തുവൂരിൽ വലിച്ചെറിയൽ മുക്തകാന്പയിൻ
1262886
Sunday, January 29, 2023 12:04 AM IST
കരുവാരകുണ്ട്: തുവൂർ ഗ്രാമപഞ്ചായത്തിൽ വലിച്ചെറിയൽ മുക്ത കേരളം കാന്പയിന് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് സി.ടി.ജസീന ഉദ്ഘാടനം ചെയ്തു. തുടർന്ന് പാതയോര ശുചീകരണവും നടന്നു.
പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ പൊതുയിടങ്ങളിൽ വലിച്ചെറിയുന്നതിനെതിരെ ആവിഷ്ക്കരിച്ച കാന്പയിനാണ് വലിച്ചെറിയൽ മുക്ത കേരളം. കാന്പയിനിന്റെ ഭാഗമായി പൊതുയിടങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. പഞ്ചായത്തിനു കീഴിൽ ഇവ പരിശോധിക്കാൻ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പദ്ധതിയുടെ ആദ്യഘട്ടമായി തുവൂർ ടൗണ്‍ മുതൽ വെള്ളോട്ടുപാറ വരെ റോഡിന് ഇരുവശങ്ങളിലും ഹരിത കർമ സേനയുടെ സഹകരണത്തോടെ ശുചീകരണം നടത്തി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എൻ.പി.നിർമല, ടി.എ.ജലീൽ, അംഗങ്ങളായ കെ.കെ.സുരേന്ദ്രൻ, എൻ.ജ്യോതി, എൻ.കെ.നാസർ, വി.പി.മിനി, ശുചിത്വമിഷൻ ആർ.പി ഷഹനാസ് തുടങ്ങിയവർ പങ്കെടുത്തു.