വേൾഡ് മലയാളി കൗൺസിൽ സമൂഹ വിവാഹം നടത്തുന്നു
Tuesday, September 30, 2025 3:31 PM IST
കൊല്ലം: വേൾഡ് മലയാളി കൗൺസിൽ ഫിലാഡൽഫിയ പ്രൊവിൻസ് പത്തനാപുരം ഗാന്ധിഭവന്റെ സഹകരണത്തോടെ 25 നിർധന യുവതീ യുവാക്കളുടെ വിവാഹം നടത്തുന്നു. വ്യാഴാഴ്ച രാവിലെ പത്തിന് ഗാന്ധിഭവനിലാണ് ചടങ്ങ്.
കേരളത്തിന്റെ എല്ലാ ജില്ലകളിൽ നിന്നുമുള്ള അനുയോജ്യരായ യുവതീ യുവാക്കളെയാണ് അവരുടെ ബന്ധുകളുടെ സഹകരണത്തോടെയാണ് കണ്ടെത്തിയിട്ടുള്ളത്.
വിവാഹത്തിനുള്ള വസ്ത്രങ്ങൾ, സ്വർണാഭരണങ്ങൾ, യാത്രാചെലവ്, സമ്പൂർണ സദ്യ, പോക്കറ്റ് മണി അടക്കം വധുവരന്മാർക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും നിർവഹിക്കുന്നത് വേൾഡ് മലയാളി കൗൺസിലിന്റെ ഫിലാഡൽഫിയ പ്രൊവിൻസാണ്.
വേൾഡ് മലയാളി കൗൺസിലിന്റെ 30-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് സമൂഹ വിവാഹം നടത്തപ്പെടുന്നത്. വിവാഹത്തിനുശേഷമുള്ള പൊതുസമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ.ബി. ഗണേഷ് കുമാർ, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, ശൂരനാട് മൗണ്ട് സീനായി ആശ്രമം സുപ്പീരിയർ റവ. ഗീവർഗീസ് റമ്പാൻ, പാളയം ചീഫ് ഇമാം ഡോ. വി.പി. ഷുഹൈബ് മൗലവി, ശുഭാനന്ദാശ്രമം ജനറൽ സെക്രട്ടറി ഗീതാനന്ദ സ്വാമി തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിൽ നിന്നുള്ളവർ ആശംസകൾ നേരാൻ സന്നിഹിതരാകുമെന്നു ഭാരവാഹികൾ അറിയിച്ചു.
രണ്ടരപവൻസ്വർണവും വസ്ത്രവും പാദരക്ഷകളും പോക്കറ്റ് മണിയും സംഘടന നൽകും. ഏകദേശം 3700 പ്രതിനിധികൾ ചടങ്ങിൽ സംബന്ധിക്കും. വേൾഡ് മലയാളി കൗൺസിലിന് നേതൃത്വം നൽകുന്നു ചെയർമാൻ ഗോപാലപിള്ള, പ്രസിഡന്റ് ജോൺ മത്തായി, ജനറൽ സെക്രട്ടറി ക്രിസ്റ്റഫർ വർഗീസ്, ട്രഷറർ ഷഫീഖ് കുമാർ നായർ തുടങ്ങിയവരാണ്.
സമൂഹ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി അമേരിക്കയിൽ നിന്നും കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും പ്രതിനിധികൾ എത്തിച്ചേരും. ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികളായ ഫിലാഡൽഫിയ പ്രസിഡന്റ് നൈനാൻ മത്തായി, ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി, ജനറൽ സെക്രട്ടറി ക്രിസ്റ്റഫർ വർഗീസ്, ജനറൽ കൺവീനർ മംഗല്യം, ഗാന്ധിഭവൻ സിഇഒ വിൻസെന്റ് ഡാനിയേൽ, പ്രോഗ്രാം കോഓർഡിനേറ്റർ ജെയിംസ് പീറ്റർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പറഞ്ഞു.