ഭരണിക്കാവ് പഞ്ചായത്തിൽ തെരുവുനായയുടെ ആക്രമണം: മൂന്നു പേർക്കുകൂടി കടിയേറ്റു
1570471
Thursday, June 26, 2025 8:01 AM IST
കറ്റാനം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒമ്പതു വയസുകാരിയെ ആക്രമിച്ചതിനു പിന്നാലെ കറ്റാനം ഭരണിക്കാവ് പഞ്ചായത്തിൽ വീണ്ടും തെരുവുനായയുടെ ആക്രമണം.
മൂന്നു പേർക്കുകൂടി കടിയേറ്റു. ഭരണിക്കാവ് പഞ്ചായത്ത് രണ്ടാം വാർഡിൽ കടുവിനാത്ത് മുരളീധരൻ ഉണ്ണിത്താൻ, കരിമുടത്ത് ബിജു, ഭാര്യ അനിത എന്നിവർക്കാണ് കടിയേറ്റത്. ഇവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കറ്റാനം ഭരണിക്കാവ് പുതുക്കാട്ട് വീട്ടിൽ നിഷാദ് -ധന്യ ദമ്പതികളുടെ മകൾ ദയ(9)യെ തെരുവുനായ ആക്രമിച്ചിരുന്നു.
കുട്ടിയുടെ കഴുത്തിലും മുഖത്തും പരിക്കേറ്റിരുന്നു. ഭരണിക്കാവ് പഞ്ചായത്തിൽ തെരുവുനായ ശല്യം രൂക്ഷമായിട്ടും പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. പഞ്ചായത്തിലെ സ്കൂളുകൾക്കും അങ്കണവാടികൾക്കും സമീപം ഇപ്പോൾ തെരുവുനായ ശല്യം രൂക്ഷമാണ്. അതിനാൽ രക്ഷിതാക്കളും ആശങ്കയിലാണ്. ഒമ്പതുവയസുകാരി ദയയെ ആക്രമിച്ച അതെ നായതെന്നെയാണ് ബാക്കി മൂന്നുപേരെ കൂടി കടിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.