ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും മോതിരം മാറി
Tuesday, August 12, 2025 10:23 PM IST
ജിദ്ദ: ഒമ്പതു വര്‍ഷത്തെ ബന്ധത്തിനുശേഷം പോര്‍ച്ചുഗല്‍ സൂപ്പര്‍ ഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അദ്ദേഹത്തിന്റെ പ്രണയിനി അര്‍ജന്റീനയില്‍ ജനിച്ച സ്പാനിഷ് മോഡല്‍ ജോര്‍ജിന റോഡ്രിഗസും തമ്മില്‍ മോതിരമാറ്റം നടന്നു.
സോഷ്യല്‍ മീഡിയയിലൂടെ ജോര്‍ജിനയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. മോതിരമണിഞ്ഞ കൈയുടെ ചിത്രം പങ്കുവച്ചായിരുന്നു ജോര്‍ജിന ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ചത്.
40കാരനായ ക്രിസ്റ്റ്യാനോ നിലവില്‍ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്സിയിലാണ്. അര്‍ജന്റൈന്‍ തലസ്ഥാനമായ ബുവാനോസ് ആരീസിലാണ് ജോര്‍ജിനയുടെ ജനനം.
ഗുച്ചി ഷോപ്പിലെ പരിചയം
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡില്‍ ആയിരിക്കുമ്പോഴാണ് ജോര്‍ജിനയെ കണ്ടത്. 2016ല്‍ മാഡ്രിഡിലെ ഗുച്ചി സ്റ്റോറില്വച്ചായിരുന്നു ഇരുവരുടെയും ആദ്യകാഴ്ച. ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡായ ഗുച്ചിയിലെ സെയില്‍സ് അസിസ്റ്റന്റായിരുന്നു അക്കാലത്ത് ജോര്‍ജിന. 2022ല്‍ നെറ്റ്ഫ്ളിക്സ് ഐ ആം ജോര്‍ജിന എന്ന സീരീസ് പുറത്തിറക്കിയിരുന്നു.
2017ല്‍ ഇരുവര്‍ക്കും ആദ്യകുഞ്ഞുണ്ടായി. 2022 ഏപ്രിലില്‍ ഇരട്ട കുട്ടികളുണ്ടായെങ്കിലും അതിലെ ആണ്‍കുഞ്ഞ് മരണമടഞ്ഞു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്, പോര്‍ച്ചുഗല്‍ അണ്ടര്‍ 15 ടീമില്‍ കളിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജൂണിയര്‍ അടക്കം മൂന്നു കുട്ടികള്‍ വേറെയുമുണ്ട്. 2010ല്‍ അമേരിക്കയില്‍ ജനിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജൂണിയറിന്റെ അമ്മയെക്കുറിച്ചുള്ള വിവരം ഇന്നും റൊണാള്‍ഡോ രഹസ്യമാക്കി വച്ചിരിക്കുകയാണ്.
42 കോടിയുടെ മോതിരം!
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കൈയുടെ മുകളിലായി എന്‍ഗേജ്മെന്റ് റിംഗ് അണിഞ്ഞ കൈവച്ചുള്ള ചിത്രമാണ് ജോര്‍ജിന റോഡ്രിഗസ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. 275 മില്യണ്‍ ഡോളര്‍ (2,409 കോടി രൂപയിലധികം) ആസ്തിയുള്ള, ലോകത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള കായികതാരമായ റൊണാള്‍ഡോ, പങ്കാളിക്കു നല്കിയ എന്‍ഗേജ്മെന്റ് മോതിരത്തിന്റെ വില സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകളും ഇതിനോടകം തരംഗമായി.
അഞ്ച് സെന്റിമീറ്റര്‍ നീളമുള്ള ഓവല്‍ ഷെയ്പിലുള്ളതാണ് മോതിരം. 25-30 കാരറ്റ് ഡയമണ്ട് ഉണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പ്രീമിയം ക്വാളിറ്റിയിലുള്ള ഈ മോതിരത്തിന്റെ വില രണ്ട് മുതല്‍ അഞ്ച് മില്യണ്‍ അമേരിക്കന്‍ ഡോളര്‍ (16.8 മുതല്‍ 42 കോടി രൂപവരെ) വരുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.