മീൻകുളത്തിലെ മലിനജലം വിനയായി; നെൽകർഷകരുടെ വിള ചീഞ്ഞുനശിച്ചു
1547027
Thursday, May 1, 2025 12:15 AM IST
അന്പലപ്പുഴ: മീൻ വളർത്തൽ കുളത്തിലെ മലിനജലം പാടശേഖരത്തെത്തിയതോടെ കൃഷി നശിച്ചു. കൊയ്ത്ത് ഉപേക്ഷിച്ച് കർഷകർ. മാസങ്ങൾ നീണ്ട കർഷകരുടെ അധ്വാനം പാഴായി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കഞ്ഞിപ്പാടം കാട്ടുകോണം പാടശേഖരത്തെ കർഷകർക്കാണ് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചത്. പാടശേഖരത്തിന്റെ തൊട്ടടുത്തുതന്നെ ഏതാനും വർഷമായി സ്വകാര്യവ്യക്തി കുളത്തിൽ മീൻ വളർത്തുകയാണ്.
380 ഏക്കറുള്ള പാടശേഖരത്ത് കൃഷി 120 ദിവസം കഴിഞ്ഞതോടെ കർഷകർ കൊയ്ത്തിനു തയാറെടുക്കുമ്പോഴാണ് മീൻകുളത്തിൽ വെള്ളം നിറച്ചത്. ഇതിലെ മലിനജലം ഉറവയായി പാടശേഖരത്തിൽ എത്തിയതോടെ നെല്ല് ചീഞ്ഞു തുടങ്ങി. പത്തേക്കറോളം കൃഷിസ്ഥലം എണ്ണമയം നിറഞ്ഞുകിടക്കുകയാണ്. കഴിഞ്ഞദിവസം കൊയ്ത്തിന് യന്ത്രമുൾപ്പെടെ എത്തിച്ചപ്പോഴാണ് നെല്ല് ചീഞ്ഞത് കണ്ടത്.
ഇനി ഇത് കൊയ്തെടുക്കാൻ കഴിയില്ലെന്നാണ് കർഷകർ പറയുന്നത്. ഏക്കറിന് 50,000 രൂപയോളം ചെലവഴിച്ചാണ് കർഷകർ കൃഷി പൂർത്തിയാക്കിയത്. മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകരുടെ മാസങ്ങൾ നീണ്ട അധ്വാനവും പാഴായിരിക്കുകയാണ്. കൊയ്ത്ത് ഉപേക്ഷിച്ചതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്കുണ്ടായിരിക്കുന്നത്. മീൻ വളർത്തൽ കുളത്തിലെ മലിനജലം കഴിഞ്ഞ കൊയ്ത്തുകാലത്തും ഇതേരീതിയിൽ പാടശേഖരത്ത് ഒഴുകിയെത്തിയിരുന്നു. ഇതിനെതിരേ കൃഷിവകുപ്പിന് പരാതി നൽകിയിട്ടുണ്ടെന്നും കർഷകർ പറഞ്ഞു.