ഒരിക്കൽ കൂടി മോഡ്രിച്ച്; വീണ്ടും പിന്തള്ളിയത് റൊണാൾഡോയേയും സലായെയും
Tuesday, September 25, 2018 2:12 AM IST
സൂറിച്ച്: ഫിഫയുടെ ഈ വർഷത്തെ മികച്ച താരത്തിനുള്ള പുരസ്കാരം നേടിയ ലൂക്കാ മോഡ്രിച്ചിന് ഇത് ഇരട്ടി മധുരം. മികച്ച യൂറോപ്യൻ ഫുട്ബോളർക്കുള്ള പുരസ്കാര നേട്ടത്തിനു പിന്നാലെയാണ് ഫിഫ ദി ബെസ്റ്റ് പുരസ്കാരവും മോഡ്രിച്ച് സ്വന്തമാക്കുന്നത്. റയലില്‍ നിന്ന് ഈ സീസണില്‍ യുവെന്‍റസിലേക്കു ചേക്കേറിയ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, പ്രീമിയര്‍ ലീഗിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട ലിവര്‍പൂളിന്‍റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാ എന്നിവരെ പിന്തള്ളിയാണ് മോഡ്രിച്ചിന്‍റെ സ്വപ്നതുല്യമായ നേട്ടം.

യൂറോപ്യൻ ഫുട്ബോളർക്കുള്ള പുരസ്കാര പ്രഖ്യാപനത്തിന്‍റെ അന്തിമ ചുരുക്കപ്പട്ടികയുടെ തനിയാവർത്തനമായിരുന്നു ഇവിടെയും. ഫലവും തെല്ലും മാറിയില്ല. റയലിനെ തുടര്‍ച്ചയായ മൂന്നാം ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മോഡ്രിച്ച്, റഷ്യന്‍ ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. ലോകകപ്പിന്‍റെ ഫൈനലിലെത്തിയ ക്രൊയേഷ്യന്‍ ടീമിന്‍റെ നായകനായിരുന്നു ഈ മുപ്പത്തിരണ്ടുകാരന്‍.

മോഡ്രിച്ചിനും റൊണാൾഡോയ്ക്കും സലായ്ക്കും പുറമേ കെവിന്‍ ഡിബ്രൂയിനെ, അന്‍റോയിന്‍ ഗ്രീസ്മാന്‍, ഏദന്‍ ഹസാര്‍ഡ്, ഹാരി കെയ്ൻ, കിലിയന്‍ എംബാപെ, ലയണല്‍ മെസി, റാഫേല്‍ വരാന്‍ എന്നിവരായിരുന്നു മികച്ച താരത്തിനുള്ളവരുടെ മത്സരത്തിൽ ആദ്യ പത്തിൽ ഇടം നേടിയിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.