രാഹുൽ വയനാട്ടിൽ വരുമോ? സ്ഥിരീകരിക്കാതെ കോൺഗ്രസ്
Saturday, March 23, 2019 2:44 PM IST
ന്യൂഡൽഹി: രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും ജനവിധി തേടുമെന്ന വാർത്ത തള്ളാതെയും കൊള്ളാതെയും കോണ്‍ഗ്രസ് ദേശീയ നേതൃത്വം. വയനാട്ടിൽ നിന്നും രാഹുൽ മത്സരിക്കണമെന്ന ആവശ്യം കെപിസിസിയും നേതാക്കളും മുന്നോട്ടുവച്ചുവെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുർജേവാല പറഞ്ഞു. ഡൽഹിയിൽ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

രാഹുൽ വയനാട്ടിൽ നിന്നും ജനവിധി തേടുമെന്ന് സ്ഥിരീകരിച്ചില്ലെങ്കിലും അത്തരമൊരു ചർച്ചയുണ്ടെന്ന കാര്യം അംഗീകരിക്കുന്ന തരത്തിലായിരുന്നു കോണ്‍ഗ്രസ് വക്താവിന്‍റെ വാക്കുകൾ. അമേഠി രാഹുലിന്‍റെ കർമ്മ ഭൂമിയാണെന്നും നിലവിൽ അവിടെ നിന്നും മാത്രമാണ് മത്സരിക്കാൻ അദ്ദേഹം തീരുമാനിച്ചിരിക്കുന്നതെന്നും സുർജേവാല വ്യക്തമാക്കി. എങ്കിലും കെപിസിസിയുടെയും കേരളത്തിലെ ജനങ്ങളുടെ ആവശ്യം തള്ളിക്കളഞ്ഞിട്ടില്ലെന്നും അദ്ദേഹം സൂചന നൽകി.

കേരളത്തിൽ നിന്നും രാഹുൽ മത്സരിക്കുമോ എന്ന കാര്യത്തിൽ വരും ദിവസം തീരുമാനമുണ്ടാകുമെന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങളും അറിയിച്ചിരിക്കുന്നത്. രാഹുലിനായി പിന്മാറിയെന്ന് വയനാട്ടിൽ സ്ഥാനാർഥിയാകുമെന്ന് കരുതിയ ടി.സിദ്ദിഖ് കൂടി പ്രഖ്യാപിച്ചതോടെ സ്ഥാനാർഥിത്വം ഏതാണ്ട് ഉറപ്പിച്ച മട്ടാണ്. രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരും സമാനമായ രീതിയിൽ തന്നെയാണ് പ്രതികരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.