വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു: യുഎസിൽ അധ്യാപകന് 20 വർഷം തടവ്
പി.പി. ചെറിയാൻ
Thursday, October 2, 2025 12:12 PM IST
ഡാളസ്: ഗ്രേറ്റ് ലേക്സ് അക്കാദമിയിലെ ഒരു വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുൻ അധ്യാപകനായ ജേക്കബ് ആൽറെഡിന് 20 വർഷം തടവ് ശിക്ഷ. 15 വയസുള്ള വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജേക്കബ് ആൽറെഡ് ഈ ആഴ്ച ആദ്യം കുറ്റം സമ്മതിച്ചിരുന്നു.
ഇരയായ കുട്ടി തന്റെ മാതാപിതാക്കളോട് വിവരം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. തുടർന്ന് കുടുംബം പ്ലാനോ പേലീസ് ഡിപ്പാർട്ട്മെന്റിൽ പരാതി നൽകി. വിദ്യാർഥിനി അധ്യാപകനുമായുള്ള സംഭാഷണങ്ങളുടെ സ്ക്രീൻഷോട്ടുകൾ പൊലീസിന് കൈമാറി.
2023 ഒക്ടോബറിൽ ആൽറെഡ് വിദ്യാർഥിനിയെ സ്കൂൾ ലൈബ്രറിയിലേക്ക് വിളിച്ചുവരുത്തി, തനിക്ക് അവളോട് താത്പര്യമുണ്ടെന്ന് വെളിപ്പെടുത്തി. രണ്ടാഴ്ചയ്ക്ക് ശേഷം ഫോണിലൂടെ ലൈംഗികച്ചുവയുള്ള സംഭാഷണങ്ങൾ ആരംഭിക്കുകയും ശാരീരിക പീഡനങ്ങളിലേക്ക് കടക്കുകയും ചെയ്തെന്ന് വിദ്യാർഥിനി മൊഴി നൽകി.
2025 ജനുവരിയിൽ ആൽറെഡിന്റെ ഫോൺ പരിശോധിക്കാൻ പോലീസ് വാറണ്ട് പുറപ്പെടുവിച്ചെങ്കിലും പ്രതി സഹകരിച്ചില്ല. പിന്നീട് പോലീസ് ഇയാളുടെ ഫോൺ പിടിച്ചെടുക്കുകയും തെളിവുകൾ കണ്ടെത്തുകയും ചെയ്തു.
നാല് വർഷത്തിലേറെയായി ഗ്രേറ്റ് ലേക്സ് അക്കാദമിയിൽ ജോലി ചെയ്ത് വരികയായിരുന്നു ജേക്കബ് ആൽറെഡ്.