കായംകുളം താലൂക്ക് ആശുപത്രിയിൽ ശൗചാലയത്തിൽ കയറിയാൽ പുറത്ത് കാവലിന് ആളുവേണം
1570475
Thursday, June 26, 2025 8:01 AM IST
കായംകുളം: താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ ശൗചാലയത്തിന്റെ കതകിന് കുറ്റിയും കൊളുത്തുമില്ല. അകത്തുകയറിയാൽ കയറുന്നവർ ഒന്നുകിൽ പാട്ടുപാടണം. അല്ലെങ്കിൽ ആരെയെങ്കിലും പുറത്തു കാവൽ നിർത്തണം. ആരോ സഹികെട്ട് പ്ലാസ്റ്റിക് ചെരിപ്പിന്റെ വള്ളി കുറ്റിയിൽ കൊളുത്തിയിട്ടുണ്ട്. അതുകൊണ്ട് കാറ്റടിച്ചാൽ കതകു തുറക്കില്ല. അത്യാഹിതവിഭാഗത്തിൽ ചികിത്സതേടിയെത്തുന്ന സ്ത്രീകളും കുട്ടികളും കൂട്ടിരിപ്പുകാരും ഉപയോഗിക്കുന്നത് ഈ ശൗചാലയമാണ്.
അത്യാഹിതവിഭാഗത്തിൽ പത്തു കിടക്കകളാണുള്ളത്. അപകടത്തിൽ പരിക്കേറ്റ് എത്തുന്നവരെയും അടിയന്തര ചികിത്സ തേടി എത്തുന്നവരെയും ഇവിടെയാണ് പ്രവേശിപ്പിക്കുന്നത്. കതകിന് ഒരു പുതിയ കുറ്റിയും കൊളുത്തും വാങ്ങിയിടാൻ അമ്പത് രൂപയിൽ താഴെയേ വരൂ.
എന്നിട്ടും അധികൃതർ ആരും തയാറായിട്ടില്ല. നേരത്തേ ആശു പത്രിയിലെ ലാബിലെ ശൗചാലയത്തിൽ കുറ്റിയും കൊളുത്തുമില്ലായിരുന്നു. പരാതികേട്ട് പൊതുപ്രവർത്തകർ കുറ്റിയും കൊളുത്തും വാങ്ങി നൽകി പ്രശ്നം പരിഹരിക്കുകയായിരുന്നു.