വിദ്യാർഥികളെ കാത്ത് ഉൾപ്രദേശങ്ങളിലെ പ്ലസ്ടു സ്കൂളുകൾ
1549663
Tuesday, May 13, 2025 6:48 PM IST
കാഞ്ഞങ്ങാട്: നഗരമേഖലകളിലെ സ്കൂളുകളിൽ ചെന്ന് പഠിക്കാനുള്ള കുട്ടികളുടെ താൽപര്യം മൂലം ഉൾപ്രദേശങ്ങളിലെ പ്ലസ് വൺ ക്ലാസുകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന പതിവിന് ഇത്തവണയും മാറ്റമുണ്ടാകാനിടയില്ലെന്ന് അധ്യാപകർ. മികച്ച കോഴ്സ് കോമ്പിനേഷനുകളും അടിസ്ഥാനസൗകര്യങ്ങളും ഉണ്ടായിട്ടും പഠിക്കാൻ കുട്ടികളെ കിട്ടാത്ത അവസ്ഥയായിരുന്നു മുൻവർഷങ്ങളിൽ ജില്ലയിലെ പല സ്കൂളുകളിലും.
തുടർച്ചയായി മൂന്നു വർഷം ആവശ്യത്തിന് കുട്ടികളില്ലെങ്കിൽ ആ കോഴ്സ് നിർത്തലാക്കുകയാണ് പതിവ്. ഇങ്ങനെ കഴിഞ്ഞ മൂന്നുവർഷത്തിനിടെ ജില്ലയിൽ ഏഴു സ്കൂളുകൾക്ക് പ്ലസ് വൺ കോഴ്സുകൾ നഷ്ടമായിട്ടുണ്ട്.
ഉപരിപഠന സൗകര്യവും കൂടുതൽ അവസരങ്ങളും മുൻനിർത്തി ജില്ലയിൽ നിന്നുള്ള നിരവധി കുട്ടികൾ പ്ലസ് വൺ പഠനത്തിനായി കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലേക്ക് ചേക്കേറുന്നുണ്ട്. ഇതിനു പുറമേയാണ് ജില്ലയിലെതന്നെ മികച്ച സ്കൂളുകളും നഗരമേഖലകളും തേടിയുള്ള പരക്കംപാച്ചിൽ.
നഗരമേഖലകളിൽ കൊമേഴ്സ്, ഹ്യുമാനിറ്റീസ് അടക്കമുള്ള എല്ലാ കോമ്പിനേഷനുകളും ആദ്യഘട്ടത്തിൽതന്നെ നിറയുമ്പോൾ ഉൾപ്രദേശങ്ങളിൽ സയൻസ് ബാച്ചുകൾ പോലും ഒഴിഞ്ഞുകിടക്കുന്നതാണ് ഇതിന്റെ ഫലം. നഗരമേഖലകളോടു ചേർന്ന വിഎച്ച്എസ്ഇ സ്കൂളുകളിലും മിക്കവാറും ആദ്യഘട്ടത്തിൽതന്നെ സീറ്റുകൾ നിറയുന്നുണ്ട്.
അടിസ്ഥാന സൗകര്യങ്ങളുടെ കുറവും അധ്യാപകക്ഷാമവും മതിയായ യാത്രാസൗകര്യമില്ലാത്തതുമൊക്കെയാണ് ഉൾപ്രദേശങ്ങളിലെ സ്കൂളുകളുടെ കുറവായി കുട്ടികളും രക്ഷിതാക്കളും ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ കെട്ടിടവും ലാബും അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ ഇപ്പോൾ മിക്കയിടങ്ങളിലും ലഭ്യമാണെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.
എസ്എസ്എൽസി പരീക്ഷയിൽ ഇത്തവണ ജില്ലയിൽ 20,311 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. മുൻവർഷം പ്ലസ് വൺ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം 18419 ആയിരുന്നു. സർക്കാർ സ്കൂളുകളിൽ 30 ശതമാനവും എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനവും അൺ എയ്ഡഡ് വിഭാഗത്തിൽ 10 ശതമാനവും സീറ്റുകൾ വർധിപ്പിക്കാൻ സർക്കാർ അനുമതിയായിട്ടുണ്ട്.
ഇതിനു പുറമേ 1600 സീറ്റുകൾ വിഎച്ച്എസ്ഇ വിഭാഗത്തിലും അതിലേറെ സീറ്റുകൾ പോളിടെക്നിക്, ഐടിഐ മേഖലകളിലുമുണ്ട്. ജില്ലയുടെ വടക്കൻ മേഖലയിൽനിന്ന് ഒട്ടനവധി കുട്ടികൾ കർണാടകയിൽ ഉപരിപഠനസൗകര്യം കിട്ടുന്നതിനായി അവിടെതന്നെ പിയുസിക്ക് ചേരാറുണ്ട്.
ഇതെല്ലാം കണക്കാക്കുമ്പോൾ ഇത്തവണ ജില്ലയിൽ പ്ലസ് വൺ സീറ്റുകൾക്ക് ക്ഷാമം അനുഭവപ്പെടാനിടയില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ ഇഷ്ട്പെട്ട സ്കൂളുകളും കോഴ്സ് കോമ്പിനേഷനുകളും കിട്ടാനുള്ള മത്സരമാണ് നടക്കുന്നത്. അതിൽ എസ്എസ്എൽസി പരീക്ഷയിലെ ഗ്രേഡുകൾക്കൊപ്പം വിവിധ വെയിറ്റേജുകളും നിർണായകമാകും.