ഇരുപതിനായിരം വരെ ഭൂരിപക്ഷം; സുരേന്ദ്രന്‍റെ ജയമുറപ്പിച്ച് ബിജെപി
Thursday, April 25, 2019 4:58 PM IST
പത്തനംതിട്ട: ശക്തമായ ത്രികോണ പോര് നടന്ന പത്തനംതിട്ടയിൽ ബിജെപി വിജയം ഉറപ്പിച്ചു. തെരഞ്ഞെടുപ്പിന് ശേഷം നടത്തിയ കണക്കൂകൂട്ടലിൽ കെ.സുരേന്ദ്രൻ പതിനയ്യായിരം മുതൽ ഇരുപതിനായിരം വരെ ഭൂരിപക്ഷത്തിന് ജയിച്ചു കയറുമെന്നാണ് ബിജെപി ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ.മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിൽ നിന്നും പ്രവർത്തകർ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ടയിൽ താമര വിരിഞ്ഞുവെന്ന് ബിജെപി ഉറപ്പിച്ചത്.

74.19 ശതമാനം എന്ന റിക്കാർഡ് പോളിംഗ് നടന്ന മണ്ഡലത്തിൽ 10,22,760 വോട്ടുകളാണ് ആകെ പോൾ ചെയ്തത്. ഇതിൽ 3.8 ലക്ഷം മുതൽ നാല് ലക്ഷം വരെ താമരയിൽ പതിയുമെന്നാണ് ബിജെപിയുടെ കണക്ക്. ആറ·ുള, കോന്നി, അടൂർ നിയമസഭാ മണ്ഡലങ്ങളിൽ സുരേന്ദ്രൻ മികച്ച ലീഡ് നേടി ഒന്നാമതാകുമെന്നും ന്യൂനപക്ഷ വിഭാഗങ്ങൾ ശക്തമായ തിരുവല്ലയിലും പൂഞ്ഞാറിലും രണ്ടാം സ്ഥാനത്ത് വരാൻ കഴിയുമെന്നും ബിജെപി കണക്കുകൂട്ടുന്നു.

ശബരിമല വിഷയം ശക്തമായി ഉന്നയിച്ചതിനാൽ മണ്ഡലത്തിലുള്ള 58 ശതമാനം ഹിന്ദു വോട്ടുകളിൽ ഏകീകരണം ഉണ്ടായെന്നും ഇത് സുരേന്ദ്രന് അനുകൂലമാകുമെന്നും ജില്ലാ കമ്മിറ്റി വിലയിരുത്തി. ഹിന്ദു വോട്ടർമാർ കൂടുതലുള്ള മേഖലകളിൽ പോളിംഗ് ഉയർന്നതും ബിജെപിക്ക് പ്രതീക്ഷ നൽകുന്ന ഘടകമാണ്. 5,31,826 സ്ത്രീകൾ വോട്ട് ചെയ്തതിലും ബിജെപി പ്രതീക്ഷ വയ്ക്കുന്നുണ്ട്. സ്ത്രീകളുടെ വലിയ പിന്തുണ സുരേന്ദ്രന് ലഭിച്ചിരിക്കാം എന്നും ബിജെപി മനക്കണക്ക് കൂട്ടിയിട്ടുണ്ട്.

ആന്‍റോ ആന്‍റണിയും വീണാ ജോർജും യുഡിഎഫിനും എൽഡിഎഫിനുമായി അണിനിരന്ന പോരാട്ടം കടുപ്പമായിരുന്നു എന്ന് തന്നെയാണ് ബിജെപിയും വിലയിരുത്തുന്നത്. എന്നാൽ ന്യൂനപക്ഷ വോട്ടുകൾ ഭിന്നിച്ചുപോകുമെന്നും അതുവഴി ബിജെപിക്ക് നേട്ടമുണ്ടാകുമെന്നുമാണ് കണക്കുകൾ നിരത്തി ജില്ലാ ഘടകം വിശ്വസിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.