയാത്ത അവസ്ഥയിലാകുന്നു. പിന്നാലെ അതേ അന്ധത മറ്റുള്ളവരിലേക്കും പടരുന്നു. ദിവസങ്ങൾക്കുള്ളിൽ ആ നഗരത്തിലെ അനേകംപേർക്ക് കാഴ്ച നഷ്ടപ്പെടുന്നു.
പുതിയ രോഗബാധകണ്ട് അന്ധാളിച്ച ഗവണ്മെന്റ് രോഗബാധിതരെ മുഴുവൻ ഒരു വലിയ കെട്ടിടത്തിൽ അടച്ചുപൂട്ടി അവിടെ താമസിപ്പിച്ചു.
അവിടത്തെ താമസത്തിനിടയിൽ അവരുടെ തനിസ്വഭാവം പുറത്തുവരാൻ തുടങ്ങി. ചിലർ സ്വാർഥമായും ക്രൂരമായും പെരുമാറി. എന്നാൽ മറ്റുചിലരാകട്ടെ കരുണയോടെയും സ്നേഹത്തോടെയുമായിരുന്നു മറ്റുള്ളവരോടു ബന്ധപ്പെട്ടത്.
ഈ കഥയിൽ ശ്രദ്ധേയമായ ഒരു കഥാപാത്രമുണ്ട്. അത് രോഗികളെ ചികിത്സിക്കുന്ന ഡോക്ടറുടെ ഭാര്യയാണ്. പേരില്ലാത്ത ഈ കഥാപാത്രത്തിനു കാഴ്ച നഷ്ടപ്പെട്ടിട്ടില്ല. പക്ഷേ ആ സ്ത്രീ ഇക്കാര്യം മറ്റാരോടും പറയുന്നില്ല. അന്ധരായ ആളുകളെ സഹായിക്കാനും അവരെ നയിക്കാനും ആ സ്ത്രീ അവരോടൊപ്പം തുടരുന്നു. അതിനിടയിൽ അന്ധകാരത്തിൽ കഴിയുന്ന അവിടെയുള്ള മനുഷ്യരുടെ ദുർബലതയും മഹത്വവും ആ സ്ത്രീക്ക് ദർശിക്കാൻ സാധിക്കുന്നു.
ഈ കഥ തൽക്കാലം ഇവിടെ നിൽക്കട്ടെ. നമ്മുടെ ജീവിതത്തിൽ പലപ്പോഴും നാം അറിയാതെ ഇരുട്ട് കടന്നുവരാറുണ്ട്. അതു രോഗമായിരിക്കാം. സാന്പത്തികനഷ്ടമായിരിക്കാം. നിരാശയായിരിക്കാം. അല്ലെങ്കിൽ ഏതെങ്കിലും വലിയ പ്രതിസന്ധിയായിരിക്കാം. അപ്പോൾ നാം അറിയാതെ ചോദിച്ചുപോകും: എന്തുകൊണ്ടാണ് ഇപ്രകാരം സംഭവിച്ചത്?
എന്നാൽ ജീവിതത്തിന്റെ അദ്ഭുതകരമായ ഒരു സത്യം എന്താണെന്നോ? പലപ്പോഴും ആ ഇരുൾമൂടുന്പോഴാണ് ജീവിതത്തിന്റെ അർഥം എന്താണെന്ന് നാം തിരിച്ചറിയുക. നോന്പ് ആചരണത്തിന്റെ പിൻബലത്തോടെ വലിയ ആഴ്ചയിലേക്കു കടക്കുന്പോൾ ഈ യാഥാർഥ്യമാണ് നമ്മുടെ മുന്നിൽ കൂടുതലായി ചുരുളഴിയുക.
ദൈവപുത്രനായ യേശു ഒരു കഴുതപ്പുറത്ത് ജറൂസലെം നഗരത്തിലേക്ക് കടന്നുചെന്നപ്പോൾ, ജനം ഓശാന വിളികളോടെ അവിടത്തെ ആവേശപൂർവം സ്വീകരിച്ചു. ""ഓശാന. കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ'' (മാർക്കോ 11:9), ജനം ആർത്തുവിളിച്ചു. അതു വലിയ സന്തോഷത്തിന്റെ ദിനമായിരുന്നു. എന്നാൽ ചുരുക്കം ദിനങ്ങൾക്കുശേഷം അതേ നഗരത്തിൽ ജനം ആക്രോശിച്ചു: ""അവനെ ക്രൂശിക്കൂ.. അവനെ ക്രൂശിക്കൂ...''
ഓശാന ഞായറാഴ്ച ആരംഭിച്ച യേശുവിന്റെ യാത്ര അവിടത്തെ എത്തിച്ചത് ദുഃഖവെള്ളിയുടെ ഇരുട്ടിലേക്കായിരുന്നു. മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ കൂരിരുട്ടിന്റെ നിമിഷങ്ങളായിരുന്നു യേശുവിന്റെ കുരിശുമരണം. എന്നാൽ ഈ കൂരിരുളിലാണ് ദൈവത്തിന്റെ ഏറ്റവും വലിയ സ്നേഹം വെളിപ്പെട്ടത്. മനുഷ്യവംശത്തെ പാപത്തിന്റെ ദാസ്യത്തിൽനിന്നു രക്ഷിക്കാനായി സ്വന്തം പുത്രനെ കുരിശുമരണത്തിനു വിട്ടുകൊടുത്ത പിതാവായ ദൈവത്തിന്റെ സ്നേഹം.
ദൈവവചനം പറയുന്നു: ""ആ വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു. അതിനെ കീഴടക്കാൻ ഇരുളിനു കഴിഞ്ഞില്ല'' (യോഹ 1:5). തന്മൂലമാണ് ദുഃഖവെള്ളിയുടെ ഇരുളിനുശേഷം ഈസ്റ്റർ പ്രഭാതം ഉദയംചെയ്തത്. ജീവിതത്തിൽ ഇരുട്ടുവീഴുന്പോൾ ഓർമിക്കേണ്ട കാര്യമാണിത്. ദൈവത്തിന്റെ മക്കളായ നമ്മുടെ ജീവിതത്തിൽ ഇരുട്ടുവീണാലും അതു നമ്മെ കീഴടക്കുമെന്നു ഭയപ്പെടേണ്ട. കാരണം എത്ര കൂരിരുട്ടിനിടയിലും വെളിച്ചംപകരുന്നവനാണ് നമ്മുടെ ദൈവം.
ഇംഗ്ലീഷ് കവിയായ ടി.എസ്. എലിയട്ട് ഒരിടത്ത് ഇപ്രകാരം പറയുന്നു: ""ഇരുട്ടിലൂടെ കടന്നുപോകാതെ വെളിച്ചത്തിന്റെ അർഥം മനുഷ്യനു മനസിലാവുകയില്ല.'' പ്രകൃതിയിൽ ഇതേ സത്യം നാം കാണുന്നു. മണ്ണിന്റെ ഇരുണ്ട അടിത്തട്ടിൽ വിത്ത് അടക്കംചെയ്യപ്പെടാതെ ഒരു ചെടിയായി അത് മുളച്ചുവരികയില്ല. രാത്രിയുടെ ഇരുട്ടിനു ശേഷമാണല്ലോ പ്രഭാതം വരുന്നത്.
ജീവിതത്തിലെ ഇരുണ്ട നിമിഷങ്ങൾ നമ്മെ തകർക്കാനുള്ളവയല്ല. പ്രത്യുത അവ നമ്മെ നല്ല രീതിയിൽ രൂപപ്പെടുത്താനുള്ളതാണ്. അതുകൊണ്ട് ജീവിതത്തിൽ ഇരുട്ടു വരുന്പോൾ അതു ശാപമായി കരുതേണ്ടതില്ല. കാരണം അത് നമ്മെ രക്ഷിക്കുന്ന വെളിച്ചത്തിലേക്കുള്ള വഴിതന്നെയായിരിക്കും.
ഇനി നോവലിലെ കഥയിലേക്കു മടങ്ങിവരട്ടെ. അന്ധരായിത്തീർന്നവരെല്ലാവരും ഒരുദിവസം പെട്ടെന്ന് അവരുടെ കാഴ്ചശക്തി വീണ്ടെടുക്കുന്നതോടെയാണ് കഥ അവസാനിക്കുന്നത്. ഇതൊരു അദ്ഭുതംതന്നെ. എന്നാൽ അതെങ്ങനെ സംഭവിച്ചു എന്ന് നോവലിസ്റ്റ് വ്യക്തമാക്കുന്നില്ല.
ദുഃഖവെള്ളി പടർത്തിയ കൂരിരുൾ എങ്ങനെയാണ് ഈസ്റ്റർ പ്രഭാതത്തിൽ അപ്രത്യക്ഷമായതെന്നു നമുക്കറിയാം. അതു ദൈവത്തിന്റെ ഇടപെടലായിരുന്നു. ജീവിതത്തിൽ കൂരിരുൾ വീഴാനിടയായാൽ അതു മാറി വെളിച്ചത്തിലേക്കു നയിക്കുന്ന ദൈവമാണ് നമ്മോടൊപ്പമുള്ളതെന്ന് മറക്കാതിരിക്കാം.
SUNDAY DEEPIKA
ഡോ. റാൽഫ് എഫ്. വിൽസൺ എഴുതിയ 'ഓശാനയുടെ ദൃക്സാക്ഷി: രാജകീയപ്രവേശം' (Eyewitness to Palm Sunday: The Triumphal Entry) എന്ന കഥയുടെ സ്വതന്ത്രാവിഷ്കാരം.
ഞാൻ യാക്കോബ്. ബെത്ഫാഗേയിലെ എന്റെ വീട്ടിലേക്ക് ഇവിടെനിന്നു സുമാർ രണ്ടു മൈൽ ദൂരമേയുള്ളു. ഒലിവുമല കടന്നു ബഥാനിയായിലേക്കു പോകുന്നവഴിയിലുള്ള ചെറിയ ഗ്രാമം. ഞാനിപ്പോൾ ജറൂസലെമിലെത്തിയത് വിശ്വസിക്കാനാകാത്ത ഒരു കാര്യം അറിഞ്ഞാണ്. പക്ഷേ, അപ്പോഴേക്കും വൈകി. കേട്ടതു ശരിയാണ്. ഗൊൽഗോഥായിൽനിന്നുള്ള വഴിയേ പട്ടണത്തിലേക്കു വന്നവരാണു പറഞ്ഞത്, യേശുവിനെ ഗാഗുൽത്തായിലേക്കു കൊണ്ടുപോയെന്ന്.
പെട്ടെന്ന് എന്റെ തലമുടിയിഴകളിലുണ്ടായിരുന്ന ഒരു കൈ വഴുതിപ്പോയതുപോലെ. എനിക്ക് ഇരിക്കണമെന്നു തോന്നി. പൊടിനിറഞ്ഞ ഒരു പാറയിലേക്ക് ഇരിക്കവേ ചിലരെന്റെ സമീപത്തുകൂടെ എന്തോ അടക്കം പറഞ്ഞ് നടന്നുപോയി. ഗാഗുൽത്തായിൽ എന്തോ സംഭവിച്ചിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് ഞാൻ ഇപ്പറഞ്ഞ യേശുവിനെ ആദ്യമായി കണ്ടത്. പിന്നീടൊരിക്കലും കണ്ടിട്ടുമില്ല. ഇപ്പോൾ പോയാൽ അവസാനമായിട്ടൊന്നുകൂടി കാണാം. ഗൊൽഗോഥ കുറ്റവാളികളെ തൂക്കിലേറ്റുന്ന സ്ഥലമാണെന്നും പാറയിടുക്കുകളിൽ തലയോടുകളും അസ്ഥികളും ചിതറിക്കിടപ്പുണ്ടെന്നുമൊക്കെ പറഞ്ഞിട്ടുള്ളതുകൊണ്ട് ഞങ്ങളാരും അങ്ങോട്ടു പോകാറില്ല. അവിടേക്കാണ് യേശുവിനെ കൊണ്ടുപോയിട്ടുള്ളതെങ്കിൽ... എനിക്കതു കാണണ്ട.
അപ്പൻ പറഞ്ഞയച്ചതാണ് എന്നെ. അദ്ദേഹം രണ്ടു ദിവസം മുന്‍പ് ഞങ്ങളുടെ ഗോതന്പുവയലിലെ വരന്പിൽനിന്നു കാൽ വഴുതി വീണതുകൊണ്ട് നടക്കാൻ ബുദ്ധിമുട്ടുണ്ട്. ഒരിക്കൽ ബഥാനിയായിലെ തന്റെ സ്നേഹിതനായ ലാസറിന്റെ വീടിനടുത്തുള്ള മാതളനാരകത്തോട്ടത്തിൽ വച്ചാണ് അപ്പൻ യേശുവിനെ ആദ്യമായി കണ്ടത്.
ആൾക്കൂട്ടത്തോടു കഥകൾ പറയുകയായിരുന്നത്രേ. പിന്നീട് അടുത്തെവിടെ യേശു എത്തിയാലും അപ്പൻ വയലിലാണെങ്കിലും ഓടിപ്പോകും. പണിക്കാരും ചീത്ത സ്ത്രീകളെന്നു പറഞ്ഞ് നാട്ടുകാർ അധിക്ഷേപിച്ചിരുന്നവരും വീടില്ലാത്തവരും മീൻപിടിത്തക്കാരുമൊക്കെ യേശു പറയുന്ന കഥകൾ കേൾക്കാനെത്തും. ചിലപ്പോൾ സോളമന്റേതുപോലെ കവിതകൾ ആലപിക്കും.
ഗലീലിയയിലെ മലഞ്ചെരുവിൽ വച്ചാണ്, ""ആത്മാവിൽ ദരിദ്രരേ നിങ്ങളാണു ഭാഗ്യവാന്മാർ! സ്വർഗം നിങ്ങളുടേത്''എന്നു തുടങ്ങുന്ന കവിത ചൊല്ലിയത്. അതൊരു മധുരഭാഷണമായി ചിലർക്കു തോന്നി. എന്തായാലും ജറൂസലേമിന്റെ പുറംപോക്കിലുള്ളവരും അനാഥരുമായവരും മാത്രമല്ല, ചില ധനവാന്മാരും അവനെ വിട്ടുമാറാതെ നടന്നു.
ആളുകൾ ഭക്ഷണം കഴിക്കാതെ കേട്ടിരിക്കും. പങ്കുവച്ചാൽ തികയാത്തതൊന്നുമില്ലെന്ന് യേശു പറഞ്ഞതുകേട്ട് കൈയിലുണ്ടായിരുന്ന അപ്പവും പഴങ്ങളും മീനുമൊക്കെ എല്ലാവരും ഒന്നിച്ചിരുന്നു കഴിക്കാറുണ്ട്. യേശുവും അവരുടെകൂടെ കൂടും.
അപ്പൻ ഒരിക്കൽ അമ്മയോടു പറയുന്നതു കേട്ടു. ""സലോമീ, അദ്ദേഹം മനുഷ്യനല്ലെന്നു തോന്നുന്നു കേട്ടോ. നീ കേട്ടിട്ടില്ലേ ഗലീലിയയുടെ മറുകരയിലെ മഗ്ദലേനയിൽനിന്നുള്ള മറിയത്തെ. ഇന്നലെ ജറൂസലെം ദേവാലയത്തിനടുത്തേക്ക് നമ്മുടെ പ്രമാണിമാരെല്ലാം ചേർന്ന് അവളെ യേശുവിന്റെ മുന്നിലെത്തിച്ച്, വ്യഭിചാരത്തിൽ പിടിച്ചതാ കല്ലെറിഞ്ഞു കൊല്ലട്ടേയെന്നു ചോദിച്ചു.
""എന്നിട്ട്..?''
""ഒന്നുമില്ല, കല്ലുകൾ താഴെയിട്ട് ആളുകൾ നൊടിയിടയിൽ ദേവാലയ പരിസരത്തെ ആൾക്കൂട്ടത്തിലേക്ക് ഊളിയിട്ടു.''""അതെങ്ങനെയാ?''
യേശു പറഞ്ഞു: ""പാപമില്ലാത്തവർ മാത്രമേ കല്ലെറിയാവൂ''
""അവർക്കറിയാം നുണ പറഞ്ഞ് കല്ലെറിയാൻ തുനിഞ്ഞാൽ യേശു മുഖത്തുനോക്കി ഓരോരുത്തരുടെയും രഹസ്യങ്ങൾ വായിക്കുമെന്ന്. സലോമീ, ഉറപ്പാ അദ്ദേഹം മനുഷ്യനല്ല.''
ഇതൊക്കെ കേട്ടുകേട്ട് എനിക്കും യേശുവിനെ കാണണമെന്നുണ്ടായിരുന്നു. കണ്ടു, ഒരിക്കൽ മാത്രം.
കഴിഞ്ഞ ഞായറാഴ്ച ഞങ്ങളുടെ കഴുതപ്പുറത്താണ് യേശു ഇതിലേ കടന്നുപോയത്. ആർപ്പു വിളിച്ചവർ അന്നു കൈയിലേന്തിയിരുന്ന ഒലിവു ചില്ലകൾ ദേവാലയത്തിലേക്കുള്ള നിരത്തിനപ്പുറം ഇപ്പോഴും ചിതറിക്കിടക്കുന്നുണ്ട്. അവയിലെ ഇലകൾ കൊഴിഞ്ഞിട്ടുപോലുമില്ല.
കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് അപരിചതരായ രണ്ടുപേർ ഞങ്ങളുടെ വീട്ടിലെത്തിയത്. അവർ ആരോടും ചോദിക്കാതെ ഞങ്ങളുടെ പെൺകഴുത സാറായിയെ കെട്ടിയിട്ടിരുന്നിടത്തുനിന്ന് അഴിക്കാൻ തുടങ്ങി. കണ്ടാൽ തോന്നും സാറായി അവരുടേതായിരുന്നെന്ന്. ഞാൻ ഓടിച്ചെന്ന് അപ്പനെ വിളിച്ചു. അദ്ദേഹം ഓടിവന്നു.
""എന്തായിത്, നിങ്ങളാരാണ്?''
""ഞങ്ങൾ യേശുവിന്റെ ശിഷ്യരാണ്. അദ്ദേഹമാണു പറഞ്ഞത്, ഇതിനെ അഴിച്ചുകൊണ്ടു ചെല്ലാൻ. ആരെങ്കിലും ചോദിച്ചാൽ യേശുവിന് ഇതിനെ ആവശ്യമുണ്ടെന്നു പറഞ്ഞാൽ വിട്ടുതരുമെന്നും പറഞ്ഞിരുന്നു. അതുകൊണ്ടാ ധൈര്യത്തോടെ ഞങ്ങൾ ഇതിനെ അഴിച്ചത്'' ആഗതർ പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും ജാള്യതയെ മറയ്ക്കാനായില്ല.
യേശുവെന്നു കേട്ടതേ അദ്ദേഹത്തിന്റെ താപം കെട്ടുപോയി.
""യേശുവോ... അദ്ദേഹമിപ്പോൾ എവിടെയാണ്.''
"" ഇപ്പോൾ ജറൂസലെമിലേക്കു നടന്നിട്ടേയുള്ളു.''
""അദ്ദേഹം മഹാഗുരുവാണ് കേട്ടോ. അദ്ദേഹത്തിന്റെ പ്രസംഗം ഞാൻ മണിക്കൂറുകൾ കേട്ടിരുന്നിട്ടുണ്ട്. ദൈവരാജ്യത്തെക്കുറിച്ചു മറ്റാരും പറഞ്ഞു ഞാൻ മുന്‍പു കേട്ടിട്ടില്ല. രണ്ടു ദിവസം മുന്‍പ് അദ്ദേഹം ബഥാനിയായിൽ വന്നപ്പോഴും ഞാൻ കണ്ടിരുന്നു. അന്നു ലാസറിന്റെ വീട്ടിൽനിന്നായിരുന്നല്ലോ അദ്ദേഹം അത്താഴം കഴിച്ചത്.''
അപ്പൻ സാറായിയെ അഴിച്ചു. ""എനിക്കുള്ളതെന്തും അങ്ങേക്ക് ആവശ്യമുള്ളപ്പോൾ എടുത്തോളാൻ ഞാൻ പറഞ്ഞിരുന്നു.''
""ആവശ്യം കഴിഞ്ഞാലുടനെ ഞാൻ തന്നെ ഇതിനെ തിരിച്ചുകൊണ്ടുവന്നുകൊള്ളാം.'' ശിഷ്യന്മാരിൽ ഒരാൾ പറഞ്ഞു.
""അപ്പാ, എന്നാൽ ഞാനും പോകാം. സാറായിക്ക് ഇവരെ പരിചയമില്ലല്ലോ. യേശുവിനും ശിഷ്യർക്കും കാര്യം എളുപ്പമാകുകയും ചെയ്യും. ഞാൻ തന്നെ തിരിച്ചും കൊണ്ടുവരാം.''
""എങ്കിൽ അവനും പോരട്ടെ. കഴുതയും പ്രശ്നമുണ്ടാക്കാതിരിക്കുമല്ലോ.'' ശിഷ്യരിൽ ഒരാൾ പറഞ്ഞു.
അപ്പൻ സമ്മതിച്ചു. അങ്ങനെ, ഞാൻ മറക്കാനാകാത്ത ആ യാത്രയുടെ ഭാഗമായി. ഞങ്ങൾ കുറച്ചുദൂരം ചെന്നപ്പോൾ യേശുവും ശിഷ്യരും കുറച്ചു നാട്ടുകാരും കാത്തുനിൽക്കുന്നതു കണ്ടു. ഞാനാദ്യമായാണ് അദ്ദേഹത്തെ കണ്ടത്. കഴുതയുമായി ഞങ്ങൾ വരുന്നതു കണ്ടപ്പോൾ യേശുവിനടുത്തുണ്ടായിരുന്ന ആളുകൾ അൽപമൊന്നു നിശബ്ദരായി. ഞാനാണെങ്കിൽ കയറിൽ പിടിച്ച് ഒരു വഴികാട്ടിയെപ്പോലെ തലയുയർത്തി നിന്നു.
""കുഞ്ഞേ, നിന്റെ പേരെന്താണ്?''യേശുവാണ് ചോദിച്ചത്.
""യാക്കോബ്''
""ഈ കഴുതക്കുട്ടിയെ നീയെന്താ വിളിക്കുന്നത്''
""സാറായി''
""നിന്റെ അപ്പനെ കുറച്ചുനാളായി എനിക്കറിയാം. നല്ല മനുഷ്യൻ. ഞാൻ നന്ദി പറഞ്ഞെന്ന് അദ്ദേഹത്തോടു പറയണം.''
ഉവ്വെന്ന വാക്ക് പക്ഷേ, പുറത്തേക്കു വന്നില്ല. സംഭാഷണ സമയത്ത് ഞാൻ അദ്ദേഹത്തിന്റെ മുഖത്തേക്കു നോക്കുകയായിരുന്നു. എന്തൊരു വശ്യതയാണ് കണ്ണുകൾക്ക്. പക്ഷേ, തലേന്ന് ഉറങ്ങാത്തതുപോലെയുണ്ട്. വേഗത്തിലല്ല, ഒരു ഇളംതെന്നൽപോലെ ചലിക്കുന്ന കൺപോളകൾ. വിളയാത്ത ഗോതന്പിന്റെ നിറമുള്ള കുപ്പായത്തിൽ തുന്നലൊന്നും കാണാനില്ല. കാറ്റിൽ പറക്കുന്ന മുടിയിഴകളിൽ പൊടി പറ്റിയിരിക്കുന്നു.
വാത്സല്യത്തോടെ അദ്ദേഹം എന്റെ മുടിയിഴകളിലൂടെ വിരലോടിച്ച് ഒന്നു ചിരിച്ച് സാറായിയുടെ അടുത്തേക്കു നടന്നു. ഞാനെന്റെ ശിരസിൽ തൊട്ടു. യേശുവിന്റെ വിരലുകൾ തേടിയെന്നപോലെ. ആരോ സാറായിയുടെ പുറത്ത് ഒരു തുണി വിരിച്ചു. യേശു ഇരുന്നു. ഒലിവുമലയിറങ്ങിവന്ന കാറ്റ് യേശുവിന്റെ മുടികളിൽ ഓളമിട്ടു.
ആളുകൾ ഓരോ വീടുകളിൽനിന്നും ഇറങ്ങിക്കൊണ്ടിരുന്നു. പലരും യേശുവിനൊപ്പം നടന്നു. ചിലർ ഒലിവുമരത്തിന്റെ ചില്ലകൾ ഒടിച്ച് കൊടിയാക്കി ഒരു രാജാവിനെന്നപോലെ ഓശാന എന്ന് ആർപ്പുവിളിച്ചു. കുട്ടികളും സ്ത്രീകളുമൊക്കെ ഓടി ഒപ്പമെത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. ആവേശംകൊണ്ട് എന്റെ ഹൃദയം പൊട്ടിപ്പോകുന്നതുപോലെ തോന്നി. ഞാനാണ് യേശുവിനോട് ഏറ്റവും ചേർന്നു നടക്കുന്നത്.
ഇതിനിടെ ആൾക്കൂട്ടത്തിൽ എന്റെ കൂട്ടുകാരായ ജോനാഥൻ, ജോഷ്വ, ജോവാന്ന എന്നിവരെ കണ്ടു. അവർ അദ്ഭുതത്തോടെ എന്നെ നോക്കുകയും ചിരിക്കുകയും കൈവീശുകയും ചെയ്തു. ജോഷ്വ ആ ബഹളത്തിനിടെ എന്നെ വിളിക്കുകയും ചെയ്തു.
എന്തു ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു.
ഒലിവുമലയിൽനിന്നു ഗെത്സമേൻ തോട്ടത്തിനടുത്തുള്ള കെദ്രോൺ താഴ്വരയിലെത്തിയപ്പോൾ പട്ടണം കാണാറായി. ജനം സംഘങ്ങളായി വന്നുകൊണ്ടിരുന്നു. അവർ ദാവീദിന്റെ പുത്രാ ഓശാന എന്നു വളിച്ചുകൊണ്ടേയിരുന്നു. തിരക്കിനിടെ ചിലർ യേശുവിന്റെ കുപ്പായത്തിലെങ്കിലും തൊടാൻ നോക്കി.
പെട്ടെന്നാണ് ഞാനതു ശ്രദ്ധിച്ചത്.
ഒലിവുമലയുടെ പടിഞ്ഞാറെ ചെരുവിലെത്തിയപ്പോൾ യേശു കരയുന്നു. സാറായി ഒരു നിമിഷം നിന്നു. പട്ടണത്തിലേക്കു നോക്കി യേശു പറഞ്ഞു: ""ശത്രുക്കൾ വരുമല്ലോ, നീ ഞെരുക്കപ്പെടും. ജറൂസലെം നീ കല്ലിന്മേൽ കല്ലു ശേഷിക്കാതെ തകർക്കപ്പെടും... നിന്റെ മക്കൾ....''
യേശു കരയുന്നതു കണ്ടപ്പോൾ എന്റെയും കണ്ണുകൾ നിറഞ്ഞു. പ്രിയമുള്ളവർ സങ്കടപ്പെട്ടാൽ എനിക്ക് അങ്ങനെയാണ്.
പടിഞ്ഞാറേ കവാടം കടന്നപ്പോഴേക്കും ശിഷ്യന്മാർക്കും ജനക്കൂട്ടത്തെ നിയന്തിക്കാനാവാതെയായി. ഓശാന വിളി ഉച്ചത്തിലായി. ഒലിവുചില്ലകളും ഈന്തപ്പനയോലകളും ആളുകൾ ഉയർത്തിപ്പിടിച്ചു. ചിലരതു വഴിയിൽ വിരിച്ചു. ഇതിനിടെ ആരൊക്കെയോ സ്വന്തം രാജാവിനെ കണ്ടതുപോലെ അവരുടെ മേൽവസ്ത്രങ്ങൾ ഊരി യേശു കടന്നുവരുന്നിടത്ത് വിരിച്ചു കാത്തുനിന്നു. അടുത്തെത്തിയപ്പോൾ അവർ ദൈവമകനേയെന്ന് വിളിച്ചു കരഞ്ഞു.
ഫരിസേയരും വഴിയിൽ നിൽക്കുകയായിരുന്നു. ഞാൻ സാറായിയുടെ കയറിൽ മുറുകെ പിടിച്ചു.
""യേശു, എന്തൊരു ബഹളമാണിത്. നിനക്ക് ഇവരോടു വായടയ്ക്കാൻ പറഞ്ഞുകൂടേ?''
യേശു ഫരിസേയരെ നോക്കി. ""ഇവർ നിശബ്ദരായാൽ ഈ കല്ലുകൾ ആർപ്പുവിളിക്കും.''
ഗലീലയ തടാകത്തിലെ ഓളങ്ങളിലൊന്ന് കരയെ തൊടുന്നത്ര ശാന്തമായിരുന്നു യേശുവിന്റെ സ്വരം. പക്ഷേ, ഫരിസേയർ എന്തോ കേട്ടു ഭയന്നതുപോലെ ആൾക്കൂട്ടത്തിലേക്കു വലിഞ്ഞു.
ഇപ്പോഴെനിക്കറിയാം. അന്നത്തെ ആ ഫരിസേയരും കൂട്ടരുമായിരിക്കാം യേശുവിനെ ഇപ്പോൾ ഗാഗുൽത്തായിലേക്കു കൊണ്ടുപോയിരിക്കുന്നത്. അപ്പൻ പറഞ്ഞത് ഞാനോർക്കുന്നു. ""യേശുവിനെയും ലാസറിനെയും അപായപ്പെടുത്താൻ അവർ തക്കം പാർത്തിരിക്കുകയാണ്.''
ഓശാനവിളികൾ ജറൂസലെമിനെ മുഖരിതമാക്കെ ഞങ്ങൾ ദേവാലയ മുറ്റത്തെത്തി. ആളുകൾ അവിടെയും നിറഞ്ഞു. കഴുതപ്പുറത്തുനിന്നിറങ്ങിയപ്പോൾ യേശു വീണ്ടും എന്റെ ശിരസിലൂടെ കൈയോടിച്ചു. ""നന്ദി യാക്കോബ്, അപ്പനോടു പറയൂ, അദ്ദേഹത്തിന്റെ സ്നേഹിതൻ ലാസറിനെ ആരുമൊന്നും ചെയ്യില്ലെന്ന്.''
പെട്ടെന്ന് ഞാനോർത്തു, അപ്പൻ അങ്ങനെ ഭയപ്പെടുന്നുണ്ടെന്ന് ഞാൻ യേശുവിനോടു പറഞ്ഞിരുന്നില്ലല്ലോ. ഞാൻ തരിച്ചുപോയി. യേശു മനുഷ്യനല്ലേ..? എന്റെ തൊണ്ടയിൽ ഒരു ഓശാനവിളി കുടുങ്ങിക്കിടന്നു. അപ്പോഴേക്കും ആൾക്കൂട്ടത്തിനൊപ്പം യേശു ദേവാലയത്തിലേക്കു കയറി.
ഇന്ന് ആറാം ദിവസമാണ്. പാവങ്ങളോടൊപ്പം അത്താഴം കഴിച്ചിരുന്ന, വെറുക്കപ്പെട്ടവരുടെ തോളിൽ കൈയിട്ടുനടന്ന, ഗലീലിയയിലെ മീൻപിടിത്തക്കാരെയും ചുങ്കക്കാരെയും കൂട്ടുകാരാക്കിയ, ഞങ്ങളുടെ അയൽഗ്രാമത്തിലെ ലാസറിനെ ഉയിർപ്പിച്ച, എന്റെ അപ്പനെ ഇഷ്ടമായിരുന്ന... യേശു രാജാവാകുമായിരുന്നെന്നു കരുതി.
പക്ഷേ, ഇന്നെനിക്കറിയാം അവൻ ഈ പട്ടണത്തിനും കാലത്തിനും വേണ്ടി മാത്രമുള്ള രാജാവായിരുന്നില്ല. അങ്ങനെ ഭയന്ന ഭരണാധികാരികൾക്കും യഹൂദപുരോഹിതർക്കും പ്രമാണിമാർക്കുമൊന്നും യേശുവിനെ കാണുന്നതേ ഇഷ്ടമല്ലായിരുന്നു. അന്ന്, ദേവാലയത്തിലേക്കു കയറിയ യേശു, അതിനകത്തു കച്ചവടം നടത്തിയിരുന്നവരെ തല്ലിയോടിച്ചെന്നാണ് ഞാൻ പിന്നീടറിഞ്ഞത്. അതോടെ അവരുടെ ഗൂഢാലോചനാരാത്രികൾ നീളമേറിയതായി.
ഗാഗുൽത്താ എന്റെ സമീപത്തേക്കു വരുന്നതുപോലെ തോന്നി. എനിക്കിവിടെ ഒരു നിമിഷം നിൽക്കാനാകില്ല. പട്ടണത്തിൽ ആളുകൾ തീരെയില്ല. എന്തോ പാപം ചെയ്തതുപോലെ ജറൂസലെം സൂര്യനിൽനിന്നു മുഖം മറയ്ക്കാൻ ശ്രമിച്ചു. ഞാൻ വീട്ടിലേക്ക് ഓടുകയായിരുന്നു. അപ്പോൾ ദൂരെ കുശവന്റെ പറന്പിലെ വൃക്ഷച്ചില്ലകളിലൊന്ന് എന്തോ ഭാരത്താൽ ഭൂമിയോളം താഴ്ന്നു കിടന്നു.
ഞാൻ ഓടിക്കൊണ്ടേയിരുന്നു. എനിക്ക് സാറായിയെ കെട്ടിപ്പിടിച്ചൊന്നു കരയണം.
വീട്ടിലെത്തിയപ്പോൾ പക്ഷേ, സാറായി ഉണ്ടായിരുന്നില്ല. അത്തിമരത്തിനടുത്ത് അവളുടെ കയർ അഴിക്കപ്പെട്ടു കിടന്നു. ഞാൻ ആകാശത്തേക്കു നോക്കി. സൂര്യൻ ഇരുണ്ടുപോയിരിക്കുന്നു.
SUNDAY DEEPIKA
1989ൽ പുറത്തിറങ്ങിയ പ്രസിദ്ധമായ ഒരു ഹോളിവുഡ് സിനിമയാണ് "ഡെഡ് പോയറ്റ്സ് സൊസൈറ്റി'. അമേരിക്കൻ സംവിധായകനായ പീറ്റർ വിയർ സംവിധാനംചെയ്ത ഈ സിനിമയിൽ ഒരു അധ്യാപകകഥാപാത്രമായി അഭിനിയിച്ച റോബിൻ വില്യംസ് ആണ് നായകൻ. ജീവിതത്തിന്റെ അർഥം, യുവത്വത്തിന്റെ സ്വപ്നങ്ങൾ, ആത്മധൈര്യത്തോടെ ജീവിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ചൊക്കെ ആഴത്തിൽ ചിന്തിപ്പിക്കുന്ന സിനിമകളിൽ ഇതിനു പ്രത്യേക സ്ഥാനമുണ്ട്.
കഥ നടക്കുന്നത് 1954 കാലഘട്ടത്തിലെ ഒരു ബോർഡിംഗ് സ്കൂളിലാണ്. കർശനമായ നിയമങ്ങളും കടുത്ത നിയന്ത്രണവുമുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്. അവിടെ പഠിക്കുന്ന വിദ്യാർഥികൾക്ക് ജീവിതം എന്നത് പണവും പ്രൗഢിയും സ്ഥാനമാനങ്ങളും നേടുന്നതിനുള്ള ഒരു യാത്രയായാണ് അവതരിപ്പിക്കപ്പെടുന്നത്. മാതാപിതാക്കളുടെ പ്രതീക്ഷകളും സമൂഹത്തിന്റെ സമ്മർദങ്ങളും അനുസരിച്ച് മുന്നോട്ടുപോവുകയാണ് അവരുടെ പതിവ്.
ഈ സ്കൂളിലേക്ക് ജോണ്‍ കീറ്റിംഗ് എന്ന പേരിലുള്ള ഒരു ഇംഗ്ലീഷ് അധ്യാപകൻ കടന്നുവരുന്നു. മറ്റ് അധ്യാപകരെപ്പോലെയല്ല അദ്ദേഹം. അവർ പാഠപുസ്തകങ്ങൾ മാത്രം പഠിപ്പിക്കുന്പോൾ, കീറ്റിംഗ് ചെയ്യുന്നത് വിദ്യാർഥികളെ ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണ്. ജീവിതമെന്നത് പരീക്ഷകളുടെയും മാർക്കുകളുടെയും മാത്രം കാര്യമല്ലെന്ന് അദ്ദേഹം അവരെ ഓർമിപ്പിക്കുന്നു.
ഒരു ദിവസം കീറ്റിംഗ് അവരോടു പറഞ്ഞു: ""കാർപെ ഡിയെം''. ഈ ദിവസം പ്രയോജനപ്പെടുത്തുക എന്ന് മലയാളത്തിൽ ഈ ലാറ്റിൻ പ്രയോഗത്തെ പരിഭാഷപ്പെടുത്താം. ജീവിതം വളരെ ഹ്രസ്വമാണെന്നും തന്മൂലം ഓരോ ദിവസവും അർഥവത്തായി ജീവിക്കണമെന്നുമാണ് അദ്ദേഹം അവരെ ഓർമിപ്പിച്ചത്. ""നിങ്ങളുടെ ജീവിതം സാധാരണമായിരിക്കരുത്''- അദ്ദേഹം പറഞ്ഞു. ""അത് അതുല്യമായിരിക്കണം''.
ഈ വാക്കുകൾ വിദ്യാർഥികളിൽ വലിയ സ്വാധീനംചെലുത്താൻ തുടങ്ങി. അവരിൽ ചിലർ സ്വന്തം സ്വപ്നങ്ങളെക്കുറിച്ച് ഭാവന ചെയ്യാനാരംഭിച്ചു. ചിലർ അസാധാരണമായ ധൈര്യത്തോടെ പുതിയ വഴികൾ തെരഞ്ഞെടുത്തു. എന്നാൽ, മറ്റു ചിലരാകട്ടെ ഭയത്തിലും സംശയത്തിലും കുടുങ്ങിക്കിടന്നു. അവർ പല കാര്യങ്ങളും പിന്നീടു ചെയ്യാമെന്നു കരുതി മാറ്റിവച്ചു.
ഈ കഥ ഒരു സുപ്രധാന സത്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. അതായത്, നാം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്തു ചെയ്യാതെ അത് അകാരണമായി മാറ്റിവയ്ക്കുന്നുവെന്ന യാഥാർഥ്യം. ഉദാഹരണമായി, സത്യത്തിനും നീതിക്കും നന്മയ്ക്കുംവേണ്ടി നിലകൊള്ളേണ്ട സാഹചര്യം വരുന്പോൾ അതു പിന്നീടാകാമെന്നു കരുതി നീട്ടിവയ്ക്കുന്നു.
അല്ലെങ്കിൽ, ഒരാളെ സഹായിക്കേണ്ട അവസരം വരുന്പോൾ അതിനു സമയമായിട്ടില്ലെന്നു പറഞ്ഞ് മുന്നോട്ട് അതു മാറ്റിവയ്ക്കുന്നു. ജീവിത നവീകരണത്തിന്റെ കാര്യം വരുന്പോഴും നാം സ്വീകരിക്കുന്ന നിലപാട് പലപ്പോഴും ഇതുപോലെയായിരിക്കും. ഇനിയും സമയമുണ്ടല്ലോ, അല്പംകൂടി കഴിഞ്ഞിട്ടാവാം എന്ന ചിന്താഗതി.
എന്നാൽ ജീവിതം ഒരിക്കലും നമുക്കായി കാത്തുനിൽക്കില്ല എന്നതാണ് വസ്തുത. അതുകൊണ്ടാണ് ദൈവവചനം പറയുന്നത്: ""ഇതാണ് സ്വീകാര്യമായ സമയം; ഇതുതന്നെയാണ് രക്ഷയുടെ ദിവസം'' (2 കോറി 6:2). ഇതേ ആശയം ഏശയ്യാ പ്രവാചകൻ അവതരിപ്പിക്കുന്നത് ഇപ്രകാരമാണ്: ""ദൈവത്തെ കണ്ടെത്താവുന്ന സമയത്ത് അവിടത്തെ അന്വേഷിക്കുവിൻ.
അവിടന്ന് സമീപമുള്ളപ്പോൾ അവിടത്തെ വിളിച്ചപേക്ഷിക്കുവിൻ'' (55:6). ഒരാൾക്ക് അതിമനോഹരമായൊരു ക്ലോക്ക് ഉണ്ടായിരുന്നു. ഒരു ദിവസം അതു പ്രവർത്തനരഹിതമായി. അപ്പോൾ ആ ക്ലോക്കിന്റെ ഉടമ സ്വയം പറഞ്ഞു: "ഇതു നാളെ റിപ്പയർ ചെയ്യാം.' എന്നാൽ ആ ക്ലോക്കെടുത്ത് സ്വയം അതു നന്നാക്കാനോ അതു സാധ്യമല്ലെങ്കിൽ മറ്റൊരാളെക്കൊണ്ട് നന്നാക്കിക്കാനോ അയാൾ തുനിഞ്ഞില്ല.
ഒരു ദിവസം ഒരു സുഹൃത്ത് അയാളെ സന്ദർശിക്കാനെത്തി. നിശ്ചലമായ ആ ക്ലോക്ക് കണ്ടപ്പോൾ സുഹൃത്ത് ചോദിച്ചു: ""നിങ്ങൾ എന്തുകൊണ്ടാണ് ഈ ക്ലോക്ക് നന്നാക്കാത്തത്?'' ഉടനെ ഉടമസ്ഥൻ പറഞ്ഞു: ""ഈ ക്ലോക്ക് നിന്നുപോയിട്ട് കുറേനാളായി. ഇതു നന്നാക്കിയിട്ട് വലിയ കാര്യമില്ലെന്നു തോന്നി.''
നമ്മുടെ ജീവിതത്തിലും പലപ്പോഴും സംഭവിക്കുന്നത് ഇതുതന്നെയാണ്. ചെയ്യേണ്ട പലകാര്യങ്ങളും നാം പലപ്പോഴും മാറ്റിവയ്ക്കും. എന്നാൽ കുറേക്കഴിയുന്പോൾ അതിന്റെ പ്രാധാന്യം നമുക്കു നഷ്ടപ്പെടും. അതുകൊണ്ടുതന്നെ നാം ഒരിക്കലും അവ ചെയ്യുകയുമില്ല. അപ്പോൾപ്പിന്നെ നമ്മുടെ ജീവിതം മുരടിച്ചു നിൽക്കുന്നതിനെക്കുറിച്ച് അദ്ഭുതപ്പെടേണ്ട കാര്യമില്ലല്ലോ.
നമ്മുടെ ആധ്യാത്മികജീവിതം മുരടിച്ചാണോ ഇപ്പോൾ ഇരിക്കുന്നത്? എങ്കിൽ അതിന്റെ കാരണം "പിന്നീടാവാം' എന്ന നമ്മുടെ നിലപാടാണ്. ഈ നിലപാടിൽനിന്നു കരകയറണമെങ്കിൽ സങ്കീർത്തകനെപ്പോലെ നമ്മളും പ്രാർഥിക്കണം, ""ഞങ്ങളുടെ ദിവസങ്ങളെ എണ്ണുവാൻ ഞങ്ങളെ പഠിപ്പിക്കണമേ, അങ്ങനെ ഞങ്ങൾ ഹൃദയവിജ്ഞാനം നേടട്ടെ'' (90:12) എന്ന്.
വളരെ വേഗം കടന്നുപോകുന്നതാണ് നമ്മുടെ ദിവസങ്ങളും വർഷങ്ങളും. കീറ്റിംഗ് വിദ്യാർഥികളെ അനുസ്മരിപ്പിച്ചതുപോലെ ഇപ്പോഴത്തെ ഈ നിമിഷം, അല്ലെങ്കിൽ ഈ ദിവസം നമുക്ക് ഏറ്റവും പ്രയോജനപ്പെട്ടതായി മാറ്റാം. നമ്മുടെ ആധ്യാത്മികജീവിതത്തിന്റെ ക്ലോക്ക് നിലച്ചുപോയിട്ടുണ്ടോ? എങ്കിൽ, എത്രയുംവേഗം ആ ക്ലോക്ക് നന്നാക്കി അതു പ്രവർത്തനക്ഷമമാക്കാം. ഇനിയും അതു മാറ്റിവയ്ക്കാൻ നാം ഇടയാക്കരുത്.
ആധ്യാത്മികജീവിതത്തിലെന്നപോലെ, ജീവിതത്തിന്റെ സർവമേഖലകളിലും നന്നായി പോകുവാൻ നമുക്കു ശ്രദ്ധയുണ്ടാകണം. അതു നാളെയാകട്ടെ എന്നു കരുതി ഒരിക്കലും മാറ്റിവയ്ക്കരുത്. കാരണം, നമുക്ക് എത്ര നാളെകൾ ഉണ്ടാകുമെന്ന് ദൈവത്തിനു മാത്രമേ അറിവുള്ളൂവല്ലോ.
SUNDAY DEEPIKA
അങ്ങനെ ആ ആശങ്ക ഒഴിഞ്ഞു..! 2032ല്‍ ചന്ദ്രനുമായി കൂട്ടിയിടിക്കുമെന്ന് ആശങ്ക പരത്തിയ "2024 YR4' എന്ന ഛിന്നഗ്രഹം ചന്ദ്രനെ തൊടുകപോലും ചെയ്യില്ലെന്ന് നാസ അറിയിച്ചു. ജയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി ഉപയോഗിച്ച് നടത്തിയ ഏറ്റവും പുതിയ നിരീക്ഷണങ്ങളിലൂടെയാണ് ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥം നാസയിലെ ശാസ്ത്രജ്ഞര്‍ കൃത്യമായി നിര്‍ണയിച്ചത്.
2024 അവസാനത്തോടെയാണ് നാസ ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. 2032 ഡിസംബര്‍ 22ന് ഇതു ഭൂമിയില്‍ പതിക്കാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. 2025 ഫെബ്രുവരിയിലെ ശാസ്ത്രജ്ഞരുടെ ഈ അനുമാനം വലിയ ആശങ്കയ്ക്കിടയാക്കി. തുടര്‍ന്ന്, വിശദമായ പഠനങ്ങളില്‍ ഏര്‍പ്പെട്ട നാസ, ഛിന്നഗ്രഹം ഭൂമിക്കു ഭീഷണിയല്ലെന്നു വിലയിരുത്തി. ഭൂമിയില്‍ ഇടിച്ചില്ലെങ്കിലും ഇത് ചന്ദ്രനില്‍ ഇടിക്കാന്‍ സാധ്യതയുണ്ടെന്നു പിന്നീട് നാസ സംശയം പ്രകടിപ്പിച്ചു. ഇതും വലിയ ആശങ്കയായിരുന്നു.
ജയിംസ് വെബിന്റെ കണ്ടെത്തല്‍
ഭൂമിയില്‍നിന്നും ബഹിരാകാശനിലയത്തില്നിന്നും ദൃശ്യമാകാത്തത്ര അകലെയായിരുന്ന ഛിന്നഗ്രഹത്തെ കണ്ടെത്താന്‍ ജയിംസ് വെബ് ദൂരദര്‍ശിനി മാത്രമായിരുന്നു ഏക പോംവഴി. 280 ദശലക്ഷം മൈല്‍ അകലെവച്ചാണ് ഇതിനെ നിരീക്ഷിച്ചത്. ഇത്രയും കുറഞ്ഞ വെളിച്ചമുള്ള ഒരു സൗരയൂഥ വസ്തുവിനെ നിരീക്ഷിക്കുന്നത് ചരിത്രത്തില്‍തന്നെ ആദ്യമാണെന്ന് ജോണ്‍സ് ഹോപ്കിന്‍സ് അപ്ലൈഡ് ഫിസിക്സ് ലാബിലെ പ്ലാനറ്ററി അസ്ട്രോണമര്‍ ആന്‍ഡി റിവ്കിന്‍ പറഞ്ഞു.
13,200 മൈല്‍ അകലം
ഫെബ്രുവരിയില്‍ നടത്തിയ നിരീക്ഷണങ്ങള്‍ക്കൊടുവില്‍, ഛിന്നഗ്രഹം ചന്ദ്രനില്‍ ഇടിക്കാനുള്ള സാധ്യത പൂര്‍ണമായും ഇല്ലെന്ന് നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി സ്ഥിരീകരിച്ചു. ചന്ദ്രനില്‍നിന്ന് ഏകദേശം 13,200 മൈല്‍ അകലത്തിലൂടെ ഛിന്നഗ്രഹം കടന്നുപോകുമെന്നാണ് നിലവില്‍ ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നത്.
15നില കെട്ടിടത്തിന്റെ വലിപ്പം
2024 ഡിസംബര്‍ അവസാനത്തോടെ ചിലിയിലെ നാസയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന "ആസ്റ്ററോയിഡ് ടെറസ്ട്രിയല്‍-ഇംപാക്റ്റ് ലാസ്റ്റ് അലര്‍ട്ട് സിസ്റ്റം' (ATLAS) ആണ് ഛിന്നഗ്രഹത്തെ ആദ്യമായി കണ്ടെത്തിയത്. ഭൂമിയുടെ ഭ്രമണപഥത്തെ മുറിച്ചുകടക്കുന്ന ചിന്നഗ്രഹത്തിന് ഏകദേശം 174 മുതല്‍ 220 അടി വരെ (53-67 മീറ്റര്‍) വ്യാസമുണ്ട്. അതായത്, ഒരു 15 നില കെട്ടിടത്തിന്റെ വലിപ്പം..!
SUNDAY DEEPIKA
മുംബൈ നഗരത്തിരക്കുകള്‍ക്കിടയില്‍, കടലോരത്ത് തകര്‍ന്നടിഞ്ഞ ഒരു കോട്ട പോലെ നില്ക്കുന്ന ഒരു കെട്ടിടമുണ്ട്. അതാണ് മുകേഷ് മില്‍സ്. ദക്ഷിണ മുംബൈയിലെ കൊളാബയിലുള്ള ഈ പഴയ മില്‍ ഇന്ന് മുംബൈയിലെ ഏറ്റവും "പ്രേതബാധയുള്ള’ സ്ഥലങ്ങളിലൊന്ന് എന്ന നിലയില്‍ കുപ്രസിദ്ധമാണ്. ഒരുകാലത്ത് ആയിരക്കണക്കിന് തൊഴിലാളികള്‍ ജോലി ചെയ്തിരുന്നതാണ് ഈ തുണിമില്‍.
1980കളിലെ ആ ദുരൂഹമായ തീപിടിത്തത്തിന് ശേഷമാണ് ഇതൊരു ശപിക്കപ്പെട്ട ഇടമായി മാറിയത്.
1870കളില്‍ മൂല്ജിഭായ് മാധ്വാനി എന്ന ബിസിനസുകാരനാണ് ഈ മിൽ സ്ഥാപിച്ചത്. മുംബൈയിലെ ഏറ്റവും വലിയ ടെക്സ്റ്റൈല്‍ മില്ലുകളില്‍ ഒന്നായി അത്. മുകേഷ് മില്‍സിന്റെ ചരിത്രംമാറുന്നത് 1982ലാണ്. വന്‍ തീപിടുത്തത്തില്‍ മില്ലിന്റെ ഭൂരിഭാഗവും നശിക്കുകയായിരുന്നു.
ഈ അപകടത്തില്‍ എത്രപേര്‍ മരിച്ചുവെന്നതിനെക്കുറിച്ച് കൃത്യമായ കണക്കുകളില്ല. അന്നുമുതൽ ഈ സ്ഥലം ശപിക്കപ്പെട്ടതാണെന്ന വിശ്വാസം ജനങ്ങള്‍ക്കിടയില്‍ ഉറച്ചത്. മരിച്ച തൊഴിലാളികളുടെ ആത്മാക്കള്‍ ഇന്നും അവിടെ അലഞ്ഞുതിരിയുന്നുവെന്നാണ് പലരുടെയും വിശ്വാസം.
മില്‍ അടച്ചുപൂട്ടിയതോടെ അവിടം സിനിമകളുടെയും പരസ്യങ്ങളുടെയും ഷൂട്ടിംഗ് ലൊക്കേഷനായി മാറി. എന്നാല്‍ ഷൂട്ടിംഗിന് എത്തിയവര്‍ക്ക് ഉണ്ടായ ചില അനുഭവങ്ങളാണ് മുകേഷ് മില്‍സിനെ പ്രേതകേന്ദ്രമായി മുദ്ര കുത്താനിടയാക്കിയത്.
ഒരിക്കല്‍ ഒരു സിനിമയുടെ ഷൂട്ടിംഗിനിടെ ഒരു നടി പെട്ടെന്ന് വിചിത്രമായ ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങുകയും, എല്ലാവരോടും അവിടെനിന്ന് ഉടന്‍ പുറത്തുപോകാന്‍ ആജ്ഞാപിക്കുകയും ചെയ്തു. ആ നടിയുടെ ശബ്ദം ഒരു പുരുഷന്റേതായി മാറിയതോടെ എല്ലാവരും ഭയന്ന് ഓടിപ്പോയത്രേ.
രാത്രികാലങ്ങളില്‍ മില്ലിനുള്ളില്നിന്ന് ഒരു കൊച്ചു കുട്ടി കരയുന്ന ശബ്ദം കേള്‍ക്കാറുണ്ടെന്ന് സമീപവാസികളും സുരക്ഷാജീവനക്കാരും സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ പരിശോധിക്കുമ്പോള്‍ അവിടെ ആരെയും കാണാറില്ലെന്നും അവര്‍ പറയുന്നു.
മില്ലിന്റെ ചില പ്രത്യേക ഭാഗങ്ങളില്‍ കാമറകള്‍ വയ്ക്കുമ്പോള്‍ അവ പെട്ടെന്ന് ഓഫായിപ്പോകുകയോ ഫിലിം നശിച്ചുപോകുകയോ ചെയ്യുമെന്ന് പല സംവിധായകരും പറയാറുണ്ട്. പുറത്തുകൊണ്ടുവരുമ്പോള്‍ ഇവ കൃത്യമായി പ്രവര്‍ത്തിക്കുകയും ചെയ്യുമത്രേ.
രാത്രികാലങ്ങളില്‍ മില്ലിന്റെ ഉള്‍ഭാഗത്തേക്ക് പോവാറില്ലെന്ന് സുരക്ഷാ ജീവനക്കാര്‍തന്നെ പറയുന്നുണ്ട്. പുകവലിക്കുന്ന ഒരാളുടെ നിഴല്‍ മില്ലിനുള്ളില്‍ കണ്ടിട്ടുണ്ടെന്നും ചിലപ്പോള്‍ ആരോ തള്ളുന്നതായി തോന്നാറുണ്ടെന്നും കല്ലുകള്‍ വന്നുവീഴുന്ന അനുഭവം ഉണ്ടായിട്ടുള്ളതായും അവര്‍ പറയുന്നു. ചില സമയങ്ങളില്‍ മില്ലിനുള്ളില്നിന്ന് തുണി നെയ്യുന്ന യന്ത്രങ്ങളുടെ ശബ്ദം കേള്‍ക്കാറുണ്ടെന്നും അവര്‍ അവകാശപ്പെടുന്നു.
മുകേഷ് മില്‍സ് കടലിനോട് ചേര്‍ന്നുകിടക്കുന്നതിനാല്‍ വേലിയേറ്റ സമയങ്ങളില്‍ ഈ പരിസരം കൂടുതല്‍ ഭയാനകമായി മാറാറുണ്ട്. ഇവിടത്തെ തകര്‍ന്ന ചിമ്മിനികളും കരിപിടിച്ച ചുവരുകളും പ്രേതസിനിമയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്നതാണ്. ഒരു ടൂറിസ്റ്റ് ആകര്ഷണമല്ലെങ്കിലും സാഹസികത ഇഷ്ടപ്പെടുന്നവരും പാരാനോര്‍മല്‍ ആക്ടിവിറ്റികളില്‍ താല്പര്യമുള്ളവരും ഇപ്പോഴും ഇവിടേക്കു വരാറുണ്ട്.
SUNDAY DEEPIKA
സാമൂഹിക നീതിയുടെ ഗര്ജനങ്ങള്-4
യഥാർഥ മതാത്മകത മനുഷ്യനെ വെളിച്ചത്തിലേക്കു നയിക്കുന്നു. സ്നേഹവും കരുണയും സത്യവും നീതിയും പരിശീലിച്ച് വിമോചനത്തിന്റെയും പരക്ലേശ വിവേകത്തിന്റെയും പ്രയോക്താക്കളാകാൻ യഥാർഥ മതാത്മകതപോലെ സഹായിക്കുന്ന മറ്റൊന്നില്ല. എന്നാൽ നൃശംസതയും നിഷ്ഠൂരതയും പുലർത്തുന്ന കപട മതാത്മകതയാകട്ടെ മനുഷ്യനെ നശിപ്പിക്കുന്നു.
ആചാരങ്ങളുടെയും ആർഭാടങ്ങളുടെയും ബാഹ്യാവരണമാകുന്ന സുഖസുഷുപ്തിയിൽ ലയിച്ച് പാവപ്പെട്ടവരുടെയും പീഡിതരുടെയും രോദനം ശ്രവിക്കാതെ അനീതിയേയും അധർമത്തേയും പിന്തുണച്ചു കഴിയുന്ന ഭക്തർ മതവിശ്വാസികളാണെന്ന് പറയാനാവുമോ?
വൈക്കം മുഹമ്മദ് ബഷീർ തന്റെ "ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്' എന്ന ലഘു നോവലിൽ കപടമതാത്മകതയെ കണക്കറ്റു പരിഹസിക്കുന്നുണ്ട്. യഥാർഥ വെളിച്ചത്തിന്റെ ജീവിതമാണ് മതാത്മകതയെന്നു സ്ഥാപിക്കുന്നുമുണ്ട്. ഇരുട്ടിന്റെ ഉപാസനയല്ല, വെളിച്ചത്തിന്റെ ആരാധനയാണ് യഥാർഥ മതാത്മകതയെന്ന് "വെളിച്ചത്തിനെന്തൊരു വെളിച്ചം' എന്ന ഒറ്റ വാക്യത്തിലൂടെ ബഷീർ ലോകത്തെ പഠിപ്പിക്കുന്നു.
വികാസത്തിനു വിലങ്ങുതടിയായി നിൽക്കുന്ന പഴമയും മനുഷ്യനന്മയെ മാത്രം ലാക്കാക്കിയുള്ള പുതുമയും തമ്മിലുള്ള ഏറ്റുമുട്ടലിൽ പുതുമയുടെ പക്ഷത്തുനിന്നു പോരാടി മാനവചരിത്രത്തെ പ്രകാശത്തിന്റെ പാതയിലേക്കു നയിക്കുന്നവരാണ് പ്രവാചകർ. അവരിൽ അഗ്രഗണ്യനായ ഒരാളാണ് മോറെഷെത്തുകാരനായ മിക്കാ.
പേരും വ്യക്തിത്വവും
പാവപ്പെട്ട കർഷകരുടെയും തൊഴിലാളികളുടെയും മണ്ണിന്റെ മക്കളുടെയും പക്ഷത്തുനിന്നുകൊണ്ട്, അവരെ ചൂഷണംചെയ്യുന്ന വരേണ്യവർഗത്തിന്റെ അധികാരഗർവിനെതിരേ ആഞ്ഞടിച്ച ശക്തനായ പ്രവാചകനാണ് മിക്കാ. ബിസി എട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ, കൃത്യമായി പറഞ്ഞാൽ ബിസി 725നും 700നും ഇടയ്ക്ക്, ജറൂസലേമിലാണ് മിക്കാ പ്രവാചക ശുശ്രൂഷ ചെയ്തത്. ജറൂസലേമിൽനിന്ന് 25 മൈലോളം അകലെയുള്ള മൊറേഷെത്ത് എന്ന ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. മിക്കയാ എന്ന പേരിന്റെ ചുരുക്കരൂപമാണ് മിക്കാ. "യാഹ്വെയെപ്പോലെ ആരുണ്ട്' എന്നാണ് പേരിന്റെ അർഥം.
പാവങ്ങളുടെ വസ്തു കൈയേറുന്നവർ
യൂദായിലും ജറൂസലേമിലും നടമാടുന്ന ധാർമികത്തകർച്ചയിലും അനീതിയിലും മിക്കാ അത്യന്തം വ്യാകുലപ്പെടുന്നു. കയ്യൂക്കുള്ള പ്രബലർ രാത്രിയിൽ തിന്മ നിരൂപിക്കുകയും പ്രഭാതത്തിൽ അതു പ്രർത്തിക്കുകയും ചെയ്യുന്നു. ""അവർ വയലുകൾ മോഹിക്കുന്നു. അവ സ്വന്തമാക്കുന്നു. വീട്ടുടമസ്ഥനെയും അവന്റെ കുടുംബത്തെയും മനുഷ്യനെയും അവന്റെ അവകാശത്തെയും അവർ പീഡിപ്പിക്കുന്നു'' (മിക്കാ 2:2).
ധനികർ പാവപ്പെട്ടവരുടെ വസ്തുവകകൾ കൈയേറുന്നതിനെതിരേയാണ് മിക്കാ സംസാരിക്കുന്നത്. ഈ കൈയേറ്റക്കാർ ശിക്ഷിക്കപ്പെടും.
കൊള്ളപ്പലിശക്കാർ
പാവപ്പെട്ടവരെ ദ്രോഹിക്കുന്ന മറ്റൊരു വിഭാഗമാണ് കൊള്ളപ്പലിശക്കാർ. ""നീ എന്റെ ജനത്തിനെതിരേ ഒരു ശത്രുവിനെപ്പോലെ വരുന്നു. യുദ്ധഭീതിയില്ലാതെ സമാധാനപ്രിയരായി കടന്നുപോകുന്നവരിൽനിന്ന് നീ മേലങ്കി ഉരിഞ്ഞെടുക്കുന്നു. നിങ്ങൾ എന്റെ ജനത്തിലെ സ്ത്രീകളെ അവരുടെ മനോഹരമായ ഭവനങ്ങളിൽനിന്ന് ആട്ടിയോടിക്കുന്നു. അവരുടെ ശിശുക്കളിൽനിന്ന് എന്റെ മഹത്വം എന്നേക്കുമായി നിങ്ങൾ അപഹരിക്കുന്നു'' (2:8-9). കൊള്ളപ്പലിശക്കാർ സമൂഹത്തിൽ ചെയ്തുകൂട്ടുന്ന അനീതിയാണ് മിക്കാ അപലപിക്കുന്നത്.
അവർ മോശയുടെ നിയമം ലംഘിച്ചുകൊണ്ട് (പുറ 22:25-26; നിയമാ 24:12-13) പാവപ്പെട്ടവരിൽനിന്ന് പണയംവാങ്ങിയ മേലങ്കി സൂര്യാസ്തമയത്തിനുമുന്‍പ് തിരികെക്കൊടുക്കാതെ പിടിച്ചുവയ്ക്കുന്നു. അവർ സ്ത്രീകളെയും കുട്ടികളെയും ഭവനങ്ങളിൽനിന്ന് വലിച്ചിറക്കുന്നു. കൊള്ളപ്പലിശ യഥാസമയം കൊടുക്കാൻ സാധിക്കാതെവരുന്ന പാവപ്പെട്ട മാതാപിതാക്കളുടെ കുട്ടികളെ അടിമകളായി പിടിച്ചുകൊണ്ടുപോയി വ്യാപാരശാലയിൽ വിൽക്കുന്നു. അങ്ങനെ അവർ ശിശുക്കളുടെ മഹത്വം എന്നേക്കുമായി അപഹരിക്കുന്നു. ഇതിനുള്ള ശിക്ഷയാണ് ജറൂസലേമിന്റെ നാശവും വിപ്രവാസവും (2:10-11).
നേതാക്കളുടെ ധർമച്യുതി
ഇസ്രയേലിന്റെ നേതാക്കളുടെ ധർമച്യുതിക്കെതിരേ അതിശക്തമായ ഭാഷയിലാണ് മിക്കാ താക്കീതു നൽകിയത്. ഭരണാധിപന്മാർ, കള്ളപ്രവാചകന്മാർ, ന്യായാധിപന്മാർ, പുരോഹിതന്മാർ മുതലായവരെയെല്ലാം അദ്ദേഹം ശാസിച്ചു. ഭരണാധിപന്മാർ ""പാവപ്പെട്ട ജനത്തിന്റെ തൊലി ഉരിഞ്ഞെടുക്കുന്നു. അവരുടെ അസ്ഥികളിൽനിന്നു മാംസവും. അവർ പാവപ്പെട്ടവരുടെ മാംസം ഭക്ഷിക്കുന്നു. അസ്ഥികൾ തകർക്കുന്നു. ചട്ടിയിലെ ഇറച്ചിയും കുട്ടകത്തിലെ മാംസവുംപോലെ അവരെ നുറുക്കുകയും ചെയ്യുന്നു'' (3:2-3). ""കള്ള പ്രവാചകന്മാർ തങ്ങളുടെ ഉദരപൂരണത്തിനുതകുംവിധം പ്രവചനം നടത്തി പാവപ്പെട്ടവർക്കെതിരേ യുദ്ധം പ്രഖ്യാപിക്കുന്നു'' (3:5-7).
നേതാക്കളുടെ അഴിമതിയും അധർമവുമാണ് സമൂഹത്തെ മുഴുവൻ അന്ധകാരത്തിലാഴ്ത്തിയിരിക്കുന്നത്. ""ഇസ്രയേലിലെ അധിപന്മാരേ, നിങ്ങൾ നീതിയെ വെറുക്കുന്നു. ധർമത്തെ കീഴ്മേൽ മറിക്കുന്നു. രക്തത്താൽ സീയോനും അധർമത്താൽ ജറൂസലേമും പണിതുയർത്തുന്നു. ന്യായാധിപന്മാർ കോഴവാങ്ങി വിധിക്കുന്നു. പുരോഹിതർ പണംവാങ്ങി പഠിപ്പിക്കുന്നു. പ്രവാചകർ പണത്തിനുവേണ്ടി പ്രവചിക്കുന്നു. എന്നിട്ടും അവർ കർത്താവിനെ ചാരിക്കൊണ്ടു പറയുന്നു: കർത്താവ് നമ്മുടെ മധ്യത്തിലില്ലേ? നമുക്ക് ഒരു അനർഥവും വരികയില്ല'' (3:9-11).
എന്ത് അധർമം പ്രവർത്തിച്ചാലും ജറൂസലേം ദേവാലയത്തിൽ കർത്താവ് വസിക്കുന്നിടത്തോളംകാലം തങ്ങൾക്ക് അനർഥമൊന്നും സംഭവിക്കുകയില്ല എന്നാണ് അവരുടെ നാട്യം. ആത്മീയ സ്ഥാപനവും ആചാരവിധികളും പാപം ചെയ്യാനുള്ള വ്യാജമായ ആത്മവിശ്വാസത്തിനു കാരണമായിത്തീരുന്നു. ഈ വ്യാജമായ സുരക്ഷിത കേന്ദ്രങ്ങൾ തകർക്കപ്പെട്ടേ തീരൂ. അതുകൊണ്ട് മിക്കാ ജറൂസലേം ദേവാലയത്തിന്റെ നാശം പ്രവചിക്കുന്നു (3:19).
ധാർമികാധഃപതനം
സമൂഹത്തിലെന്പാടും പടരുന്ന ധാർമികാധഃപതനം മിക്കാ വേദനയോടെ ചൂണ്ടിക്കാട്ടുന്നു. കച്ചവടരംഗം അഴിമതിയുടെയും അനീതിയുടെയും കൂത്തരങ്ങാണ്. ""കള്ള ത്രാസും കള്ളക്കട്ടികളും കൈവശം വയ്ക്കുന്നവനെ ദൈവം വെറുതെവിടുമോ?'' (6:11). അക്രമാസക്തി, വ്യാജം, വഞ്ചന എന്നിവ സമൂഹത്തിൽ പെരുകുന്നു. ""മനുഷ്യരുടെയിടയിൽ സത്യസന്ധരായി ആരുമില്ല. എല്ലാവരും രക്തത്തിനുവേണ്ടി പതിയിരിക്കുന്നു.
ഓരോരുത്തനും സ്വസഹോദരനെ കുടുക്കാൻ വലവിരിക്കുന്നു. തിന്മ പ്രവർത്തിക്കാൻ അവർ ഉത്സാഹത്തോടെ കൈനീട്ടുന്നു. രാജാവും ന്യായാധിപനും കൈക്കൂലി ആവശ്യപ്പെടുന്നു. ഉന്നതന്മാർ ദുരാഗ്രഹങ്ങൾ വെളിപ്പെടുത്തുന്നു'' (7:2-3). കുടുംബങ്ങളിലും തകർച്ചയുണ്ട്. ഒരേ കുടുംബത്തിൽതന്നെ വഴക്കും ഭിന്നതയുമാണ് (7:6-7).
യഥാർഥ മതാത്മകത
യഥാർഥ മതാത്മകതയെപ്പറ്റിയുള്ള മിക്കായുടെ കാഴ്ചപ്പാടാണ് ഏറ്റവും വിപ്ലവകരമായ പ്രവാചക ദർശനം. ബലിവസ്തുക്കളുമായി ദേവാലയത്തിലേക്കു വരുന്ന ഭക്തൻ മിക്കായോട് ചില ചോദ്യങ്ങൾ ചോദിക്കുന്നു:
""കർത്താവിന്റെ മുന്നിൽ ഞാൻ ഏതു കാഴ്ചയാണ് കൊണ്ടുവരേണ്ടത്? ദഹനബലിക്ക് ഒരു വയസുള്ള കാളക്കിടാവ് മതിയോ? ആയിരക്കണക്കിന് മുട്ടാടുകളും പതിനായിരക്കണക്കിന് എണ്ണക്കുടങ്ങളും സമർപ്പിച്ചാൽ മതിയോ? എന്റെ ആദ്യജാതനായ പുത്രനെത്തന്നെ ബലിയർപ്പിച്ചാൽ അവിടന്ന് സംപ്രീതനാകുമോ?''
മിക്കായുടെ മറുപടി: ""മനുഷ്യാ, നല്ലതെന്തെന്ന് അവിടന്ന് നിനക്കു കാണിച്ചുതന്നിട്ടുണ്ട്. നീതി പ്രവർത്തിക്കുക, കരുണ കാണിക്കുക, നിന്റെ ദൈവത്തിന്റെ മുന്നിൽ വിനീതനായി ചരിക്കുക. ഇതല്ലേ കർത്താവ് നിന്നിൽനിന്ന് ആവശ്യപ്പെടുന്നത്?'' (6:6-8)
നീതി, കരുണ, വിനയം എന്നിവയാണ് ഒരു ഭക്തനിൽനിന്ന് ദൈവം പ്രതീക്ഷിക്കുന്നത്. ബലിയർപ്പണത്തേക്കാളും മതപരമായ തിരുനാളുകളേക്കാളും ദൈവത്തെ പ്രീതിപ്പെടുത്തുന്നത് നീതിയിലും കരുണയിലും വിനയത്തിലും അധിഷ്ഠിതമായ ജീവിതമാണ്. യഥാർഥ മതാത്മകതയുടെ കാതൽ നീതിയും കരുണയും വിനയവുമാണ്.
മിശിഹായുടെ ഭരണം
മിക്കായുടെ വീക്ഷണത്തിൽ അനീതി നിറഞ്ഞ വ്യവസ്ഥിതിയെ തകിടംമറിച്ച് നീതിയും ധർമവും നിറഞ്ഞ പുതിയ വ്യവസ്ഥിതി സ്ഥാപിക്കാനാണ് മിശിഹാ എന്ന നീതിയുടെ രാജാവ് ആഗതനാകുന്നത്. മിശിഹാ ബത്ലഹേമിൽനിന്നു ജനിക്കുമെന്ന് മിക്കാ പ്രവചിച്ചു. ""ബത്ലഹേം- എഫ്രാത്താ, യൂദാ ഭവനങ്ങളിൽ നീ ചെറുതാണെങ്കിലും ഇസ്രയേലിനെ ഭരിക്കേണ്ടവൻ എനിക്കായി നിന്നിൽനിന്നു പുറപ്പെടും. അവൻ പണ്ടേ, യുഗങ്ങൾക്കുമുന്‍പേ ഉള്ളവനാണ്'' (5:2).
ദൈവത്തിന്റെ കരുണ
സാഹചര്യങ്ങൾ എത്ര നിരാശാജനകമാണെങ്കിലും ദൈവത്തിന്റെ കരുണ ഒരു പുതിയ സമൂഹത്തെ രൂപപ്പെടുത്തുമെന്ന് മിക്കായ്ക്ക് തീർച്ചയുണ്ട്. ""തന്റെ അവകാശത്തിന്റെ അവശേഷിച്ച ഭാഗത്തോട് അവരുടെ അപരാധങ്ങൾ പൊറുക്കുകയും അതിക്രമങ്ങൾ ക്ഷമിക്കുകയും ചെയ്യുന്ന അങ്ങയെപ്പോലെ ഒരു ദൈവം വേറെ ആരുണ്ട്?'' (7:18).
അവിടന്ന് കാരുണ്യത്തിൽ ആനന്ദിക്കുന്ന ദൈവമാണ്; നമ്മുടെ അകൃത്യങ്ങളും പാപങ്ങളും നീക്കിക്കളയും. പൂർവകാലത്ത് പിതാക്കന്മാരോട് വാഗ്ദാനം ചെയ്തിരുന്നതുപോലെ അവിടന്ന് വിശ്വസ്തതയും കാരുണ്യവും കാണിക്കും. ദൈവത്തിന്റെ കരുണയിൽ ഉറച്ചുനിന്നുകൊണ്ട് അനീതിക്കും അധർമത്തിനുമെതിരേ പോരാടി നവസമൂഹം സൃഷ്ടിക്കുന്നതാണ് യഥാർഥ മതാത്മകത.
SUNDAY DEEPIKA
നിങ്ങള്‍ക്ക് ഒരു ബ്രാന്‍ഡ് ഉണ്ടോ..? അതു ചെറുതോ വലുതോ ആകട്ടെ... നിങ്ങളുടെ ബ്രാന്‍ഡിനെ "ലൈവ്' ആക്കാനുള്ള ഉത്തരമാണ് "ലൈവ് സ്റ്റോറീസ്'. സ്വന്തമായി ഒരു ബ്രാന്‍ഡ് തുടങ്ങുക, അതിലൂടെ വളരുക എന്നു ചിന്തിക്കുകയും സ്വപ്നം കാണുകയും ചെയ്യുന്നവരാണ് പുതുതലമുറക്കാര്. ഈ സ്വപ്നത്തെ ലോകത്തിനുമുന്നില്‍ അവതരിപ്പിച്ച് പരിപോഷിപ്പിക്കുകയാണ് ലൈവ്സ്റ്റോറീസ്; ബ്രാന്‍ഡുകള്‍ക്ക്, സംരംഭകര്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെയും വിജയത്തിന്റെയും കഥ ലോകത്തെ അറിയിക്കാന്‍ ഒരു പ്ലാറ്റ്ഫോം...
പരിമിതികളെ തോൽപ്പിച്ച് ഒരു കൈ കൊണ്ട് എംബ്രോയ്ഡറിയിൽ വിസ്മയം തീർക്കുന്ന എറണാകുളം പള്ളുരുത്തി സ്വദേശി അഞ്ജന ഷാജിയുടെ "വൺഹാന്‍ഡ് എംബ്രോയ്ഡറി' എന്ന സംരംഭം ആദ്യമായി ഫീച്ചർ ചെയ്ത് ലോകമറിഞ്ഞത് ലൈവ് സ്റ്റോറീസിലൂടെ ആയിരുന്നു. വീടിനോടു ചേര്‍ന്നുള്ള ഒരു മുറിയില്‍ തുടങ്ങിയ സംരംഭം ലൈവ് സ്റ്റോറീസില്‍ ഫീച്ചര്‍ വന്നതോടെ വളര്‍ന്നു പന്തലിച്ച് ജീവിതം മാറിമറിഞ്ഞ ആളാണ് സൗമ്യ തോമസ് എന്ന ഇടുക്കിക്കാരി.
എക്കോ പ്രിന്റ് ഡ്രസ് കേരളത്തിനു പരിചയപ്പെടുത്തിയ സൗമ്യ തോമസിന്റെ "ഇലപ്പച്ച' എന്ന ബ്രാന്‍ഡിനെ ആദ്യമായി വൈറല്‍ ആക്കിയതിന്റെ ക്രെഡിറ്റും ലൈവ്സ്റ്റോറീസിനുതന്നെ. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രാവിയ ഗ്രൂപ്പ് ഉടമ ബിബിന്റെ ആശയമായ ഇടുക്കി മാന്കൊത്തിമേടിലെ കാരവാന് ടൂറിസം പാര്‍ക്ക്, ആലപ്പുഴ മാരാരിക്കുളത്തെ 75കാരിയായ ലളിതമ്മയുടെ "ഐറ മാരാരി' എന്ന 120 വര്‍ഷത്തെ പഴമ നിലനിര്‍ത്തിയുള്ള അമ്മവീട് റിസോർട്ട്... ലൈവ് സ്റ്റോറീസ് വൈറലാക്കിയ സംരംഭകർ നിരവധി.
കോവിഡനന്തരം ഓണ്‍ലൈന്‍ സാധ്യതകളുടെ ആഴങ്ങളിലേക്കിറങ്ങിയ സംരംഭകരെ, വ്യത്യസ്തമായ രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ എങ്ങനെ പരിചയപ്പെടുത്താം എന്ന ചിന്തയാണ് ലൈവ് സ്റ്റോറീസിന്റെ പിറവിക്കു കാരണമായത്. അഞ്ചുവര്‍ഷംമുമ്പ് പിറവിയെടുത്ത ലൈവ് സ്റ്റോറീസിന്റെ സോഷ്യല്‍ മീഡിയ ഇടങ്ങളിലൂടെ ഇതിനോടകം മുന്നൂറോളം സംരംഭകരുടെ ബ്രാന്‍ഡുകളെ പരിചയപ്പെടുത്തിക്കഴിഞ്ഞു. സാധാരണക്കാരുടെ മുതല്‍ സെലിബ്രിറ്റികളുടെവരെ സംരംഭക കഥപറയുന്ന ലൈവ്സ്റ്റോറീസിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഏകദേശം 10 ലക്ഷത്തോളം ഫോളോവേഴ്സുണ്ട്.
ഇവിടെയാണ് വ്യത്യാസം
കണ്ടുശീലിച്ച അവതരണമല്ല എന്നതാണ് ലൈവ് സ്റ്റോറീസിന്റെ പ്രത്യേകത. സാധാരണയായി കണ്ടുവരുന്ന വ്ളോഗിംഗ്, ആങ്കറിംഗ് ശൈലിയില്‍നിന്ന് ലൈവ് സ്റ്റോറീസിനെ വ്യത്യസ്തമാക്കുന്നതും ഇതുതന്നെ. വീഡിയോ ഫീച്ചറില്‍ സംരംഭകര്‍ സ്വയം ബ്രാന്‍ഡിനെ പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്. ബ്രാന്‍ഡുകളെ, സംരംഭങ്ങളെ അതിന്റെ ഉടമകള്‍തന്നെ പരിചയപ്പെടുത്തുന്നത് ആളുകളില്‍ വിശ്വാസ്യത വര്‍ധിപ്പിക്കുമെന്ന് ലൈവ് സ്റ്റോറീസിന്റെ ഫൗണ്ടര്‍ ഡോണ തോമസ് പറയുന്നു.
സ്വയം അവതാരകരായി ലൈവ് സ്റ്റോറീസില്‍ വീഡിയോ ഫീച്ചര്‍ വരുമ്പോള്‍ ഓരോ ബ്രാന്ഡിന്റെയും വിശ്വാസ്യതയും സംരംഭകര്‍ക്ക് സ്വീകാര്യതയും കൂടുന്നുണ്ട്. ഫീച്ചറിംഗിന് തെരെഞ്ഞെടുക്കുന്ന ബ്രാന്‍ഡുകളുടെ വിശ്വാസ്യത ഒരു പ്രധാന ഘടകമാണ്. ചെറിയ മുതല്‍മുടക്കില്‍ സത്രീകള്‍ വീട്ടില്‍ തുടങ്ങിയ സംരംഭങ്ങള്‍ മുതല്‍ വിദേശപഠനം കഴിഞ്ഞ് പ്രഫഷണലായി തുടങ്ങിയ നിരവധി സ്ത്രീ സംരംഭകരെയും പരിചയപ്പെടുത്തി അവര്‍ക്കു മികച്ച റീച്ചുണ്ടാക്കാന്‍ ലൈവ്സ്റ്റോറീസ് സഹായിച്ചിട്ടുണ്ട്. ആദ്യമായി ലൈവ് സ്റ്റോറീസില്‍ ഫീച്ചറുകള്വന്ന് വൈറലായി അവാര്‍ഡ് ജേതാക്കളായവര്വരെ ഉണ്ട്- ഡോണ തോമസ് പറഞ്ഞു.
ഡിജിറ്റല്‍ ബ്രാന്‍ഡിംഗ് എക്സ്പേര്‍ട്ടാണ് ലൈവ്സ്റ്റോറീസിന്റെ ഫൗണ്ടറായ ഡോണ തോമസ്. കണ്ണൂരാണ് സ്വദേശം. മാധ്യമപ്രവര്‍ത്തനത്തില്‍ ബിരുദാനന്തരബിരുദധാരിയാണ് ഈ 37കാരി. മാധ്യമമേഖലയിലും പബ്ളിക് റിലേഷൻ മേഖലയിലും മുന്‍പരിചയം. ഭര്‍ത്താവ് ഷനോജ് ദേവസ്യ. മക്കള്‍ സ്റ്റീവ് ആന്റണി, ഡേവ് ആന്റണി.
എറണാകുളത്തെ നൈറ്റ് ക്രീയേറ്റീവ് എന്ന സ്ഥാപനമാണ് ലൈവ്സ്റ്റോറീസിനു ക്രിയേറ്റീവ് സപ്പോര്‍ട്ട് നല്‍കുന്നത്. ബ്രാന്‍ഡുകളുടെ സ്റ്റോറി ഫീച്ചര്‍ ചെയ്യുന്നതിനോടൊപ്പം അവര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ റീച്ച് കൂട്ടാനുള്ള പ്രത്യേക പരിശീലനവും സഹായവും ലൈവ് സ്റ്റോറീസ് നല്‍കുന്നുണ്ട്.
SUNDAY DEEPIKA
ഡാഫ്നെ ദു മോറിയർ - സ്വതന്ത്ര പരിഭാഷ
കേണലിന്റെ മുന്നിൽ മദ്യപിച്ചുകൊണ്ടുള്ള ഫാവെലിന്റെ പൊട്ടിച്ചിരിക്ക് ദൈവമേ, ഞാൻ നന്ദിപറയുന്നു. ആ പൊട്ടിച്ചിരിക്കു മാത്രമല്ല, അയാളുടെ മുഖത്തെ സംഭ്രാന്തിക്ക്, ആ ചോരക്കണ്ണുകൾക്ക്, കാലുകൾ നിലത്തുറയ്ക്കാത്ത ആ നില്പിന്.. എല്ലാത്തിനും നന്ദി. അതെല്ലാം കേണലിന് അയാളുടെനേരേ വെറുപ്പുണ്ടാക്കാനേ ഉപകരിക്കൂ. അയാളെ കേണൽ ഒരിക്കലും വിശ്വസിക്കില്ല.
അദ്ദേഹം പറഞ്ഞു: ""ഈ മനുഷ്യൻ നന്നായി മദ്യപിച്ചിരിക്കുന്നു. എന്താണു പറയുന്നതെന്ന് ഇയാൾക്കറിഞ്ഞുകൂടാ.''
""ഞാൻ മദ്യപിച്ചിട്ടുണ്ടെന്നോ! പ്രിയ സ്നേഹിതാ! ഇല്ല ഇല്ല. മനസിന്റെ വേദനയാണ് ഞാൻ പറയുന്നത്.'' (അല്പം ഉയർന്ന സ്വരത്തിൽ) ""നിങ്ങൾ വലിയ മജിസ്ട്രേറ്റും കേണലുമൊക്കെയാവും. പക്ഷേ നീതി എന്റെ ഭാഗത്താ. അതു ഞാൻ കാണിച്ചുകൊടുക്കും. നിങ്ങളല്ലാതെ ഈ രാജ്യത്തു വേറെയും മജിസ്ട്രേറ്റുമാരുണ്ട്. നല്ല ബുദ്ധിയും ബോധവുമുള്ളവർ. ഈ നിൽക്കുന്ന മാക്സിം റെബേക്കയെ കൊന്നു. കൊലയാളിയാണീ നിൽക്കുന്നത്. ഞാനതു തെളിയിക്കാൻ പോകുകയാ.''
കേണൽ ജൂലിയൻ വളരെ ശാന്തമായ സ്വരത്തിൽ പറഞ്ഞു. ""മിസ്റ്റർ ഫാവെൽ! ഇന്നു തെളിവെടുപ്പിന്റെ സമയത്ത് നിങ്ങൾ അവിടെയുണ്ടായിരുന്നു. ഞാൻ നിങ്ങളെ കണ്ടു. വിധി നീതിപൂർവമായില്ല എന്ന് എന്തുകൊണ്ട് ജൂറിയോടും അധികാരിയോടും പറഞ്ഞില്ല; ഈ രേഖ കാണിച്ചുകൊടുത്തില്ല?''
മാക്സിം ഇടപെട്ട് കേണലിനോടു പറഞ്ഞു: ""ഇതേ ചോദ്യംതന്നെയാണ് താങ്കൾ വരുന്നതിനുമുന്പ് ഞാനിയാളോടു ചോദിച്ചത്. അതിനുതന്ന മറുപടി വിചിത്രമാണ്. ഞാൻ പണക്കാരനല്ല, ഭീമമായ ഒരു സംഖ്യതന്നാൽ ഒത്തുതീർപ്പിലെത്താം എന്നൊക്കെ. ഈ ഫ്രാങ്കും എന്റെ ഭാര്യയും ഇതിനു സാക്ഷികളാണ്. ബ്ലാക്ക് മെയിലിംഗിനു ഞാൻ കൂട്ടുനിന്നില്ല.''
കേണൽ ഫാവെലിനോട്: ""മിസ്റ്റർ ഫാവെൽ മാക്സിമിനെതിരായി ഉന്നയിച്ച ആരോപണം സാധൂകരിക്കാൻ നിങ്ങളുടെ പക്കൽ എന്തെങ്കിലും തെളിവുകളുണ്ടോ?''
""തെളിവുകളോ? ബോട്ടിന്റെ അടിയിലെ തുളകൾതന്നെ പോരേ തെളിവായിട്ട്?''
""പോരാ. മാക്സിമാണ് അതു ചെയ്തത് എന്നതിനു സാക്ഷി വേണം. നിങ്ങളുടെ സാക്ഷി എവിടെ?''
""തീർച്ചയായും അതു ചെയ്തത് മാക്സിമാണ്. വേറെ ആരാണ് റെബേക്കയെ കൊല്ലുക?''
""ഈ പറയുന്നതിന് കോടതിയിൽ ഒരു വിലയുമുണ്ടാവില്ല.''
""കൊല്ലാൻ കാരണമുണ്ട്. റെബേക്ക മാക്സിമിന്റെ ഭാര്യയാണെങ്കിലും എന്റെ കാമുകിയാണ്. അതിന്റെ പേരിൽ ഇയാൾക്ക് എന്റെനേരേ ഒടുങ്ങാത്ത പകയും വൈരാഗ്യവുമുണ്ട്. എനിക്കുവേണ്ടി അവൾ കോട്ടേജിൽ കാത്തിരിക്കുന്നുണ്ടെന്ന് ഈ മാക്സിം മനസിലാക്കി. ഞാൻ എത്തുന്നതിനുമുന്പ് കൊലപാതകവും മറ്റു കാര്യങ്ങളും ഭംഗിയായി നടത്തി.''
ഇതുകേട്ട് മാക്സിം രോഷം ഉള്ളിലൊതുക്കിനിന്നു.
കേണലിന്റെ സ്വരം: ""മിസ്റ്റർ ഫാവെൽ! നിങ്ങൾ പറയുന്നതെല്ലാം ഞാൻ ശ്രദ്ധിച്ചുകേൾക്കുന്നുണ്ട്. ഞാൻ വീണ്ടും പറയുന്നു. ഇങ്ങനെയൊരു കൃത്യം ചെയ്തത് കണ്ടുവെന്നു പറയുന്ന ഒരു സാക്ഷി ഉണ്ടെങ്കിലേ കാര്യമുള്ളൂ.''
""ഉണ്ട്. സാക്ഷിയുണ്ട്. ഇപ്പോഴാണ് എനിക്കോർമവന്നത്.''
ഫ്രാങ്ക് പകച്ച് ഉടനെ മാക്സിമിനെ നോക്കി. മാക്സിം എന്നെ നോക്കി. എന്റെ ചങ്കിടിപ്പു വർധിച്ചു. അടിവയറ്റിൽനിന്ന് ഒരാളൽപോലെ.
""ആരാണ് നിങ്ങളുടെ സാക്ഷി? അയാളെവിടെ?''
""റെബേക്കയെ കാണാൻ ഞാൻ ബീച്ചിലും കോട്ടേജിലും വരുന്പോൾ അവൻ എന്നെ കണ്ടിട്ടുണ്ട്. അവൻ പറയും കാര്യങ്ങൾ.''
കേണൽ ചോദിച്ചു: ""ആരെപ്പറ്റിയാണ് പറയുന്നത്? ആരാണയാൾ?''
ഫ്രാങ്ക് പറഞ്ഞു: ""ബെൻ എന്ന ചെറുപ്പക്കാരനാവും. ഇവിടത്തെ കുടിയാന്മാരിലൊരാളുടെ മകനാണ്. ജന്മനാൽ ഒരു മന്ദബുദ്ധിയാണ്.''
രസിക്കാതെ ഉടനെ ഫാവെൽ പറഞ്ഞു: ""ആയിക്കോട്ടെ. അവനു കണ്ണുകളുണ്ട്. അവൻ കടപ്പുറത്തും മരച്ചോട്ടിലുമൊക്കെയാണ് രാത്രി കിടക്കുക. മാക്സിം വരുന്നതും പോകുന്നതും അവൻ കണ്ടുകാണും.''
""നേരിട്ടു കാര്യങ്ങൾ ചോദിക്കാൻ ആളെ ഇപ്പോൾ കിട്ടുമോ?''
മാക്സിം പറഞ്ഞു: ""തീർച്ചയായും. അതിനുള്ള ഏർപ്പാടുചെയ്യാം.''
""ഫ്രാങ്കിനു നിർദേശം കൊടുത്തു.''
""ഏതായാലും ഇവിടെ വന്നനിലയ്ക്ക് അതുകൂടി കഴിച്ചേക്കാം.''
അല്പംകഴിഞ്ഞ് ഫ്രാങ്ക് വന്നു. റോബർട്ട് കാറുമായി പോയിട്ടുണ്ട്. ബെൻ വീട്ടിലുണ്ടെങ്കിൽ പത്തുമിനിറ്റിനുള്ളിൽ ഇവിടെയെത്തും.
ഫാവെൽ ചിരിച്ചും അല്പം കുഴഞ്ഞും സംസാരിച്ചു: ""തെളിവെടുക്കുന്പോൾ ഭാര്യ ഭർത്താവിനെതിരായിട്ട് ഒന്നും പറയില്ല. അതുകൊണ്ടു ഭാര്യയെ ഒഴിവാക്കാം. ഈ ഫ്രാങ്ക് സത്യം തുറന്നുപറഞ്ഞാൽ ഇയാളുടെ ഉദ്യോഗം തെറിക്കും. ഇയാള്‍ മാക്സിമിന്റെ വലംകൈയായിട്ടും, ഭാര്യക്കു തലചുറ്റൽ വരുന്പോഴെല്ലാം താങ്ങിപ്പിടിച്ചുകൊണ്ടുപോകുന്ന ആളായിട്ടും ഇവിടെ സുഖമായി കഴിയുന്നു. ഇയാൾ മുതലാളിക്കെതിരേ എന്തെങ്കിലും പറയുമോ?''
പെട്ടെന്നാണതു സംഭവിച്ചത്. മാക്സിം ഫാവെലിനു കൊടുത്തു മിന്നൽപോലെ കരണക്കുറ്റിക്ക് ഒരടി. അടികൊണ്ട് അയാൾ തേങ്ങി താഴെവീണു. കേണൽ അതു കാണാത്ത ഭാവം നടിച്ചു.
ആ അന്തരീക്ഷത്തിൽ അങ്ങനെ സംഭവിച്ചതിൽ എനിക്കു ഖേദംതോന്നി. കേണൽ എന്നെ സമീപിച്ചു പറഞ്ഞു: ""നിങ്ങൾ ഇവിടെ നിൽക്കേണ്ട. മുകളിലേക്കു പൊയ്ക്കോളൂ.''
""വേണ്ട, വേണ്ട. ഞാൻ പോകുന്നില്ല.''
""മാക്സിം ചെയ്തതിൽ ഒരു തെറ്റുമില്ല. നിങ്ങൾ അതു കണ്ടതിലാണ് എനിക്കു വിഷമം.''
ഫാവെൽ ഒരുവിധം എഴുന്നേറ്റ് ഒന്നും സംഭവിക്കാത്തതുപോലെ സോഫയിൽ ഇരുന്നു. മാക്സിം ഒരു സിഗരറ്റെടുത്തു കത്തിച്ചു വലിച്ചു.
പറഞ്ഞ സമയത്തുതന്നെ കാർ എത്തി. ഫ്രാങ്ക് ബെന്നിനോടു പറഞ്ഞു: ""മാക്സിം നിനക്കു കുറച്ചു സിഗരറ്റുകൾ തരും. പേടിക്കാനൊന്നുമില്ല. വരൂ!'' എന്നിട്ടു വാതിൽ തുറന്നു. ബെൻ അകത്തു പ്രവേശിച്ചു. പകച്ചു ചുറ്റുംനോക്കി. എന്നെ കണ്ടു. ഞാൻ പുഞ്ചിരിച്ചു. എന്നെ തിരിച്ചറിഞ്ഞോയെന്ന് എനിക്കറിയില്ല. അപ്പോഴേക്കും ഫാവെൽ മുന്നോട്ടുവന്നു. ബെന്നിന്റെ മുന്നിൽ നിന്നു.
""ഹലോ! നമ്മൾ മുന്‍പു കണ്ടതിനുശേഷം എങ്ങനെ പോകുന്നു നിന്റെ ജീവിതം?''
അവൻ മറുപടിയൊന്നും പറഞ്ഞില്ല.
""ഞാൻ ആരാണെന്ന് നിനക്കറിയാം. അറിയില്ലേ?''
""ങേ?''
സിഗരറ്റ് പായ്ക്കറ്റ് നീട്ടിയിട്ട്: ""സിഗരറ്റെടുത്തോളൂ.''
ഉടനെ ബെൻ മാക്സിമിനെയും ഫ്രാങ്കിനെയും നോക്കി.
മാക്സിം പറഞ്ഞു: ""എടുത്തോളൂ, ആവശ്യമുള്ളത് എടുത്തോളൂ.''
ബെൻ മൂന്നുനാലു സിഗരറ്റെടുത്തു. രണ്ടെണ്ണമെടുത്ത് ഓരോ ചെവിയിലും വച്ചു. ഫാവെലിന്റെ ചോദ്യം വീണ്ടും: ""ഞാനാരാണെന്നു നിനക്കറിയില്ലേ?''
അതിനും മറുപടിയുണ്ടായില്ല. കേണൽ ജൂലിയൻ മുന്നോട്ടുവന്ന് അവനോടു പറഞ്ഞു: ""അല്പസമയത്തിനുള്ളിൽ നിനക്കു വീട്ടിൽപ്പോകാം. നിന്നെ ആരും ഒന്നും ചെയ്യില്ല. ഞങ്ങൾ ചോദിക്കുന്ന ഒന്നുരണ്ടു ചോദ്യങ്ങൾക്കു മറുപടി പറയണം. ഈ ഫാവെലിനെ നീ അറിയും. അറിയില്ലേ?''
ബെൻ തലയാട്ടിക്കൊണ്ടു പറഞ്ഞു: ""ഞാൻ... ഞാൻ... കണ്ടിട്ടില്ല.''
""നീ തനി കഴുതയാ. എന്നെ കണ്ടിട്ടുണ്ടെന്നു നിനക്കറിയാം. ബീച്ചിലെ കോട്ടേജിലേക്ക്- മിസിസ് മാക്സിമിന്റെ കോട്ടേജിലേക്ക് ഞാൻ പോകുന്നത് നീ കണ്ടിട്ടുണ്ട്. കണ്ടിട്ടില്ലേ?''
""ഇല്ല. ഞാൻ നിങ്ങളെ കണ്ടിട്ടില്ല.''
""ജനാലയിലൂടെ ഞങ്ങളെ എത്തിനോക്കിയതിന് ഒരിക്കൽ നിന്നെ കയ്യോടെ ഞങ്ങൾ പിടികൂടിയില്ലേ?''
""ങേ?... ആര്?''
""നല്ല വിശ്വസ്തനായ സാക്ഷി.'' കേണലിന്റെ പരിഹാസപൂർവമായ കമന്റ്.
ഭയന്ന് ഫ്രാങ്കിന്റെ കൈയിൽപിടിച്ച് ബെൻ ചോദിച്ചു: ""എന്നെ ഭ്രാന്താശുപത്രിയിൽ കൊണ്ടുപോകാനാണോ ഇയാൾ വന്നത്? ഞാൻ അങ്ങോട്ടു പോകില്ല. അവര്‍ ദുഷ്ടന്മാരാ. എനിക്കു വീട്ടിൽ പോണം.''
കേണൽ വളരെ മയത്തിൽ ചോദിച്ചു: ""മിസിസ് മാക്സിമിനെ നീ ഓർക്കുന്നില്ലേ?''
ബെൻ എന്റെ നേരേ നോക്കുന്നതുകണ്ട്, ""ഈ സ്ത്രീയല്ല. പതിവായി കോട്ടേജിൽ പോയിരുന്ന സ്ത്രീ.''
""ങേ?''
""ബോട്ടുള്ള സ്ത്രീ.''
""അവര്‍... അവര്‍... പോയി... മരിച്ചുപോയി...''
ഫാവെൽ മുന്നോട്ടുവന്നു. ""അതെ. അതു ഞങ്ങൾക്കറിയാം. അവർ പതിവായി ബോട്ട് ഓടിച്ചിരുന്നു. ഒരു കൊല്ലംമുന്പ്. ഒരുദിവസം രാത്രി മാക്സിം അവളുടെ കോട്ടേജിലേക്കു പോയി. എന്നിട്ട് എന്താ അവിടെ സംഭവിച്ചത്? പറയൂ! എന്താ സംഭവിച്ചത്?''
""എനിക്കറിയില്ല. ഞാൻ ഒന്നും കണ്ടിട്ടില്ല. ഞാൻ നിങ്ങളെ കണ്ടിട്ടില്ല.'' അവൻ കരയാറായിത്തുടങ്ങി. ""എനിക്ക് വീട്ടിൽ പോണം. എന്നെ ഭ്രാന്താശുപത്രിയിൽ വിടരുത്.''
കേണൽ പറഞ്ഞു: ""കേട്ടില്ലേ? മിസ്റ്റർ മാക്സിമിനെ പോയിട്ട്, നിങ്ങളെപ്പോലും കണ്ടിട്ടില്ലെന്ന്. ഇയാൾ വീട്ടിലേക്കു പൊയ്ക്കോട്ടെ.''
ബെന്നിനെ വീട്ടിലാക്കാൻ ഫ്രാങ്ക് നിർദേശം കൊടുത്തിട്ടു വേഗം തിരിച്ചുവന്നു.
കേണൽ ഫാവെലിനോട്: ""നിങ്ങൾ തെളിവായിട്ടു കൊണ്ടുവന്ന അദ്ഭുത സാക്ഷി അരക്കിറുക്കൻ! ഇനി എന്തുചെയ്യാൻ പോകുന്നു?''
ഫാവെൽ പറഞ്ഞു: ""ഇല്ല, ഒരു മിനിറ്റ് ക്ഷമിക്ക്. തെളിവു വേറെയുണ്ട്. മാക്സിം! മിസിസ് ഡാൻവേഴ്സിനെ ഒന്നു വരുത്താമോ?''
ഫ്രാങ്ക് ഫ്രിത്തിനെ വിളിച്ചു നിർദേശം കൊടുത്തു.
കേണൽ ചോദിച്ചു: ""നിങ്ങൾ പറയുന്നയാൾ ഇവിടത്തെ ജോലിക്കാരിയല്ലേ?''
""അതെ. അവൾ റെബേക്കയുടെ ഉറ്റ ചങ്ങാതിയാ. വിവാഹത്തിനു മുന്‍പുതന്നെ അവർ കൂട്ടുകാരാണ്. തികച്ചും വ്യത്യസ്തമായ ഒരു നല്ല സാക്ഷിയാണ്.''
മിസിസ് ഡാൻവേഴ്സ് മുറിയിലേക്കു കടന്നുവന്നു. അവിടെ ഫാവെലിനെ കണ്ടു, പിന്നെ മാക്സിമിനെ, ഫ്രാങ്കിനെ, എന്നെയും.
കേണൽ ജൂലിയൻ: ""ഗുഡ് ഈവനിംഗ് മിസിസ് ഡാൻവേഴ്സ്.''
""ഗുഡ് ഈവനിംഗ് സർ.''
""ആദ്യമായി, ഞാൻ നിങ്ങളോട് ഒരു ചോദ്യം ചോദിക്കുകയാണ്. ചോദ്യം ഇതാണ്- റെബേക്കയും മിസ്റ്റർ ഫാവെലും തമ്മിലുള്ള ബന്ധം നിങ്ങൾക്കറിയാമായിരുന്നോ?''
(തുടരും)
SUNDAY DEEPIKA
ചിന്താവിഷയം
ലോകസാഹിത്യത്തിൽ മനുഷ്യഹൃദയത്തിന്റെ വികാരങ്ങളും ഓർമകളും അതീവലാളിത്യത്തോടെയും ആഴത്തിലും അവതരിപ്പിച്ചിട്ടുള്ള ഒരാളാണ് കസുവോ ഇഷിഗുറോ. 1954ൽ ജപ്പാനിലെ നാഗസാക്കിയിൽ ജനിച്ച അദ്ദേഹം ബാല്യത്തിൽ കുടുംബാംഗങ്ങളോടൊപ്പം ഇംഗ്ലണ്ടിലേക്കു കുടിയേറി. പിന്നീട് ബ്രിട്ടീഷ് സാഹിത്യത്തിലെ ഒരു പ്രമുഖ എഴുത്തുകാരനായി അദ്ദേഹം ഉയർന്നു. 2017ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം അദ്ദേഹത്തിനു ലഭിച്ചു. നൊബേലിന് അദ്ദേഹത്തെ അർഹനാക്കിയ രണ്ടു നോവലുകളിൽ ഒരെണ്ണമാണ് "ദ റിമെയിൻസ് ഓഫ് ദ ഡേ'.
ഈ നോവലിലെ പ്രധാന കഥാപാത്രം സ്റ്റീവൻസ് എന്ന ഇംഗ്ലീഷ് ബട്ലറാണ്. മാളികയിലോ സന്പന്ന കുടുംബത്തിലോ വീടിന്റെ മുഴുവൻ കാര്യങ്ങളും ഏറ്റെടുത്തുനടത്തി യജമാനനെ സേവിക്കുന്ന ആളെയാണ് ബട്ലർ എന്നു വിളിക്കുക. വലിയ ഉത്തരവാദിത്വമുള്ള സ്ഥാനമാണിത്. ലോർഡ് ഡാർലിംഗ്ടണ്‍ എന്ന സന്പന്നനായ ഭൂവുടമയുടെ വലിയ മാളികയിലാണ് വർഷങ്ങളായി അദ്ദേഹം സേവനംചെയ്യുന്നത്.
തന്റെ ജോലിയെ വെറും തൊഴിൽ ആയി മാത്രമല്ല സ്റ്റീവൻസ് കാണുന്നത്. അതു തന്റെ മഹത്തായ ദൗത്യമാണെന്ന് അയാൾ കരുതുന്നു. ഒരു ബട്ലർ തന്റെ യജമാനനോട് പൂർണ വിശ്വസ്തത പുലർത്തണമെന്നാണ് അയാളുടെ വിശ്വാസം. തന്റെ ജീവിതത്തിന്റെ മഹത്വവും അഭിമാനവും അടങ്ങിയിരിക്കുന്നത് അതിലാണെന്ന് അയാൾ കരുതുന്നു.
തന്മൂലം തന്റെ വ്യക്തിപരമായ ആഗ്രഹങ്ങളെയും വികാരങ്ങളെയും അയാൾ അടിച്ചമർത്തുന്നു. ജീവിതത്തിലെ സന്തോഷങ്ങളേക്കാൾ തന്റെ ജോലിയാണ് പ്രധാനമെന്ന് അയാൾ ഉറച്ചുവിശ്വസിക്കുന്നു. അതിനാൽത്തന്നെ അയാളെ വിവാഹം കഴിക്കാൻ തയാറായ ഒരു യുവതി ഉണ്ടായിട്ടുകൂടി അയാൾ വിവാഹം വേണ്ടെന്നു വയ്ക്കുന്നു. വിവാഹം തന്റെ ജോലിക്കു തടസമായി നിൽക്കുമെന്നായിരുന്നു അയാളുടെ വിചാരം.
വർഷങ്ങൾ വേഗം കടന്നുപോയി. ഒരുദിവസം സ്റ്റീവൻസ് ഒരു യാത്രപോവുകയായിരുന്നു. യാത്രയ്ക്കിടയിൽ അയാൾ തന്റെ ജീവിതത്തിലേക്കു തിരിഞ്ഞുനോക്കി. ഇതിനിടയിൽ അയാൾ ഒരു സത്യം കണ്ടെത്തിയിരുന്നു. ജീവിക്കാൻ സ്വയം മറന്നുകൊണ്ട് താൻ സേവിച്ചിരുന്ന യജമാനൻ കപടജീവിതമാണ് നയിച്ചിരുന്നത് എന്ന കാര്യം.
രണ്ടാം ലോകമഹായുദ്ധം തുടങ്ങുന്നതിനുമുന്പ് ജർമനിയിലെ നാസി ഭരണത്തോടും അവരുടെ യഹൂദവിരുദ്ധ നിലപാടുകളോടും ലോർഡ് ഡാർലിംഗ്ടണ്‍ അനുഭാവം പ്രകടിപ്പിച്ചിരുന്നുവത്രേ. അതുപോലെ ഫാസിസ്റ്റ് ചിന്താഗതിക്കാരുടെ യോഗം തന്റെ മാളികയിൽ അദ്ദേഹം വിളിച്ചുകൂട്ടുകയും ചെയ്തിരുന്നു. എന്നുമാത്രമല്ല, മാളികയിൽ ജോലിചെയ്തിരുന്ന രണ്ടു യഹൂദ യുവതികളെ മതിയായ കാരണംകൂടാതെ പിരിച്ചുവിടുകയും ചെയ്തിരുന്നു.
ഇതെല്ലാം മനസിലാക്കിയ സ്റ്റീവൻസിന് തന്നോടുതന്നെ അവജ്ഞ തോന്നി. തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും കപടനായ ഒരാൾക്കുവേണ്ടിയാണല്ലോ സമർപ്പിച്ചത് എന്ന ചിന്ത അയാളെ വേദനിപ്പിച്ചു. ശരിയേത് തെറ്റേത് എന്ന് ഒരിക്കലും ആഴത്തിൽ ചിന്തിക്കാതിരുന്നത് തന്റെ ഏറ്റവും വലിയ പോരായ്മയായി അയാൾ തിരിച്ചറിഞ്ഞു. സ്റ്റീവൻസ് ആ യാത്രയ്ക്ക് ഇറങ്ങിത്തിരിച്ചതുതന്നെ മുന്‍പ് സ്നേഹിച്ചിരുന്ന യുവതിയെ തേടിയായിരുന്നു. ആ സ്ത്രീയെ അയാൾ കണ്ടെത്തിയെങ്കിലും അവർ മറ്റൊരാളെ വിവാഹംചെയ്ത് ജീവിക്കുകയായിരുന്നു.
ഇക്കാര്യം അറിഞ്ഞ സ്റ്റീവൻസിനു വലിയ നഷ്ടബോധമുണ്ടായി. ജീവിതത്തിൽ തനിക്കു നഷ്ടപ്പെട്ട, ഒരിക്കലും തിരിച്ചുവരാത്ത അവസരങ്ങളെ ഓർത്ത് അന്നയാൾ ഏറെ ദുഃഖിച്ചു. ഈ കഥ തൽക്കാലം ഇവിടെ നിൽക്കട്ടെ.
മനുഷ്യരായ നമ്മൾ പലപ്പോഴും ഒരു മായാലോകത്തിലാണ് ജീവിക്കുന്നത്. സന്പത്തും പദവിയും പ്രശസ്തിയുമൊക്കെയാണ് ജീവിതത്തിന്റെ പ്രധാനലക്ഷ്യമെന്നു കരുതി നാം വർഷങ്ങളോളം അവയുടെ പിന്നാലെ പോകുന്നു. എന്നാൽ ഇവയൊന്നും നമ്മെ തൃപ്തിപ്പെടുത്തുന്നില്ല, ആത്മാവിന്റെ ആഴത്തിലുള്ള ദാഹം തീർക്കുന്നില്ല എന്ന് അവസാനം നാം മനസിലാക്കുന്നു. ഇക്കാര്യം നമ്മെ ഓർമപ്പെടുത്താൻ വേണ്ടിയായിരുന്നു ദൈവപുത്രനായ യേശു ഇപ്രകാരം ചോദിച്ചത്: ""ഒരുവൻ ലോകം മുഴുവൻ നേടിയാലും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവന് എന്തു പ്രയോജനം?'' (മർക്കോ 8:36).
പ്രശസ്ത അമേരിക്കൻ സാഹിത്യകാരനായ മാർക്ക് ട്വെയ്ൻ ഒരിക്കൽ എഴുതി: ""നിങ്ങൾ ചെയ്ത കാര്യങ്ങളേക്കാൾ അധികമായി, നിങ്ങൾ ചെയ്യാതെപോയ കാര്യങ്ങളെക്കുറിച്ചായിരിക്കും അവസാനം നിങ്ങൾ വിലപിക്കുക.'' ജീവിതം വളരെ വേഗത്തിൽ കടന്നുപോകുന്നു, ദിവസങ്ങളും മാസങ്ങളും വർഷങ്ങളും നാം അറിയാതെ നമ്മുടെ പിന്നിലാകും. എന്നാൽ ഒരു വലിയ ആശ്വാസമുണ്ട്. ജീവിതത്തിന്റെ ശേഷിക്കുന്ന സമയം നമ്മുടെ കൈവശമുണ്ട് എന്നതാണത്. കഴിഞ്ഞുപോയ വർഷങ്ങളെ മാറ്റാൻ നമുക്കു കഴിയില്ല. എന്നാൽ അവശേഷിക്കുന്ന സമയം സ്നേഹത്തോടും കരുണയോടും ജ്ഞാനത്തോടുംകൂടി ജീവിക്കാൻ നമുക്കു കഴിയും.
സ്റ്റീവൻസിന്റെ കഥയിലേക്ക് നമുക്കു മടങ്ങിവരാം. തന്റെ യാത്രയുടെ അവസാനം സന്ധ്യാസമയത്ത് കടൽത്തീരത്ത് ഒറ്റയ്ക്കിരുന്ന് അയാൾ തന്റെ ജീവിതത്തെക്കുറിച്ച് വീണ്ടും ചിന്തിക്കുകയായിരുന്നു. അപ്പോൾ അവിടെയുണ്ടായിരുന്ന ഒരു വയോധികൻ പറഞ്ഞ ലളിതമായ ഒരുകാര്യം അയാളുടെ മനസിൽ പതിഞ്ഞു. ജീവിതത്തിന്റെ സന്ധ്യാസമയത്താണെങ്കിലും നന്നായി ജീവിക്കാം എന്നായിരുന്നു ആ വയോധികൻ അയാളോടു പറഞ്ഞത്.
അപ്പോൾ സ്റ്റീവൻസ് ഒരു കാര്യം തിരിച്ചറിഞ്ഞു. കഴിഞ്ഞുപോയ വർഷങ്ങളെ തിരിച്ചുകൊണ്ടുവരാൻ തനിക്കു സാധിക്കില്ല. എന്നാൽ ജീവിതത്തിന്റെ ബാക്കിയുള്ള സമയം അർഥവത്തായി ജീവിക്കാൻ തനിക്കു സാധിക്കും.
ഈ തിരിച്ചറിവാണ് നമുക്കും വേണ്ടത്. ഇതുവരെയുള്ള നമ്മുടെ ജീവിതം പരാജയമോ വഴിതെറ്റിയതോ എന്തുമാകട്ടെ. എന്നാൽ നാം അങ്ങനെ തുടരേണ്ടതില്ല. ജീവിതത്തിന്റെ ശിഷ്ടഭാഗം അർഥവത്തായ രീതിയിൽ ജീവിക്കാൻ നമുക്കു സാധിക്കും. അതിനായി മുന്നിട്ടിറങ്ങിയാൽ ദൈവാനുഗ്രഹം നമുക്കു കൂട്ടിനുണ്ടാകുമെന്നതിൽ സംശയംവേണ്ട. അപ്പോൾപ്പിന്നെ നമ്മുടെ ജീവിതം അർഥപൂർണമാകുമെന്നും അത് ആത്മാവിന്റെ ആഴത്തിലുള്ള ദാഹം ശമിപ്പിക്കുമെന്നും തീർച്ചയാണ്. അതു നമുക്കു മറക്കാതിരിക്കാം.
SUNDAY DEEPIKA
2021 നവംബർ 17. സമയം രാവിലെ 8.50.
പെരിന്തൽമണ്ണയിലെ വീട്ടിൽനിന്ന് ഡ്യൂട്ടിക്കായി വെങ്ങാട് വെറ്ററിനറി ആശുപത്രിയിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു ഡോ. സുമ. പെട്ടെന്നാണതു സംഭവിച്ചത്. മലാപ്പറന്പ് പള്ളിക്കു മുന്പിൽവച്ച് പിറകിൽനിന്നുവന്ന ടിപ്പർ ലോറി ഓവർടേക്ക് ചെയ്യുന്നതിനിടയിൽ അവളെ ഇടിച്ചുതെറിപ്പിച്ചു. ഉയർന്നുപൊങ്ങി നിമാഷാർധത്തിൽ താഴെ വീണപ്പോൾ കാണുന്നത് എതിരേനിന്നുവന്ന ബസ് സഡണ്‍ ബ്രേക്കിട്ട് തലയുടെ ചാരെ നിർത്തിയിരിക്കുന്നതാണ്.
ഓർമയുണ്ടെങ്കിലും എഴുന്നേൽക്കാനാകുന്നില്ല. വേദന പൊതിയുന്നു. ഓവർകോട്ടിനുള്ളിലെ വസ്ത്രങ്ങളിൽനിന്ന് നനവുപടരുന്നുണ്ട്. തനിക്കുകാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന് സുമയ്ക്കു ബോധ്യമായി. അലറിക്കരഞ്ഞിട്ടും ആരുമെടുത്ത് ആശുപത്രിയിൽ കൊണ്ടുപോകുന്നില്ല. വന്നവർ വന്നവർ ചുറ്റുംകൂടി നിൽക്കുകയാണ്. പെട്ടെന്നാണ് ഒരു ചെറുപ്പക്കാരൻ എതിരേനിന്ന് ഒരു വെളുത്ത കാറിൽ എത്തിയത്. ""പറ്റില്ലെങ്കിൽ നിങ്ങളാരും കൂടെ വരണ്ട. പക്ഷേ, ഇവരെ ഒന്നെടുത്തു കാറിൽ കയറ്റിത്താ. ഞാൻ ആശുപത്രിയിൽ കൊണ്ടുപൊയ്ക്കൊള്ളാം''- അയാൾ പറഞ്ഞു. ആ കാർ ചെന്നുനിന്നത് തൊട്ടടുത്തുള്ള പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു. ആ ചെറുപ്പക്കാരൻ ഒരു ഡോക്ടറായിരുന്നു, ഡോ. അലി അക്ബർ.
പരിശോധനകൾക്കുപിന്നാലെ ഒരുകാര്യം വ്യക്തമായി- ചുമലെല്ല് നാലായി തകർന്നിരിക്കുന്നു. അതിലൊരു കഷണം കുത്തിക്കയറി ചുമലിനു പിറകിൽ ഒരു വലിയ ദ്വാരമുണ്ടായി. അതിലൂടെ രക്തം വാർന്നാണു വസ്ത്രമെല്ലാം നനഞ്ഞ് ശരീരത്തിൽ ഒട്ടിപ്പിടിച്ചിരിക്കുന്നത്. വലതുകാലിന്റെ മുട്ടിനുതാഴെ എല്ല് പൊട്ടിയിട്ടുണ്ട്. തുടർന്ന് മൗലാന ആശുപത്രിയിലേക്ക്. മൂന്നുദിവസംകഴിഞ്ഞ് വിദഗ്ധ ശസ്ത്രക്രിയയ്ക്കായി കിംസ് അൽഷിഫ ആശുപത്രിയിൽ പ്രശസ്ത ഓർത്തോ സർജൻ ഡോ. മോഹൻ കുമാറിന്റെ അടുത്തേക്ക്... ഏതാനും ദിവസങ്ങൾനീണ്ട ആശുപത്രി വാസത്തിനുശേഷം നേരെ വീട്ടിലെ കട്ടിലിലേക്ക്...
അല്പം ഫ്ലാഷ് ബാക്ക്...
അമൂല്യനിധി
സാഹിത്യകാരനും നാടകരചയിതാവുമായ രാഘവൻ അന്പാടത്ത് ദീർഘകാലം മലേഷ്യയിൽ ജോലിചെയ്തശേഷമാണ് 51 ാം വയസിൽ ഭാര്യ ഭഗീരഥിയോടും ഏക മകൻ സുകുമാരനോടുമൊപ്പം തൃശൂർ വാരിയം ലെയിനിൽ താമസമാക്കുന്നത്. മകന് മലയാളം അന്യമാകരുതെന്ന ആഗ്രഹമാണ് ഇവരെ നാട്ടിലെത്തിച്ചത്.
പിറ്റേവർഷം അവർക്കൊരു മകൾ പിറന്നു. രണ്ടു പതിറ്റാണ്ടിലേറെയുള്ള കാത്തിരിപ്പിനൊടുവിൽ കിട്ടിയ നിധിക്ക് അവർ പേരിട്ടു- സുമ. അവൾ ഏഴാം ക്ലാസിൽ പഠിക്കുന്പോഴായിരുന്നു ജ്യേഷ്ഠന്റെ വിവാഹം. തുടർന്ന് ജോലിക്കായി അദ്ദേഹം ഗൾഫിലേക്ക്. സുമ പ്രീഡിഗ്രി ഒന്നാംവർഷം പഠിക്കുന്പോഴായിരുന്നു അമ്മയുടെ അപ്രതീക്ഷിത വേർപാട്. അതോടെ അച്ഛനും മകളും തനിച്ചായി.
അച്ഛനെയാണെനിക്കിഷ്ടം
അമ്മയുടെ വേർപാട് അച്ഛനെയും മകളെയും കൂടുതൽ അടുപ്പിച്ചു. മകളെ കാണാതെ അച്ഛനോ അച്ഛനെ കാണാതെ മകൾക്കോ കഴിയാനാവാത്ത അവസ്ഥ. സാഹിത്യ അക്കാദമി അംഗമായിരുന്ന അന്പാടത്ത് സാഹിത്യപ്രവർത്തനങ്ങളിലും മുഴുകി. മകൾ പഠിച്ച് വെറ്ററിനറി ഡോക്ടറായി.
ഇതിനിടെ ഫൈബ്രോമയാൾജിയ സിൻഡ്രോം എന്ന ഭേദമാകാത്ത രോഗം അവളെ പിടികൂടി. ഇടതുവശത്തെ കാലും കൈയും മുറുകാൻ തുടങ്ങി. സ്വതന്ത്രമായി പ്രവർത്തിക്കാനോ കൈകാലുകൾ മടക്കാനോ സാധിക്കാത്ത അവസ്ഥ. പല ഡോക്ടർമാരെ കണ്ടെങ്കിലും ജീവിതകാലം മുഴുവൻ ഇതുതുടരുമെന്നും മരുന്നുകഴിച്ച് മുന്നോട്ടുപോകാം എന്നുമായിരുന്നു ഉപദേശം. വിവാഹം വേണ്ട എന്നായിരുന്നു ആദ്യത്തെ തീരുമാനം. രോഗവിവരം അറിഞ്ഞിട്ടും വിവാഹം കഴിക്കാം എന്നൊരാൾ പറഞ്ഞപ്പോൾ മരണംവരെ അച്ഛനെ നോക്കാൻ അനുവദിക്കണം എന്നതായിരുന്നു സുമയുടെ ഏക ഡിമാൻഡ്.
അങ്ങനെ 2006ൽ പെരിന്തൽമണ്ണ സ്വദേശിയായ ബിഎസ്എൻഎൽ എൻജിനീയർ എസ്. അനൂപിന്റെ ജീവിതപങ്കാളിയായി. അച്ഛന്റെ വേർപാടിന്റെ അറുപതാംദിവസം ജോലിക്കു പോകുന്പോഴായിരുന്നു തുടക്കത്തിൽ കണ്ട അപകടം.
കിടക്കയിലേക്ക്
പെരിന്തൽമണ്ണ എൽഐസി റോഡിലെ "സമന്വയ' വീട്ടിൽ കിടക്കുന്പോൾ എല്ലാവർക്കും താനൊരു ഭാരമാകുമോ എന്നായിരുന്നു സുമയുടെ ചിന്ത. പക്ഷേ, തന്നെ കളിയാക്കിയിരുന്നവരും വിമർശിച്ചിരുന്നവർപോലും വലിയ സ്നേഹത്തോടെ വരികയും സഹാനുഭൂതിയോടെ സഹായഹസ്തം നീട്ടുകയും ചെയ്തപ്പോൾ കണ്ണുകൾ ഈറനണിഞ്ഞു. നിഷേധാത്മക ചിന്തകൾ മാറി. പ്രത്യാശയുടെ വെള്ളിവെളിച്ചം പരക്കാൻതുടങ്ങി. മൂന്നുനാലു മാസങ്ങൾകൊണ്ട് ചെറുതായി പടങ്ങൾ വരയ്ക്കാൻ പഠിച്ചു. പതിയെ അവൾ ഡിസൈനുകൾ വരച്ചുതുടങ്ങി.
മാറാരോഗംമാറിയ അത്ഭുതം
കിടപ്പായപ്പോൾ ഫൈബ്രോമയാൾജിയ രോഗത്തിന്റെ ഗുളിക വേണ്ടത്ര കൈയിൽ സ്റ്റോക്ക് ഇല്ലാതായി. ദിവസം ഒന്നുവീതം കഴിച്ചിരുന്ന ഗുളിക പകുതിയാക്കി. മൂന്നുമാസങ്ങൾ കഴിഞ്ഞപ്പോഴാണ് ഡോക്ടറെ ഈ വിവരമറിയിച്ചത്. അപ്പോൾ ഡോക്ടർ അത്ഭുതത്തോടെ ചോദിച്ചു- എന്നിട്ട് യാതൊരുവിധ കുഴപ്പവും ഉണ്ടായില്ലേ. ഇല്ലെന്നു കേട്ടതോടെ ഗുളിക കാൽഭാഗമാക്കി കുറച്ചുനോക്കാനായിരുന്നു ഡോക്ടറുടെ നിർദേശം.
അങ്ങനെ ചെയ്തു, അതും വിജയമായി. പിന്നീട് മരുന്ന് പൂർണമായും ഉപേക്ഷിക്കാൻ ഡോക്ടർ പറഞ്ഞു. മരുന്നു കഴിക്കാതായിട്ടും രോഗത്തിന്റെ യാതൊരു ലക്ഷണവും ഉണ്ടായില്ല. അങ്ങനെ അപകടത്തിനുശേഷം ഒരു വലിയ രോഗത്തിൽനിന്ന് അത്ഭുതകരമായ സൗഖ്യം. വർഷം നാലുകഴിഞ്ഞിട്ടും പ്രശ്നങ്ങളൊന്നുമില്ല.
ആശാരിമാർ നിമിത്തമായി
രോഗക്കിടക്കയിൽ തന്നെ കാണാനെത്തുന്നവരോട് സുമ ധാരാളം സംസാരിക്കുമായിരുന്നു. ഒരു ദിവസം ഇവരുടെ വീടിന്റെ മരപ്പണികൾ ചെയ്ത ആശാരിമാർ കാണാനെത്തി- അജയനും സജിയും. യാതൊരു പണിയും ചെയ്യാതെ സുഖമായി കിടക്കുകയാണല്ലേ എന്നായിരുന്നു തമാശയോടെ അവരുടെ ചോദ്യം. തിരികെ പോകും മുന്‍പ് സുമ അവരോടൊരു സഹായം അഭ്യർഥിച്ചു: "ഞാനൊരു ഡിസൈൻ വരച്ചുവച്ചിട്ടുണ്ട്.
നിങ്ങൾ അതിൽ ഒരു കണ്ണാടി ഉണ്ടാക്കിത്തരാമോ'. ഇതുവരെ ഇങ്ങനെയൊന്നും ചെയ്തിട്ടില്ല. ഡോക്ടറുടെആഗ്രഹമല്ലേ, പരിശ്രമിക്കാം എന്നായിരുന്നു മറുപടി. അവർ പണിയുടെ പുരോഗതി വാട്സാപ്പിലൂടെയും വീഡിയോ കോളിലൂടെയും കാണിച്ചു. മാറ്റങ്ങൾ വരുത്തി. ഒടുവിൽ സ്വപ്നം യാഥാർഥ്യമായി. സന്തോഷം അടക്കാനായില്ല. പിന്നെ ഒരുപാട് ഡിസൈനുകൾ വരച്ചു- സുമ ഓർമിക്കുന്നു.
ഒരു ബ്രാൻഡിന്റെ ജനനം
രോഗക്കിടക്ക സുമയ്ക്ക് പ്രത്യാശയുടെ വഴിവിളക്കായി മാറി. യു ട്യൂബ് നോക്കുന്നതിനിടയിലാണ് ചിരട്ടയിൽ കരകൗശല വസ്തുക്കൾ ഉണ്ടാക്കുന്ന ബംഗാളി യുവാവിനെ കണ്ടത്. അവന്റെ മേൽവിലാസം തപ്പി. നന്പർ കണ്ടുപിടിച്ചു. അതോടെ ചിരട്ടയിൽ ലാന്പുകൾ എന്ന ആശയം പങ്കുവച്ചു. അവനത് സമ്മതിച്ചു.
അതോടെ അതിനുപറ്റുന്ന ഡിസൈനുകൾ തയാറാക്കി. ഒരെണ്ണം അയച്ചു. കൊറിയറിൽ അതുവന്നപ്പോൾ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞൊഴുകി. പിന്നെ ചിരട്ട ആഭരണങ്ങൾ... ആ ഡിസൈനുകളും അവൻ അതിമനോഹരമായി നിർമിച്ചയച്ചു. എട്ടുമാസംകൊണ്ട് കിടക്കയിൽനിന്ന് എഴുന്നേറ്റപ്പോൾ പുതിയൊരു ബ്രാൻഡ് പിറക്കുകയായിരുന്നു; മിറാൽ ഇൻഡ്യ.
മിറാൽ ഇൻഡ്യ
പേരിന്റെ അർഥം പ്രകാശമുള്ളത്, അത്ഭുതകരം എന്നൊക്കെയാണെങ്കിലും അതൊന്നും അറിഞ്ഞല്ല സുമ തന്റെ ബ്രാൻഡിന് പേരു നൽകിയത്. മിറർ + ലാന്പ് എന്ന ചിന്തയിലായിരുന്നു മിറാൽ എന്നു പേരിട്ടത്. പിന്നീടാണ് ഇതിന്റെ വിശാല അർഥത്തേക്കുറിച്ച് അറിഞ്ഞത്. തന്റെ ജീവിതത്തിലെ മാറ്റങ്ങളെ അത്ഭുതത്തോടെ നോക്കി ക്കാണുകയും പ്രത്യാശയുടെ പ്രകാശഗോപുരമായി തീരുകയും ചെയ്ത സുമയ്ക്ക് തന്റെ ബ്രാൻഡ് നെയിം "മിറാൽ'എന്നായത് ഒരു ഈശ്വരനിയോഗമാകുമെന്നു വിശ്വസിക്കാനാണ് ഇഷ്ടം.
ഇന്ന് 350 ലേറെ ആകർഷകമായ ഡിസൈനുകളിൽ പ്രകൃതിദത്തങ്ങളായ ഉത്പ്പന്നങ്ങളിൽ സുമ കണ്ണാടി, വിളക്കുകൾ എന്നിവ ഒരുക്കുന്നു. ചിരട്ടയിൽ വിളക്കുകൾ ഉണ്ടാക്കുന്പോൾ അവശേഷിക്കുന്ന ഭാഗങ്ങൾകൊണ്ട് മനോഹരമായ ആഭരണങ്ങൾ (മാല, കമ്മൽ), കീചെയിനുകൾ എന്നിവ നിർമിക്കുന്നു. സ്വീഡൻ, അമേരിക്ക എന്നിവിടങ്ങളിൽനിന്നെല്ലാം ഓർഡറുകൾ ലഭിച്ചു.
ഇപ്പോൾ ജർമനിയിൽ "മിറാൽ യൂറോപ്പ'എന്ന പേരിൽ സ്ഥാപനം രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഇന്ത്യയിലുടടനീളം ഓണ്‍ലൈൻ പ്ലാറ്റ്ഫോമിലൂടെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്ന ഈ 46കാരി കഴിഞ്ഞ മേയ് മാസത്തിൽ മണ്ണുത്തി- ഇടപ്പള്ളി നാഷണൽ ഹൈവേയിൽ നടത്തറ സെന്ററിനുസമീപം മിറാൽ ഷോറൂമും ആരംഭിച്ചിട്ടുണ്ട്.
ജീവിതത്തിൽ ഏതെങ്കിലും ഘട്ടത്തിൽ ഒറ്റപ്പെട്ടുപോകുന്ന കലാകാരന്മാർക്ക്, കലാകാരികൾക്ക് വളർച്ചയ്ക്കു സഹായമാകുന്ന കൂട്ടായ്മയായി മിറാൽ ഇന്ത്യയെ മാറ്റുകയാണ് സുമയുടെ ലക്ഷ്യം. ഭർത്താവിനൊപ്പം ഇരട്ടക്കുട്ടികളായ ആദ്യ, ശ്രീയ (പ്ലസ് വണ്‍ വിദ്യാർഥികൾ), ആര്യ (എട്ടാം ക്ലാസ് വിദ്യാർഥി) എന്നീ മക്കളും അമ്മയ്ക്കു പൂർണപിന്തുണയേകി ഒപ്പമുണ്ട്.
SUNDAY DEEPIKA
വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരുന്ന പൗരാണികമായ ആരാധനാലയങ്ങളുടെ പേരിൽ ഏറെ പ്രശസ്തമാണ് നമ്മുടെ രാജ്യം. രാജസ്ഥാനിലെ ബിക്കാനീറിനടുത്ത് ദേശ്നോക് എന്ന സ്ഥലത്തുള്ള കര്‍ണി മാതാ ക്ഷേത്രം അവയിലൊന്നാണ്. ലോകമെമ്പാടുമുള്ള സഞ്ചാരികളെയും ഭക്തരെയും ആകര്‍ഷിക്കുന്ന ഈ ക്ഷേത്രം എലികളുടെ ക്ഷേത്രം എന്ന പേരിലാണ് അറിയപ്പെടുന്നത്.
ക്ഷേത്രത്തിന്റെ ചരിത്രത്തിലേക്കു വരാം. പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു ഹിന്ദു ആത്മീയ നേതാവായിരുന്നു കര്‍ണി മാതാ. ദുര്‍ഗാദേവിയുടെ അവതാരമായാണ് ചാരണ്‍ സമൂഹം അവരെ കരുതുന്നത്. ജോധ്പുരിലെയും ബിക്കാനീറിലെയും രാജകുടുംബങ്ങളുടെ കുലദൈവംകൂടിയാണ് കര്‍ണി മാതാ. പ്രശസ്തമായ മെഹറന്ഗഡ് കോട്ടയുടെ തറക്കല്ലിട്ടത് ഇതേ കര്‍ണി മാതയാണെന്ന് വിശ്വസിക്കപ്പെടുന്നു.
ഈ ചരിത്രത്തേക്കാള്‍ ക്ഷേത്രത്തിലെ അന്തേവാസികളായ എലികളാണ് ക്ഷേത്രത്തിന് ആഗോള പ്രശസ്തി നേടിക്കൊടുത്തത്. ഈ ക്ഷേത്രത്തില്‍ ഏതാണ്ട് 25,000ത്തോളം കറുത്ത എലികളുണ്ടെന്നാണ് കണക്ക്. ഇവയെ "കാബ’ എന്നാണ് വിളിക്കുന്നത്. ഈ എലികളെ ദൈവതുല്യമായി കാണുന്നതിനുപിന്നിലും ഒരു കഥയുണ്ട്.
കര്‍ണി മാതയുടെ വളര്‍ത്തുപുത്രനായ ലക്ഷ്മണ് ഒരു കുളത്തില്‍ വീണ് മരിക്കുകയായിരുന്നത്രേ. പുത്രന്റെ വിയോഗത്താല്‍ ദുഖാര്‍ത്തയായ കര്‍ണി മാത മകന്റെ ജീവന് തിരികെനല്‍കണമെന്ന് മരണത്തിന്റെ ദേവനായ യമരാജനോട് ആവശ്യപ്പെട്ടു. എന്നാൽ യമന്‍ ഈ ആവശ്യം നിരസിച്ചു. തോറ്റുമടങ്ങാന്‍ തയാറല്ലായിരുന്ന കര്‍ണി മാത വീണ്ടും ആവശ്യപ്പെട്ടു കൊണ്ടിരുന്നപ്പോള്‍ യമരാജന് ആ ആഗ്രഹം സാധിച്ചു കൊടുക്കേണ്ടിവന്നു.
എന്നാല്‍ ഒരു നിബന്ധനയും അദ്ദേഹം അതോടൊപ്പം വെച്ചു. ലക്ഷ്മണും കര്‍ണി മാതയുടെ വംശത്തില്‍പ്പെട്ട പുരുഷന്മാരും മരണശേഷം മനുഷ്യരായി ജനിക്കില്ലെന്നും പകരം അവര്‍ എലികളായി പുനര്‍ജനിക്കുമെന്നുമായിരുന്നു അത്. ഈ എലികള്‍ മരിക്കുമ്പോള്‍ അടുത്ത ജന്മത്തില് അവര്‍ വീണ്ടും കര്‍ണി മാതയുടെ ഗോത്രത്തില്‍ മനുഷ്യരായി ജനിക്കുമെന്നും ചാരണ്‍ സമൂഹത്തിലുള്ളവര്‍ വിശ്വസിക്കുന്നു.
ക്ഷേത്രത്തിലെ ആയിരക്കണക്കിന് കറുത്ത എലികള്‍ക്കിടയില്‍ വളരെ കുറച്ച് വെള്ളെലികളും ഉണ്ട്. ഇവയെ കാണുന്നത് അതീവ ഭാഗ്യമായിട്ടാണ് ഭക്തര്‍ കരുതുന്നത്. ഈ വെള്ളെലികള്‍ കര്‍ണി മാതയുടെയും അവരുടെ പുത്രന്മാരുടെയും പുനര്ജന്മങ്ങളാണെന്നാണ് വിശ്വാസം.
ലോകത്തിന്റെ പല ഭാഗങ്ങളിലും എലികള്‍ പ്ലേഗ് പോലുള്ള രോഗങ്ങള്‍ പടര്‍ത്താറുണ്ടെങ്കിലും, ഈ ക്ഷേത്രത്തിലെ എലികള്‍ കാരണം ഇതുവരെ ആര്‍ക്കും ഒരസുഖവും വന്നിട്ടില്ലത്രേ. എലികള്‍ കടിച്ചു ബാക്കിയാക്കുന്ന ഭക്ഷണവും പാലും ഭക്തര്‍ പ്രസാദമായി കഴിക്കാറുണ്ട്.
ക്ഷേത്രത്തിനുള്ളില്‍ നടക്കുമ്പോള്‍ കാലുകള്‍ തറയില്‍ ഉരസിവേണം നടക്കാന്‍. അറിയാതെപോലും ഒരു എലിയെ ചവിട്ടിക്കൊല്ലാന്‍ പാടില്ല. അങ്ങനെ സംഭവിച്ചാല്‍, പരിഹാരമായി സ്വര്‍ണത്തിലോ വെള്ളിയിലോ ഉണ്ടാക്കിയ ഒരു എലിയെ ക്ഷേത്രത്തില്‍ സമര്‍പ്പിക്കണം.
മുഗള്‍ വാസ്തുശൈലിയില്‍ പണികഴിപ്പിക്കപ്പെട്ട ക്ഷേത്രം മനോഹരമായ മാര്‍ബിള്‍ കൊത്തുപണികളാല്‍ സമ്പന്നമാണ്. കര്‍ണി മാതാ ക്ഷേത്രം ആരാധനാലയം എന്നതിനൊപ്പം ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രവും കൂടിയാണ് ഇന്ന്. വിദേശികളും ആഭ്യന്തര സഞ്ചാരികളും ഒരുപോലെ എത്തുന്ന ഈ സ്ഥലം വിശ്വാസവും കൗതുകവും ചേര്‍ന്ന അനുഭവമാണ് സമ്മാനിക്കുന്നത്.
SUNDAY DEEPIKA
ബഹിരാകാശസഞ്ചാരിയെന്നോ പ്രഫസറെന്നോ കേൾക്കുമ്പോൾ മനസിൽ ഒരു പുരുഷന്റെ രൂപം തെളിയുന്നതും, നഴ്സെന്നോ ടീച്ചറെന്നോ കേൾക്കുമ്പോൾ ഒരു സ്ത്രീരൂപം വരുന്നതും നാം കണ്ടും കേട്ടും ശീലിച്ച ഭാഷകളിലൂടെയും ശൈലീ പ്രയോഗങ്ങളിലൂടെയും ചിത്രങ്ങളിലൂടെയുമാണ്. സ്ത്രീപുരുഷ വാർപ്പുമാതൃകകൾ അങ്ങനെയാണ് ഉണ്ടാകുന്നതും നിലനിൽക്കുന്നതും. "വിജയിച്ചവരെഴുതിയുണ്ടാക്കുന്നതാണ് ചരിത്രം’ എന്നൊരു ചൊല്ലുണ്ട്. അത് അപൂർണമാകാം, സംഭവിച്ചതിന്റെ ഒരു വശം മാത്രമാകാം, ചിലപ്പോൾ വ്യാജനിർമിതി പോലുമാവാം.
ചരിത്രം സ്ത്രീകളെ അടയാളപ്പെടുത്തി തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. സ്ത്രീകൾ വോട്ടവകാശവും തൊഴിലവകാശങ്ങളും നേടിയെടുത്തിട്ടുപോലും ഒരു നൂറ്റാണ്ടു പിന്നിട്ടിട്ടേയുള്ളൂ. വാമൊഴികളായും രേഖകളായും ചിത്രങ്ങളായുമൊക്കെയുള്ള തെളിവുകൾ പരിശോധിച്ച് നരവംശ ശാസ്ത്രജ്ഞരും ചരിത്രകാര(രി)ന്മാരും "ഹിസ് സ്റ്റോറി’ രേഖപ്പെടുത്താതെ പോയ "ഹെർ സ്റ്റോറി’കൾ കണ്ടെത്തുന്നത് പിന്നെയും കാലങ്ങൾ കഴിഞ്ഞാണ്.
പുരുഷന്മാരുടെ പേരിൽ സാഹിത്യ രചനകൾ നടത്തിയ സ്ത്രീകൾ, ശാസ്ത്ര സാങ്കേതിക രംഗത്ത് കണ്ടുപിടിത്തങ്ങൾ നടത്തിയിട്ടും അവ പുരുഷന്മാരുടെ കണ്ടുപിടിത്തങ്ങളായി മാത്രം അംഗീകരിക്കപ്പെട്ട കാലത്തെ വനിതകൾ, പഠനമോ ഗവേഷണമോ തൊഴിലോ തുടരാൻ വിലക്കു നേരിട്ടവർ തുടങ്ങി വിസ്മൃതിയിലാണ്ടു പോയ എണ്ണിയാലൊടുങ്ങാത്ത പ്രതിഭാധനരായിരുന്ന സ്ത്രീകളുണ്ട്. വരുന്ന തലമുറയെങ്കിലും അവരെക്കുറിച്ചു പാഠപുസ്തകങ്ങളിൽ പഠിക്കേണ്ടതുണ്ട്. അതിലൂടെ സ്ത്രീകളെക്കുറിച്ചുള്ള പരിമിത വിശ്വാസങ്ങൾ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.
ഇവരെ അറിയാമോ?
സ്ത്രീകൾക്ക് വിദ്യാഭ്യാസവും പൊതുജീവിതവും നിഷിദ്ധമായിരുന്ന ഒരു കാലത്ത് ഷേക്സ്പിയറിന് അദ്ദേഹത്തിന്റെ അതേ പ്രതിഭയുള്ള ഒരു സഹോദരി ഉണ്ടായിരുന്നെങ്കിൽ എന്തുസംഭവിക്കുമായിരുന്നു എന്ന് വിർജീനിയ വൂൾഫ് തന്റെ പുസ്തകമായ "എ റൂം ഓഫ് വൺസ് ഓണി’ൽ എഴുതിയിട്ടുണ്ട്. അവൾക്ക് മറ്റൊരു ഷേക്സ്പിയർ ആവാൻ സാധിക്കുമായിരുന്നില്ല എന്നുമാത്രമല്ല ജീവിതം പാടേ തകർന്നുപോകുകയും കൂടി ചെയ്തേനെ. എന്നാൽ ആ കാലഘട്ടത്തിൽ പോലും എല്ലാ "ഗ്ലാസ് സീലിംഗു’കളും തകർത്ത് മുന്നോട്ടുവന്ന സ്ത്രീകൾക്ക് ചരിത്രം ഇടംനൽകിയോ?
സ്ത്രീകളുടെ ബൗദ്ധിക സംഭാവനകളെ നിസാരവൽക്കരിക്കുകയും തള്ളിക്കളയുകയും അതിന്റെ ക്രെഡിറ്റ് പുരുഷന്മാർക്ക് കൊടുക്കുകയും ചെയ്യുന്ന രീതിക്ക് ഒരു പേരുണ്ട്- മെറ്റിൽഡ ഇഫക്ട്! അത്തരത്തിൽ തള്ളിക്കളയപ്പെട്ട ഒരു ശാസ്ത്രജ്ഞയാണ് റോസലിൻഡ് ഫ്രാങ്ക്ളിൻ.
ഡിഎൻഎയുടെ ഘടന മനസിലാക്കാൻ സഹായിക്കുന്ന എക്സ്റേ ഇമേജ് ഫ്രാങ്ക്ളിന്റെ മേൽനോട്ടത്തിലാണ് വികസിപ്പിച്ചതെങ്കിലും അതിന് അവർക്കു ശേഷം പങ്കാളികളായ പുരുഷ ശാസ്ത്രജ്ഞർക്ക് നൊബേൽ പ്രൈസ് കിട്ടുകയും ഫ്രാങ്ക്ളിന്റെ പേര് എവിടെയും പരാമർശിക്കാതെ പോവുകയും ചെയ്തു.
സമാനമായ സാഹചര്യത്തിലൂടെയാണ് ജർമനിയിലെ ആദ്യത്തെ വനിതാ ഫിസിക്സ് പ്രഫസറായിരുന്ന ലീസ് മേയ്റ്റ്നറും കടന്നു പോയത്. ന്യൂക്ലിയർ ഫിഷൻ കണ്ടുപിടിത്തത്തിൽ പങ്കാളിയായിട്ടും കൂടെയുണ്ടായിരുന്ന പുരുഷ ശാസ്ത്രജ്ഞനു മാത്രമാണ് അതിനുള്ള നൊബേൽ പ്രൈസ് ലഭിച്ചത്.
ഇംഗ്ലണ്ടിലെ ഗണിത ശാസ്ത്രജ്ഞയും ചാൾസ് ബാബേജിന്റെ സഹപ്രവർത്തകയുമായിരുന്ന അഡ ലവ്ലേസ് ആയിരുന്നു ലോകത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമർ. ലവ്ലേസിന്റെ കണ്ടുപിടിത്തങ്ങളാണ് ആദ്യത്തെ കമ്പ്യൂട്ടർ നിർമിക്കാൻ സഹായകമായതെങ്കിലും ചാൾസ് ബാബേജിന്റെ പ്രശസ്തി ലവ്ലേസിന് ലഭിച്ചില്ല.
തീർന്നിട്ടില്ല. യൂനിസ് ന്യൂട്ടൻ, മാർത്തീ ഗോട്ടിയർ, മേരി ആനിങ് തുടങ്ങി നിരവധി ശാസ്ത്രജ്ഞമാർ ഈ ലിസ്റ്റിലുണ്ട്.
അതുപോലെ, ലോകത്തിന്റെ പല കോണിലായി നടന്ന വിപ്ലവങ്ങൾ മുതൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽവരെ പങ്കെടുത്ത എത്ര സ്ത്രീകളുടെ പേര് നമുക്കറിയാം? സ്ത്രീകൾക്ക് രാഷ്ട്രീയവും സൈനിക സേവനവും സംഘർഷങ്ങളുമൊന്നും വഴങ്ങില്ലെന്നുള്ള ഒരു മിഥ്യാധാരണ നിലവിലുണ്ട്. കാരണം ഇത്തരം മേഖലകളിലുള്ള സ്ത്രീകളുടെ സാന്നിധ്യവും മികവും നമ്മുടെ മനസുകളിൽ പതിഞ്ഞിട്ടില്ല.
1200 ബിസിയിൽ ചൈനയിൽ സൈനിക നേതൃത്വം വഹിച്ച റാണിയായ ഫു ഹാവോ മുതൽ ഇന്ത്യൻ പോരാളികളായ റസിയ സുൽത്താന, റാണി വേലു നാച്ചിയാർ, മായ് ഭാഗോ, റാണി ദുർഗാവതി തുടങ്ങിയവർവരെ വലിയൊരു കൂട്ടം സ്ത്രീകൾ സൈന്യപ്പട നയിച്ചിട്ടുണ്ട്. എന്നിട്ടും ഝാൻസി റാണിയെക്കുറിച്ചല്ലാതെ മറ്റു സ്ത്രീപോരാളികളെക്കുറിച്ച് കേട്ടിട്ടില്ലാത്തവരായിരിക്കും നമ്മളിൽ ഭൂരിഭാഗവും.
കല്പന ചൗളയെ ഭാരതീയർ മറക്കാനിടയില്ല.
സുനിത വില്യംസിനെപ്പോലെ നിരവധി സ്ത്രീകൾ ബഹിരാകാശ ദൗത്യങ്ങളിൽ പങ്കാളിയായിട്ടുണ്ട്. ഇന്ത്യയുടെ മിസൈൽ വുമൺ എന്നറിയപ്പെടുന്ന ടെസി തോമസ്, ട്രക്ക് മെക്കാനിക്ക് ആയ ശാന്തീ ദേവി, ഫൈറ്റർ പൈലറ്റ് അവനി ചതുർവേദി... അങ്ങനെ അതിർവരമ്പുകൾ ഭേദിച്ച വനിതകൾ നിരവധി. വിസ്മൃതിയിലാണ്ട സ്ത്രീജീവിതങ്ങൾക്ക് ചരിത്രത്തിൽ ദൃശ്യത നൽകുക, നമ്മുടെ ഓർമകളിൽ നിലനിർത്തുക എന്നൊരു ദൗത്യംകൂടി വനിതാ ദിനത്തിനുണ്ട്.
മറക്കരുത്
ഇത്തവണത്തെ വനിതാ ദിനത്തിന്റെ തീം "ഗിവ് ടു ഗെയിൻ’ എന്നതാണ്. "നേടാനായി നൽകുക’ അഥവാ സാമൂഹിക പുരോഗതിക്കുവേണ്ടി സ്ത്രീകളുടെ ഉന്നമനത്തിനായി സംഭാവന നൽകുക എന്നതാണ് അതിന്റെ സാരാംശം. സ്ത്രീകൾ പുരുഷന്മാർക്കൊപ്പം എല്ലാ മേഖലകളിലും നിറഞ്ഞു നില്കുന്നുണ്ടെന്നും അവർ അസമത്വങ്ങൾ നേരിട്ട കാലമൊക്കെ കഴിഞ്ഞുപോയെന്നും നിയമങ്ങളെല്ലാം ഇപ്പോൾ സ്ത്രീകൾക്കനുകൂലമാണെന്നും വാദിക്കുന്നവരും, സ്ത്രീകൾക്ക് പുരുഷന്മാരെപ്പോലെയാകാൻ കഴിയില്ലെന്നു സ്ഥാപിക്കുന്നവരും ഒരുപോലെ ഓർക്കേണ്ട ഒന്നുണ്ട്. സ്ത്രീകളുടെ മനുഷ്യാവകാശങ്ങൾപോലും വളരെ ഹീനമായി നിഷേധിക്കപ്പെടുന്ന ഇടങ്ങൾ ഇന്നും ലോകത്തുണ്ട്!
ലോകത്തിലെ പാവപ്പെട്ടവരിൽ എഴുപതു ശതമാനവും സ്ത്രീകൾ. സ്വന്തം പേരിൽ ഭൂമിയുള്ളത് ഇരുപതു ശതമാനത്തിലും താഴെ പേർക്ക്. പെൺകുഞ്ഞായത് കൊണ്ട് ജനിക്കും മുൻപേ കൊല്ലപ്പെടുന്നവർ മുതൽ ജീവിതത്തിലുടനീളം അവഗണനകൾ അനുഭവിക്കുന്നവർ വരെയുണ്ട്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുകയും, അവരെ തട്ടിക്കൊണ്ടു പോവുകയും ഭാര്യയെ ഉപദ്രവിക്കുന്നത് നിയമവിധേയമാക്കുകയും ചെയ്യുന്ന രാജ്യങ്ങളുണ്ട്! ഒന്നു സങ്കല്പിച്ചുനോക്കൂ, അടുത്ത തലമുറയിലെ വനിതാ രാഷ്ട്രപതികളും പ്രധാനമന്ത്രിമാരും കോർപറേറ്റ് മേധാവിമാരും ശാസ്ത്രജ്ഞരും സൈനികരും അങ്ങനെ വിവിധ മേഖലകളിൽ ചരിത്രംകുറിച്ച് മുഖ്യധാരാ സമൂഹത്തിൽ നിലനിൽക്കേണ്ടിയിരുന്നവരുമായ എത്ര പേരുണ്ടായിരുന്നിരിക്കണം അവരിൽ!
ചരിത്രത്തിന് പുലർത്താൻ കഴിയാഞ്ഞ നീതി ഭാവിക്ക് നല്കുവാനാകട്ടെ!
(തമിഴ്നാട് രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെന്റിലെ ഡെവലപ്മെന്റ് സ്റ്റഡീസ് വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ് ലേഖിക).
SUNDAY DEEPIKA
ചിന്താവിഷയം
റഷ്യൻ സാഹിത്യത്തിലെ മഹാനായ കഥാകൃത്താണ് ആന്റണ്‍ ചെക്കോവ് (1860- 1904). അദ്ദേഹത്തിന്റെ ചെറുകഥകളിൽ ഏറെ ശ്രദ്ധയാകർഷിക്കുന്ന ഒന്നാണ് "ദി ലോട്ടറി ടിക്കറ്റ്'. വളരെ സാധാരണമായ ഒരു കുടുംബസന്ധ്യയിലൂടെയാണ് കഥ ആരംഭിക്കുന്നത്. ഭാര്യാഭർത്താക്കന്മാരായ മാഷയും ഐവാനും ശാന്തമായി വീട്ടിൽ ഇരിക്കുന്നു. അവർതമ്മിൽ യാതൊരു കലഹവും വിഷമവും ഇല്ല. സമാധാനപൂർണമാണ് അവരുടെ ജീവിതം.
ആ സമയത്ത്, തങ്ങളുടെ കൈവശമുള്ള ഒരു ലോട്ടറി ടിക്കറ്റിനെക്കുറിച്ച് മാഷയ്ക്ക് ഓർമവരുന്നു. അവർ ഭർത്താവിനോട് പത്രത്തിൽ ഫലം നോക്കാൻ പറയുന്നു. ആദ്യം ഐവാന്‍ അക്കാര്യത്തിൽ വലിയ താല്പര്യം തോന്നിയില്ല. എങ്കിലും നന്പർ പരിശോധിച്ചപ്പോൾ വിജയിച്ച സീരീസ് നന്പർ തങ്ങളുടെ ടിക്കറ്റിനോട് ഒത്തുപോകുന്നതായി തോന്നുന്നു. എഴുപതിനായിരം റൂബിളാണ് സമ്മാനം. ഇപ്പോഴത്തെ കണക്കുവച്ച് നോക്കിയാൽ ഇത് 45 കോടി രൂപയോളം വരും.
ഇത്രയും വലിയ തുക സമ്മാനമായി കിട്ടിയേക്കുമെന്നു വന്നപ്പോൾ അവരുടെ രണ്ടുപേരുടെയും ചിന്തകൾ രണ്ടുവഴിക്കു തിരിഞ്ഞു. പുതിയ ഭൂമി വാങ്ങുക, സുഖമായി ജീവിക്കുക, യാത്രകൾ പോവുക.. ഐവാന്റെ ചിന്ത പോയത് അങ്ങനെയായിരുന്നു. ആ ചിന്തയിൽനിന്ന് മാഷ സാവധാനം അപ്രത്യക്ഷയായി. ഭാര്യ കൂടെയുണ്ടായാൽ ജീവിതം അടിച്ചുപൊളിക്കാൻ സാധിക്കില്ല എന്ന തരത്തിലാണ് അയാളുടെ ചിന്ത പോയത്. പണം മുഴുവൻ അവൾ സ്വാർഥ താല്പര്യങ്ങൾക്കായി ചെലവഴിക്കുമെന്ന് ഐവാൻ ഭയപ്പെട്ടു.
അതേസമയം മാഷയും സ്വപ്നംകാണുകയായിരുന്നു. തന്റെയും തന്റെ സ്വന്തക്കാരുടെയും ആവശ്യങ്ങൾക്കുവേണ്ടി ആ പണം എങ്ങനെ ചെലവഴിക്കാൻ സാധിക്കുമെന്നാണ് അവൾ ആലോചിച്ചത്. മുഴുവനും തന്റെ നിയന്ത്രണത്തിലായിരിക്കണമെന്നായിരുന്നു അവളുടെ മോഹം. ഭർത്താവ് അതിനു തടസംനിൽക്കുമോയെന്നും മാഷ ഭയപ്പെട്ടു.
ഒരു വാക്കു പോലും പരസ്പരം പറയാതെ അവരുടെ ഹൃദയങ്ങളിൽ മാറ്റം സംഭവിക്കുകയാണ്. സ്നേഹമുണ്ടായിരുന്നിടത്ത് സംശയം കടന്നുവരുന്നു. സന്തോഷം ഉണ്ടായിരുന്നിടത്ത് അസ്വസ്ഥത മുളയെടുക്കുന്നു. അവർ പരസ്പരം നോക്കുന്പോൾ കാണുന്നത് ഭാര്യാഭർത്താക്കന്മാരായിട്ടല്ല. പ്രത്യുത, ശത്രുക്കളായി മാത്രം!
ഈ കഥയുടെ ഏറ്റവും പ്രസക്തമായ ഭാഗം എന്താണെന്നോ? യഥാർഥത്തിൽ ഒന്നും സംഭവിച്ചിട്ടില്ല. പണം അവരുടെ കൈവശം എത്തിയിട്ടില്ല. എല്ലാം അവരുടെ ഭാവനയിൽ മാത്രം. എന്നാൽ, പണം ലഭിക്കുമെന്ന ചിന്ത മാത്രം മതിയായിരുന്നു അവരുടെ ഭാര്യാഭർതൃബന്ധത്തിന്റെ ഊഷ്മളത കെടുത്തുവാൻ, അവരുടെ സ്നേഹബന്ധം തകർക്കുവാൻ.
അവസാനം, ഐവാൻ ടിക്കറ്റ് നന്പർ മുഴുവനും സൂക്ഷ്മമായി പരിശോധിക്കുന്നു. അപ്പോൾ അവസാന നന്പറുകൾ ഒത്തുപോകുന്നില്ലെന്നു വ്യക്തമായി. അതോടെ അവരുടെ സ്വപ്നങ്ങൾ പൊലിഞ്ഞുവീണു. അതോടൊപ്പം അവരുടെ പരസ്പരബന്ധത്തിലും വിള്ളൽവീണു.
ധനത്തിനു നമ്മെ മാറ്റിമറിക്കാനാവുമെന്നു നമുക്കറിയാം. എന്നാൽ, ധനമോഹത്തിനും അതു സാധിക്കുമെന്നാണ് ചെക്കോവ് നമ്മെ അനുസ്മരിപ്പിക്കുന്നത്. ലോട്ടറിയിലൂടെ പണം ലഭിക്കാൻ പോകുന്നുവെന്നറിഞ്ഞപ്പോൾ ഐവാന്റെ മാത്രമല്ല, മാഷയുടെയും ചിന്താഗതിയിൽ മാറ്റംവന്നു. അവർ അപ്പോൾ കൂടുതൽ സ്വാർഥരായി മാറുകയായിരുന്നു.
ധനമോഹം നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്നത് വലിയ ശബ്ദത്തോടെയായിരിക്കില്ല. അതു നിശബ്ദമായി കടന്നുവരും. ഒരു ചെറിയ സ്വപ്നമായി.. ഒരാഗ്രഹമായി... കൂടുതൽ പണമുണ്ടെങ്കിൽ ജീവിതം മെച്ചമാകും എന്ന ചിന്തയാണ് അതിനുപിന്നിൽ. പക്ഷേ, ആ ചിന്തയാണ് ഐവാനെ മാഷയ്ക്ക് എതിരാക്കിയത്, മാഷയെ കൂടുതൽ സ്വാർഥമതിയാക്കിയത്.
അവരുടെ ജീവിതം ആദ്യം സാധാരണമായിരുന്നെങ്കിലും സമാധാനമുള്ളതായിരുന്നു. പക്ഷേ സന്പത്തിനെക്കുറിച്ചുള്ള പെട്ടെന്നുള്ള അവരുടെ സ്വപ്നം അവരുടെ മനസിൽ അസന്തോഷം പടർത്തി. ഇതാണ് ധനമോഹത്തിന്റെ ദുരന്തം. ആദ്യം അത് ജീവിതസന്തോഷം കവർന്നുകൊണ്ടുപോകും. അതോടൊപ്പം ജീവിതബന്ധങ്ങളും തകർക്കും. തന്മൂലമാണ് വിശുദ്ധ പൗലോസ് എഴുതിയത്, ""ധനമോഹമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാന കാരണം'' എന്ന് (1 തിമോ 6:10).
ദൈവപുത്രനായ യോശു നൽകിയിരിക്കുന്ന മുന്നറിയിപ്പ് ഈ പശ്ചാത്തലത്തിൽ നാം ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. അവിടന്ന് പറയുന്നു: ""ജാഗരൂകരായിരിക്കുവിൻ. എല്ലാ അത്യാഗ്രഹങ്ങളിലുംനിന്ന് അകന്നിരിക്കുകയും ചെയ്യുവിൻ'' (ലൂക്കാ 12:14-15). ധനം ആഗ്രഹിക്കുന്നത് തെറ്റല്ല. എന്നാൽ ധനം ഹൃദയത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുന്പോഴാണ് അപകടം തുടങ്ങുന്നത്. അപ്പോഴാണ് കുടുംബങ്ങളിൽ കലഹങ്ങളുണ്ടാകുന്നത്. സഹയാത്രികർ മത്സരാർഥികളായി മാറുന്നത്. സൗഹൃദങ്ങൾ പിളർക്കപ്പെടുന്നത്. ഹൃദയബന്ധങ്ങളിൽ നിശബ്ദമായ മാറ്റങ്ങൾ ഉണ്ടാകുന്നത്.
യേശു വീണ്ടും പറയുന്നു: ""മനുഷ്യജീവിതം സന്പത്തുകൊണ്ടല്ല ധന്യമാകുന്നത്'' (ലൂക്കാ 12:15). സന്പത്ത് ജീവിതത്തെ ധന്യമാക്കുമെന്ന മിഥ്യാധാരണയാണ് സന്പത്തിന്റെ പിന്നാലെ പോകാൻ നമ്മെ പ്രേരിപ്പിക്കുന്നത്. എന്നാൽ അതുവഴി നമുക്കുണ്ടാകുന്ന തിന്മകൾ എത്രയോ ഏറെയാണ്. ആ തിന്മകൾ ഒഴിവാക്കിവേണം നാം ധനം സന്പാദിക്കുവാൻ. അതോടൊപ്പം, ജീവിതത്തെ യഥാർഥത്തിൽ ധന്യമാക്കുന്ന കാര്യത്തിൽ നാം ശ്രദ്ധിക്കുകയും വേണം.
അത് എന്താണെന്നോ? യേശുനാഥൻ പറയുന്നു: ""നിങ്ങൾ ആദ്യം ദൈവരാജ്യവും അവിടത്തെ നീതിയും അന്വേഷിക്കുവിൻ. അതോടൊപ്പം, മറ്റെല്ലാം നിങ്ങൾക്കു ലഭിക്കും'' (മത്താ 6:33). ദൈവരാജ്യം അന്വേഷിക്കുക എന്നു പറഞ്ഞാൽ ദൈവത്തെ നമ്മുടെ ജീവിതത്തിന്റെ ശ്രദ്ധാകേന്ദ്രം ആക്കുക എന്നർഥം. അപ്പോൾ അവിടത്തെ ഇഷ്ടം ചെയ്യാനും അവിടന്നാഗ്രഹിക്കുന്ന രീതിയിൽ ജീവിക്കാനും നമുക്കു സാധിക്കും. അപ്പോൾപ്പിന്നെ നാം ധനമോഹത്തിന്റെയോ മറ്റു തിന്മകളുടെയോ പിടിയിൽ അകപ്പെടുകയില്ലെന്നു തീർച്ച.
SUNDAY DEEPIKA
വ്യാഴാഴ്ച രാവിലെ പത്തരയോടെ എറണാകുളം വൈറ്റിലയിലെ വീടിനു മുകളിൽ കേട്ട ഇരമ്പൽ ഏതു വിമാനത്തിന്റേതായിരുന്നു എന്നറിയാൻ വിമാന ട്രാക്കിംഗ് സൈറ്റായ ഫ്ളൈറ്റ്റഡാർ 24 ഒന്നു റീപ്ലേ ചെയ്തു നോക്കിയപ്പോഴാണ് നിനച്ചിരിക്കാതെ ഒരു ദുരൂഹതയുടെ തുമ്പ് ഉയർന്നുവന്നത്.
രാവിലെ ഒന്‍പതിനും പത്തിനും പതിനൊന്നിനുമൊന്നും വൈറ്റിലയ്ക്കു മുകളിൽ ഒരു വിമാനവും താഴ്ന്നു പറന്നിട്ടില്ലെന്നു മനസിലായ തെരച്ചിലിനിടെയാണ്, പത്തേകാലോടെ ചെറായിക്കു സമീപം അയ്യമ്പിള്ളി സെന്റ് കുര്യാക്കോസ് ചാപ്പലിനു കിഴക്ക്, രണ്ടായിരം അടിപ്പൊക്കത്തിൽ മണിക്കൂറിൽ 229 കിലോമീറ്റർ വേഗത്തിൽ തെക്കോട്ടു പറന്ന ചെറുവിമാനം കണ്ണിൽപ്പെട്ടത്.
റജിസ്ട്രേഷൻ അമേരിക്കനാണ് എൻ3939ജി. 1967ൽ നിർമിച്ച സെസ്ന ടർബോ സൂപ്പർ സ്കൈവാഗൺ.
10.18ന് അമരാവതി റോഡ് കുറുകെ കടക്കുന്നതിനിടെ ഒന്ന് അപ്രത്യക്ഷമായി. പിന്നെ ഒരു മണിയോടെ തലയാഴത്തിനും കല്ലറയ്ക്കുമിടയിൽ വീണ്ടും പ്രത്യക്ഷമായി പനങ്ങാടിനും കുമ്പളത്തിനുമെല്ലാം മീതേ വീണ്ടും വടക്കോട്ടുപറന്ന് 1.12ന് ഇടക്കൊച്ചിക്കും കുമ്പളത്തിനുമിടയിലെ കായലിനുമുകളിൽ വീണ്ടും കാണാതായ വിമാനത്തെപ്പറ്റി കൂടുതൽ അറിയാൻ ശ്രമിച്ചതിന്റെ പ്രധാന കാരണം അമേരിക്കൻ രജിസ്ട്രേഷൻ തന്നെയായിരുന്നു.
57 കൊല്ലം പഴക്കമുള്ള, ആറു സീറ്റുള്ള ഈ ചെറു വിദേശവിമാനം കൊച്ചിയിൽ രണ്ടായിരം അടിപ്പൊക്കത്തിൽ ചുറ്റിക്കറങ്ങുന്നതെന്തിനായിരിക്കുമെന്ന ചെറിയൊരു കൗതുകവും. അങ്ങനെ തപ്പിയെടുത്ത, വിമാനത്തിന്റെ കഴിഞ്ഞ ഒരു കൊല്ലത്തെ പറക്കൽരേഖകളിലുണ്ടായിരുന്നത് സമാന്യം കൊള്ളാവുന്ന ഒരു സമസ്യ.
കൊച്ചിയിൽ ചുറ്റിയടിക്കുന്നതിനു നാലുദിവസം മുമ്പ്, തമിഴ്നാട്ടിലെ ഡിണ്ടിഗലിലും മധുരയിലും, ജനുവരി 21ന് ചെന്നൈയിലും ഈറോഡിലും 19ന് ബംഗളുരുവിലും പരിസരത്തും പതിനെട്ടിന് ഗുജറാത്തിലെ ഭാവ്നഗർ മുതൽ നവിമുംബൈയ്ക്ക് കിഴക്കുഭാഗം വരെയും റോന്തു ചുറ്റിയിരുന്ന വിമാനത്തിന്റെ കഴിഞ്ഞ കൊല്ലത്തെ അവസാനത്തെ പറക്കൽ ഗുജറാത്തിലെ ഭാവ്നഗറിനും ഭാരുച്ചിനും ഇടയിലുള്ള പ്രദേശത്തായിരുന്നു. നവംബർ 16ന്. അതിനു രണ്ടുദിവസം മുമ്പ്, നവംബർ 14ന് വിമാനം അമേരിക്കയിലായിരുന്നു.
വിമാനമല്ലേ, പറക്കുകയല്ലേ എന്നൊക്കെ ആദ്യം തോന്നിയെങ്കിലും, രണ്ടുദിവസംകൊണ്ട് ഈ ഇത്തിരിക്കുഞ്ഞന് അമേരിക്കയിൽനിന്ന് ഇന്ത്യയിലെത്താൻ കഴിയുമോ എന്ന സംശയംകൊണ്ട് ചെറിയൊരു ഗവേഷണം നടത്തിനോക്കി. സെസ്ന ടർബോ സൂപ്പർ സ്കൈവാഗണ് നിർത്താതെ പറക്കാൻ കഴിയുന്ന പരമാവധി ദൂരം 1350 കിലോമീറ്ററാണ്. ഡെൻവറിൽനിന്ന് ഗുജറാത്തിലേക്കുള്ള ഏകദേശദൂരം 12960 കിലോമീറ്ററും. വിമാനത്തിന്റെ പരമാവധി വേഗം മണിക്കൂറിൽ 268 കിലോമീറ്റർ.
ഡെൻവർ, അലാസ്ക, റഷ്യ, കസാഖിസ്ഥാൻ, പാക്കിസ്ഥാൻ വഴി, ഇന്ധനം നിറയ്ക്കാൻ ഇടയ്ക്ക് 10-12 സ്ഥലത്ത് ഇറങ്ങി, വിമാനം ഗുജറാത്തിലെത്താൻ 65 മണിക്കൂറെങ്കിലും വേണമെന്നാണ് ഈ കണക്കുകളുടെ അർഥം.
എന്നാൽ ഫ്ളൈറ്റ് റഡാർ പ്രകാരം, 14ന് വൈകിട്ട് ആറിന് (രാജ്യാന്തര സമയം) വിമാനം ഡെൻവറിലുണ്ടായിരുന്നു. പിന്ന കാണുന്നത് പതിനാറിന് വെളുപ്പിനെ രണ്ടു മണിക്ക്. വിമാനത്തിന് ഇന്ത്യയിലെത്താൻ കിട്ടിയ പരമാവധി സമയം 32 മണിക്കൂർ. വിമാനം അമേരിക്കയിൽനിന്ന് ഇങ്ങനെ പറന്ന് ഇവിടെ എത്തിയിട്ടില്ല എന്ന് വ്യക്തമായതോടെ, 2025ലെ ബാക്കി പറക്കൽ വിവരങ്ങൾ കൂടി എന്തായാലും പരിശോധിക്കാമെന്നു കരുതി.
അവിടെയാണ് അടുത്ത അത്ഭുതം കാത്തിരുന്നത്. ട്രാക്കിംഗ് രേഖകൾ പ്രകാരം, ഈ വിമാനം 2025 നവംബർ പത്തിന് രാവിലെ ഏഴേകാലിന് ബംഗളുരുവിൽനിന്ന് പറന്നുയർന്നിട്ടുണ്ട്. വൈകിട്ട് നാലുമണിയോടെ ഗുജറാത്ത് ധൊലേറ വിമാനത്തവളത്തിലെത്തി. എന്നാൽ വെറും ഒൻപതേകാൽ മണിക്കൂറിനുശേഷം, പതിനൊന്നിനു രാത്രി ഒന്നേകാലിന്, വിമാനം അമേരിക്കയിലെ ഡെൻവർ രാജ്യാന്തര വിമാനത്തവളത്തിൽ ഇറങ്ങിയിട്ടുമുണ്ട്.
കുമ്പിടി?
വിമാനത്തിന്റെ പേരിൽ ഒരു "സൂപ്പർ’ ഉണ്ടെങ്കിലും ഈ വിമാനത്തിന് അമാനുഷിക ശക്തികളൊന്നുമില്ലെന്ന ഉറപ്പുള്ളതുകൊണ്ട് വീണ്ടും നടത്തിയ അന്വേഷണം കൊണ്ടെത്തിച്ചത് വിമാന ട്രാക്കിംഗിലെ പലതരം കൺകെട്ടുകളിലേക്കാണ്.
ആദ്യം വ്യക്തമായ കാര്യം, കൊച്ചിയിൽ വ്യാഴാഴ്ചയും അതിനും മുന്നേയുള്ള ആഴ്ചകളിലും മാസങ്ങളിലുമൊക്കെ കർണാടകയിലും തമിഴ്നാട്ടിലും ഗുജറാത്തിലും മഹാരാഷ്ട്രയിലുമൊക്കെ ചുറ്റിയടിക്കുന്നതായി കണ്ട വിമാനവും, ട്രാക്കിംഗ് സൈറ്റുകൾ കാണിച്ചുതന്ന, എൻ3939ജി എന്ന അമേരിക്കൻ രജിസ്ട്രേഷനുള്ള സെസ്ന ടർബോ സൂപ്പർ സ്കൈവാഗൺ വിമാനവും രണ്ടാണ് എന്നതാണ്.
ഡെൻവറിൽ റജിസ്റ്റർ ചെയ്ത ത്രീ നയനർ ഗൾഫ് എന്ന കമ്പനിയുടേ ഉടമസ്ഥതയിലുള്ള സെസ്ന വിമാനം മിക്കവാറും ഒരിക്കൽപോലും ഇന്ത്യയിൽ എത്തിയിട്ടുണ്ടാവില്ല. അപ്പോൾ പിന്നെ കൊച്ചിയിൽ ആ പേരിൽ ഒരു വിമാനം പറന്നതോ?
വിമാനം നിർമിച്ചു പുറത്തിറക്കുമ്പോൾതന്നെ അതിനുനൽകുന്ന 24 ബിറ്റ് ഹെക്സ്കോഡ് എന്ന തിരിച്ചറിയൽ രേഖയാണ് ഇതിന്റെ അടിസ്ഥാന കാരണം. റജിസ്ട്രേഷനുകൾ മാറിവന്നാലും ഈ കോഡ് സ്ഥിരമായതിനാൽ, ട്രാക്കിംഗ് സൈറ്റുകൾ വിമാനത്തെ തിരിച്ചറിയാൻ ഇതാണ് പ്രാഥമികമായി ഉപയോഗിക്കുക.
എ49188 എന്നതായിരുന്നു നമ്മുടെ വിമാനം കാണിച്ചിരുന്ന ഹെക്സ് കോഡ്. ഏതെങ്കിലും വിമാനത്തിന്റെ ട്രാൻസ്പോണ്ടർ, എന്തെങ്കിലും കാരണത്താൽ തന്റേതല്ലാത്ത ഹെക്സ്കോഡ് പ്രക്ഷേപണം ചെയ്താൽ ട്രാക്കിംഗ് സൈറ്റുകളെല്ലാം വിമാനത്തെ തെറ്റായി മനസിലാക്കുകയേയുള്ളു.
നമ്മുടെ വിമാനം ട്രാൻസ്മിറ്റ് ചെയ്തിരുന്ന എ49188 ഹെക്സ്കോഡുമായി ലിങ്കു ചെയ്തിട്ടുള്ളത് അമേരിക്കയിലെ ഒരു സെസ്ന വിമാനമായതിനാൽ, കൊച്ചിയിൽ പറക്കുന്നതായി ട്രാക്കിംഗ് സൈറ്റുകൾ ആ വിമാനംതന്നെ കാണിച്ചുതരികയായിരുന്നു.
അപ്പോൾ ശരിക്കുമുള്ള വിമാനം ഏതായിരുന്നു, ആരുടേതായിരുന്നു എന്ന ചോദ്യങ്ങൾ ശേഷിക്കുന്നുണ്ട്.
വിമാനം ഇന്ത്യയിൽ പറക്കുന്നതായി കണ്ട സ്ഥലങ്ങളും, വിമാനം താഴ്ന്നു പറന്നുകൊണ്ടിരുന്നതും (2000- 3000 അടി), എല്ലാ പറക്കൽ പാതകളുടെ അടുത്തും വിമാനത്താവളങ്ങളുണ്ടായിരുന്നതും, ഇത് വിമാനത്താവള അഥോറിറ്റിയുടെ സർവേ, കാലിബ്രേഷൻ വിമാനമായിരുന്നിരിക്കാനുള്ള സാധ്യതയിലേക്ക് വിരൽചൂണ്ടുന്നുണ്ട്. അങ്ങനെയാണെങ്കിൽ, എഎഐയുടെ കിംഗ് എയർ 350, കിംഗ് എയർ 360ഇആർ, ഡോണിയർ 228 എന്നീ കാലിബ്രേഷൻ വിമാനങ്ങിലേതെങ്കിലുമൊന്നായിരിക്കാം, അമേരിക്കയിലെ സെസ്ന ടർബോ സൂപ്പർ സ്കൈവാഗൺ ചമഞ്ഞ് പറന്നുകെണ്ടിരുന്നത്.
.
SUNDAY DEEPIKA
ചരിത്രത്തിലെതന്നെ അപൂർവമായ ഒരധ്യായമാകുകയാണ് ശാസ്ത്രലോകത്ത് അതുല്യയാത്ര നടത്തിയ ഡോ. രാധ കെ. തയ്യൂർ. ഒരു മഹാപ്രതിഭയെ കേരളം വൈകി തിരിച്ചറിയുന്ന നാളുകൾ. തൃശൂർ ജില്ലയിലെ തയ്യൂരിൽ ജനിച്ച് പിന്നീട് കാനഡയിൽ സ്ഥിരതാമസമാക്കിയ രാധ, 88 വയസുവരെ പൊതുശ്രദ്ധയിൽനിന്നു വിനയപൂർവം മാറിനിന്നു. എന്നാൽ താൻ ജനിച്ചുവളർന്ന തയ്യൂർ ഗ്രാമത്തിന്റെ ആദരവിന്റെയും സ്നേഹത്തിന്റെയും മുന്നിൽ ഇന്നവരുടെ മനസുനിറയുന്നു...
ഗ്രാമപാഠശാലകൾക്കും ലോക ശാസ്ത്രവേദികൾക്കുമിടയിലെ അദ്ഭുതപ്രതിഭാസമായി, തയ്യൂരിന്റെ ഒരു മകൾ വിശ്വത്തിന്റെ അതിരുകളെ സ്പർശിച്ച ശാസ്ത്രജ്ഞയായി വളർന്ന കഥ അഭിമാനത്തോടെ വായിച്ചെടുക്കുകയാണ് നാട്ടുകാരിപ്പോൾ.
പിന്നിട്ട വഴികൾ
ചരിത്രപ്രസിദ്ധമായ മദ്രാസ് പ്രസിഡൻസി കോളജ് വിദ്യാർഥിയായിരിക്കുന്പോൾ കണികാ ഭൗതികശാസ്ത്രത്തിലും ക്വാണ്ടം സിദ്ധാന്തത്തിലും ആണവ ഭൗതികശാസ്ത്രത്തിലും 14 ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ച് അന്താരാഷ്ട്രശ്രദ്ധനേടിയ രാധ പിന്നിട്ട വഴികൾ ചെറുതൊന്നുമല്ല.
1938ൽ വേലൂർ പഞ്ചായത്തിലെ തയ്യൂർ ഗ്രാമത്തിൽ ജനിച്ച രാധ കെ. തയ്യൂർ 1965-66 കാലങ്ങളിൽ ലോകത്തിലെ ബുദ്ധിജീവികേന്ദ്രമായ പ്രിൻസ്ടണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡിയിൽ (ഐഎഎസ്) ആണ് പ്രവർത്തിച്ചത്. ആൽബർട്ട് ഐൻസ്റ്റീൻ തന്റെ അവസാനകാലം ചെലവഴിച്ച, ആറ്റംബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന ജെ. റോബർട്ട് ഓപ്പൺഹൈമർ ഡയറക്ടറായിരുന്ന, നൊബേൽ സമ്മാനജേതാക്കളെ വളർത്തിയ അതേ ഐഎഎസിൽ!
ഇന്ത്യൻ ആണവ സിദ്ധാന്ത ഭൗതിക ശാസ്ത്രജ്ഞൻ ഹോമി ഭാഭയുമായും, ലോകപ്രശസ്ത ശാസ്ത്രജ്ഞന്മാരായിരുന്ന റോബർട്ട് ഇ. മാർഷക്, ഡോണാ എ. ഗ്ലേസർ, ലിയോണാർഡ് ഐ. ഷിഫ് തുടങ്ങിയവരുമായുള്ള സംവാദങ്ങൾ, നൊബേൽ ജേതാക്കൾക്കൊപ്പമുള്ള സഞ്ചാരങ്ങൾ...
ഇതെല്ലാം അറിയുന്പോൾ ചോദിച്ചുപോകും, എന്തുകൊണ്ട് ഇത്രയുംകാലം ഈ പ്രതിഭ നമ്മളിൽനിന്ന് മറഞ്ഞുനിന്നു!
ലോകമറിയുന്നു...
ആ പ്രതിഭയെക്കുറിച്ച് ഓർമപ്പെടുത്തിയത് ആർക്കൈവിസ്റ്റ് കയ്റ്റലിൻ റിസ്സോ ആണ്. പ്രിൻസ്ടണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിയിലെ ചരിത്രരേഖകളിൽനിന്നാണ് തയ്യൂർ കെ. രാധയെ ലോകത്തെ അവർ വീണ്ടും പരിചയപ്പെടുത്തിയത്. 2023ൽ, ദി ലെറ്റർ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് എഡിഷനിലൂടെ.
തയ്യൂർ സ്കൂളിനടുത്തായിരുന്നു രാധയുടെ വീട്. തയ്യൂർ മഠത്തിൽ ടി. കെ. കൃഷ്ണയ്യരുടെയും കാവേരി അമ്മാളുടെയും അഞ്ച് മക്കളിൽ നാലാമത്തെയാളായ രാധക്ക് കണക്കും ഫിസിക്സും ഇഷ്ടവിഷയങ്ങളായി. എറണാകുളത്തും ചെന്നൈയിലുമായിരുന്നു സ്കൂൾ പഠനം. പഠിക്കാൻ മിടുമിടുക്കി. സഹോദരങ്ങളും അങ്ങനെതന്നെ.
രാധ സിവിൽ സർവീസിലേക്ക് എത്തണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. മകളെ ദൂരെ പഠനത്തിനയക്കാൻ അമ്മയ്ക്ക് മടിയും. അമ്മയുടെ സമ്മതത്തോടെ രാധ മദ്രാസ് പ്രസിഡൻസി കോളജിൽ എത്തി. പഠിക്കാൻ സമർഥനായിരുന്ന അച്ഛൻ കൃഷ്ണയ്യരുടെ പേരു കൊത്തിവച്ച അതേ കോളജിൽ. സ്വർണ മെഡൽ നേടിയാണ് രാധ ബിരുദപഠനം പൂർത്തീകരിച്ചത്.
ബിരുദാനന്തരം പ്രഫ.അല്ലാടി രാമകൃഷ്ണന്റെ കീഴിൽ യൂണിവേഴ്സിറ്റി ഓഫ് മദ്രാസിൽ സിദ്ധാന്ത ഭൗതികശാസ്ത്രത്തിൽ പഠനംതുടർന്നു. പാർട്ടിക്കിൾ ഫിസിക്സ് എന്ന വിഷയം അന്ന് കോളജിൽ പരിചിതമല്ല. വിദേശത്തുനിന്നുള്ള പ്രഫസർമായിരുന്നു അധ്യാപകർ. പ്രമുഖ ശാസ്ത്രജ്ഞരെ പരിചയപ്പെടാൻ അങ്ങനെ രാധയ്ക്ക് അവസരം ലഭിച്ചു.
ഗവേഷണ വിഷയങ്ങളിൽ അവരുടെ നേരിട്ടുള്ള നിർദേശങ്ങൾ ലഭിച്ചു. ആശയസംവാദങ്ങൾ പുതിയ ഗവേഷണങ്ങളിലേക്ക് വഴിതുറന്നു. പുതിയ പാർട്ടിക്കിൾ കണ്ടെത്തുന്നതിനും ഇത് പ്രചോദകമായി. അങ്ങിനെ രാധ പാർട്ടിക്കിൾ ഫിസിക്സ്, ഫെയ്നമാൻ പ്രോപഗേറ്റർസ്, പാർട്ടിക്കിൾ ഇന്ററാക്ഷൻസ് എന്നീ വിഷയങ്ങളിൽ 14 ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു.
ഇതെല്ലാം വിദേശ ശാസ്ത്രജ്ഞരുടെ ശ്രദ്ധനേടി. പ്രത്യേകിച്ച് ലോകപ്രസിദ്ധ ഭൗതിക ശാസ്ത്രജ്ഞനായിരുന്ന നീൽസ് ബോറിന്റെ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി (ഐഎഎസ്) ഡയറക്ടറും ആറ്റം ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നയാളുമായ ജെ. റോബർട്ട് ഓപ്പൺഹൈമറിന്റെ ശ്രദ്ധയിലും രാധയുടെ നേട്ടങ്ങളെത്തി. അദ്ദേഹം രാധയെ തുടർഗവേഷണങ്ങൾക്കായി 1965ൽ ഐഎഎസിലേക്കു ക്ഷണിച്ചു. അച്ഛൻ ആഗ്രഹിച്ച ഐഎഎസ് നേടിയില്ലെങ്കിലും രാധ ലോകശാസ്ത്രപ്രതിഭകളുടെ ഐഎഎസിൽ എത്തി! ഒരുവർഷം മുഴുവൻ രാധ അവിടെ തുടർന്നു.
ഇറ്റാലിയൻ ഭൗതിക-ഗണിത ശാസ്ത്രജ്ഞൻ സെർജിയോ പീറോ ഫ്യൂബിനി, സയൻസ് ചരിത്രകാരനും ഭൗതിക ശാസ്ത്രജ്ഞനുമായ എബ്രഹാം പൈസ്, ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ഫ്രീമാൻ ഡൈസണ്‍, അമേരിക്കൻ ശാസ്ത്രജ്ഞൻ ജൂലിയൻ ഷ്വിംഗർ തുടങ്ങിയവരുടെ കാലത്തായിരുന്ന രാധയുടെ പ്രവർത്തനങ്ങൾ. 1966ൽ സ്കൂൾ ഓഫ് മാത്തമാറ്റിക്സ് /നാച്ചുറൽ സയൻസ് അംഗമായിരുന്നു രാധ.
കാനഡയിലെ ആൽബർട്ട യൂണിവേഴ്സിറ്റിയിലെ പ്രഫസറായിരുന്ന ഡോ. വെന്പു ഗൗരിശങ്കറുമായുള്ള വിവാഹംവരെ രാധ ഐഎഎസിൽ തുടർന്നു.
കാനഡയിലേക്ക്
വിവാഹശേഷം കാനഡയിലേക്കു മാറിയ രാധ ആൽബർട്ട സർവകലാശാലയിൽ ജോലിചെയ്തു. വ്യക്തിപരമായ കാര്യങ്ങളാൽ അല്പകാലം വിട്ടുനിന്നെങ്കിലും 1973ൽ വീണ്ടും അവിടെ ജോലിയിൽ പ്രവേശിച്ചു. കംപ്യൂട്ടർ പ്രോഗ്രാമിംഗിൽ കൂടുതൽ ശ്രദ്ധയൂന്നിയ അവർ 1992ലാണ് വിരമിച്ചത്. മകൾ സീത ആൽബർട്ട യൂണിവേഴ്സിറ്റിയിൽ പ്രഫസറാണ്. മകൻ അരവിന്ദ് എഡ്മണ്ടനിൽ ജോലിചെയ്യുന്നു.
ശാസ്ത്രഗവേഷണങ്ങൾക്കൊപ്പം ഇതുമായി ബന്ധപ്പെട്ട ഒട്ടേറെ രചനകൾക്കും രാധ സമയംകണ്ടെത്തി. സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തനങ്ങളിലും അവർ സജീവമായിരുന്നു. സൗമ്യമായ വ്യക്തിത്വവും അവരെ വേറിട്ടുനിർത്തി.
തയ്യൂർ സ്കൂളിനടുത്തുള്ള കുടുംബവീട് വില്പന നടത്തിയശേഷവും അവർ ഇവിടെ സന്ദർശനം നടത്തിയിരുന്നുവെന്ന് നാട്ടുകാർ സ്നേഹപൂർവം ഓർക്കുന്നു. വൈഡബ്ല്യൂസിഎയുടെ നേതൃത്വത്തിൽ രാധയെ ആദരിച്ചിരുന്നു.
SUNDAY DEEPIKA
ഫ്രാങ്ക് ചോദിച്ചു: ""ഇപ്പോൾ സുഖം തോന്നുന്നുണ്ടോ മാഡം?'' ഫ്രാങ്ക് ചോദിച്ചു: ""ഇപ്പോൾ സുഖം തോന്നുന്നുണ്ടോ മാഡം?'' ""കുഴപ്പമില്ല. ഫ്രാങ്ക് അങ്ങോട്ടു പൊയ്ക്കോളൂ. ഞാനിവിടെ ഇരിക്കാം.'' ""മാഡത്തിനെ ഞാൻ മാൻഡെർലിയിലേക്കു കൊണ്ടുപോകാം.'' ""വേണ്ട, വേണ്ട.''""മാഡത്തിനെ വീട്ടിലാക്കാൻ സാറ് നിർബന്ധമായും പറഞ്ഞിരിക്കുകയാണ്. വരൂ!ഫ്രാങ്ക് എന്റെ കൈയിൽ പിടിച്ച് എഴുന്നേൽപ്പിച്ചു.
""മാഡത്തിനു നടക്കാൻ സുഖമുണ്ടോ, അതോ വണ്ടി ഞാൻ ഇങ്ങോട്ടു കൊണ്ടുവരണോ?'' ""വേണ്ട, ഞാൻ നടന്നോളാം. മാക്സിമിനോടൊപ്പം മടങ്ങാമെന്നാണ് ഞാൻ വിചാരിച്ചത്.'' ""സാറു വരാൻ കുറേ സമയമെടുക്കും.'' ഞങ്ങൾ ഇറങ്ങി. ഫ്രാങ്ക് കാറിന്റെ ഡോർ തുറന്നു. അതിൽ കയറാൻ ഫ്രാങ്ക് സഹായിച്ചു. വണ്ടി ഓടുകയാണ്.
""സാറു വരാൻ കുറേ സമയമെടുക്കുമെന്നു പറയാൻ എന്താ കാരണം? എല്ലാം ചോദിക്കലും തെളിവെടുപ്പും കഴിഞ്ഞില്ലേ? ഇനി ആർക്കും ഒന്നും പറയാനില്ലല്ലോ?'' ""അതല്ല മാഡം. തെളിവെടുപ്പു കഴിഞ്ഞുവെന്ന് നമുക്കു തോന്നാം. ബോട്ടു നിർമിച്ച ആളുടെ മൊഴിയാണ് ഇപ്പോൾ പ്രശ്നം സൃഷ്ടിച്ചിരിക്കുന്നത്. അത് കേസിന് മറ്റൊരു വഴിത്തിരിവുണ്ടാക്കിയിരിക്കുകയാണ്. തെളിവെടുക്കുന്ന ഉന്നത ഉദ്യോഗസ്ഥൻ സമർഥനും തന്ത്രശാലിയുമാണ്. ഇനി കേസിനെ അദ്ദേഹം മറ്റൊരു കോണിലൂടെ കണ്ടെന്നുവരാം.''
""ഫ്രാങ്ക് എന്താണീ പറയുന്നത്? ഏതു കോണിലൂടെ?'' ""ബോട്ടു നിർമിച്ചവൻ പറഞ്ഞത് മാഡം കേട്ടില്ലേ? അതൊരു അപകടമരണമായി കാണാൻ അയാൾക്കു പറ്റില്ലെന്ന്.''
""ഉത്തരവാദപ്പെട്ട പ്രശസ്തവ്യക്തികൾ വ്യത്യാസമില്ലാതെ ഏകസ്വരത്തിൽ പറഞ്ഞ സത്യങ്ങൾ പോരേ? ഇന്നലെ വന്ന ബോട്ടു നിർമാതാവിനെ പിന്നെ എന്തിനു കേൾക്കണം? ഒരു വർഷം കഴിഞ്ഞ് കണ്ടെടുത്ത ബോട്ടിന് അടിഭാഗത്തു തുളകൾ കണ്ടുവത്രേ. അവരിനി എന്താ തെളിയിക്കാൻ പോകുന്നത്?'' ""എനിക്കറിയില്ല.''
""ആ ഉന്നത ഉദ്യോഗസ്ഥൻ മാക്സിമിനെ ചോദ്യങ്ങൾ ചോദിച്ചു കശക്കുകയാണ്. യുക്തിക്കു നിരക്കാത്ത ചോദ്യങ്ങൾ വരുന്പോൾ സമചിത്തതയോടെ നേരിടേണ്ടതിനുപകരം പൊട്ടിത്തെറിച്ചും ശുണ്ഠിയെടുത്തും എന്തെങ്കിലുമൊക്കെ പറയുമോ ആവോ?'' ഫ്രാങ്ക് അതിനു മറുപടിയൊന്നും പറഞ്ഞില്ല. ""മിസിസ് ഡാൻവേഴ്സിനെ അവിടെ കണ്ടു. ഒപ്പം ആ മനുഷ്യനേയും.'' ""അതായത് ജാക്ക് ഫാവെലിനെ.''
""തെളിവെടുപ്പു നടക്കുന്നിടത്ത് അവരുടെ ആവശ്യം എന്ത്? അവർ എന്തെങ്കിലും വികൃതി ഒപ്പിക്കുമോ? എനിക്കവരെ ഒട്ടും വിശ്വാസമില്ല.'' കാർ ഇതിനകം മാൻഡെർലിയിലെത്തി. എന്നെ വീട്ടിലിറക്കിയിട്ടു പെട്ടെന്നുതന്നെ ഫ്രാങ്ക് മാക്സിമിന്റെ അടുത്തേക്കു തിരിച്ചുപോയി.
ഞാൻ നേരേ മുകളിലെ എന്റെ മുറിയിലേക്കു പോയി. വിശ്രമിക്കാനായി കിടക്കയിലേക്കു ചാഞ്ഞു. തെളിവെടുപ്പു രംഗങ്ങളും ഉന്നത അധികാരിയും അദ്ദേഹത്തിന്റെ വീർപ്പുമുട്ടിക്കുന്ന ചോദ്യങ്ങളും അവിടത്തെ മുഖങ്ങളും എല്ലാം എന്റെ തലയ്ക്കുള്ളിൽ വട്ടമിട്ടു പറക്കുകയാണ്. ബോട്ടു നിർമാതാവ് ഇനിയും എന്തൊക്കെ പറയും? മാനഹാനി വരുത്തിയ പത്രറിപ്പോർട്ടുകൾ ഉന്നത ഉദ്യോഗസ്ഥന്റെ മനസിലുണ്ടാവും. അദ്ദേഹത്തിന്റെ നിഗമനങ്ങൾ എങ്ങോട്ടാണു പാളുക എന്നറിയില്ല. മിസിസ് ഡാൻവേഴ്സും ഫാവെലും വന്നിരിക്കുന്നതു നിർണായകമായ എന്തെങ്കിലും തെളിവുകൊടുക്കാനാണോ? മാക്സിം അന്നു പാതിരാത്രി കൃത്യംകഴിഞ്ഞു വീട്ടിലേക്കു തിരിച്ചുവരുന്നത് ആരുടെയെങ്കിലും ശ്രദ്ധയിൽപ്പെട്ടിരിക്കുമോ? റെബേക്ക തിരിച്ചുവരാത്തതിനാൽ വിഷമിച്ച് ഉറങ്ങാതെ കാത്തിരിക്കുന്ന മിസിസ് ഡാൻവേഴ്സ് അന്ന് ഇരുട്ടത്തു മടങ്ങുന്ന മാക്സിമിനെ കണ്ടിരിക്കുമോ?
ആ സംശയം ഉന്നയിക്കാനാണോ അവർ അവിടെ എത്തിയിരിക്കുന്നത്? ആ സ്ത്രീ മാക്സിമിനെ വാതിലിൽ മുട്ടിവിളിച്ചപ്പോൾ ഉറക്കച്ചടവോടെ വാതിൽ തുറന്നത് വെറും അഭിനയമായിരുന്നെന്ന് ആരോപണം ഉന്നയിക്കുമോ? എല്ലാ തെളിവുകളും എതിരായാൽ മാക്സിമിന് മടങ്ങാൻ സാധിക്കില്ല. അധികാരി സമ്മതിക്കില്ല. റിമാൻഡ് ചെയ്യും. അങ്ങനെ എത്രനാൾ? കേസ് നീണ്ടുപോകും. മാക്സിം കൂടെയില്ലാതെ മാൻഡെർലിയിൽ ഒറ്റപ്പെട്ട് എങ്ങനെ ഞാൻ കഴിയും? അന്ന് ഒരു ഡിന്നർ പാർട്ടിക്കു രണ്ടുദിവസം മാക്സിം ലണ്ടനിൽ പോയപ്പോൾ ഞാനനുഭവിച്ച മടുപ്പിക്കുന്ന ഏകാന്തത!
നിർഭാഗ്യവശാൽ മാക്സിമിനെ ശിക്ഷിച്ചാൽ ജയിലിൽ പോയി സന്ദർശിക്കേണ്ടിവരും. ഹോ! എന്റെ ചിന്തകൾ കാടുകയറുന്നു. കാട്ടുതീപോലെ അതു പടരുന്നു. ദൈവമേ! ഇത്തരം ചിന്തകൾ എന്റെ മനസിൽനിന്നു മാറ്റണമേ! മറ്റു നല്ല ചിന്തകളിലേക്ക് എന്നെ തിരിച്ചുവിടണേ! അങ്ങനെ അല്പം കഴിഞ്ഞപ്പോഴേക്കും ഞാൻ ഉറക്കത്തിലേക്കു വഴുതിവീണു. കുറേ കഴിഞ്ഞ് ഒരു ഇടിവെട്ടിന്റെ സ്വരംകേട്ടാണ് ഉണർന്നത്. അന്തരീക്ഷം ഇരുണ്ടിരിക്കുന്നു. നേരിയ ചാറ്റൽമഴ. നല്ല മഴയ്ക്കുള്ള സാധ്യത കാണുന്നില്ല. സമയം അഞ്ചായി എന്നു ക്ലോക്ക് പറഞ്ഞു. ആരെയും കാണുന്നില്ല. ഞാൻ താഴേക്കിറങ്ങി ടെറസിൽ നിന്നു. മുകളിലെ മുറികളുടെ ജനാലകൾ വേലക്കാർ അടയ്ക്കുന്ന ശബ്ദം കേൾക്കാം. റോബർട്ട് വന്നു സ്വീകരണമുറിയുടെ ജനാല അടച്ചു.
""റോബർട്ട്! അവരെത്തിയില്ല അല്ലേ?'' ""ഇല്ല മാഡം. മാഡം അവരോടൊപ്പമുണ്ടെന്നാ ഞാൻ കരുതിയത്.'' ""കുറേ കഴിഞ്ഞപ്പോൾ ഞാൻ തിരിച്ചുപോന്നു.'' ""മാഡത്തിനു ചായ?'' ""വേണ്ട, അവർ വരട്ടെ.'' ഞാൻ ലൈബ്രറിയിലേക്കു പോയി അവിടെ ഇരുന്നു. അഞ്ചര മണിയായപ്പോൾ റോബർട്ട് വന്ന് അറിയിച്ചു: ""കാറു വന്നിട്ടുണ്ട് മാഡം.''""ഏതു കാറ്?!''""മാക്സിം സാറിന്റെ.'' ""മാക്സിം തനിച്ചാണോ കാറോടിച്ചു വന്നത്?''""അതേ മാഡം.''
റോബർട്ട് പോയി. അതിയായ ഉത്കണ്ഠയോടെ എഴുനേൽക്കാൻ ശ്രമിച്ചെങ്കിലും പറ്റുന്നില്ല. ടെൻഷൻകൊണ്ട് ഒരു തളർച്ചപോലെ. സോഫയിൽ മുറുകെപ്പിടിച്ച് ഞാൻ എഴുനേറ്റുനിന്നു. എന്റെ തൊണ്ടവരണ്ടു. ഒരു മിനിറ്റു കഴിഞ്ഞപ്പോഴേക്കും മാക്സിം മുറിയിലേക്കു കയറിവന്നു. മുഖം വല്ലാതെ ക്ഷീണിച്ചപോലെയും പ്രായമായതുപോലെയും തോന്നി. ""എല്ലാം കഴിഞ്ഞു.'' -മാക്സിം പറഞ്ഞ വാക്കുകൾ.
ഒന്നും മനസിലായില്ല. അപ്പോഴും എനിക്കു ശരിക്കു നിൽക്കാനോ എന്തെങ്കിലും പറയാനോ പറ്റുന്നില്ല. ""ആത്മഹത്യ! മരിച്ച ആളുടെ മാനസികാവസ്ഥ എന്തായിരുന്നു എന്നതിന് കൃത്യമായ തെളിവില്ലാത്തതിനാൽ അത് ആത്മഹത്യയായി മാറി.'' നീണ്ടൊരു നെടുവീർപ്പിട്ടുകൊണ്ടു ഞാൻ ഉച്ചരിച്ചു: ""ആത്മഹത്യ!.... അതിന്റെ പ്രേരണ എന്തായിരുന്നു, കാരണമെന്തായിരുന്നു?'' ""ദൈവത്തിനറിയാം. പ്രത്യേകമായ ഒരു പ്രേരണയോ കാരണമോ ആവശ്യമുള്ളതായി അവർക്കു തോന്നിയില്ല.''
""ഉരുകുന്ന മനസുമായിട്ടാണ് ഞാനിവിടെ ഇരുന്നത്.'' ""ഉന്നത ഉദ്യോഗസ്ഥൻ ഹോറിഡ്ജ് അവസാനമായി എന്നോടു ചോദിച്ചു, റെബേക്കയ്ക്ക് എന്തെങ്കിലും സാന്പത്തികപ്രശ്നമുണ്ടായിരുന്നോ എന്ന്. ഞാനെന്തുപറയാൻ!''ഇടിവെട്ടും കനത്തമഴയും ഒപ്പംതുടങ്ങി. മാക്സിം ജനാലയിലൂടെ പുറത്തേക്കു നോക്കി. ""നല്ല മഴ.. ഭൂമിക്കും എന്റെ മനസിനും ഇപ്പോൾ നല്ല തണുപ്പ്.'' ""പറയൂ! പിന്നെ എന്തൊക്കെയാണ് സംഭവിച്ചത്? മാക്സിം ഇത്രയും സമയംവൈകാൻ എന്താ കാരണം?''
""അദ്ദേഹത്തിനു ചോദ്യങ്ങൾ ചോദിച്ചിട്ടു മതിയാവുന്നില്ല. ബോട്ട്, അതിന്റെ ഉറപ്പ്, കാബിൻ, ഷട്ടർ, അതു താനേ അടഞ്ഞതാണോ അതോ ആരെങ്കിലും അടച്ചതായി തോന്നിയോ, മറ്റാരുടെയും സഹായമില്ലാതെ ഒരു പെണ്ണിന് ഇത് ഒറ്റയ്ക്കു ചെയ്യാനാവുമോ, ബോട്ടിനടിയിൽ കണ്ട തുളകൾ... ഇങ്ങനെ നുള്ളിക്കീറിയും തിരിച്ചും മറിച്ചുമുള്ള നിരവധി ചോദ്യങ്ങൾ. സമനില നഷ്ടപ്പെട്ട് ഞാൻ കയർത്ത് എന്തെങ്കിലും പറയുമോ എന്നായിരുന്നു ഭയം. ഹാളിനകത്തിരിക്കുന്ന നിന്റെ തല കറങ്ങുന്നതായി കണ്ട നിമിഷത്തിൽ "ആരെങ്കിലും സഹായിക്കണേ' എന്ന് ഞാൻ വിളിച്ചുപറഞ്ഞ ആ നിമിഷത്തിൽ എന്റെ മനസിനുള്ളിൽ ഒരു മിന്നലുണ്ടായി. അതൊരു വെളിപാടുപോലെയായിരുന്നു. അവിടന്നങ്ങോട്ടു പിന്നെ സകല ചോദ്യങ്ങൾക്കും കൃത്യമായും പതറാതെയും അദ്ദേഹത്തിന്റെ മുഖത്തുനോക്കിത്തന്നെ മറുപടി പറഞ്ഞു.''
""ദൈവമേ! എന്റെ പ്രാർഥന ഫലിച്ചു.'' മാക്സിം നന്നായൊന്നു പുഞ്ചിരിച്ച് എന്റെ പുറത്തുതട്ടിയിട്ട് ജനാലയ്ക്കടുത്തുള്ള കസേരയിൽ വന്നിരുന്നു. അപ്പോഴേക്കും ഫ്രിത്തും റോബർട്ടും ഞങ്ങൾക്കായി ചായയും ചില വിഭവങ്ങളും കൊണ്ടുവന്നു. അവർ തിരിച്ചുപോയി. ""ഫ്രാങ്ക് എവിടെ?'' ""പള്ളിയിലേക്കു വികാരിയെ കാണാൻ പോയിരിക്കുകയാണ്. ഞാനുംകൂടി പോകേണ്ടതാണ്. പക്ഷേ കാര്യങ്ങൾ അറിയാൻ എന്റെ ഈ കണ്മണി എന്നെ കാത്തിരിക്കുന്നുണ്ടെന്ന് എനിക്കറിയാം.'' ചിരിച്ചുകൊണ്ട് എന്റെ കവിളിൽ തട്ടി.
""എന്തിനാ വികാരി?'' ""ഇന്നു വൈകുന്നേരംതന്നെ പള്ളിയിൽ ചിലതെല്ലാം ചെയ്യാനുണ്ട്. റെബേക്കയെ മോർച്ചറിയിൽനിന്നു കൊണ്ടുവരണം. കല്ലറയിൽ അടക്കംചെയ്യണം. ഇന്ന് ആറരയ്ക്ക്. ഇതു ഞാനും ഫ്രാങ്കും കേണൽ ജൂലിയനും വികാരിയും മാത്രമേ അറിയൂ. ഇത് ഇന്നലെ തീരുമാനിച്ചതാണ്. കേസിന്റെ വിധിയുമായി ഇതിനു ബന്ധമില്ല. എനിക്ക് ഉടനെ പോകണം. അരമണിക്കൂർ കഴിഞ്ഞു തിരിച്ചുവരും.'' മാക്സിം കാറുമെടുത്ത് പോയി. ഇടിവെട്ടും മഴയും കുറേനേരം തുടർന്നു. അന്തരീക്ഷത്തിലെ ചൂടുപോയി. കുളിർകാറ്റ് തണുപ്പിനെ കൂട്ടിക്കൊണ്ടുവന്നു.
ഫ്രിത്ത് അടുത്തുവന്നിട്ടു പറഞ്ഞു: ""മാഡം!''""എന്താ ഫ്രിത്ത്?''""സാറു വരാൻ വൈകുമോ?'' ""ഇല്ല, അധികം വൈകില്ല.'' ""ഒരു മനുഷ്യൻ സാറിനെ കാണണമെന്നുപറഞ്ഞ് അവിടെ നിൽപ്പുണ്ട്. എന്താ അയാളോടു പറയേണ്ടതെന്ന് എനിക്കറിയില്ല. സാറിനെ കാണണമെന്ന് അയാൾക്കു വല്ലാത്ത നിർബന്ധം.'' ""ആരാണ്? ഫ്രിത്ത് ആളെ അറിയുമോ?''മങ്ങിയ മുഖത്തോടെ പറഞ്ഞു: ""അറിയും. മിസിസ് ഡാൻവേഴ്സിനെ കാണാൻ ഇടയ്ക്കിടെ വരാറുള്ളയാളാണ്. പേര് ഫാവെൽ.''
""ഞാൻ അയാളോടു സംസാരിക്കാം. അതാണ് നല്ലത്. വരാൻ പറയൂ.'' എനിക്കു പരിഭ്രമമൊന്നും ഉണ്ടായില്ല. മാക്സിം വരുന്നതിനുമുന്പ് സംസാരിച്ച് ആളെ ഒഴിവാക്കാം എന്നായിരുന്നു എന്റെ പ്ലാൻ. അല്പം കഴിഞ്ഞപ്പോൾ ആ മനുഷ്യൻ എന്റെ മുറിയിലേക്കു കയറിവന്നു. മുന്‍പു ഞാൻ കണ്ടതിൽനിന്ന് വലിയ മാറ്റമൊന്നുമില്ല. പരുക്കനായ മുഖം. മയമില്ലാത്ത നോട്ടം. കണ്ണുകൾ ചോരച്ചിരിക്കുന്നു. മദ്യപിച്ച ലക്ഷണമുണ്ട്.
""മാക്സിം ഇവിടെയില്ല. എപ്പോൾ വരുമെന്ന് തീർച്ചയില്ല. നാളെ രാവിലെ കണ്ടു സംസാരിക്കാനായി ഓഫീസുമായി ബന്ധപ്പെടുക. അതായിരിക്കും നല്ലത്.'' ""എത്ര വൈകിയാലും പ്രശ്നമില്ല. ഞാൻ കാത്തുനിൽക്കാം. പോരുന്ന വഴി ഞാൻ ഡൈനിംഗ് റൂമിൽ നോക്കി. അവിടെ മാക്സിമിനും ഡിന്നർ ഒരുക്കിയിട്ടുണ്ട്.'' ""ആ പ്ലാൻ മാറ്റി. മാക്സിം വരാൻ സാധ്യതയില്ല.'' ""എന്താ അയാൾ ഓടിപ്പോയോ?''
എന്നിട്ട് ഫാവെലിന്റെ ഒരു ചിരി. അതെനിക്ക് ഇഷ്ടപ്പെട്ടില്ല. അയാൾ തുടർന്നു:""ഇപ്പോഴത്തെ സാഹചര്യത്തിൽ അങ്ങനെ ഓടിപ്പോകുന്നതാണ് ബുദ്ധി.'' ""നിങ്ങൾ എന്താണു പറയുന്നതെന്ന് എനിക്കു മനസിലാകുന്നില്ല.'' ""മനസിലാകുന്നില്ലേ? അതിരിക്കട്ടെ. മാഡത്തിന്റെ തലചുറ്റൽ മാറിയോ? വിചാരണയുടെ സമയത്തുണ്ടായ തലചുറ്റ്. ഞാൻ ഓടിവന്നു സഹായിക്കുമായിരുന്നു. അപ്പോഴേക്കും നിങ്ങളുടെ സഹായഭടൻ ഓടിയെത്തി നിങ്ങളെ താങ്ങിപ്പിടിച്ചുകൊണ്ടു കാറിൽ കയറ്റി പോകുന്നതുകണ്ടു. അതിന്റെ സുഖം അയാൾക്കു കിട്ടി.''
""നിങ്ങൾക്കു മാക്സിമിനെ കാണേണ്ട ആവശ്യമെന്താണ്?'' എന്റെ മേശയ്ക്കരികെ വന്നിട്ട്: ""ക്ഷമിക്കണം, ഞാനൊരു സിഗരറ്റു വലിക്കുന്നുണ്ട്.'' അതിനായി ലൈറ്റർ കത്തിച്ചു. അതിന്റെകൂടി പ്രകാശത്തിൽ എന്നെ നോക്കിയിട്ടു പറഞ്ഞു: ""ഞാൻ മുന്‍പു കണ്ടതിനേക്കാൾ മാഡം കുറച്ചുകൂടി വളർന്നിട്ടുണ്ട്.'' വായിൽ നിറഞ്ഞ പുക അയാൾ പുറത്തേക്കു തള്ളി. ""ആ കിഴവൻ ഫ്രിത്തിനോടു പറഞ്ഞ് മാഡം എനിക്കല്പം വിസ്കിയും സോഡയും തരാമോ?''
ഞാൻ മറുപടിയൊന്നും പറയാതെ ബെല്ലടിച്ചു. ഫാവെൽ സോഫയുടെ തലയ്ക്കൽ ഇരുന്നു കാലാട്ടിക്കൊണ്ടിരുന്നു. റോബർട്ട് വന്നപ്പോൾ ഞാൻ നിർദേശം കൊടുത്തതനുസരിച്ചു വിസ്കിയും സോഡയും കൊണ്ടുവന്നു. റോബർട്ട് തിരിച്ചുപോയി. മദ്യം മോന്തിമോന്തിക്കുടിക്കുന്നതിനിടയിൽ ഫാവെൽ എന്നെ കൂടെക്കൂടെ നോക്കുന്നുണ്ടായിരുന്നു. എന്നിട്ടു ചിരിച്ചുകൊണ്ടു പറഞ്ഞു: ""ഡിന്നറിനു മാക്സിം വരുന്നില്ലെങ്കിൽ ആ സീറ്റിൽ മാഡത്തിനോടൊപ്പം ഞാനിരിക്കാം. എന്തു പറയുന്നു?'' വീണ്ടും ഒരു ചിരി.
ഞാൻ അയാളെ രൂക്ഷമായി ഒന്നു നോക്കിയിട്ടു പറഞ്ഞു: ""മിസ്റ്റർ ഫാവെൽ! ഞാൻ മര്യാദവിട്ടു സംസാരിക്കാൻ ഇടവരുത്തരുത്. ഞാൻ നന്നേ ക്ഷീണിതയാണ്. അവശയായിട്ടാണു ഹാളിൽനിന്നു മടങ്ങിയത്. മാക്സിമിനോട് എന്താണ് പറയാനുള്ളതെന്ന് എന്നോടു പറയാൻ പറ്റില്ലെങ്കിൽ, നാളെ രാവിലെ ഓഫീസിൽ പൊയ്ക്കോളൂ.''
മദ്യഗ്ലാസ് പിടിച്ചു മുന്നോട്ടു വന്നിട്ട്: ""അയ്യോ, അയ്യോ പോവല്ലേ. ഞാനും മാനസികമായി ക്ഷീണിച്ചാണ് വന്നിരിക്കുന്നത്. ഞാൻ നിരുപദ്രവകാരിയായ ഒരു പാവമാണ്. ഒരുപക്ഷേ മാക്സിം എന്നെപ്പറ്റി മോശമായ കഥകൾ പലതും പറഞ്ഞുതന്നിട്ടുണ്ടാവും- ഞാൻ പുലിയാണ്, ചോരകുടിക്കുന്ന ചെന്നായയാണ് എന്നൊക്കെ.'' ഞാൻ മിണ്ടാതെ കേട്ടുനിന്നു. മറുപടിയൊന്നും പറഞ്ഞില്ല.
""സത്യം പറഞ്ഞാൽ മാഡം വളരെ മാന്യതയോടെ എന്നോടു പെരുമാറി. എളിമയോടെ സംസാരിച്ചു. അതിനു ഞാൻ നന്ദി പറയുന്നു.'' കാലിയായ ഗ്ലാസ് അയാൾ മേശപ്പുറത്തുവച്ചു. ""എന്തായാലും ഇന്നത്തെ വിധി എനിക്കൊരു ഷോക്കായി. ചങ്കിൽക്കുത്തിയപോലുള്ള ഷോക്ക്. റെബേക്ക എന്റെ കസിനായിരുന്നു. എനിക്കവളെ എന്തെന്നില്ലാത്ത ഇഷ്ടമായിരുന്നു. ഞങ്ങൾ ഒന്നിച്ചാണ് വളർന്നത്. ഉറ്റ ചങ്ങാതിമാരായിരുന്നു. ഞങ്ങൾക്ക് ഒരേ മനസായിരുന്നു. എനിക്കവളെ ലോകത്തിൽ മറ്റാരേക്കാളും ഇഷ്ടമായിരുന്നു. അതുപോലെതന്നെ അവൾക്ക് എന്നോടും. എല്ലാം പോയി. വല്ലാത്ത ഷോക്കായി.''
""ശരി. നിങ്ങളുടെ വിഷമത്തിൽ ഞാനും ഖേദിക്കുന്നു.'' ""എന്നിട്ട് ഈ കാര്യത്തിൽ മാക്സിം എന്തുചെയ്യാൻ പോകുന്നു? അതുകൂടി അറിയാനാണ് ഞാൻ വന്നത്. ഇന്നത്തെ വൃത്തികെട്ട ആ വിചാരണയും വിധിയും കഴിഞ്ഞപ്പോൾ ഇനി സമാധാനമായി ഇരിക്കാമെന്നാണോ മാക്സിം കരുതിയത്?''
അയാളുടെ മുഖത്തെ പുഞ്ചിരിയെല്ലാം മാഞ്ഞു. ഭാവം മാറി. മുഖം രൂക്ഷമായി. സംസാരം ഉച്ചത്തിലായി. ""എന്റെ റെബേക്കയ്ക്കു നീതിലഭിച്ചോ എന്നെനിക്കറിയണം. പരമപുച്ഛത്തോടെ അയാൾ തുടർന്നു: ആത്മഹത്യ!! ആ കിഴവൻ അധികാരിയും ജൂറി അംഗങ്ങളും ഒരേ സ്വരത്തിൽ പറഞ്ഞു- ആത്മഹത്യ!'' എന്റെ മുന്നിലേക്ക് അല്പം കുനിഞ്ഞിട്ട്: ""എനിക്കും നിങ്ങൾക്കും അറിയാം. ആത്മഹത്യയല്ലെന്ന്, അറിയില്ലേ?''
ഈ നിമിഷത്തിൽ വാതിൽതുറന്ന് മാക്സിം കടന്നുവന്നു. ഒപ്പം ഫ്രാങ്കും. മാക്സിം വാതിൽക്കൽ നിശ്ചലം നിന്നു. ക്ഷുഭിതനായി ചോദിച്ചു: ""നിനക്കെന്താ ഇവിടെ കാര്യം? എന്തിനു വന്നു?'' ഫാവെൽ ഒരുനിമിഷം നിശബ്ദനായി നിന്നിട്ട് ഒന്നു ചിരിച്ചു. ""മാക്സിം, പഴയ ചങ്ങാതി! ഞാൻ വന്നത് ഇന്നത്തെ വിധിയിൽ നിന്നെ അനുമോദിക്കാനാണ്.'' ""ഇവിടെനിന്നു നീ ഉടനെ ഇറങ്ങിപ്പോകണം. ഇല്ലെങ്കിൽ ഞാനും ഫ്രാങ്കുംകൂടി നിന്നെ തള്ളിപ്പുറത്താക്കും.''
""ഒരു നിമിഷം ക്ഷമിക്ക്! ക്ഷമിക്ക് ഒരു നിമിഷം.'' അയാൾ വീണ്ടുമൊരു സിഗരറ്റ് എടുത്തു കത്തിച്ചു. എന്നിട്ട് സോഫയുടെ കൈയിൽ ഇരുന്നു. ""ഞാനിനി പറയാൻ പോകുന്നത് ഫ്രിത്ത് കേൾക്കേണ്ട എന്നുണ്ടെങ്കിൽ ആ വാതിലടയ്ക്കൂ.'' മാക്സിം അനങ്ങിയില്ല. എങ്കിലും ഫ്രാങ്ക് ചെന്നു വാതിലടച്ചു.
""മാക്സിം! ശ്രദ്ധിച്ചുകേൾക്കൂ. ഈ പ്രശ്നത്തിൽനിന്നു പ്രതീക്ഷിച്ചതിലും ഭംഗിയായി നിങ്ങൾ തലയൂരിപ്പോന്നു. ഞാൻ കോടതിയിലുണ്ടായിരുന്നു, തുടക്കംമുതൽ ഒടുക്കംവരെ. വിചാരണയുടെ സമയത്തു വളരെ കൃത്യമായി നിങ്ങളുടെ ഭാര്യയ്ക്ക് പെട്ടെന്നു തലചുറ്റുണ്ടായതും, വേഗം രക്ഷിക്കണേ എന്ന് ഉത്കണ്ഠയോടെ വിളിച്ചുപറഞ്ഞതും ഒരുപക്ഷേ സ്വാഭാവികമായിരിക്കാം. ജൂറിയുടെ സിന്പതി നേടാനും തീരുമാനം അനുകൂലമാക്കാനും നടത്തിയ ഒരു ഒത്തുകളിയായിട്ട് എനിക്കു തോന്നി. തോന്നിക്കൂടേ?''
ഇതു കേട്ടയുടനെ ക്ഷുഭിതനായി ഫാവെലിനെ അടിക്കാനായി കയ്യോങ്ങിയപ്പോഴേക്കും ഫാവെൽ ആ കൈയ്യിൽ കയറിപ്പിടിച്ചു. എന്നിട്ടു തെല്ലും ക്ഷോഭിക്കാതെ പറഞ്ഞു: ""അല്പം ക്ഷമിക്ക്, ക്ഷമിക്ക്! ഞാൻ പറഞ്ഞുപൂർത്തിയാക്കിയില്ല. ഞാൻ വിചാരിച്ചാൽ നിങ്ങൾക്ക് ഇഷ്ടക്കേടു മാത്രമല്ല, ആപത്തുണ്ടാക്കാനും സാധിക്കും.''
""ആപത്തോ? എന്ത് ആപത്ത് നിനക്കുണ്ടാക്കാൻ കഴിയും?'' നിങ്ങൾ മൂന്നുപേരും ഇവിടെയുണ്ട്. കേൾക്കുന്നതുകൊണ്ടു വിരോധമില്ല. റെബേക്കയും ഞാനും നന്നേ ചെറുപ്പംമുതൽ അടുത്ത കൂട്ടുകാരായിരുന്നു. അവൾ കടലിൽ മുങ്ങിമരിച്ചെന്നും, പിന്നീടു വളരെ ദൂരെനിന്നു ജഡം കണ്ടെടുത്തെന്നും അറിഞ്ഞു. അതെനിക്കു വല്ലാത്ത ഷോക്കായി. പിന്നെ അടുത്തനാളിൽ പത്രത്തിൽ വാർത്ത വന്നപ്പോൾ ചിത്രം മാറി. ബോട്ടിന്റെ കാബിനിൽ കുടുങ്ങി റെബേക്ക മരിച്ചുവെന്ന്! ഉടനെ മിസിസ് ഡാൻവേഴ്സിനെ ഞാൻ വിളിച്ചു. അവർ പറഞ്ഞു ബോട്ടിനുള്ളിൽ കണ്ടത് റെബേക്കയുടെ ബോഡിയാണെന്ന്. എല്ലാം കഴിഞ്ഞ് എല്ലാവരുംകൂടി വിധിയെഴുതി- ആത്മഹത്യ! റെബേക്ക അതുചെയ്യില്ല. ഒരിക്കലും ചെയ്യില്ല. നിങ്ങൾ ആർക്കുമറിയില്ല, അവൾ എഴുതിയ ഒരു കത്തുണ്ട് എന്റെ കൈയിൽ. അവൾ അവസാനമായിട്ട് എഴുതിയ കത്ത്. ഞാനതു വായിക്കാം.''
ഫാവെൽ തന്റെ പോക്കറ്റിൽനിന്ന് ആ കത്തെടുത്ത് സോഫയിൽ ഇരുന്നുകൊണ്ട് വായിച്ചു. അത് ഇങ്ങനെയായിരുന്നു. "ഫ്ളാറ്റിൽനിന്നു ഫോണിൽ വിളിച്ചെങ്കിലും മറുപടിയില്ല. ഞാൻ നേരിട്ടു മാൻഡെർലിയിലേക്കു മടങ്ങുകയാണ്. വൈകുന്നേരം ഞാൻ കോട്ടേജിലുണ്ടാകും. അതിനകം എന്റെ ഈ കുറിപ്പ് കൈയിൽ കിട്ടിയാൽ കാറുമായി എത്തുമല്ലോ. ഞാനിന്നു രാത്രി കോട്ടേജിലാണ് ഉണ്ടാവുക. നിങ്ങൾക്കുവേണ്ടി ഞാൻ വാതിൽ തുറന്നിടുന്നതാണ്. ചില സുപ്രധാന കാര്യങ്ങൾ നിങ്ങളോടു പറയാനുണ്ട്. അതിന് ഏറ്റവും വേഗം എത്തണം- റെബേക്ക.'
വായിച്ചുതീർന്നശേഷം കത്ത് തന്റെ കൈയിലിട്ടൊന്നു തിരിച്ചശേഷം പോക്കറ്റിൽ വച്ചു. ""ആത്മഹത്യചെയ്യാൻ പോകുന്നയാൾ ഇങ്ങനെയൊരു കത്തെഴുതുമോ? എഴുതുമോ ഇങ്ങനെയൊരു കത്ത്? റെബേക്ക ലണ്ടനിലുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. ഒരു പരിപാടികഴിഞ്ഞു രാത്രി തിരിച്ചുവന്നപ്പോഴാണ് ഞാനീ കുറിപ്പുകണ്ടത്. ഉടനെ കാറുമെടുത്ത് പുറപ്പെട്ടു. രാത്രി പന്ത്രണ്ടുമണിയോടെ ഞാനെത്തി. അപ്പോൾ കേൾക്കുന്ന വാർത്ത റെബേക്ക മുങ്ങിമരിച്ചെന്ന്.'' ആരും ഒന്നും മിണ്ടുന്നില്ല. നിമിഷങ്ങൾ കഴിഞ്ഞ് അയാൾ പറഞ്ഞു. ""ഈ കത്ത് ഞാൻ വിചാരണസമയത്തു കാണിച്ചിരുന്നുവെങ്കിൽ എന്താകുമായിരുന്നു സ്ഥിതി?''
""എന്തുകൊണ്ടു നിങ്ങൾ എഴുന്നേറ്റുനിന്ന് ഈ കത്ത് അദ്ദേഹത്തെ ഏല്പിച്ചില്ല?'' ""ഇങ്ങനെ ഒരു വിധി പറഞ്ഞ ആളെ ഇതേൽപ്പിച്ചാൽ അതോടെ എന്റെ പിടിവള്ളിയും തെളിവും നഷ്ടപ്പെടും. പിന്നെ അതിൽനിന്നു തലയൂരിപ്പോരാൻ നിങ്ങൾ പല കളിയും കളിക്കും. അതിന് എന്നെ കിട്ടില്ല. മാക്സിമിനോടു ഞാനൊന്നു പറയട്ടെ. നിങ്ങൾ ഒരിക്കലും എന്റെ ഒരു നല്ല ഫ്രണ്ടായിരുന്നിട്ടില്ല. അതുകൊണ്ട് നിനക്ക് എന്നോടു സിന്പതിയും കാണില്ല. ഞാൻ ചുരുക്കിപ്പറയട്ടെ. ഈ നൂലാമാലകളെല്ലാം ഒഴിവാക്കാൻ നമുക്കൊരു ഒത്തുതീർപ്പിലെത്തിയാലോ? നീ വലിയ കോടീശ്വരൻ. ഞാൻ വലിയ പണക്കാരനല്ല. എനിക്കും ജീവിക്കണം. അതുകൊണ്ടു നിങ്ങൾ മൂന്നുപേരും കൂടിയാലോചിച്ച് ഗണ്യമായ വലിയൊരു സംഖ്യ തന്നാൽ അതോടെ ഈ പ്രശ്നം ഇവിടെ അവസാനിപ്പിക്കാം. ദൈവം സാക്ഷിയായി ഞാൻ പറയുന്നു, പിന്നെ എന്നെക്കൊണ്ട് ഒരു ശല്യവുമുണ്ടാവില്ല. എന്തു പറയുന്നു?'' മാക്സിം കർക്കശസ്വരത്തിൽ പറഞ്ഞു: ""നേരത്തേ ഞാൻ നിന്നോടു പറഞ്ഞു ഇവിടെനിന്ന് ഇറങ്ങിപ്പോകാൻ. വീണ്ടും ഞാനതു പറയുന്നില്ല. അടഞ്ഞുകിടക്കുന്ന ആ വാതിൽ തുറന്ന് നീതന്നെ പൊയ്ക്കോളൂ.''
അപ്പോഴേക്കും ഫ്രാങ്ക് ഇടപെട്ടു. ഫാവെലിനോടു പറഞ്ഞു: ""പുതിയപുതിയ പ്രശ്നങ്ങൾ കുത്തിപ്പൊക്കിക്കൊണ്ടുവന്നാൽ അതു മാക്സിമിന് ഇനിയും കൂടുതൽ ബുദ്ധിമുട്ടുകളുണ്ടാക്കും. ഞാൻ പറഞ്ഞാൽ മാക്സിം വഴിപ്പെടും. ഇതു രമ്യമായി അവസാനിപ്പിക്കാൻ മാക്സിം എറ്റവും ചുരുങ്ങിയത് എത്ര സംഖ്യ തണമെന്നാണ് നിങ്ങൾ ആവശ്യപ്പെടുന്നത്?'' മാക്സിം ഉറച്ചസ്വരത്തിൽ: ""ഫ്രാങ്ക്! വേണ്ട വേണ്ട. ഇത്തരം ബ്ലാക്ക്മെയിലിംഗ് ഒന്നും ഇവിടെ നടക്കില്ല. ഇവൻ എന്തുവേണമെങ്കിലും ചെയ്യട്ടെ. ഞാൻ ഒന്നിനെയും ഭയപ്പെടുന്നില്ല.'' തുടർന്ന് ഫാവെലിനോടു പറഞ്ഞു: ""മര്യാദയ്ക്ക് ഇവിടെനിന്നു പോകുന്നില്ലെങ്കിൽ അടുത്ത മുറിയിൽ ഫോണുണ്ട്. കേണൽ ജൂലിയനെ ഞാൻ വിളിച്ചുവരുത്തും. അദ്ദേഹം മജിസ്ട്രേറ്റാണ്. നിന്റെ ഈ കഥ കേൾക്കാൻ അദ്ദേഹത്തിനു താത്പര്യമുണ്ടാകും.''
ഫാവെൽ ഇതുകേട്ട് ചിരിച്ചു: ""ഹോ! നല്ല ഭീഷണി. അതുകൊള്ളാം. മോനേ! നിന്നെ കഴുവിലേറ്റാനുള്ള തെളിവെല്ലാം എന്റെ പക്കലുണ്ട്.'' മാക്സിം നേരേ ലിറ്റിൽ റൂമിലേക്കു പോയി. ഫോണ്‍ ചെയ്യുന്നതിന്റെ സ്വരം എനിക്കു കേൾക്കാം. ഫാവെലിന്റെ മുഖം മങ്ങി. ഉള്ളിൽ പരിഭ്രമം. അല്പംകഴിഞ്ഞു മാക്സിം തിരിച്ചുവന്നു. ""കേണൽ ജൂലിയൻ പത്തുമിനിറ്റിനുള്ളിൽ ഇവിടെയെത്തും.'' പിന്നെയും ചില വാക്കുതർക്കങ്ങളും ആരോപണങ്ങളും കുറ്റപ്പെടുത്തലുകളും ന്യായവാദങ്ങളും നടന്നു.
പറഞ്ഞതുപോലെ കേണലിന്റെ കാറെത്തി. ഫ്രിത്ത് അദ്ദേഹത്തെ ഞങ്ങളിരിക്കുന്ന മുറിയിലെത്തിച്ചു തിരിച്ചുപോയി. അദ്ദേഹത്തെ ഞങ്ങൾ ആദരപൂർവം സ്വീകരിച്ചിരുത്തി. കേണൽ എത്തുമെന്ന് ഫാവെൽ പ്രതീക്ഷിച്ചതേയില്ല. അതിനാൽ അദ്ദേഹത്തോട് എങ്ങനെ എന്തെല്ലാം കാര്യങ്ങൾ പറയണമെന്ന് ഫാവെൽ മനസുകൊണ്ട് ഒരുങ്ങിയിട്ടില്ല. എങ്കിലും ഉയർന്ന സ്വരത്തിൽ പറയാൻതുടങ്ങി: ""മിസ്റ്റർ കേണൽ ജൂലിയൻ! ഇന്നു നടന്ന കേസ് വിസ്താരവും വിധിയും എനിക്ക് ഒട്ടും തൃപ്തിയായില്ല.'' ""ഓ, അങ്ങനെയാണോ? എങ്കിൽ അക്കാര്യം മിസ്റ്റർ മാക്സിമാണ് പറയേണ്ടത്, നിങ്ങളല്ല.'' ""പറയാനുള്ള അവകാശം എനിക്കുണ്ട്. റെബേക്ക എന്റെ കസിനാണ്. അതോടൊപ്പം എന്റെ കൂട്ടുകാരിയും.'' പിന്നെ എന്തൊക്കെയോ പറയണമെന്ന് ഉള്ളിലുണ്ട്. അതിനുള്ള തയാറെടുപ്പില്ലാത്തതിനാൽ ഒന്നു മിഴിച്ചുനിന്നു. കേണൽ ചോദിച്ചു: ""മിസ്റ്റർ ഫാവെൽ! യഥാർഥത്തിൽ എന്താണ് നിങ്ങളുടെ പ്രശ്നം? ഞാനിവിടെ വരാനിടയാക്കിയ കാരണമെന്താണ്?''
ഫാവെൽ പോക്കറ്റിൽനിന്ന് റെബേക്ക എഴുതിയ കത്ത് പുറത്തെടുത്തു കാണിച്ചു. ""ഈ കത്ത് റെബേക്ക മുങ്ങിമരിച്ചുവെന്നു പറയപ്പെടുന്ന സമയത്തിനു മണിക്കൂറുകൾക്കുമുന്പ് എഴുതിയതാണ്. സാറിതൊന്നു വായിച്ചുനോക്കണം. എന്നിട്ടു സാറു പറയണം, ആത്മഹത്യചെയ്യാൻ പോകുന്ന ഒരു പെണ്ണ് ഇങ്ങനെയൊരു കത്തെഴുതുമോ?''കേണൽ കണ്ണടയെടുത്തുവച്ച് കത്ത് മുഴുവൻ വായിച്ചു തിരിച്ചുകൊടുത്തിട്ടു പറഞ്ഞു: ""ഇല്ല. ഒറ്റനോട്ടത്തിൽ പറഞ്ഞാൽ ഇങ്ങനെ എഴുതില്ല. പക്ഷേ, ഇങ്ങനെയൊരു കത്ത് എന്ത് ഉദ്ദേശത്തിലാണ് എഴുതിയത്? ഒരുപക്ഷേ അതു നിങ്ങൾക്കറിയാം. അല്ലെങ്കിൽ മിസ്റ്റർ മാക്സിമിനറിയാം.''
ഫാവെൽ ഉയർന്ന സ്വരത്തിൽ ആവേശപൂർവം പറഞ്ഞു: ""ആ രാത്രി എന്നെ കാണണമെന്ന് അവൾ പറഞ്ഞത് വളരെ പ്രധാനപ്പെട്ട എന്തോ സംഗതി എന്നോടു പറയാനാണ്. അതിനുവേണ്ടിയാണ് അവൾ അന്നു കോട്ടേജിൽ താമസിച്ചത്.'' ""ആയിരിക്കാം. അതിനിപ്പോൾ ഇവിടെ എന്റെ മുന്നിൽ ബഹളംകൂട്ടി സംസാരിച്ചിട്ടെന്താ കാര്യം? കേസിന്റെ വിചാരണ നടത്തിയ ആൾ ഞാനല്ല. ജൂറിയിലെ അംഗങ്ങളിൽ ഞാനില്ല. ഞാനീ ജില്ലയിലെ മജിസ്ട്രേറ്റു മാത്രമാണ്. മിസ്റ്റർ മാക്സിമിന് ഇതേപ്പറ്റി എന്തെങ്കിലും പറയാനുണ്ടോ?''
""പറയാനുള്ളതെല്ലാം അയാൾക്കാണ്. എനിക്കു യാതൊന്നും പറയാനില്ല.'' പൊട്ടിച്ചിരി
SUNDAY DEEPIKA
റഷ്യൻ സാഹിത്യത്തിലെ മഹാനായ ഒരു എഴുത്തുകാരനാണ് ഐവാൻ തുർഗെനേവ് (1818-1883). മനുഷ്യന്റെ ആത്മസംഘർഷങ്ങളും നിശബ്ദവേദനകളും അതീവ സൗമ്യമായി ചിത്രീകരിക്കുന്നതിൽ അദ്ദേഹം എന്നും ഉത്സുകനായിരുന്നു. മനുഷ്യഹൃദയത്തിന്റെ അഗാധങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ ദർശനം ഇന്നും വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കുന്നു. അദ്ദേഹം അവതരിപ്പിച്ചിരിക്കുന്ന പല കഥകളും അനുദിനജീവിതത്തിൽ നമുക്കുണ്ടായിരിക്കേണ്ട വിവിധ മൂല്യങ്ങളെ ഓർമിപ്പിക്കുന്നവയാണ്. അങ്ങനെയുള്ള ഒരു കഥ ഇവിടെ വിവരിക്കട്ടെ.
വയസായ ഒരാൾ അനേക വർഷങ്ങൾക്കുശേഷം സ്വന്തം ഗ്രാമത്തിലേക്കു മടങ്ങിവരികയാണ്. അപ്പോൾ അവിടെ എല്ലാത്തിനുംതന്നെ മാറ്റം സംഭവിച്ചിരുന്നു. വഴികളും വീടുകളും ആളുകളുമെല്ലാം പുതിയതായി തോന്നി. എന്നാൽ ആ വൃദ്ധന്റെ മനസിൽ മായാതെകിടന്നിരുന്ന ഒരോർമയുണ്ടായിരുന്നു. വർഷങ്ങളായി ഹൃദയത്തിൽ ഉണങ്ങാതെ കിടന്ന വിരോധത്തിന്റെ വലിയൊരു മുറിവ്.
യൗവനത്തിൽ ആ ഗ്രാമത്തിലെ ഒരാളുമായുണ്ടായ ഒരു വലിയ പിണക്കം ആ വൃദ്ധന്റെ മനസിൽ ആഴമേറിയ ഒരു പിളർപ്പായി മാറിയിരുന്നു. അതു ക്ഷമിക്കാനും മറക്കാനും സാധിക്കാതിരുന്നതുകൊണ്ടാണ് അയാൾ ഗ്രാമംവിട്ടു പോയത്. ജീവിതം മുന്നോട്ടുപോയെങ്കിലും ആ സംഭവത്തെ അയാൾ തന്റെ ഹൃദയത്തിന്റെ ഇരുണ്ട കോണിൽ സൂക്ഷിച്ചു. ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണണമെന്ന ചിന്താഗതിയോടെയാണ് അയാൾ ഗ്രാമത്തിലേക്കു മടങ്ങിയത്.
പക്ഷേ ഗ്രാമത്തിലെത്തി തന്റെ പ്രതിയോഗിയെക്കുറിച്ച് തിരക്കിയപ്പോൾ ഗ്രാമവാസികൾ അയാളെ ആശ്ചര്യത്തോടെ നോക്കി. ചിലർക്ക് അയാൾ ചോദിച്ചയാളെക്കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. എന്നാൽ മറ്റുചിലർ ആ മനുഷ്യൻ പണ്ടേ മരിച്ചുപോയി എന്നു പറഞ്ഞു. ഒരുകാലത്ത് ആ ഗ്രാമത്തിലെ സകലർക്കും അറിയാമായിരുന്ന ആ രണ്ടുപേരുടെ പരസ്പര ശത്രുതയെക്കുറിച്ച് ലോകം പണ്ടേ മറന്നുപോയിരുന്നു. അത് ഓർമിച്ചിരുന്നതാകട്ടെ ആ വൃദ്ധൻ മാത്രം.
ആ രാത്രിയിൽ വൃദ്ധൻ ഒറ്റയ്ക്കിരുന്ന് ഓരോന്നിനെക്കുറിച്ച് ചിന്തിക്കാൻതുടങ്ങി. അപ്പോൾ അയാൾ തിരിച്ചറിഞ്ഞ സത്യം അയാളെ ഞെട്ടിക്കുകതന്നെചെയ്തു. താൻ ആരോടു ശത്രുതപുലർത്തിയിരുന്നുവോ അയാൾ പണ്ടേതന്നെ സ്വതന്ത്രനായിപ്പോയി. താനാകട്ടെ, ഇപ്പോഴും ചങ്ങലകളാൽ ബന്ധിക്കപ്പെട്ടുകിടക്കുന്നു. ആ ചങ്ങലകൾ കൈകളില്ലല്ല, ഹൃദയത്തിലാണെന്നുമാത്രം!
ഈ കഥ മനുഷ്യജീവിതത്തിലെ ഒരു ഗഹനസത്യത്തെ തുറന്നുകാണിക്കുന്നു. മറ്റൊരാളോടു ക്ഷമിക്കാതിരിക്കുന്പോൾ അയാളെ ശിക്ഷിക്കുകയാണെന്നു നാം കരുതുന്നു. എന്നാൽ യഥാർഥത്തിൽ ശിക്ഷിക്കപ്പെടുന്നത് നമ്മുടെ ശത്രുവല്ല, നാംതന്നെയാണ്. കാരണം ശത്രുതയുടെ ഭാരം പേറുന്നതു നാംതന്നെയാണ്, ശത്രുവല്ല. കാലം മുന്നോട്ടുപോകുന്പോൾ ലോകം എല്ലാം മറക്കും. എന്നാൽ ക്ഷമിക്കാൻ വിസമ്മതിക്കുന്ന നമ്മുടെ മനസ് എപ്പോഴും ആ ശത്രുത താലോലിച്ചുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ നമ്മുടെ മനസിനൊരിക്കലും ശാന്തിയുണ്ടാവില്ല.
മനസിനു ശാന്തി വേണമെങ്കിൽ ശത്രുക്കളോടു ക്ഷമിക്കുകയല്ലാതെ മറ്റൊരു മാർഗമില്ല. ദൈവവചനം പറയുന്നു: ""മറ്റുള്ളവരുടെ തെറ്റുകൾ നിങ്ങൾ ക്ഷമിക്കുമെങ്കിൽ, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും. മറ്റുള്ളവരോട് നിങ്ങൾ ക്ഷമിക്കുകയില്ലെങ്കിൽ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുകയില്ല'' (മത്താ 6:14-15). ദൈവം നമ്മോടു ക്ഷമിച്ചെങ്കിൽ മാത്രമേ നമുക്കു ശാന്തി ലഭിക്കുകയുള്ളൂ. എന്നാൽ ദൈവം നമ്മോടു ക്ഷമിക്കണമെങ്കിൽ നാം മറ്റുള്ളവരോടു ക്ഷമിക്കേണ്ടിയിരിക്കുന്നു. അങ്ങനെ ചെയ്യാതെ നമുക്കൊരിക്കലും സമാധാനത്തോടെ മുന്നോട്ടുപോകാൻ സാധിക്കില്ലെന്നു വ്യക്തം.
ഒരു ജാപ്പനീസ് കഥ. ധാരാളം ശിഷ്യരുണ്ടായിരുന്ന ഒരു ഗുരുവിനു വിലയേറിയ ചില ചായക്കപ്പുകളുണ്ടായിരുന്നു. പ്രമുഖരായവർ സന്ദർശനത്തിനെത്തുന്പോൾ ആ കപ്പുകളിലാണ് ചായ നൽകിയിരുന്നത്. ഒരിക്കൽ ഒരു ശിഷ്യൻ അബദ്ധവശാൽ ആ കപ്പുകളിലൊന്ന് താഴെയിട്ടു പൊട്ടിക്കാനിടയായി. ശിഷ്യൻ ഭയംകൊണ്ടു വിറച്ചു. എന്നാൽ ഗുരുവാകട്ടെ, ആ കപ്പിന്റെ കഷണങ്ങൾ ശാന്തമായി ശേഖരിച്ചശേഷം സ്വർണം ഉപയോഗിച്ച് കൂട്ടിയോജിപ്പിച്ചു. അപ്പോൾ ആ കപ്പ് കൂടുതൽ മനോഹരമായി കാണപ്പെട്ടു.
നമ്മുടെ ജീവിതബന്ധങ്ങൾ വിവിധ കാരണങ്ങളാൽ പൊട്ടിപ്പോകാം. എന്നാൽ ദൈവകൃപ ഉപയോഗിച്ച് ആ ബന്ധങ്ങൾ പൂർവാധികം മനോഹരമാക്കാൻ നമുക്കു സാധിക്കും. ചായക്കപ്പ് പൊട്ടിപ്പോയപ്പോൾ അതിന്റെ വിവിധ കഷണങ്ങൾ കൂട്ടിയോജിപ്പിച്ചത് സ്വർണം വിളക്കിയായിരുന്നു. അപ്പോഴത് പൂർവസ്ഥിതിയിലായി എന്നു മാത്രമല്ല, അതു കൂടുതൽ മനോഹരമായിത്തീരുകയും ചെയ്തു.
ഇതുപോലെതന്നെ ജീവിതബന്ധങ്ങൾ തകരുന്പോൾ ദൈവകൃപയിലാശ്രയിച്ച് ആ ബന്ധങ്ങൾ നാം പുനഃസ്ഥാപിക്കണം. അതു പൂർവാധികം മെച്ചമാക്കുകയും വേണം. ദൈവവചനം പറയുന്നു: ""ഹൃദയം നുറുങ്ങിയവർക്ക് കർത്താവ് സമീപസ്ഥനാണ്'' (സങ്കീ 34:18). ദൈവം നമുക്ക് സമീപസ്ഥനായിരിക്കുന്നതുകൊണ്ട് ഏതുനിമിഷവും അവിടത്തെ കൃപയ്ക്കായി നമുക്ക് അവിടത്തെ സമീപിക്കാനാവും. അപ്പോൾ തീർച്ചയായും അവിടന്ന് നമ്മെ അനുഗ്രഹിക്കുമെന്നതിൽ സംശയംവേണ്ട.
ദൈവത്തിന്റെ കൃപ നമുക്കു ലഭിച്ചാൽ ഏതു തെറ്റും ആരോടും നമുക്കു ക്ഷമിക്കാൻ സാധിക്കും. അതുപോലെ തകർന്നുപോയ ബന്ധങ്ങൾ പൂർവാധികം മെച്ചപ്പെടുത്തുവാനും സാധിക്കും. എന്നാൽ ദൈവകൃപയിലാശ്രയിക്കാൻ നാം വിസമ്മതിച്ചാൽ ഹൃദയത്തിലെ ചങ്ങലകൾ നമ്മെ ബന്ധിച്ചുനിർത്തുകതന്നെചെയ്യും.
നമുക്കുവേണ്ടത് ഹൃദയസ്വാതന്ത്ര്യമാണ്. മനസമാധാനമാണ്. സന്തോഷപ്രദമായ ഒരു ജീവിതമാണ്. അതിനാകട്ടെ, നമ്മുടെ ഹൃദയചങ്ങലകൾ തകരുകതന്നെ വേണം. അതിനുള്ള ദൈവകൃപയ്ക്കായി നമുക്കു പ്രാർഥിക്കാം. പ്രത്യേകിച്ചും ഈ നോന്പുകാലത്ത്.
SUNDAY DEEPIKA
തലേന്നായിരുന്നു ക്രിസ്മസ്. രാവിലെ ഏഴിന് ഏറ്റുമാനൂരിൽനിന്നു കണ്ണൂരിലേക്കുള്ള ബസിൽ കയറിയപ്പോൾമുതൽ വഴിയിലെങ്ങും കെടുത്താൻ വൈകിയ നക്ഷത്രങ്ങളുണ്ടായിരുന്നു. വൈകുന്നേരം അഞ്ചിന് എത്തേണ്ടിയിരുന്ന ബസ് കണ്ണൂരിലെത്തിയപ്പോൾ രാത്രി 9.30. നല്ല തണുപ്പ്. നക്ഷത്രങ്ങൾ നഗരത്തോടു ബത്ലഹേമിന്റെ രഹസ്യങ്ങൾ പറയുകയാണ്.
അതിന്റെ കാതൽ, ദൈവത്തിന്റെ മനുഷ്യാവതാരമായിരുന്നു. ആട്ടിടയന്മാർ ഉറങ്ങാതിരുന്ന, മാലാഖമാർ പാട്ടുപാടിയിരുന്ന ഒരു രാത്രിയെക്കുറിച്ച്. പക്ഷേ, ഈ രാത്രികളിൽ കണ്ണൂരിന്റെ മലഞ്ചെരുവുകളിലെയും സമതലങ്ങളിലെയും കാവുകളിലും കുടുംബക്ഷേത്രങ്ങളിലും ഉറങ്ങാതിരുന്ന മനുഷ്യർ, മറ്റൊരു കാത്തിരിപ്പിലായിരുന്നു. മനുഷ്യന്റെ ദൈവാവതാരം..!
ദൈവത്തിലെത്തി മടങ്ങുന്ന മനുഷ്യൻ
തെയ്യത്തിന്റെ കഥകളും കാഴ്ചകളും മനസിനെ ത്രസിപ്പിക്കുന്നതും, ഒരു നിമിഷമെങ്കിലും ശരീരത്തെയും ബാധിക്കുന്നതുമാണ്. നേരിട്ടു കാണാനാണ് ഇറങ്ങിയത്. തെയ്യത്തെക്കുറിച്ച് ശാസ്ത്രീയ-മത നിർവചനങ്ങളും ഐതിഹ്യങ്ങളുമുണ്ട്. പക്ഷേ, ആ നിരീക്ഷണങ്ങളുടെ ഉള്ളടക്കമെന്തെന്നാൽ, മനുഷ്യൻ ദൈവമായി അവതരിക്കുന്നു എന്നാണ് തോന്നിയിട്ടുള്ളത്.
ജീവിച്ചിരുന്നപ്പോൾ മനുഷ്യനും മരണത്താൽ ദൈവവുമായെന്നു വിശ്വസിക്കുന്ന ആത്മാവിനെ, തെയ്യക്കാരൻ അഥവാ കളിയാട്ടക്കാരൻ തന്റെ ദേഹദേഹികളിലേക്കു ക്ഷണിച്ചുവരുത്തുകയാണ്. ദീർഘനാളത്തെ ഒരുക്കത്തിനൊടുവിൽ തോറ്റംപാട്ടുകളുടെ പരിണാമനദികളിൽ നിമഗ്നനാകുകയും വേഷഭൂഷാദികളിലും നോന്പുധ്യാനങ്ങളിലും സ്വയം മറക്കുകയും ചെയ്യുന്നയാൾ തെയ്യമായി "ദൈവാവതാര’മെടുക്കുന്നു.
ഭക്തരോ തെയ്യത്തിന്റെ വേഷങ്ങൾക്കുള്ളിൽ ദൈവത്തെ കാണുന്നു. മണിക്കൂറുകളുടെ അവതാരം പൂർത്തിയാക്കി കളിയാട്ടക്കാരൻ മനുഷ്യനിലേക്കു പുനരവതരിക്കുംമുന്പ് ഭക്തർ സങ്കടങ്ങളുമായെത്തും. ഒരിക്കൽ മനുഷ്യനായിരുന്ന തെയ്യത്തിന് തന്റെ മുന്നിലെത്തുന്നവരുടെ പ്രശ്നങ്ങൾകേട്ട് സമാധാനം പറയാൻ എളുപ്പമാണ്. അതിനു കാലതാമസവുമില്ല. കൈകൂപ്പി നിൽക്കുന്നവരുടെ പ്രാർഥനയ്ക്ക് അപ്പോൾതന്നെ മറുപടിയുണ്ട്. ഭക്തരുടെ കൈകൾ ഗ്രഹിച്ചോ, ചേർത്തുനിർത്തിയോ, ആശ്ലേഷിച്ചോ "ദൈവം’ ആശ്വസിപ്പിക്കും. വിശ്വാസംകൊണ്ടോ കലാസ്വാദനംകൊണ്ടോ സങ്കല്പങ്ങളാലോ ഇങ്ങനെ കരുതിയാൽ തെയ്യം അതിശയകരമായൊരു അനുഭവമായിരിക്കും.
ഡിസംബർ മുതൽ മാർച്ച് വരെ വടക്കൻ കേരളത്തിലും കർണാടകത്തിൽ ചിലയിടങ്ങളിലും തെയ്യങ്ങൾ സജീവമാകും. രാത്രിയിലും പുലർച്ചെയുമായിട്ടാണ് കൂടുതൽ തെയ്യങ്ങളും ഇറങ്ങുന്നത്. അതൊന്നു നേരിൽ കാണാനാണ് കണ്ണൂരിൽ ബസിറങ്ങിയത്. വൈകിപ്പോയതിനാൽ ചെറുതാഴത്തേക്കിനി ബസില്ല. ദീപികയുടെ പത്രാധിപസമിതിയിലുണ്ടായിരുന്ന ഷിജുവും സുഹൃത്ത് രജിത്തും കാറുമായെത്തി. യാത്രയ്ക്കിടെ രണ്ടുപേരും തെയ്യങ്ങളുടെ വിശേഷങ്ങൾ പറഞ്ഞു.
ചെറുതാഴം പാലക്കീൽ തറവാട് ദേവസ്ഥാനം കുടുംബക്ഷേത്രത്തിൽ രണ്ടു രാത്രിക്കും രണ്ടു പകലിനുമിടെ പലതുണ്ട് തെയ്യങ്ങൾ. കണ്ടനാർ കേളൻ, തൊണ്ടച്ചൻ, ഗുളികൻ, കുടിവീരൻ, കുറത്തിയമ്മ, വിഷ്ണുമൂർത്തി, കുണ്ടോർ ചാമുണ്ടി, കതിവന്നൂർ വീരൻ... പല തെയ്യങ്ങൾ ഒന്നിച്ചുകാണാൻ പറ്റുന്നതു ഭാഗ്യം. ഒന്നെങ്കിലും കാണണമെന്നേ ആഗ്രഹിച്ചിരുന്നുള്ളു. ഉറക്കമിളച്ചാൽ എല്ലാം കാണാം.
കേളൻ: കർഷകന്റെ ദാരുണാന്ത്യം
ക്ഷേത്രത്തിനടുത്താണ് ഷിജുവിന്റെയും രജിത്തിന്റെയും വീട്. അവിടെയെത്തിയപ്പോഴേക്കും മൈക്കിലൂടെ തോറ്റം പാടുന്നതു കേൾക്കാം. യാത്രയ്ക്കിടെ ഭക്ഷണംകഴിച്ചതുകൊണ്ട് ഒന്നു കുളിക്കേണ്ട താമസമേയുണ്ടായിരുന്നുള്ളു. ക്ഷേത്രത്തിലെത്തി. പുലർച്ചെ നാലിനുള്ള ചടങ്ങിനുവേണ്ടി മുട്ടിത്തടികളിട്ട് ആഴി കൂട്ടിത്തുടങ്ങിയിട്ടുണ്ട്. ആത്മാക്കളുടെ കളിയാട്ടംപോലെ പുകത്തൂണുകൾ തുറന്ന മേൽക്കൂരപ്പഴുതിലൂടെ സ്വർഗാരോഹണത്തിലാണ്.
കണ്ടനാർ കേളന്റെ തെയ്യം കെട്ടുന്നയാൾ അണിയറയിൽ ഒരു പായയിൽ കിടക്കുന്നു. കോലക്കാരൻ ചമയങ്ങളണിയിക്കുന്നു. തെയ്യക്കാരന്റെ കണ്ണുകൾ തുറന്നിരുന്നെങ്കിലും മറ്റേതോ ലോകത്തെ കാഴ്ചകൾ മാത്രം കാണുന്നതുപോലെ. തീയിൽ വെന്തുമരിച്ച കഠിനാധ്വാനിയായ ഒരു കർഷകന്റെ പുനർജനിയുടെ ഓർമയാണ് കേളന്റേത്. ആ ജീവിതത്തിലൂടെയും മരണത്തിലൂടെയും തെയ്യക്കാരൻ കടന്നുപോകുകയാകാം.
അണിയറയിൽ കേളൻ പുനർജനിക്കുംമുന്പ് ആ കഥ വായിച്ചു. ഏഴിമലയ്ക്കടുത്ത് കുന്നരുവിലെ മേലേടത്തു തറവാട്ടമ്മയായ ചക്കിയമ്മയ്ക്കു മക്കളില്ലായിരുന്നു. വയനാടൻ കാട്ടിൽനിന്നു കിട്ടിയ അനാഥബാലനെ അവർ കേളനെന്നു പേരിട്ടു സ്വന്തമെന്നപോലെ വളർത്തി. ലക്ഷണമൊത്ത കർഷകനായി അവൻ വളർന്നു. വിതച്ച നിലങ്ങളിലെല്ലാം നൂറു മേനി. നാടു സന്പത്സമൃദ്ധമായി. പൂങ്കുനത്തെ നാലു കാടുകളുംകൂടി കൃഷിയോഗ്യമാക്കാൻ തറവാട്ടമ്മ മകനോടു പറഞ്ഞു.
അവൻ പണിയായുധങ്ങളുമായി പുറപ്പെട്ടു. വെട്ടിത്തെളിച്ച കാടുകൾക്കെല്ലാം തീയിട്ടു. കള്ളിന്റെ ലഹരി തലയ്ക്കു പിടിച്ചിരുന്ന കേളൻ കാടുകൾക്കു നാലുവശത്തുനിന്നും തീയിട്ടശേഷം സാഹസികമായി പുറത്തുകടക്കുകയായിരുന്നു. നാലാം കാട്ടിൽനിന്നു പുറത്തുകടക്കാൻ അയാൾക്കു കഴിഞ്ഞില്ല. വെട്ടാതെ നിർത്തിയിരുന്ന കരിനെല്ലിമരത്തിൽ അയാൾ കയറി. പക്ഷേ, അതിലുണ്ടായിരുന്ന കളീയൻ, കരിവേലൻ എന്നീ സർപ്പങ്ങൾ ചൂടു സഹിക്കാനാകാതെ കേളന്റെ നെഞ്ചിൽ ചുറ്റിവരിഞ്ഞു കൊത്തി. കരിനാഗങ്ങളുമായി കേളൻ തീയിൽവീണു വെന്തുമരിച്ചു.
ശിവന്റെ മകനും വയനാട്ട് കുലവൻ ദൈവവുമായ തൊണ്ടച്ചൻ നായാട്ടു കഴിഞ്ഞു മടങ്ങവേ കരിഞ്ഞുകിടന്ന കേളനെ വില്ലുകൊണ്ട് തൊട്ടു. കേളൻ പുനർജനിച്ചു. ഞാൻ കണ്ട നീയിനി കണ്ടനാർ കേളനെന്നു തൊണ്ടച്ചൻ വിളിക്കുകയും ചെയ്തു. ചെണ്ടയിൽ വീണ കോലുകളെ കേളൻ ബാധിക്കുന്നോ, തോറ്റം മുറുകി.
""പും പുനം ചുട്ടകരിം പുനത്തിൽ
കാട്ടിൽ കരികരം മുകളിലേറി
കാട്ടിൽ കരുവേല മൂർഖൻ വന്ന്
മാർവ്വിൽ കടിച്ചു വിഷം ചൊരിഞ്ഞു
അഗ്നിയിൽ വീണിട്ടുഴലുന്നേരം
മറ്റാരുമില്ല സഖിയെനിക്ക്
കണ്ടുടൻ മേലേടത്തമ്മയപ്പോൾ
വാഴ്ക വളർക നീ കണ്ടൻകേളാാാ...’’
അണിയറയിൽ കണ്ടനാർ കേളൻ ദൈവമായിക്കൊണ്ടിരിക്കുകയാണ്.
പുറത്ത് തോറ്റംപാട്ടുകാർക്കും ചെണ്ടക്കാർക്കുമപ്പുറത്ത് മണിക്കൂറുകളായി എരിയുന്ന തീയിലേക്ക് വീണ്ടും വിറകുവീണു. കേരളത്തിന്റെ പലയിടങ്ങളിൽനിന്നും ചെറുതാഴത്തെത്തിയ സ്ത്രീപുരുഷന്മാർ ദൈവാവതാരത്തിനായി കാത്തിരുന്നു. തണുപ്പ് അങ്ങേയറ്റമായിരുന്നെങ്കിലും ക്ഷേത്രപരിസരം തീയിലും പുകയിലും വെന്തു. ഒരുനിമിഷം... അണിയറയുടെ കവാടത്തിൽ നിഗൂഢമായ ഒരലർച്ച.
തോറ്റംവിളി കേട്ടുകേട്ട്, കാലയവനിക നീക്കി, മരണത്തണുപ്പിനെ വകഞ്ഞ് "ദൈവം’ വന്നു... കണ്ടനാർ കേളൻ! അണിയറയിൽനിന്നെഴുന്നേറ്റയാൾ പുറത്തേക്കോടി. ആളുന്ന അഗ്നിക്കും നീറുന്ന മനുഷ്യർക്കുമിടയിലൂടെ... തെയ്യം! അസാധാരണമായൊരു ഭാവത്തോടെ നെഞ്ചിലെ നാഗങ്ങളുമായി കേളൻ തീയ്ക്കു ചുറ്റും നടന്നു. വൈകിയില്ല കേളൻ പൂങ്കുനത്തെ കാട്ടുതീക്കു മുകളിലൂടെയെന്നപോലെ തീക്കുണ്ഡം മറികടന്നു. ജനം സ്തബ്ധരായി. ചെണ്ടകൊട്ട് ഉച്ചസ്ഥായിയിലായി. കേളൻ അഗ്നിക്കുമുകളിലൂടെ അമാനുഷികനായി ചാടിയോടുകയാണ്.
ശ്വാസം പിടിച്ചേ കണ്ടുനിൽക്കാനാകൂ. കാമറകളും മൊബൈൽഫോണുകളും അഗ്നിനാളങ്ങൾക്കപ്പുറത്ത് മിന്നാമിനുങ്ങിൻ കൂട്ടങ്ങളായി. കൂപ്പിയ കൈകളുമായി നിൽക്കുന്ന ഭക്തരുടെ മുഖം ചുവന്നുതുടുത്തു. കേളൻ തീ കോരിയെറിഞ്ഞും ചവിട്ടിത്തെറിപ്പിച്ചും കുതിച്ചുചാടിയും മറ്റൊരു ലോകത്താണ്. അഗ്നികുണ്ഡം മറികടക്കുന്പോൾ രണ്ടുപേർ കൈകളിൽ പിടിച്ച് ഒപ്പത്തിനൊപ്പം ഓടിക്കൊണ്ടിരുന്നു. ചിലപ്പോൾ കേളൻ അവരുടെ കൈകൾ തട്ടിമാറ്റി തനിയെ തീയിലേക്കോടി. സമയത്തിനൊപ്പം അഗ്നിയും ചാന്പലാകവേ കണ്ടനാർ കേളൻ ഭക്തരുടെ സമീപത്തെത്തി.
തന്നെ സമീപിച്ചവർ സമ്മാനിച്ച കാണിക്ക സ്വീകരിച്ച് സങ്കടങ്ങൾ കേട്ടു. ചില രഹസ്യങ്ങൾ തെയ്യം അങ്ങോട്ടു പറഞ്ഞു. തെയ്യം വേദനകൾ മായ്ക്കുമെന്നു വാക്കുകൊടുത്തപ്പോൾ ഭക്തരുടെ കണ്ണുകൾ നിറഞ്ഞു. എല്ലാവരെയും ആശ്വസിപ്പിച്ചു, കരം ഗ്രഹിച്ചു, ആലിംഗനം ചെയ്തു.
ചെറുതാഴത്തും സൂര്യൻ ഉദിച്ചു. കുടുംബക്ഷേത്രത്തിലെ ചടങ്ങുകൾക്കൊടുവിൽ കേളൻ മനുഷ്യനായി തിരിച്ചുവന്നുകൊണ്ടിരുന്നു. വേഷങ്ങൾ അഴിക്കപ്പെട്ടു. മനുഷ്യർ സമാധാനത്തോടെ താന്താങ്ങളുടെ വീടുകളിലേക്കു മടങ്ങി. മിക്കവരും മടങ്ങിവരും; കതിവന്നൂർ വീരൻ ഉൾപ്പെടെയുള്ള തെയ്യങ്ങളൊക്കെ ദൈവപ്പിറവിക്കൊരുങ്ങുകയാണ്. പകൽ മുഴുവൻ തോറ്റംപാട്ടുകളും തെയ്യങ്ങളും കാണാൻ ആളുകൾ ഒഴുകിയെത്തി. രാത്രിയിൽ കതിവന്നൂർ വീരന്റെ തോറ്റംപാട്ടുകൾകേട്ട് ഇത്തിരി ഉറങ്ങി. പുലർച്ചെ മൂന്നിന് എഴുന്നേറ്റ് തെയ്യപ്പറന്പിലേക്കു നടന്നു.
കതിവന്നൂർ വീരനും ചെമ്മരത്തിയും
"കളിയാട്ടം' സിനിമ കണ്ടതുമുതൽ കതിവന്നൂർ വീരനെ നേരിൽ കാണണമെന്ന് ആഗ്രഹിച്ചതാണ്. കതിവന്നൂർ വീരനെന്ന തെയ്യം മന്ദപ്പനെന്ന മനുഷ്യനിൽനിന്നാണ് തുടങ്ങിയത്. കണ്ണൂരിനും തളിപ്പറന്പിനുമിടയിലുള്ള മങ്ങാട്ട് മേത്തളി തറവാട്ടിലായിരുന്നു ജനനം. തീയ സമുദായത്തിൽ പെട്ട യോദ്ധാവ്. തന്റെ കൃഷിയിടങ്ങളിൽ പണിയെടുക്കാതെ ആയുധാഭ്യാസവും പാവങ്ങളോടുള്ള സന്പർക്കവുമായി കറങ്ങിനടക്കുന്നവനു ചോറുകൊടുക്കേണ്ടെന്ന് അച്ഛൻ അമ്മയോടു പറഞ്ഞതോടെ മന്ദപ്പൻ വീടുവിട്ടിറങ്ങി.
കർണാടകത്തിലെ കുടകുമലകളിൽ കച്ചവടത്തിനു പോകുന്ന കൂട്ടുകാരോടൊത്ത് പുറപ്പെട്ടെങ്കിലും മന്ദപ്പന്റെ അച്ഛനെ ഭയന്ന അവർ അവനെ വഴിയിൽ ഉറക്കിക്കിടത്തിയശേഷം പോയി. തനിച്ചു യാത്രതുടർന്ന അയാൾ കതിവന്നൂരിൽ (ഇന്നത്തെ വിരാജ്പേട്ടയ്ക്കടുത്ത്) അമ്മാവന്റെ വീട്ടിലെത്തി. അവരവനെ സംരക്ഷിച്ചു. മന്ദപ്പന് കൃഷിചെയ്തും കാലിവളർത്തിയും എള്ളാട്ടി എണ്ണ വിറ്റും പണമുണ്ടാക്കി. ഇതിനിടെ അന്യജാതിക്കാരിയായ ചെമ്മരത്തിയെ പ്രണയിച്ചത് അമ്മാവന് ഇഷ്ടമായില്ലെങ്കിലും വിവാഹം കഴിച്ചുകൊടുത്തു. ഒരിക്കൽ എണ്ണക്കച്ചവടം കഴിഞ്ഞ് വൈകിയെത്തിയ മന്ദപ്പനോട് ചെമ്മരത്തി സ്നേഹം പരിഭവവും രോഷവുമാക്കി ചോറിനു പകരം തലച്ചോറുണ്ണാൻ പറഞ്ഞു.
പിന്നെ കറിയില്ലാതെ ചോറു കൊടുത്തു. ഭക്ഷണം കഴിക്കവേ, കാലികളെയും കാർഷികോത്പന്നങ്ങളും മോഷ്ടിക്കുന്ന കുടകരുടെ പടവിളികേട്ടു മന്ദപ്പൻ ചാടിയെഴുന്നേറ്റു പുറപ്പെട്ടു. പരിഭവം പറഞ്ഞുതീർക്കാൻ സമയം കിട്ടുംമുന്‍പ് വീണ്ടും വീട്ടിൽനിന്നിറങ്ങിയ മന്ദപ്പനെ ചെമ്മരത്തി ""കുടകരുടെ പടയിൽ കൊത്തിപ്പോട്ടെ’’ എന്നു ശപിക്കുകയും ചെയ്തു. പടയിൽ ജയിച്ചെങ്കിലും മടങ്ങിവരുന്നതിനിടെയാണ് മന്ദപ്പൻ തന്റെ ചെറുവിരൽ അറ്റുപോയെന്നും മോതിരം നഷ്ടമായെന്നുമറിഞ്ഞത്.
തനിച്ചു പടക്കളത്തിലേക്കു മടങ്ങിയ മന്ദപ്പനെ തോറ്റുമടങ്ങിയ കുടകർ തിരിച്ചെത്തി നൂറ്റെട്ടു തുണ്ടമാക്കി വെട്ടിനുറുക്കി. മന്ദപ്പന്റെ ചിത കത്തിയെരിയവേ ചുറ്റും നിന്നവരോടു ചെമ്മരത്തി പറഞ്ഞു, "നോക്കൂ, നട്ടുച്ചക്കൊരു നക്ഷത്രമുദിച്ചിരിക്കുന്നു'. എല്ലാവരും ആകാശത്തേക്കു നോക്കവേ കുറ്റബോധത്താൽ നീറിനിന്ന ചെമ്മരത്തി ചിതയിൽചാടി ജീവനൊടുക്കി. പിന്നീട് പുഴയിൽ കുളിക്കുന്ന മന്ദപ്പനെയും ചെമ്മരത്തിയെയുംകണ്ട കൂട്ടുകാരനാണ് അവരുടെ ആത്മാവിനെ തെയ്യമാക്കിയത്. കുടകിൽ തുടങ്ങിയ തെയ്യം പിന്നീട് കേരളത്തിലുമെത്തി.
ചെറുതാഴത്തെ ക്ഷേത്രമുറ്റത്ത് ചെമ്മരത്തി ഒരു പീഠത്തിലെ തീനാളങ്ങളായി കത്തിയെരിയുന്നു. കതിവന്നൂർ വീരനായ തെയ്യം ചെമ്മരത്തിക്കു ചുറ്റം തോറ്റംപാടി നടക്കുകയാണ്.
കളിയാട്ടം സിനിമയിലെ പാട്ടുവരികൾ നെഞ്ചിലിരുന്നുപിടച്ചു:
""കതിവനൂർ വീരനേ
നോമ്പു നോറ്റിരുന്നു
മാമയിൽപ്പീലിപോൽ
അഴകോലും ചെമ്മരത്തി
പൂങ്കോഴി കരഞ്ഞു
കളിത്തോഴിയുറങ്ങി
അവൾ മാത്രമുണ്ണാതെയുറങ്ങാതെ കഴിഞ്ഞു
വില്ലാളിവീരനെ ഒരുനോക്കു കാണുവാൻ
നൊമ്പരം പൂണ്ടവൾ മനംനൊന്തുപിടഞ്ഞു..’’
ചെമ്മരത്തിത്തറയ്ക്കുചുറ്റും നടന്നു കതിവന്നൂർ വീരൻ വിതുന്പുകയാണോ?
അയാളുടെ മുഖംമാറി. പഴയ യുദ്ധസ്മരണകളിൽ അഭ്യാസമുറകൾ പുറത്തെടുത്തു. ഉടവാൾ ആകാശത്തെറിഞ്ഞുപിടിച്ചു. ഉറുമിവീശി ചാടിമറിഞ്ഞു. കാഴ്ചക്കാർ ഉറക്കച്ചടവുമറന്ന് കൈകൾകൂപ്പി. ചെണ്ടക്കാരുടെ പേശികൾ വലിഞ്ഞുമുറുകി. കതിവന്നൂർ വീരൻ ക്ഷേത്രപരിസരത്തെ യുദ്ധക്കളമാക്കി. ചെമ്മരത്തിത്തറയിൽ തീനാളങ്ങൾ നൃത്തംചെയ്തു.
അഭ്യാസങ്ങൾക്കിടെ അയാൾ ചെമ്മരത്തിക്കടുത്തെത്തി. കൺമുന്നിൽ കലാപരിപാടിയല്ല. ആളുകൾ കൈയടിക്കുകയോ ആർപ്പുവിളിക്കുകയോ ചെയ്തില്ല. ദൈവാവതാരത്തിനു ചുറ്റും ആദരവുകളോടെ നിന്നു. വെളിച്ചംവീഴുന്പോഴേക്കും ആളുകൾ കതിവന്നൂർ വീരന്റെ മുന്നിൽ നമ്രശിരസ്കരായി നിൽക്കുകയായിരുന്നു.
തെയ്യം എല്ലാവരുടെയും അടുത്തെത്തി. തനിക്കറിയാമല്ലോ നിങ്ങളുടെ പ്രശ്നങ്ങളെന്ന് ആശ്വസിപ്പിച്ചു. ഭക്തരുടെ കഷ്ടങ്ങൾ തെയ്യം ഏറ്റെടുത്തു. നിങ്ങൾക്കൊരു വിജയം കാത്തുവച്ചിട്ടുണ്ടെന്നും വൈകില്ലെന്നും ചിലരോടു പറഞ്ഞു. പരീക്ഷയ്ക്കു നന്നായി പഠിക്കണമെന്നും അച്ഛനെയും അമ്മയെയും കണ്ണീരുകുടിപ്പിക്കരുതെന്നും കുട്ടികളോടു പതിഞ്ഞ സ്വരത്തിൽ ഉപദേശിച്ചു. സമാധാനമായവർ മടങ്ങിയപ്പോൾ ബാക്കിയുള്ളവർ ജീവിതഭാരങ്ങളുമായി തിക്കിത്തിരക്കി.
ഗുളികൻ, കുടിവീരൻ, കുറത്തിയമ്മ, വിഷ്ണുമൂർത്തി, കുണ്ടോർ ചാമുണ്ടി... ഓരോരുത്തരും രാപ്പകലുകളിലെ ദൈവാവതാരങ്ങൾക്കൊടുവിൽ മനുഷ്യരായി മടങ്ങി. അടുത്ത തെയ്യക്കാലംവരെ അവർ മനുഷ്യരായി, കൃഷിക്കാരും വ്യാപാരികളും രാഷ്ട്രീയക്കാരും ഡ്രൈവർമാരുമായി കഠിനാധ്വാനംചെയ്ത്, വിശപ്പും വിയർപ്പും അനുഭവിച്ച് ജീവിക്കും. ഒക്കെ മനുഷ്യർക്കു പറഞ്ഞിട്ടുള്ളതാണ്.
മലബാറിന്റെ ദൈവാന്വേഷണങ്ങൾ
പരസ്പരം സാരമില്ലെന്നു പറഞ്ഞും സഹായിച്ചും ചേർത്തണച്ചും ജീവിക്കുന്പോൾ മനുഷ്യർ മനുഷ്യരിൽ ദൈവത്തെ കാണുകയാണ്. ഉടയാടകൾക്കപ്പുറത്ത് അവർക്കു മനുഷ്യസാദൃശ്യമാണ്. തോറ്റുപോയ മനുഷ്യരാണോ ദൈവമാകുന്നത്? തോൽവികളെ അതിജീവിക്കാനുള്ള ശ്രമത്തിനിടെയാണോ മനുഷ്യർ തെയ്യങ്ങളാകുന്നത് ? നിങ്ങളില്ലാതെ ജീവിക്കാൻ ഞങ്ങൾക്കാകുന്നില്ലെന്നു മനുഷ്യൻ ദൈവത്തോടു പറയുകയാണോ? അതോ സ്വയം ദൈവമായി പരന്പരാഗത ദൈവങ്ങളെ വെല്ലുവിളിക്കുകയാണോ? പ്രശ്നങ്ങൾ പരിഹരിക്കാൻ വൈകുന്ന ദൈവങ്ങൾക്കു പകരം, പ്രാർഥനയ്ക്കൊപ്പം പരിഹാരവും ആശ്വാസവും നൽകുന്ന ദൈവത്തെ മനുഷ്യൻ സൃഷ്ടിക്കുകയാണോ? ഒരുത്തരംകൊണ്ട് എല്ലാവർക്കും മതിയാകില്ല. ഓരോരുത്തർക്കും ഓരോ ഉത്തരങ്ങൾ കിട്ടിയേതീരൂ. മലബാറിന്റെ അന്വേഷണങ്ങൾ മനുഷ്യനിൽനിന്നു ദൈവത്തിലേക്കുള്ള ദൂരം കുറയ്ക്കുകയാവാം.
ക്ഷേത്രപരിസരം വിജനമായിത്തുടങ്ങി. തെയ്യങ്ങളും കോലം വരയ്ക്കുന്നവരുമില്ലാതെ അണിയറ ശൂന്യമായിക്കിടന്നു. തെയ്യമൊഴിഞ്ഞ ദേഹങ്ങൾപോലെ ചിലർ ഉറങ്ങിക്കിടന്നു. ഞങ്ങൾ നടന്ന വയലുകളിൽ തണുപ്പ് ഒരു ക്രിസ്മസ് പുലരിയിലെന്നപോലെ ശുഭ്രവസ്ത്രധാരികളായ മാലാഖമാരായി. ഞങ്ങൾക്കും ഒരു ചിരി സമ്മാനിച്ച്, തോളിലൊരു ഭാണ്ഡവുമായി ഇന്നലത്തെ കണ്ടനാർ കേളൻ മഞ്ഞിലൂടെ നടന്നുമറഞ്ഞു. ദൈവം മനുഷ്യനായി അവതരിച്ചതിന്റെ അറിയിപ്പായി ചെറുതാഴത്ത് കടലാസുനക്ഷത്രങ്ങൾ കെടാതെനിന്നു.
SUNDAY DEEPIKA
വിമാനപാതകൾ, മാറുന്ന രാജ്യാന്തര ബന്ധങ്ങളുടേയും രാഷ്ട്രീയ സാഹചര്യങ്ങളുടെയും സൂചികയാകുന്നതിന്റെ കൃത്യമായ ഒരുദാഹരണം കണ്ടത് ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു.
ഗാസയിലെ ഇസ്രയേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, 2024 നവംബർ 21ന് രാജ്യാന്തര ക്രിമിനൽ കോടതി (ഐസിസി) പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നിലനിൽക്കേയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഐസിസി രൂപീകരിക്കുന്നതിൽ പങ്കാളികളായ നാലു രാജ്യങ്ങളുടെ ആകാശത്തുകൂടി ചൊവ്വാഴ്ച വാഷിംഗ്ടണിലേക്കു പറന്നത്. ഈ വാർത്തകൾ കണ്ടാണ് നെതന്യാഹുവിന്റെ വിമാനത്തിന്റെ പറക്കൽപ്പാത എടുത്തു നോക്കുന്നത്.
സംഭവം ശരിയായിരുന്നു. 10ന് ഇസ്രയേൽ സമയം രാവിലെ പത്തിനാണ് ടെൽ അവീവിൽനിന്ന് പ്രധാനമന്ത്രിയുടെ ബോയിങ് 767-338 (ഇആർ) ഒദ്യോഗിക വിമാനം 4എക്സ്-ഐഎസ്ആർ ടേക്കോഫ് ചെയ്തത്. ഗ്രീസ്, ഇറ്റലി, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങളുടെ ആകാശം മുറിച്ചുപറന്ന് വാഷിംഗ്ടണു സമീപമുള്ള ക്യാമ്പ് സ്പ്രിംഗ് ജോയിന്റ് ബേസ് ആൻഡ്രൂസ് എന്ന വ്യോമസേനാ താവളത്തിൽ അമേരിക്കൻ സമയം വൈകുന്നേരം ആറിന് ലാൻഡു ചെയ്തു. 1998ൽ റോമിൽ നടന്ന യോഗത്തിൽ ഐസിസിക്ക് രൂപം കൊടുത്തവരിലും, ഐസിസിയുടെ നയങ്ങളും തീരുമാനങ്ങളും നടപ്പാക്കുന്നതിൽ പങ്കുചേരാമെന്ന് ഉറപ്പുനൽകിയവരിലും യൂറോപ്പിലെ മേൽപ്പറഞ്ഞ മൂന്നു രാജ്യങ്ങളും കാനഡയും ഉണ്ടായിരുന്നതാണ്.
ഐസിസി വാറന്റുള്ളയാൾ സ്വന്തം രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ വന്നാൽ (കരയായാലും ആകാശമായാലും) അറസ്റ്റു ചെയ്യാതിരിക്കാൻ സാധാരണഗതിയിൽ ന്യായമേതുമില്ലാത്ത രാജ്യങ്ങൾ ആ ആളിനെ പിടികൂടിയില്ല. മാത്രമല്ല, സ്വന്തം ആകാശത്തുകൂടി സുഖമായി പറക്കാനുള്ള ഒത്താശ ചെയ്തു കൊടുക്കുകയും ചെയ്തു. ഇതു വ്യക്തമാക്കുന്നത് രാജ്യാന്തര സമ്മതപത്രങ്ങൾക്കും കരാറുകൾക്കുമപ്പുറം എല്ലാവരും വിലമതിക്കുന്നത് മാറിമാറി വരുന്ന സ്വന്തം താല്പര്യങ്ങളും നയങ്ങളുമാണ് എന്നു തന്നെയാണ്.
ഇനി, കഴിഞ്ഞ സെപ്റ്റംബർ 30ന് നെതന്യാഹു ഇതേ വിമാനത്തിൽ ന്യൂയോർക്കിലേക്കുപറന്ന പാത നോക്കുക.
ടെൽ അവീവിൽനിന്നു വിട്ട വിമാനം വളരെ ബുദ്ധിമുട്ടി, ഗ്രീസിന്റെയും ഇറ്റിലിയുടേയും വാലറ്റം മാത്രം കഷ്ടിച്ചുതൊട്ട് ജിബ്രാൾട്ടർ കടലിടുക്കിനു മീതേക്കൂടി ഞെരുങ്ങിപ്പറന്നാണ് അമേരിക്കയിലേക്ക് പോകുന്നത്. യൂറോപ്യൻ രാജ്യങ്ങളുടെയും കാനഡയുടേയും മീതേ പറക്കുന്നത് കഴിയുന്നത്ര ഒഴിവാക്കിയുള്ള ഈ യാത്രാപഥത്തിന് അന്ന് കൃത്യമായ കാരണങ്ങളുമുണ്ടായിരുന്നു.
യൂറോപ്യൻ യൂണിയനിലെ എല്ലാ രാജ്യങ്ങളും ഐസിസിയുടെ അറസ്റ്റ് വാറന്റുകൾ മാനിക്കാൻ ബാധ്യസ്ഥരാണെന്ന് ഇയുവിന്റെ ഹൈ റപ്രസന്റേറ്റീവ് ജോസെപ് ബോറൽ അർഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയത് സെപ്റ്റംബറിലായിരുന്നു. റോം സ്റ്റിയാറ്റൂട്ട് ഇയു നിയമസംഹിതയുടെ ഭാഗമായതിനാൽ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കെല്ലാം ഐസിസിയുടെ അറസ്റ്റ് വാറന്റുകൾ നടപ്പിലാക്കാൻ കടമയുണ്ടെന്ന് യൂറോപ്യൻ പാർലമെന്റ് ഹ്യൂമൻ റൈറ്റ്സ് കമ്മിറ്റി പ്രസ്താവിച്ചതും സെപ്റ്റംബറിൽ തന്നെയാണ്.
തങ്ങളുടെ അതിരിനുള്ളിലെങ്ങാനും കയറിയാൽ നെതന്യാഹുവിനെ അറസ്റ്റു ചെയ്തിരിക്കുമെന്ന് നോർവേയുടെ വിദേശമന്ത്രാലയം ആവർത്തിച്ചതും സെപ്റ്റംബറിലാണ്. നെതന്യാഹുവിനെതിരായ വാറന്റ് നടപ്പാക്കണെമെന്നാവശ്യപ്പെട്ട് ഡച്ച് പാർലമെന്റ്് പ്രമേയം പാസാക്കിയതും ആ മാസമായിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രിയെ അറസ്റ്റു ചെയ്യണമെന്ന് നേരിട്ടു പറഞ്ഞില്ലെങ്കിലും, അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാനുള്ള ഐസിസിയുടെ അധികാരത്തെ പിന്തുണയ്ക്കുന്നുവെന്ന് ഇറ്റലിയും ഫ്രാൻസും നിലപാടെടുത്തതും സെപ്റ്റംബറിൽ തന്നെ.
ഈ പറക്കലിനു രണ്ടുമാസം മുന്നേ നെതന്യാഹു ഗ്രീസും ഇറ്റലിയും ഫ്രാൻസുമെല്ലാം ധാരാളം മുറിച്ചുകടന്നു തന്നെയാണ് അമേരിക്കയിലേക്കു പറന്നതെന്നു കാണാം.
ആ പറക്കലിൽ ഒഴിവാക്കിയത് മറ്റൊരാളെയാണ്. കഴിഞ്ഞ ജൂലൈ ഏഴിന്, നെതന്യാഹുവിന്റെ വിമാനം കാനഡയുടെ ആകാശത്തു കയറാതിരുന്നതിന്റെ കാരണം അന്നത്തെ വാർത്തകളിലുണ്ട്.
ഇസ്രയേലിന്റെ പലസ്തീൻ നടപടികളെ കാനഡ ഏറ്റവും തുറന്നു വിമർശിച്ച മാസമായിരുന്നു ജൂലൈ. പാലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ കാനഡ ഒരുങ്ങുന്നുവെന്ന് വാർത്തകൾ തുടരെ വന്ന മാസം. ഗാസയിൽ തുടരുന്ന കൂട്ടക്കൊലകളും തടഞ്ഞുവയ്ക്കുന്ന സഹായങ്ങളും അംഗീകരിക്കാനാവില്ലെന്ന് കാനഡ കൂടുതൽ വ്യക്തമാക്കിക്കൊണ്ടിരുന്ന മാസവുമായിരുന്നു 2025 ജൂലൈ.
ഇസ്രയേലിന്റെ ദേശീയവിമാനത്തിന്റെ പറക്കലിൽ ഇങ്ങനെ ഒഴിഞ്ഞുമാറലും മാറാതിരിക്കലും മാറിയും മറിഞ്ഞും വരുമ്പോൾ, വെറുമൊരു താരതമ്യത്തിനായി, ടെൽ അവീവിൽനിന്ന് വാഷിംഗ്ടണിലേക്കുള്ള ഒരു സാധാരണ യാത്രാവിമാനത്തിന്റെ ഇതേ റൂട്ടിലുള്ള യാത്രാപഥംകൂടി നോക്കുക.
തുർക്കി, ബൾഗേറിയ, സെർബിയ, ഹംഗറി, ഓസ്ട്രിയ, ജർമനി, നെതർലാൻഡ്സ്, യുകെ, കാനഡ എന്നീ ഒന്‍പതു രാജ്യങ്ങളുടെ ആകാശം മുറിച്ചുകടന്നാണ് യുണൈറ്റഡ് ഫ്ലൈറ്റ് നമ്പർ യുഎ73 ദിവസവും ഇസ്രയേൽ തലസ്ഥാനത്തുനിന്ന് അമേരിക്കൻ തലസ്ഥാനത്തേക്കു പറക്കുന്നത്.
SUNDAY DEEPIKA
1980 ഡിസംബർ 4, ക്ലീവ്ലൻഡിലെ ഒരു സൂപ്പർ മാർക്കറ്റ്.
കാർ പാർക്കിംഗിനോടുചേർന്ന് ഇരുട്ടിന്റെ മറവിൽ മോഷണലക്ഷ്യവുമായി രണ്ടുപേർ കാത്തുനിൽക്കുന്നു. അപ്പോഴാണ് ഒരു വയോധിക തന്റെ കാറിനടുത്തേക്ക് നടന്നുവരുന്നത്. സ്ത്രീയെ കണ്ട മോഷ്ടാക്കൾ ഒരു നല്ല അവസരമായി കരുതി. ഒരാൾ അവരുടെ കൈയിൽ മുറുക്കെപ്പിടിച്ച് തലയ്ക്കുനേരേ തോക്കുചൂണ്ടി. അപരൻ പോക്കറ്റിൽനിന്ന് പണം തട്ടിപ്പറിക്കാൻ ശ്രമംതുടങ്ങി.
ഭീഷണിപ്പെടുത്തി പണംതട്ടാമെന്നായിരുന്നു മോഷ്ടാക്കളുടെ വിചാരമെങ്കിലും പ്രതീക്ഷിച്ചതല്ല അവിടെ പിന്നീടു നടന്നത്. ഏതാണ്ട് എഴുപതു വയസുള്ള ആ സ്ത്രീക്ക് കായികക്ഷമത ഒട്ടും നഷ്ടമായിട്ടില്ലായിരുന്നു. അവർ ഭീഷണിക്കു വഴങ്ങാതെ തോക്കിൽ ബലമായി പിടിത്തമിട്ടു.
പിടിവലി, മരണം
സ്ത്രീയെ പേടിപ്പിച്ച് പണം തട്ടിയെടുത്ത് രക്ഷപ്പെടുകയെന്നത് മോഷ്ടാക്കൾക്ക് അസാധ്യമായി. തോക്കുപേക്ഷിച്ച് പോകുകയുംവയ്യ. പിടിവലി ശക്തമായി. നിമിഷാർധം- തോക്കിന്റെ കാഞ്ചിയിൽ അബദ്ധത്തിൽ വിരലമർന്നു. വെടിയുണ്ട ആ വയോധികയുടെ അടിവയറ്റിലൂടെ തുളഞ്ഞുകയറി കുടലുകളും രക്തക്കുഴലും തകർത്തു. ആ സ്ത്രീയിൽനിന്ന് നിസാരമായി പണം പിടിച്ചുപറിക്കാമെന്നു കരുതിയ അക്രമികൾക്ക് ഇരുളിൽ ഓടിമറിയുകമാത്രമേ നിർവാഹമുണ്ടായിരുന്നുള്ളൂ.
വിജനമായ കാർ പാർക്കിംഗിൽ ആ സ്ത്രീ രക്തംവാർന്ന് ബോധമറ്റു കിടന്നു. കാവൽജോലിയിൽ ഉണ്ടായിരുന്ന പോലീസുകാരൻ റോന്തുചുറ്റി വന്നപ്പോൾ രക്തമൊഴുകി കമിഴ്ന്നുകിടക്കുന്ന സ്ത്രീയെ കണ്ടെത്തി. പെട്ടെന്നുതന്നെ അവരെ നിവർത്തിക്കിടത്തിയപ്പോഴാണ് അയാൾക്ക് ആളെ മനസിലായത്- ഒളിന്പിക്സ് അടക്കം കളിക്കളങ്ങളുടെ രോമാഞ്ചമായിരുന്ന സ്റ്റെല്ലാ വാൽഷ്! അയാൾ പെട്ടെന്ന് ആംബുലൻസ് വിളിച്ചു. കിട്ടിയില്ല, അടുത്തുള്ള ആംബുലൻസിന്റെ ടയർ പഞ്ചറായിരുന്നു. തുടർന്ന് ഒരു പോലീസ് വാൻ എത്തിയാണ് സ്റ്റെല്ലയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്. ഡോക്ടർമാർ അടിയന്തരമായി ശസ്ത്രക്രിയ തുടങ്ങി. ഈ വിശിഷ്ടവ്യക്തിയെ നഷ്ടപ്പെടരുതല്ലോ. എന്നാൽ വിധി മറിച്ചായിരുന്നു. അമിതമായി രക്തംവാർന്ന സ്റ്റെല്ലയുടെ ജീവൻ രക്ഷിക്കാനായില്ല. ഓപ്പറേഷൻ മേശയിൽവച്ച് അവർ മരിച്ചു. വാർത്തയറിഞ്ഞ ലോകം ഞെട്ടി. കായികപ്രേമികൾ പ്രത്യേകിച്ചും.
ജീവിതരേഖ
സ്റ്റനിസ്ലോവ വലേസിവിക്സ് എന്ന സ്റ്റെല്ല വാൽഷ് 1911 ഏപ്രിൽ മൂന്നിന് പോളണ്ടിലെ ബ്രോഡ്നിക്ക എന്ന സ്ഥലത്ത് ജനിച്ചു. പിതാവ് ജൂലിയൻ വലേസിവിക്സ്, അമ്മ വെറോനിക്കാ. സ്റ്റനിസ്ലോവയ്ക്ക് ഒന്നരവയസുള്ളപ്പോൾ ആ കുടുംബം അമേരിക്കയിലേക്കു കുടിയേറി. ക്ലീവ്ലൻഡിൽ സ്ഥിരതാമസമാക്കി. അമേരിക്കയിൽവന്നശേഷം അവളുടെ പേരിൽ അല്പം മാറ്റംവരുത്തി- സ്റ്റനിസ്ലോവ വലേസിവിക്സ് എന്നതുമാറ്റി സ്റ്റെല്ലാ വാൽഷ് എന്നാക്കി. വീട്ടുകാർ അവളെ സ്റ്റാസിയ എന്നും നാട്ടുകാർ സ്റ്റെല്ലാ എന്നും വിളിച്ചു.
പുതിയ നാട്ടിൽ എത്തിയശേഷം സ്റ്റെല്ലയ്ക്ക് രണ്ട് അനുജത്തിമാർകൂടി ജനിച്ചു. സ്റ്റീൽ മില്ലിലെ ജോലിയിൽനിന്നു പിതാവിനു കിട്ടുന്ന ശന്പളംകൊണ്ട് ആ കുടുംബം വലിയ അല്ലലില്ലാതെ കഴിഞ്ഞുകൂടി. പഠിക്കുന്ന കാലത്തുതന്നെ ഓട്ടവും ചാട്ടവും ത്രോ ഇനങ്ങളും സ്റ്റെല്ലയ്ക്ക് ഹരമായിരുന്നു. കൂട്ടുകാർ അവളെ ആണുങ്ങളെപ്പോലെയെന്നു പറഞ്ഞു കളിയാക്കിയിരുന്നു.
1928ലാണ് സ്ത്രീകൾ ആദ്യമായി ഒളിന്പിക്സിലെ ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ പങ്കെടുത്തത്. 1932ലെ ലോസ് ആഞ്ചലസ് ഒളിന്പിക്സ് ആയിരുന്നു സ്റ്റെല്ലയുടെ ലക്ഷ്യം. 1930ൽ പ്രേഗിൽ നടന്ന വേൾഡ് ഗെയിംസിൽ 60മീ., 100മീ., 200മീ. എന്നിവയിലെ സ്വർണമെഡലുകൾ തൂത്തുവാരി സ്റ്റെല്ല ഒരുക്കം ഗംഭീരമാക്കി. ആ വർഷം മിൽറോസ് ഗെയിംസിൽ ഔട്ട്സ്റ്റാൻഡിംഗ് പെർഫോമർക്കുള്ള ട്രോഫിയും നേടി (ഈ ട്രോഫി പിന്നീടൊരു സ്ത്രീക്ക് കിട്ടിയത് 47 വർഷങ്ങൾക്കു ശേഷമാണെന്നറിയണം!).
പോളണ്ടിനുവേണ്ടി
1930കളിലെ സാന്പത്തികമാന്ദ്യംമൂലം സ്റ്റെല്ലയ്ക്ക് അമേരിക്കയിലുണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടു. അക്കാലത്ത് കളികളിൽ പങ്കെടുക്കാൻ കളിക്കാർ സ്വയം എല്ലാ ചെലവുകളും വഹിക്കുക എന്നതായിരുന്നു രീതി. ആ സാഹചര്യത്തിൽ പോളണ്ടാണ് സ്റ്റെല്ലയുടെ സഹായത്തിനെത്തിയത്. അമേരിക്കയിലെ പോളിഷ് എംബസിയിൽ ജോലികിട്ടിയത് സ്റ്റെല്ലക്ക് വലിയ സഹായമായിരുന്നു. അതുകൊണ്ടുതന്നെ 1932ലെ ഒളിന്പിക്സിൽ പോളണ്ടിനുവേണ്ടിയാണ് അവർ പങ്കെടുത്തത്. 100 മീറ്ററിൽ റിക്കാർഡിട്ട് സ്വർണംനേടിയെങ്കിലും അമേരിക്കൻ പൊതുസമൂഹം അതിൽ സന്തോഷിച്ചില്ല. അവർ സ്റ്റെല്ലയോട് അകൽച്ചകാട്ടി. 1936ലും പോളണ്ടിനുവേണ്ടി ബെർലിൻ ഒളിന്പിക്സിൽ പങ്കെടുത്തു. അതുകൊണ്ടുതന്നെ ഒളിന്പിക്സ് ഗോൾഡ് മെഡലിസ്റ്റുകൾക്ക് അമേരിക്കയിൽ കിട്ടുന്ന പ്രലോഭിപ്പിക്കുന്ന വരുമാനം അവർക്ക് കിട്ടിയിരുന്നില്ല.
അമേരിക്കൻ പൊതുസമൂഹത്തിന് അവരുടെ വേർപാട് ദുഃഖകരമായിരുന്നോ എന്നുറപ്പില്ല. എന്നാൽ അവിടെയുള്ള പോളിഷ് സമൂഹത്തിന് ഉൾക്കൊള്ളാനാകാത്തതായിരുന്നു ആ മരണം. സ്റ്റെല്ലയുടെ മൃതദേഹം ക്ലീവ്ലൻഡിലെ സേക്രഡ് ഹാർട്ട് പള്ളിയിലാണ് സംസ്കരിച്ചത്. ഒട്ടേറെ പോളിഷ് അമേരിക്കക്കാർ ചടങ്ങിൽ സംബന്ധിച്ചു. ശവകുടീരത്തിൽ അവരുടെ പേരും രണ്ടു കുരിശുകളും ഒളിന്പിക്സ് വളയങ്ങളും "ഒളിന്പിക്സ് ചാന്പ്യൻ’ എന്നും മുദ്രണം ചെയ്തിട്ടുണ്ട്.
ആ ഞെട്ടിക്കുന്ന രഹസ്യം
കൊലപാതകമായതുകൊണ്ട് സ്റ്റെല്ലയുടെ മൃതദേഹം സ്വാഭാവികമായും പോസ്റ്റ്മോർട്ടം ചെയ്യേണ്ടിവന്നു. അതോടെ ഞെട്ടിക്കുന്ന ഒരു രഹസ്യം വെളിവായി. ഒരുപക്ഷേ സ്റ്റെല്ലയ്ക്കും മാതാപിതാക്കൾക്കും മാത്രം അറിയാമായിരുന്ന രഹസ്യം! പോസ്റ്റ്മോർട്ടം ടേബിളിൽ ആ സത്യമറിഞ്ഞ് ഡോക്ടർമാർ സ്തബ്ധരായി അന്യോന്യം നോക്കി- സ്റ്റെല്ല പൂർണമായും ഒരു സ്ത്രീയല്ല, പുരുഷനായിരുന്നു! വാർത്തയറിഞ്ഞ് ലോകം അന്പരന്നതു ചരിത്രം.
SUNDAY DEEPIKA
നാട്ടുമാവുകളുടെ രുചിയുള്ള കഥ...
ഇക്കൊല്ലം നാടെങ്ങും മാവുകള്‍ ഇലമൂടി പൂവിട്ടിരിക്കുന്നു. പൂങ്കുലകള്‍ ഉച്ചവെയിലില്‍ സ്വര്ണക്കുപ്പായംപോലെ തിളങ്ങുമ്പോള്‍ തോന്നിപ്പോകും, ഇതില്‍ അഞ്ചുശതമാനമെങ്കിലും കായ് പിടിച്ചാല്‍ ഇക്കൊല്ലം മാമ്പഴത്താല് നാടു മധുരിക്കുമെന്ന്. മകരത്തിലെ മഞ്ഞും തണുപ്പും മാമ്പൂക്കളുടെ സമൃദ്ധിക്കു കാരണമായിട്ടുണ്ട്.
കണ്ണിമാങ്ങ മുതല്‍ മാമ്പഴമധുരമെത്തുംവരെ അച്ചാറും ഉപ്പിലിട്ടതും ചമ്മന്തിയും കറിയുമൊക്കെയായി മാങ്ങ അടുക്കളയില്‍ വിലസും. പഴുക്കുന്നതോടെ മാമ്പഴപ്പുളിശേരി മുതല്‍ പായസവും ഹല്‍വയും മാങ്ങാത്തെരയുമൊക്കെയാകും.
ഇത്തവണ കൃത്യമായ ഋതുവില്ത്തന്നെ മാവുകള്‍ പൂത്തിട്ടുണ്ട്. കണ്ണിമാങ്ങയാകുന്നതിനു മുന്‍പ് മഴ ചതിച്ചില്ലെങ്കില്‍ വരുംമാസങ്ങളില്‍ മാങ്ങയും മാമ്പഴവും സുലഭമായിരിക്കും. സങ്കരയിനം മാവുകളുടെ വരവോടെ കേരളത്തിന് നൂറിനം നാട്ടുമാവുകള്‍ കൈമോശംവന്നു. നാട്ടുമാവുകള്‍ക്ക് പരക്കേ കോടാലിവച്ചുകൊണ്ടിരിക്കെയും പഴയ ഇനം മാവുകളെ വീണ്ടെടുത്തുവരുന്ന നാട്ടുകൂട്ടങ്ങള്‍ പലതുണ്ട്. കേരളത്തില്‍ മാത്രം 1200ല്‍ പരം നാടന്‍ മാവിനങ്ങള്‍ ഉണ്ടായിരുന്നതായി ഹോര്‍ത്തൂസില്‍ ഹെന്‍ട്രിക് ആഡ്രിയന് വാന്‍ റീഡ് പരാമര്‍ശിക്കുന്നുണ്ട്. കുന്നുകളും മേടുകളും നിയന്ത്രണമില്ലാതെ വെളുപ്പിക്കപ്പെട്ടപ്പോള് വെട്ടിവീഴ്ത്തിയതേറെയും നാട്ടുമാവുകളായിരുന്നു. വിറകാവശ്യത്തിനും നാട്ടുമാവുകളെ നിലത്തുവീഴ്ത്തി.
നാട്ടുമാവുകള്‍ 150 മുതല്‍ 300 വര്‍ഷംവരെ വളരുമ്പോള്‍ 35 വര്‍ഷം മാത്രമാണ് സങ്കരയിനം ഒട്ടുമാവുകളുടെ ആയുസ്. ചന്ത്രക്കാരന്, കിളിച്ചുണ്ടന്‍, മൂവാണ്ടന്‍, പഞ്ചാരവരിക്ക, കോട്ടുകോണം, നീലം, വെള്ളരി, പുളിയന്‍, കപ്പമാങ്ങ, ഗോമാങ്ങ, ചക്കരമാങ്ങ, ചിരിമാങ്ങ, ചോപ്പന്, കയ്പന്‍, കിളിമാങ്ങ, മധുരപ്പുളിയന്, വെള്ളമാങ്ങ, വെള്ളംകൊള്ളി തുടങ്ങി നൂറുകണക്കിനു മാങ്ങാരുചികളാല് സമ്പന്നമായിരുന്നു കേരളം. പഴങ്ങളിലെ രാജാവാണ് മാങ്ങ. ഇന്ത്യയുടെ ദേശീയഫലമെന്ന സ്ഥാനവും മാങ്ങയ്ക്കുണ്ട്.
കണ്ണപുരത്തെ മാവുവിശേഷം
തനതുരുചികളെ തിരികെപ്പിടിച്ച് മാവുഗ്രാമമൊരുക്കുകയാണ് കണ്ണൂര്‍ ജില്ലയില്‍ 230 ഇനം മാവുകളുള്ള കണ്ണപുരം ഗ്രാമം. നൂറിലധികം നാട്ടുമാവുകളുള്ള പ്രദേശമാണ് കണ്ണപുരത്തിനു കിഴക്കുള്ള ചുണ്ട കുറുവക്കാവ്. നാട്ടുമാവ് സംരക്ഷണ കേന്ദ്രവും ഗവേഷണ കേന്ദ്രവുമാണ് കണ്ണപുരം. കാലാപ്പാടി, ബബ്ലൂസ്, പവിഴരേഖ, സിന്ദൂരരേഖ, സിന്ദൂരപുളിയന്, ചെമ്പന്‍ മധുരം, കരിമീന്‍ കൊക്കന്, തേനുണ്ട, മഞ്ഞക്കല്ക്കണ്ടം, മഞ്ഞ ബപ്പായി, സുലോചന, അന്നപൂര്‍ണ, കണ്ണപുരം മാങ്ങ, വല്യത്താന്, മൂവാണ്ടന്‍, ചെനയന്‍, മഞ്ഞ ചോപ്പന്, മഞ്ഞ കടുക്കാച്ചി, മൊരംപുളിയന്, പവിഴരേഖ, വരിക്ക മാങ്ങ, കാലപ്പടി, ബപ്പാക്കായി, മഞ്ഞപഞ്ചാര, കസ്തൂരി, പെരിയന്‍ മാങ്ങ, ആനപ്പള്ളി, ആപ്പിള്‍ മാങ്ങ എന്നിങ്ങനെ നീളുന്നു കണ്ണപുരം ഇനങ്ങൾ.
എട്ടു വര്ഷംമുന്പ് ആരംഭിച്ച "നാട്ടുമാഞ്ചോട്ടില്' എന്ന കൂട്ടായ്മാണ് ഇതിന് നേതൃത്വം നല്‍കുന്നത്. അപൂര്‍വ ഇനം എവിടെയെങ്കിലും ഉണ്ടെന്നറിഞ്ഞാല്‍ കൂട്ടായ്മയിലെ അംഗങ്ങള്‍ സ്ഥലത്തെത്തി കമ്പുകള്‍ ശേഖരിക്കും. ഇവയെ ഗ്രാഫ്റ്റ് ചെയ്ത് തൈകള്‍ ഉത്പാദിപ്പിച്ച് പലയിടങ്ങളില്‍ നട്ടു സംരക്ഷിക്കും. ആലപ്പുഴയില്‍നിന്ന് തോട്ടുക്കല്, വലിയ പഞ്ചാരച്ചി, നീലക്കര്പ്പൂരം, കണ്ണൂരില്‍നിന്ന് കൊട്ടിലക്കരിക്ക്, പട്ടുവം തേങ്ങമാങ്ങ, അമ്പന്‍ മധുരം എന്നിവയും പാലക്കാട്, കൊല്ലം, കാസര്‍ഗോഡ് ജില്ലകളിലെ പേരില്ലാത്ത ഇനങ്ങളും ഇവിടെ എത്തിച്ചിട്ടുണ്ട്.
കണ്ണപുരം ചുറ്റുപാടില്‍ നാല്പതില്പരം അച്ചാര്‍ മാങ്ങകളുണ്ട്. അച്ചാര്‍ മാങ്ങകള്‍ക്കു കര്‍ണാടകത്തില്‍ പറയുന്ന പേരാണ് അപ്പോമെടി. അവിടെ 47 ഇനം നാടന്‍ മാങ്ങകളെ അച്ചാറിനുവേണ്ടി കണ്ടെത്തിവച്ചിട്ടുണ്ട്.
വേരറ്റുപോയ ഇനങ്ങളേറെ
കര്പ്പൂരവരിക്ക, ആണ്ടില്‍ മൂന്നു തവണ വിളവുതരുന്ന തൂളി മാങ്ങ, കിളിച്ചുണ്ടന്‍, കസ്തൂരിമാങ്ങ, കര്‍പ്പൂര മാങ്ങ, പോളച്ചിറ, നെടുങ്ങാലന്, കോട്ടുക്കോണം, മൂവാണ്ടന്‍, പേരയ്ക്കാ മാങ്ങ, മുതലമൂക്കന്‍ കപ്പമാങ്ങ, ഒളാര് മാങ്ങ തുടങ്ങിയവ ഇവിടെ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ഇനങ്ങളില്‍ ചിലതാണ്. ഇന്റര്‍നാഷനല്‍ സൊസൈറ്റി ഫോര്‍ ഹോര്‍ട്ടികള്‍ച്ചര്‍ സയന്‍സ് സംഘടിപ്പിച്ച 2019ലെ മാങ്ങ സിമ്പോസിയത്തില്‍ നാടന്‍ മാവുകളുടെ നാടുനീങ്ങല് പ്രധാന ചര്‍ച്ചാവിഷയമായിരുന്നു. ഓരോ വര്‍ഷവും ശരാശരി ഇരുപതിനം മാവിനങ്ങള്‍ ലോകത്ത് നഷ്ടപ്പെടുകയാണെന്ന് സിമ്പോസിയം വിലയിരുത്തി.
കേരളത്തില്‍ അരിപ്പൊടിയനും മയില്പ്പീലിയനും മുതലമൂക്കനും ചുവന്ന ചിങ്കിരിയും കോട്ടമാങ്ങയും ഇളമാങ്ങയും കഞ്ഞിക്കലത്തനും ബപ്പക്കായിയും കോട്ടമാങ്ങയും ചെമ്പന്മധുരവും മഞ്ഞപ്പഞ്ചാരയും കുറുക്കന് മാങ്ങയും തൊണ്ടേല്കുടുങ്ങിയുമൊക്കെ വംശനാശത്തിലാണ്.
മാവുകളുടെ പേരുകള്‍തന്നെ അവയുടെ രുചിയും നിറവും ആകൃതിയും വ്യക്തമാക്കുന്നു. കണ്ണൂര്‍ എരിപുരത്തെ മാവിനമാണ് മക്കളെപ്പൊത്തി. മാങ്ങ പുറത്തുകാണിക്കാതെ ഇലകൊണ്ട് മറച്ചുവയ്ക്കുമെന്നതാണ് പ്രത്യേത. അന്‍പതു ഗ്രാം മാത്രം തൂക്കത്തില്‍ നെല്ലിക്ക വലിപ്പത്തിലുള്ള കണ്ണപുരത്തെ വിശേഷാല്‍ ഇനമാണ് തൊണ്ടേല്ക്കുടുങ്ങി. തൊണ്ടേല്ക്കുടുങ്ങി കണ്ണൂര്‍ മയ്യിലിലൂം കണ്ണപുരത്തുമേ കാണാനുള്ളു. തേങ്ങയുമായി സാമ്യമുള്ള രണ്ടു കിലോവരുന്ന തേങ്ങാമാങ്ങ പട്ടുവത്തും പരിസരത്തും കാണാം. മുതലയുടെ പുറംഭാഗംപോലെ പരുക്കനായ മുതലമൂക്കന്‍ തൃശൂരിലെ ഇനമാണ്. കണ്ണൂര്‍ കണ്ണപുരം അയ്യോത്താണ് കരിമീന്‍ കൊക്കനുള്ളത്. നിറംകൊണ്ടു ശ്രദ്ധേയമാണ് കണ്ണപുരം ചുവപ്പും പവിഴരേഖയും തീപ്പുളിയനും.
തിരികെ പിടിക്കാം നാട്ടുമാവിനെ
കേരളത്തില്‍ നാടന്‍ മാവ് സംരക്ഷണം അടുത്ത കാലത്ത് സജീവമായിട്ടുണ്ട്. അന്യംനിന്നുപോകുന്ന മാവുകളെപ്പറ്റിയുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള കാര്‍ഷിക സര്‍വകലാശാലയാണ് തുടക്കംകുറിച്ചിരിക്കുന്നത്. കേരളത്തിന്റെ തനത് മാവിനങ്ങളെ നിലനിര്‍ത്താന്‍ വിത്തുകള്‍ ശേഖരിച്ച് തൈകള്‍ നട്ടുവളര്‍ത്താനുള്ള ശ്രമങ്ങളും സര്‍വകലാശാല നടത്തുന്നു. നാടന്മാവു സംരക്ഷണം ലക്ഷ്യമാക്കി തൃശൂര്‍ കേന്ദ്രമാക്കി നാടന്‍ മാവുകള്‍ എന്ന ഫേസ്ബുക്ക് കൂട്ടായ്മ സജീവമാണ്. മഞ്ഞതേനി, ആലിക്കുട്ടി, ശെങ്കുട്ടവന് എന്നിവയൊക്കെ ഇവര്‍ തൃശൂരില്‍നിന്നു കണ്ടെത്തിയ നാട്ടുമാവുകളില്‍ ചിലതാണ്. വിത്ത് മുളപ്പിച്ച് ഇവര്‍ ആവശ്യക്കാര്‍ക്ക് സൗജന്യമായി കൊടുക്കുന്നുണ്ട്. ഏഴു വര്‍ഷം മുന്‍പു തുടങ്ങിയ കൂട്ടായ്മയില്‍ നിലവില്‍ മുപ്പതിനായിരത്തിലധികം അംഗങ്ങളുണ്ട്.
SUNDAY DEEPIKA
മോട്ടോർ സൈക്കിളിനെ ആരാധിക്കുന്ന ഒരു ക്ഷേത്രം ഇന്ത്യയിലുണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? അതാണ് ബുള്ളറ്റ് ബാബാ ക്ഷേത്രം.രാജസ്ഥാനിലെ പാലി ജില്ലയില്‍, ജോധ്പുര്‍ പാലി ദേശീയപാതയോരത്താണ് ഈ ക്ഷേത്രമുള്ളത്. ഒം ബന്ന ധാം എന്ന പേരിലും ഈ അമ്പലം അറിയപ്പെടുന്നു. ഒരു മോട്ടോര്‍ സൈക്കിളിനെ ദൈവമായി ആരാധിക്കുന്ന ലോകത്തിലെ ഏക ക്ഷേത്രവും ഇതായിരിക്കും. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റാണ് ഈ ക്ഷേത്രത്തിലെ ആരാധനാമൂര്‍ത്തി.
ഇനി ക്ഷേത്രത്തിന്റെ ചരിത്രത്തിലേക്ക് വരാം. 1988 മേയ് 16നാണ് കഥ ആരംഭിക്കുന്നത്. ചോത്തില ഗ്രാമത്തിലെ താക്കൂര്‍ ജോഗ് സിംഗിന്റെ മകനായ ഓം സിംഗ് റാത്തോഡ് RNJ 7773 എന്ന നമ്പരുള്ള തന്റെ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ യാത്ര ചെയ്യവേ ഒരു വളവില്‍വച്ച് മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. നാട്ടുകാര്‍ സ്നേഹത്തോടെ ഓം ബന്ന എന്ന് വിളിച്ചിരുന്ന യുവാവ് അവര്‍ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു.
അപകടത്തിനുശേഷം പോലീസ് ബുള്ളറ്റ് കസ്റ്റഡിയിലെടുത്ത് അടുത്തുള്ള സ്റ്റേഷനില്‍ എത്തിച്ചു. എന്നാല്‍ പിറ്റേന്ന് രാവിലെ നോക്കിയപ്പോള്‍ ബൈക്ക് സ്റ്റേഷനില്‍ ഇല്ലായിരുന്നു. പോലീസ് നടത്തിയ തെരച്ചിലില്‍ അപകടംനടന്ന സ്ഥലത്തുതന്നെ ബൈക്ക് തിരികെ എത്തിയതായി കണ്ടെത്തി.
പോലീസ് വീണ്ടും ബൈക്ക് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇത്തവണ ടയറിലെ കാറ്റ് അഴിച്ചുവിടുകയും ചങ്ങലയിട്ട് പൂട്ടുകയുംചെയ്തു. എന്നാല്‍ പിറ്റേന്ന് രാവിലെയും ബൈക്ക് പോലീസ് സ്റ്റേഷനില്‍ നിന്ന് അപ്രത്യക്ഷമാവുകയും അന്വേഷണത്തില്‍ അപകടംനടന്ന വളവില്‍ കണ്ടെത്തുകയും ചെയ്തുവത്രേ.
ഈ സംഭവങ്ങള്‍ക്കു ശേഷമാണ്, ഇത് സാധാരണ കാര്യമല്ലെന്ന വിശ്വാസം നാട്ടുകാര്‍ക്കിടയില്‍ ശക്തമായത്. ഒം ബന്നയുടെ ആത്മാവാണ് ബൈക്കിലൂടെ സാന്നിധ്യം അറിയിക്കുന്നതെന്നായിരുന്നു അവരുടെ വ്യാഖ്യാനം. ബുള്ളറ്റ് തനിയേ അപകട സ്ഥലത്തേക്ക് വരുന്നത് പതിവായതോടെ, അതിനെ അവിടെതന്നെ നിലനിര്‍ത്താന്‍ നാട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു. അപകടം നടന്ന സ്ഥലം ക്രമേണ ഒരു ചെറിയ ആരാധനാലയമായി മാറി. ഇന്ന് അവിടെ ഒം ബന്നയുടെ ഫോട്ടോയും, ബുള്ളറ്റും, പൂജാസാമഗ്രികളും കാണാം. യാത്രക്കാര്‍ ഇവിടെ സുരക്ഷിതയാത്രയ്ക്കായി പ്രാര്‍ഥിക്കുക പതിവാണ്.
ഹൈവേ 62ലൂടെ (പഴയ എൻഎച്ച് 65) പോകുന്ന യാത്രക്കാരിൽ പലരും ഓം ബന്നയുടെ അനുഗ്രഹം വാങ്ങാതെ പോയാല്‍ അപകടം സംഭവിക്കുമെന്ന് വിശ്വസിക്കുന്നു. മദ്യപിച്ച് വാഹനം ഓടിക്കുന്നവരോട് ഓം ബന്ന ക്ഷമിക്കില്ലെന്നൊരു ജനവിശ്വാസവും നിലനില്ക്കുന്നു. അതേസമയം, ബൈക്ക് സ്വയം തിരിച്ചെത്തിയെന്ന കഥയ്ക്ക് ശാസ്ത്രീയ തെളിവുകൾ യാതൊന്നുമില്ല. ഒരു റോഡപകടം എങ്ങനെ ഒരു പ്രാദേശിക ദൈവകഥയായി മാറി എന്നത് ഇന്ത്യന്‍ സമൂഹത്തിലെ വിശ്വാസത്തിന്റെ ശക്തിയെയാണ് കാണിക്കുന്നത്.
SUNDAY DEEPIKA
ഡാഫ്നെ ദു മോറിയർ - സ്വതന്ത്ര പരിഭാഷ
റെബേക്ക എനിക്കൊരു പേടിസ്വപ്നമായിരുന്നു. മാക്സിം ഒരിക്കലും റെബേക്കയെ സ്നേഹിച്ചിട്ടില്ലെന്നു ബോധ്യമായപ്പോൾ എന്റെ ഉള്ളിലെ ഭയം തീർന്നു. വീട്ടിനുള്ളിലെ അവളുടെ അദൃശ്യസാന്നിധ്യവും ശക്തിയും എല്ലാം ആവിയായിപ്പോയി. ഞാനിപ്പോൾ അവളെ ഭയപ്പെടുന്നില്ല. അവൾക്കെന്നെ ഉപദ്രവിക്കാൻ കഴിയില്ല.
എന്നിൽ ഭയം കുത്തിവച്ചതും അതുവച്ച് മുതലെടുത്തതും റെബേക്കയെ അന്ധമായി ആരാധിച്ചിരുന്ന മിസിസ് ഡാൻവേഴ്സാണ്. ആ സ്ത്രീ എന്റെ സാന്നിധ്യം ഇഷ്ടപ്പെട്ടില്ല. അവർക്കിപ്പോഴും ഉള്ളാലെ എന്നെ വെറുപ്പാണ്. പക്ഷേ ഞാനതു വകവയ്ക്കുന്നില്ല.
ഫോണ്‍വിളി അറ്റൻഡ് ചെയ്യാൻപോയ മാക്സിം തിരിച്ചുവന്നു. ""കേണൽ ജൂലിയനാണ് വിളിച്ചത്. അദ്ദേഹം ക്യാപ്റ്റൻ സിറിലുമായി സംസാരിച്ചു. അദ്ദേഹവും നാളെ രാവിലെ എന്നോടൊപ്പം വരുന്നുണ്ട്.''
""കേണൽ ജൂലിയൻ എന്തിനാണ് വരുന്നത്?''
""അദ്ദേഹം കെരിത്തിലെ മജിസ്ട്രേറ്റാണ്. ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ആവശ്യമാണ്. അദ്ദേഹം മാത്രമല്ല, ഒരു ഡോക്ടർ, പിന്നെ പോലീസ് ഇൻസ്പെക്ടർ.''
""എന്തിനാ പോലീസ് ഇൻസ്പെക്ടർ?''
""അതു നിയമമാണ്. ഒരു ബോഡി കണ്ടെടുക്കുന്പോൾ അദ്ദേഹത്തിന്റെ സാന്നിധ്യം കൂടിയേതീരൂ. അദ്ദേഹമാണ് മഹസർ തയാറാക്കുക. അതാണ് കോടതി പരിഗണിക്കുക.''
അപ്പോഴേക്കും ലിറ്റിൽ റൂമിൽനിന്നു വീണ്ടും ഫോണിന്റെ ബെല്ലടി. മാക്സിം ക്ഷമയറ്റപോലെ പറഞ്ഞു: ""ഫോണ്വച്ച് ഇങ്ങോട്ട് എത്തിയില്ല, അപ്പോഴേക്കും വീണ്ടും ബെല്ലടി.... നാശം!''
ലിറ്റിൽ റൂമിൽ പോയി ഫോണ്‍ അറ്റൻഡ് ചെയ്ത് വേഗം തിരിച്ചുവന്നു.
""അവർ തുടങ്ങി. ഇനി സ്വൈരം കിട്ടില്ല.''
""എന്താ? ആരാ വിളിച്ചത്?''
""പത്ര റിപ്പോർട്ടറാണ്. അയാളുടെ ചോദ്യം- അന്തരിച്ച മിസിസ് മാക്സിമിന്റെ ബോട്ട് കണ്ടെത്തിയെന്നു കേട്ടല്ലോ എന്ന്.''
""മാക്സിം എന്തു പറഞ്ഞു?''
""ശരിയാണ് ഒരു ബോട്ട് കണ്ടെത്തി, അത്രമാത്രം എനിക്കറിയാം. അതു മിസിസ് മാക്സിമിന്റെ ബോട്ടാണോയെന്ന് അറിയില്ലെന്നു പറഞ്ഞു.''
""അത്രയേ ചോദിച്ചുള്ളൂ?''
""ബോട്ടിന്റെ കാബിനിൽ ഒരു ബോഡി കണ്ടെത്തിയെന്ന് ഒരു ശ്രുതി കേട്ടല്ലോ. വാസ്തവമാണോ? എനിക്കറിയില്ല. ഇതേപ്പറ്റി എനിക്കൊന്നും പറയാനില്ല. ദയവുചെയ്ത് വീണ്ടും വീണ്ടും വിളിച്ച് എന്നെ ശല്യംചെയ്യരുതെന്നു ഞാൻ പറഞ്ഞു.''
""മാക്സിം അങ്ങനെയൊന്നും പറയരുത്. ഇത്തരം കാര്യങ്ങളിൽ പത്രക്കാരുടെ സഹകരണം നമുക്കുവേണം. അവരെ നമ്മുടെ ഭാഗത്തുനിർത്തണം. അവരെ പിണക്കരുത്.''
""ഈ കേസിൽ ഫൈറ്റ് ചെയ്യേണ്ടിവന്നാൽ ഞാൻ ഒറ്റയ്ക്കു ഫൈറ്റ് ചെയ്യും. അതിനു പത്രക്കാരൻ കൂടെവേണമെന്നില്ല. എന്തായാലും നാളെ രാവിലെവരെ കാത്തിരിക്കാം.''
ഡിന്നറിനു സമയമായപ്പോൾ ഞങ്ങൾ ഡൈനിംഗ് റൂമിലേക്കു പോയി. ഫ്രിത്ത് ഭക്ഷണംവിളന്പി. അയാളുടെ മുഖം മ്ലാനമായിരുന്നു. ഭാവരഹിതമായിരുന്നു. അയാൾ കെരിത്തിൽനിന്ന് എന്തെങ്കിലും കേട്ടുകാണും. ഞങ്ങൾ ഒന്നും ചോദിച്ചില്ല. തിരിച്ചു ലൈബ്രറിയിലേക്കു പോന്നു.
രാത്രി മഴ നന്നായി പെയ്തിട്ടുണ്ടാവണം. രാവിലെ ഏഴുമണിക്ക് ഞാൻ ഉണർന്ന് പുറത്തേക്കു നോക്കിയപ്പോൾ റോസ് ഗാർഡനിലെ ചെടികളിലും പൂക്കളിലും പുൽത്തകിടിയിലും വെള്ളം കാണാമായിരുന്നു. മാക്സിം എന്നെ വിളിച്ചുണർത്താതെതന്നെ നേരത്തേ പോയിരിക്കുന്നു. ഇപ്പോൾ അവരെല്ലാം അവിടെയെത്തി കടലിന്റെ അടിയിൽനിന്ന് ബോട്ട് ഉയർത്താനുള്ള ശ്രമത്തിലായിരിക്കും.
ഞാൻ കുളിച്ചു ഡ്രെസ് മാറി ഒന്‍പതുമണിയോടെ ബ്രേക്ക്ഫാസ്റ്റിന് ചെന്നിരുന്നു. ഫ്രിത്ത് വിളന്പി. അയാളുടെ മുഖം മങ്ങിയിരുന്നു. പഴയ ഉണർവില്ല. ഞാൻ ഉൗഹിച്ചപോലെ എന്തെങ്കിലുമൊക്കെ ശ്രുതി കേട്ടുകാണും. ഫ്രിത്ത് ചോദിച്ചു:
""സാറിന് ബ്രേക്ക്ഫാസ്റ്റ് ചൂടാക്കിവയ്ക്കണോ മാഡം?''
""എനിക്കറിയില്ല. അതിരാവിലെ എഴുന്നേറ്റ് എങ്ങോട്ടോ പോയി. എപ്പോൾ വരുമെന്നറിയില്ല.''
ഞാൻ എഴുന്നേറ്റ് മോണിംഗ് റൂമിലേക്കു പോയി. അവിടെ ഇന്നത്തെ മെനു മേശപ്പുറത്തുവച്ചിരിക്കുന്നതു നോക്കി. അതിലെ ഇനങ്ങൾ മിക്കതും രണ്ടുദിവസം മുന്‍പത്തെ ആഘോഷപരിപാടിയിലെ ഡിന്നറിനു തയാറാക്കിയ അതേ ഇനങ്ങൾ. ബാക്കിവന്നവ ചൂടാക്കി ഇന്നലെ ലഞ്ചിനു വിളന്പി. ഞാനതു തൊട്ടില്ല. വേലക്കാർ അതും തിന്നിട്ടുണ്ടാവും. ഞാൻ ഉടനെ ബെല്ലടിച്ച് റോബർട്ടിനെ വിളിച്ചു. എന്നിട്ടു പറഞ്ഞു: ""മിസിസ് ഡാൻവേഴ്സിനോടു പറയൂ, ലഞ്ചിന് ചൂടുള്ള ഭക്ഷണം വേണമെന്ന്. തണുത്തു പഴകിയ ഇനങ്ങൾ ഇനിയും ബാക്കിയുണ്ടെങ്കിൽ അത് ഡൈനിംഗ് റൂമിൽ കൊണ്ടുവരേണ്ട. മനസിലായോ?''
""ശരി മാഡം, ഞാനതു പറയാം.''
കുറച്ചു കഴിഞ്ഞപ്പോൾ വാതിലിൽ മുട്ടുകേട്ടു.
""കടന്നുവരൂ!''
വന്നത് മിസിസ് ഡാൻവേഴ്സ്. അവരുടെ മുഖം വിളറിയും ക്ഷീണിച്ചുമിരുന്നു.
""എന്താ മാഡം റോബർട്ടിനോടു പറഞ്ഞ് മെനു തിരിച്ചയച്ചത്? എന്തേ അങ്ങനെ ചെയ്തത്?''
ഞാനവരെ സൂക്ഷിച്ചൊന്നു നോക്കി.
""അതിലെ ചില ഇനങ്ങൾ ഇന്നലത്തെ മെനുവിലും കണ്ടു. ഇന്നു പുതിയ, ചൂടുള്ള ഇനങ്ങൾ വേണം. പഴയവ കിച്ചണിലുള്ളവർ കഴിക്കുന്നില്ലെങ്കിൽ ദൂരെക്കളഞ്ഞേക്ക്. ഏതായാലും അത്തരം ഭക്ഷണം ധാരാളമായി പുറത്തുകളയുന്ന കൂട്ടത്തിൽ ഇതുകൂടിയാവട്ടെ.''
പറഞ്ഞത് അവർക്കു രസിച്ചില്ലെന്ന് ആ മുഖവും നോട്ടവും വിളിച്ചുപറഞ്ഞു.
""റോബർട്ട് വഴി മെസേജ് എനിക്കു കിട്ടുന്ന പതിവില്ല. ഞാൻ കൊടുത്തയയ്ക്കുന്ന മെനുവിൽ എന്തെങ്കിലും മാറ്റം വേണമെങ്കിൽ മിസിസ് മാക്സിം ഈ ഹൗസ്ഫോണിൽ വിളിച്ച് എന്നോടു നേരിട്ടുപറയാറാണു പതിവ്.''
""മിസിസ് മാക്സിം മുന്‍പ് എന്തുചെയ്തിരുന്നു എന്നത് എനിക്കു പ്രശ്നമല്ല. ഇപ്പോൾ മിസിസ് മാക്സിം ഞാനാണ്. റോബർട്ട് വഴി മെസേജ് കൊടുത്തയയ്ക്കാനാണ് ഞാനാഗ്രഹിക്കുന്നതെങ്കിൽ ഞാനതുചെയ്യും.''
ഈ സമയത്ത് റോബർട്ട് കടന്നുവന്നിട്ടു പറഞ്ഞു:
""മാഡം! ക്രോണിക്കിൾ പത്രത്തിന്റെ ഓഫീസിൽനിന്നു മാഡത്തിനെ ഫോണിൽ വിളിക്കുന്നു.''
""ഞാൻ ഇവിടെയില്ലെന്ന് അവരോടു പറയൂ.''
""യെസ് മാഡം.''
റോബർട്ട് ഉടനെ തിരിച്ചുപോയി.
മിസിസ് ഡാൻവേഴ്സിനോടു ഞാൻ പറഞ്ഞു: ""വേറെയൊന്നും സംസാരിക്കാനില്ലെങ്കിൽ, പോയി ചൂടുള്ള ഭക്ഷണത്തിനുവേണ്ട ഏർപ്പാടുചെയ്യൂ! ഞാൻ അല്പം ബിസിയാണ്.''
""ക്രോണിക്കിൾ പത്രക്കാർ മാഡത്തിനോടു സംസാരിക്കണമെന്നു പറഞ്ഞത് എന്തിനാണാവോ? എന്തിനാണെന്ന് എനിക്കറിയില്ല.''
""കെരിത്തിൽ പോയിട്ട് ഇന്നലെ രാത്രി വന്ന ഫ്രിത്ത് പറഞ്ഞു, റെബേക്ക മാഡത്തിന്റെ ബോട്ട് കണ്ടെത്തിയെന്ന്.''
""അങ്ങനെ ഒരു ബോട്ട് കണ്ടെത്തിയോ? എനിക്ക് അതേപ്പറ്റി ഒന്നുമറിയില്ല.''
""ക്യാപ്റ്റൻ സിറിൽ ഇന്നലെ വന്ന് മാഡത്തിനെ കണ്ടെന്നു റോബർട്ട് പറഞ്ഞല്ലോ. ഫ്രിത്ത് പറഞ്ഞത് മുങ്ങൽവിദഗ്ധനാണ് വെള്ളത്തിനടിയിൽ ബോട്ട് കണ്ടെത്തിയതെന്നാണ്.''
""ആയിരിക്കാം. എന്തായാലും മാക്സിം വരട്ടെ. എല്ലാം അറിയാം.''
""സാറ് അതിരാവിലെ പോയത് എന്തിനാണ്?''
""അത് ആ ആളോടുതന്നെ ചോദിക്കണം. ഇതൊക്കെ എന്നോടു ചോദിച്ചിട്ടെന്താ കാര്യം? നിങ്ങൾക്കുള്ള അറിവുമാത്രമേ എനിക്കുമുള്ളൂ. ശരി, പോയി ലഞ്ചിന്റെ കാര്യങ്ങൾ നോക്കൂ.''
എന്നെ നല്ലവണ്ണമൊന്നു തറച്ചുനോക്കിയിട്ടാണ് അവർ പോയത്. ആ സ്ത്രീക്ക് ഇനിയെന്നെ ഭയപ്പെടുത്താൻ പറ്റില്ല. റെബേക്ക വഴിയുള്ള അവരുടെ ശക്തി അന്പേ നഷ്ടപ്പെട്ടിരിക്കുന്നു. അവർ എന്തു ചെയ്താലും പറഞ്ഞാലും അതെന്നെ തെല്ലും ബാധിക്കില്ല.
ഫ്രിത്ത് വന്നിട്ടു പറഞ്ഞു: ""സാറ് മാഡത്തിനെ ഫോണിൽ വിളിക്കുന്നു.''
ഞാൻ ഉടനെ പോയി അറ്റൻഡ് ചെയ്തു.
""ഹലോ! ഞാൻ ഓഫീസിൽനിന്നാണ് വിളിക്കുന്നത്. ഫ്രാങ്കും എന്റെ അരികിൽത്തന്നെയുണ്ട്. കേണൽ ജൂലിയനും ഫ്രാങ്കും ലഞ്ചിനുണ്ടാകും. ഞങ്ങൾ ഒരുമണിക്ക് എത്തും.''
ഫ്രാങ്കിന്റെ സാന്നിധ്യം ഉള്ളതുകൊണ്ടും അയാൾക്ക് സംശയം തോന്നാതിരിക്കാനും അതിരാവിലെ പോയതിന്റെ കാര്യങ്ങൾ വളരെ സാധാരണമട്ടിലാണ് മാക്സിം പറഞ്ഞത്.
വിവരം ഞാൻ ഫ്രിത്തിനെ അറിയിച്ചു. കൃത്യസമയത്തുതന്നെ അവർ മൂന്നുപേരും കാറിലെത്തി. കേണലിനെ കൈകൊടുത്തു സ്വീകരിച്ചിരുത്തി ഞാൻ പറഞ്ഞു:
""മിനിയാന്നത്തെ ആഘോഷപരിപാടിയിൽ താങ്കളെ ഞാൻ കണ്ടതാണ്.''
""കറക്ട്. നമുക്കു വീണ്ടും കാണാൻ കഴിഞ്ഞല്ലോ. സന്തോഷം!''
എന്റെ തൊട്ടുള്ള കസേരയിലാണ് അദ്ദേഹം ഇരുന്നത്. ഫ്രിത്ത് മുന്തിയ വൈൻ കേണലിനായി കൊണ്ടുവന്നുവച്ചു. മാക്സിം പറഞ്ഞു: ""ഇതു കഴിച്ചുതുടങ്ങു. ഞങ്ങളൊന്നു വാഷ് ചെയ്തിട്ടുവരാം.''
""ഓക്കേ.''
മാക്സിമും ഫ്രാങ്കും പോയി.
കേണൽ ജൂലിയൻ ഗ്ലാസിൽ വീഞ്ഞുപകർന്ന് അല്പം കുടിച്ചു. എന്നിട്ടു പറഞ്ഞു: ""നിങ്ങളും നിങ്ങളുടെ ഭർത്താവും ഇക്കാര്യത്തിൽ വിഷമത്തിലായതിൽ ഖേദമുണ്ട്. പക്ഷേ, ഭാഗ്യത്തിന് ഇപ്പോൾ പ്രശ്നമൊന്നുമില്ല.''
""താങ്ക് യൂ!''
""ഒരു വർഷം കടന്നുപോയിട്ടും കണ്ടെടുത്ത ബോഡി നിങ്ങളുടെ ഭർത്താവ് തിരിച്ചറിഞ്ഞു. അതെന്നെ അദ്ഭുതപ്പെടുത്തി.'' അങ്ങുമിങ്ങും നോക്കിയശേഷം സ്വരം താഴ്ത്തി പറഞ്ഞു: ""കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പറ്റില്ല. എന്തായാലും പരിശോധിച്ച ഡോക്ടർ ഫിലിപ്സിനു ബോധ്യപ്പെട്ടതും ഭർത്താവ് പറഞ്ഞതും ഈ കേസിന് ആവശ്യമായ തെളിവുകളായി.''
അപ്പോഴേക്കും മാക്സിമും ഫ്രാങ്കും തിരിച്ചെത്തി. ലഞ്ച് കഴിക്കാനായി എല്ലാവരും ഡൈനിംഗ് ഹാളിലേക്കു നീങ്ങി. ഫ്രിത്തും റോബർട്ടും ആദ്യത്തെ കോഴ്സ് വിളന്പി. മിസിസ് ഡാൻവേഴ്സിനോടു നിർദേശിച്ചതുപോലെ ചൂടുള്ള ഇനങ്ങൾതന്നെയാണ് മേശപ്പുറത്തു നിരത്തിയത്. പൊതുവിഷയങ്ങളും ലോകകാര്യങ്ങളും ചർച്ചചെയ്തുകൊണ്ടാണ് ലഞ്ച് തുടർന്നത്. താമസിയാതെ ലഞ്ചിന്റെ രണ്ടാം കോഴ്സും വിളന്പി. എല്ലാം തീർന്നപ്പോൾ ഫ്രൂട് സലാഡ്. തുടർന്ന് ചീസും ബിസ്കറ്റും. കുറച്ചുകഴിഞ്ഞപ്പോൾ ഫ്രിത്ത് കോഫിയും സിഗരറ്റും കൊണ്ടുവന്നു.
കുറച്ചുസമയംകൂടി കഴിഞ്ഞപ്പോൾ കേണൽ ജൂലിയൻ വാച്ചുനോക്കി എഴുന്നേറ്റു. ""ഈവനിംഗിൽ എനിക്കൊരു പ്രോഗ്രാമുണ്ട്. ഇന്നത്തെ നിങ്ങളുടെ വെരി എക്സലന്റ് ലഞ്ചിനു പ്രത്യേകം നന്ദി. എല്ലാം ഗംഭീരമായി. ഞാൻ പോകുന്നു. നമുക്കു വീണ്ടും കാണാം. മിസ്റ്റർ ഫ്രാങ്ക് പോരുന്നോ? ഞാൻ നിങ്ങളെ ഓഫീസിലിറക്കാം. വരൂ!''
""താങ്ക് യൂ സർ.''
എനിക്കും മാക്സിമിനും കൈതന്നശേഷം കേണൽ ജൂലിയൻ ഫ്രാങ്കിനെയുംകൂട്ടി ഇറങ്ങി. ഞാനും മാക്സിമും അവരെ യാത്രയാക്കാൻ ഒപ്പം മുറ്റത്തേക്കിറങ്ങി. അവർ പോയശേഷം ഞങ്ങൾ ലോണിലൂടെ നടന്ന്, നടപ്പാത കടന്ന് പതിവായി വിശ്രമിക്കാനിരിക്കുന്ന വൃക്ഷച്ചുവട്ടിലേക്കുനീങ്ങി. വിജനവും നിശബ്ദവുമായ അവിടെനിന്നുകൊണ്ട് ഞങ്ങൾ സംസാരിച്ചു.
മാക്സിം എന്റെ കൈയെടുത്തുപിടിച്ചു. ""ഒന്നും പേടിക്കേണ്ട. എല്ലാ കാര്യങ്ങളും വിജയിക്കും. എനിക്കു നല്ല ആത്മവിശ്വാസമുണ്ട്. തെല്ലും പരിഭ്രാന്തിയില്ല. ബോഡി ഞാൻ തിരിച്ചറിഞ്ഞതിനെക്കുറിച്ച് ആർക്കും ഒരു സംശയവുമില്ല. ഡോക്ടർ ഫിലിപ്സ് തന്നെ പറഞ്ഞു- മിസ്റ്റർ മാക്സിം ഇല്ലാതെതന്നെ ഞാൻ നേരിട്ടു ബോഡി തിരിച്ചറിയുമായിരുന്നെന്ന്. പിന്നെ ഞാൻ അന്നുചെയ്ത കൃത്യത്തിന്റെ ഒരു സൂചനപോലും അവിടെ കണ്ടില്ല. ഏറ്റവും വലിയ ഭാഗ്യം ബുള്ളറ്റ് അവളുടെ എല്ലുകളിൽ തൊട്ടില്ല എന്നതാണ്. മറിച്ചായിരുന്നെങ്കിൽ അതു മാത്രംമതി ഞാൻ കുടുങ്ങാൻ.''
മാക്സിം പറഞ്ഞതൊക്കെ സമസ്തവികാരങ്ങളും ഉള്ളിലൊതുക്കി ഞാൻ കേട്ടുനിന്നു. മറുപടി പറയാൻ ഒന്നുമില്ല. ഒടുവിൽ ഞാൻ പറഞ്ഞു: ""ദയാപരനായ ദൈവം നമ്മളെ രക്ഷിക്കട്ടെ.''
മാക്സിം നിമിഷങ്ങളോളം എന്നെ ഉറ്റുനോക്കി, ഗാഢമായി ചുംബിച്ച്, കെട്ടിപ്പുണർന്നു.
(തുടരും)
SUNDAY DEEPIKA
ചിന്താവിഷയം
വലിയ തീക്ഷ്ണതയോടുകൂടി ഈജിപ്റ്റിലെ മരുഭൂമിയിൽ എത്തിയതായിരുന്നു ആ യുവസന്യാസി. അവിടെയുണ്ടായിരുന്ന മറ്റു സന്യാസികളോടൊപ്പം ആധ്യാത്മികതയിൽ വളരുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ കുറേനാൾ കഴിഞ്ഞപ്പോൾ ആ യുവസന്യാസിക്ക് വലിയ ശൂന്യത അനുഭവപ്പെട്ടു. ഒരുദിവസം ആ യുവസന്യാസി കൂടെയുണ്ടായിരുന്ന ഒരു വൃദ്ധസന്യാസിയോടു പറഞ്ഞു: ""പ്രാർഥിക്കാനുള്ള എന്റെ ആഗ്രഹം നഷ്ടപ്പെടുകയാണ്. എനിക്കൊന്നിനും ഒരുന്മേഷം തോന്നുന്നില്ല.''
അപ്പോൾ തൊട്ടടുത്ത് ഒരു തീക്കനൽ എരിയുന്നുണ്ടായിരുന്നു. വൃദ്ധസന്യാസി ഒരക്ഷരംപോലും ഉരിയാടാതെ ആ തീക്കനലിൽനിന്ന് കത്തുന്ന ഒരു കരിക്കട്ട ഒരു ഇരുന്പുദണ്ഡ് ഉപയോഗിച്ചു മാറ്റി ഒരിടത്തുവച്ചു. അപ്പോൾ സാവധാനം അതിലെ അഗ്നി അപ്രത്യക്ഷമായി. ഉടനെത്തന്നെ വൃദ്ധസന്യാസി ആ കരിക്കട്ടയെടുത്ത് തീയിലേക്കിട്ടു. അതു വീണ്ടും ആളിക്കത്താൻതുടങ്ങി. ""നിന്റെ ആത്മാവ് വീണ്ടും ജ്വലിക്കണമെങ്കിൽ അഗ്നിയോടു ചേർന്നിരിക്കണം''- വൃദ്ധസന്യാസി പറഞ്ഞു., ""ദൈവമാകുന്ന അഗ്നിയോട്.''
ഇന്ന് അന്പതുനോന്പ് ആരംഭിക്കുകയാണ്. എന്താണ് അന്പതുനോന്പ് നമുക്കുനൽകുന്ന പ്രധാന സന്ദേശം? അത് വൃദ്ധസന്യാസി പറഞ്ഞതുപോലെ ദൈവമാകുന്ന അഗ്നിയോടു ചേർന്നിരുന്ന് നമ്മുടെ ആത്മാവിനെ വീണ്ടും ജ്വലിപ്പിക്കുക എന്നതാണ്. ദൈനംദിനജീവിതത്തിന്റെ പ്രത്യേകതകൾമൂലം നമ്മുടെ ആത്മീയജീവിതത്തിന് മങ്ങലേൽക്കുക സ്വാഭാവികമാണ്. അതിനാലാണ് നമ്മുടെ ആത്മാവിനെ ഉജ്വലിപ്പിക്കുവാൻ നാം ഇടയ്ക്കിടെ ദൈവമാകുന്ന അഗ്നിയിലേക്ക് ചേർന്നിരിക്കേണ്ടത്. ദൈവത്തിലേക്കുള്ള ഈ തിരിച്ചുവരവിനു നമ്മെ സഹായിക്കുന്ന മൂന്നു പ്രധാന ഘടകങ്ങളാണ് പ്രാർഥന, ഉപവാസം, ദാനധർമം എന്നിവ.
വിശുദ്ധമായ ഈ നോന്പുദിവസങ്ങളിൽ പ്രപഞ്ചത്തിലെ കോലാഹലങ്ങളിൽനിന്ന് കുറച്ചുനേരമെങ്കിലും മാറിയിരുന്ന് ദൈവത്തിന്റെ ശബ്ദം നാം വീണ്ടും കേൾക്കണം. അതു സാധിക്കണമെങ്കിൽ പ്രാർഥനയിൽ നാം സമയം ചെലവഴിക്കുകതന്നെ വേണം. അങ്ങനെയൊരു മാതൃക ദൈവപുത്രനായ യേശുതന്നെ നമുക്കു നൽകിയിട്ടുണ്ട്. തന്റെ പരസ്യജീവിതം ആരംഭിക്കുന്നതിനുമുന്പ് അവിടന്ന് മരുഭൂമിയിലേക്കു പോയത് പ്രാർഥിക്കാനും ഉപവസിക്കാനുമായിരുന്നു. അങ്ങനെ ചെയ്തതിലൂടെയാണ് തന്റെ ജീവിതം പിതാവായ ദൈവത്തിന്റെ ഹിതത്തിനനുസരിച്ചാണ് നീങ്ങുന്നതെന്ന് യേശു ഉറപ്പുവരുത്തിയത്.
നോന്പുകാലത്തു നാം ചെയ്യേണ്ടതും ഇതുതന്നെയാണ്. പ്രാർഥനയിലൂടെ ദൈവത്തോടൊപ്പം ആയിരുന്നുകൊണ്ട് അവിടത്തെ തിരുവിഷ്ടം നാം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. അപ്പോഴാണ് പ്രലോഭനങ്ങളെ വിജയകരമായി നേരിട്ട് ദൈവത്തെ നമ്മുടെ ജീവിത്തിന്റെ മധ്യത്തിൽ നിർത്തിക്കൊണ്ട് മുന്നോട്ടുപോകാൻ നമുക്കു സാധിക്കുക. എന്നാൽ നാം മറന്നുപോകരുതാത്ത മറ്റൊരു കാര്യമുണ്ട്. അത് ഉപവാസമാണ്.
ജോയെൽ പ്രവാചകൻവഴി ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു: ""ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്തോടും നെടുവീർപ്പോടുംകൂടെ നിങ്ങൾ പൂർണഹൃദയത്തോടെ എന്റെ അടുക്കലേക്കു തിരിച്ചുവരുവിൻ. നിങ്ങളുടെ ഹൃദയമാണ് കീറേണ്ടത്, വസ്ത്രമല്ല'' (2:12-13). നമ്മുടെ പ്രാർഥനയുടെ അവിഭാജ്യഘടകമായി പശ്ചാത്താപമുണ്ടാകണം. അതോടൊപ്പം ഉപവാസവും.
ഉപവാസമെന്നു പറയുന്നതുകൊണ്ട് ഭക്ഷണം ഉപേക്ഷിക്കുക എന്നു മാത്രമല്ല അർഥമാക്കുന്നത്. പ്രത്യുത, ദൈവത്തിന്റെ വരപ്രസാദം സ്വീകരിക്കാൻ നമ്മെ സജ്ജമാക്കുക എന്നുള്ളതുകൂടിയാണ്. മഹാത്മാഗാന്ധി പറയുന്നതനുസരിച്ച് ""ഉപവാസം സത്യന്ധമായ പ്രാർഥനയാണ്.'' കാരണം നമ്മുടെ മനസ് ശുദ്ധിയാക്കാനും നമ്മുടെ ഇഷ്ടങ്ങളെ ശരിയായ രീതിയിൽ നിയന്ത്രിക്കാനും ഉപവാസം ശക്തിനൽകുന്നു. തന്മൂലം നമ്മുടെ പ്രാർഥനാജീവിതം കൂടുതലായി ജ്വലിക്കുവാൻ തുടങ്ങും.
നോന്പുകാലത്ത് വിശുദ്ധ ഫ്രാൻസിസ് അസീസി മലകളിലേക്കോ ഗുഹകളിലേക്കോ തനിയെ പോയി പ്രാർഥനയിലും ഉപവാസത്തിലും ചെലവഴിക്കുമായിരുന്നു. അവിടെയുള്ള നിശബ്ദതയിൽ ദൈവവുമായി ഒന്നുചേർന്ന അദ്ദേഹം തിരികെയെത്തുന്പോഴൊക്കെ അദ്ദേഹത്തിന്റെ മുഖം പ്രകാശിച്ചിരുന്നതായി അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ ഫ്രാൻസിസ് അസീസിയെപ്പോലെ ഉപവസിക്കുവാനും പ്രാർഥിക്കാനും നമുക്കെല്ലാവർക്കും സാധിച്ചുവെന്നു വരില്ല. എന്നാൽ പ്രാർഥന, ഉപവാസം, ദാനധർമം എന്നിവയിലൂടെ നാം ദൈവത്തോട് കൂടുതൽ അടുക്കാൻ ശ്രമിക്കുകതന്നെവേണം.
പ്രാർഥന നമ്മെ ദൈവത്തോട് ബന്ധിപ്പിച്ച് അടുപ്പിക്കുന്പോൾ ഉപവാസമാകട്ടെ നമ്മുടെ ഹൃദയത്തെ ശുദ്ധീകരിച്ച് ദൈവകൃപ സ്വീകരിക്കാൻ നമ്മെ സജ്ജരാക്കുന്നു. ദാനധർമമാകട്ടെ ദൈവസ്നേഹം ജീവിതത്തിൽ പ്രതിഫലിപ്പിക്കുവാൻ നമ്മെ സഹായിക്കുന്നു. ദാനധർമം ചെയ്യുന്പോൾ അതു നാം ദൈവത്തിനു ചെയ്യുന്നതുപോലെയല്ലേ? അതിനാലല്ലേ ""നിങ്ങൾ ഈ ചെറിയവരിൽ ഒരുവനു ചെയ്തപ്പോഴൊക്കെ എനിക്കുതന്നെയാണു ചെയ്തത്'' എന്നു യേശുനാഥൻ പഠിപ്പിച്ചിട്ടുള്ളത്? (മത്താ 25:40).
ദൈവസ്നേഹത്തെപ്രതി നാം ചെയ്യുന്ന ദാനധർമം നമ്മുടെ പ്രായശ്ചിത്തത്തിന്റെ ഭാഗമായും കാണാനാവും. കാരണം നമ്മുടെ പാപങ്ങളിൽ കുറേയെങ്കിലും നാം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതിരിക്കുന്നതാണല്ലോ.
ദൈവവചനം പറയുന്നു: ""നിന്റെ നാട്ടിൽ വസിക്കുന്ന അഗതിയും ദരിദ്രനുമായ നിന്റെ സഹോദരനു കൈയയച്ചു കൊടുക്കുക എന്നു ഞാൻ നിന്നോടു കല്പിക്കുന്നു'' (നിയമ 15:11). ഈ കല്പന പാലിക്കുന്നതിൽ പലപ്പോഴും വീഴ്ചവരുത്തുന്നവരല്ലേ നമ്മൾ? അപ്പോൾപിന്നെ ദാനധർമം ഈ വീഴ്ചയ്ക്കുള്ള പരിഹാരമായി കണ്ടുകൊണ്ടുവേണം നാം അതു ചെയ്യാൻ.
വിശുദ്ധമായ ഈ നോന്പുകാലത്ത് പ്രാർഥനയിലൂടെയും ഉപവാസത്തിലൂടെയും ദാനധർമത്തിലൂടെയും നമ്മുടെ ആത്മീയജീവിതത്തെ ജ്വലിപ്പിക്കാനുള്ള വലിയ കൃപയ്ക്കായി നമുക്കു പ്രാർഥിക്കാം. അപ്പോൾ നമ്മുടെ ജീവിതം തീർച്ചയായും നവീകരിക്കപ്പെടുകതന്നെ ചെയ്യും.
SUNDAY DEEPIKA
1986 ഫെബ്രുവരി 7. തൃശൂരിന്റെ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട ദിനം. ലോകചരിത്രത്തിൽത്തന്നെ ഇടംനേടിയ ഒരു സന്ദർശനം. വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ കേരളത്തിന്റെ മണ്ണിൽ ആദ്യമായി കാലുകുത്തിയ ധന്യനിമിഷത്തിനു സാക്ഷ്യംവഹിച്ചതു പതിനായിരങ്ങൾ. പക്ഷേ, അവർക്കൊന്നും ലഭിക്കാത്ത അപൂർവഭാഗ്യം ലഭിച്ചത് രണ്ടു കുരുന്നുകൾക്കായിരുന്നു. ഹാരമണിയിച്ച നാലാം ക്ലാസുകാരൻ ജോസഫിനും പൂച്ചെണ്ടു നൽകിയ അഞ്ചാംക്ലാസുകാരി ജിൻസിക്കും. അവർ പിന്നീട് രണ്ടു വ്യത്യസ്ത വഴികളിലൂടെ ദൈവസ്നേഹത്തിന്റെ ദീപനാളങ്ങളായി മാറി.
ആ മഹാഭാഗ്യം
തിരുബാലസഖ്യത്തിന്റെ ആഗോള അധ്യക്ഷനായ മാർപാപ്പയെ ഹാരമണിയിക്കാനും ബൊക്കെ നൽകി സ്വീകരിക്കാനും തിരുബാലസഖ്യത്തിലെ കുട്ടികളെത്തന്നെയാണ് തെരഞ്ഞെടുത്തത്. അങ്ങനെ തൃശൂർ രൂപതാ തലത്തിൽ നടത്തിയ ബൈബിൾ വായനാ മത്സരത്തിൽ ഒന്നാംസ്ഥാനംനേടിയ നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിലെ കണ്ണനായ്ക്കൽ ഡേവിസിന്റെയും സൂസന്റെയും മകൻ ജോസഫിനെ ആ മഹാഭാഗ്യം തേടിയെത്തി.
ബൊക്കെ നൽകാൻ തെരഞ്ഞെടുക്കപ്പെട്ടത് തിരുബാലസഖ്യാംഗം തന്നെയായ തൃശൂർ പടിഞ്ഞാറെക്കോട്ട സെന്റ്് ആൻസ് ഹോമിലെ അന്തേവാസിയായിരുന്ന അഞ്ചാം ക്ലാസുകാരി ജിൻസി.
ഫാ. ജോസഫ് പറയുന്നു...
ബൈബിൾ വായനയ്ക്ക് ഒന്നാംസ്ഥാനം കിട്ടിയതാണ് ആ അപൂർവ അവസരത്തിനു വഴിയൊരുക്കിയത്. അന്ന് സിസ്റ്റർ എംബർട്ടും നെല്ലിക്കുന്ന് ഇടവകയിലെ ഒ.ഡി. ജോസഫ് ചേട്ടനുമാണ് എന്നെ പരിശീലിപ്പിച്ചത്. അപ്പനും അമ്മയും വലിയ പ്രോത്സാഹനം നൽകി. സെലക്ഷൻ കിട്ടിയപ്പോൾ ഞങ്ങൾക്കെല്ലാം വലിയ സന്തോഷമായി. സ്കൂളുകളിലെല്ലാം മാർപാപ്പയുടെ വരവിനായി പ്രത്യേകം പ്രാർഥന ചൊല്ലിയിരുന്നു. പിന്നെ ദിവസങ്ങളോളം റിഹേഴ്സലായിരുന്നു. മാർപാപ്പയ്ക്കു മാലയിടുന്ന ദിവസം ധരിക്കാനുള്ള തൂവെള്ള വസ്ത്രങ്ങൾ (ഷർട്ടും ട്രൗസറും പേപ്പൽ പതാകയുടെ ഡിസൈനുള്ള ടൈയും) ഒരുക്കി.
പീറ്റർ ക്ലാവർ കോണ്‍ഗ്രിഗേഷനിലെ സിസ്റ്റർ ഹിലാരിയ, സിസ്റ്റർ ദാനിയേല എന്നിവർ പാപ്പായുടെ മാതൃഭാഷയായ പോളിഷ് ഭാഷയിൽ "ന്യേഹ് ബെഞ്ചഹ് പെഫലോനെ യേസൂസ് ക്രിസ്തൂസ് (ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ) എന്ന് ചൊല്ലാൻ പഠിപ്പിച്ചു. തലേന്ന് മാർ ജോസഫ് കുണ്ടുകുളം പിതാവുതന്നെ റിഹേഴ്സലിനു വന്നു. അന്ന് ആറുതവണയാണ് മാലയിട്ടുപഠിച്ചത്. നാളെ ഒരുതവണ മാലയിട്ടാൽ മതിയോ എന്നുള്ള എന്റെ നിഷ്കളങ്കമായ ചോദ്യം കൂട്ടച്ചിരി പടർത്തിയത് ഇപ്പോഴും ഓർമയുണ്ട്. "ഒരുതവണ മതി' എന്ന് കുണ്ടുകുളം പിതാവാണ് ചിരിക്കിടയിൽ മറുപടി പറഞ്ഞത്.
നാളെ നേരത്തെ വരണം എന്നു പറഞ്ഞു വികാരി ജനറാളായിരുന്ന ചിറ്റിലപ്പിള്ളി അച്ചനാണ് (പിന്നീട് ബിഷപ്പായ മാർ പോൾ ചിറ്റിലപ്പള്ളി) അപ്പച്ചനെയും എന്നെയും യാത്രയാക്കിയത്.
ധന്യ മുഹൂർത്തം
അതിരാവിലെ ഉണർന്ന് പ്രാർഥിച്ച് വേഗംതന്നെ ഞാനും അപ്പനും പാപ്പാവേദിക്കരികിൽ (റോസ്ട്രം) തോബിയാസ് ചാലയ്ക്കൽ അച്ചന്റെ നേതൃത്വത്തിലുള്ള ഗായകസംഘംനിന്നിരുന്ന നീല കൂടാരത്തിനരികിൽ ഇടംപിടിച്ചു. കുറച്ചുകഴിഞ്ഞപ്പോഴേക്കും ജിൻസിയും എത്തി. ഇരുന്പനച്ചന്റെ നേതൃത്വത്തിൽ "വിവാ വിവാ ഇൽ പാപ്പ'എന്ന മുദ്രാവാക്യം അവിടമാകെ മുഴങ്ങിക്കേൾക്കാമായിരുന്നു. അന്നത്തെ തൃശൂർ രൂപത ചിൽഡ്രൻസ് മിനിസ്ട്രി ഡയറക്ടർ ആയിരുന്ന ലോറൻസ് ഒലക്കേങ്കൽ അച്ചനായിരുന്നു ഞങ്ങളുടെ ചുമതല. ഹെലികോപ്റ്ററിൽ വന്നിറങ്ങി പാപ്പാ മൊബീലിൽ കയറിയ മാർപാപ്പ ബാരിക്കേഡുകൾക്കിടയിലൂടെ പതിനായിരങ്ങളെ ആശീർവദിച്ച് വേദിയുടെ അരികിലേക്കു നീങ്ങി.
കുണ്ടുകുളം പിതാവിനൊപ്പം ആ ഉയരമുള്ള വേദിയിലേക്ക് പരിശുദ്ധ പിതാവ് എത്തി. ഉടനെ ലോറൻസ് അച്ചൻ ഞങ്ങളെയുംകൂട്ടി വേദിയിലേക്ക്. പോളിഷ് ഭാഷയിൽ സ്തുതി ചൊല്ലിയശേഷം ഞാൻ കേരളത്തനിമയാർന്ന സുഗന്ധവ്യഞ്ജനങ്ങൾ അടങ്ങിയ മാല (ഏലയ്ക്ക, ഗ്രാന്പൂ, കറുവപ്പട്ട, മയിൽപീലി എന്നിവയാൽ നിർമിച്ചത്) പരിശുദ്ധ പിതാവിനെ അണിയിച്ചു. ജിൻസി ബൊക്കെ നൽകി. ഇരുവരോടും പേര് ചോദിച്ച പാപ്പാ ഞങ്ങളെ ആശ്ലേഷിക്കുകയും കവിളിലും നെറ്റിത്തടത്തിലും സ്നേഹമുത്തം നൽകുകയും ചെയ്തു. ഞാനന്നു മുത്തം തിരിച്ചുനൽകിയതിന്റെ ചിത്രം പല പത്രങ്ങളിലും വലിയ പ്രാധാന്യത്തോടെ വന്നു. ഞങ്ങൾക്കിരുവർക്കും പരിശുദ്ധ പിതാവ് ഓരോ കൊന്ത സമ്മാനമായി നൽകി. ഞാനത് ഇപ്പോഴും അമൂല്യനിധിയായി സൂക്ഷിച്ചിട്ടുണ്ട്.
ക്രിസ്തുവിന്റെ ആശ്ലേഷം
കാലം കടന്നുപോയി. മാർപാപ്പയെ സ്വീകരിക്കാൻ വെള്ള ഉടുപ്പിട്ട് മാലാഖമാരുടെ വേഷത്തിൽ തിരുബാലസഖ്യം കുട്ടികളുടെ കൂട്ടത്തിൽ നിന്നിരുന്ന ജോസഫിന്റെ ചേച്ചി റോസ്മേരി തിരുക്കുടുംബ സന്യാസിനി സമൂഹത്തിൽ ചേർന്നു (സിസ്റ്റർ റോസ്മേരി സിഎച്ച്എഫ് ഇപ്പോൾ ചേലക്കര ലിസ്യൂ കോണ്‍വന്റിലെ അംഗവും ചേലക്കര ഹൈസ്കൂളിലെ അധ്യാപികയുമാണ്). വൈദികനാവണമെന്ന ജോസഫിന്റെ ആഗ്രഹത്തിന് കുറച്ചുകഴിയട്ടെ എന്നായിരുന്നു അപ്പച്ചന്റെ മറുപടി.
പ്രീഡിഗ്രിക്കുശേഷം ജോസഫ് ചെറിയ ജോലികൾ ചെയ്തു. ഒടുവിൽ 21 ാം വയസിലാണ് വിശുദ്ധ ജസ്റ്റിൻ റുസോളിലോ സ്ഥാപിച്ച ദിവ്യാഹ്വാന സഭയിൽ (സൊസൈറ്റി ഓഫ് ഡിവൈൻ വൊക്കേഷൻസ് - എസ്ഡിവി) ചേർന്നത്. ഡീക്കനായിരിക്കേ പിതാവ് ഡേവിസ് മരിച്ചു. 2008 ഡിസംബർ 30ന് തൃശൂർ ലൂർദ് കത്തീഡ്രലിൽവച്ച് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു; ഫാ. ജോസഫ് കണ്ണനായ്ക്കൽ എസ്ഡിവി ആയി. ഇപ്പോൾ മുളയം വൊക്കേഷനിസ്റ്റ് സെമിനാരിയിൽ ശുശ്രൂഷ ചെയ്യുന്നു.
വിശുദ്ധനായ പാപ്പായുടെ ആശ്ലേഷവും സ്നേഹചുംബനവും അതിലൂടെ അനുഗ്രഹവും ഏറ്റുവാങ്ങാൻ സാധിച്ചതിലൂടെ യേശുവിന്റെ തിരുശരീര രക്തങ്ങൾ കരങ്ങളിൽ വഹിക്കാനും പൗരോഹിത്യത്തിലൂടെ ക്രിസ്തുവിന്റെ ആശ്ലേഷം സ്വീകരിക്കാനും കഴിഞ്ഞതാണ് ഏറ്റവും വലിയ അനുഗ്രഹമെന്ന് ഫാ. ജോസഫ് പറയുന്നു. വിശുദ്ധ ജോണ്‍പോൾ രണ്ടാമൻ പാപ്പാ കാണിച്ചുതന്നതുപോലെ വിശുദ്ധ വൈദികനാകാൻ സാധിക്കണമെന്നതാണ് ഏറ്റവും വലിയ സ്വപ്നവും പ്രാർഥനയും. മരിയാപുരത്തെ വീട്ടിൽ ഒറ്റയ്ക്കുകഴിയുന്ന അമ്മ സൂസനും ചേച്ചി സിസ്റ്ററും എപ്പോഴും പ്രാർഥനയിൽ തനിക്കൊപ്പം ഉണ്ടെന്ന് ഈ വൈദികൻ പറയുന്നു.
ജിൻസിയുടെ വാക്കുകൾ...
മാർപാപ്പയ്ക്ക് ബൊക്കെ നൽകാൻ ലഭിച്ച നിയോഗം ദൈവം എനിക്കു നൽകിയ അമൂല്യ സമ്മാനമായാണ് ഞാൻ ഇപ്പോഴും കരുതുന്നത്. ഞങ്ങളുടെ ഹോമിലെ ശോഭ എന്ന കുട്ടിക്കായിരുന്നു ആ അസുലഭ അവസരം വന്നുചേർന്നത്. ആദ്യ റിഹേഴ്സലും നടന്നു. പക്ഷേ, അതിനുശേഷമാണ് അവൾക്കു ചിക്കൻപോക്സ് പിടിപെട്ടത്. അപ്പോഴാണ് ആ മഹാനിയോഗം എന്നിലേക്കുവന്നത്. കർണാടകയിൽ അധ്യാപികയായി ജോലിചെയ്യുന്ന അവൾക്ക് ഇപ്പോഴും ആ വലിയ അവസരം നഷ്ടമായതിൽ സങ്കടമുണ്ട്. കുറച്ചുദിവസങ്ങൾക്കുമുന്പുപോലും ഫോണ്‍ വിളിച്ചപ്പോൾ അവളിക്കാര്യം പറഞ്ഞു.
എന്റെ ജീവിതത്തിലുണ്ടായ സർവ ഐശ്വര്യങ്ങൾക്കും നിദാനം പാപ്പായുടെ അനുഗ്രഹവും വാത്സല്യമുത്തവും ആണെന്നാണ് എന്റെ ബോധ്യം. പാപ്പായെ വിശുദ്ധനായി പ്രഖ്യാപിച്ചതോടെ എന്റെ സ്വന്തമായൊരാൾ സ്വർഗത്തിൽ മധ്യസ്ഥനായുണ്ടെന്ന ചിന്തയാണെനിക്ക്. അന്നു പാപ്പാ സമ്മാനിച്ച ജപമാല സെന്റ് ആൻസിലെ ഭക്ഷണശാലയിലെ തിരുഹൃദയ രൂപത്തിൽ പാപ്പാ സന്ദർശനത്തിന്റെ നിത്യ സ്മാരകമായി ചാർത്തിയിട്ടുണ്ട്- ജിൻസി പറഞ്ഞു.
ദിശമാറ്റിയ അനുഗ്രഹം
ജിൻസി പത്താം തരംവരെ സെന്റ്് ആൻസിൽതന്നെ തുടർന്നു. ഡിഗ്രി രണ്ടാംവർഷം പഠിക്കുന്പോഴായിരുന്നു വിവാഹം. ബംഗളൂരുവിൽ ഓട്ടോമൊബൈൽ ഇലക്ട്രീഷനായ പുലിക്കോട്ടിൽ ഡേവിഡ് ആണ് ജീവിതപങ്കാളി. ബംഗളൂരുവിൽ എത്തിയതോടെ ജനറൽ നഴ്സിംഗ് പഠിച്ചു. 2001 ൽ സെന്റ് ജോണ്‍സ് ഹോസ്പിറ്റലിൽ നഴ്സായി ജോലിയിൽ പ്രവേശിച്ചു. കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി അനവധി ജീവിതങ്ങൾക്ക് ആശ്വാസം പകർന്ന് സേവനത്തിന്റെ പുത്തൻ സാക്ഷ്യം തീർക്കുകയാണ് ജിൻസി. മൂത്ത മകൾ ശോഭിനയെ വിവാഹം ചെയ്തയച്ചു. ഇളയമകൾ വിബിന സെന്റ്് ജോണ്സിൽത്തന്നെ നഴ്സിംഗ് വിദ്യാർഥിയാണ്.
ഒന്നാമനേക്കാൾ "വലിയ' രണ്ടാമൻ!
തിരുബാലസഖ്യം നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് ജോസഫ് ഡേവിസിന് മാർപാപ്പയ്ക്ക് ഹാരമണിയിക്കാനും പിന്നീട് വൈദികനാകാനും ഇടയാക്കിയെങ്കിൽ രണ്ടാംസ്ഥാനം നേടിയ മനക്കൊടിയിലെ പി.ഡി. പ്രിൻസ് ഇന്ന് ഒന്നാമനേക്കാൾ വലിയ രണ്ടാമനാണ്. ഇദ്ദേഹമാണ് ഷംഷാബാദ് അതിരൂപതയുടെ ആർച്ച്ബിഷപ് മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ. മൂന്നാം സ്ഥാനം ലഭിച്ച പഴുവിൽ ഇടവകാംഗമായ ആന്റണി കെ. ജേയ്ക്കബ് ആകട്ടെ ഇപ്പോൾ കണ്ണാറ സെന്റ് ജോസഫ്സ് പള്ളി വികാരിയായ ഫാ. ആന്റണി കുരുതുകുളങ്ങരയാണ്.
SUNDAY DEEPIKA
കേന്ദ്ര ബജറ്റോടെ വിഐപി പദവിയും സാമൂഹിക മാധ്യമങ്ങളിൽ ധാരാളം ട്രോളും ഏറ്റുവാങ്ങിയ ജീവിയാണ് കടലാമ. എന്നാല്‍ ജുറാസിക് കാലഘട്ടം മുതല്‍ ഭൂമിയിലുള്ള, ഏറ്റവും പഴക്കംചെന്ന ജീവിവര്‍ഗങ്ങളില്‍ ഒന്നായ കടലാമകളെക്കുറിച്ചും ജനിച്ച തീരത്തു തന്നെ പ്രജനനത്തിനായെത്തുന്ന അവയുടെ കൗതുകമുണര്‍ത്തുന്ന രീതികളെക്കുറിച്ചും അധികമാര്‍ക്കുമറിയില്ല. കടലാമ സംരക്ഷണം നടത്താത്തതിന്റെ പേരില്‍ ഇന്ത്യയില്‍നിന്നുള്ള ചെമ്മീന്‍ കയറ്റുമതിക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തിയതും അതുമൂലം നമുക്ക് 2,500 കോടി വാര്‍ഷിക നഷ്ടം ഉണ്ടായിക്കൊണ്ടിരിക്കുന്നതും ഓര്‍ത്താല്‍ കടലാമ അത്ര നിസാരക്കാരനല്ലെന്നു മനസിലാകും.
കടലാമകളും കടലും തമ്മിൽ
കടല്‍ ആവാസവ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന ജീവിവര്‍ഗമാണ് വംശനാശഭീഷണി നേരിടുന്ന കടലാമകള്‍. കടല്‍ ആവാസവ്യവസ്ഥയില്‍ കാര്‍ബണും ഓക്സിജനും നല്കുന്ന കടല്‍പ്പുല്ലുകള്‍ വളര്‍ന്നു വലുതായി നശിച്ചു പോകാതെ സംരക്ഷിക്കുന്നത് കടലാമകളാണ്. കരയിലെ പുല്ലുവെട്ടി നാം മനോഹരമായി സംരക്ഷിക്കുന്നതുപോലെ കടല്‍പ്പുല്ല്, വെട്ടുന്നരീതിയില്‍ തിന്ന് കടലിനടിയല്‍ ഒരു പുല്‍ത്തകിടി നിലനിര്‍ത്തുന്നതും ഇവ തന്നെ. ഇവിടെയാണ് കടലിലെ നിരവധിയിനം ജീവികള്‍ അധിവസിക്കുന്നതും പ്രജനനം നടത്തുന്നതും.
പതിനായിരക്കണക്കിന് സമുദ്രജീവികളുടെ ആവാസകേന്ദ്രമാണ് സമുദ്രത്തിനടിയല് പവിഴപ്പുറ്റുകള്‍ തീര്‍ക്കുന്ന പാറക്കെട്ടുകള്‍. വളരെ സാവധാനം വളരുന്ന ഒന്നാണിവ. ഇവയുടെ വളര്‍ച്ച തടസപ്പെടുത്തുന്ന കടല്‍സ്പോഞ്ചുകളെ തിന്നു നശിപ്പിക്കുന്നതും കടലാമകളാണ്. ഭൂമിയിലെ ഏറ്റവും വലിയ ആവാസവ്യവസ്ഥയായ പവിഴപ്പുറ്റുകള്‍ നിലനില്‍ക്കണമെങ്കിലും കടലാമകള്‍ വേണം.
മത്സ്യലാര്വകളെയും മുട്ടകളെയും തിന്നു നശിപ്പിച്ച് കടലില്‍ മത്സ്യലഭ്യത കുറയ്ക്കുന്നതില്‍ പ്രധാനിയാണ് ജെല്ലിഫിഷ് എന്നറിയപ്പെടുന്ന കടല്‍ജീവികള്‍. ലതര്ബാക്ക് എന്നയിനം കടലാമകള്‍ ജെല്ലിഫിഷിനെ തിന്നു നശിപ്പിക്കുന്നതിനാല്‍ കടലിലെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിലും ഇവയ്ക്ക് പ്രധാന പങ്കുണ്ട്.
ഇങ്ങനെ കടല്‍ ആവാസവ്യവസ്ഥയെ നിലനിര്‍ത്തുന്നതില്‍ കടലാമകള്‍ വലിയ പങ്ക് വഹിക്കുന്നതിനാലാണ് ലോകവ്യപാകമായി കടലാമ സംരക്ഷണത്തിന് വലിയ പ്രാധാന്യം നല്‍കുന്നത്. ജെല്ലിഫിഷ് എന്നു തെറ്റിദ്ധരിച്ച് കടലില്‍ എത്തുന്ന പ്ലാസ്റ്റിക് മാലിന്യം കടലാമകള്‍ ഭക്ഷിക്കുന്നത് ഇവയുടെ നിലനില്പു തന്നെ അവതാളത്തിലാക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് മത്സ്യബന്ധനത്തിലൂടെ ഇവ നഷ്ടപ്പെടാതിരിക്കാന്‍ ലോകവ്യാപകമായി മത്സ്യബന്ധനവലകളില്‍ ടെഡ് ഘടിപ്പിക്കണമെന്ന് യുനസ്കോ നിര്‍ദേശിച്ചിരിക്കുന്നത്. ഇന്ത്യ ഇവ ഘടിപ്പിക്കുന്നില്ലെന്നാരോപിച്ചാണ് യുഎസ് കടല്ചെമ്മീന് കയറ്റുമതിക്ക് നിരോധനം കൊണ്ടുവന്നിരിക്കുന്നത്.
ടര്‍ട്ടില്‍ എക്സ്ക്ലൂഡര്‍ ഡിവൈസ്
മത്സ്യബന്ധന വലയില്‍ ഘടിപ്പിക്കുന്ന ഒരു ഉപകരണമാണിത്. വലയില്‍ കുരുങ്ങുന്ന ആമകള്‍ക്ക് ഇതിലൂടെ രക്ഷപ്പെടാന്‍ സാധിക്കും. വലയുടെ മുന്നില്‍ ഘടിപ്പിച്ചിരിക്കുന്ന ബാരിയര്‍ ഗ്രിഡാണ് ആമകളെ വലയില്‍നിന്നു പുറത്തു കടക്കാന്‍ സഹായിക്കുന്നത്. അതേസമയം ചെമ്മീനും മറ്റു മത്സ്യങ്ങളും ബാറുകളിലൂടെ കടന്നുപോയി വലയ്ക്കുള്ളില്‍ തന്നെ കുരുങ്ങുകയും ചെയ്യുന്നു. സ്രാവുകള്‍ പോലുള്ള വലിയ മത്സ്യങ്ങളെ സുരക്ഷിതമായി വലയില്‍നിന്ന് രക്ഷപ്പെടാനും ടെഡ് എന്ന ഈ ഉപകരണം സഹായിക്കുന്നു.
വലിയ കൂടുപോലുള്ള, വലകളുടെ മുന്‍ഭാഗത്ത് ഘടിപ്പിക്കുന്ന ഒരു ഗ്രില്ലാണ് ടെഡ്. മത്സ്യബന്ധനസമയത്ത് വലയ്ക്കരികിലെത്തുന്ന കടലാമകള്‍ ഇതില്‍തട്ടി വലയില്‍ നല്‍കിയിരിക്കുന്ന ദ്വാരത്തിലൂടെ രക്ഷപ്പെടുന്നു. കടലിലെ ഒഴുക്കിനനുകൂലമായാണ് വലവലിക്കുന്നെന്നതിനാല് മത്സ്യങ്ങള്‍ വലയ്ക്കുള്ളില്‍ കുരുങ്ങുകയും ചെയ്യുമെന്നാണ് ഔദ്യോഗിക വിശകലനം.
എന്നാല്‍ ടെഡ് ഘടിപ്പിച്ചാല്‍ 10-20 ശതമാനം മത്സ്യനഷ്ടം ഉണ്ടാകുമെന്ന് മത്സ്യത്തൊഴിലാളികള്‍ വാദിക്കുന്നു. കടലാമകളെ കാണുന്ന തീരങ്ങളിലെ മത്സ്യബന്ധനത്തില്‍ ടെഡ് നിര്‍ബന്ധമാക്കിയാല്‍ പോരേ എന്നതാണ് മറ്റൊരു ചോദ്യം. ഒരു വലയില്‍ ഇതു ഘടിപ്പിക്കാന്‍ 25,000 രൂപയിലധികം ചെലവു വരുമെന്നതാണ് മറ്റൊരു പരാതിയായി മത്സ്യതൊഴിലാളികള്‍ പറയുന്നത്.
കടലാമകളും ഇന്ത്യയും
ലോകത്തിലുള്ള കടലാമകളുടെ തീര്‍ഥാടനകേന്ദ്രമായി അറിയപ്പെടുന്നത് ഒഡീഷയിലെ ഗഹിര്‍മാത, റുഷികുല്യ ബീച്ചുകളാണ്. ഒഡീഷയിലെ ഏക സമുദ്രവന്യജീവി സങ്കേതമാണ് ഗഹിര്‍മാത. ഒലിവ് റിഡ്ലി ഇനത്തില്‍പ്പെട്ട കടലാമകളുടെ പ്രജനന കേന്ദ്രമായതിനാല്‍ ഇവിടെ നടത്തുന്ന ബോട്ട് മത്സ്യബന്ധനത്തില്‍ ടര്‍ട്ടില്‍ എക്സ്ക്യൂഡര് ഡിവൈസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ബോട്ടില്‍ ഒന്നര രണ്ടുമണിക്കൂര്‍ ട്രോളിംഗ് നടക്കുമ്പോള്‍ കടലാമകളോ സ്രാവുകളോ കുരുങ്ങാം. കടലിന്റെ അടിത്തട്ടില്‍ വല ഇടിക്കുമ്പോള്‍ കടലാമകള്‍ക്ക് പരിക്കേല്ക്കുന്നതിനാലാണ് ഇവിടെ ടെഡ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.
ലോകരാഷ്ട്രങ്ങള്‍ കടലാമയുടെ പാരിസ്ഥിതിക പ്രാധാന്യം മനസിലാക്കുന്നതിനു മുമ്പേ ഇവയുടെ പ്രാധാന്യം മനസിലാക്കിയ ഒരുകൂട്ടം യുവാക്കളുണ്ട്, ആലപ്പുഴ ജില്ലയിലെ തീരഗ്രാമമായ തോട്ടപ്പള്ളിയില്‍. തോട്ടപ്പള്ളിയിലെ കടലാമ സംരക്ഷകരായ യുവാക്കളുടെ കൂട്ടായ്മയായ ഗ്രീന്‍ റൂട്സ് ഇതുവരെ വിരിയിച്ച് കടലിലേക്കിറക്കിയത് പതിനായിരത്തിലധികം കടലാമകളെയാണ്. തൃശൂരിലെ ചാവക്കാടും കോഴിക്കോട്ടെ ചില തീരങ്ങളിലുമെല്ലാം കടലാമകള്‍ മുട്ടയിടാനായെത്തുന്നു.
കടലാമകളും കടല്‍ ആവാസ വ്യവസ്ഥയിലെ അവയുടെ പ്രവര്‍ത്തനങ്ങളും കൂടുതലറിയാനുള്ള ഗ്രീന്‍ റൂട്സിന്റെ പ്രവര്‍ത്തനങ്ങളാണ് കടലാമ സംരക്ഷണ പ്രവര്‍ത്തകരുടെ കൂട്ടായ്മ രൂപപ്പെട്ടതിനു പിന്നില്‍. അന്നൊക്കെ തീരവാസികള്‍ കടലാമ മുട്ട കഴിച്ചിരുന്നു. ഇതൊക്കെ ശരിയാണോ എന്ന അന്വേഷണത്തിനൊടുവിലാണ് 1972ലെ ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം പട്ടിക ഒന്നില്‍ സംരക്ഷിച്ചിരിക്കുന്ന ജീവിയാണ് കടലാമയെന്നു മനസിലാകുന്നത്. അങ്ങനെയാണ് ആലപ്പുഴ സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ ശിവദാസുമൊന്നിച്ച് കടലാമ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ സജീവമായത്.
കടലാമയുടെ ശാപമുണ്ടാകാതിരിക്കാന്‍ മണ്ണില്‍ ഇവയുണ്ടാക്കുന്ന കൂട്ടില്‍ ഒരു മുട്ട വച്ചശേഷം ബാക്കി പുഴുങ്ങിക്കഴിക്കുകയായിരുന്നു തീരത്തെ പതിവ്. അങ്ങനെ കൂട്ടില്‍ മിച്ചംവന്ന ഒരു മുട്ട 2007ൽ ഇവ ർക്കു ലഭിച്ചു. പിന്നീട് ലഭിച്ച എട്ടു മുട്ടകള്‍ സംരക്ഷിച്ചപ്പോള്‍ അതില്‍ അഞ്ചെണ്ണം വിരിഞ്ഞു. ഇവയെ കടലിലേക്ക് യാത്രയാക്കികൊണ്ടായിരുന്നു 2007ല്‍ ആദ്യ കടലാമ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.
സമാനചിന്താഗതിക്കാരായ യുവാക്കളെയും ചേര്‍ത്ത് സര്‍ക്കാര്‍ അംഗീകാരത്തോടെ 2013 ല്‍ തോട്ടപ്പള്ളിയില്‍ ഗ്രീന്‍ റൂട്ട്സ് നേച്ചര്‍ കണ്‍സര്‍വേഷന്‍ ഫോറം എന്ന സംഘടന രൂപപ്പെടുന്നത് അങ്ങനെയാണ്. കടലാമകള്‍ക്ക് മുട്ടയിടാന്‍ സുരക്ഷിതമായ തീരം ഒരുക്കി കാത്തിരിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ സംഘടനയായി അതുമാറി.
കടലാമയും മത്സ്യസമ്പത്തും
തീരത്തെ ജീവിതം കടലിലെ മത്സ്യസമ്പത്തിനെ ആശ്രയിച്ചാണ്. കടലമ്മ കനിയണമെങ്കില്‍ കടലാമ വേണമെന്ന ബോധ്യത്തിലേക്ക് പഠനങ്ങളിലൂടെ എത്തുകയായിരുന്നു ഗ്രീന്‍ റൂട്സ്. ഇങ്ങനെയൊക്കെയാണെങ്കിലും കടലാമ മുട്ടയും ഇറച്ചിയും കഴിക്കുന്നതില്‍നിന്ന് തീരവാസികളെ എങ്ങനെ പിന്തിരിപ്പിക്കുമെന്നത് പ്രശ്നമായി.
മുട്ട പുഴുങ്ങിക്കഴിച്ച പലര്‍ക്കും വയറിളക്കമുണ്ടാകുന്നതായി അവര്‍തന്നെ പറയുമായിരുന്നു. സോഷ്യല്‍ ഫോറസ്ട്രിയുമായി ചേര്‍ന്ന് ഇതേക്കുറിച്ച് ഗ്രീന്‍ റൂട്സ് പഠനമാരംഭിച്ചു. കടലാമമുട്ടയില് മനുഷ്യശരീരത്തിന് ദോഷകരമായ വിഷലോഹങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന പഠനങ്ങളിലേക്കെത്തുന്നത് അങ്ങനെയാണ്. ഈ അറിവ് തീരത്തെ ജനങ്ങളിലേക്കെത്തിച്ചാണ് കടലാമ മുട്ടയും മാംസവും ഭക്ഷിക്കുന്നതില്‍ നിന്ന് അവരെ പിന്തിരിപ്പിച്ചത്.
വീടുകളിലെ ബോധവത്കരണം
സജി ജയമോഹന്റെയും ഓമനക്കുട്ടന്റെയും നേതൃത്വത്തിലുള്ള ഗ്രീന്‍ റൂട്ട്സ് പ്രവര്‍ത്തകര്‍ തീരത്തെ വീടുവീടാന്തരം കയറിയിറങ്ങിയാണ് ബോധവത്കരണം നടത്തിയത്. പുന്നപ്ര മുതല്‍ ആലപ്പുഴവരെയുള്ള തീരങ്ങളിലും സ്കൂളുകളിലും കോളജുകളിലും ഇവര്‍ ബോധവത്കരണവുമായെത്തി. കടലാമ മുട്ട കണ്ടാല്‍ വിളിച്ചറിയിക്കുന്നവര്‍ക്ക് വനം വകുപ്പ് 1000 രൂപ പാരിതോഷികം നല്കിയതും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തിലെത്തിച്ചു.
കടലാമ ഹാച്ചറി തോട്ടപ്പള്ളിയില്‍ തുടങ്ങുന്നതിലേക്കുവരെയെത്തിച്ചു ഈ ചെറുപ്പക്കാരുടെ പ്രവര്‍ത്തനം. ലോക സഞ്ചാരിയാണെങ്കിലും ജനിച്ച തീരത്തു തന്നെ മുട്ടയിടാനായി തിരികെയെത്തുന്നു എന്നതാണ് കടലാമയെ വ്യത്യസ്തമാക്കുന്നത്. ശാസ്ത്ര ലോകം ഇന്നും പഠിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യവുമാണിത്.
കേരളതീരങ്ങളില്‍ ധാരാളമെത്തുന്ന ഒലീവ് റിഡ്ലി, ലക്ഷദ്വീപ് തീരങ്ങളില്‍ കാണുന്ന ഗ്രീന്‍ ടര്‍ട്ടില്‍, ഹോക്സ് ബില്‍, കോലാമ എന്നു മത്സ്യത്തൊഴിലാളികള്‍ വിളിക്കുന്ന ലതര്‍ ബാക്ക്, ലോഗര്‍ ഹെഡ് എന്നിവയാണ് ഇന്ത്യന്‍ തീരങ്ങളില്‍ കാണപ്പെടുന്ന കടലാമ ഇനങ്ങള്‍. കോലാമയെന്നറിയപ്പെടുന്ന കടലാമ ഇനമാണ് ഏറ്റവും വലിപ്പമുള്ളത്. നാലടി വീതിയിലും ആറടി നീളത്തിലും കാണപ്പെടുന്ന ഇവയ്ക്ക് 500 കിലോവരെ ഭാരം വരാം. ഏറ്റവും കൂടുതല്‍ ജെല്ലി ഫിഷിനെ തിന്നുന്നതും കോലാമയാണ്. ദിവസം 200 കിലോ ജെല്ലി ഫിഷിനെയാണ് ഇവ തിന്നു നശിപ്പിക്കുന്നത്.
ജീവിതകാലം മുഴുവന്‍ യാത്രചെയ്തു കഴിയുന്ന സവിശേഷ പ്രകൃതമാണ് കടലാമകളുടേത്. ഇവയ്ക്ക് പ്രായപൂര്‍ത്തിയെത്താന്‍ 15 മുതല്‍ 18 വരെ വര്‍ഷം വേണ്ടിവരും. ഇണചേര്‍ന്നതിനു ശേഷം പെണ്‍കടലാമകള്‍ മാത്രമാണ് മുട്ടയിടാനായി കരയിലേക്കെത്തുന്നത്. സാധാരണയായി രാത്രിയിലാണ് മുട്ടയിടുന്നത്. സാധാരണ കടലാമകള്‍ക്ക് നാലടിയിലധികം നീളവും 50 കിലോയിലധികം ഭാരവുമുണ്ട്. ഒറ്റ ഇരിപ്പില്‍ ഇട്ടു തീര്‍ക്കുന്നത് 100-150 മുട്ടകള്‍.
തോട്ടപ്പള്ളി മുതല്‍ പല്ലന വരെ
തെക്കന്‍ കേരള തീരത്തെ കടലാമകളുടെ പ്രധാന പ്രജനന തീരമാണ് ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി മുതല്‍ പല്ലന വരെയുള്ള 1.8 കിലോമീറ്റര്‍ തീരം. ആലപ്പുഴ നഗരത്തില്‍നിന്ന് 22 കിലോമീറ്റര്‍ മാറിയുള്ള പ്രദേശം.
പമ്പ, അച്ചന്‍കോവില്‍, മണിമലയാറുകളുടെ സംഗമ ഭൂമി. അതിനാല്‍ തന്നെ ഇവിടത്തെ ജൈവവൈവിധ്യത്തിനു വളരെയേറെ പ്രാധാന്യവുമുണ്ട്. സാധാരണയായി ഓഗസ്റ്റ് മുതല്‍ മാര്‍ച്ചു വരെയാണ് കടലാമകളുടെ പ്രജനനകാലമെങ്കിലും കാലാവസ്ഥാവ്യതിയാനം ഈ കാലയളവില്‍ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്.
കടല്‍ത്തീരത്തുനിന്നു മുകളിലേക്കു കയറി അനുയോജ്യമായ സ്ഥലം കണ്ടെത്തി ഒന്നൊന്നര അടി താഴ്ചയില്‍ കുഴിയെടുത്തു മുട്ടയിട്ട് മണ്ണുകൊണ്ടു മൂടി തിരികെ പോകും. മുട്ടകള്‍ക്ക് അടയിരിക്കുകയോ കുഞ്ഞുങ്ങള്‍ക്കായി കാത്തുനില്‍ക്കുകയോ ചെയ്യാറില്ല. മണ്ണിന്റെ സ്വാഭാവിക ചൂടേറ്റാണ് മുട്ടകള്‍ വിരിയുന്നത്. 45 മുതല്‍ 60 വരെ ദിവസം വേണ്ടിവരും മുട്ടകള്‍ വിരിയാന്‍.
കേന്ദ്രബജറ്റില്‍ കടലാമ സംരക്ഷണത്തോടൊപ്പം ഇടംപിടിച്ച പദ്ധതിയാണ് കടല്‍ത്തീരങ്ങളിലെ ധാതുമണല്‍ ഖനനം. എന്നാലിവ രണ്ടും ഒത്തുപോകില്ല. മണല്‍നിറഞ്ഞ തീരങ്ങളാണ് കടലാമകള്‍ മുട്ടയിടാനായി തെരഞ്ഞെടുക്കുന്നത്. അനധികൃത മണല്‍ ഖനനം മൂലം കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ മണല്‍ നിറഞ്ഞ തീരങ്ങള്‍ ചുരുങ്ങിക്കൊണ്ടിരിക്കുന്നത് കടലാമകളുടെ ആവാസവ്യവസ്ഥയെ തകര്‍ക്കുന്നുണ്ട്. തെരുവുനായ്ക്കള്‍ കടലാമ മുട്ടകള്‍ തിന്നുനശിപ്പിക്കുന്നതും മറ്റൊരു പ്രശ്നമാണ്. സാധാരണ ആമകളെ പോലെ കാലുകളും തലയും കവചത്തിനുള്ളിലാക്കി ശത്രുക്കളില്‍ നിന്നു രക്ഷനേടാനുള്ള ശേഷിയില്ലാത്തതാണിവ.
ബീച്ച് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കടല്‍ത്തീരങ്ങളില്‍ സ്ഥാപിക്കുന്ന ലൈറ്റുകളും ആ തീരങ്ങളില്‍നിന്ന് കടലാമയെ അകറ്റും. മുട്ടവിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ ഇരുട്ടില്‍ ചന്ദ്രന്റെ വെളിച്ചത്തെയും കടലിലെ അരണ്ട വെളിച്ചത്തെയും ലക്ഷ്യമാക്കിയാണ് കടലിലേക്കു യാത്രചെയ്യുന്നത്. എന്നാല്‍ തെരുവുവിളക്കുകള്‍ ഉണ്ടെങ്കില്‍ ഈ കുഞ്ഞുങ്ങള്‍ ആ പ്രകാശം ലക്ഷ്യമാക്കി യാത്രചെയ്യും. അവ ചാകുകയോ ശത്രുക്കളുടെ ഭക്ഷണമാകുകയോ ചെയ്യും.
SUNDAY DEEPIKA
സമീപകാല ലോകചരിത്രത്തിൽ ഏറ്റവും വലിയ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന്റെ ക്രിമിനൽ ചരിത്രം വെളിച്ചംകണ്ടിരിക്കുകയാണ്. ചിത്രങ്ങളും വീഡിയോകളും കത്തുകളുമടങ്ങിയ അറുപതു ലക്ഷം പേജിലേറെ വ്യാപിച്ചുകിടക്കുന്ന ഇരുണ്ട രേഖകൾ കൈവശമുള്ള അമേരിക്കൻ നീതിന്യായ വകുപ്പ് അതിൽ 30 ലക്ഷം പരസ്യമാക്കിയതിന്റെ ആഘാതത്തിൽ ലോകരാജ്യങ്ങൾ ഉലഞ്ഞുകൊണ്ടിരിക്കുന്നതിനിടെയാണ് ചെറിയൊരു വിമാനക്കാര്യം ശ്രദ്ധയിൽപ്പെടുന്നത്.
അമേരിക്കൻ ചാരസംഘടനയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി എന്ന സിഐഎ ഉപയോഗിച്ചിരുന്ന ഒരു പഴയ ബിസിനസ് ജെറ്റ് വാങ്ങുന്നത് ശരിയാവില്ലെന്നു ചൂണ്ടിക്കാട്ടി, എപ്സ്റ്റീന്റെ വിമാനങ്ങളുടെ പൈലറ്റുമാരിലൊരാൾ 2017ൽ എപ്സ്റ്റീന് അയച്ച ഇ-മെയിലും ആ രേഖകളിലുണ്ടായിരുന്നു.
അമേരിക്ക തടവുകാരെ പീഡിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ഗ്വാണ്ടനാമോ ബേയിലുള്ളതുപോലെയുള്ള കുപ്രസിദ്ധമായ തടവറകളിലേക്ക് ആളെ കൊണ്ടുപോയിരുന്ന, എൻ313പി എന്ന റജിസ്ട്രേഷനുള്ള ഈ ബോയിംഗ് ബിസിനസ് ജെറ്റ് വാങ്ങുന്നത് കുഴപ്പമാകും എന്നാണ് ലാറി വിസോസ്കി എന്ന പൈലറ്റ് എഴുതിയത്.
സിഐഎയുടെ "ടോർച്ചർ പ്ലെയിൻ' എന്ന് ലോകമെങ്ങും ചീത്തപ്പേരുള്ള ഈ വിമാനം വാങ്ങി പറത്തിക്കൊണ്ടു ചെന്നാൽ മിഡിൽ ഈസ്റ്റ് ഉൾപ്പെടെ പല രാജ്യങ്ങിലെയും വിമാനത്താവളങ്ങളിൽ പ്രശ്നമാകും എന്നാണ് വിസോസ്കിയുടെ ഇ-മെയിൽ. ഇത്തരം ചീത്തപ്പേരും കുപ്രസിദ്ധിയുമൊന്നുമുണ്ടാകാതെ ലോകത്തെ മൊത്തം കബളിപ്പിച്ച് സിഐഎ വർഷങ്ങളോളം നടത്തിക്കൊണ്ടുപോയിരുന്ന, പത്തിലേറെ വിമാനങ്ങളുണ്ടായിരുന്ന ഒരു എയർലൈനാണ് ഓർമയിലെത്തുന്നത്.
രാജ്യാന്തര തടവുകാരെ പീഡന ജയിലുകളിലേക്ക് കടത്തുക, ലോകമെങ്ങും അതീവ രഹസ്യമായ ദൗത്യങ്ങളുമായി പറക്കുക, അമേരിക്കൻ സേനയ്ക്കും, അമേരിക്ക പിന്തുണയ്ക്കുന്ന വിവിധ രാജ്യങ്ങളിലെ വിമതർക്കും ആളും അർഥവും ആയുധങ്ങളുമെത്തിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ആർക്കും സംശയത്തിനിടകൊടുക്കാതെ ചെയ്യാൻ സിഐഎ കണ്ടെത്തിയ വഴിയായിരുന്നു ഒരു സിവിലിയൻ ചാർട്ടർ വിമാനക്കമ്പനിതന്നെ വാങ്ങി നടത്തിക്കൊണ്ടു പോവുക എന്നത്.
രണ്ടാം ലോക മഹായുദ്ധകാലത്ത്, ചൈനയിലേക്കു ചരക്കുകൊണ്ടുപോകാനായി ഒരു അമേരിക്കൻ വൈമാനികൻ 1946ൽ ആരംഭിച്ച സിവിൽ എയർ ട്രാൻസ്പോർട്ട് കമ്പനിയാണ് പൂട്ടിപ്പോകുമെന്ന നിലയിലായപ്പോൾ ആരോരുമറിയാതെ സിഐഎ 1950ൽ വാങ്ങിയത്. ഏഷ്യയിലുടനീളം കമ്യൂണിസത്തിനെതിരേയുള്ള രഹസ്യനീക്കങ്ങൾക്ക് ഉപയോഗിക്കുകയായിരുന്നു ലക്ഷ്യം. 1959 ആകുമ്പോഴേക്ക് ഈ എയർലൈൻ എയർ അമേരിക്ക എന്ന പുത്തൻ പേരിൽ തെക്കുകിഴക്കൻ ഏഷ്യ മൊത്തം ചാർട്ടർ, ചരക്കുനീക്ക സർവീസ് നടത്തുന്ന ഒന്നാന്തരം സിവിലിയൻ വിമാനക്കമ്പനിയായി പുനരവതരിച്ചിരുന്നു.
സിഐഎയുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന സൂചനകളൊന്നുമില്ലാതെ പറന്നിരുന്ന എയർ അമേരിക്കയുടെ ഉടമകളായി രേഖകളിലുണ്ടായിരുന്നത് എയർഡെയ്ൽ കോർപറേഷൻ, പസിഫിക് കോർപറേഷൻ എന്നീ സ്വകാര്യ കമ്പനികളായിരുന്നു. പൈലറ്റുമാരുൾപ്പെടെയുള്ള വിമാനജോലിക്കാർക്കും ആരാണ് ശരിക്കുള്ള മുതലാളി എന്ന് അറിയുമായിരുന്നില്ല. മേൽപ്പറഞ്ഞ രാജ്യങ്ങളിൽ ചരക്കു കൊണ്ടുപോകാനും ആളെ എത്തിക്കാനും രോഗികളെയും വഹിച്ച് പറക്കാനും പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോൾ രക്ഷാദൗത്യത്തിനായും സാധനങ്ങൾ എത്തിച്ചുകൊടുക്കാനും കാശുവാങ്ങി പറക്കുന്ന ഒരു സ്വകാര്യ വിമാനക്കമ്പനിയായിരുന്നു എല്ലാവർക്കും എയർ അമേരിക്ക.
യുഎസ്എയ്ഡ് പോലുള്ള അമേരിക്കൻ ഫണ്ടിംഗ് ഏജൻസികൾക്കു വേണ്ടിയും അനേകം സന്നദ്ധ സംഘടകൾക്കുവേണ്ടിയും പറന്നിരുന്ന എയർലൈൻ എല്ലാ രാജ്യങ്ങളിലെയും ചെറുപട്ടണങ്ങളിലെ ചെറുവിമാനത്താവളങ്ങളിലേക്കുമാത്രം സർവീസ് നടത്താൻ ശ്രദ്ധിച്ചിരുന്നു. പത്രക്കാരെ അടുപ്പിക്കില്ലെന്നത് പ്രഖ്യാപിത നയവുമായിരുന്നു.
പാൻ അമേരിക്ക, ട്രാൻസ് വേൾഡ് എയർലൈൻസ്, അമേരിക്കൻ എയർലൈൻസ്, നാഷനൽ എയർലൈൻസ്, വെസ്റ്റേൺ എയർലൈൻസ് തുടങ്ങിയ അമേരിക്കൻ യാത്രാവിമാനക്കമ്പനികൾ ലോകത്തെ മികച്ച എയർലൈനുകളായി പേരെടുത്തിരുന്ന അക്കാലത്ത് എയർ അമേരിക്ക എന്ന പേര് സംശയമൊന്നും ഉണ്ടാക്കിയില്ലെന്നു മാത്രമല്ല, സിഐഎയുടെ നിഗൂഢ പ്രവർത്തനങ്ങൾ നല്ല മറയാകുന്ന, നല്ല പ്രതിച്ഛായ നിലനിർത്താൻ സഹായിക്കുകയും ചെയ്തു.
അതേസമയം, 1959 മുതൽ 1975 വരെ മേൽപ്പറഞ്ഞ വിയറ്റ്നാം, കമ്പോഡിയ, തായ്വാൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കയുടെ ചാരപ്പണികളുടെയും രഹസ്യപദ്ധതികളുടേയും ആണിക്കല്ലുമായിരുന്നു ഈ എയർലൈൻ.
1950ന്റെ അവസാനം മുതൽ എഴുപതുകളുടെ തുടക്കം വരെ "സീക്രട്ട് വാർ' എന്ന പേരിൽ, ലാവോ പീപ്പിൾസ് ലിബറേഷൻ ആർമിക്കും ഉത്തര വിയറ്റ്നാമിലെ കമ്യൂണിസ്റ്റ് സേനയ്ക്കുമെതിരേ ലാവോസ് കേന്ദ്രമായി അമേരിക്ക നടത്തിയിരുന്ന അപ്രഖ്യാപിത സൈനിക, അർധസൈനിക നടപടികൾക്ക് ഏറ്റവും വലിയ തുണയായിരുന്നു എയർ അമേരിക്ക.
എന്തായാലും ഇന്തോ-ചൈനയിൽ അമേരിക്കൻ സേനയുടെ ഇടപെടൽ മിക്കവാറും അവസാനിച്ചപ്പോഴേക്കും 1976 ജൂൺ 30ന് എയർ അമേരിക്ക പ്രവർത്തനം നിർത്തിയെന്ന ഔദ്യോഗിക പ്രഖ്യാപനമുണ്ടായി. അപ്പോഴും പറന്നിരുന്ന വിമാനങ്ങളും മറ്റ് ആസ്തികളും വിറ്റു. കിട്ടിയ പണമെല്ലാം അമേരിക്കൻ സർക്കാരിലേക്ക് മുതൽക്കൂട്ടുകയും ചെയ്തു.
എന്തും, എവിടെയും ഏതു നേരത്തും- എന്നത് പ്രഖ്യാപിത നയമായിരുന്ന അമേരിക്കൻ എയറിന്റെ പിന്നിൽ സിഐഎയാണ് എന്നത്, അമേരിക്കയിൽ കുറേശേ ചോർന്നുതുടങ്ങിയതും പ്രവർത്തനം നിർത്താൻ കാരണമായിരുന്നു. ഇങ്ങിനെയൊരു വിമാനക്കമ്പനി വിയറ്റ്നാമിലും മറ്റും സിഐഎ നടത്തിക്കൊണ്ടു പോകുന്നുണ്ടോ എന്ന പത്രക്കാരുടെ ചോദ്യങ്ങൾക്ക് അവസാനം വരെ നിഷേധ രൂപത്തിലാണ് സർക്കാർ മറുപടി പറഞ്ഞിരുന്നത്. എങ്കിലും വാർത്തകളിലും പുസ്തകങ്ങളിലും സിനിമകളിലുമൊക്കെ ഈ നിഴൽ-വിമാനക്കമ്പനിയെപ്പറ്റിയുള്ള പരാമർശം കൂടിക്കൂടിവന്നത് തലപ്പത്തുള്ളവരെ അസ്വസ്ഥരാക്കിയിരുന്നു എന്നതാണ് വാസ്തവം.
ചാരവിമാനം പറത്തുന്നതിനു പകരം വിമാനക്കമ്പനിതന്നെ നടത്തിക്കൊണ്ടു പോവുക എന്ന ഭ്രാന്തൻ ആശയം വിജയകരമായി നടപ്പിലാക്കിയ സിഐഎയുടെ എയർ അമേരിക്ക അന്ന് ഉപയോഗിച്ചിരുന്ന വിമാനങ്ങളിൽ ഒരെണ്ണമെങ്കിലും ഇപ്പോഴും പറക്കുന്നുണ്ട് എന്നത് കഥയുടെ കൗതുകകരമായ അനുബന്ധം.
അമേരിക്കയിലെ കാൻസസിലുള്ള ബീച്ച് എയർക്രാഫ്റ്റ് കോർപറേഷൻ 1968ൽ നിർമിച്ച, ബീച്ച് ബി90 കിംഗ് എയർ എന്ന N9838Z റജിസ്ട്രേഷനുള്ള, ഒന്‍പതുപേർക്കു കയറാവുന്ന വിമാനം കാൻസസിലും ചുറ്റുവട്ടത്തും പറന്നുകൊണ്ടേയിരിക്കുന്നു. ട്രാക്കിംഗ് സൈറ്റുകളിലെ രേഖകൾ പ്രകാരം, ഏറ്റവും ഒടുവിൽ പറന്നത് ഇക്കഴിഞ്ഞ ഡിസംബർ 27ന്- കാൻസസ് സിറ്റി വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന് അവിടെത്തന്നെ ഇറങ്ങി. കാൻസസ് തന്നെ ആസ്ഥാനമായ എൻബിബിഎസ് എന്ന കമ്പനിയാണ് ഇപ്പോഴത്തെ ഉടമസ്ഥർ.
ഇതൊഴികെ മിക്കവാറും എല്ലാ വിമാനങ്ങളും അരനൂറ്റാണ്ടിന്റെ പറക്കിലിലും കൈമാറ്റങ്ങളിലും ചരിത്രത്തിൽനിന്ന് കൈമോശം വന്നുപോയിട്ടുണ്ട്. വർഷങ്ങൾക്കു മുമ്പുള്ള പടങ്ങൾ ചിലതിന്റേതായി ശേഷിക്കുന്നുണ്ടെങ്കിലും. N7695C, N9157Z, N91295 തുടങ്ങിയ റജിസ്ട്രഷൻ നമ്പറുകൾ പലതും ഇല്ലാതെയായി. ചിലത് മറ്റു വിമാനങ്ങൾക്ക് പതിച്ചുകിട്ടി!