ഇരട്ടപദവി വഹിച്ച 20 ആപ്പ് എംഎൽഎമാരെ അയോഗ്യരാക്കാൻ ശിപാർശ
Friday, January 19, 2018 2:29 PM IST
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ ഡൽഹിയിലുള്ള 20 എംഎൽഎമാരെ അയോഗ്യരാക്കാൻ തെരഞ്ഞെടുപ്പു കമ്മീഷന്‍റെ ശിപാർശ. ഇരട്ട പദവി വഹിച്ചെന്ന ആരോപണത്തിലാണ് നടപടി. ഇത് സംബന്ധിച്ച ശിപാർശ കമ്മീഷൻ രാഷ്ട്രപതിക്കു സമർപിച്ചു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയത്തിനു പിന്നാലെയാണ് എഎപി എംഎൽഎമാർ ഇരട്ട പ്രതിഫലം പറ്റുന്നതുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നത്.

ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ നേരത്തേ ഡൽഹി ഹൈക്കോടതി തെരഞ്ഞെടുപ്പു കമ്മീഷനെ ചുമതലപ്പെടുത്തിയിരുന്നു. 70 അംഗ നിയമസഭയിൽ എഎപിക്ക് 67 എംഎൽഎമാരായിരുന്നു ഉണ്ടായിരുന്നത്. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഒരു എംഎൽഎ രാജിവച്ചതോടെ നിലവിൽ ഇത് 66 ആയി കുറഞ്ഞു. എംഎൽഎമാരെ അയോഗ്യരാക്കാനുള്ള നടപടി പക്ഷേ, ആപ്പ് സർക്കാരിന് തിരിച്ചടി ആകില്ല. 20 പേർ അയോഗ്യരാക്കപ്പെട്ടാലും 46പേർ ഒപ്പമുള്ളതിനാൽ കേജരിവാളിനും കൂട്ടർക്കും ഭരണം നഷ്ടപ്പെടില്ല.

അധികാരമേറ്റ് ഒരുമാസത്തിനുള്ളിലാണു അരവിന്ദ് കേജരിവാൾ സർക്കാർ 21 എഎപി എംഎൽഎമാരെ പാർലമെന്‍ററി സെക്രട്ടറിമാരായി നിയമിച്ചത്. ഇതിൽ ഒരു എംഎൽഎയാണ് നേരത്തെ രാജിവച്ചത്. പാർലമെന്‍ററി സെക്രട്ടറിമാരുടേതു പ്രതിഫലം പറ്റുന്ന പദവിയാണെന്നും അതുകൊണ്ട് ഈ എംഎൽഎമാരെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ട് പ്രശാന്ത് പട്ടേല്‍ എന്ന അഭിഭാഷകനാണ് പരാതി നൽകിയിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...