സിറ്റി ഗ്യാസ് പദ്ധതി ഓഗസ്റ്റിന് മുന്‍പ് പൂച്ചാക്കലില്‍
1546746
Wednesday, April 30, 2025 5:24 AM IST
പൂച്ചാക്കല്‍: പൈപ്പ് വഴി പാചകവാതകം വീടുകളിലെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി തൈക്കാട്ടുശേരി ബ്ലോക്ക് പരിധിയില്‍ ഓഗസ്റ്റിന് മുന്‍പ് തുടങ്ങും. ചേര്‍ത്തല താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ പൈപ്പ് സ്ഥാപിക്കലും വീടുകളില്‍ കണക്ഷന് നല്‍കുകയും ചെയ്തിട്ടുണ്ട്. ചേര്‍ത്തലയിലെ ചില വാര്‍ഡുകളില്‍ 96 ശതമാനത്തോളം വീടുകളില്‍ കണക്ഷന് എടുത്തുകഴിഞ്ഞു. ഡിസംബറിനുള്ളില്‍ 5000 കണക്ഷനുകള്‍ കൂടി നല്‍കും.
ഇതിനിടയില്‍ ഓഗസ്റ്റില്‍ പൂച്ചാക്കലില്‍ പൈപ്പ് എത്തിക്കും. ചേര്‍ത്തലയില്‍ ദേശീയപാതയുടെ കിഴക്ക് ഭാഗത്തും കണക്ഷനുകള്‍ നല്കി. തീരദേശ മേഖലയില്‍ വെള്ളക്കെട്ടായതിനാലാണ് പൈപ്പ് സ്ഥാപിക്കുന്നതിനുള്ള കാലതാമസം നേരിടുന്നത്. പൈപ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തൈക്കാട്ടുശേരി ബ്ലോക്ക് പരിധിയില്‍ സര്‍വേ നടത്തിയിരുന്നു. സിംഗപ്പൂര്‍ കമ്പനിയായ എജി ആന്‍ഡ് പി പ്രഥം ആണ് പദ്ധതി നടപ്പാക്കുന്നത്.
ചേര്‍ത്തല തങ്കിക്കവലയില്‍ സ്ഥാപിച്ച പ്ലാന്റില്‍നിന്നാണ് പാചകവാതകം പൈപ്പിലൂടെ വീടുകളിലെത്തിക്കുന്നത്. അപകടരഹിതവും ചെലവ് കുറഞ്ഞതുമായ രീതിയാണ് സിറ്റി ഗ്യാസ് പദ്ധതി. എല്‍പിജിയെക്കാള്‍ 25 മുതല്‍ 30 ശതമാനം വരെ ചെലവ് കുറവാണ്. മുഴുവന്‍ സമയവും പാചകവാതകം ലഭ്യമാകുമെന്നതാണ് സിറ്റി ഗ്യാസിന്റെ മറ്റൊരു പ്രധാന പ്രത്യേകത. പാചകവാതക സിലിണ്ടറിന് വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളെ ചൂഷണം ചെയ്യുന്ന സ്ഥിതി സിറ്റി ഗ്യാസ് പദ്ധതി വരുന്നതോടെ ഇല്ലാതാകും. ബുക്ക് ചെയ്താല്‍ ആഴ്ചകള്‍ക്ക് ശേഷമാണ് ഉപഭോക്താക്കള്‍ക്ക് ഗ്യാസ് എത്തിക്കുന്നത്.
പൈപ്പിലൂടെയുള്ള പാചകവാതക വിതരണം തുടങ്ങുന്നതോടെ ഗ്യാസിനായി കാത്തിരിക്കുന്ന അവസ്ഥയും ഒഴിവാകും. പള്ളിപ്പുറം, തൈക്കാട്ടുശേരി, പാണാവള്ളി, അരൂക്കുറ്റി എന്നീ പ്രദേശങ്ങളിലേക്ക് സിറ്റി ഗ്യാസ് പദ്ധതി നീട്ടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. പെരുമ്പളം പാലം തുറന്ന് കൊടുക്കുന്നതോടെ പാലത്തിലൂടെ പൈപ്പ് സ്ഥാപിച്ച് പെരുമ്പളം പഞ്ചായത്തിലും സിറ്റി ഗ്യാസ് പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.