പോലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ച് വിടണമെന്ന് യുഡിഎഫ്
1591531
Sunday, September 14, 2025 4:50 AM IST
കോഴിക്കോട്: വളയത്ത് തിരുവോണനാളില്‍ യുവാക്കള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷം ഹിന്ദു മുസ്ലീം വിഷയമായി ചിത്രീകരിച്ച് റിമാന്‍ഡ് റിപ്പോര്‍ട്ട് തയ്യാറാക്കിയ പോലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ച് വിടണമെന്ന യുഡിഎഫ്.
സംഭവത്തിന്റെ പേരില്‍ വളയത്ത് വര്‍ഗീയ ധ്രുവീകരണം നടത്താനാണ് പോലീസ് ശ്രമിച്ചതെന്നും സര്‍ക്കാരിന്റെ അറിവോടെയാണ് ഇതെന്ന് സംശയിക്കുന്നതായും ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാറും മുസ്ലീം ലീഗ് ജില്ല പ്രസിഡന്റ് എം.എ റസാഖും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വളയത്തെ സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. തിരുവോണ നാളില്‍ ബൈക്കില്‍ അമിത വേഗതയില്‍ പോയ യുവാക്കളോട് പതുക്കെ പോകാന്‍ നിര്‍ദ്ദേശിച്ചയാളെ യുവാക്കള്‍ മര്‍ദ്ദിക്കുകയും പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
വര്‍ഗീയ പ്രചരണത്തിനാണ് സര്‍ക്കാര്‍ ശ്രമിച്ചിരിക്കുന്നത്. വടകരയുടെ കാഫിര്‍ പ്രയോഗത്തിന്റെ തുടര്‍ച്ചയാണിതെന്നും നേതാക്കള്‍ പറഞ്ഞു. റിമാന്‍ഡ് റിപ്പോര്‍ട്ട്് തയ്യാറാക്കിയ പൊലീസുകാര്‍ക്കെതിരെ നടപടിയില്ലെങ്കില്‍ യുഡിഎഫ് ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ യുഡിഎഫ് ജില്ല ചെയര്മാന് കെ. ബാലനാരായണന്‍, മുസ്ലീംലീഗ് ജില്ല ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ എന്നിവരും പങ്കെടുത്തു.
ഐജി ഓഫീസിന് മുന്നില്‍ നിരാഹാര സമരം 16ന്
കോഴിക്കോട്: കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള പോലീസ് മര്‍ദ്ദനങ്ങളില്‍ പ്രതിഷേധിച്ച് 16ന് ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐജി ഓഫീസിന് മുന്നില്‍ നിരാഹാരസമരം നടത്തും. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് സമരം.
കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സമരമെന്നും വളയത്ത് വര്‍ഗീയ ധ്രവീകരണത്തിനെതിരെയും പ്രതിഷേധിക്കുമെന്ന് ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി.