ദൈവ ശബ്ദം കേൾക്കുന്നവർ മാത്രമാണ് ആത്മീയതയുടെ പൂർണതയിലേക്ക് പ്രവേശിക്കുന്നത്: റവ. എബ്രഹാം വി. സാംസൺ
പി.പി. ചെറിയാൻ
Friday, October 3, 2025 11:09 AM IST
ഡാളസ്: ദൈവ ശബ്ദം കേൾക്കുന്നവർ മാത്രമാണ് ആത്മീയതയുടെ പൂർണതയിലേക്ക് പ്രവേശിക്കുന്നതെന്നും അർഥവത്തായ ആരാധനയ്ക്ക് ദൈവത്തിന്റെ ശബ്ദം കേൾക്കേണ്ടത് അത്യാവശ്യമാണെന്ന് റവ. എബ്രഹാം വി. സാംസൺ(വികാരി, ഫാർമേഴ്സ് ബ്രാഞ്ച് എംടിസി) ഉദ്ബോധിപ്പിച്ചു.
നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസന സന്നദ്ധ സുവിശേഷക സംഘവാരത്തോടനുബന്ധിച്ചു സൗത്ത് വെസ്റ്റ് ഭദ്രാസന സെന്റർ എ സംഘടിപ്പിച്ച ഒരാഴ്ച നീണ്ടുനിൽക്കുന്ന സംഘവാര കൺവൻഷന്റെ സെപ്റ്റംബർ 29ന് വൈകുന്നേരം ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ദേവാലയത്തിൽ നടന്ന പ്രാരംഭ യോഗത്തിൽ മീഖാ പ്രവാചകന്റെ പുസ്തകത്തിലെ ആശയങ്ങളെ അടിസ്ഥാനമാക്കി വചന ശുശ്രൂഷ നിർവഹിക്കുകയായിരുന്നു അച്ചൻ
"നീതി പ്രവർത്തിക്കുവാനും ദയയെ സ്നേഹിക്കുവാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടക്കുവാനും അല്ലാതെ യഹോവ നിന്നോട് ചോദിക്കുന്നതെന്ത്?' മീഖായുടെ പ്രവചന പുസ്തകത്തിന്റെ ആദ്യ അധ്യായങ്ങൾ അന്നത്തെ ഭരണാധികാരികളുടെയും മാതാപിതാക്കളുടെയും സാമൂഹിക വൈകല്യങ്ങളെയും അനീതികളെയും ശക്തമായി വിമർശിക്കുന്നു. ശേഷമുള്ള ഭാഗങ്ങൾ പ്രത്യാശയും പ്രതീക്ഷയും നൽകുന്നതായും അച്ചൻ ചൂണ്ടിക്കാട്ടി.
നീതി എന്ന വാക്കിന്, അർഹിക്കുന്നവർക്ക് അവകാശം നൽകുക എന്ന ഒരർഥം കൂടിയുണ്ട്. മുറിവേറ്റവരെ സഹായിക്കുക: നാം അറിയാതെയും അറിഞ്ഞും മുറിവേൽപ്പിക്കുന്നവരുണ്ട്. മുറിവേറ്റ സഹോദരന് വേണ്ടിയാണ് സമയം നൽകേണ്ടതും സ്നേഹിക്കേണ്ടതും. നല്ല ശമരിയാക്കാരനെപ്പോലെ മുറിവേറ്റവന് ഇടം നൽകുന്നവരാണ് യഥാർഥ നീതി പ്രവർത്തിക്കുന്നവരെന്നും അച്ചൻ കൂട്ടിച്ചേർത്തു.
ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ പ്രസിഡന്റ് റവ. റെജിൻ രാജു അച്ചൻ അധ്യക്ഷത വഹിച്ചു. ഗായക സംഘത്തിന്റെ ഗാനാലാപത്തോടു യോഗം ആരംഭിച്ചു. ഡാളസ് സെന്റ് പോൾസ് ഇടവക പാരിഷ് മിഷൻ സെക്രട്ടറി അലക്സാണ്ടർ ഫിലിപ്പ് സ്വാഗതം ആശംസിച്ചു.
ഗ്രേസി അലക്സാണ്ടർ, കെ.എസ്. മാത്യു, ലീന പണിക്കർ എന്നിവർ മധ്യസ്ഥ പ്രാർഥനയ്ക്കു നേതൃത്വം നൽകി. തുടർന്നു നിശ്ചയിക്കപ്പെട്ട പാഠഭാഗം ഗ്രേസി മാത്യു വായിച്ചു. രാജൻ കുഞ്ഞു ചിറയിലിന്റെ പ്രാർഥനയ്ക്കും റവ. എബ്രഹാം വി. സാംസൺ അച്ചന്റെ ആശീർവാദത്തിനും യോഗം സമാപിച്ചു.
പങ്കെടുത്ത എല്ലാവർക്കും ഡിന്നറും ഒരുക്കിയിരുന്നു. റവ. റെജിൻ രാജു, റവ. റോബിൻ വർഗീസ് എന്നിവരും ഡാളസിലെ വിവിധ ഇടവകകളിൽ നിന്നുള്ള നിരവധി പേരും യോഗത്തിൽ പങ്കെടുത്തു.