ഐപിഎല്ലിൽ അഞ്ചാമതും അഞ്ഞൂറിലെത്തി കോഹ്‌ലി
Wednesday, May 16, 2018 8:22 AM IST
ബംഗളൂരു: ഐപിഎല്ലിന്‍റെ 11ാം പതിപ്പിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് കഷ്ടകാലമാണെങ്കിലും നായകൻ വിരാട് കോഹ്‌ലിയുടെ ബാറ്റിന് നല്ല കാലം തന്നെയാണ്. വീണ്ടും ഒരു സീസണിൽ കൂടി വിരാടിന്‍റെ ബാറ്റ് 500ന് മുകളിൽ റൺസ് അടിച്ചുകൂട്ടി. 11ാം പതിപ്പിലെത്തി നിൽക്കുന്ന ഐപിഎൽ ചരിത്രത്തിൽ ഇത് അഞ്ചാം തവണയാണ് കോഹ്‌ലി 500 ന് മുകളിൽ സ്കോർ ചെയ്യുന്നത്.

12 മത്സരങ്ങളിൽ നിന്നായി ഇതുവരെ കോഹ്‌ലി നേടിയത് 514 റൺസാണ്. ഇനിയും നാല് മത്സരങ്ങൾ ടീമന് ബാക്കിയുണ്ട്. 2011, 2013,2015,2016, 2018 സീസണുകളിലാണ് കോഹ്‌ലിയുടെ ബാറ്റ് 500 റൺസെന്ന കടമ്പ കടന്നത്. ഇതിൽ 2016ലാണ് എതിരാളികൾ കോഹ്‌ലിയുടെ ബാറ്റിന്‍റെ ചൂട് ശരിക്കുമറിഞ്ഞത്. 16 മത്സരങ്ങളിൽ നിന്ന് 973 റൺസാണ് അന്ന് കോഹ്‌ലി വാരിക്കൂട്ടിയത്.

2013ലും കോ‌ഹ്‌ലി ബൗളർമാരെ വട്ടം കറക്കി. 634 റൺസാണ് 2013ൽ കോഹ്‌ലി നേടിയത്. 2011ൽ 557 റൺസ് നേടിയ കോഹ്‌ലി 2015ൽ 505 റൺസാണ് നേടിയത്. ഡൽ‌ഹി താരം ഋഷഭ് പന്താണ് ഇത്തവണ റൺവേട്ടക്കാരിൽ. 582 റൺസുമായി ഋഷഭ് നയിക്കുന്ന പട്ടികയിൽ ആറാം സ്ഥാനത്താണ് കോ‌ഹ്‌‌‌ലി ഉള്ളത്. റൺവേട്ടക്കാരിൽ ഒന്നാമനെങ്കിലും പന്തിന്‍റെ ടീമിന്‍റെയും ഇത്തവണത്തെ അവസ്ഥ ഏറെ പരിതാപകരമാണ്.

നാണക്കേടിലേക്ക് കൂപ്പുകുത്തിയ ഇരു ടീമുകൾക്കും ഇനി പ്രതീക്ഷിക്കാനാവുക നാണക്കേട് ഒഴിവാക്കാനുള്ള ജയങ്ങളും ഒപ്പം ഈ രണ്ട് ബാറ്റ്സ്മാൻമാരുടെ മിന്നും പ്രകടനങ്ങളുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.