മോഷണം പോയ ബൈക്ക് കാവിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ
1546359
Monday, April 28, 2025 11:39 PM IST
ഹരിപ്പാട്: വീട്ടിൽനിന്നു മോഷണം പോയ ബൈക്ക് കാവിനുളളിൽ ഉപേക്ഷിച്ച നിലയിൽ. ചിങ്ങോലി സ്വദേശിയുടെ ബൈക്കാണ് മുതുകുളം കൊല്ലകൽ ക്ഷേത്രത്തിന് വടത്തുഭാഗത്തുള്ള കുടുംബക്കാവിൽനിന്ന് കിട്ടിയത്. പ്രായപൂർത്തിയാകാത്ത രണ്ടു പേരാണ് കടത്തിക്കൊണ്ടുപോയത്.
തിങ്കളാഴ്ച രാവിലെ മൂന്നു യുവാക്കളെ കാവിനു സമീപം സംശയാസ്പദമായി പരിസരവാസികൾ കണ്ടു. ചോദിച്ചപ്പോൾ ബൈക്ക് എടുക്കാൻ വന്നതാണെന്ന മറുപടിയാണ് നൽകിയത്. ബൈക്കിന്റെ നമ്പർ പ്ലേറ്റ് എവിടെയെന്ന് തിരക്കിയപ്പോൾ വർക്ക് ഷോപ്പിൽനിന്ന് കൊണ്ടുവന്നതാണെന്ന് പറഞ്ഞു തട്ടിക്കയറി. തുടർന്ന്, പൊതുപ്രവർത്തകനായ കെ. ഹരികൃഷ്ണൻ എത്തിയതോടെ പന്തികേടു തോന്നിയ മോഷ്ടാക്കൾ അവിടെനിന്നു കടന്നു.
പിന്നാലെ, കനകക്കുന്ന്, കരീലക്കുളങ്ങര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനിടെ, ബൈക്ക് മോഷണം പോയതു കാണിച്ച് ഉടമ കരീലക്കുളങ്ങര പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട്, നടത്തിയ അന്വേഷണത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടു പേരാണ് കടത്തിക്കൊണ്ടു പോയതെന്ന് വ്യക്തമായി. പരാതി ഇല്ലാത്തതിനാൽ കേസെടുത്തില്ല.