ചുവട് ദ്രവിച്ച മരം ഭീഷണിയാകുന്നു
1546367
Monday, April 28, 2025 11:39 PM IST
മാവേലിക്കര: കായംകുളം-തിരുവല്ല സംസ്ഥാന പാതയില്‍ തട്ടാരമ്പലം ജംഗ്ഷനു തെക്ക് ഭാഗത്തായി റോഡരികില്‍ ചുവട് ഭാഗം ദ്രവിച്ചു നില്ക്കുന്ന കൂറ്റൻ മരം ഭീഷണി ഉയര്‍ത്തുന്നു. പ്രദേശവാസികള്‍ മരത്തിന്റെ അവസ്ഥ അധികാരികളെ പലതവണ അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
വേരിനോട് ചേര്‍ന്ന ചുവട്ഭാഗം ദ്രവിച്ച് വലിയ പൊത്ത് പോലെ രൂപപ്പെട്ട നിലയിലാണ്. ഇടയ്ക്കിടെയുണ്ടാകുന്ന ശക്തമായ മഴയിലും കാറ്റിലും മരം നിലംപൊത്തുമോയെന്ന ഭയത്തിലാണ് നാട്ടുകാര്‍. മഴക്കാലം എത്തുന്നതോടെ ഭീതി ഇരട്ടിയാകും. മഴക്കാലത്തിനു മുന്‍പ് അധികൃതര്‍ മരം മുറിച്ചുമാറ്റി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും നാട്ടുകാര്‍ പറയുന്നു.