എന്റെ കേരളം പ്രദർശന വിപണനമേളയ്ക്ക് ആറിന് ജില്ലയിൽ തുടക്കം
1546762
Wednesday, April 30, 2025 5:36 AM IST
ആലപ്പുഴ: രണ്ടാം പിണറായി മന്ത്രിസഭയുടെ നാലാം വാർഷികത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദർശന വിപണനമേള മേയ് ആറുമുതൽ 12 വരെ ആലപ്പുഴ ബീച്ചിൽ സംഘടിപ്പിക്കും. കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് ചെയർമാനും ഫിഷറീസ് മന്ത്രി സജി ചെറിയാൻ കോ ചെയർമാനും ജില്ലാ കളക്ടർ അലക്സ് വർഗീസ് ജനറൽ കൺവീനറും ആയ ജില്ലാതല സംഘാടകസമിതിയാണ് പരിപാടിക്കു നേതൃത്വം നൽകുന്നത്.
പരിപാടിയുടെ ഉദ്ഘാടനം ആറിന് ആലപ്പുഴ ബീച്ചിൽ വൈകിട്ട് മൂന്നിന് മന്ത്രി പി. പ്രസാദ് നിർവഹിക്കും. മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. എംപിമാർ, എംഎൽഎമാർ, വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുക്കും. എല്ലാ ദിവസവും വൈകിട്ട് ഏഴുമുതൽ പ്രശസ്ത കലാകാരന്മാരുടെ കലാപരിപാടികൾ നടക്കും.
മേയ് ആറിന് ആലപ്പി ജോസി ബാൻഡ് മ്യൂസിക് ഷോ അരങ്ങേറും. മേയ് ഏഴിന് മെർസി ബാൻഡ് മ്യൂസിക് ഷോ, മേയ് എട്ടിന് പ്രമോദ് വെളിയനാട് ആൻഡ് ടീമിന്റെ മൂന്നു സംസ്ഥാന അവാർഡുകൾ നേടിയ നാടകം മാടൻ മോക്ഷം എന്നിവയും നടക്കും.
മേയ് ഒൻപതിന് നൊസ്റ്റാൾജിയ വിത്ത് ദലീമ എന്ന ഗാനമേളയും മേയ് 10ന് ഗ്രൂവ് ബാൻഡ് ആൻഡ് ആരോസ് ആക്രോബാറ്റിക് ഡാൻസ്, മേയ് 11 ന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ നജീം അർഷാദും സംഘവും നയിക്കുന്ന സൂപ്പർ ഹിറ്റ് ഗാനമേള എന്നിവയും അരങ്ങേറും.
മേയ് 12ന് അതുൽ നറുകരയുടെ നേതൃത്വത്തിലുള്ള ഫോക്ഗ്രാഫർ ലൈവ് മ്യൂസിക് ഷോയും നടക്കും. പ്രദർശന വിപണനമേളയിൽ ശീതികരിച്ച 200 സേവന, വാണിജ്യ സ്റ്റാളുകൾ, സംസ്ഥാന സർക്കാരിന്റെ സേവനങ്ങളും പദ്ധതികളും അവതരിപ്പിക്കുന്ന സ്റ്റാളുകൾ, ഭക്ഷ്യമേള, സിനിമ പ്രദർശനം, തീം സ്റ്റാൾ, കുട്ടികൾക്കായി കളിസ്ഥലം, സെമിനാറുകൾ, ഡോഗ് ഷോ, ടൂറിസം പ്രദർശനം , പി ആർ ഡി എന്റെ കേരളം ചിത്രീകരണം, കാർഷിക വിപണന പ്രദർശന മേള, സൗജന്യ സർക്കാർ സേവനങ്ങൾ, കായിക വിനോദ പരിപാടികൾ എന്നിവ മേളയിൽ ഒരുങ്ങും. പ്രവേശനം സൗജന്യമാണ്.