മഴക്കാലപൂര്‍വ ശുചീകരണം അവതാളത്തില്‍: റീഗോ രാജു
1546744
Wednesday, April 30, 2025 5:24 AM IST
ആലപ്പുഴ: നഗരസഭ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപനങ്ങളില്‍ ഒതുങ്ങിനില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് റീഗോ രാജു. നഗരസഭാ കൗണ്‍സില്‍ ചേരുമ്പോള്‍ അടിയന്തരമായി 50 താത്കാലിക ശുചീകരണ തൊഴിലാളികളെയെങ്കിലും മഴക്കാല ശുചീകരണം കണക്കിലെടുത്ത് എടുക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതിനു പകരം നിലവിലുള്ളവരെ പറഞ്ഞുവിടാനുള്ള നടപടികളാണ് ഭരണസമിതി സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിലവില്‍ നഗരസഭയില്‍ 158 ശുചീകരണ തൊഴിലാളികള്‍ മാത്രമാണുള്ളത്. അതില്‍ത്തന്നെ പലരും ലീവിലും മറ്റു ജോലികളിലുമായി ഡെപ്യൂട്ട് ചെയ്തിരിക്കുകയുമാണ്. ഒരു വാര്‍ഡില്‍ മൂന്നു പേരെ പോലും നിയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്്.
നഗരസഭയുടെ മാലിന്യസംസ്കരണ നടപടികളും അവതാളത്തിലാണ്. കഴിഞ്ഞദിവസം ആലിശേരിയില്‍ ജെസിബി ഉപയോഗിച്ച് മാലിന്യം കുഴിച്ചുമൂടുന്നത് ജനങ്ങള്‍ നേരില്‍ കണ്ടതാണ്. അത്തരം പ്രവര്‍ത്തി ശുചീകരണ ജീവനക്കാരുടെ തലയില്‍ കെട്ടിവച്ച് തടിതപ്പാനുള്ള ശ്രമമാണ് ഭരണകര്‍ത്താക്കള്‍ സ്വീകരിക്കുന്നതെന്നും റീഗോ രാജു കുറ്റപ്പെടുത്തി.
എയ്റോബിക് ബിന്നുകളില്‍ നിറയുന്ന മാലിന്യങ്ങള്‍ വളമാകുന്നതിന് മുന്‍പ് തന്നെ ബിന്നുകള്‍ പൊട്ടിച്ച് കുഴിച്ചിടുന്ന രീതി നഗരസഭ കുറച്ച് അധികം നാളുകളായി സ്വീകരിച്ചുവരുന്ന കാര്യമാണ്. ഹെല്‍ത്ത് വിഭാഗത്തിന്റെ പൂര്‍ണ അറിവോടുകൂടി തന്നെയാണ് ശുചീകരണ തൊഴിലാളികള്‍ ഇപ്രകാരം കുഴിച്ചുമൂടുന്നത്. പ്രദേശവാസികളോടും പൊതുജനങ്ങളോടും കാണിക്കുന്ന ഏറ്റവും അന്യായമായ കാര്യമാണ് നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മഴക്കാലത്തെ മുന്നില്‍ക്കണ്ട് നിലവിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതിന് പകരം ആറോ എട്ടോ മാസങ്ങള്‍ക്കുശേഷം നിയമിക്കാന്‍ സാധ്യതയുള്ള 44 പേര്‍ക്കുവേണ്ടി അജണ്ട കൊണ്ടുവരുന്നത് രാഷ്ട്രീയ ലക്ഷ്യം വച്ച് മാത്രമാണെന്നും ജനങ്ങളോടുള്ള പ്രതിബദ്ധതയേക്കാള്‍ പാര്‍ട്ടി പ്രതിബദ്ധതയ്ക്ക് പ്രാധാന്യം നല്‍കുന്നത് മൂലമാണ് ഇപ്രകാരം ഭരണകര്‍ത്താക്കള്‍ പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.