യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച സി.ആർ.നീലകണ്ഠന് സസ്പെൻഷൻ; ആപ്പിന്‍റെ വോട്ട് എൽഡിഎഫിന്
Saturday, April 20, 2019 3:42 PM IST
ന്യൂഡൽഹി: ആം ആദ്മി പാർട്ടി സംസ്ഥാന കണ്‍വീനർ സി.ആർ.നീലകണ്ഠനെ പാർട്ടി ദേശീയ നേതൃത്വം പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തു. സംസ്ഥാനത്തെ 13 മണ്ഡലങ്ങളിൽ ആപ്പിന്‍റെ പിന്തുണ യുഡിഎഫിന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. ആപ്പിന്‍റെ നിരുപാധിക പിന്തുണ എൽഡിഎഫ് സ്ഥാനാർഥികൾക്കായിരിക്കും എന്നും ദേശീയ നേതൃത്വം പ്രഖ്യാപിച്ചു.

കൂടിയാലോചനകൾ നടത്താതെയാണ് നീലകണ്ഠൻ പാർട്ടിയുടെ പിന്തുണ യുഡിഎഫിന് പ്രഖ്യാപിച്ചതെന്നും ഇതാണ് നടപടിക്ക് കാരണമെന്നും ദേശീയ നേതൃത്വം വ്യക്തമാക്കി. സംസ്ഥാനത്തെ 13 മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർഥികൾക്ക് ആപ്പ് സംസ്ഥാന നേതൃത്വം പിന്തുണ പ്രഖ്യാപിച്ചിരുന്നു.

അതേസമയം ദേശീയ നേതൃത്വം നടപടിയെക്കുറിച്ച് ഒന്നുമറിയിച്ചിട്ടില്ലെന്ന് നീലകണ്ഠൻ പ്രതികരിച്ചു. എൻഡിഎ മുന്നണി സ്ഥാനാർഥികളെ തോൽപ്പിക്കുന്ന നിലപാട് സ്വീകരിക്കണമെന്നാണ് ദേശീയ നേതൃത്വം നിർദ്ദേശിച്ചിരുന്നത്. എൽഡിഎഫിനോ യുഡിഎഫിനോ പിന്തുണ നൽകണമെന്ന് വ്യക്തമാക്കിയിരുന്നില്ല. പാർട്ടി നേതൃത്വം അത്തരത്തിൽ വ്യക്തമായ നിർദ്ദേശം നൽകിയിരുന്നെങ്കിലും പിന്തുണ എൽഡിഎഫിന് തന്നെ നൽകുമായിരുന്നുവെന്നും സി.ആർ.നീലകണ്ഠൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.