പൊതു ഇടങ്ങളിലെ ഫ്ലക്സ് ബോർഡുകൾ: നടപടിക്ക് നിർദേശം
1572806
Friday, July 4, 2025 6:17 AM IST
മണ്ണാർക്കാട്: നഗരസഭയിലെ പൊതു ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോർഡുകളും കൊടി തോരണങ്ങളും എടുത്തുമാറ്റാൻ നടപടി. നഗരസഭയുടെ പൊതു ഇടങ്ങളിൽ ഫ്ലക്സ് ബോർഡും കൊടിതോരണങ്ങളും വ്യാപകമായ സാഹചര്യത്തിലാണ് ഇതിനെതിരെ നടപടി സ്വീകരിക്കാൻ നഗരസഭ തീരുമാനിച്ചത്.
ഒരു കൊടിക്ക് 5000 രൂപ വച്ച് പിഴ ഈടാക്കാനും എഫ്ഐആർ രജിസ്റ്റർ ചെയ്യാനും റവന്യൂ ഇൻസ്പെക്ടർക്കും എൻജിനീയറിംഗ് ഹെൽത്ത് വിഭാഗം അടങ്ങുന്ന സ്ക്വാഡ് അംഗങ്ങൾക്കും നഗരസഭ നിർദേശം നൽകിയതായി സെക്രട്ടറി എം. സതീഷ്കുമാർ അറിയിച്ചു.
അടച്ചില്ലെങ്കിൽ കോടതി നടപടി നേരിടേണ്ടി വരുമെന്നും സെക്രട്ടറി പറഞ്ഞു. ഏതെങ്കിലും ഒരു പാർട്ടിയുടെ ഫ്ലക്സ് ബോർഡുകൾ മാത്രം എടുക്കുകയും മറ്റുള്ള പാർട്ടിക്കാരുടെ ഫ്ലക്സ് ബോർഡുകൾ എടുക്കാതെ വരികയും ചെയ്യുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സ്ഥിതി ഇനി ഉണ്ടായാൽ ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടാകുമെന്ന് സെക്രട്ടറി മുന്നറിയിപ്പ് നൽകി.