ജാമ്യം നേടിയ സുരേന്ദ്രഷാ നാട്ടിലേക്കു മടങ്ങി : പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ വീഡിയോ പകര്‍ത്തിയത് കൗതുകം തോന്നിയതിനാല്‍
1574352
Wednesday, July 9, 2025 6:53 AM IST
പേരൂര്‍ക്കട: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ രഹസ്യ ക്യാമറയുമായി എത്തി പിടിയിലായ ഇതരസംസ്ഥാനക്കാരന് ജാമ്യംനേടി നാട്ടിലേക്കു മടങ്ങി. ഒരു കൗതുകത്തിനുവേണ്ടിയാണു വീഡിയോ പകര്‍ത്തിയതെന്നും പിന്നീട് കാണാനുള്ള ആകാംക്ഷയായിരുന്നു അതിനു പിന്നിലെന്നും ഇദ്ദേഹം വെളിപ്പെടുത്തി. കഴിഞ്ഞദിവസമാണ് കണ്ണടയ്ക്കുള്ളിലെ ക്യാമറയുമായി (ഗ്ലാസ് കാമറ) ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രഷാ (66) പിടിയിലായത്.
ഭാര്യ, ഭാര്യയുടെ സഹോദരി, ബന്ധുക്കള്‍ എന്നിവര്‍ ഉള്‍പ്പെടെ അഞ്ചു പേരുമായാണ് ഇദ്ദേഹം ക്ഷേത്രദര്‍ശനത്തിനായി ഒരാഴ്ചമുമ്പ് നാട്ടില്‍നിന്നു പുറപ്പെടുന്നത്. ആദ്യം മധുരയിലെത്തുകയും അവിടെനിന്നു രാമേശ്വരത്തേക്കു പോകുകയുമായിരുന്നു. പിന്നീട് പത്മനാഭസ്വാമി ക്ഷേത്രത്തിലുമെത്തി.
ക്ഷേത്രത്തിന്റെ പടിക്കെട്ടുകള്‍ കയറി ഉള്ളിലേക്കു പോകാന്‍ ശ്രമിക്കുന്നതിനിടെ കണ്ണടയുടെ ഭാഗത്തുനിന്നു തിളക്കം വന്നതിനെത്തുടര്‍ന്നാണു പോലീസ് ഇദ്ദേഹത്തെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചത്. കണ്ണടയുടെ ഇരുകാലുകളിലുമായി രണ്ടു കാമറകളാണ് ഉണ്ടായിരുന്നത്. പത്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ചും ഇവിടത്തെ സുരക്ഷയെക്കുറിച്ചും അറിഞ്ഞിട്ടുണ്ടെന്നും ഒരു കൗതുകത്തിനുവേണ്ടി മാത്രമാണ് കാമറയുള്ള കണ്ണട ഒരുമാസത്തിനുമുമ്പ് ഓണ്‍ലൈനില്‍ വാങ്ങിയതെന്നും ഇദ്ദേഹം പോലീസിനോടു പറഞ്ഞു.
മൊബൈല്‍ഫോണ്‍ പുറത്തുവച്ചശേഷമാണ് ഉള്ളിലേക്ക് കയറിയത്. ഫോണില്‍ കാമറ റിക്കാർഡ് ആകുകയായിരുന്നു. സുരക്ഷയുടെ ഭാഗമായി ഷായുടെ ഫോണും കാമറയും കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.
പോലീസ് പിടിയിലായതോടെ ഭയന്നുവിറച്ച സുരേന്ദ്രഷാ ആദ്യം കുറ്റം സമ്മതിച്ചിരുന്നില്ല. കാമറയുമായി എത്തിയതില്‍ ദുരൂഹതയില്ലെന്നു തെളിഞ്ഞതോടെ സുരേന്ദ്രഷായ്ക്ക് സ്റ്റേഷന്‍ജാമ്യം നല്‍കിയെന്നും ഇന്നലെത്തന്നെ ഇദ്ദേഹം കുടുംബത്തോടൊപ്പം സ്വദേശത്തേക്കു മടങ്ങിയെന്നും ഫോര്‍ട്ട് സിഐ ശിവകുമാര്‍ പറഞ്ഞു.