ഗുരുനാഥൻ കുളങ്ങര-പാലയ്ക്കൽ റോഡ് നിർമാണത്തിന് 2.25 കോടിയുടെ അനുമതി
1570598
Thursday, June 26, 2025 11:33 PM IST
ചാരുംമൂട്: തകർന്നുകിടക്കുന്ന താമരക്കുളം പഞ്ചായത്തിലെ ഗുരുനാഥൻ കുളങ്ങര- കണ്ണനാകുഴി പാലയ്ക്കൽ റോഡ് ബിഎംബിസി നിലവാരത്തിൽ നിർമിക്കുന്നതിന് രണ്ടുകോടി ഇരുപത്തിയഞ്ചു ലക്ഷം രൂപയുടെ അനുമതി ലഭിച്ചതായി എം.എസ്. അരുൺകുമാർ എംഎൽഎ അറിയിച്ചു.
സംസ്ഥാന സർക്കാർ നവകേരള സദസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. പഞ്ചായത്തിന്റെ ചുമതലയിലുള്ള റോഡാണിത് നാളിതുവരെയായിട്ടും തകർന്നുകിടക്കുന്ന റോഡ് പഞ്ചായത്ത് പുനരുദ്ധരിക്കാത്തതിനാലാണ് എംഎൽഎ നവകേരള സദസിന്റെ ഭാഗമായി റോഡിന്റെ നവീകരണത്തിന് തുക അനുവദിച്ചത്.
രണ്ടു കിലോമീറ്റർ നീളത്തിൽ നാലു മീറ്റർ വീതിയിൽ ബിഎംബിസി ടാറിംഗ്, 260 മീറ്റർ നീളത്തിൽ പുതിയ ഓട, ജംഗ്ഷനുകളിൽ ഇന്റർലോക്കിംഗ് ടൈൽ, റോഡ് മാർക്കിംഗ് ലൈൻ, സ്റ്റഡ്സ്, സൈൻ ബോർഡ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. പൊതുമരാമത്ത് നിരത്ത് വിഭാഗം മാവേലിക്കര സബ് ഡിവിഷനാണ് നിർമാണച്ചുമതല.
ഭരണ, സാങ്കേതിക അനുമതി വേഗത്തിൽ ലഭ്യമാക്കി ടെൻഡർ നടപടികൾ പൂർത്തീകരിച്ചു നിർമാണം നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകിയതായി എംഎൽഎ അറിയിച്ചു.