ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം
Saturday, January 13, 2018 4:43 AM IST
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം. നീലച്ചിത്രനടി സ്റ്റെഫാനി ക്ലിഫോർഡുമായി ട്രംപ് ബന്ധം പുലർത്തിയിരുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നത്. ഈ വിവരം മറച്ചുവയ്ക്കുന്നതിന് സ്റ്റോമി ഡാനിയൽ‌സ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ക്ലിഫോർഡിന് 1,30,000 ഡോളർ ട്രംപ് നൽകിയെന്നാണ് റിപ്പോർട്ട്. വാൾസ്ട്രീറ്റ് ജേർണലാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.

38കാരിയായ സ്റ്റോമി ഡാനിയൽസ് 2016ലാണ് അഭിനയം അവസാനിപ്പിച്ചത്. ​2006ൽ നടന്ന ഒരു ഗോൾഫ് ടൂർണമെന്‍റിനിടെയാണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നതും അടുപ്പത്തിലായതുമെന്നാണ് സൂചന. ട്രംപിന്‍റെ വിവാഹശേഷമായിരുന്നു ഇത്. 2005ലാണ് ട്രംപ് മെലാനിയയെ വിവാഹം കഴിച്ചത്. അന്നത്തെ ചിലപത്രങ്ങളിൽ ട്രംപ്-മെലാനിയ ബന്ധത്തിൽ വിള്ളൽ എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നെങ്കിലും ട്രംപ് അത് നിഷേധിച്ചിരുന്നു. അതേസമയം ഇപ്പോൾ പുറത്ത് വന്ന വാർത്തകൾ സംബന്ധിച്ച് ട്രംപോ സ്റ്റോമി ഡാനിയൽസോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചു. ഇത്തരം ആരോപണങ്ങളോട് പ്രതികരിക്കുന്നില്ലെന്നും ഇതേക്കുറിച്ച് പിന്നീട് സംസാരിക്കാമെന്നുമായിരുന്നു സ്റ്റോമി ഡാനിയൽസിന്‍റെ അഭിഭാഷകൻ കെയ്ത് ഡേവിഡ്സൺ പറഞ്ഞത്. നേരത്തെ, അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് സമയത്തും റിപ്പബ്ലിക്കൻ സ്ഥാനാർഥിയായിരുന്ന ട്രംപിനെതിരെ നിരവധി ലൈംഗികാരോപണങ്ങൾ ഉയർന്നിരുന്നു. 16 ലൈംഗികാരോപണങ്ങളാണ് അന്ന് ട്രംപിനെതിരെ ഉയർന്നത്.

എന്നാൽ ഇതെല്ലാം ട്രംപും അദ്ദേഹത്തിന്‍റെ അനുയായികളും തള്ളിക്കളയുകയാണുണ്ടായത്. ഇവയെല്ലാം കോടതിക്ക് മുന്നിലെത്തുകയും ചെയ്തിരുന്നു. അതിൽ ചിലത് കോടതിക്കു പുറത്ത് ഒത്തുതീർക്കാൻ ട്രംപ് ശ്രമം നടത്തിയെങ്കിലും ഒരു കേസ് മാത്രമാണ് അത്തരത്തിൽ തീർക്കാനാനായത്. ഈ സാഹചര്യം നിലനിൽക്കെയാണ് ട്രംപിനെതിരെ വീണ്ടും ആരോപണം ഉയരുന്നത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.