നവരാത്രി മഹോത്സവ ആഘോഷത്തിന് ഒരുങ്ങി ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം
ശങ്കരൻകുട്ടി
Monday, September 29, 2025 10:58 AM IST
ഹൂസ്റ്റൺ: നവരാത്രി മഹോത്സവ ആഘോഷത്തിന് ഒരുങ്ങി ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം. 22ന് ആരംഭിച്ച ചടങ്ങുകൾ 30 വരെ നീണ്ടുനിൽക്കും. ദുർഗാ ദേവിക്കും ഒമ്പത് ദിവ്യരൂപങ്ങൾക്കും സമർപ്പിച്ചിരിക്കുന്ന ആഘോഷത്തിൽ വിശ്വാസികൾ പങ്കുചേരും.
മൂന്ന് ദിവസം ദുർഗാ ദേവിയുടെയും മൂന്ന് ദിവസം ലക്ഷ്മിദേവിയുടെയും മൂന്ന് ദിവസം സരസ്വതി ദേവിയുടെയും നാമജപ മന്ത്രധ്വനികളാൽ ക്ഷേത്രാങ്കണം നിറയും. ഇതിൽ ദേവിയുടെ ഒൻപത് രൂപ ഭാവങ്ങളാണ് ദർശിക്കുന്നത്.
പത്താം ദിവസം വിജയദശമി ദിനത്തിൽ ഗുരുക്കന്മാരുടെ നേതൃത്വത്തിൽ വിദ്യാരംഭം നടക്കും. പ്രത്യേക പൂജകൾ, ഹോമങ്ങൾ, ഭക്തി പാരായണങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവയും ക്ഷേത്രത്തിൽ നടക്കും.
ദൈനംദിന അലങ്കാരം, ദേവിയുടെ അർച്ചന, ഭജനകൾ, പ്രഭാഷണങ്ങൾ എന്നിവയിൽ പങ്കെടുക്കാൻ ഭക്തർക്ക് അവസരം ലഭ്യമാക്കുമെന്ന് പ്രസിഡന്റ് ഡോ. സുബിൻ ബാലകൃഷ്ണനും വൈസ് പ്രസിഡന്റ് ഡോ. രാംദാസ് കണ്ടത്തും അറിയിച്ചു.
പ്രശസ്തരായ കലാകാരന്മാരുടെ ക്ലാസിക്കൽ നൃത്തം, സംഗീതം, സാംസ്കാരിക പ്രകടനങ്ങൾ എന്നിവയും ചടങ്ങുകളുടെ ഭാഗമായി സംഘടിപ്പിക്കും.