എറിക്സണിന് ആദരം...
Friday, June 18, 2021 12:56 AM IST
കോപ്പൻഹേഗൻ (ഡെന്മാർക്ക്): യൂറോ കപ്പിൽ ഗ്രൂപ്പ് ബിയിൽ ഇന്നലെ നടന്ന ഡെന്മാർക്ക് x ബെൽജിയം മത്സരത്തിനിടെ ക്രിസ്റ്റ്യൻ എറിക്സണിന് ഇരു ടീമുകളും ഗാലറിയും സംയുക്തമായി ആദരമർപ്പിച്ചു. ഡെന്മാർക്കിന്റെയും ബെൽജിയത്തിന്റെയും ആരാധകർ ഗാലറിയിൽ എഴുന്നേറ്റുനിന്ന് അതിശക്തമായ കരഘോഷത്തോടെയാണ് എറിക്സണിനെ സ്മരിച്ചത്. ഫിൻലൻഡിനെതിരായ ഗ്രൂപ്പ് ഘട്ട പോരാട്ടത്തിനിടെ കുഴഞ്ഞുവീണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എറിക്സന്റെ ജഴ്സി നന്പർ 10 ആണ്.
മത്സരത്തിൽ ആദ്യ പകുതിയിൽ പൗൾസെന്റെ (2') ഗോളിലൂടെ മുന്നിട്ടുനിന്ന ഡെന്മാർക്കിനെ തോർഗൻ ഹസാർഡ് (54'), കെവിൻ ഡി ബ്രൂയിൻ (70') എന്നിവരിലൂടെ ബെൽജിയം കീഴടക്കി. തുടർച്ചയായ രണ്ടാം ജയത്തോടെ ഗ്രൂപ്പ് ബിയിൽനിന്ന് ബെൽജിയം പ്രീക്വാർട്ടർ ഉറപ്പിച്ചു. ഡെന്മാർക്ക് നോക്കൗട്ട് കാണാതെ പുറത്താകുമെന്ന് ഏകദേശം ഉറപ്പായി.
അതേസമയം, മൈതാനത്തുവച്ചുതന്നെ ഡോക്ടർമാർ നൽകിയ സിപിആറിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയ എറിക്സണിന് ഹാർട്ട്-സ്റ്റാർട്ടർ യന്ത്രം ഘടിപ്പിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഹൃദയ സ്തംഭനം തടയാനുള്ള ചെറിയ ഇലക്ട്രോണിക് യന്ത്രമാണ് ഘടിപ്പിക്കുക. ഹൃദയതാളം നിലച്ചുപോകാതിരിക്കാനാണിത്.