പതിവ് നാടകങ്ങളില്ല, കാലുവാരൽ കഥകളില്ല, കാണാമറയത്തെ കൈമാറ്റമില്ല... തികച്ചും സ്വസ്ഥമായൊരു ജനവിധി. അതാണ് ഏറെക്കാലത്തിനുശേഷം കർണാടകയിലെ ജനം മുന്നോട്ടുവച്ചിരിക്കുന്നത്. ജനാധിപത്യത്തിനുതന്നെ കളങ്കമായ അവിശുദ്ധ രാഷ്ട്രീയ നാടകങ്ങൾക്കു കർണാടകയുടെ മണ്ണിൽ ഇടമില്ല എന്ന പ്രഖ്യാപനം കൂടിയാണ് നിയമസഭാ തെരഞ്ഞെടുപ്പ് വിധിയിലൂടെ ജനം പ്രഖ്യാപിച്ചിരിക്കുന്നത്. ഭൂരിപക്ഷത്തിനു 113 സീറ്റ് വേണ്ട സംസ്ഥാനത്ത് 135 സീറ്റുകൾ സമ്മാനിച്ച് ഒരു ചാഞ്ചാട്ടത്തിനും പഴുതില്ലാത്ത തെരഞ്ഞെടുപ്പ് ഫലം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത സ്ഥിതിയായിരുന്നു. അതിനാൽത്തന്നെ ജനാധിപത്യത്തിന്റെ മഹിമയ്ക്കു ചേരാത്ത അവിശുദ്ധ രാഷ്ട്രീയക്കളികൾക്കാണ് പിന്നെ സംസ്ഥാനം സാക്ഷ്യം വഹിച്ചത്.
ഇത്തരം നാടകങ്ങൾക്ക് ഇടമില്ലാത്ത ജനവിധിയാണ് ഇത്തവണ കന്നഡ ജനത ജനാധിപത്യത്തിനു സമ്മാനിച്ചിരിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം വ്യക്തമായ ഭൂരിപക്ഷത്തോടെ ഒരു കക്ഷി അധികാരത്തിലെത്തിയിരിക്കുന്നു. വളഞ്ഞവഴിയിലൂടെ അധികാരത്തിലെത്തിയ ബിജെപി സർക്കാരിന്റെ ഭരണത്തിൽ പ്രതിഫലിച്ച അഴിമതിയുടെ വളവുകളും തിരിവുകളുമാണ് ഇപ്പോൾ അവരെ അധികാരത്തിൽനിന്നു തൂത്തെറിഞ്ഞിരിക്കുന്നത്. ഇതു ബിജെപിക്കു മാത്രമല്ല, എല്ലാ ജനാധിപത്യ പാർട്ടികൾക്കും ജനം നൽകുന്ന താക്കീതും മുന്നറിയിപ്പും കൂടിയാണ്.
2019ൽ 17 എംഎൽഎമാരാണ് കോൺഗ്രസിൽനിന്നും ജെഡി-എസിൽനിന്നും രാജിവച്ചു മറുകണ്ടം ചാടിയത്. 14 കോൺഗ്രസ് എംഎൽഎമാരും മൂന്നു ജെഡി-എസ് എംഎൽഎമാരുമാണ് കൂറുമാറിയത്. ഇവരിൽ പലർക്കും ഇത്തവണയും ബിജെപി സീറ്റ് നൽകി. എന്നാൽ, ജനകീയ വിധിയിൽ കനത്ത തിരിച്ചടിയേറ്റുവാങ്ങി പലരും അപ്രസക്തരായി മാറി എന്നത് എല്ലാ രാഷ്ട്രീയക്കാർക്കുമുള്ള പാഠമാണ്. ഒരു തെരഞ്ഞെടുപ്പിൽ വിജയിച്ചതിനു പിന്നാലെ മറുകണ്ടം ചാടി രാജിവച്ചതിനെത്തുടർന്നു 17 മണ്ഡലങ്ങളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നതോടെ കോടിക്കണക്കിനു രൂപയാണ് അന്നു പൊതുജനത്തിന്റെ നികുതിപ്പണം ചെലവഴിക്കേണ്ടിവന്നത്. എന്തായാലും കർണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പു ഫലം ജനാധിപത്യത്തോടുള്ള ഇത്തരം അതിക്രമങ്ങൾക്കു ശക്തമായ ഭാഷയിൽ മുന്നറിയിപ്പുകൂടി നൽകുന്നതാണ്.
കോൺഗ്രസ് പോലും പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് അവർക്കു കന്നഡ ജനത സമ്മാനിച്ചിരിക്കുന്നത്. അടുക്കും ചിട്ടയുമുള്ള തെരഞ്ഞെടുപ്പ് പദ്ധതിയും ഉരുക്കുപോലെ നിന്ന ഡി.കെ.ശിവകുമാർ എന്ന നേതാവിന്റെ നിശ്ചയദാർഢ്യവും സിദ്ധരാമയ്യ എന്ന ജനകീയ നേതാവിന്റെ നേതൃത്വവും കർണാടകയിലെ കോൺഗ്രസ് പ്രസ്ഥാനത്തെ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിപ്പിച്ചു എന്നതാണ് ഈ വിജയത്തിന്റെ രസതന്ത്രം.
താരപ്രചാരകരായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു നടത്തിയ പ്രചാരണ രീതികളും കന്നഡക്കാരൻ കൂടിയായ മല്ലികാർജുൻ ഖാർഗെ എന്ന ദേശീയ അധ്യക്ഷന്റെ സ്വാധീനവും തെരഞ്ഞെടുപ്പ് ഗോദയിൽ കോൺഗ്രസിനു ശക്തിപകർന്നു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കോൺഗ്രസ് അണികളെ ഇളക്കാൻ പര്യാപ്തമായിരുന്നു. പതിവിൽനിന്നു വ്യത്യസ്തമായി കാര്യമായ തർക്കങ്ങളില്ലാതെ സ്ഥാനാർഥിപ്പട്ടിക നേരത്തേതന്നെ പ്രഖ്യാപിക്കാനും കോൺഗ്രസിനു കഴിഞ്ഞിരുന്നു.
വ്യക്തിതാത്പര്യങ്ങൾക്ക് അതീതമായി പാർട്ടിയുടെ താത്പര്യങ്ങളും വിജയവുമാണ് പ്രധാനമെന്നു നേതാക്കളും ഉറപ്പിച്ചതോടെ കോൺഗ്രസ് മേൽക്കൈ നേടി. ബദാമി, കോലാർ എന്നീ മണ്ഡലങ്ങളിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചുനിന്ന അനിഷേധ്യ നേതാവ് സിദ്ധരാമയ്യ പോലും ഹൈക്കമാൻഡ് നിർദേശത്തിനു വഴങ്ങി വരുണയിൽ മത്സരിക്കാൻ തയാറായി എന്നതുതന്നെ പാർട്ടിയുടെ വിജയത്തിനായി എന്തുവിട്ടുവീഴ്ചയ്ക്കും നേതാക്കൾ തയാറായിരുന്നു എന്നതിന്റെ തെളിവാണ്. വരുണയിൽ 46,163 വോട്ടുകളുടെ ഭൂരിപക്ഷം നേടി സിദ്ധരാമയ്യ പാർട്ടിയുടെ വിശ്വാസം കാത്തു. വരുണയ്ക്കൊപ്പം മറ്റൊരു മണ്ഡലത്തിൽകൂടി മത്സരിക്കണമെന്ന താത്പര്യവും അദ്ദേഹം പാർട്ടിത്തീരുമാനത്തിനു വഴങ്ങി ഉപേക്ഷിച്ചിരുന്നു.
വ്യക്തിതാത്പര്യങ്ങൾക്ക് ഉപരിയായി പൊതുനന്മയ്ക്കായി ഒരുമിച്ചുനിന്നാൽ വിജയം തേടിയെത്തുമെന്നതാണ് കന്നഡ നൽകുന്ന പാഠം. ലഭിച്ച വിജയം ജനനന്മയ്ക്കു വേണ്ടി പ്രയോജനപ്പെടുത്താനുള്ള ആർജവം കൂടി കോൺഗ്രസിൽനിന്നു പ്രതീക്ഷിക്കുന്നു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതൃത്വത്തിനും ഇതിൽനിന്ന് ഏറെ പഠിക്കാനുണ്ട്. കർണാടക ഇവിടുത്തെ നേതാക്കൾക്കും ഒരു ഗൃഹപാഠമായി മാറട്ടെ. സമുദായ സംഘടനകളെയും ന്യൂനപക്ഷങ്ങളെയുമൊക്കെ ചേർത്തുനിർത്താൻ കഴിഞ്ഞതാണ് കോൺഗ്രസിനു വന്പൻ വിജയം നേടിക്കൊടുത്തത്.
ബിജെപിക്കും ഇതു വീണ്ടുവിചാരത്തിന്റെ അവസരമാകട്ടെ. മതസാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട് നേടാമെന്ന അവരുടെ തന്ത്രമാണ് കർണാടകയിൽ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളെ ഞെരുക്കുന്ന തീരുമാനങ്ങളെടുത്തു ഭൂരിപക്ഷ സമുദായത്തെ ഒപ്പം നിർത്താനുള്ള ബിജെപിയുടെ തന്ത്രമാണ് കർണാടകയിൽ പിഴച്ചത്. ദേശീയ നേതാക്കളുടെ വ്യക്തിപ്രഭാവത്തെ മാത്രം ആശ്രയിച്ചു തെരഞ്ഞെടുപ്പിനെ നേരിടുന്നത് എപ്പോഴും ഗുണം ചെയ്യില്ലെന്നു ഹിമാചൽ പ്രദേശിനു പിന്നാലെ കർണാടകയും അവരോടു പറഞ്ഞിരിക്കുന്നു. പൊതുജന നന്മയിലൂന്നിയുള്ള നയവും പ്രവർത്തനശൈലിയും ആധാരമാക്കാൻ കർണാടക തെരഞ്ഞെടുപ്പു ഫലം രാഷ്ട്രീയ കക്ഷികൾക്കു പ്രചോദനമാകട്ടെ.