എടത്വ ഫൊറോന പള്ളി തിരുനാൾ ; വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപം പരസ്യവണക്കത്തിനായി മൂന്നിന് പ്രതിഷ്ഠിക്കും
1547020
Thursday, May 1, 2025 12:15 AM IST
എടത്വ: തീര്‍ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപം മൂന്നിന് പരസ്യവണക്കത്തിനായി ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിക്കും. രാവിലെ 5.45ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷമാണ് വിശുദ്ധന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനായി ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിക്കുന്നത്.
ചങ്ങനാശേരി ആർച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. വിശുദ്ധ ഗീവര്‍ഗീസ് സഹദായെ അടുത്ത് കാണുന്നതിനും ദിവ്യസ്വരൂപത്തോട് ചേര്‍ന്നുനിന്നു പ്രാര്‍ഥിക്കുന്നതിനും വിശ്വാസികള്‍ക്ക് ഇതോടെ അവസരം ലഭിക്കും. അന്നുമുതല്‍ എടത്വയിലേക്ക് തീര്‍ഥാടക പ്രവാഹം ആരംഭിക്കും. തമിഴ് തീര്‍ഥാടകരുടെ തിരക്ക് ആരംഭിച്ചിട്ടുണ്ട്.
പള്ളിയും പരിസരപ്രദേശങ്ങളും തീര്‍ഥാടകരെക്കൊണ്ട് നിറഞ്ഞുതുടങ്ങി. തിരുസ്വരൂപം വണങ്ങാന്‍ ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍നിന്നും ഭക്തജനങ്ങള്‍ എത്തിചേരും. തിരുസ്വരൂപത്തിനു മുമ്പില്‍ നേര്‍ച്ച-കാഴ്ച അര്‍പ്പിച്ചും മെഴുകുതിരി തെളിച്ചും പള്ളിയില്‍നിന്ന് ലഭിക്കുന്ന നേര്‍ച്ച അരിയും അരിയുണ്ടയും കഴിനൂലും വാങ്ങി തൊഴുത് മടങ്ങാനാണ് തീര്‍ഥാടകര്‍ എത്തുന്നത്.
തലയില്‍ ഇഷ്ടികയുമേന്തി പള്ളിക്കു ചുറ്റും നടന്നും മുട്ടില്‍ ഇഴഞ്ഞും പ്രദക്ഷിണം വയ്ക്കുന്നവരെക്കൊണ്ട് പള്ളിമുറ്റം നിറഞ്ഞു തടങ്ങി. തീര്‍ഥാടകരുടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാന്‍ സെന്റ് അലോഷ്യസ് കോളജ് ഗ്രൗണ്ടിലും ജോര്‍ജിയന്‍, സെന്റ് മേരീസ്, സെന്റ് അലോഷ്യസ് എന്നീ സ്കൂള്‍ ഗ്രൗണ്ടുകളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രധാന തിരുനാള്‍ ദിനമായ ഏഴിന് വൈകിട്ട് നാലിന് തിരുസ്വരൂപവും വഹിച്ചുള്ള പ്രധാന തിരുനാള്‍ പ്രദക്ഷിണം നടക്കും.
14ന് എട്ടാമിടദിനം രാത്രി ഒന്‍പതിന് തിരുസ്വരൂപം ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിക്കുന്നതോടെ ഈവര്‍ഷത്തെ തിരുനാള്‍ സമാപിക്കും.
പള്ളിയില്‍ ഇന്ന്
രാവിലെ 4.30ന് വിശുദ്ധ കുര്‍ബാന (തമിഴ്) -ഫാ. ജെനീസ്, 5.45 ന് സപ്ര, മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന -ഫാ. സെബാസ്റ്റ്യന്‍ കിഴക്കരക്കാട്ട്, 7.45 ന് മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന -ഫാ. മാത്യു കണ്ണമ്പള്ളി. 10ന് വിശുദ്ധ കുര്‍ബാന (തമിഴ് സീറോ മലബാര്‍) -ഫാ. അജിന് ജോസ്, ഉച്ചകഴിഞ്ഞ് 2.30ന് വിശുദ്ധ കുര്‍ബാന (തമിഴ്) -ഫാ. ജെനീസ്, വൈകിട്ട് നാലിന് മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന -ഫാ. തോമസ് മുളങ്ങാശേരില്‍, ആറിന് വിശുദ്ധ കുര്‍ബാന (തമിഴ്) - ഫാ. ദുരൈസ്വാമി, ഏഴിന് മധ്യസ്ഥപ്രാര്‍ഥന (കുരിശടിയില്‍).
പള്ളിയില്‍ നാളെ
രാവിലെ 4.30ന് വിശുദ്ധ കുര്‍ബാന (തമിഴ്)- ഫാ. സൈമണ്‍, 5.45ന് സപ്ര, മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന-റവ. ഡോ. റ്റോം ആര്യങ്കാല, 7.45ന് മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന-ഫാ. ഫ്രാന്‍സിസ് അമ്പലത്തുംപറമ്പില്. 10ന് വിശുദ്ധ കുര്‍ബാന (തമിഴ് സീറോ മലബാര്‍)-റവ. ഡോ. ജിമ്മി തെക്കേകടുമ്മത്തില്, ഉച്ചകഴിഞ്ഞ് 2.30ന് വിശുദ്ധ കുര്‍ബാന (തമിഴ്)-ഫാ. സൈമണ്‍, വൈകിട്ട് നാലിന് മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന-ഫാ. ജേക്കബ് വരിക്കപ്പള്ളി, ആറിന് വിശുദ്ധ കുര്‍ബാന (തമിഴ്)-ഫാ. ജെനീസ്, ഏഴിന് മധ്യസ്ഥപ്രാര്‍ഥന (കുരിശടിയില്‍).