അപ്രഖ്യാപിത ഹർത്താലിലെ അക്രമം: കടുത്ത നടപടിയുമായി പോലീസ്
Tuesday, April 17, 2018 1:16 PM IST
പാലക്കാട്: ജമ്മു കാഷ്മീരിൽ കൊല്ലപ്പെട്ട എട്ട് വയസുകാരിക്ക് നീതി വേണമെന്ന മുദ്രാവാക്യം ഉയർത്തി തീവ്രനിലപാടുള്ള സംഘടനകൾ സോഷ്യൽ മീഡിയ വഴി ആഹ്വാനം ചെയ്ത ഹർത്താലിന്‍റെ പേരിൽ നടത്തിയ അക്രമങ്ങളിൽ പോലീസ് കർശന നടപടി ആരംഭിച്ചു. ഹർത്താലിന്‍റെ പേരിൽ അക്രമവും അഴിഞ്ഞാട്ടവും നടത്തിയ കേസിൽ പാലക്കാട് ജില്ലയിൽ 250 പേരാണ് അറസ്റ്റിലായത്. ഇതിൽ 91 പേർക്കെതിരേ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ട്.

വാട്സ് ആപ്പ് വഴി ഹർത്താലിന് ആഹ്വാനം ചെയ്യുകയും അക്രമിക്കുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തിരുന്നു. തീവ്രനിലപാടുള്ള ചില സംഘടനകളുടെ പേരിലുള്ള വാട്സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് ആളുകളെ ഭയപ്പെടുത്തുന്ന രീതിയിലുള്ള സന്ദേശങ്ങൾ പ്രചരിക്കപ്പെട്ടത്. ഈ ഗ്രൂപ്പുകൾ എല്ലാം പോലീസ് നിരീക്ഷണത്തിലാണ്.

കാസർഗോഡ്, മലപ്പുറം, കണ്ണൂർ ജില്ലകളിലും അക്രമം നടത്തിയവർക്കെതിരേ പോലീസ് നടപടി തുടങ്ങിയിട്ടുണ്ട്. കാസർഗോട്ട് വിവിധ മേഖലകളിൽ വാഹനങ്ങൾ തടയുകയും കടകൾ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ 104 പേർക്കെതിരേയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹർത്താലുമായി ബന്ധപ്പെട്ട സംഭവങ്ങൾ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നാണ് ആഭ്യന്തരവകുപ്പ് അറിയിച്ചിരിക്കുന്നത്.

കണ്ണൂർ, മലപ്പുറം ജില്ലകളിലും അക്രമികൾക്കെതിരേ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മലപ്പുറത്ത് സംഘർഷങ്ങളുടെ പേരിൽ ചിലയിടത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ഹർത്താലിന്‍റെ പേരിൽ അക്രമം നടത്തിയ സംഭവത്തിൽ വ്യാപാരികളും കടുത്ത പ്രതിഷേധത്തിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.