ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഓണാഘോഷം ഗംഭീരമായി
ശങ്കരൻകുട്ടി
Saturday, September 27, 2025 5:33 PM IST
ടെക്സസ്: ഹൂസ്റ്റണിലെ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഓണാഘോഷം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇന്ത്യൻ കൗൺസിൽ ജനറൽ(സിജിഐ) പി.സി. മഞ്ജുനാഥ് മുഖ്യാതിഥിയായിരുന്നു. അമേരിക്കയിൽ ചെലവഴിച്ച വർഷത്തിനിടയിൽ ഒരു ഓണാഘോഷത്തിലും ഇത്രയും ജനപങ്കാളിത്തം കണ്ടിട്ടില്ലെന്ന് മഞ്ജുനാഥ് പറഞ്ഞു.
ക്ഷേത്ര കമ്മിറ്റിയുടെ സമർപ്പണത്തെയും ഹൂസ്റ്റണിലെ കേരളത്തിന്റെ സാംസ്കാരിക പൈതൃകം ഉയർത്തിപ്പിടിക്കുന്നതിനുള്ള പരിശ്രമത്തെയും മഞ്ജുനാഥ് അഭിനന്ദിച്ചു. കേരളത്തിലെ പാചക വിദഗ്ധൻ അംബി സ്വാമിയുടെ നേതൃത്വത്തിൽ ക്ഷേത്ര വൊളന്റിയർ ചേർന്നൊരുക്കിയ 32 വിശിഷ്ട വിഭവങ്ങളോടു കൂടിയായിരുന്നു ഓണസദ്യ. പരമ്പരാഗത വസ്ത്രധാരണത്തിലും യഥാർഥ വാഴയിലയിലുമാണ് സദ്യ വിളമ്പിയത്.


ജഡ്ജി സുരേന്ദ്രൻ പട്ടേൽ, സെനറ്റർ റോബിൻ ഇലക്കാട്ട്, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യൂസ് തുടങ്ങി നിരവധി പ്രമുഖ വ്യക്തികളുടെ സാന്നിധ്യം ശ്രദ്ധേയമായി. നാല് മണിക്കൂർ നീണ്ടുനിന്ന ശ്രീ ഗുരുവായൂരപ്പൻ ടെമ്പിൾ പ്രൊഡക്ഷൻസിന്റെ നൃത്ത നൃത്യങ്ങൾ കേരളത്തിന്റെ ക്ലാസിക്കൽ, നാടോടി പാരമ്പര്യങ്ങൾ പ്രദർശിപ്പിച്ചു.
അജിത് നായരാണ് കലാപരിപാടികളുടെ സംവിധായകൻ. ക്ഷേത്ര പ്രസിഡന്റ് ഡോ. സുബിൻ ബാലകൃഷ്ണൻ, സെക്രട്ടറി വിനോദ് നായർ, ട്രഷറർ സുരേഷ് നായർ, ട്രസ്റ്റി സുനിൽ നായർ എന്നിവർ പങ്കെടുത്തു.