ഒടുവില്‍ വേടരപ്ലാവ് -പണയില്‍ റോഡ് സഞ്ചാരയോഗ്യമായി
1546353
Monday, April 28, 2025 11:39 PM IST
ചാരുംമൂട്: നാട്ടുകാരുടെ പ്രതിഷേധത്തിനും മൂന്നുവര്‍ഷത്തെ പഞ്ചായത്തിന്റെ നിയമ പോരാട്ടത്തിനും ഒടുവില്‍ താമരക്കുളം വേടരപ്ലാവ് സ്കൂള്‍ ജംഗ്ഷന്-പണയില്‍ മാര്ത്തോമ്മപ്പള്ളി റോഡിന്റെ ടാറിംഗ് പൂര്‍ത്തിയാക്കി സഞ്ചാരയോഗ്യമാക്കി. ഇതോടെ യാത്രാദുരിതത്തില്നിന്നും ജനങ്ങള്‍ക്ക് മോചനമായി. മൂന്നുവര്‍ഷങ്ങള്‍ക്കു മുമ്പേ നവീകരണത്തിനു വേണ്ടി റോഡ് കുത്തിപ്പൊളിച്ചിട്ടതോടെ ഇതുവഴിയുള്ള യാത്ര ദുരിതമായി മാറിയിരുന്നു. ഇതേത്തുടര്‍ന്ന് നാട്ടുകാരുടെ പ്രതിഷേധം ശക്തമായപ്പോള്‍ താമരക്കുളം പഞ്ചായത്ത് കോടതിയെ സമീപിക്കുകയായിരുന്നു.
ഹൈക്കോടതി നല്കിയ ഉത്തരവിനെത്തുടര്‍ന്ന് സംസ്ഥാന ഗ്രാമീണ റോഡ് വികസന ഏജന്‍സി പുതിയ ടെണ്ടര്‍ വിളിച്ചാണ് റോഡിന്റെ അവസാനഘട്ട നിര്‍മാണം പുതിയ കരാറുകാരന് നല്കി പൂര്‍ത്തിയാക്കിയത്. റോഡിന്റെ ടാറിംഗ് പൂര്‍ത്തിയാക്കി വശങ്ങളില് മണ്ണിട്ട് കോണ്‍ക്രീറ്റ് ചെയ്യുന്നതുമായ അവസാനഘട്ട ജോലികള്‍ പുരോഗമിക്കുകയാണ്. പിഎംജിഎസ്വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4.65 കിലോമീറ്റര്‍ നീളമുള്ള റോഡിന് 2.70 കോടി രൂപയാണ് 2019ല്‍ അനുവദിച്ചിരുന്നത്. കേരള സംസ്ഥാന ഗ്രാമീണ റോഡുവികസന ഏജന്‍സിക്കായിരുന്നു നിര്‍മാണച്ചുമതല.
ടെന്‍ണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഒന്നാംഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതിനിടയിലാണ് കരാറുകാരന് നിര്‍മാണം നിര്‍ത്തിവച്ചത്. ഇതോടെ മെറ്റല്‍ നിരത്തി ഗ്രാവലിട്ടുറപ്പിച്ച റോഡ് ഇളകി കാല്‍നട യാത്രപോലും ദുഷ്ക്കരമായി. തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കുകയും പഞ്ചായത്ത് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തത്.