മാവേലിക്കര ജില്ലാ ആശുപത്രിയിൽ പുതിയ പേ വാർഡ് നിർമിക്കാൻ നടപടിയായി
1547026
Thursday, May 1, 2025 12:15 AM IST
മാവേലിക്കര: ജില്ലാ ആശുപത്രിയിൽ അത്യാധുനിക നിലവാരത്തിലുള്ള പുതിയ പേവാർഡ് നിർമാണം ഉടൻ ആരംഭിക്കുമെന്ന് എം.എസ്. അരുൺകുമാർ എംഎൽഎ അറിയിച്ചു. കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി അഞ്ചു കോടി രൂപ വിനിയോഗിച്ചാണ് പേവാർഡ് നിർമിക്കുന്നത്.
ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ അഞ്ചു നിലകളോടുകൂടിയ കെട്ടിടമാണ് നിർമിക്കുക. അമ്പതോളം എസി ഡീലക്സ് റൂമുകളാണ് നിർമിക്കുന്നത്. ഗ്രൗണ്ട് ഫ്ലോർ പാർക്കിംഗിനായിരിക്കും.
ഓരോ റൂമിലും പേഷ്യൻസ് ബെഡ്, ബൈ സ്റ്റാൻഡർ ബെഡ്, ഓവർ ഹെഡ് ടേബിൾ, ബെഡ് സൈഡ് ലോക്കർ, ഐ.വി സ്റ്റാൻഡ്, സെൻട്രലൈസ്ഡ് ഓക്സിജൻ, മേശ കസേര, ടോയ്ലറ്റ്, സോളാർ വാട്ടർ ഹീറ്റർ എന്നിവ ഉണ്ടാകും. കൂടാതെ നഴ്സിംഗ് സ്റ്റേഷൻ, ഡ്രസിംഗ് റൂം, ലിഫ്റ്റ്, റാമ്പ്, സോളാർ പാനൽ, ജനറേറ്റർ, യുപിഎസ് എന്നിവയും ഉണ്ടാകും.
1978ൽ നിർമിച്ച നിലവിലെ പേ വാർഡ് പൊളിച്ചുനീക്കും. ഡയാലിസിസ് സെന്റർ പ്രവർത്തിക്കുന്ന കെട്ടിടത്തിനു പിന്നിൽ കാന്റീൻ കെട്ടിടത്തിനു സമീപം വരെയാണ് പേ വാർഡ് കെട്ടിടം നിർമിക്കുക.
പേ വാർഡ് നിർമാണവുമായി ബന്ധപ്പെട്ട് എംഎൽഎ വിളിച്ചുചേർത്ത യോഗത്തിൽ കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി റീജണൽ മാനേജർ അൻസാർ. കെ.കെ, അസി. എൻജിനിയർ ശാലിനി, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ജിതേഷ് കെ.എ, ഇൻഫ്രാസ്ട്രക്ചർ നോഡൽ ഓഫീസർ ഡോ. വിനീഷ്. പി. വി, ലേ സെക്രട്ടറി ടെസി ഏബ്രഹാം എന്നിവർ പങ്കെടുത്തു.