കല, സാഹിത്യം, കൃഷി: നാടിന്റെ വേറിട്ട ഉത്സവമായി ശാന്തിഗിരി ഫെസ്റ്റ്
1460523
Friday, October 11, 2024 6:21 AM IST
പോത്തന്‍കോട് : പതിവ് പ്രദര്ശനവിപണനമേളകള്ക്കപ്പുറം അവതരണത്തിലെ വ്യത്യസ്തത കൊണ്ട് നാടിന്റെ ഉത്സവമായിമാറി ശാന്തിഗിരി ഫെസ്റ്റിന്റെ മൂന്നാം പതിപ്പ്.
വിനോദത്തിനൊപ്പം വിജ്ഞാനവും നിറയുന്ന ഫെസ്റ്റില്‍ കലയ്ക്കും സാഹിത്യത്തിനും കൃഷിയ്ക്കും അര്‍ഹമായ പ്രാധാന്യം നല്‍കിയാണ് സംഘടിപ്പിക്കുന്നത്. ലോകബാലികദിനമായ ഇന്ന് ഗുരുമഹിമ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ബാലികദിനാചരണം ജില്ലാ കളക്ടര്‍ അനുകുമാരി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 4.30ന് ഹാപ്പിനസ് ഗാര്‍ഡനില്‍ നടക്കുന്ന ചടങ്ങില്‍ മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ദീപ അനില്‍, ജനനി പൂജ ജ്ഞാന തപസ്വിനി, ജനനി കൃപ ജ്ഞാന തപസ്വിനി എന്നിവരും വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥിനി പ്രതിനിധികളും പങ്കെടുക്കും.
വൈകുന്നേരം അഞ്ചിന് ഫെസ്റ്റ് നഗരിയില്‍ നടക്കുന്ന കാര്‍ഷികോത്സവം നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ബൈജു എന്‍. കുറുപ്പ് ഉദ്ഘാടനം ചെയ്യും. മാണിക്കല്‍, വെമ്പായം, പോത്തന്‍കോട് പഞ്ചായത്തുകളിലെ കര്‍ഷകരെ ഉള്‍പ്പെടുത്തിയും ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടെയുമാണു കാര്‍ഷികോത്സവം സംഘടിപ്പിക്കുന്നത്. കാര്‍ഷികോത്സവത്തില്‍ പ്രാദേശിക കര്‍ഷകര്‍ക്ക് സ്വന്തം കൃഷിയിടങ്ങളില്‍ കൃഷി ചെയ്തെടുത്ത ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിനും വിപണനത്തിനും അവസരം ലഭിക്കും.
നാളെ ആരംഭിക്കുന്ന സാഹിത്യോത്സവത്തിനു മുന്നോടിയായി ഗുരുധര്‍മ പ്രകാശസഭയിലെ അംഗങ്ങള്‍ ഫെസ്റ്റ് നഗരിയിലെ ഒ.വി. വിജയന് സ്ക്വയറില്‍ മണ്‍ചെരാതുകള്‍ തെളിയിച്ചു.
തുടര്‍ന്നു കലാജ്ഞലിവേദിയില് യു.കെ. ബ്രദേഴ്സ് അവതരിപ്പിച്ച ദഫ് മുട്ട്, സാമൂഹ്യമാധ്യമതാരങ്ങള് അവതരിപ്പിച്ച ഗാനകൈരളി എന്നിവ നടന്നു.