കോവിഡിന്റെ മറവിൽ ബസ് റൂട്ടുമാറ്റി; നാട്ടുകാർ യാത്രാദുരിതത്തിൽ
1546745
Wednesday, April 30, 2025 5:24 AM IST
ചേര്‍ത്തല: ചേര്‍ത്തലയില്‍നിന്ന് ചക്കരക്കുളം മണവേലിപോറ്റിക്കവല വഴി മുഹമ്മയ്ക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പുനരാരംഭിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍.
കെഎസ്ആര്‍ടിസിയുടെ ചേര്‍ത്തല ഡിപ്പോയില്‍നിന്നാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നത്. പിന്നീട് കോവിഡ് കാലത്ത് ഇത് നിര്‍ത്തലാക്കുകയായിരുന്നു. ഇതോടെ പ്രദേശത്തെ നൂറുകണക്കിനാളുകള്‍ യാത്ര സൗകര്യമില്ലാതെ ബുദ്ധിമുട്ടുകയാണ്. സര്‍വീസ് പുനരാരംഭിക്കണമെന്ന ആവശ്യത്തിനു മുന്നില്‍ കെഎസ്ആര്‍ടിസി അധികൃതര്‍ കണ്ണടയ്ക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
ചേര്‍ത്തലയില്‍നിന്നു രാവിലെയും വൈകിട്ടും ചക്കരക്കുളം സ്കൂള്‍, മണവേലി, മരുത്തോര്‍വട്ടം കിഴക്കേക്കവല, പോറ്റിക്കവല വഴിയുണ്ടായിരുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നൂറുകണക്കിന് യാത്രികരുടെ ആശ്രയമായിരുന്നു. റോഡിന്റെ ഇരുവശങ്ങളിലായി താമസിക്കുന്നവര്‍ക്കു ചേര്‍ത്തല ഭാഗത്തേക്കും മുഹമ്മ ഭാഗത്തേക്കും യാത്ര ചെയ്യാനുള്ള എളുപ്പമാര്‍ഗമായിരുന്നു ഇത്.
ജോലിക്ക് പോകുന്നവരും സ്കൂള്‍-കോളജ് വിദ്യാര്‍ഥികളും രാവിലെയും വൈകിട്ടും സ്ഥിരമായി ഈ സര്‍വീസ് പ്രയോജനപ്പെടുത്തിയിരുന്നു. ബസ് സര്‍വീസ് നിര്‍ത്തലാക്കിയ നാള് മുതല്‍ മണവേലി, മരുത്തോര്‍വട്ടം, ചാലിപ്പള്ളി പ്രദേശത്തുള്ളവര്‍ പോറ്റിക്കവലയിലോ, ചേര്‍ത്തലയിലോ എത്തിയാണ് യാത്ര ചെയ്യുന്നത്. ഇവിടേക്കുള്ള യാത്രയ്ക്ക് സ്വകാര്യ വാഹനങ്ങള്‍ ആശ്രയിക്കുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതായി യാത്രികര്‍ പറയുന്നു.
അധികൃതര്‍
മനസിലാക്കണം
കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ തവണ നിവേദനങ്ങളും അപേക്ഷകളും നല്‍കിയെങ്കിലും കെഎസ്ആര്‍ടിസി അധികൃതരുടെ ഭാഗത്തുനിന്നു നടപടിയുണ്ടായില്ല. പ്രദേശവാസികളായ യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി സര്‍വീസ് പുനരാരംഭിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് നവജ്യോതി സ്വാശ്രയ സംഘം പ്രസിഡന്റ് എം. പ്രമോദും സെക്രട്ടറി മോന്‍സി ടി. തോമസും ആവശ്യപ്പെട്ടു.