ബസ് സര്‍വീസ് പുനരാരംഭിക്കണം: എടത്വ വികസനസമിതി
1547014
Thursday, May 1, 2025 12:14 AM IST
എടത്വ: രാത്രികാല ബസ് സര്‍വീസ് പുനരാരംഭിക്കണമെന്ന് എടത്വ വികസനസമിതി ആവശ്യപ്പെട്ടു. സംസ്ഥാനപാതയായ തിരുവല്ല-അമ്പലപ്പുഴ റോഡില്‍ രാത്രി 9 കഴിഞ്ഞാല്‍ ബസ് സര്‍വീസില്ലാത്തത് ജനങ്ങളെ വലയ്ക്കുന്നു. എടത്വ, തകഴി, അമ്പലപ്പുഴ വഴി ആലപ്പുഴയിലേക്കുള്ള ബസ് തിരുവല്ലയില്‍നിന്ന് ഇപ്പോള്‍ ഏറ്റവും ഒടുവിലായി പുറപ്പെടുന്നത് രാത്രി ഒൻപതിനാണ്. അതിനുശേഷം ഈ ഭാഗത്തേക്ക് ബസുകള്‍ ഇല്ലാത്തത് സാധാരണക്കാരായ യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.
മുന്‍കാലങ്ങളില്‍ രാത്രി 10.10 നായിരുന്നു അവസാന ബസ് സര്‍വീസ്. സാമ്പത്തിക നഷ്ടം പറഞ്ഞ് ആ സര്‍വീസ് നിർത്തലാക്കി. 2003ല്‍ ഗതാഗതമന്ത്രി ആര്. ബാലകൃഷ്ണപിള്ളയ്ക്ക് ഡോ. ജോണ്സണ് വി. ഇടിക്കുള നല്കിയ നിവേദനത്തെതുടര്‍ന്ന് സര്‍വീസ് പുനരാരംഭിക്കുകയും ചെയ്തിരുന്നു. ദേശസാത്കൃത റോഡ് ആയതിനാല്‍ ഈ വഴി സ്വകാര്യബസ് സര്‍വീസില്ല. കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മിച്ചതും മലയോര തീരദേശമേഖലകളെ ബന്ധിപ്പിക്കുന്നതുമായ പ്രധാന റോഡാണിത്.
അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എടത്വ വികസനസമതി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ട്രഷറര്‍ കുഞ്ഞുമോന് പട്ടത്താനം അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഐസക് എഡ്വേര്‍ഡ് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ഷാജി മാധവന്, വൈസ് പ്രസിഡന്റ് ഐസക് രാജു, ജനറല്‍ സെക്രട്ടറി ഡോ. ജോണ്സണ് വി. ഇടിക്കുള, ടോമിച്ചന് കളങ്ങര, എം.വി. ആന്റണി എന്നിവര്‍ പ്രസംഗിച്ചു. ബസ് സര്‍വീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് എടത്വ വികസനസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കാനും തീരുമാനിച്ചു.