ഡോ. ഹരിദാസ് വേർക്കോട്ടിന് നീലേശ്വരത്തിന്റെ യാത്രാമൊഴി
1549664
Tuesday, May 13, 2025 6:48 PM IST
നീലേശ്വരം: പാലക്കാട്ടു നിന്നെത്തി കർമംകൊണ്ട് നീലേശ്വരത്തുകാരനായി മാറിയ ഡോ.ഹരിദാസ് വേർക്കോട്ടിന് പ്രിയനാടിന്റെ യാത്രാമൊഴി. തിങ്കളാഴ്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച ഡോ.ഹരിദാസിന്റെ മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഇന്നലെ രാവിലെ ഒൻപതുമണിയോടെയാണ് നീലേശ്വരം ചിറപ്പുറത്തെ വീട്ടിലെത്തിച്ചത്.
പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായി ഡോക്ടറുടെ ചികിത്സകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുകയറിയവരുൾപ്പെടെ നൂറുകണക്കിന് സാധാരണക്കാരാണ് ഡോക്ടർക്ക് അന്തിമോപചാരമർപ്പിക്കാൻ ചിറപ്പുറത്തെ വീട്ടിലെത്തിയത്.
രാജ്മോഹൻ ഉണ്ണിത്താൻ എംപി, സിപിഎം ജില്ലാ സെക്രട്ടറി എം.രാജഗോപാലൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, നീലേശ്വരം നഗരസഭാധ്യക്ഷ ടി.വി.ശാന്ത, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത, കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത, പ്രഫ.കെ.പി.ജയരാജൻ തുടങ്ങിയവർ ആദരാഞ്ജലികളർപ്പിച്ചു. ഉച്ചയ്ക്ക് ഒരുമണിയോടെ ചിറപ്പുറത്തെ നഗരസഭാ വാതകശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു.
സമാന്തര സിനിമകളെ സ്നേഹിച്ച ഡോക്ടർ
നീലേശ്വരം: ഹിപ്പിത്തലമുടിയും കൂളിംഗ് ഗ്ലാസുമൊക്കെയായി പഴയകാല സിനിമാ നായകരുടെ രൂപത്തിലാണ് ഡോ.ഹരിദാസ് വേർക്കോട്ടിനെ എന്നും എല്ലാവരും കണ്ടിട്ടുള്ളത്. പക്ഷേ നായകനാകാനല്ല, സംവിധായകനാകാൻ മോഹിച്ച ഒരു യൗവനകാലം അദ്ദേഹത്തിനുണ്ടായിരുന്നു.
കച്ചവട സിനിമയേക്കാൾ സമാന്തര സിനിമകളായിരുന്നു അദ്ദേഹത്തിന് പ്രിയം. ആ ഇഷ്ടംകൊണ്ട് ജി.അരവിന്ദൻ മുതൽ ഋതുപർണ ഘോഷ് വരെയുള്ളവരുമായി ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ചെറുപ്പകാലത്ത് കഥകളെഴുതി പ്രമുഖ വാരികകളിൽ പ്രസിദ്ധീകരിച്ചിരുന്നു.

ഡോക്ടറും എഴുത്തുകാരനുമായിരുന്ന ഡോ.പുനത്തിൽ കുഞ്ഞബ്ദുള്ളയുമായി അടുപ്പമുണ്ടായത് ആ വഴിക്കാണ്. കോഴിക്കോട്ടുണ്ടായിരുന്നപ്പോൾ ഒരുതവണ വൈക്കം മുഹമ്മദ് ബഷീറിനെ നേരിട്ടു കാണാൻ പോയ കഥയും ഡോ.ഹരിദാസ് പലപ്പോഴും നീലേശ്വരത്തുകാരുമായി പങ്കുവച്ചിരുന്നു.