ഇതോ ഡിജിറ്റല്‍ ഇന്ത്യ ? വളര്‍ന്നു വരുന്നത് എഴുത്തും വായനയും കണക്കും അറിയാത്ത ഒരു തലമുറ
Wednesday, January 17, 2018 10:16 AM IST
ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ചും ക്യാഷ്‌ലെസ് ഇക്കോണമിയെക്കുറിച്ചും പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും വാചാലരാകുന്ന ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ സ്വന്തം രാജ്യത്തിന്‍റെ ഭൂപടം കണ്ടാല്‍ തിരിച്ചറിയാത്ത കുട്ടികളും.

സമയം എത്രയായെന്നു ചോദിച്ചാല്‍ പറയാനറിയാത്തവരും പണം എണ്ണാന്‍ അറിയാത്തവരുമായ ഒരു തലമുറയാണ് ഇന്ത്യയുടെ ഗ്രാമീണ മേഖലയില്‍ വളര്‍ന്നു വരുന്നതെന്ന് 2017ലെ ആനുവല്‍ സ്റ്റാറ്റസ് ഓഫ് എഡ്യുക്കേഷന്‍റെ (എഎസ്ഇആര്‍) ചൊവ്വാഴ്ച പുറത്തു വന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

14നും 18നും ഇടയില്‍ പ്രായമുള്ള ഗ്രാമീണ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് രണ്ടാംക്ലാസ് നിലവാരും പോലുമില്ലെന്നാണു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. 14നും 18നും ഇടയില്‍ പ്രായമുള്ള 120 ദശലക്ഷം കുട്ടികളാണ് ഇന്ത്യയിലുള്ളത്. ടിവി കാണാത്ത 13 ശതമാനവും പത്രം വായിക്കാത്ത 34 ശതമാനവും റേഡിയോ കേള്‍ക്കാത്ത 53 ശതമാനവും വരുന്ന യുവാക്കളുള്ള ഗ്രാമങ്ങള്‍ ഇന്ത്യയുടെ മറ്റൊരു മന്‍ കി ബാത് ആണ് വെളിപ്പെടുത്തുന്നത്.

സമയം എത്രയായെന്നു ചോദിച്ചാല്‍ ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ 40 ശതമാനം കുട്ടികള്‍ക്കും മണിക്കൂറോ മിനിറ്റോ കണക്കാക്കി പറയാന്‍ അറിയില്ല. 14നും 16നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ നടത്തിയ സര്‍വേയില്‍ 4 ശതമാനം പേര്‍ക്കും ഇന്ത്യയുടെ ഭൂപടം കണ്ടിട്ട് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. 36 ശതമാനം കുട്ടികള്‍ക്ക് രാജ്യത്തിന്‍റെ തലസ്ഥാനം ഏതെന്നറിയില്ല. 21 ശതമാനം പേര്‍ക്ക് തങ്ങളുടെ സ്വന്തം സംസ്ഥാനത്തിന്‍റെ പേര് പോലും അറിയില്ല.

ഈ പ്രായത്തിലെ 40 ശതമാനം പേര്‍ക്കും തങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്ന കര്‍മമേഖലയില്‍ ഒരു മാതൃകാ വ്യക്തിത്വത്തെ ചൂണ്ടിക്കാണിക്കാന്‍ പോലും പറ്റുന്നില്ലെന്നാണു ചീഫ് എക്കണോമിക് അഡൈ്വസര്‍ അരവിന്ദ് സുബ്രഹ്മണ്യന്‍ പറഞ്ഞത്. അരവിന്ദ് സുബ്രഹ്മണ്യവും നൈപുണ്യ വികസന മന്ത്രാലയ സെക്രട്ടറി കെ.പി.കൃഷ്ണനും ചേര്‍ന്നാണ് ഡല്‍ഹിയില്‍ എഎസ്ഇആര്‍ റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

14നും 16നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ നാലില്‍ ഒന്നു പേര്‍ക്കും തങ്ങളുടെ സ്വന്തം ഭാഷ നന്നായി വായിക്കാന്‍ അറിയില്ല. 60 ശതമാനം പേര്‍ കമ്പ്യൂട്ടറോ ഇന്റര്‍നെറ്റോ ഇതുവരെ ഉപയോഗിച്ചിട്ടില്ല. 57 ശതമാനം പേര്‍ക്കും ഹരിക്കാന്‍ അറിയില്ല.

2017ലെ ആനുവല്‍ സ്റ്റാറ്റസ് ഓഫ് എഡ്യുക്കേഷന്‍ (എഎസ്ഇആര്‍) റിപ്പോര്‍ട്ടിലാണു ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരത്തകര്‍ച്ചയിലേക്കു വിരല്‍ ചൂണ്ടുന്നത്. എന്നാല്‍, 14ഉം 18ഉം വയസുള്ള കുട്ടികളില്‍ ഈ കാലയളവില്‍ മൊബൈല്‍ ഫോണിന്‍റെ ഉപയോഗം വളരെയേറെ വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു.

രാജ്യത്തെ 24 സംസ്ഥാനങ്ങളിലെ 28 ജില്ലകളില്‍ നടത്തിയ സര്‍വേയിലാണു ഗ്രാമീണ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരത്തിന്‍റെ ദുരവസ്ഥ വ്യക്തമായത്. രാജ്യത്തെ ഗ്രാമീണ മേഖലയിലെ കുട്ടികളില്‍ നാലില്‍ ഒന്നു പേര്‍ക്കും പണം കൃത്യമായി എണ്ണാന്‍ അറിയില്ല. 44 ശതമാനം പേര്‍ക്ക് അളവ് തൂക്കം അറിയില്ല. എഎസ്ഇആര്‍ ഈ വര്‍ഷം 14നും 18നും ഇടയില്‍ പ്രായമുള്ളവരുടെ ഇടയിലാണു സര്‍വേ നടത്തിയത്. 2000ത്തോളം വരുന്ന വോളന്‍റിയര്‍മാര്‍ 1641 ഗ്രാമങ്ങളിലായി 25,726 വീടുകള്‍ സന്ദര്‍ശിച്ച് 30,532 യുവാക്കളെ കണ്ടാണു സര്‍വേ തയാറാക്കിയത്.

14നും 18നും ഇടയില്‍ പ്രായമുള്ള 86 ശതമാനം പേരും സ്‌കൂളുകളിലോ കോളേജുകളിലോ പഠിക്കുന്നവരാണ്. ഇതിന്‍റെ പകുതിയോളം വരുന്ന വിദ്യാര്‍ഥികള്‍ പത്താംക്ലാസിലോ അതിനു താഴെയുള്ള ക്ലാസുകളിലോ ആണ്. 25 ശതമാനം പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളില്‍ പഠിക്കുന്നു. ആറു ശതമാനം പേര്‍ ബിരുദ വിദ്യാര്‍ഥികളാണ്. 14 ശതമാനം പേര്‍ പഠിക്കുന്നേയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് അനുസരിച്ച് ഉത്തരേന്ത്യയിലെയും മധ്യഇന്ത്യയിലെയും ഗ്രാമീണ സ്‌കൂളുകളിലെ വിദ്യാഭ്യാസ നിലവാരത്തെ അപേക്ഷിച്ച് ദക്ഷിണേന്ത്യയിലെ അവസ്ഥ വളരെ ഭേദപ്പെട്ടതാണ്.

റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍

* 14നും 18നും ഇടയില്‍ പ്രായമുള്ള 32 പെണ്‍കുട്ടികളും 28 ശതമാനം ആണ്‍കുട്ടികളും സ്കൂളിൽ പോയിട്ടേയില്ല. ഇവരില്‍ 60 ശതമാനം പേരും തൊഴില്‍ ചെയ്യുന്നവരാണ്.

* 14 വയസുള്ളവരില്‍ 40 ശതമാനം പേര്‍ക്കും ഇംഗ്ലീഷ് വാചകങ്ങള്‍ വായിക്കാന്‍ അറിയാം. 18 വയസായവരില്‍ ഇത് 60 ശതമാനമാണ്. 79 ശതമാനം പേര്‍ക്കും വാചകത്തിന്‍റെ അര്‍ഥം അറിയാം.

* ഈ പ്രായത്തിലുള്ളവരില്‍ എട്ടു വര്‍ഷം സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ക്കും വായിക്കാനോ കണക്കോ അറിയില്ല.

* 14നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കിടയില്‍ 73 ശതമാനം പേരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണ്.

* 12 ശതമാനം ആണ്‍കുട്ടികളും 22 ശതമാനം പെണ്‍കുട്ടികളും ഇതുവരെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടേയില്ല.

* 14 വയസു വരെയുള്ളവരില്‍ 64 ശതമാനം പേരും മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളാണ്. 18 വയസുള്ളവരില്‍ ഇത് 82 ശതമാനമാണ്.

* ഈ പ്രായത്തിലുള്ള ഗ്രാമീണ മേഖലയിലെ കുട്ടികളില്‍ 59 ശതമാനം പേര്‍ ഇതുവരെ കമ്പ്യൂട്ടറും 64 ശതമാനം പേര്‍ ഇതുവരെ ഇന്‍റര്‍നെറ്റും ഉപയോഗിച്ചിട്ടില്ല.

* 15 ശതമാനം പേര്‍ക്ക് മാത്രമാണ് എടിഎം കാര്‍ഡുള്ളത്, അഞ്ചു ശതമാനം പേര്‍ മാത്രമാണ് ഇന്‍റര്‍നെറ്റ് ബാങ്കിംഗ് ഉപയോഗിച്ചിട്ടുള്ളത്.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...