ചാത്തന്നൂര്‍: ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ നാട്ടുവഴികളിലൂടെ പഞ്ചായത്ത് കൈകോര്‍ത്തതോടെ കെ എസ് ആര് ടി സിയുടെ ഗ്രാമവണ്ടി നാടിനു പ്രിയങ്കരമായി. നാട്ടിന്‍പുറമാകെ ഓടിയെത്തുന്ന ബസ് സര്‍വീസ് ആശ്രയിക്കാത്തവരായി ആരുമില്ല.
സ്വീകാര്യത ഏറിയതോടെ ഗ്രാമവണ്ടിയുടെ വരുമാനവും ഏറി. ഗ്രാമീണമേഖലയില്‍ പൊതുഗതാഗതസൗകര്യം വിപുലീകരിക്കുന്നതിന്റെഭാഗമായി ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തും കെഎസ്ആര്‍ടിസിയും സംയുക്തമായി നടപ്പിലാക്കിയ പദ്ധതി ഇതോടെ വിജയത്തിന്റെ മറ്റൊരു മാതൃകയായി.
ചാത്തന്നൂര്‍, പാരിപ്പള്ളി, കൊട്ടിയം, കൊല്ലം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലൂടെയും പഞ്ചായത്തിലെ ഒട്ടുമിക്ക വാര്‍ഡുകളിലൂടെയും ഗ്രാമവണ്ടി സഞ്ചരിക്കുന്നു. ശീമാട്ടിമുക്ക്, സ്പിന്നിംഗ് മില്‍, കല്ലുവാതുക്കല്‍, മെഡിക്കല്‍ കോളജ്, കോഷ്ണക്കാവ്, മേലെവിള, വരിങ്ങല, ഇടനാട്, കൊല്ലായിക്കല്‍, മംഗളം ജംഗ്ഷന്, റാണി സ്റ്റോര്‍ ജംഗ്ഷന്, വയലിക്കട, മരക്കുളം, ഇത്തിക്കര, കോതേരി, കൊച്ചാലുംമൂട്, ബ്ലോക്ക് ജംഗ്ഷന് എന്നിവിടങ്ങളിലൂടെയെല്ലമാണ് യാത്ര.
അവധി ദിവസങ്ങള്‍ ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും സര്‍വീസ് നടത്തുന്നു. വിദ്യാര്‍ഥികള്‍ക്കും ഓഫീസ് ജീവനക്കാര്‍ക്കും ഉപകാരപ്രദമായ സമയക്രമവും നിശ്ചയിച്ചിട്ടുണ്ട്.പഞ്ചായത്തിന്റെ ജനകീയ ആസൂത്രണ പദ്ധതിപ്രകാരമാണ് ഗ്രാമവണ്ടി ആരംഭിച്ചത്. നിശ്ചിത കിലോമീറ്റര്‍ അടിസ്ഥാനത്തില്‍ പ്രതിമാസ ഡീസല്‍ചെലവ് പഞ്ചായത്തിന്റെ തനത് ഫണ്ടില്‍നിന്നും നല്‍കും. ഭരണസമിതി ചുമതലപ്പെടുത്തിയ പ്രത്യേക കമ്മിറ്റി കൃത്യമായ നിരീക്ഷണവും നടത്തുന്നു.
പ്രതിവര്‍ഷം 10 ലക്ഷം രൂപയാണ് പദ്ധതിക്കായി മാറ്റിവയ്ക്കുന്നത്. ജില്ലയില്‍പദ്ധതി നടപ്പിലാക്കിയ ഏക പഞ്ചായത്താണ് ചാത്തന്നൂരെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ചന്ദ്രകുമാര്‍ പറഞ്ഞു.