നിയന്ത്രണം തെറ്റിയ കെഎസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
1547016
Thursday, May 1, 2025 12:14 AM IST
ഹരിപ്പാട്: നിയന്ത്രണം തെറ്റിയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് വിവിധ വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ അമ്പലപ്പുഴ പുറക്കാട് വേലിക്കകം മുഹമ്മദ് അസ്ലം (25) ആണ് മരിച്ചത്. നിരവധി പേർക്കു പരിക്കേറ്റു.
ദേശീയപാതയിൽ കരുവാറ്റ കന്നുകാലി പാലത്തിനു സമീപം ഇന്നലെ രാവിലെ ഒൻപതിനായിരുന്നു അപകടം. ഹരിപ്പാട് നിന്നു തൃശൂർ ഭാഗത്തേക്കു പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസ് നിയന്ത്രണം തെറ്റി എതിരെ വന്ന കാൽനടയാത്രക്കാരനെയും ഇരുചക്രവാഹനങ്ങളിലും ഇടിച്ച ശേഷം പിക്കപ്പ് വാനിൽ ഇടിച്ചു നിൽക്കുകയായിരുന്നു.
ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ് അസ്ലമിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. പരിക്കേറ്റ കാൽനടയാത്രക്കാരൻ, സ്കൂട്ടർ യാത്രികൻ, പിക്കപ്പ് വാൻ ഡ്രൈവർ, കെഎസ്ആർടിസി ബസ് ഡ്രൈവർ, യാത്രക്കാർ എന്നിവർ വിവിധ ആശുപത്രിയിൽ ചികിത്സ തേടി. അസ്ലമിന്റെ മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.